top of page

നമ്മുടെ പ്രാർത്ഥനകളിലെ യുക്തിഭംഗങ്ങൾ

Dec 1, 1989

6 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍
Prayer

പ്രിയ ബഹുമാനപ്പെട്ട അച്ചാ,


ഞങ്ങളുടെ രൂപത ഈ വർഷം വിശ്വാസ സ്‌ഥിരീകരണ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ വീടുകളിലും സന്‌ധ്യാ പ്രാർത്ഥനയ്ക്കു ശേഷം വെഞ്ചരിച്ച തിരി കത്തിച്ച്, വിശ്വാസ സ്‌ഥിരീകരണ പ്രാർത്ഥന ചൊല്ലുന്നതിന് പ്രാർത്ഥനാ കാർഡുകൾ വീടുകളിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രാർത്ഥനയിലെ ഒരു വാചകം തെറ്റിദ്ധാരണയ്ക്ക് വക നല്കുന്നു എന്ന് എനിക്കു തോന്നുന്നു.

"അങ്ങയുടെ പ്രതീക്‌ഷയ്ക്ക് ഒത്ത് വിശ്വാസത്തിൻറെ ഫലങ്ങൾ

പുറപ്പെടുവിക്കാതിരുന്നതോർത്ത് ഞങ്ങൾ പശ്ചാത്തപിക്കുന്നു."

ദൈവത്തിന് പ്രതീക്ഷയോ? ദൈവം കാലത്തിന് അതീതനാണ്. ഭൂതം, ഭാവി, അതീത വർത്തമാന കാലങ്ങളുടെ അധിപനാണ് ദൈവം. 40 വർഷക്കാലം മതപഠന ക്ലാസ്സുകളിൽ പഠിപ്പിച്ചത് തെറ്റാകുമോ?

"ദൈവിക ഇഷ്‌ടത്തിന് അനുയോജ്യമായ വിധത്തിൽ ഫലങ്ങൾ

പുറപ്പെടുവിക്കാതിരുന്നതോർത്ത് ഞങ്ങൾ പശ്ചാത്തപിക്കുന്നു "

എന്ന് ആയിരുന്നു എങ്കിൽ നന്നായിരുന്നു എന്നു തോന്നുന്നു. പ്രാർത്ഥനയിൽ യുക്‌തിഭംഗം പാടില്ലല്ലോ. പുത്തൻ തലമുറ വാക്കുകളുടെ അർത്ഥവും വ്യാപ്‌തിയും വളരെ ശ്രദ്‌ധയോടെ നോക്കുന്നവരാണ്. അവർ ഉന്നയിച്ച സംശയമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. സംശയനിവൃത്തിക്കായിട്ടാണ് ഈ കത്ത് എഴുതുന്നത്.


എൻ. എസ്. മാത്യു,

റിട്ട. ടീച്ചർ, കടനാട്



പ്രിയ ബഹുമാനപ്പെട്ട മത്തായിസാർ,


ന്നാമതായി, പ്രാർത്ഥനകളുടെ ഭാഷയെപ്പറ്റി പൊതുവായ ഒരു വിചിന്തനം അവസരോചിതമായിരിക്കുമെന്നു തോന്നുന്നു. അതിൻറെ വെളിച്ചത്തിൽ പരാമൃഷ്ടമായ പ്രാർത്ഥനയിൽ യുക്തിഭംഗമുണ്ടോ എന്നു തീരുമാനിക്കാൻ എളുപ്പമായിരിക്കും. പ്രാർത്ഥനകളുടെ ഭാഷയിൽ അവശ്യം സംഭവിക്കേണ്ടിയിരിക്കുന്ന നവീകരണത്തെപ്പറ്റിയും ഉൾക്കാഴ്ചകൾ ലഭിക്കാൻ അതു സഹായിക്കും.


