

Key Takeaways:
Article discusses Old Testament Kingdom of God concepts vs. Jesus' teachings.
Content compares mustard seed/leaven parables to contrast divine kingdom growth.
പഴയനിയമത്തിലെ ദൈവരാജ്യ സങ്കല്‍പങ്ങള്‍
മിശിഹാ ദാവീദിന്‍റെ ഗോത്രത്തില്‍പെട്ടവനായിരിക്കുമെന്നും, ആ മിശിഹായുടെ വരവോടെ ദൈവരാജ്യം സംസ്ഥാപിതമാകുമെന്നും ഇസ്രായേല്യര്‍ കരുതിപ്പോന്നിരുന്നല്ലോ. അതിന് അവര്‍ ആധാരമാക്കിയത് അനേകം പഴയനിയമ ഭാഗങ്ങളാണ്. രണ്ടു വചനഭാഗങ്ങള്‍മാത്രം ഉദാഹരണമായി ചുവടെ ചേര്‍ക്കുന്നു: "ഇതാ, ഞാന്‍ ദാവീദിന്‍റെ വംശത്തില്‍ നീതിയുടെ ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു - കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവന്‍ രാജാവായി വാഴുകയും ബുദ്ധിപൂര്‍വം ഭരിക്കുകയും ചെയ്യും" (ജറെമിയാ 23 : 5); 'സമുദ്രം മുതല്‍ സമുദ്രംവരെ ... അവന്‍റെ ആധിപത്യം നിലനില്‍ക്കട്ടെ! എല്ലാ രാജാക്കന്‍മാരും അവന്‍റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ!" (സങ്കീ. 72 : 8,11).
ദൈവരാജ്യമെന്നതു മരണത്തിനുശേഷം നമ്മള്‍ പ്രവേശിക്കാന്‍ പോകുന്ന ഒരിടമായിട്ടാണ് ക്രിസ്ത്യാനികള്‍ പൊതുവെ കാണുന്നത് എന്നു തോന്നുന്നു. എന്നാല്‍, ദൈവരാജ്യത്തിന്‍റെ വരവോടെ ഈ മണ്ണില്‍, പ്രത്യേകിച്ചും ഇസ്രായേലില്‍, സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് പഴയനിയമത്തിലെ പരാമര്‍ശങ്ങളെല്ലാംതന്നെ. ഒരുദാഹരണംമാത്രം മതി കാര്യം വ്യക്തമാകാന്‍: "അപ്പോള്‍, അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടും. ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല. അപ്പോള്‍ മുടന്തന്‍ മാനിനെപ്പോലെ കുതിച്ചുചാടും. മൂകന്‍റെ നാവ് സന്തോഷത്തിന്‍റെ ഗാനം ഉതിര്‍ക്കും. വരണ്ട ഭൂമിയില്‍ ഉറവകള്‍ പൊട്ടിപ്പുറപ്പെടും. മരുഭൂമിയിലൂടെ നദികള്‍ ഒഴുകും" (ഏശയ്യാ 35 : 5-6).
ഇത്തരം പ്രകടമായ മാറ്റങ്ങള്‍ ഇസ്രായേലില്‍ സംഭവിക്കണമെങ്കില്‍, ഇസ്രായേലിന്‍റെ ശത്രുക്കള്‍ പരാജയപ്പെടണം. അതായത്, ദൈവരാജ്യത്തിന്‍റെ ആവിര്‍ഭാവം പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാകും. ഏതൊരാള്‍ക്കും കണ്ടു മനസ്സിലാക്കാവുന്ന വിധത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഇവിടെയുണ്ടാകും. ഇതാ, ഒരുദാഹരണം: "സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അല്‍പസമയത്തിനുള്ളില്‍ വീണ്ടും ഞാന്‍ ആകാശവും ഭൂമിയും കടലും കരയും ഇളക്കും. ഞാന്‍ എല്ലാ ജനതകളെയും കുലുക്കും. ... രാജ്യങ്ങളുടെ സിംഹാസനങ്ങള്‍ ഞാന്‍ തകര്‍ക്കും. ... അവരുടെ രഥങ്ങളെയും സാരഥികളെയും ഞാന്‍ മറിച്ചിടും; കുതിരകളും കുതിരപ്പുറത്തിരിക്കുന്നവരും സഹയോദ്ധാക്കളുടെ വാളിനിരയാകും - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു" (ഹഗ്ഗായി 2 : 6-7, 22). ചുരുക്കത്തില്‍, മിശിഹായുടെ വരവോടെ ഇസ്രായേലിന്‍റെ ശത്രുക്കള്‍ മണ്ണു കപ്പുകയും, ഇസ്രായേല്‍ പഴയകാല പെരുമ വീണ്ടെടുക്കുകയും ചെയ്യും. ഈ മഹാസംഭവങ്ങള്‍ കണ്ണു തുറന്നിരിക്കുന്ന ആര്‍ക്കും കാണാനുമാകും.
