

അങ്ങനെ അപ്പസ്തോല പ്രമുഖനായ പത്രോസിന്‍റെ 266-ാം പിന്‍ഗാമിയായി ലെയോ XIV അവരോധിതനായിരിക്കുന്നു. പാപ്പായായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഈശോസഭാംഗമായിരുന്നു ഫ്രാന്‍സിസ് പാപ്പാ എങ്കില്‍, പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ അഗസ്റ്റീനിയന്‍ സഭാംഗമാണ് (OSA) ലെയോ XIV പാപ്പാ. ഫ്രാന്‍സിസ്കന്‍, ഡോമിനിക്കന്‍, കര്‍മ്മലീത്ത ഭിക്ഷാടക സന്ന്യാസ സമൂഹങ്ങള്‍ രൂപം കൊണ്ടതിന് തൊട്ടുപിന്നാലെ 1244-ല്‍ രൂപംകൊണ്ട ഒരു ഭിക്ഷാടക സന്ന്യാസ സമൂഹം തന്നെയാണ് ലെയോ പാപ്പാ അംഗമായ അഗസ്റ്റീനിയന്‍ സഭയും.
ഇറ്റലിക്കും ഫ്രാന്‍സിനും വെളിയില്‍നിന്ന് ഏറെപ്പേരൊന്നും പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ, പോളണ്ടില്‍ നിന്നു വന്ന ജോണ്‍പോള്‍ II-നും ജര്‍മ്മനിയില്‍ നിന്നു വന്ന ബെനഡിക്ട് XVI -നും അര്‍ജന്‍റീനയില്‍ നിന്നെത്തിയ ഫ്രാന്‍സിസിനും പിന്നാലെ, തുടര്‍ച്ചയായി നാലാമതൊരാള്‍ കൂടി ഇറ്റലിക്കും ഫ്രാന്‍സിനും വെളിയില്‍ നിന്ന് പാപ്പായായിരിക്കുകയാണ് - അമേരിക്കയുടെയും പെറുവിന്‍റെയും ഇരട്ട പൗരത്വമുള്ള കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രേവോസ്റ്റ് ഇപ്പോഴിതാ ലെയോ XIV എന്ന പേര് സ്വീകരിച്ചുകൊണ്ട് വത്തിക്കാന്‍ സ്റ്റേറ്റ് എന്ന ചെറു രാഷ്ട്രത്തിന്‍റെ പ്രഥമ പൗരന്‍ കൂടി ആയിരിക്കുന്നു. പൂര്‍വ്വയൂറോപ്പിനും പശ്ചിമയൂറോപ്പിനും തെക്കേ അമേരിക്കക്കും ശേഷം ഇതാ വടക്കേ അമേരിക്കക്കു മുകളിലും പേപ്പല്‍ ഭൂപടം വ്യാപിച്ചിരിക്കുന്നു.