മനുഷ്യരൂപാരോപണം


നമ്മുടെ ചിന്താഗതികളും പ്രപഞ്ച വീക്ഷണവും മനോഭാവങ്ങളുമെല്ലാം നമ്മുടെ പ്രാർത്ഥകളിൽ പ്രതിഫലിക്കുക സ്വാഭാവികമാണ്. ദൈവത്തെപ്പറ്റിയുള്ള നമ്മുടെ സങ്കല്പങ്ങൾ പലപ്പോഴും മനുഷ്യരെപ്പറ്റിയുള്ള ധാരണകളിൽ നിന്നാണ് ഉരുത്തിരിയുക. വിശിഷ്യ, നമ്മുടെ മാതാപിതാക്കൾ. ഗുരുഭൂതർ അധികാരസ്ഥാനത്തുള്ള മറ്റു വ്യക്തികൾ, പിന്നെ നമുക്കു പ്രിയപ്പെട്ടവരായിട്ടുള്ളവർ എന്നിങ്ങനെ പലരും ദൈവത്തെപ്പറ്റിയുള്ള നമ്മുടെ സങ്കല്പങ്ങളിലും ധാരണകളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ സങ്കല്പങ്ങളും ധാരണകളും നമ്മുടെ പ്രാർത്ഥനകളുടെ ഭാഷയേയും ബാധിക്കുമെന്ന് വ്യക്തമാണല്ലോ. പ്രാചീനകാലം മുതലേ മനുഷ്യർ തങ്ങളുടെ ചിന്തകളും വികാരങ്ങളും മനോഭാവങ്ങളും ദൈവത്തിൽ ആരോപിച്ചിരുന്നു. ദൈവത്തെപ്പറ്റി പറയുമ്പോൾ പഴയനിയമത്തിലും പുതിയനിയമത്തിലും ഈ മാനവരൂപാരോപണം (anthropomorphism) കാണുവാൻ കഴിയും. അത് നമ്മുടെ പ്രാർത്ഥനകളിലും കാണാം. കോപാകുലനാകുകയും ഭയങ്കരമായി ശിക്ഷിക്കുകയും ചെയ്യുന്ന ദൈവത്തെ ബൈബിളിലും നമ്മുടെ പ്രാർത്ഥനകളിലും ചിലപ്പോൾ നാം കണ്ടുമുട്ടുന്നതു ഇക്കാരണത്താലാണ്. അവിടെയെല്ലാം നമ്മുടെ തന്നെ സങ്കല്പങ്ങളും ധാരണകളുമാണ് ദൈവത്തിൽ ആരോപിക്കുക.


ശാസ്ത്രത്തിന്റെ ഭാഷയും പ്രാർത്‌ഥനകളുടെ ഭാഷയും


ശാസത്രജ്ഞൻറയോ നിയമജ്ഞൻറയോ ഭാഷയല്ല ആശയവിനിമയത്തിന് അനുദിനജീവിതത്തിൽ നാം ഉപയോഗിക്കുന്നത്. അനുദിനജീവിതത്തിലെ ഭാഷ ശാസ്ത്രദൃഷ്ട്യാ പലപ്പോഴും തെറ്റാണെന്നു വരാം. ഉദാഹരണമായി, സൂര്യൻ കിഴക്കുദിക്കുന്നു. പടിഞ്ഞാറ് അസ്തമിക്കുന്നു എന്നെല്ലാമാണ് നാം സാധാരണ പറയാറുള്ളത്. ശാസ്ത്രദൃഷ്ട്യാ ഇത് തെറ്റാണെന്നു നമുക്കറിയാം. ശാസ്ത്രീയമോ നിയമപരമോ ആയ ഒരു പ്രസ്താവനയിലെ ഓരോ വാക്കും ശ്രദ്ധാപൂർവ്വം അളന്നും തൂക്കിയുമാണ് നാം തെരഞ്ഞെടുക്കുക. എന്നാൽ, സാധാരണ സംഭാഷണത്തിലെ വാക്കുകൾ അങ്ങനെയല്ലല്ലോ.


പ്രാർത്ഥന നമ്മുടെ പിതാവായ ദൈവവുമായുള്ള ഒരു സ്നേഹസംഭാഷണമാണ്. അതിലെ വാക്കുകൾ യുക്തിയുടെയും ഭാഷാനിയമങ്ങളുടെയും വെളിച്ചത്തിൽ എപ്പോഴും കുറ്റമറ്റവയായിരിക്കയില്ല.


"കവികളുടെ സ്വാതന്ത്യം"


പ്രാത്ഥനയ്ക്കു മനുഷ്യർ എന്നും ഉപയോഗിക്കുന്ന ഭാഷയാണ് പാട്ടും കവിതകളും സംഗീതവുമെല്ലാം. ഭാരതത്തിലെ നമ്മുടെ ഭക്തകവികളുടെ കാവ്യങ്ങൾ ദൈവത്തിങ്കലേക്കു നമ്മെ ഉയർത്തുന്ന ഉദാത്തമായ കലാസൃഷ്ടികളാണ്. "പാടുംപുമാൻ ഇരുമടങ്ങുജപിക്കയത്രേ '' എന്നാണല്ലോ പറയുക. എന്നാൽ, പാട്ടുകളിലും ഗീതങ്ങളിലുമെല്ലാം പ്രാത്ഥിക്കുമ്പോൾ, വാക്കുകൾ പലപ്പോഴും

അതിശയോക്തി കലർന്നതായിത്തീരാറുണ്ട്. "കവികളുടെ സ്വാതന്ത്ര്യം" അവകാശപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുക വിരളമല്ല. ഉദാഹരണമായി,


അമ്മേ മരിയേ പരമദയാമായീ

എന്നാത്മ സംഗീത സാഗരമേ

നീറുമെൻ ജീവിത വീഥികളിൽ

കൃപയുടെ കുളിരുമായ് നീ വിടരൂ.


