
സംശയിക്കുന്ന തോമ്മാ.....

ഭക്തി, വിശുദ്ധി ഇവയുടെ സാരാംശം എന്താണെന്നും സാധാരണ ജീവിത വ്യാപാരങ്ങൾക്ക് ഭക്തിയോടുള്ള ബന്ധം എന്താണെന്നും ഒന്നു വിശദമാക്കിയാൽ നന്നായിരുന്നു. ധാരാളം ഭക്തി കൃത്യങ്ങൾ ചെയ്താൽ വിശുദ്ധരായി എന്നു വിചാരിക്കുന്നവരുണ്ട്. മനുഷ്യബന്ധങ്ങളിലോ ജോലികാര്യങ്ങളിലോ ഒന്നും വിശുദ്ധിക്കു വലിയ പ്രാധാന്യമില്ലായെന്നു ചിന്തിക്കുന്നവരാണ് കൂടുതലെന്നു തോന്നുന്നു. ഇക്കാര്യത്തെപ്പറ്റി വിശദമായി പ്രതിപാദിച്ചാൽ കൊള്ളാമെന്ന് ആഗ്രഹിക്കുന്നു.
ഫാ. സെബാസ്റ്റ്യൻ,
കലാനിലയം, പുലിയന്നൂർ
പ്രിയപ്പെട്ട ഫാദർ സെബാസ്റ്റ്യൻ,
വിശുദ്ധി പ്രാപിക്കാമെന്ന സങ്കല്പത്തിൽ ധാരാളം ഭക്തികൃത്യങ്ങൾ ചെയ്യുകയും മനുഷ്യബന്ധങ്ങളും ജോലികാര്യങ്ങളുമായി വിശുദ്ധിക്കു വലിയ ബന്‌ധമൊന്നുമില്ലെന്നു കരുതുകയും ചെയ്യുന്നവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ടെന്നത് ഒരു വസ്തുത തന്നെയാണ്. പ്രാർഥനകളുടെ ചൊല്ലലിലും ആരാധനക്രമത്തിന്റെ അനുഷ്ഠാനത്തിലും കൂദാശകളുടെ സ്വീകരണത്തിലും തിരുനാളുകൾ, തീർഥാടനങ്ങൾ, നൊവേനകൾ, തുടങ്ങിയവയിലുള്ള പങ്കു ചേരലിലുമെല്ലാം അവർ വളരെയേറെ തത്പരമാണ്. എന്നാൽ, മനുഷ്യബന്ധങ്ങൾ അവർക്കു പ്രശ്നമേയല്ല. വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ കടമകളുടെ നിർവഹണത്തിൽ യാതൊരു ശ്രദ്ധയുമില്ലാത്തവർ, ഭാര്യാഭർത്താക്കന്മാരെങ്കിലും യാതൊരു ധാരണയും സ്നേഹവുമില്ലാതെ പരസ്‌പരം കടിച്ചുകീറുന്നവർ, വർഷങ്ങളായി സ്വന്തം സഹോദരങ്ങളുമായി സംസാരമോ കേറിയിറക്കമോ ഇല്ലാത്തവർ, അയൽക്കാരുമായി വിദ്വേഷവും വെറുപ്പും വെച്ചു പുലർത്തുന്നവർ, അഴിമതിയിലും കൊള്ളലാഭത്തിലും കൈക്കൂലിയിലും കൂടി അന്യൻ്റെ മുതൽ അപഹരിച്ചെടുത്തിട്ട് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ അതു വെച്ചനുഭവിക്കുന്നവർ, എന്നിങ്ങനെ മനുഷ്യബന്‌ധങ്ങളെ ചവിട്ടിത്തേച്ചുകൊണ്ടു ജീവിക്കുന്ന അനേകരെ അവരുടെയിടയിൽ കാണുവാൻ കഴിയും. ഈ വിരോധാഭാസം കണ്ടു മനംമടുത്ത് ഭക്തികൃത്യങ്ങളെല്ലാം അർഥശൂന്യമാണെന്നു വാദിക്കയും അവയോടു പൂർണമായി വിട പറയുകയും ചെയ്യുന്നവർ നമ്മുടെ സമൂഹത്തിൽ വിരളമല്ല. ഈ സാഹചര്യത്തിൽ, ഭക്തികൃത്യങ്ങളും ജീവിതവും തമ്മിലുള്ള ബന്ധമെന്തെന്ന് ആരായുന്നതു തീർച്ചയായും ഉപയോഗപ്രദമായിരിക്കും.
വിശുദ്ധി - വിശ്വാസത്തിലുള്ള ജീവിതം
ക്രിസ്തീയമായ കാഴ്ചപ്പാടിൽ യഥാർഥമായ ഭക്തി അഥവാ വിശുദ്ധി അടങ്ങിയിരിക്കുന്നത് ഭക്തികൃത്യങ്ങളുടെ വെറും അനുഷ്ഠാനത്തിലല്ല, പിന്നെയോ വിശ്വാസത്തിലുള്ള ജീവിതത്തിലാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, യേശുനാഥൻ്റെ ജീവിതത്തിലും പീഡാനുഭവത്തിലും മരണത്തിലും ഉയിർപ്പിലും കൂടി, വ്യവസ്ഥയില്ലാതെ സ്നേഹിക്കയും ക്ഷമിക്കയും ചെയ്യുന്ന പിതാവായി സ്വയം വെളിപ്പെടുത്തിയ ആ ദൈവത്തിനു തങ്ങളെത്തന്നെ സമ്പൂർണമായി സമർപ്പിച്ചുകൊണ്ട്, അവിടുത്തെ ഇഷ്ടമായ മനുഷ്യരുടെ മോചനത്തിനും രക്ഷയ്ക്കുംവേണ്ടി നിലകൊള്ളുകയും ജീവിക്കയും വേണ്ടിവന്നാൽ മരിക്കയും ചെയ്യുന്നതിലാണ് യഥാർഥമായ വിശുദ്ധി അടങ്ങിയിരിക്കുന്നത്.
