

യേശുവിന്‍റെ അമ്മയും സഹോദരരും അവനെ കാണാന്‍ വന്നു. എന്നാല്‍ ജനക്കൂട്ടം നിമിത്തം അടുത്തെത്താന്‍ കഴിഞ്ഞില്ല. നിന്‍റെ അമ്മയും സഹോദരരും നിന്നെ കാണാന്‍ ആഗ്രഹിച്ച് പുറത്തു നില്‍ക്കുന്നുവെന്ന് അവര്‍ അവനെ അറിയിച്ചു. അവന്‍ പറഞ്ഞു: "ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്‍റെ അമ്മയും സഹോദരരും (ലൂക്കാ 8:19-21)."
ആദ്യമായി കണ്ട മദര്‍ തെരേസയുടെ ചിത്രം ഒരു കുട്ടിയില്‍ എന്തു കൗതുകമുണ്ടാക ്കാന്... ആ മുഖത്ത് നോക്കിയിരുന്നപ്പോള്‍ തോന്നിയ സാദൃശ്യത ഇതാണ് - വേനല്‍ചൂടില്‍ വിണ്ടു കീറിയ കുട്ടനാട്ടിലെ ഒരു പാടം പോലെ. അങ്ങനെ പറയുവാന്‍ ധൈര്യവും കാട്ടി. പിന്നെയതിനെയോര്‍ത്ത് നാവില്‍ വരക്കുകയും വരപ്പിക്കുകയും ചെയ്ത കുരിശടയാളങ്ങള്‍ക്ക് കണക്കില്ല. പിന്നീടാണ് വിണ്ടുകീറിയ ഈ മുഖത്തിനു പിന്നില്‍ കരുണയുടെ പുഴകള്‍ മുറിയാതെ ഒഴുകുന്നുവെന്നും, അതിനും മേലേ ദൈവകൃപയുടെ സൂര്യന്‍ സദാ തെളിഞ്ഞു നില്ക്കുന്നതുമൊക്കെ കാണാന്‍ മനസ്സ് പരുവപ്പെട്ടത്...
അനാകര്‍ഷകമെന്ന് ആദ്യം തോന്നിച്ച ആ മുഖത്തിന് പിന്നില്‍ അഭൗമദീപ്തിയുടെ വലയം വെളിപ്പെട്ടു കിട്ടിയതും പിന്നീടാണ്. അന്ന് കെന്‍മാക്ക്മില്ലന്‍റെ ചിത്രങ്ങളെക്കുറിച്ച് കേട്ടിട്ടില്ല. അമ്മയെക്കുറിച്ചെഴുതപ്പെട്ടതില്‍ ഏറ്റവും വശ്യമായ പുസ്തകം - 'Something Beautiful for Gods' ന്‍റെ രചയിതാവ് മാല്‍ക്കം മാഗ്റിഡ്ജും, കെന്നും കൂടി ബിബിസി ക്ക് വേണ്ടി ഒരു ചിത്രമൊരുക്കുകയായിരുന്നു. നിര്‍മ്മല്‍ ഹൃദയുടെ ഇടുങ്ങിയ ഇടനാഴികള്‍ ഇരുണ്ടതു കൂടിയായിരുന്നു. ചിത്രമെടുക്കാനുള്ള വെളിച്ചമില്ലായെന്നറിയാവുന്ന കെന്നിന് വല്ലാത്ത മടുപ്പായിരുന്നു. എന്നിട്ടും ഫിലിം ഡെവലപ്പ് ചെയ്തപ്പോള്‍ അത്ഭുതത്തിന്‍റെ ഊഴം കെന്നിനായിരുന്നു. സൂര്യവെളിച്ചത്തില്‍ ലഭിച്ചേക്കാവുന്നതിനേക്കാള്‍ മിഴിവും തെളിച്ചവും. ഒരാളുടെ ആന്തരിക ലോകത്തിന് എത്ര വെളിച്ചം പ്രസരിപ്പിക്കാമെന്നതിന്‍റെ ഒരു വര്‍ത്തമാന സാക്ഷ്യമായിരുന്നു ഇരുവര്‍ക്കുമിത്.