എന്ന പാട്ട് കാവ്യാത്മകമായ ഒരു മരിയൻ ഗീതമാണ്. സാധാരണ ഗദ്യത്തിലുള്ള ഒരു പ്രാർത്ഥനയാണെങ്കിൽ, "പരമദയാമയ'' എന്ന വാക്കു മാതാവിനെ സംബോധന ചെയ്യാൻ ഉപയോഗിക്കുന്നത് ദൈവശാസ്ത്രപരമായി തെറ്റായിരിക്കും. "പരമദയ'' ദൈവത്തിനു മാത്രമുള്ളതാണല്ലോ. "കൃപയുടെ കുളിരുമായ് നീ വിടരൂ'' എന്നു പറയുമ്പോഴും ദൈവത്തിന്റേതായ കൃപ ഒരു വിധത്തിൽ മറിയത്തിൽ ആരോപിക്കയാണ്. അതും ദൈവശാസ്ത്രപരമായി അത്ര ശരിയല്ലല്ലോ.


പ്രാർത്ഥനയുടെ ഭാഷ സ്നേഹത്തിൻ്റെ ഭാഷ


പ്രാർത്ഥനയുടെ ഭാഷ സ്‌നേഹത്തിൻ്റെ ഭാഷയാണ്. അതിനാൽ, പ്രാർത്ഥനകളിലേക്ക് ആവേശവും അത്യുൽസാഹവുമെല്ലാം പലപ്പോഴും കടന്നു വരാറുണ്ട്. അതു വീണ്ടും അതിശയോക്‌തികൾക്കും ശാസ്ത്രീയമായ വീക്ഷണത്തിൽ യുക്‌തിഭംഗങ്ങൾക്കും ഇടയാക്കിയേക്കാം. വി. പുസ്തകത്തിൽത്തന്നെ, വിശിഷ്യ സങ്കീർത്തനങ്ങളിലും മറ്റു ഗീതങ്ങളിലും നാമിതു കാണുന്നുണ്ട്. ഇതിനു നല്ല ഒരു ഉദാഹരണമാണ് വി. പുസ്ത‌‌കത്തെ ആധാരമാക്കിയുള്ള "അവനീപതിയാമഖിലേശ്വരനെ..." എന്നു തുടങ്ങുന്ന പാട്ട്. ഇവിടെ വിശേഷബുദ്ധിയില്ലാത്ത ജീവജാലങ്ങളോടും നിർജ്ജീവമായ വസ്തുക്കളോടുമെല്ലാം കർത്താവിനെ സ്തുതിക്കാൻ പറയുന്നത്, അത്യുത്സാഹത്തിൻ്റെ ഭാഷയാണ്. ദൈവത്തോടുള്ള ഉൽക്കടമായ സ്നേഹമാണ് ഈ വാക്കുകളിലൂടെ പ്രകടമാകുന്നത്. യുക്തി അനുസരിച്ചു നോക്കുമ്പോൾ വിശേഷബുദ്ധിയില്ലാത്ത സൃഷ്ടിജാലങ്ങളോട് ദൈവത്തെ സ്തുതിക്കാൻ ആഹ്വാനം ചെയ്യുന്നത് അർത്ഥശൂന്യമാണെങ്കിലും, ഹൃദയത്തെ ഭക്തിയുടെയും സ്നേഹത്തിൻറെയും അലകളിൽ അലിയിക്കുന്ന ഒരു പ്രാർത്ഥനയാണിത്.


അഭിലാഷപ്രകടനങ്ങളും ആദർശവൽക്കരണങ്ങളും


ചില പ്രാർത്ഥനകൾ നമ്മുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളുമൊക്കെ ദൈവത്തെ

അറിയിക്കാനുദ്ദേശിച്ചുള്ളതാകാം. എന്നാൽ, പ്രാർത്ഥനയുടെ അഥവാ യാചനയുടെ രൂപത്തിൽ പറയുന്നതിനുപകരം, വിധിവാക്യങ്ങളിലായിരിക്കാം (as statements) നാം അവ ദൈവത്തോട് പറയുക. ധാരാളം ആദർശവൽക്കരണങ്ങളും പ്രാർത്ഥനകളുടെ ഭാഷയിൽ പലപ്പോഴും കടന്ന് വരാറുണ്ട്. ഇതു രണ്ടിനും നല്ല ഒരു ഉദാഹരണമാണ് പുതിയ കുർബാനയിൽ നാം ചൊല്ലുന്ന ഒരു പ്രാർത്ഥ‌ന: "സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നിൽക്കുന്ന സഭയിൽ നിരന്തരം അങ്ങയെ സ്തുതിക്കുവാനും മഹത്ത്വപ്പെടുത്തുവാനും ഞങ്ങൾ യോഗ്യരാകട്ടെ ".


