വേരുകളിലെ വെളിച്ചം


യൗവനത്തിൽ തന്നെ കനൽവഴികളിലൂടെ നടന്ന ഒരു സ്ത്രീ, ജീവിതം മുഴുവൻ ഒറ്റക്ക് നേരിട്ട് എൺപത് വയസ്സ് തികയ്ക്കുന്നതിനെ കൊച്ചുമകൾ കൃതജ്ഞതയോടെ ഓർത്തെടുക്കുന്നു...
ഋതുക്കളുടെ ഘടികാരങ്ങള്‍ക്കുമപ്പുറം,
ഒരു ശാന്തമായ തണല്‍ മരം
അവിടെ കാവല്‍ നില്‍ക്കുന്നു.
ചില ചോദ്യങ്ങള്‍ക്ക് ഉത്തരം വാക്കുകളല്ലെന്നും,
അത് കാലത്തിന്‍റെ മൗനമാണെന്നും
ആ ആഴമുള്ള മിഴികളിലെ നിശ്ചലത പഠിപ്പിച്ചു.
എണ്‍പത് സംവത്സരങ്ങളുടെ ഇലപൊഴിച്ചിലുകള്‍
ആ നെറ്റിത്തടത്തില്‍ നിഴല്‍ച്ചിത്രമായി മാഞ്ഞതല്ല,
അവ ജന്മാന്തരങ്ങളുടെ കനല്‍വഴികളില്‍ പെയ്തിറങ്ങിയ
ചേതനയുടെ ഹിമബിന്ദുക്കളാണ്.
വഴിയറിയാതെ ജീര്‍ണ്ണിച്ച രാവുകളിലൊക്കെയും
വഴികാട്ടിയത് സ്വന്തം നെഞ്ചിലെ കനല്‍വെളിച്ചമാണ്.
ലാഭനഷ്ടങ്ങള്‍ എണ്ണാതെ,
കാലത്തിന്‍റെ അദൃശ്യ കരങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്ത,
പച്ചപ്പൊത്തുകളിലെ ഒരു പ്രാര്‍ത്ഥന പോലെയാണത്.
അകമേ പ്രപഞ്ചത്തിന്‍റെ പെരുമഴ ഇരമ്പിയപ്പോഴും
ആത്മാവിന്നുമ്മറത്ത് ഒരു സ്നേഹച്ചിരാതിന്‍റെ
നിത്യവെളിച്ചം ഉണ്ടായിരുന്നു.
കാലത്തിന്‍റെ മഹാപ്രവാഹത്തില്‍ ബാഹ്യപ്രപഞ്ചത്തിന്‍റെ
മണ്‍കൂനകള്‍ ഒലിച്ചുപോയപ്പോഴും,
ആ നട്ടെല്ല് ഒരു സാമ്രാജ്യം തന്നെ പണിതു.
നരച്ച മുടിയിഴകളില്‍ ഒളിപ്പിച്ചു വെച്ചതത്രയും
സങ്കടങ്ങളുടെ കനലുകളല്ല,
ജീവിതം എന്ന ഇതിഹാസത്തോട് പൊരുതി ജയിച്ച
ഒരു താപസിയുടെ വെള്ളിനൂല്‍ കിരീടങ്ങളാണ്.
ഇലകള്‍ പൊഴിയാം, ഋതുക്കള്‍ മാറാം,
ജന്മങ്ങള്‍ ജനിച്ചു മരിക്കാം
ആ മാതൃത്വത്തിന്‍റെ അനന്ത ശാന്തതയ്ക്ക് മാറ്റമില്ല.
ആകാശങ്ങള്‍ക്കപ്പുറം വേരുകളുള്ള ആ ജന്മം,
ഈ വംശാവലിയുടെ തീരത്ത് കാലം കുറിച്ചുവെച്ച
ഒരു നിത്യവിശുദ്ധമായ പ്രാര്‍ത്ഥന മാത്രമാകുന്നു.
കവിത- വേരുകളിലെ വെളിച്ചം
ട്രീസ മേരി സുനു
അസ്സീസി മാസിക ജൂൺ 2026

















































































