"തമസ്സോമ ജ്യോതിര്‍ഗമയ" എന്ന് എത്ര നൂറ്റാണ്ടുകളായി ഈ മണ്ണിലുയരുന്ന പ്രാര്‍ത്ഥനകള്‍ ദൈവത്തിന്‍റെ സന്നിധിയിലെത്തുന്നുണ്ടാവും. അതുകൊണ്ടാവണം യുഗോസ്ലാവിയായിലെ സ്ക്കോപ്ജെ പട്ടണത്തില്‍ ജനിച്ച ഒരാള്‍ കര്‍മ്മം കൊണ്ട് ഈ മണ്ണിന്‍റെ ഏറ്റവും പ്രിയപ്പെട്ടയൊരാളായത്.... വെളുത്ത സാരിയില്‍ നീലക്കരയുമായി ഈ നാടിന്‍റെ ചേരികളിലൂടെ നടന്നപ്പോള്‍ അവര്‍ കല്‍ക്കട്ടയിലെ ഏതൊരു തൊഴിലാളി സ്ത്രീയെയും ഓര്‍മ്മിപ്പിച്ചു. ബംഗാളി സ്തീകള്‍ സാരിത്തുമ്പില്‍ തങ്ങളുടെ താക്കോല്‍ കെട്ടിയിടുന്നതുപോലെ ഒരു ക്രൂശുരൂപം - സകല താഴുകളുടെയും ഏക താക്കോല്‍! ഒരമ്മയുടെ സുഖദുഃഖങ്ങളിലൂടെ സഞ്ചരിച്ച് മഹത്വത്തിന്‍റെ ആകാശങ്ങളിലേക്കെത്തുന്ന ഒരു ജപമാലയുടെ ബലവും കൂട്ട്. വിട്ടുപോയി: കുറച്ചു ധനവുമുണ്ട് - അഞ്ചു രൂപ! മഠങ്ങളുടെ പരമ്പരാഗത ശീലങ്ങളില്‍ നിന്ന് പുറത്തു കടക്കുമ്പോള്‍ ഇതായിരുന്നു അവളുടെ ക്യാപ്പിറ്റല്‍. പിന്നെ, ഒരു കടലോളം സ്നേഹവും.
ജീവിതത്തെ ഉലച്ചത്, മത്തായിയുടെ സുവിശേഷം ഇരുപത്തഞ്ചാമദ്ധ്യായം മുപ്പത്തിയഞ്ച് മുതല്‍ നാല്‍പ്പതു വരെയുള്ള വാക്യങ്ങളായിരുന്നു. അക്ഷരമായിട്ടല്ല, ജീവിതാവസാനം വരെ പ്രതിധ്വനിക്കുന്ന ശബ്ദമായിട്ടാണ് തെരേസയുടെ ജീവിതത്തെ അത് കീഴടക്കിയത്. ഒരു തീവണ്ടിയാത്രക്കിടയിലായിരുന്നുവത്. സെപ്റ്റംബര്‍ 10, 1946 ല്‍. ഭൂമിയിലെ മനുഷ്യരുടെ നിലവിളികള്‍ക്കും നെടുവീര്‍പ്പുകള്‍ക്കും നിശബ്ദതകള്‍ക്കും പിന്നില്‍ മറഞ്ഞു നില്‍ക്കുന്നത് ദൈവം തന്നെയെന്ന വെളിപാട്. ദൈവത്തിലെത്തിയവര്‍ക്ക് മനുഷ്യരിലേക്കെത്താതിരിക്കാനാവില്ല. കുഷ്ഠരോഗിയുടെ വ്രണങ്ങള്‍ ചുംബിച്ച അസ്സീസിയിലെ ഫ്രാന്‍സീസിന് കിട്ടിയ വെളിപാടുപോലെയാണിത്. എതിരെ വന്ന ഒരു കുഷ്ഠരോഗിയെ അയാള്‍ ചുംബിച്ചപ്പോള്‍ ആ മുറിപ്പാടുകള്‍ എല്ലാം ഞൊടിയിടയില്‍ സൗഖ്യപ്പെട്ടു. ഒടുവില്‍ അവശേഷിച്ചത് അഞ്ച് മുറിവുകളാണ്. ഇരുപാദങ്ങളിലും കരങ്ങളിലും പിന്നെ വിലാവിലും. കുഷ്ഠരോഗി ക്രിസ്തുവായി. ഫ്രാന്‍സ്സീസപ്പോള്‍ ഇങ്ങനെ കരഞ്ഞു പറയുന്നുണ്ട്, ദൈവമേ ഭൂമിയിലെ മുറിവേല്‍ക്കപ്പെട്ട മനുഷ്യരുടെ പിന്നിലൊക്കെയൊളിച്ചു നില്‍ക്കുന്നത് നീ തന്നെയാണല്ലോ... ദൈവത്തിനു ചിലപ്പോള്‍ പനിക്കുന്നു.. ചിലപ്പോള്‍ തപിക്കുന്നു... ചിലപ്പോള്‍ ഏകാകിയാകുന്നു... ചിലപ്പോള്‍ വിശക്കുന്നു.... മനുഷ്യരോടുള്ള ഇഷ്ടം തന്നെ ദൈവത്തിനോടുള്ള ആരാധന...