ദൈവത്തെയും മനുഷ്യനെയും നാം കാണേണ്ടത് എതിരാളികളായിട്ടല്ല, രണ്ടു വ്യത്യസ്തതലങ്ങളിലുമല്ല. മനുഷ്യൻ്റെ വിമോചനവും രക്ഷയുമാണ് ദൈവത്തിൻ്റെ തിരുമനസ്സ്. ദൈവത്തിന്റെ മഹത്ത്വവും അതുതന്നെ. കാരണം അവിടന്നു മനുഷ്യരെ സ്നേഹിക്കുന്ന ദൈവമാണ്, മനുഷ്യരുടെ ദൈവമാണ്. എവിടെ നാം മനുഷ്യരുടെ മോചനത്തിനും രക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുന്നുവോ, അവിടെയാണ് നാം ദൈവത്തിൻ്റെ ഇഷ്ട്‌ടം ചെയ്യുന്നതും അവിടത്തെ മഹത്ത്വപ്പെടുത്തുന്നതും. എവിടെ ദൈവത്തിനു നമ്മെത്തന്നെ നാം വിട്ടു കൊടുക്കുന്നുവോ, അവിടെ ദൈവേഷ്‌ടമായ മനുഷ്യരുടെ സൗഭാഗ്യത്തിനും സുസ്‌ഥിതിക്കും വേണ്ടി നാം നിലകൊള്ളുകയും പ്രവർത്തിക്കയും ചെയ്തേ മതിയാവൂ. ദൈവസ്നേഹവും മനുഷ്യസ്നേഹവും രണ്ടല്ല, ഒന്നുതന്നെയാണ്. മനുഷ്യരിലൂടെയാണ് നാം ദൈവത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക. മനുഷ്യനെ മാറ്റിനിർത്തിക്കൊണ്ട് ദൈവവുമായി ബന്‌ധപ്പെടുവാൻ നമുക്ക് ഒരിക്കലും ആവില്ല.
മാനുഷികമായത് ദൈവികവും
ദൈവം മനുഷ്യനെ സ്നേഹിക്കുന്ന മനുഷ്യൻ്റെ ദൈവമായതിനാൽ, മനുഷ്യന്റെ ജീവിതത്തെ മാനുഷികമാക്കുന്നതെല്ലാം ദൈവത്തിന്റെ ഇഷ്ടത്തിന് അനുസൃതമാണ്, ദൈവികമാണ്. അവിടെയെല്ലാം മനുഷ്യൻ ദൈവവുമായി ബന്ധപ്പെടുകയാണ്, ക്രിസ്തീയതയും വിശുദ്ധിയും ജീവിക്കയാണ്. മനുഷ്യൻ്റെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും തൊഴിൽപരവും സാംസ്കാരികവുമായ വ്യാപാരമണ്ഡലങ്ങളെല്ലാം ദൈവവുമായി ബന്‌ധമില്ലാതെ വേറിട്ടു നില്ക്കുന്ന മണ്ഡലങ്ങളല്ല. അവയിൽ ദൈവേഷ്ടമനുസരിച്ച് ജീവിക്കയും പ്രവർത്തിക്കയും ചെയ്തുകൊണ്ട് അവയിലൂടെയാണ് മനുഷ്യൻ ദൈവത്തെ സ്നേഹിക്കുകയു ം സേവിക്കയും ചെയ്യുന്നത്. അവയെല്ലാം അവന്റെ ആധ്യാത്മികജീവിതത്തിന്റെയും വിശുദ്ധിയുടെയും മണ്ഡലങ്ങളാണ്.
ദൈവത്തിനുവേണ്ടി മാറ്റിവെക്കപ്പെട്ടിട്ടുള്ള വിശുദ്ധസ്‌ഥലങ്ങളിലും വിശുദ്ധസമയങ്ങളിലും മാത്രമാണ് മനുഷ്യൻ ദൈവത്തെ കണ്ടുമുട്ടുന്നത്, അവിടെ മാത്രമാണ് അവൻ വിശുദ്ധി പ്രാപിക്കുന്നത് എന്ന ചിന്ത തീർത്തും അക്രൈസ്‌തവമാണ്. ക്രിസ്‌തീയമായ കാഴ്‌ചപ്പാടിൽ പ്രാർഥനയും പ്രവൃത്തിയും തമ്മിലോ, ദൈവരാജ്യത്തിൻ്റെ വളർച്ചക്കുവേണ്ടിയുള്ള പ്രവർത്തനവും ലോകത്തിൻ്റെ പുരോഗതിക്കുവേണ്ടിയുള്ള പ്രയത്നവും തമ്മിലോ, ആരാധനാനുഷ്ഠാനങ്ങളും അനുദിനജീവിതവും തമ്മിലോ യാതൊരു വൈരുധ്യവുമില്ല. വൈരുധ്യമില്ലെന്നു മാത്രമല്ല, ഇവ രണ്ടും ഒന്നിച്ചുതന്നെ പോകണം. ഒന്നിനു മറ്റതിനെക്കൂടാത െ നിലനില്പ്‌പില്ല.
