top of page

വര്‍ഷങ്ങള്‍ക്കിപ്പുറം

അബ്ദുള്ള പേരാമ്പ്ര
Apr 7
1 min read
Sketch of a bare tree, a bench, and a lamppost. The minimal scene evokes a quiet, desolate mood with simple black lines.

വീട് പെയിന്‍റടിക്കാന്‍ തീരുമാനിച്ചു.

നീല നിറം തന്നെ മതിയെന്നായി മക്കള്‍.

പകലില്‍ തെളിയും ആകാശത്തെ

കണ്ടിരിക്കാമെന്ന്

പേരക്കുട്ടി കളിയാക്കി.

ചുമരിലെ നീലയില്‍

നക്ഷത്രങ്ങള്‍ വരച്ചിട്ടാല്‍

രാത്രിയെ തടവിലാക്കാമെന്ന്

എന്നെ കൊതിപ്പിച്ചു മൂത്തവള്‍.

മുമ്പെന്നോ മകന്‍ വരച്ച

ആന, പോത്ത്, മുയല്‍ക്കുട്ടി

ചുമരില്‍ നിന്നും ഉടലനക്കി.

മകള്‍ കോറിയിട്ട

പൂക്കള്‍ പൂമ്പാറ്റകള്‍

കാടിന്‍റെയകം കുളിര്‍പ്പിക്കും

പലതരം അരുവികള്‍, തടാകങ്ങള്‍

ഒക്കെയും ചുമരില്‍ നിന്ന്

ഇതാ, ഒച്ച വെയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു.

പെയിന്‍റുകാരന്‍

എല്ലാമുരച്ച്

താഴെയിടാന്‍ തുടങ്ങി.

ഓര്‍മയിലപ്പോള്‍ തെളിഞ്ഞു

മകന്‍റെ കയ്യിലെ വര്‍ണച്ചോക്കുകള്‍.

മകളുടെ വാശി പിടിച്ച കരച്ചിലുകള്‍.

പെട്ടന്ന്,

ഉമ്മറത്തു നിന്നും പറന്നു പൂമ്പാറ്റകള്‍

തൊടിയില്‍ പൂവിട്ടു ചെടികള്‍...

കുന്നു കയറാന്‍ തുടങ്ങി

ആനകള്‍, പോത്തുകള്‍

വെളുവെളുത്ത മുയല്‍ക്കുട്ടികള്‍.

കാലുകളെ നനച്ചു കൊണ്ടൊഴുകി

ഒരു അരുവി താഴേക്ക് !

ഞാന്‍ പറഞ്ഞു:

വീടെനിക്ക് പെയിന്‍റടിക്കേണ്ട.

ആകാശ നീലയും വേണ്ട.

തിരിച്ചു തന്നാല്‍ മതിയെനിക്ക്

ചുരണ്ടിക്കളഞ്ഞ ഓര്‍മകള്‍.

വര്‍ഷങ്ങള്‍ക്കിപ്പുറം

അബ്ദുള്ള പേരാമ്പ്ര

അസ്സീസി മാസിക ഏപ്രിൽ 2026

bottom of page