ലോകം ഈ പാവപ്പെട്ട സ്ത്രീയുടെ നന്മ തിരിച്ചറിഞ്ഞു. ഭാരതരത്നം, ഷ്വറ്റ്സര്‍ പുരസ്കാരം, ടെബിള്‍ടണ്‍, നോബല്‍ സമ്മാനം തുടങ്ങിയവ ഈ സ്ത്രീക്ക് നല്‍കിയതിലൂടെ ആ സമ്മാനങ്ങള്‍ക്ക് വലുപ്പം ലഭിച്ചു. എന്നാലിതിനെക്കാളൊക്കെയെത്ര മേലാണ് മദര്‍ എന്നു മാത്രം പറഞ്ഞാല്‍ അത് തെരേസയെന്ന സ്ത്രീയുടെ പര്യായമാണെന്ന് ലളിതമായ സമവാക്യം നമ്മുടെ കാലം രൂപപ്പെടുത്തിയത്. ജന്മം നല്‍കുന്നതു വഴിയല്ല, നിലപാടും, കര്‍മ്മവും വഴിയാണ് ഒരാള്‍ അമ്മയായി മാറുന്നുവെന്നുള്ള സദ്ചിന്തയെ ബലപ്പെടുത്തുന്നതായിരുന്നു അവരുടെ ജീവിതം. കണ്ടതല്ലേ, അവരുടെ മൃതദേഹത്തിനു പിന്നാലെ പാവപ്പെട്ട മനുഷ്യര്‍ നെഞ്ചത്തടിച്ച് കരഞ്ഞുപോവുന്നത്.... ആ ദിവസങ്ങളില്‍ തന്നെയായിരുന്നു, ലോകത്തിന്‍റെ ശ്രദ്ധ കവര്‍ന്ന മറ്റൊരു മരണം - ഡയാന രാജകുമാരിയുടേത്... വെളിച്ചം തേടി, വിളക്കും കെടുത്തി സ്വയം എരിഞ്ഞടങ്ങുന്ന ഒരു ശലഭം പോലെ. മറ്റൊരിടത്ത് ഉള്ളിലെ വിളക്കിനെ കണ്ടെത്തിയ ഒരു വൃദ്ധ. രണ്ടുപേരും വെളിച്ചം തിരയുകയായിരുന്നു.... എന്നാലവരുടെ മാര്‍ഗ്ഗങ്ങള്‍ക്ക് ഒത്തിരി കാതങ്ങളുടെ അകലമുണ്ടായിരുന്നു. മാനവരാശിയുടെ മുന്നില്‍ അവസാനം വരെയുള്ള സാദ്ധ്യതകളുടെ രണ്ടു ചിത്രമാണിത്.
"ദൈവം ചിന്തിക്കുന്നത് എന്‍റെ ജീവിതം കൊണ്ടു ഞാന്‍ രേഖപ്പെടുത്തുന്നു. പലപ്പോഴും അതത്ര ലളിതമല്ല. ഞാന്‍ ദൈവത്തിന്‍റെ കൈയിലെ ചെറിയൊരു പെന്‍സില്‍ മാത്രം. മുനയൊടിയുമ്പോള്‍ അവിടുത്തേക്ക് വീണ്ടുമത് ചെത്തി മൂര്‍ച്ചപ്പെടുത്തേണ്ടി വരുന്നു.... " എന്ന് ആത്മീയതയില്‍ തന്‍റേതായ ഭാഷ്യം രൂപപ്പെടുത്തിയ തെരേസയുടെ മനസ്സ് ചിലപ്പോളൊക്കെ അവളെ കൈവിട്ടു കളഞ്ഞിട്ടുണ്ട്. ആത്മാവിന്‍റെ ഇരുണ്ട രാത്രികളിലൂടെ തെരേസയും കടന്നുപോയിട്ടുണ്ട്. അമ്മയുടെ ഡയറിക്കുറിപ്പുകളില്‍ ദൈവം ഉണ്ടോയെന്ന് പോലും സംശയിച്ച ചില ദിനങ്ങളും വരികളും ഉണ്ടായിരുന്നു. അമ്മയുടെ സ്നേഹിതരെ അത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ നടുക്കി. നാമകരണത്തിനുള്ള നടപടികളെപ്പോലും അത് തണുപ്പിക്കുമെന്ന് ചിലര്‍ ഭയപ്പെട്ടു. ആ ദിനങ്ങളില്‍ ഞങ്ങളുടെ ഒരു സെമിനാരിയില്‍, കാല്‍വരി ആശ്രമത്തില്‍ -ചുവര്‍പത്രത്തില്‍ ഒരു സഹോദരനെഴുതിയിട്ടത് ഇങ്ങനെ: "ഈ ഒരു കാരണം കൊണ്ടുതന്നെ അമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കണം. കാരണം അവര്‍ ദൈവത്തിനു വേണ്ടി പോലുമായിരുന്നില്ലല്ലോ സ്നേഹിച്ചിരുന്നത്....!"