വ്യക്തിയും സമൂഹവും
ദൈവ-മനുഷ്യ ബന്‌ധത്തിൽ മറ്റു മനുഷ്യർക്ക്, സമൂഹത്തിന്, ഉള്ള പ്രാധാന്യവും ഇതിൽനിന്നു വ്യക്‌തമായിരിക്കുമല്ലോ. സാധാരണ ജീവിതത്തിൽത്തന്നെ മറ്റു മനുഷ്യരെ കൂടാതെ നമുക്കു ജീവിക്കാനാവില്ല. സമൂഹത്തിൻ്റെ മടിത്തട്ടിലാണ് നാം ജനിക്കുന്നതും വളരുന്നതും. മറ്റു മനുഷ്യരുമായുള്ള ബന്‌ധത്തിലൂടെയാണ് നാം വ്യക്തികളായിത്തീരുന്നത്. മാതാപിതാക്കൾ, സഹോദരീ സഹോദരങ്ങൾ, അയൽക്കാർ, കൂട്ടുകാർ, ഗുരുഭൂതർ എല്ലാം നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നവരാണ്, നമ്മെ നാമാക്കിത്തീർക്കുന്നവരാണ്. നമ്മുടെ ഭൗതികജീവിതത്തിനു സമൂഹം അവശ്യാവശ്യമായിരിക്കുന്നതുപോലെ തന്നെ നമ്മുടെ ആധ്യാത്‌മിക ജീവിതത്തിനും സമൂഹം അവശ്യാവശ്യമാണ്. ഒറ്റക്കൊറ്റയ്ക്ക് രക്ഷിക്കുക എന്നതല്ല ദൈവത്തിന്റെ രക്ഷാകരപദ്ധതി. പിന്നെയോ സമുഹത്തിൽ, സമൂഹത്തിലൂടെ നമ്മെ രക്ഷിക്കുക എന്നതാണ്. കർദ്ദിനാൾ റാറ്റ്സിങ്ങർ പറയുന്നതുപോലെ, ദൈവവും വെറും ഒറ്റപ്പെട്ട വ്യക്തികളും മാത്രമേയുണ്ടായിരുന്നുള്ളുവെങ്കിൽ, അവടെ രക്ഷയ്ക്കു രക്ഷാകര ചരിത്രമോ മനുഷ്യാവതാരമോ പീഡാനുഭവമോ ക്രിസ്തുമതമോ സഭയോ ഒന്നും ആവശ്യമായിരുന്നില്ല. അവയൊന്നും കൂടാതെ നേരിട്ട് ഒറ്റപ്പെട്ട വ്യക്തികളെ ദൈവത്തിനു രക്ഷിക്കാമായിരുന്നു (Introduction to Christianity), എന്നാൽ രക്ഷയുടെ കാര്യത്തിലും മനുഷ്യർ സമൂഹ ജീവികളാണ്.
പഴയനിയമത്തിലും പുതിയ നിയമത്തിലും നാം കാണുന്നതുപോലെ, സമൂഹത്തിലൂടെയാണ് മനുഷ്യരക്ഷ ദൈവം സാധ്യമാക്കുന്നത്. പഴയനിയമത്തിൽ ഒരു ജനത്തെ അവിടന്നു തിരഞ്ഞെടുത്തു. ഈ ജനത്തിലെ അംഗങ്ങളായിട്ടാണ് വ്യക്തികളെ അവിടന്നു കാണുന്നതും അവരോട് ഇടപെടുന്നതും. ഈ ജനവുമായിട്ടാണ് അവിടന്നു ഉടമ്പടി ഉറപ്പിക്കുന്നത്. ഈ ഉടമ്പടി കാത്തുപാലിക്കാനും അതിന്റെ വ്യവസ്ഥകൾ അനുസരിക്കാനും ഓരോ ഇസ്രായേൽക്കാരനും ബാധ്യസ്ഥനായിരുന്നു. അങ്ങനെ അവർ ചെയ്യുമ്പോൾ സമൂഹം രക്ഷിക്കപ്പെടുന്നു. സമൂഹം രക്ഷിക്കപ്പെടുമ്പോൾ വ്യക്തികളും രക്ഷിക്കപ്പെടുന്നു.
പുതിയ നിയമത്തിൽ ഈ സത്യം ഒന്നുകൂടെ വ്യക്തമാണ്. രക്ഷയുടെ പ്രതീകവും കൂദാശയുമായി സഭാ സമൂഹത്തെ ക്രിസ്തുനാഥൻ തിരഞ്ഞെടുത്തു. ഈ സമൂഹത്തിലുളള ഭാഗഭാഗിത്വത്തിലാണ് ഓരോ ക്രൈസ്തവന്റെയും രക്ഷ നിശ്ചയിക്കപ്പെടുന്നത്. രക്ഷയുടെ കൂദാശകളെല്ലാം ഈ സഭാസമൂഹവുമായി വ്യക്തികളെ ബന്ധപ്പെടുത്തുന്നവയാണ്. ഈ സമൂഹത്തിന്റെ മധ്യത്തിലാണ് ക്രിസ്തുനാഥൻ സന്നിഹിതനാകുന്നത്. ഈ സമൂഹത്തിലൂടെയാണ് രക്ഷയുടെ കൂദാശകൾ ഫലം പുറപ്പെടുവിക്കുന്നത്. അതേ സമയം ഈ സഭാസമൂഹം വ്യക്തികളെ ഉൾക്കൊള്ളുന്നതും വ്യക്തികൾക്കു വേണ്ടി നിലകൊള്ളുന്നതുമാണ്. വ്യക്തികളുടെ അനന്യമായ വിലയും പദവിയും ഏറ്റവുമധികം ഊന്നൽ കൊടുത്ത് ഉയർത്തിക്കാട്ടുന്ന ഒന്നാണ് യേശുവിന്റെ സുവിശേഷമെന്നു നമുക്കറിയാം. ഓരോ വ്യക്തിയുടെയും സൗഭാഗ്യത്തിനും സുസ്ഥിതിക്കും വേണ്ടിയാണ് സുവിശേഷം നിലകൊള്ളുന്നത്. എന്നാൽ, വ്യക്തികളുടെ ഈ സൗഭാഗ്യവും സുസ്ഥിതിയും സമൂഹത്തിന്റെ സൗഭാഗ്യത്തെയും സുസ്ഥിതിയെയുമാണ് ആശ്രയിച്ചിരിക്കുന്നത്. സമൂഹത്തിന്റെ രക്ഷ തന്നെയാണ് വ്യക്തികളുടെ രക്ഷ. വ്യക്തികളുടെ രക്ഷ സമൂഹത്തിൻ്റെ രക്ഷയും. വ്യക്തികളും സമൂഹവും തമ്മിലുള്ള ഗാഢമായ ഈ പരസ്‌പരബന്‌ധം ക്രൈസ്തവമായ ഭക്തിയുടെയും വിശുദ്ധിയുടെയും കാര്യത്തിൽ നമുക്ക് ഒരിക്കലും വിസ്മരിച്ചുകൂടാ.