യേശുവില്‍ സാക്ഷാത്കരിക്കപ്പെടാതെപോയ പ്രതീക്ഷകള്‍
താന്‍ മിശിഹാതന്നെയെന്ന് യേശു സ്വയം തിരിച്ചറിഞ്ഞിരുന്നല്ലോ. സമറിയാക്കാരിയോടുള്ള സംഭാഷണത്തിലും (യോഹ. 4:25-26) പ്രധാനപുരോഹിതനു കൊടുത്ത മറുപടയിലും (മര്‍ക്കോ. 14:61-62) ഇക്കാര്യം വ്യക്തമാകുന്നുണ്ട്. തന്‍റെ വരവോടെ ദൈവരാജ്യം ചാരേയെത്തിയെന്നും യേശു പ്രഖ്യാപിക്കുന്നുണ്ട്: "സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു" (മര്‍ക്കോ 1 : 15). അങ്ങനെയെങ്കില്‍, പഴയനിയമ വചനഭാഗങ്ങളില്‍ കണ്ടതുപോലെ, എല്ലാ ലോകക്രമങ്ങളും കീഴ്മേല്‍ മറിയേണ്ടതുണ്ട്, അധികാരശക്തികള്‍ പിഴുതെറിയപ് പെടേണ്ടതുണ്ട്. പക്ഷേ, യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്?
യേശു ജീവിച്ച വടക്ക് ഗലീലിയിലും ദേവാലയം സ്ഥിതിചെയ്ത തെക്ക് യൂദയായിലും ജനങ്ങള്‍ റോമാസാമ്രാജ്യത്തിന്‍റെ കാഠിന്യമേറിയ നുകത്തിനുകീഴെ നടുവൊടിഞ്ഞാണു ജീവിച്ചിരുന്നത്. Poll tax, land tax, indirect tax, temple tax, tithes എല്ലാംകൂടെ മാസവരുമാനത്തിന്‍റെ 30% വന്നിരുന്നു. സുവിശേഷങ്ങളിലെ മിക്ക താളുകളിലും കുഷ്ഠരോഗികളോ, ഭിക്ഷാടകരോ, ഗണികകളോ, മറ്റനേകം ആധികളും വ്യാധികളും പേറുന്നവരോ ഒക്കെയുണ്ടല്ലോ. മഹാനായ (?) ഹേറോദേസ് എന്നു ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ആള്‍ ബി.സി. 4 ല്‍ - യേശു ജനിച്ച വര്‍ഷം - മരിച്ചതിനെ തുടര്‍ന്നുണ്ടായ ലഹളയില്‍ പങ്കെടുത്ത 2000 യഹൂദരെയാണ് ക്വിംഗ്റ്റീലിയുസ് വാരുസ് എന്ന സിറിയയിലെ റോമാക്കാരന്‍ ഗവര്‍ണര്‍ കുരിശില്‍ തറച്ചത്. നസ്രത്തില്‍നിന്ന് 6-7 കി.മീ. മാത്രം അകലത്തിലുള്ള സെഫോറിസ് പട്ടണത്തിന് അതേ വര്‍ഷം വാരുസ് തീയിടുകയും അവിടുത്തുകാരെ അടിമകളാക്കി വില്‍ക്കുകയും ചെയ്തു. ഈ വസ്തുതകളെല്ലാം അക്കാലത്തെ ചരിത്രകാരനായ ഫ്ലാവിയുസ് ജൊസേഫുസിന്‍റെ പുസ്തകങ്ങളിലുണ്ട്.