അത്രയും നിര്‍മ്മലമായിരുന്നു അമ്മയുടെ സ്നേഹദര്‍ശനം. അധിക കാലം ആര്‍ക്കും മരുഭൂമിയിലൂടെ നടക്കേണ്ടി വരില്ല. അമ്മ വീണ്ടും കൃപയുടെ തീര്‍ത്ഥങ്ങളിലെത്തി.
ഓര്‍ക്കുമ്പോള്‍ അനിഷ്ടം തോന്നിയ ഒരു സമയവും ഉണ്ടായിരുന്നു. എല്ലാ നല്ലതിനും ചില ശരികേടുകള്‍ കണ്ടില്ലെങ്കില്‍ എന്തു യൗവനം? അമ്മ പതുക്കെ പതുക്കെ ഒരു കള്‍ട് ഫിഗറാവുന്നു - വിഗ്രഹം എന്നതായിരുന്നു ഒരു പ്രധാന കാരണം. ഒരാള്‍ വിഗ്രഹമായി മാറുന്നതിന് അയാളെന്തു പിഴച്ചെന്ന് ആശ്വസിക്കാന്‍ ഇന്നെനിക്കാവും. മറ്റൊന്ന് ഉപവിയുടെ പ്രവര്‍ത്തനങ്ങള്‍ പതുക്കെ പതുക്കെ നീതിക്കായുള്ള പോരാട്ടങ്ങളെ തണുപ്പിക്കാമെന്നുള്ള ചിന്ത. ഒരു നേരത്തെ മീന്‍ കൊടുക്കുന്നതു കൊണ്ട് എന്തു കാര്യം, അവനെ ചൂണ്ടയിടാന്‍ എന്ന ലളിതമായ പഴഞ്ചൊല്ല് അതിസങ്കീര്‍ണ്ണമായ സാമൂഹിക അപഗ്രഥനങ്ങള്‍ വരെ തലയില്‍ കടന്നുകൂടിയ സമയത്തായിരുന്നത്. അമ്മ അതിന് നിഷ്കളങ്കമായി മറുപടി പറഞ്ഞല്ലോ: നീതിക്കു വേണ്ടി ഒരാള്‍ക്ക് കാത്തിരിക്കാനാവും; സ്നേഹത്തിന് വേണ്ടി ആര്‍ക്കും കാത്തിരിക്കാനാവില്ല. വഴിയില്‍ വിശന്നു കരയുന്ന ഒരാളുടെ പിന്നിലെ ചരടുകളല്ല, ഇപ്പോള്‍ അപ്പം തിന്നില്ലെങ്കില്‍ അയാള്‍ മരിച്ചുപോയേക്കാം എന്ന ചിന്തയാണ് എന്നെ നയിക്കുന്നത്.
അമ്മയെ ദൈവം സ്നേഹിച്ചതുപോലെ സഭയും സ്നേഹിക്കുന്നുവെന്നതിന്‍റെ അടയാളമായി സെപ്റ്റംബര്‍ 4 ന് വിശുദ്ധയായി അള്‍ത്താരവണക്കത്തിനായി അമ്മ ഉയര്‍ത്തപ്പെട്ടു. നിലപാടുകളില്ലാത്ത ഭക്തിയിലേക്ക് നമ്മുടെ ഇഷ്ടങ്ങള്‍ വഴുതിപ്പോവുകയാണെങ്കില്‍ അമ്മ നമ്മളെ ശാസിക്കും, കുന്തിരിക്കത്തിന്‍റെ ഗന്ധമല്ലെനിക്കിഷ്ടം. മനുഷ്യന്‍റെ വിയര്‍പ്പിന്‍റെ ഗന്ധം. സ്തോത്രഗീതങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ കേള്‍ക്കാതെ പോകുന്ന പച്ചമനുഷ്യരുടെ നിലവിളികളുണ്ട്.
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.
