സ്വയം കൊടുക്കൽ
ക്രൈസ്‌തവമായ കാഴ്‌ചപ്പാടിൽ, വ്യക്‌തിയുടെ വ്യക്‌തിത്വം പൂർണവും സഫലവുമാകുന്നത്, അയാൾ തന്നിൽത്തന്നെ നിലകൊള്ളുകയും തനിക്കുവേണ്ടി മാത്രം ജീവിക്കുകയും ചെയ്യുമ്പോഴല്ല, പിന്നെയോ തന്നിൽനിന്നു ബഹിർഗമിച്ച് മറ്റുള്ളവർക്കുവേണ്ടി ആയിരിക്കുകയും ജീവിക്കുകയും ചെയ്യുമ്പോഴാണ്.
യേശുനാഥൻ മറ്റുള്ളവർക്കുവേണ്ടിയുള്ള മനുഷ്യനായിരുന്നു(Dietrich Bonhoeffer). അന്ത്യഅത്താഴത്തിൽവെച്ച് അപ്പമെടുത്ത്, "ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്" എന്നും വീഞ്ഞുനിറച്ച പാനപാത്രമെടുത്ത്, "ഇത് അനേകർക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എൻ്റെ രക്തമാണ്" എന്നും പറഞ്ഞപ്പോൾ, യേശുനാഥൻ തന്റെ ജീവിതം മുഴുവൻ ഈ വാക്കുകളിൽ സംഗ്രഹിക്കയായിരുന്നു. മറ്റുള്ളവർക്കുവേണ്ടി സ്വയം കൊടുക്കുന്ന, സ്വയം ചെലവഴിക്കുന്ന, സ്വയം ശൂന്യവത്ക്കരിക്കുന്ന ഈ നിലപാട് ക്രൈസ്തവമായ ഭക്തിയുടെയും വിശുദ്ധിയുടെയും അനന്യമായ സ്വഭാവവിശേഷമാണ്.
"സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും. തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തുന്നു; ഈ ലോകത്തിൽ തന്റെ ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്ക ും" (യോഹ. 12, 24-25). പ്രകൃതിയിലെ ജീവന്റെ പ്രമാണംപോലെ തന്നെ, മറ്റുള്ളവർക്കുവേണ്ടിയുള്ള ഈ സ്വയം കൊടുക്കലും ശൂന്യവത്ക്കരണവും യഥാർഥമായ ഭക്തിയുടെയും വിശുദ്ധിയുടെയും പ്രമാണമാണെന്നാണ് യേശുനാഥൻ ഇവിടെ നമുക്കു പറഞ്ഞുതരുന്നത്.

ആത്മശോധന ആവശ്യം
ക്രൈസ്തവമായ ഭക്തിയുടെയും വിശുദ്ധിയുടെയും ഈ അവശ്യലക്ഷണങ്ങൾ കണക്കിലെടുത്തുകൊണ്ടുവേണം, നമ്മുടെ ആരാധനക്രമാനുഷ്ഠാനങ്ങൾ, കൂദാശകളുടെ സ്വീകരണം, പ്രാർഥനകൾ, തിരുനാളുകൾ, തീർഥാടനങ്ങൾ, നൊവേനകൾ തുടങ്ങിയ ഭക്തികൃത്യങ്ങളെ വിലയിരുത്തുവാൻ. ദൈവത്തെ ആരാധിക്കുകയും അവിടത്തേക്കു നമ്മെത്തന്നെ സമർപ്പിക്കയും ചെയ്യുന്നതോടൊപ്പം, അവിടത്തെ ഇഷ്ടമനുസരിച്ച് നമ്മുടെ സഹോദരീസഹോദരങ്ങളുടെ മോചനത്തിനു ം രക്ഷക്കുംവേണ്ടി, മനുഷ്യസമൂഹത്തിൻ്റെ സൗഭാഗ്യത്തിനും സുസ്‌ഥിതിക്കുംവേണ്ടി, നിലകൊള്ളുകയും പ്രവർത്തിക്കയും നമ്മെത്തന്നെ ചെലവഴിക്കയും ചെയ്യുമ്പോഴാണ് ഈ ഭക്തികൃത്യങ്ങൾ യഥാർഥമായ ഭക്തിയും വിശുദ്ധിയുടെ അടയാളവുമായിത്തീരുന്നത്.