ലൂയിസ് മാരിയസ് പ്രേവോസ്റ്റ് - മില്‍ഡ്രഡ് ആഗ്നസ് ദമ്പതികളുടെ മൂന്ന് ആണ്‍മക്കളില്‍ ഇളയവനായി വിശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍ ദിനത്തില്‍ 1955 സെപ്റ്റംബര്‍ 14 ന് ആയിരുന്നു റോബര്‍ട്ടിന്‍റെ ജനനം. തങ്ങളുടേതുപോലെ രണ്ട് വിശുദ്ധരുടെ പേരുകള്‍ ചേര്‍ത്താണ് ആ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ മൂന്നുപേരെയും നാമകരണം ചെയ്തത്. അങ്ങനെ, മൂത്തയാള്‍ക്ക് ലൂയിസ് മാര്‍ട്ടിന്‍ എന്നും രണ്ടാമന് ജോണ്‍ ജോസഫ് എന്നും മൂന്നാമന് റോബര്‍ട്ട് ഫ്രാന്‍സിസ് എന്നും പേരുവീണു. റോബര്‍ട്ടിന്‍റെ മാതാപിതാക്കള്‍ രണ്ടു പേരും ചിക്കാഗോ നഗരത്തിന്‍റെ തെക്കുഭാഗത്ത് ജനിച്ചു വളര്‍ന്നവരായിരുന്നു. അമേരിക്കയില്‍, ചിക്കാഗോ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മനുഷ്യരുടെ മനസ്സിലേക്ക് വരുന്ന കാര്യം രാഷ്ട്രീയമായി ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ള നഗരം എന്നതാണ്. ചിക്കാഗോയുടെ തെക്കന്‍ ഭാഗം എന്നു കേള്‍ക്കുമ്പോഴേ അമേരിക്കന്‍ മനസ്സിലേക്ക് വരുന്നത്, സിംഹഭാഗവും കറുത്തവരും പിന്നെ ലാറ്റീനോസും ജീവിക്കുന്ന, പ്രായേണ ദരിദ്രമായ, വര്‍ദ്ധിച്ച തോതില്‍ കുറ്റകൃത്യങ്ങളുള്ള പ്രദേശം എന്നതാണ്. റോബര്‍ട്ടിന്‍റെ പിതാവ് ഇറ്റാലിയന്‍-ഫ്രഞ്ച് മാതാപിതാക്കളില്‍ നിന്ന് ജനിച്ചയാളാണ്. അദ്ദേഹത്തിന്‍റെ അമ്മയുടെ അമ്മയാകട്ടെ, ഹിസ്പാനിക് വംശജനായ പിതാവില്‍ നിന്നും കറുത്ത വംശജയായ മാതാവില്‍ നിന്നും ജനിച്ചയാളാണ് (മുളാട്ടോ). അതായത്, അമ്മ വഴിക്ക് റോബര്‍ട്ടിന്‍റെ വല്യമ്മൂമ്മ ഒരു കറുത്തവര്‍ഗ്ഗക്കാരിയായിരുന്നു. അവരാകട്ടെ, ലൂയിസിയാനയിലെ ന്യൂ ഓര്‍ളീന്‍സില്‍ നിന്ന് വന്ന് ചിക്കാഗോയുടെ തെക്കന്‍ ഭാഗത്ത് താമസമാക്കിയവരും.
ഏബ്രഹാം ലിങ്കന്‍ പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അടിമത്തം നിരോധിക്കപ്പെടും എന്നറിഞ്ഞ്, അമേരിക്കന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്നതായി പ്രഖ്യാപിച്ച 11 തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് ലൂയിസിയാന. അടിമ വ്യവസ്ഥ നിലനിന്നിരുന്ന ആ 11 സംസ്ഥാനങ്ങള്‍ അടിമ വ്യവസ്ഥ ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് അമേരിക്കയില്‍ അഭ്യന്തരയുദ്ധം ഉണ്ടാകുന്നതും യുദ്ധത്തിനൊടുവില്‍ യൂണിയന്‍ സൈന്യത്തോട് കോണ്‍ഫെഡറേറ്റ് സൈന്യം അടിയറവ് പറയുന്നതും, ഏബ്രഹാം ലിങ്കന്‍ അടിമത്തം നിരോധിക്കുന്നതും താമസിയാതെ അദ്ദേഹം കൊല്ലപ്പെടുന്നതും. ചുരുക്കത്തില്‍, ന്യൂ ഓര്‍ളീന്‍സില്‍ നിന്നുള്ള കുടുംബം എന്ന് കേള്‍ക്കുമ്പോഴേ ഒരു ശരാശരി അമേരിക്കന്‍ മനസ്സ് അടിമത്തവുമായി അവരെ ബന്ധപ്പെടുത്തുന്നുണ്ട് എന്ന് പറയുകയായിരുന്നു. (എന്നാല്‍, റോബര്‍ട്ടിന്‍റെ സഹോദരങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി യില്‍ അംഗത്വമുള്ളവരാണ് എന്ന് പറയപ്പെടുന്നു. മിക്കവാറും എല്ലാ തെരഞ്ഞെടുപ്പുകളിലും റോബര്‍ട്ട് വോട്ടു ചെയ്തിട്ടുണ്ടെങ്കിലും തന്‍റെ രാഷ്ട്രീയാനുഭാവം അദ്ദേഹം വ്യക്തമാക്കിട്ടില്ല. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡോണള്‍ഡ് ട്രംപിന്‍റെയും ജെ.ഡി. വാന്‍സിന്‍റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും കുടിയേറ്റ വിരുദ്ധ നയങ്ങളെ കര്‍ദ്ദിനാള്‍ റോബര്‍ട്ട് വിമര്‍ശിച്ചിട്ടുണ്ട് .)