യേശുവിന്‍റെ ബാല്യകാലത്തും തുടര്‍ന്നും അരങ്ങേറിയ ഈ ക്രൂരമായ ചരിത്രസംഭവങ്ങളില്‍നിന്നു നമുക്കു മനസ്സിലാകുന്നത്, പഴയനിയമ ഭാവനയിലെ ദൈവരാജ്യത്തിന്‍റെ സൂചനകളില്‍ ഒന്നുപോലും യേശുവിന്‍റെ ജീവിതകാലത്തു കാണാനുണ്ടായിരുന്നില്ല എന്നാണ്. യേശുവിന്‍റെ പഠിപ്പിക്കലുകളോ, സുവിശേഷങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട അത്ഭുതങ്ങളോ ഒന്നുംതന്നെ, അനന്യസാധാരണമായ സംഭവപരമ്പരയോടെ ആവിര്‍ഭവിക്കുന്ന ദൈവരാജ്യത്തെക്കുറിച്ചുള്ള പഴയനിയമ പ്രതീക്ഷകളുമായി താരതമ്യം ചെയ്യുമ്പോള്‍, ഒട്ടുമേ പ്രധാനപ്പെട്ടതായി മിക്കവര്‍ക്കുംതന്നെ തോന്നിയിട്ടുണ്ടാകാന്‍ സാധ്യതയില്ല.
ഈ നിരീക്ഷണം സാധൂകരിക്കുന്ന ഒരു ചരിത്ര വസ്തുത പറയാം. യേശുവിന്‍റെ കാലത്തെ ലോകത്തെക്കുറിച്ച് മുപ്പതു പുസ്തകങ്ങളിലായി നീണ്ടു കിടക്കുന്ന ചരിത്രമെഴുതിയ ആളാണ് ഫ്ലാവിയുസ് ജൊസേഫുസ്. (ഈ മുപ്പതു പുസ്തകങ്ങളും നാലു വലിയ ഗ്രന്ഥങ്ങളിലായി ശേഖരിച്ചിട്ടുണ്ട്.) മഹാനായ ഹേറോദേസ്, ഹേറോദ് അന്തിപ്പാസ്, പന്തിയോസ് പീലാത്തോസ്, കയ്യാഫാസ് ഒക്കെയൊക്കെ അവയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇതില്‍ പക്ഷേ യേശുവിനെക്കുറിച്ച് വെറുതെ പറഞ്ഞുപോകുന്നത് ഒരൊറ്റ വാക്യത്തില്‍മാത്രമാണ്. (എ.ഡി. 62 ല്‍ രക്തസാക്ഷിത്വം വരിച്ച യാക്കോബിനെകുറിച്ചു പറയുന്ന കൂട്ടത്തില്‍, "ക്രിസ്തുവെന്നു വിളിക്കപ്പെട്ട യേശുവിന്‍റെ സഹോദരന്‍" എന്നൊരു പരാമര്‍ശവും ഒരിടത്തു കാണാനുണ്ട്.) യേശുവിന്‍റെ ജീവിതകാലത്ത് ലോകക്രമം കീഴ്മേല്‍ മറിഞ്ഞില്ല എന്നതുകൊണ്ടായിരിക്കുമല്ലോ ജോസേഫുസ് യേശുവിന് ഒട്ടുമേ പ്രാധാന്യം കൊടുക്കാതിരുന്നത്.
എന്നാല്‍, തന്നെക്കുറിച്ചും തന്‍റെ ദൗത്യത്തെക്കുറിച്ചും തികഞ്ഞ ബോധ്യമുണ്ടായിരുന്ന യേശുവിന്‍റെ പക്കല്‍, തന്‍റെ കാലത്തും എല്ലാ കാലത്തുമുള്ള സംശയാലുക്കള്‍ക്ക് നല്‍കാന്‍ പറ്റിയ മറുപടിയുണ്ടായിരുന്നു. ആ മറുപടിയാണ് കടുകുമണിയുടെ ഉപമയും പുളിമാവിന്‍റെ ഉപമയും.

