

മനുഷ്യനായി പിറന്ന ഒരു ദൈവത്തിന്, അതിലും മനുഷ്യയായ ഒരു അമ്മയെ ഒരുക്കിവെക്കേണ്ടതുണ്ട്. ഏതൊരു യഹൂദ പെണ്‍കുട്ടിയെയും പോലെ രക്ഷകന് പിറക്കാന്‍ വേണ്ടി ഉദരത്തില്‍ ഇടം കാത്തുവെച്ച് പ്രാര്‍ത്ഥിച്ചു കാത്തിരുന്നവള്‍. ഒരു വിനാഴികനേരത്ത് ദൂതന്‍ ദൂതുമായി വന്നതാണ്. കാര്യങ്ങള്‍ അത്ര സുഖമായി പോയി എന്ന് ചിന്തിക്കാന്‍ പറ്റുന്നില്ല. യൂദയായുടെ മലമ്പ്രദേശത്തു കൂടെ തിടുക്കപ്പെട്ടു തുടങ്ങിയ യാത്ര കാല്‍വരിയിൽ ചെന്ന് അവസാനിക്കുമ്പോഴും, അന്നത്തെയും ഇന്നത്തെയും അമ്മമാര്‍ കാത്തുസൂക്ഷിക്കുന്ന ഏതൊരു ഏകകങ്ങളിലും പെടുത്താന്‍ സാധിക്കാത്ത ഒരു ഉണ്ണിയെ കാത്തുവെച്ച ഒരമ്മയെ കാണാനാവുന്നുണ്ട്. ഉണ്ണിയായി പിറന്ന ഈശോയുടെ ബാല്യകാല ദാര്‍ഹിക ജീവിതത്തെക്കുറിച്ച് അധികമൊന്നും അറിയില്ലെങ്കിലും, മൂന്നുവര്‍ഷം മാത്രം നീണ്ട ഒരു പരസ്യ ജീവിതത്തില്‍, പുത്രനെ കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍, തീര്‍ച്ചയായും ഏതൊരു അമ്മയും പോലെ മറിയത്തെയും ആദി പിടിപ്പിച്ചിരുന്നിരിക്കണം. സ്ത്രീയെ എനിക്കും നിനക്കും എന്ത് എന്ന് ചോദിക്കുമ്പോള്‍ അകം പൊള്ളിയ ഒരു അമ്മയായിട്ടല്ല, മറിച്ച് പുത്രനെ കൊണ്ടാവും എന്ന് വിശ്വസിച്ച ഒരു അമ്മയെ നമുക്ക് കാണാം. മറു ചോദ്യങ്ങള്‍ അവരെ നിഷേധിക്കല്‍ അല്ല എന്ന് തിരിച്ചറിവിലാണ് അമ്മ മറിയം ജീവിച്ചത്.
ധൂര്‍ത്ത പുത്രന്‍റെ ഉപമയിലെ അപ്പനെ ലോകത്തോട് പ്രഘോഷിക്കുമ്പോള്‍, നസ്രത്തിലെ ആ വീട്ടില്‍ തനിക്കുവേണ്ടി, ഏതു നേരം വേണമെങ്കിലും കടന്നുവരാവുന്ന ഊരു തെണ്ടിയായ മകനുവേണ്ടി ഭക്ഷണം ഒരുക്കി കാത്തിരിക്കുന്ന തന്‍റെ അമ്മയെ ഓര്‍മ്മിച്ചില്ല എന്ന് എങ്ങനെ പറയാനാവും. തണുത്ത കാറ്റ് വീശുന്ന രാവില്‍ തന്‍റെ മകന് തലചായ്ക്കാന്‍ ഇടം കിട്ടിയിട്ടുണ്ടാവുമോ എന്ന് പരിഭവിക്കാത്ത ഒരു അമ്മയായും, മകന്‍റെ ജീവിതത്തിന് മേലെ നീളുന്ന തലക്കെട്ടുകള്‍ അഭിമാനത്തിന്‍റേതല്ല, അപമാനത്തിന്‍റെതാണെന്ന് അറിഞ്ഞ് ഉള്ളു പൊള്ളാത്ത ഒരു അമ്മയാണെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ. തന്‍റെ ചിന്തയ്‌ക്കോ, തന്‍റെ ജീവിതത്തിനോ ഉള്‍ക്കൊള്ളാവുന്നതിനലുമപ്പുറം ഒരു ജീവിതം ജീവിക്കുന്ന തന്‍റെ മകനെ അവന്‍ ആയിരിക്കുന്ന രീതിയില്‍ ജീവിക്കാന്‍ അനുവദിക്കുക, നൊന്തു പ്രസവിച്ചിട്ടും ഒരു വേള കാണുവാന്‍ വേണ്ടി വെളിയില്‍ കാത്തു നില്‍ക്കേണ്ടി വന്നിട്ടും, ഒപ്പം നിശബ്ദമായി അനുഗമിക്കുന്ന ഒരമ്മ. മിശിഹായ്ക്ക് വേണ്ടി ഭോഷന്മാരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അമ്മ ഒരു മാതൃകയാണ്. വീടുപോലായിരുന്നു മറിയം, എല്ലാം അറിയുന്ന എല്ലാം ഹൃദയത്തില്‍ സംഗ്രഹിക്കുന്ന ഒരമ്മ.