വിശ്വാസത്തിൽ ദൈവത്തിനു നമ്മെത്തന്നെ സമർപ്പിക്കുന്നതിനും അതോടൊപ്പം "ഇക്കാലത്തെ മനുഷ്യരുടെ വിശിഷ്യ പാവങ്ങളുടെയും പീഡതരുടെയും സന്തോഷവും പ്രതീക്ഷകളും സങ്കടങ്ങളും ഉത്കണ്ഠയുമെല്ലാം ക്രിസ്തുവിൻ്റെ അനുയായികളുടെയും" ആയി അനുഭവപ്പെടുന്നതിനും (സഭ ആധുനികലോകത്തിൽ, 1), അവയോട് ദൈവത്തിൻ്റെ ഇഷ്ടമനുസരിച്ച് പ്രതികരിക്കുന്നതിനും പ്രേരകമായിത്തീരുന്നുണ്ടോ നമ്മുടെ ആരാധനക്രമവും കൂദാശസ്വീകരണവും പ്രാർഥനകളും മറ്റു ഭക്താനുഷ്ഠാനങ്ങളും? ദൈവത്തെ ആരാധിക്കയും സ്തുതിക്കയും ചെയ്യുന്നതോടൊപ്പം, അവിടത്തെ മകളും മകനുമായി, നമ്മുടെ സഹോദരിയും സഹോദരനുമായി, ലോകത്തിലുള്ള ഓരോ വ്യക്‌തിയെയും കാണുന്നതിനും ആവശ്യങ്ങളിൽ അയാളെ തുണയ്ക്കുന്നതിനും ദൗർഭാഗ്യങ്ങളിൽനിന്നു രക്ഷിക്കുന്നതിനും അവ നമ്മെ സഹായിക്കുന്നുണ്ടോ? നീതിയിലും സ്നേഹത്തിലും സമാധാനത്തിലും സാഹോദര്യത്തിലും ജീവിക്കുന്ന, അടിമത്തങ്ങളും വിവേചനങ്ങളും പട്ടിണിയുമില്ലാത്ത, ഒരു സമൂഹത്തിൻ്റെ സൃഷ്ടിക്കുവേണ്ടി പ്രയത്നിക്കുവാനുള്ള പ്രതിബദ്ധത അവ നമ്മിൽ ഉളവാക്കുന്നുണ്ടോ? സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ മണ്ഡലങ്ങളിൽ ഇന്നു നമ്മുടെയിടയിൽ നടമാടുന്ന അനീതിക്കും കൈക്കൂലിക്കുമെല്ലാമെതിരായി പ്രതിഷേധിക്കുവാൻ അവ നമ്മെ പ്രാപ്തരാക്കുന്നുണ്ടോ? വിശക്കുന്നവരും നിന്ദിതരും ചൂഷിതരുമായി നമ്മുടെ സമൂഹത്തിലുള്ളവരെ മോചനത്തിൻറെയും രക്ഷയുടെയും പാതയിലേക്ക് ആനയിക്കുവാനുള്ള ആഗ്രഹവും സന്നദ്ധതയും നമ്മുടെ ആരാധനക്രമവും ഭക്തികൃത്യങ്ങളും നമ്മിൽ രൂപപ്പെടുത്തുന്നുണ്ടോ?
ഇല്ലെങ്കിൽ, അവ പൊള്ളയായ ആരാധനക്രമവും അർഥമില്ലാത്ത അനുഷ്ഠാനങ്ങളുമാണ്. ഇങ്ങനെയുള്ള ആരാധനക്കും അനുഷ്ഠാനങ്ങൾക്കുമെതിരേയാണ് പഴയനിയമത്തിൽ ദൈവത്തിൻ്റെ പ്രവാചകന്മാരും പുതിയ നിയമത്തിൽ യേശുനാഥനും ആഞ്ഞടിച്ചത് (1 സാമു. 15: 22; ഏശ. 1: 11-17; 58: 1-14; ജെറ. 6: 20; 7: 22-23; ഹോസി. 6: 6; 8: 13; ആമോ. 5: 21-23; മത്താ. 7: 21; 9: 13; 12: 7; മാർക്കോ 12: 33-34). ഭക്തികൃത്യങ്ങളെയും ജീവിതത്തെയും ഇതുപോലെ വേർതിരിച്ചു നിർത്തുന്നവരെ രണ്ടാം വത്തിക്കാൻ കൗൺസിലും നിശിതമായി വിമർശിക്കുന്നുണ്ട്. ലോകത്തിൽ നിരീശ്വരത്വം വളരാനുള്ള മുഖ്യകാരണങ്ങളിൽ ഒന്ന് അവരുടെ ഈ നിലപാടാണെന്നാണ് കൗൺസിൽ പറയുന്നത് (സഭ ആധുനിക ലോകത്തിൽ, 19).