കടുകുമണിയുടെ ഉപമ
(മര്‍ക്കോ 4:30-32; മത്താ 13:31-32; ലൂക്കാ 13:18-19)
സമാന്തര സുവിശേഷങ്ങളില്‍ എല്ലാം കാണുന്ന (തോമസ ിന്റെ സുവിശേഷം: 20) ഈ ഉപമ, അല്ലറ ചില്ലറ വ്യത്യാസങ്ങളോടെയാണ് മൂന്നു സുവിശേഷങ്ങളും പറയുന്നത്.
i. മര്‍ക്കോസില്‍ വിത്തിന്‍റെ ഉപമയ്ക്കുശേഷമാണ് കടുകുമണിയുടെ ഉപമയെങ്കില്‍, മത്തായിയില്‍ അത് കളകളുടെ ഉപമയ്ക്കുശേഷവും ലൂക്കായില്‍ കൂനുള്ള സ്ത്രീക്ക് സൗഖ്യം ലഭിച്ചതിനുശേഷവുമാണ്.
i.i. മര്‍ക്കോസില്‍ കടുകുമണിയുടെ ഉപമയെതുടര്‍ന്നു വരുന്നത് യേശു കടലിനെ ശാന്തമാക്കുന്നതിന്‍റെ വിവരണമാണ്. മത്തായിയിലും ലൂക്കായിലും വരുന്നത് പുളിമാവിന്‍റെ ഉപമയാണ്.
i.i.i. മര്‍ക്കോസിലെ കടുകുമണി ഭൂമിയില്‍ വിതയ്ക്കപ്പെട്ട്, ചെടിയായി വളര്‍ന്ന്, പക്ഷികള്‍ക്കു തണലു കൊടുക്കുന്നു. മത്തായിയിലെ കടുകുമണി വിതക്കപ്പെട്ടത് വയലിലും ലൂക്കായിലേതു വിതയ്ക്കപ്പെട്ടത് തോട്ടത്തിലുമാണ്. രണ്ടു കടുകുമണികളും വളര്‍ന്ന്, കിളികള്‍ക്ക് ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു.
എന്തുകൊണ്ട് ഇത്തരം വ്യത്യാസങ്ങളുണ്ടായി എന്നതിനു പല അഭിപ്രായങ്ങളും പണ്ഡിതരുടെ പക്കലുണ്ട്. ഒരു ലളിതമായ ഉത്തരം, യേശു ഒന്നിലേറെ തവണ ഈ ഉപമ പറഞ്ഞിട്ടുണ്ടാകാമെന്നതും അപ്പോഴൊക്കെ ചെറിയ വ്യത്യാസങ്ങള്‍ കടന്നുകൂടിയിരിക്കാമെന്നതും ആണ്. ഈ വ്യത്യാസങ്ങളൊന്നും ഉപമയുടെ അടിസ്ഥാന സന്ദേശത്തെ ബാ ധിക്കുന്നതല്ല എന്നത് ഒറ്റ വായനയില്‍നിന്നുതന്നെ വ്യക്തമാണല്ലോ.
1mm മാത്രം വ്യാസമുള്ള കടുകുമണി 750 എണ്ണം ചേര്‍ന്നാലേ ഒരു ഗ്രാം ആകൂ. വിതക്കപ്പെട്ട് അഞ്ചു നാള്‍ക്കുശേഷം മുളച്ചാല്‍ താമസംവിനാ പത്തുപന്ത്രണ്ട് അടി പൊക്കത്തിലേക്ക് ഈ ചെടി വളരും. അതിന്‍റെ ചുവട്ടിലുള്ള ഇലകള്‍ സാമാന്യം വലുതാണുതാനും. മത്തായിയും ലൂക്കായും കടുകു ചെടിയെ മരമെന്നു വിളിക്കുന്നത് അതിശയോക്തിയാണ്. അത്ര പ്രധാനപ്പെട്ടതല്ല ഇക്കാര്യം. കാരണം, സുവിശേഷകന്മാരുടെ ശ്രദ്ധ കടുകുമണി വളര്‍ന്നാല്‍ അതിനെ ചെടിയെന്നാണോ മരമെന്നാണോ വിളിക്കേണ്ടത് എന്നതില്‍ അല്ലല്ലോ. അവരുടെ ശ്രദ്ധ മുഴുവനും കടുകുമണി മിഴിവോടെ അനാവരണം ചെയ്യുന്ന ദൈവിക സത്യത്തിലായിരുന്നു.