റീത്തുവഴക്കുകളും തെക്കുവടക്കൻ മത്സരവുമെല്ലാം കൊടികുത്തി വാഴുകയും ക്രിസ്തീയാരൂപി പയ്യെപ്പയ്യെ ചോർന്നു പൊയ്ക്കൊണ്ടിരിക്കയും ചെയ്യുന്ന ഒരു സഭയെ, "സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നില്ക്കുന്ന സഭ" യെന്നു വിശേഷിപ്പിക്കുമ്പോൾ, അത് അതിരുകടന്ന ആദർശവൽക്കരണമായോ തീവ്രമായ ഒരു അഭിലാഷമായോ കണക്കാക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, ഇങ്ങനെയുള്ള ആദർശവൽക്കരണങ്ങളും അഭിലാഷ പ്രകടനങ്ങളും ഇന്നത്തെ തലമുറയ്ക്ക് എത്രമാത്രം സ്വീകാര്യമായിരിക്കുമെന്നത് മറ്റൊരു പ്രശ്നം.

പ്രതീകങ്ങളും രൂപകങ്ങളും


പ്രാർത്ഥനകളിൽ പ്രതീകങ്ങളും രൂപകങ്ങളുമെല്ലാം ധാരാളമായി കടന്ന് കൂടാറുണ്ട്. ആദ്യമൊക്കെ ഇവയെ അങ്ങനെ തന്നെയാണ് വിശ്വാസികൾ മനസ്സിലാക്കുന്നതും. എന്നാൽ, കാലക്രമത്തിൽ ഇവ വെറും പ്രതീകങ്ങളും രൂപകങ്ങളും ആണെന്ന വസ്തുത പലരും മറന്നു പോകുകയും അക്ഷരാർത്ഥത്തിൽ അവയെ മനസ്സിലാക്കുകയും ചെയ്യാറുണ്ട്. അവിടെ നാം ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണ്. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും എടുത്ത് കാണിക്കാൻ കഴിയും.


കർത്താവേ നിൻ കരിശിനെ ഞാൻ

ആരാധിച്ചു വണങ്ങുന്നു.

അതുതാൻ ഞങ്ങൾക്കുത്ഥാനം

രക്ഷയുമുയിരും നൽകുന്നു.

(മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമങ്ങളിൽ നിന്ന്)


ഉത്ഥാനവും രക്ഷയും ഉയിരും നൽകുന്നത് യഥാർത്ഥത്തിൽ കുരിശല്ല, കുരിശിൽ മരിക്കേണ്ടി വന്നപ്പോൾ പോലും പിതാവിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് മനുഷ്യരുടെ സമഗ്ര രക്ഷയ്ക്കുവേണ്ടി നിലകൊണ്ട യേശുനാഥൻറെ ആത്മസമർപ്പണവും, അനുസരണവും, സ്നേഹവും, അതിലുള്ള നമ്മുടെ പങ്കുചേരലുമാണ്. അതിന്റെ പ്രതീകം മാത്രമാണു കുരിശ് എന്ന വസ്തുത നാം വിസ്‌മരിച്ചു കൂടാ. വീണ്ടും റാസയ്ക്കുള്ള ഗാനങ്ങളിൽ,