****
കൂട്ട്....
പ്രാണനോളം ചേര്‍ത്തു പിടിക്കേണ്ടവരെ തെരഞ്ഞെടുക്കാന്‍ ഒരു രാവു മുഴുക്കെ പ്രാര്‍ത്ഥിച്ചു എന്നാണ് തിരുവചനം പറഞ്ഞത്. എവിടെയോ വായിച്ചിരുന്നു, ഒരാള്‍ക്ക് ഒരു മണിക്കൂര്‍ വച്ചെങ്കിലും ഈശോ പ്രാര്‍ത്ഥിച്ചിരുന്നെന്ന്. എന്നിട്ടോ, അവന്‍ ചങ്ങാതികൂട്ടത്തില്‍ ചേര്‍ത്തവരോ, ഒറ്റുകാശിന്‍റെ പൊന്‍തിളക്കം പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ചവനെയും, കൂടെയുണ്ടാവേണ്ട രാത്രിയില്‍ ഒറ്റയ്ക്ക് ആക്കി ഓടിമറഞ്ഞവരെയും, ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അഗ്നിയിറക്കാന്‍ ആവശ്യപ്പെടുന്നവരെയും.
വളരെ കൗതുകകരമായ ഒരു നിരീക്ഷണം അടുത്തിടെയാണ് അറിഞ്ഞത്. ശിഷ്യന്മാരിലെ മൂത്ത ചേട്ടായി പത്രോസ് ആയിരുന്നു. ഈശോയെ അനുഗമിക്കുമ്പോള്‍ അദ്ദേഹം പോലും തന്‍റെ മുപ്പതുകള്‍ കടന്നിട്ടുണ്ടായിരുന്നില്ല. ബാല്യം വിട്ട് ഉണരുകയും, കൗമാരത്തിലേക്ക് എടുത്തുചാടുകയും ചെയ്യുന്ന ഒരുപറ്റം മനുഷ്യരെ അത്ര കരുതലോടെയും, സ്നേഹത്തോടെയും ചേര്‍ത്തുപിടിച്ച് നടന്ന ആ സ്നേഹിതനെ കുറിച്ച് ഓര്‍ക്കാന്‍ കണ്ണുകള്‍ അടയ്ക്കുമ്പോള്‍,കണ്ണുരുട്ടി പേടിപ്പിക്കുന്ന കൊമ്പന്‍ മീശ വച്ച ഒരു ഗുരുവായി എങ്ങനെ സങ്കല്‍പ്പിക്കും.