ഈ ഉപമ വ്യക്തമാകാന്‍ ചില പഴയനിയമഭാഗങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ബി.സി. 597 ല്‍ തുടങ്ങിയ പത്തു കൊല്ലത്തെ ബാബിലോണിയന്‍ ഉപരോധത്തിനുശേഷം ജറുസലെം കീഴടങ്ങുകയാണ്. അക്കാലത്തു വിശന്നിട്ട് സമ്പന്നര്‍ തെരുവില്‍ മരിക്കുകയും അമ്മമാര്‍ സ്വന്തം കുഞ്ഞുങ്ങളെ തിന്നുകയും ചെയ്തത്രേ (വിലാപങ്ങള്‍ 4:5,10). യഹൂദ രാജാവ് സെദക്കിയായുടെ കണ്‍മുമ്പില്‍ അയാളുടെ രണ്ടു പുത്രന്മാരേയും വകവരുത്തിയതിനുശേഷം അയാളുടെ ഇരുകണ്ണുകളും തുരന്നെടുക്കുന്നുണ്ട്. ജറുസലെം ദേവാലയത്തിലെ വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിച്ചതിനുശേഷം ബാബിലോണിയന്‍ പട്ടാളം അതു തീയിട്ടു നശിപ്പിക്കുകയാണ്. ദൈവസാന്നിധ്യത്തിന്‍റെ കിറുകൃത്യമായ അടയാളമായിരുന്ന വാദാനപേടകം അന്നു കാണാതായത് ഇന്നും എങ്ങുനിന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ടവരാണു തങ്ങളെന്ന ഇസ്രായേല്യരുടെ ബോധ്യത്തിനു തെളിവായി നൂറ്റാണ്ടുകളായി നിലനിന്ന മൂന്ന് കാര്യങ്ങളും - ദേശം, ദേവാലയം, ദാവിദിന്‍റെ ഇരിപ്പിടം - ഒറ്റ ദിവസംകൊണ്ടാണ് ചാരമായിത്തീര്‍ന്നത്.
പുകയയുരുന്ന ആ വെണ്ണീറിന്‍റെ മുമ്പില്‍നിന്ന് പക്ഷേ എസെക്കിയേല്‍ പ്രവാചകനു പറയാനുണ്ടായിരുന്നത് പ്രത്യാശയുടെ വെളിപാടാണ്: "ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഉയരമുള്ള ദേവദാരുവിന്‍റെ മുകളില്‍നിന്ന് ഒരു കൊമ്പെടുത്ത് ഞാന്‍ നടും. ... ഇസ്രായേലിലെ പര്‍വതശൃംഗത്തില്‍ത്തന്നെ ഞാന്‍ അതു നടും. അത് ശാഖകള്‍ വീശി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ഒരു വലിയ ദേവദാരുവായിത്തീരുകയും ചെയ്യും. എല്ലാത്തരം മൃഗങ്ങളും അതിന്‍റെ കീഴില്‍ വസിക്കും. അതിന്‍റെ കൊമ്പുകളുടെ തണലില്‍ പറവകള്‍ കൂടുകെട്ടും. കര്‍ത്താവായ ഞാന്‍ താഴ്ന്നമരത്തെ ഉയര്‍ത്തുകയും ഉയര്‍ന്നതിനെ താഴ്ത്തുകയും, പച്ചമരത്തെ ഉണക്കുകയും ഉണക്കമരത്തെ തളിര്‍പ്പിക്കുകയും ചെയ്യുന്നുവെന്നു വയലിലെ വൃക്ഷങ്ങളെല്ലാം അപ്പോള്‍ അറിയും - കര്‍ത്താവായ ഞാനാണ് ഇതു പറയുന്നത്. ഞാന്‍ അത് നിറവേറ്റുകയും ചെയ്യും" (എസെ. 17 : 22-24). കൊടിയ തകര്‍ച്ചയുടെ മുന്നില്‍ നിന്നുകൊണ്ടാണ് ഒരു ദേവദാരു തൈയെ ചൂണ്ടിക്കാട്ടി, ദൈവവും ദൈവത്തിന്‍റെ പദ്ധതികളും പരാജയപ്പെടില്ല എന്ന് എസെക്കിയേല്‍ തറപ്പിച്ചു പറയുന്നത്.