സ്ളീവാ നമ്മൾക്കെന്നും

നന്മകൾ തന്നുറവിടമാം ,

രക്ഷിതമായതുവഴിയായ്

മർത്യഗണം, കർത്താവേ,

കുരിശിതു ഞങ്ങൾക്കെന്നും

ശക്തിയെഴും കോട്ടയുമാം


എന്നു പാടുമ്പോഴും കരിശിനെ ഒരു പ്രതീകമായിട്ടാണു മനസ്സിലാക്കേണ്ടത്, പദാർത്ഥപരമായ ഒരു വസ്തുവായിട്ടല്ല. അതുപോലെതന്നെ, "മിശിഹായുടെ തിരുരക്തമേ, എന്നെ കഴുകണമേ " എന്ന് നാം പ്രാർത്ഥിക്കുമ്പോൾ, രക്തം ചിന്തി മരിച്ച നാഥന്റെ സ്നേഹത്തെയും ആ സ്നേഹത്തിലുള്ള നമ്മുടെ പങ്കുചേരലിനെയും ഓർത്ത് നമ്മുടെ പാപങ്ങൾ ക്ഷമിക്കണമെന്നാണ് നാം പ്രാർത്ഥിക്കുന്നത്. വെറും പദാർത്ഥപരമായ രക്തത്തിനോ കരിശിനോ ഒന്നും നമ്മുടെ പാപങ്ങൾ പൊറുക്കാൻ കഴിയുകയില്ല. പദാത്ഥപരമായ ഒരു യാഥാർത്ഥ്യവും വിശുദ്ധീകരിക്കുകയില്ല. കൂദാശകളുടെ കാര്യത്തിൽ പോലും ഇത് വാസ്തവമാണ്. ദൈവവും സഹോദരങ്ങളുമായി വ്യക്തി ബന്ധം സ്ഥാപിക്കുന്നതിനും വളർത്തുന്നതിനും സഹായിക്കുമ്പോൾ മാത്രമാണ് പദാർത്ഥപരമായ യാഥാർത്ഥ്യങ്ങൾക്കു ക്രൈസ്തവ വിശുദ്ധീകരണ പ്രക്രിയയിൽ പ്രസക്‌തിയുണ്ടാകുക.


പാരമ്പര്യഭ്രമം പ്രാർത്ഥനകളിൽ


പാരമ്പര്യത്തോടുള്ള അന്ധമായ സ്നേഹമാണ് പ്രാർത്ഥനകളുടെ ഭാഷയെ സ്വാധീനിക്കുന്ന മറെറാരു ഘടകം. നമ്മുടെ പുതിയ കുർബാനക്രമത്തിൽ ഇതിന് ധാരാളം ഉദാഹരണങ്ങൾ കാണുവാൻ കഴിയും. മുഖ്യമായ ഒരുദാഹരണം മാത്രമെടുക്കാം. അപ്പവും വീഞ്ഞും അൾത്താരയിൽ കൊണ്ടുവന്നു സ്ഥാപിക്കുമ്പോൾ ഗായകസംഘം പാടുന്ന പാട്ടാണ് :


മിശിഹാകർത്താവിൻ

തിരുമെയ് നിണവുമിതാ

പാവനബലിപീഠമേ...


പാടാതെ ഗായകസംഘവും കാർമികനും ഉച്ചരിക്കുന്ന പ്രാർത്ഥനകളിലും ഇതേ ആശയം തന്നെ ആവർത്തിക്കപ്പെടുന്നുണ്ട്. വിശുദ്ധ കുർബാനയാചരണത്തിനായി അൾത്താരയിലേയ്ക്കു കൊണ്ടു വരുന്ന അപ്പത്തേയും വീഞ്ഞിനേയും മിശിഹായുടെ ശരീരരക്തങ്ങൾ എന്നു വിശേഷിപ്പിക്കുന്നതിൽ യുക്തിഭംഗമുണ്ടോ? ചിന്തിക്കേണ്ട കാര്യമാണ്. 428-ൽ മരിച്ച മൊപ്സുവേസ്തിയായിലെ തെയോദോർ തുടങ്ങിവെച്ച്, ഗബ്രിയേൽ ഖത്രായ, കോൺസ്റ്റാൻറിനോപ്പിളിലെ പാത്രിയാർക്കീസായിരുന്ന ജെർമാനൂസ് തുടങ്ങിയവർ വികസിപ്പിച്ചെടുത്ത വി. കുർബാനയുടെ അന്യാപദേശ വ്യാഖ്യാനം (allegorical interpretation) അനുസരിച്ച്, അൾത്താരയിലേയ്ക്കു കൊണ്ടുവരുന്ന അപ്പം മിശിഹായുടെ മൃതശരീരത്തിൻറെ പ്രതീകമാണ്. പ്രതീകമെന്ന് അവർ പറഞ്ഞത് യാഥാർത്ഥ്യമെന്നു തെറ്റിദ്ധരിച്ച്, അൾത്താരയിൽ വെക്കപ്പെട്ട അപ്പം മിശിഹായുടെ മൃതശരീരമാണെന്ന് ചിലർ പ്രസംഗിക്കയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. ഈ അന്യാപദേശ വ്യാഖ്യാനമാകാം, മേൽപ്പറഞ്ഞ പാട്ടിനും പ്രാർത്ഥനകൾക്കും ഒരളവുവരെ എങ്കിലും പ്രചോദനമായിത്തീർന്നത്.