സാംസ്‌കാരികാനുരൂപണം ആവശ്യം
എന്നാൽ, ആരാധനക്രമവും കൂദാശകളുടെ പരികർമവും പ്രാർഥനകളും മറ്റു ഭക്തികൃത്യങ്ങളും ഇങ്ങനെ അർഥവത്തായി തീരണമെങ്കിൽ, അവ നമ്മുടെ ആളുകളുടെ ഭാഷയിലും സംസ്കാരത്തിലും ചിന്താരീതിയിലും അടിയുറച്ചതായിരിക്കണം. പല നൂറ്റാണ്ടുകൾക്കു മുമ്പ് വിദൂരമായ മറ്റൊരു രാജ്യത്തു ജീവിച്ചിരുന്ന ആളുകളുടെ സംസ്‌കാരവും പ്രതീകങ്ങളും ആചാരങ്ങളും അനുഷ്‌ഠാനങ്ങളുമെല്ലാം അതേപടി പകർത്തുന്ന ഒരാരാധനക്രമം തീർച്ചയായും ഇന്നത്തെ മനുഷ്യരുടെ യഥാർഥമായ ജീവത പ്രശ്നങ്ങളുമായി ബന്‌ധപ്പെടുന്നതിനോ അവയോടു ദൈവേഷ്ടമനുസരിച്ചു പ്രതികരിക്കുന്നതിനോ നമ്മെ സഹായിക്കയില്ല. ആരാധനക്രമത്തിൻ്റെ കേന്ദ്രബിന്ദു വിശുദ്ധ കുർബാനയാചരണമാണ്. വിശ്വാസികൾ സ്നേഹത്തിന്റെ കൂട്ടായ്മയായി ഒന്നിച്ചു വരുമ്പോൾ അവരുടെ മധ്യേ സന്നിഹിതനാകുന്ന ക്രിസ്തുനാഥൻ, പിതാവിൻ്റെ നേർക്കുള്ള തൻ്റെ സ്നേഹവും സമർപ്പണവും മനുഷ്യർക്കുവേണ്ടിയുള്ള ജീവിതവും മരണവുമായി മനസ്സിലാക്കിക്കൊണ്ട് കുരിശിൽ പൂർത്തിയാക്കിയ അവിടത്തെ ജീവിതബലി ഒരു സ്നേഹവിരുന്നിന്റെ പ്രതീകത്തിലൂടെ നമ്മോടൊത്ത് ആചരിക്കുന്ന സംഭവമാണല്ലോ വിശുദ്ധ കുർബാന. ദൈവത്തിൻ്റെ നേർക്കും മനുഷ്യരുടെ നേർക്കുമുള്ള അവിടത്തെ അതേ നിലപാടിലേക്കും പ്രതിബദ്ധതയിലേക്കും നമ്മെ നയിക്കുന്നതിനാണ് ക്രിസ്തുനാഥൻ തൻ്റെ ജീവതബലി നമ്മുടെ മധ്യേ പുനരവതരിപ്പിക്കുന്നത്.
എന്നാൽ, നിർഭാഗ്യവശാൽ ഇന്നത്തെ നമ്മുടെ വിശുദ്ധകുർബാനയാചരണം വിജാതീയരുടെയും യഹൂദരുടെയും മോഡലിലുള്ള അനുഷ്‌ഠാനപരമായ ഒരു ബലിയായിട്ടാണ് മനസ്സിലാക്കപ്പെടുക. അതും ഏഴും എട്ടും നൂറ്റാണ്ടുകളിൽ ഇറാക്കിലും ഇറാനിലും ജീവിച്ചിരുന്ന ആളുകളുടെ സംസ്കാരത്തിന്റെയും ചിന്താരീതിയുടെയും ഭാഷയുടെയും പശ്ചാത്തലത്തിൽ, നമുക്ക് അപരിചിതമായ ആംഗ്യങ്ങളുടെയും അനുഷ്‌ഠാനങ്ങളുടെയും അകമ്പടി യോടുകൂടി, വിരിക്കുള്ളിലും വെളിയിലുമായി നടക്കുന്ന ഒരു "രഹസ്യാത്മകനാടകം" (mystery play) ആയി തീർന്നിരിക്കയാണ് അത്. ഇങ്ങനെയുള്ള ഒരു വിശുദ്ധ കുർബാനയാചരണം വിശ്വാസത്തിൽ നമ്മെത്തന്നെ ദൈവത്തിന് അർപ്പിക്കുന്നതിനോ ദൈവേഷ്ടത്തിനു വിരുദ്ധമായി നമ്മുടെ സമൂഹത്തിൽ അഴിഞ്ഞാടുന്ന അഴിമതി,കൈക്കൂലി, കൊള്ളലാഭം, പൂഴ്ത്തിവെപ്പു തുടങ്ങിയ അനീതികളെ ചെറുക്കുന്നതിനോ നമുക്കു പ്രചോദനമാകുന്നില്ലെങ്കിൽ അത്ഭുതപ്പെടാനില്ലല്ലോ. ഇന്നത്തെ മനുഷ്യരുടെ ജീവൽ പ്രശ്നങ്ങളുമായി ഈ ബലിയർപ്പണത്തിനു കാര്യമായ ബന്ധമൊന്നുമില്ലാത്തതിനാൽ, ആരാധനക്രമം ഒരുവശത്തും കൈക്കൂലിയും കുതികാൽവെട്ടും ചതിയും പിടിച്ചുപറിയുമെല്ലാം മറുവശത്തും 'മുറപോലെ' നടക്കുന്നുവെന്നതാണ് വാസ്തവം.