ദുര്‍ബലരും ബലഹീനരുമായ മനുഷ്യന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ അവ നൊപ്പം നില്‍ക്കാത്ത ഒരു സാഡിസ്റ്റ് ദൈവമായിട്ട് ഒരിക്കലും എനിക്ക് ഈശോയെ സങ്കല്‍പ്പിക്കാന്‍ ആവില്ല. കാരണം, മുപ്പതാം വയസ്സില്‍ വീടിന്‍റെ സുരക്ഷിതത്വം വിട്ട് പുറത്തേക്ക് പോയ ഒരു ചെറുപ്പക്കാരന്‍, അവന്‍ നടന്നു നീങ്ങിയ പ്രദേശങ്ങളിലെ മനുഷ്യരുടെ സന്തോഷങ്ങളില്‍ പങ്കുചേരാതെ കടന്നുപോയ ഒരു മൂരാച്ചിയായി ചിന്തിക്കുന്നതിനപ്പുറമുള്ള ദൈവദോഷം എന്താണ്. 'ആത്മീയ കാര്യസ്ഥന്‍' എന്ന് അവകാശപ്പെടുന്നവരുടെ മുനവച്ചുള്ള ചോദ്യത്തിന് മണവാളന്‍ കൂടെയുള്ളപ്പോള്‍ മണിയറ തോഴര്‍ക്ക് ഉപവസിക്കാനാവുമോ എന്ന് തിരിച്ചു ചോദിച്ച ഒരു ഗുരുവിലെ പച്ചമനുഷ്യനെ എങ്ങനെയാണ് തിരിച്ചറിയാതെ പോകുന്നത്.
ആത്മീയതയില്‍ ഒഴിവാക്കലുകളുടെ ലിസ്റ്റുകള്‍ വച്ച് നീട്ടുന്നവരാണ്, അതില്‍ അഭിമാനം കൊള്ളുന്നവരാണ് പലരും. അവിടെയും നസ്രത്തിലെ ആ തച്ചസ്നേഹിതന്‍ വ്യത്യസ്തനാണ്- അവന്‍ ചുങ്കക്കാരുടെയും, പാപികളുടെയും വേശ്യകളുടെയും സ്നേഹിതന്‍ എന്നാണ് അക്കാലം അവനെ വിശേഷിപ്പിച്ചത്. ഇന്നും ഒരു മനുഷ്യനെ കരിവാരിത്തേക്കാന്‍ ഏറ്റവും നല്ലത് ഈ ഒരു വിമര്‍ശനം തന്നെയാണ്. എന്നിട്ടും അവരെ ഒഴിവാക്കാതെ അവരുടെ ജീവിതങ്ങളില്‍, ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കാരണമായി അവന്‍ മാറിയതും, ആണ്‍ പെണ്‍ഭേദമില്ലാതെ അവന്‍ നൈവേദ്യം പോലെ വെച്ചു നീട്ടിയ സൗഹൃദത്തിന്‍റെ വിരുന്നു മേശയില്‍ അവര്‍ക്കായി കരുതിവെച്ച ഇടത്തിന്‍റെ വലിപ്പം കൊണ്ടാണ്. മെല്ലെ ഒന്ന് കണ്ണടച്ചാല്‍, ഉടച്ചു കളഞ്ഞ സുഗന്ധ കൂട്ടിന്‍റെയും, കണ്ണുനീര്‍ വീണ് പൊള്ളിയതിന്‍റെയും പാടും മണവും നിങ്ങള്‍ക്ക് അവന്‍റെ കാല്‍ച്ചോട്ടില്‍ തിരിച്ചറിയാനാവും.
കാനായിലെ കല്യാണവിരുന്ന് എന്നെ അത്ഭുതപ്പെടുത്തിയത് വീഞ്ഞിന്‍റെ അത്ഭുതം കൊണ്ട് മാത്രമല്ല. യഹൂദ കല്യാണ പരിസരങ്ങള്‍ രാവെളുക്കുന്നതുവരെ നീളുന്ന നൃത്തത്തിന്‍റെയും, പാട്ടിന്‍റെയും ആഘോഷരാവുകളാണ്. അവിടെ കടന്നു ചെന്ന മനുഷ്യന്‍ ഒരു മൂലയില്‍ ആഘോഷങ്ങള്‍ക്ക് പുറം തിരിഞ്ഞിരുന്നു എന്ന് വിശ്വസിക്കാന്‍ എനിക്ക് അല്പം പ്രയാസമുണ്ട്. അങ്ങനെ എണ്ണിയെണ്ണി എടുക്കാന്‍ കഴിയുന്ന ഒട്ടനവധി മാനുഷിക സവിശേഷതകള്‍ ഉള്ള ഈശോയെ സൗകര്യപൂര്‍വ്വം എങ്ങനെ വിസ്മരിക്കാനാവും.
അമ്മ മറിയം
ജോപ്പന്‍
അസ്സീസി മാസിക സെപ്റ്റംബർ 2025






