സമാനമായ ശൈലിയാണ് യേശുവും ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ലോക സാമ്രാജ്യങ്ങളുടെ ലോജിക്കനുസരിച്ചല്ല ദൈവത്തിന്‍റെ സാമ്രാജ്യം പ്രവര്‍ത്തിക്കുന്നത്. വളരെ നിസ്സാരമെന്നു പൊതുവെ തള്ളിക്കളയാവുന്ന യേശുവിന്‍റെ ജീവിതവും പ്രവര്‍ത്തനങ്ങളും വിതക്കപ്പെട്ട കടുകുമണികണക്ക് പൊടുന്നനെ വളരുകതന്നെ ചെയ്യും. തീരെ നിസ്സാരമായ കടുകുമണി വളര്‍ന്ന് തണലേകുന്നതുപോലെ, യേശുവിലൂടെ തുടക്കം കുറിക്കപ്പെട്ട ദൈവരാജ്യം ഇവിടെ വേരാഴ്ത്തുകയും എങ്ങും പടരുകയും ചെയ്തിരിക്കും.

പുളിമാവിന്‍റെ ഉപമ
(മത്താ. 13:33; ലൂക്കാ 13:20-21)
ഒരേ കാര്യം പറയുന്ന രണ്ടുപമകള്‍ ഒരുമിച്ചു പറയുകയെന്നത് സുവിശേങ്ങളില്‍ കാണുന്ന ഒരു ശൈലിയാണ്. പാറയിലും മണലിലും പണിയപ്പെട്ട വീടുകള്‍ (മത്താ 7:24-27), കാക്കകളും ലില്ലികളും (ലൂക്കാ 12:24-28), കാണാതെ പോയ ആടിന്‍റെയും നാണയത്തിന്‍റെയും ഉപമകള്‍ (ലൂക്കാ 15: 4-10) തുടങ്ങിയവ സുപരിചിതമാണല്ലോ. സമാനമായ ശൈലിയിലാണ് കടുകുമണിയുടെകൂടെ പുളിമാവിന്‍റെ ഉപമയും പറയപ്പെട്ടിരിക്കുന്നത്. (മര്‍ക്കോസില്‍ പുളിമാവിന്‍റെ ഉപമ കാണുന്നില്ല. എന്നാല്‍, കടുകുമണിക്കു തൊട്ടുമുമ്പ് വിത്തിന്‍റെ ഉപമയുണ്ട്. അതാകട്ടെ, മത്തായിയിലും ലൂക്കായിലും ഇല്ലതാനും. മര്‍ക്കോസില്‍ വിത്തും കടുകുമണിയും ഒരേ കാര്യമാണു പഠിപ്പിക്കുന്നത്. അതേ കാര്യം പറയാന്‍ മത്തായി-ലൂക്കാ സുവിശേഷങ്ങള്‍ കടുകുമണിയും പുളിമാവും ഉപയോഗിക്കുന്നു. തോമസിന്‍റെ സുവിശേഷം 96 -ല്‍ കുറേ വ്യത്യാസങ്ങളോടെ പുളിമാവിന്‍റെ ഉപമ ചേര്‍ത്തിട്ടുണ്ട്.)