കൂദാശകൾ കൂട്ടായ്മയിൽ
കൂദാശകളുടെ കാര്യത്തിലാണെങ്കിൽ, മാജിക്കും മന്ത്രവുമായിട്ടാണ് അവയെ പലരും ഇന്നു കാണുക. ഒരു സ്നേഹസമൂഹത്തിന്റെ കുട്ടായ്‌മയിൽ മാത്രമേ കൂദാശകൾക്കു ഫലസിദ്ധിയുള്ളുവെന്ന വിശ്വാസസത്യം പലർക്കും അജ്‌ഞാതമാണ്; അഥവാ അവർ അതു മറന്നുകളയുന്നു. സ്നേഹത്തിൻ്റെ കൂട്ടായ്മ സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും വളർത്തുന്നതിനുമുള്ള പ്രക്രിയകളാണ് വിവിധ കൂദാശകൾ, ഈ കൂട്ടായ്മയ്ക്കുള്ളിലാണ് കൂദാശകളിലൂടെ ക്രിസ്തുനാഥനെ നാം കണ്ടുമുട്ടുന്നതും അവിടന്നു നമ്മെ വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും വളർത്തി വിശുദ്ധീകരിക്കുന്നതും. ഈ സത്യം വിസ്മരിക്കയും മാജിക്കും മന്ത്രവുമായി തെറ്റിദ്ധരിച്ചുകൊണ്ട് കൂദാശകൾ പരികർമം ചെയ്യുകയും സ്വീകരിക്കുകയും ചെയ്താൽ, അവ നമ്മിൽ കൂട്ടായ്മയുടെയോ സ്നേഹത്തിന്റെയോ സ്വയം ദാനത്തിന്റെയോ ചലനങ്ങൾ ഒന്നും സൃഷ്ടിക്കയില്ലെന്നു സ്‌പഷ്‌ടമാണല്ലോ.

പ്രാർഥനകളും ഭക്തികൃത്യങ്ങളും
പ്രാർഥനയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ദൈവവുമായി ബന്‌ധപ്പെടുക, അവിടത്തേക്കു നമ്മെത്തന്നെ സമർപ്പിക്കുക, നമ്മുടെ മനസ്സിനെ അവിടത്തെ തിരുമനസ്സിനു വിധേയമാക്കിക്കൊണ്ട് അവിടത്തെ ഇഷ്ടമായ മനുഷ്യമോചനത്തിനും രക്ഷക്കുംവേണ്ടി പ്രവർത്തിക്കാൻ പ്രതിബദ്ധരാകുക. ഇതാണ് യഥാർഥമായ പ്രാർഥനയുടെ അർഥവും ലക്ഷ്യവും. എന്നാൽ നമ്മുടെ പ്രാർഥനകൾ പലപ്പോഴും ഒരു ചൊല്ലിത്തീർക്കലായി പരിണമിച്ചിരിക്കയാണ്. ആരാധനക്രമത്തിൽപോലും ഇതു വാസ്തവമത്രേ. കാണാപ്പാഠം പഠിച്ചുവെച്ച വാക്കുകളിലുടെ മാത്രമേ നമുക്കിന്നു പിതാവായ ദൈവത്തോടു സംഭാഷണം നടത്താനാവുന്നുള്ളു! (കരിസ്മാറ്റിക് നവീകരണത്തിലൂടെ ചിലടത്തെല്ലാം ഇതിനൊരു മാറ്റം വന്നു കൊണ്ടിരിക്കയാണെന്നതു സന്തോഷകരമത്രേ. നിർഭാഗ്യവശാൽ അധികാരസ്ഥാനങ്ങളിലുള്ള ചിലർ ഈ നവീകരണത്തെയും സ്വതന്ത്രമായി പ്രാർഥിക്കാനുള്ള മനുഷ്യന്റെ അവകാശത്തെയും എതിർക്കുന്നവരാണ്). നമ്മുടെ പ്രാർഥനകളിൽ പലപ്പോഴും സംഭവിക്കുന്നത്, അധരങ്ങൾ പ്രാർഥനകളുടെ വാക്കുകൾ ഉച്ചരിക്കുമ്പോൾ, മനസ്സ് വിദൂരത്തെവിടെയോ സ്വൈരവിഹാരം നടത്തുകയാണെന്നതാണ്. പ്രാർഥനകളുടെ ഭാഷയും ശൈലിയുമെല്ലാം അനുദിന ജീവിതവ്യാപാരങ്ങളിൽ നാം ഉപയോഗിക്കുന്ന ഭാഷയിലും ശൈലിയിലും നിന്നു തുലോം വ്യത്യസ്‌തമാണല്ലോ. പച്ചയായ മനുഷ്യനും അവന്റെ ജീവന്മരണ പ്രശ്നങ്ങളുമായി ഈ പ്രാർഥനകൾക്കു പലപ്പോഴും വിദൂരബന്ധം പോലുമില്ല. ഇങ്ങനെയുള്ള പ്രാർഥനകൾ 'മുറപോലെ' ചൊല്ലിക്കഴിഞ്ഞ്, വിദ്വേഷവും വെറുപ്പും നിറഞ്ഞ ഹൃദയങ്ങളോടെ ചിലർ വഞ്ചന നടത്തുകയും ഏഷണിയും പരദൂഷണവും പരത്തുകയും ചെയ്യുന്നെങ്കിൽ, അതിൽ അത്ഭുതപ്പെടാനൊന്നുമില്ലല്ലോ.