എന്നാൽ, മുഖ്യമായ കാരണം, കൽദായ സഭാംഗവും പൗരസ്ത്യ സുറിയാനി ആരാധനാക്രമ പണ്ഡിതരിൽ അഗ്രഗണ്യനായ Sarhard Y. Hermiz Jammo, La Structure de la messe chaldéenne du début jusqu'à l'anaphore: étude historique, Rome 1979, (കൽദായ കുർബാനയുടെ ആരംഭം മുതൽ അനാഫൊറ വരെയുള്ള ഘടന, ഒരു ചരിത്രപഠനം) എന്ന ഗഹനവും ആധികാരികവുമായ ഗവേഷണ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. മറ്റു പല പൗരസ്ത്യ സഭകളിലുമെന്നപോലെ പൗരസ്ത്യ സുറിയാനി സഭയിലും ഞായറാഴ്ചകളിലും ചില വിശേഷ ദിവസങ്ങളിലും മാത്രമേ വി.കുർബാന ആചരിച്ചിരുന്നുള്ളു. എന്നാൽ, ചില പ്രത്യേക ദിവസങ്ങളിൽ വി. കുർബാന ആചരണമില്ലെങ്കിലും വിശ്വാസികൾ വി. കുർബാനയാചരിച്ചിരുന്നു.


ദുഃഖവെള്ളിയാഴ്‌ച ദിവസം നാം ഇപ്പോൾ ചെയ്യാറുള്ളതുപോലെ, തലേ പ്രാവശ്യം വി. കുർബാനയാചരിച്ചപ്പോൾ കൂദാശ ചെയ്യപ്പെട്ട അപ്പം ഇതിനുവേണ്ടി ചുവരിലെ ഒരു കുഴിയിൽ (niche-gezza, bet-gazza) സൂക്ഷിച്ചു വെക്കുക പതിവായിരുന്നു. വി. കുർബാന സ്വീകരണ കർമ്മത്തിന്റെ ആരംഭത്തിൽ കൂദാശ ചെയ്യപ്പെട്ട ഈ അപ്പം ബത്ഗാസ്സായിൽ നിന്ന് അൾത്താരയിലേക്കു കൊണ്ട് വന്നപ്പോൾ ഗായകസംഘം ആലപിച്ചിരുന്നതാണ് "മിശിഹാകർത്താവിൻ തിരുമെയ് നിണവുമിതാ പാവന ബലിപീഠേ" എന്നു തുടങ്ങുന്ന പാട്ട് (op. cit. pp. 174-75; cfr. also p. 61, footnote 4). ഇന്നു വെറും അപ്പവും വീഞ്ഞും അൾത്താരയിലേക്കു കൊണ്ടുവരുമ്പോൾ പാടുവാനായി ഈ പാട്ടും പുനരുദ്ധരിക്കപ്പെട്ടിരിക്കയാണ്. പാരമ്പര്യത്തിൻറെ പേരിൽ ഇതിൽ യുക്തിഭംഗമുണ്ടോ ? നാം ചിന്തിക്കേണ്ട കാതലായ ഒരു പ്രശ്നമാണത്.


വി കുർബാനയുടെ വിലയിടിക്കൽ


മരിച്ചവരുടെ കുർബാനയിലും ഒപ്പിസിലും നാം പാടുകയും ചൊല്ലുകയും ചെയ്യുന്ന ചില പ്രാർത്ഥനകളുടെ ഭാഷയെപ്പറ്റിയും ഒരു വാക്കു പറയേണ്ടിയിരിക്കുന്നു. "നിഷ്കളങ്കനായ ആബേലിൻെറ ആദ്യബലിപോലെയും നീതിമാനും നിർമലനുമായ നോഹിൻറെയും കർത്താവിൽ വിശ്വാസമപ്പിച്ച അബ്രാഹത്തിൻറെയും കഷ്ടതകൾ സഹിച്ച ജോബിൻറെയും സത്യപ്രവാചകനായ ഏലിയായുടെയും....... ബലികൾ പോലെയും വിധവയുടെ കൊച്ചുകാശുപോലെയും അങ്ങയുടെ ദാസനുവേണ്ടിയുള്ള ഈ ബലി കർത്താവേ, കനിവോടെ സ്വീകരിക്കണമേ" എന്ന പ്രാർത്ഥന വി. കുർബാനയെ അങ്ങേയറ്റം വിലയിടിച്ചു കാണിക്കയല്ലേ? ആബേലിൻറെയും നോഹിന്റെയും അബ്രാഹത്തിൻറെയുമെല്ലാം ബലികൾ അനുഷ്‌ഠാനനിഷ്ഠമായ ബലികൾ (cultic sacrifices) ആയിരുന്നു; മനുഷ്യർ ദൈവത്തിന് അർപ്പിച്ച കാഴ്‌ചകളായിരുന്നു; പുതിയ നിയമത്തിലെ ബലിയുടെ വെറും നിഴലും സാദൃശവുമായിരുന്നു (ഹെബ്രായക്കാർക്കുള്ള ലേഖനം 9-ാം അധ്യായവും 10-ാം അദ്ധ്യായവും കാണുക).