പെസഹാ ആചരണത്തിന് പുളിപ്പില്ലാത്ത അപ്പമാണല്ലോ മോശ നിഷ്കര്‍ഷിച്ചത്. തുടര്‍ന്ന് ഒരാഴ്ച വീടുകളില്‍ പുളിപ്പില്ലാത്ത ഭക്ഷണംമാത്രമേ കഴിക്കാവൂ എന്ന നിയമവും നിലവിലുണ്ട് (പുറ. 12:15-20). കര്‍ത്താവിനുള്ള ബലിവസ്തുക്കളിലും പുളിമാവു അനുവദിക്കപ്പെട്ടിട്ടില്ല (ലേവ്യ. 2:11). ഇവിടെയൊക്കെ പുളിമാവു നിഷിദ്ധ വസ്തുവാണ്. അതുകൊണ്ടാകണം സുവിശേഷത്തില്‍ പുളിമാവ് പൊതുവെ നെഗറ്റീവായിട്ട് ഉപയോഗിക്കപ്പെട്ടത്: "യേശു പറഞ്ഞു: ശ്രദ്ധിക്കുവിന്‍; ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍" (മത്താ 16 : 6. മറ്റുദാഹരണങ്ങള്‍: ലൂക്കാ 12;1; 1 കോറി 5:5-8; ഗലാ 5:9).
എന്നാല്‍, ഒരേ കാര്യംതന്നെ നെഗറ്റീവായും പോസിറ്റീവായും പുതിയ നിയമത്തില്‍ പ്രയോഗിക്കപ്പെടുന്നതും നമുക്കു കാണാനാകും. "നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു" (1 പത്രോസ് 5 : 8). ഈ വാക്യത്തില്‍ സിംഹം പിശാചിനെ സൂചിപ്പിക്കുന്നു. "ശ്രേഷ്ഠന്‍മാരിലൊരാള്‍ എന്നോടു പറഞ്ഞു: കരയാതിരിക്കൂ; ഇതാ, യൂദാവംശത്തില്‍ നിന്നുള്ള സിംഹവും ദാവീദിന്‍റെ വേരും ആയവന്‍ വിജയിച്ചിരിക്കുന്നു. അവനു ചുരുള്‍ നിവര്‍ത്താനും സപ്തമുദ്രകള്‍ പൊട്ടിക്കാനും കഴിയും" (വെളിപാട് 5 : 5). ഈ വാക്യത്തില്‍ സിംഹം മിശിഹായെയാണു സൂചിപ്പിക്കുന്നത്. പുളിമാവ് നെഗറ്റീവായിട്ടാണ് ബൈബിളില്‍ പൊതുവെ ഉപയോഗിക്കപ്പെടുന്നതെങ്കിലും നമ്മുടെ ഉപമയില്‍ അതു പോസിറ്റാവായിത്തന്നെയാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.
മൂന്നിടങ്ങഴി (മൂന്നളവു) മാവ് എന്നു പറഞ്ഞാല്‍ 100-150 പേര്‍ക്ക് ഭക്ഷിച്ചു തൃപ്തിയാകാന്‍ വേണ്ടത്രയും അളവു മാവുണ്ടെന്നാണ് അര്‍ത്ഥം. (ചെറിയ കടുകുമണിയും വലിയ കടുകു ചെടിയും താരതമ്യം ചെയ്യുന്നതുപോലെതന്നെ, ചെറിയ അളവ് പുളിമാവും വലിയ അളവ് മാവും തമ്മിലാണ് താരതമ്യം.)
പി.ഒ.സി ബൈബിള്‍ വായിച്ചാല്‍ മാവില്‍ ഒരു സ്ത്രീ പുളിമാവു ചേര്‍ത്തു എന്നാണു നാം മനസ്സിലാക്കുന്നത്. RSV ബൈബിളില്‍ മത്താ. 13:33 (ലൂക്കാ 13:21) കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്: “The kingdom of heaven is like leaven which a woman took and hid in three measures of flour, till it was all leavened.” ഇതാണു കൃത്യമായ പരിഭാഷ. പുളിമാവു "ചേര്‍ക്കുക"യല്ല, മാവില്‍ "മറച്ചുവയ്ക്കുക"യാണ്.