തീർഥാടനങ്ങളും പെരുന്നാളുകളും നൊവേനകളുമെല്ലാം താത്ത്വികമായി നല്ല ലക്ഷ്യങ്ങൾ ഉള്ളവയാണെങ്കിലും ഇന്ന് അവ പലപ്പോഴും കാര്യസാധ്യത്തിനുവേണ്ടി നടത്തപ്പെടുന്ന ലാഭക്കച്ചവടങ്ങളായി തീർന്നിരിക്കയാണന്നു പറയാതെ തരമില്ല. സ്ഥാപിത താല്പര്യക്കാർ കച്ചവടക്കണ്ണോടെ പ്രോത്സാഹിപ്പിക്കയും, ക്ലേശിക്കയും ഭാരംവഹിക്കയും ചെയ്യുന്ന ക്ഷിപ്രവിശ്വാസികളായ ഉപഭോക്‌താക്കൾ ആർത്തിയോടെ എത്തിപ്പിടിക്കയും ചെയ്യുന്ന ഈ ജനകീയ ഭക്തിമുറകൾ' (Popular devotion) വിശ്വാസത്തെ തന്നെ പലപ്പോഴും ദുർബലപ്പെടുത്തുകയാണു ചെയ്യുക. കോഴപ്രിയനും മുഖസ്തുതിയിൽ പ്രസാദിക്കുന്നവനുമായിട്ടാണ് ദൈവത്തെ പലപ്പോഴും സങ്കല്പിക്കുക. പുണ്യവാന്മാർ, ദൈവത്തെക്കാൾ വലിയ ശക്‌തികളാണ് പല വിശ്വാസികൾക്കും. പാമ്പിനെയും വസൂരി ബാധയെയുമൊക്കെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി ആളുകളിൽനിന്നു നേർച്ച പിടിച്ചുപറ്റുന്ന ഗീവർഗീസ് പുണ്യവാനും സെബാസ്ത്യാനോസ് പുണ്യവാനുമൊക്കെ യഥാർഥമായ വിശ്വാസത്തിനു ഒരു 'ലയബിലിറ്റി' ആയിത്തീർന്നിരിക്കയല്ലേ ഇന്ന്? സാമ്പത്തിക പരിഗണനകൾക്കു മുമ്പിൽ ഇങ്ങനെയുള്ള അപകടങ്ങൾ കണ്ടില്ലെന്നു നടിക്കാനാണ് പലർക്കും താല്പര്യം. ഫലമോ? ഒരുവശത്ത് ഈ ഭക്താഭ്യാസങ്ങൾ 'മുറപോലെ നടക്കുന്നു. മറുവശത്തു ക്രിസ്തീയവിശ്വാസത്തിനു ചേരാത്ത ജീവിതവും പ്രവർത്തനങ്ങളും മുന്നേറുകയും ചെയ്യുന്നു.
ഭക്തികൃത്യങ്ങൾ 'ആത്മാവിലും സത്യത്തിലും' ആകണം
ഈ പരസ്പര വൈരുധ്യം കണ്ടിട്ട് ആരാധനക്രമവും കൂദാശകളും പ്രാർഥനകളും മറ്റു ഭക്തികൃത്യങ്ങളുമെല്ലാം അർഥ ശൂന്യമാണെന്നും ഭക്തിയും വിശുദ്ധിയുമായി ഇവക്കു ബന്ധമൊന്നുമില്ലെന്നും കരുതുന്നവരുണ്ട്. ഇതു മറുവശത്തുള്ള മറ്റൊരു വലിയ തെറ്റിദ്ധാരണയാണ്. സമൂഹജീവികളും ശാരീരികരുമായ മനുഷ്യർക്കു ദൈവത്തോടും മനുഷ്യരോടുമുള്ള ബന്‌ധവും പ്രതിബദ്ധതയും പ്രകാശിപ്പിക്കുവാൻ ബാഹ്യമായ പ്രതീകങ്ങളും പ്രവൃത്തികളും അനുഷ്ഠാനങ്ങളുമെല്ലാം ആവശ്യമത്രേ. അതുകൊണ്ടാണ് ക്രിസ്‌തുനാഥൻ തന്നെ സഭയും കൂദാശകളുമെല്ലാം സ്ഥാപിച്ചതും അവയിലൂടെ നമ്മെ വിശുദ്ധീകരിക്കാൻ തിരുമനസ്സായതും. എന്നാൽ, അവിടന്ന് ഉദ്ദേശിച്ച അർഥത്തിലും ലക്ഷ്യത്തിലും വേണം അവയെ മനസ്സിലാക്കാനും ആചരിക്കാനും. ആരാധനക്രമവും കൂദാശകളും പ്രാർഥനയും മറ്റു ഭക്തികൃത്യങ്ങളുമെല്ലാം വ്യക്തിപരമാകണം. യേശുനാഥൻ തന്നെ പറഞ്ഞതുപോലെ, "യഥാർഥ ആരാധകർ ആത്മാവിലും സത്യത്തിലും" ആണ് പിതാവിനെ ആരാധിക്കേണ്ടത്. ഹൃദയത്തിലെ നിലപാടുകളും തീരുമാനങ്ങളുമായിരിക്കണം വാക്കുകളിലും പ്രവൃത്തികളിലും കൂടി അവർ പ്രകാശിപ്പിക്കുക. ദൈവത്തോടുള്ള ബന്ധവും സഹോദരങ്ങളോടുള്ള പ്രതിബദ്ധതയും ഉൾക്കൊള്ളുന്നതാവണം ഈ നിലപാടുകളും തീരുമാനങ്ങളും. അങ്ങനെ ബാഹ്യമായ അടയാളങ്ങളും ആന്തരികമായ നിലപാടുകളും ദൈവത്തിനുള്ള സമർപ്പണവും സ്വസഹോദരങ്ങളോടുളള പ്രതിബദ്ധതയും ഒന്നിച്ചുവരുമ്പോൾ ഭക്തികൃത്യങ്ങൾ യഥാർഥമായ ഭക്തിയുടെയും വിശുദ്ധിയുടെയും ചൂണ്ടുപലകകളായിരിക്കും.
ഭക്തികൃത്യങ്ങളും ജീവിതവും
ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ
അസ്സീസി മാസിക, നവംബർ 1995






















