top of page

വിചാരണ ചെയ്യുന്ന കവിതകള്‍

Sep 1, 2012

1 min read

യറ
A picture showing the dire conditions of famine

ഒരു ക്രൈസ്തവദേശം


ഇടവഴിയില്‍

കൈയിലൊരറാക്കു കുപ്പിയുമായി

ദൈവം മയങ്ങിക്കിടക്കുന്നു.

എഴുന്നേറ്റാട്ടെ, ദൈവമേ,

നിവര്‍ന്നുനിന്നു

മനുഷ്യനെപ്പോലെ പൊരുതിയാട്ടെ.


ഒരു മണിക്കൂര്‍

എഴുതിയ കവി

തിരുത്താനായി

ഒരു മണിക്കൂര്‍ ഞാന്‍ കളഞ്ഞു

ഒരു മണിക്കൂറെന്നു പറഞ്ഞാല്‍:

ഈ നേരത്തിനുള്ളില്‍

1400 കുട്ടികള്‍ വിശപ്പു കൊണ്ടു മരിച്ചിട്ടുണ്ട്

ഓരോ രണ്ടു സെക്കന്‍റിലും

അഞ്ചു വയസ്സില്‍ താഴെയുള്ള

ഒരു കുട്ടി

നമ്മുടെ ലോകത്ത്

വിശപ്പുകൊണ്ടു മരിക്കുന്നുണ്ട്.

ഒരു മണിക്കൂറായി

ആയുധപ്പന്തയവും തുടര്‍ന്നിരുന്നു

ആ ഒരു മണിക്കൂറിനുള്ളില്‍

ആറുകോടി ഇരുപത്തെട്ടു ലക്ഷം ഡോളര്‍

വന്‍ശക്തികള്‍ അന്യോന്യം രക്ഷിക്കാന്‍

ചെലവിട്ടിരിക്കുന്നു.

ആയുധങ്ങള്‍ക്കായി

ലോകമിന്നു മാറ്റിവയ്ക്കുന്ന തുക

ഒരുവര്‍ഷം

അഞ്ഞൂറു കോടി ഡോളറായിരിക്കുന്നു.

നമ്മുടെ രാജ്യവും

അതിന്‍റെ സംഭാവന നല്‍കുന്നുണ്ട്

ചോദ്യം പ്രകടമാണ്

ഈ അവസ്ഥയില്‍

കവിതയെഴുത്തു തുടരുന്നതില്‍

അര്‍ത്ഥമുണ്ടോയെന്ന്.

ചില കവിതകള്‍ വിഷയമാക്കുന്നത്

ആയുധച്ചെലവും യുദ്ധവും

വിശക്കുന്ന കുട്ടികളുമാണെന്നതു ശരി.

പക്ഷേ മറ്റുള്ളവ പറയുന്നത്

പ്രണയം വാര്‍ദ്ധക്യം

പുല്ലുമേടുകള്‍ മരങ്ങള്‍ മലകള്‍

പിന്നെ കവിതകള്‍ ചിത്രങ്ങള്‍

എന്നിവയെക്കുറിച്ചുമാണ്.

ഇവയെക്കുറിച്ചുമല്ല

അവയെങ്കില്‍

കുട്ടികളെയും സമാധാനത്തെയും കുറിച്ച്

ആരും വേവലാതിപ്പെടാനും പോകുന്നില്ല.

പാമ്പ്

പുല്ലിനിടയിലേക്കു മിന്നല്‍വേഗത്തില്‍

അവന്‍ തെന്നിമടങ്ങുന്നു-

എനിക്കു കടന്നുപോവാന്‍

വഴി മാറിത്തരാന്‍

അവന്‍ മര്യാദ കാണിക്കുന്നു:

അവനെ കൊല്ലാന്‍

ഒരു കല്ലു കുനിഞ്ഞെടുക്കാന്‍

എനിക്കു ലജ്ജ തോന്നിപ്പോവുന്നു.

സംഗീതത്തില്‍ ഒരു സ്വരം

ജീവിതം ജീവനുള്ളവര്‍ക്കാണ്,

മരണം മരിച്ചവര്‍ക്കും.

ജീവിതം സംഗീതം പോലെയാവട്ടെ.

മരണം, പാടാതെ പോയൊരു സ്വരവും.


പ്രണയാഭ്യര്‍ത്ഥന

വലിയ കാര്യങ്ങള്‍ നിനക്കു ഞാന്‍ കൊണ്ടുതരാം:

പുലരിയുടെ ചായങ്ങള്‍,

പനിനീര്‍പ്പുക്കളുടെ സൗന്ദര്യം.

ആളിക്കത്തുന്നൊരു പ്രണയവും.

നീ പറഞ്ഞു,

ഇതൊന്നും വലിയ കാര്യങ്ങളല്ലെന്ന്,

പണമാണു കാര്യമെന്ന്.

ആവട്ടെ,

എന്നാല്‍ പണവുമായി ഞാന്‍ വരാം.

പിന്നെ നീ ചോദിക്കരുത്

എവിടെ പനിനീര്‍പ്പുക്കളുടെ സൗന്ദര്യമെന്ന്,

പുലരിയുടെ ചായങ്ങളെന്ന്

ആളിക്കത്തുന്ന പ്രണയമെന്ന്.


താറാവുകളുടെ അന്ത്യം

"താറാവുകളെ

ഒറ്റയടിക്കു കൊല്ലുന്നതാണു

ഭേദം.

ഒന്നു പോയിക്കഴിഞ്ഞാല്‍

മറ്റുള്ളവ വേണ്ടത്ര തീറ്റയെടുക്കില്ല."

ഈ നാട്ടുബുദ്ധി

മനുഷ്യരുടെ കാര്യത്തിലും

ബാധകമാണോ?

ഒരാണവയുദ്ധത്തിനുള്ള

തയ്യാറെടുപ്പുകളെ

ന്യായീകരിക്കുകയാണതെന്നു വരുമോ?

വഴിയില്ല

മനുഷ്യര്‍ താറാവുകളല്ലല്ലോ.

ചിലര്‍ പോയിക്കഴിഞ്ഞാലും

അവര്‍ തീറ്റ കുറയ്ക്കുകയില്ല.


(പരിഭാഷ: രവികുമാര്‍ )

യറ

0

2

Featured Posts

bottom of page