വി. കുർബാനയിൽ നാം ആചരിക്കുന്ന ബലിയാകട്ടെ, പിതാവിനുള്ള യേശുനാഥൻ്റെ സമ്പൂർണമായ ആത്മസമർപ്പണത്തിന്റെയും, മനുഷ്യർക്കുവേണ്ടിയുള്ള നിശ്ശേഷമായ സ്വയം ദാനത്തിൻറെയും പുനരവതരണമാണ്. അതിനാൽ, മുൻപറഞ്ഞ ബലികളെക്കാളെല്ലാം അചിന്ത്യമാം വിധം ഉദാത്തമായ ഒരു ബലിയല്ലേ വി. കുർബാനയിൽ നാം ആചരിക്കുക? വി. കർബാനയെ ഇന്നും പലരും അനുഷ്ഠാനനിഷ്ഠമായ ഒരു ബലിയായി കാണുന്നതുകൊണ്ടല്ലേ ഈ പ്രാർഥനയിലെ യുക്തിഭംഗത്തെപ്പറ്റി ഗൗനിക്കാത്തത്? ഹെബ്രായക്കാർക്കുള്ള ലേഖനമനുസരിച്ച്, അനുഷ്‌ഠാനനിഷ്ഠമായ ബലികൾക്കെല്ലാം അന്ത്യം കുറിക്കപ്പെട്ടുവെന്ന വസ്തുതയും ഇവിടെ വിസ്മൃതമായി പോകുന്നില്ലേ?


ദൈവത്തിനു പ്രതീക്ഷയോ?


പ്രാർത്ഥനകളുടെ ഭാഷയെപ്പറ്റിയുള്ള പൊതുവായ ഈ വിചിന്തനത്തിൽ നിന്ന്, എഴുത്തിൽ എടുത്തു പറഞ്ഞിട്ടുള്ള പ്രാർത്ഥനയിൽ യുക്തിഭംഗമുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം വ്യക്‌തമായിരിക്കുമെന്നു കരുതുന്നു. പഴയനിയമത്തിലും പുതിയനിയമത്തിലും മനുഷ്യരുടേതായ ചിന്താരീതികളും മനോഭാവങ്ങളുമൊക്കെ ചിലപ്പോൾ ദൈവത്തിൽ ആരോപിക്കാറുണ്ടെന്നു പറഞ്ഞു. ദൈവശാസ്ത്രപരമായി നോക്കുമ്പോൾ അതത്ര ശരിയായിരിക്കയില്ല. എന്നാൽ, ബൈബിളിലെന്നപോലെതന്നെ പ്രാർത്ഥനകളിലും മററും പതിവുള്ള മാനവരൂപാരോപണം (anthropomorphism) ആയി അതിനെ പരിഗണിച്ചാൽ മതി. ദൈവത്തിന്റെ ''പ്രതീക്ഷയ്ക്കൊത്ത് വിശ്വാസത്തിൻ്റെ ഫലങ്ങൾ പുറപ്പെടുവിക്കാതിരുന്നതോർത്ത് ഞങ്ങൾ പശ്ചാത്തപിക്കുന്നു ", എന്ന് പ്രാർത്ഥിക്കുന്നത് ശാസ്ത്രീയമായി നോക്കിയാൽ ശരിയല്ല. ഭൂതവർത്തമാന ഭാവി കാലങ്ങളുടെയെല്ലാം നാഥനായ ദൈവത്തിന് ഭാവിയിൽ എന്തു സംഭവിക്കുമെന്ന് അറിയാവുന്നതിനാൽ, നിയതമായ അർത്ഥത്തിൽ പ്രതീക്ഷ വെച്ചു പുലർത്തുവാൻ സാധ്യമല്ല. എന്നാൽ, ശാസ്ത്രീയമായ രീതിയിൽ മനസ്സിലാക്കാൻ വേണ്ടി ചിന്തിച്ചെഴുതിയ ഒരു പ്രാർത്ഥനയല്ല ഇത്. അതിനാൽ ശാസ്ത്രീയമായി അപഗ്രഥിച്ച് ഇതിൽ യുക്തിഭംഗം ആരോപിക്കുന്നത് അത്ര ശരിയല്ല.


തിരുത്തലും നവീകരണവും


അതൊരു വശം. മറുവശത്ത് ചില പരിഗണനകളും കണക്കിലെടുക്കേണ്ടതുണ്ട്. ഇന്നു മനുഷ്യർ യുക്തിക്കും ബുദ്ധിക്കും കൂടുതൽ പ്രാധാന്യം കൊടുക്കാറുണ്ട്. യുക്തിക്കു വിരുദ്ധമായി കാണുന്നതിനെയെല്ലാം തിരസ്കരിക്കുന്ന പ്രവണതയാണ് പൊതുവേ ഇന്നു നാം ദർശിക്കുക. എഴുത്തിൽ എടുത്തു പറഞ്ഞിരിക്കുന്നതുപോലെ ''പുത്തൻ തലമുറ വാക്കുകളുടെ അർത്ഥവും വ്യാപ്തിയും വളരെ ശ്രദ്ധയോടെ നോക്കുന്നവരാണ്." അതുകൊണ്ടാണല്ലോ അവർ തന്നെ ഈ സംശയം ഉന്നയിച്ചതും. അതിനാൽ, പുത്തൻ തലമുറയുടെ അഭിരുചിക്കനുസൃതമായി പ്രാർത്ഥനകളുടെ ഭാഷയ്ക്കും തീർച്ചയായും മാറ്റം വരുത്തേണ്ടിയിരിക്കുന്നു.