"മറയ്ക്കുക" എന്ന പദം ഉപയോഗിക്കപ്പെടുന്ന മറ്റൊരു വാക്യം ഇതാണ്: "യേശു ഉദ്ഘോഷിച്ചു: സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലുംനിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു" (മത്തായി 11 : 25; ലൂക്കാ 10:21). യേശുവും അവന്‍റെ ജീവിതവും ദൈവരാജ്യത്തിന്‍റെ പ്രോത്ഘാടനമാണെന്ന് അക്കാലത്തും എക്കാലത്തും എല്ലാവരും ഒരേപോലെ സമ്മതിച്ചു തരുന്ന കാര്യമേയല്ല. അതു ദൈവരാജ്യത്തിന്‍റെ അടയാളങ്ങളാണെന്നു തിരിച്ചറിഞ്ഞത് അവനില്‍ വിശ്വാസം അര്‍പ്പിച്ചവര്‍മാത്രമാണ്. അതു കാണാന്‍ പുറംകണ്ണിന്‍റെ കാഴ്ച മതിയാകില്ല, അകക്കണ്ണിന്‍റെ വിശ്വാസംതന്നെ വേണം (2 കോറി. 5:7).
ഉപസംഹാരം
കടുകുമണിയുടെ ഉപമ ദൈവരാജ്യസംബന്ധിയായ പഴയനിയമ ധാരണകളെയാണു തള്ളിക്കളയുന്നത്. പീലാത്തോസിന്‍റെയും ഹേറോദേസിന്‍റെയും മുമ്പില്‍ ചങ്ങലയിട്ട് നില്‍ക്കുമ്പോഴും അവരുടെ അധികാരത്തിന്‍റെ മുമ്പില്‍ യേശുവിന്‍റെ ശിരസ്സു കുനിയുന്നില്ലല്ലോ. കാരണം, അവനറിയാം, ഉഗ്രപ്രതാപികളായ ഈ ഭരണാധിപന്മാരേക്കാള്‍ ശക്തന്‍, കടുകുമണി ചെടിയാകുന്ന പ്രക്രിയയിലെ നിശ്ശബ്ദതയോടെ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന അബ്ബായാണ്. അതുകൊണ്ടുതന്നെ, താന്‍ വിഭാവനം ചെയ്ത ദൈവരാജ്യം വിസ്തൃതമാക്കാന്‍ ക്രിസ്തു തെരഞ്ഞടുത്തത് ആരേയാണെന്ന് പൗലോസ് പറയുന്നുണ്ട്: 'സഹോദരരേ, നിങ്ങള്‍ക്കുലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിന്‍; ലൗകിക മാനദണ്‍ഡമനുസരിച്ച് നിങ്ങളില്‍ ബുദ്ധിമാന്‍മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോക ദൃഷ്ടിയില്‍ ഭോഷന്‍മാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും. നിലവിലുള്ളവയെ നശിപ്പിക്കാന്‍വേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തെരഞ്ഞെടുത്തു" (1 കോറി 1 : 26-28). ഇന്നത്തെ സഭക്കു വേണ്ടതും ഇതേ മനോഭാവമാണ്: ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധ. വമ്പന്‍ പ്രൊജക്റ്റുകളും എക്സിക്യൂട്ടിവ് ലുക്കും ശൈലിയുമുള്ള നേതാക്കളുമൊന്നും ദൈവരാജ്യത്തിന് ആവശ്യമേയില്ലാത്തതാണ്.
ദൈവരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് പുളിമാവു പ്രവര്‍ത്തിക്കുന്നത്ര രഹസ്യമായിട്ടാകണം, സ്റ്റേജ് ഷോ സംഘടിപ്പിച്ചുകൊണ്ടാകരുത്. അപ്പോള്‍ സഭയുടെ ശൈലി രാഷ്ട്രീയക്കാരുടേതോ ബിസിനസ്സുകാരുടേതോ ആകരുത്, മറിച്ച് ക്രിസ്തുവിന്‍റേതു മാത്രമാകണം. ഇതിനൊക്കെ ആദ്യം വേണ്ടത് "യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തു" (1 കോറി. 1: 23) ക്രിസ്ത്യാനിക്കുകൂടി ഇടര്‍ച്ചയും ഭോഷത്തവുമല്ലെന്ന് ഉറപ്പുവരുത്തലാണ്.
ദൈവരാജ്യം സ്റ്റേജിലെ പരിപാടികളല്ല
ഷ ാജി കരിംപ്ലാനില്‍
അസ്സീസി മാസിക ഏപ്രിൽ 2026
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.