പ്രാർത്ഥനകളുടെ ഭാഷയെപ്പറ്റി പറയുമ്പോൾ ഏറ്റവും പ്രധാനമായ സംഗതി സമകാലിക മനുഷ്യർ ഈ ഭാഷയും അതിലെ വാക്കുകളും എങ്ങനെ മനസ്സിലാക്കുന്നുവെന്നതാണ്. ഭാഷ വളർന്നു കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. പണ്ട് മനുഷ്യർ ഒരു വാക്കിനു കൊടുത്തിരുന്ന അർത്ഥമായിരിക്കയില്ല ചിലപ്പോൾ ഇന്ന് അവർ അതിനു കൊടുക്കുന്നത്. ഇന്നത്തെ അർത്ഥമായിരിക്കയില്ല ചിലപ്പോൾ നാളെ അതിനു ലഭിക്കാൻ പോകുന്നത്. അർത്ഥം മാറിയ വാക്കുകൾ പ്രാർത്ഥനകളിൽനിന്നും തീർച്ചയായും അപ്രത്യക്ഷമാകണം. അതുകൊണ്ടാണ് പ്രാർത്ഥനകളുടെ ഭാഷയ്ക്കു നവീകരണം വേണമെന്നു പറയുന്നത്.


എന്നാൽ, ദൈവശാസ്ത്രപരമായി എവിടെ പ്രാർത്ഥനകളുടെ ഭാഷ ക്രൈസ്തവ വിശ്വാസപരമായ അബദ്ധങ്ങൾക്കും തെററിദ്ധാരണകൾക്കും കാരണമായിത്തീരുന്നോ, അവിടെ യാതൊരു വിട്ടുവീഴ്ചയും കൂടാതെ ഈ ഭാഷയെ തിരുത്തുകയും നവീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. പഴമയോടും പാരമ്പര്യത്തോടുമുള്ള പ്രതിപത്തി വഴിമാറുക തന്നെ വേണം.

വിശ്വാസപരമായി ഗൗരവമേറിയ തെറ്റിദ്ധാരണകൾക്കും സംശയങ്ങൾക്കും ഇടയാക്കുന്ന പ്രാർത്ഥനയാണ്, അപ്പവും വീഞ്ഞും അൾത്താരയിലേക്കു കൊണ്ട് വരുമ്പോൾ പാടുന്ന "മിശിഹാ കർത്താവിൻ തിരുമെയ് നിണവുമിതാ പാവന ബലിപീഠേ...." അഞ്ചു വർഷം കഴിഞ്ഞ് കുർബാനയുടെ ടെക്സ്റ്റ് നവീകരിക്കുമ്പോൾ ഈ പാട്ട് പാടേ അപ്രത്യക്ഷമാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം. അതിനുവേണ്ടി പ്രാർത്ഥിക്കാം.


പ്രാർത്ഥന ദൈവത്തോടാണെന്നതു ശരി തന്നെ. എന്നാൽ, മനുഷ്യർ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ, വിശിഷ്യ സഭയുടെ ഔദ്യോഗിക പ്രാർത്ഥനകളിൽ അവർ പങ്കു ചേരുമ്പോൾ, ഈ പ്രാർത്ഥനകളുടെ ഭാഷയും വാക്കുകളുമൊക്കെ മനുഷ്യരെ എങ്ങനെ സ്പർശിക്കുന്നുവെന്നത് ഒട്ടും അപ്രധാനമല്ലാത്ത ഒരു കാര്യമാണ്. അതിനാൽ, സഭയിൽ നിരന്തരമായ നവീകരണമുണ്ടാകണമെന്നു പറയുന്നതുപോലെതന്നെ, പ്രാർത്ഥനകളുടെ ഭാഷയിലും നിരന്തരമായ നവീകരണം ആവശ്യമത്രെ.


നമ്മുടെ പ്രാർത്ഥനകളിലെ യുക്തിഭംഗങ്ങൾ

ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ

അസ്സീസി മാസിക, 1989 ഡിസംബർ


Dec 1, 1989

1

149

Recent Posts

bottom of page