സ്വര്‍ഗ്ഗാരോപിത മാതാവിന്‍റെ നമധേയത്തിലുള്ള ഇടവക പള്ളിയില്‍ ഗായകസംഘത്തില്‍ പാടുകയും അള്‍ത്താര ശുശ്രൂഷി ആയിരിക്കുകയും ചെയ്തിട്ടുണ്ട്, കൗമാരത്തില്‍ 'റാബ്'. 1969 മുതല്‍ 1973 വരെ മിഷിഗണില്‍ സൗഗെടക്കില്‍ ഉള്ള സെമിനാരി ഹൈസ്കൂളില്‍ പഠിച്ച റാബ്, ഫിലഡെല്‍ഫിയക്കടുത്തുള്ള അഗസ്റ്റീനിയന്‍ സഭയുടെ തന്നെ വില്ലനോവ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന്, ഹീബ്രു, ലത്തീന്‍ എന്നീ ഐശ്ഛികങ്ങളോടെ തത്ത്വശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലുമായി ബിരുദമെടുത്ത ശേഷം 1977-ല്‍ ഇരുപത്തിരണ്ടാം വയസ്സിലാണ് അഗസ്റ്റീനിയന്‍ സഭയില്‍ ചേരുന്നത്. പിറ്റേ വര്‍ഷം സെപ്റ്റംബര്‍ 2 ന് പ്രഥമ വ്രത വാഗ്ദാനവും 1981-ല്‍ നിത്യവ്രതവാഗ്ദാനവും നടത്തി. ചിക്കാഗോയിലുള്ള കാത്തലിക് തിയോളജിക്കല്‍ യൂണിയനില്‍ നിന്ന് 1982-ല്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി, 1982 ജൂണ്‍ 19 ന് റോമില്‍ വച്ച് റോബര്‍ട്ട് വൈദിക പട്ടം സ്വീകരിച്ചു.

പഠനകാലത്തെല്ലാം റോബര്‍ട്ട് അക്കാദമിക കാര്യങ്ങളില്‍ താല്പര്യവും പഠനത്തില്‍ മികവും പുലര്‍ത്തിയിരുന്നു. റോമിലെ സെന്‍റ് തോമസ് അക്വിനാസ് പോന്‍റിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1984-ല്‍ കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റും 1987 -ല്‍ ഡോക്ടറേറ്റും സമ്പാദിച്ചു. പിന്നെ, അഗസ്റ്റീനിയന്‍ സഭയുടെ ദൈവവിളി ഡയറക്റ്ററായും നോവിസ് മാസ്റ്ററായും ചെറിയൊരു കാലഘട്ടം, അമേരിക്കയില്‍. പിന്നെ, തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവില്‍ പത്തു വര്‍ഷത്തിനുമേല്‍ സെമിനാരി അധ്യാപകനായും ഇടവക വൈദികനായും മിഷനറിയായും തദ്ദേശ ജനതയോടൊപ്പം ജീവിതം. 1998-ല്‍ അഗസ്റ്റീനിയന്‍ സഭയുടെ ചിക്കാഗോ പ്രോവിന്‍സിന്‍റെ പ്രയര്‍ പ്രൊവിന്‍ഷ്യാളായും 2001-ല്‍ ആ സഭയുടെ മൊത്തം പ്രയര്‍ ജനറാളായും തെരഞ്ഞെടുപ്പും സേവനവും. ആ സമൂഹത്തിന്‍റെ നേതൃത്വ പദവികളില്‍ 2014 വരെ അദ്ദേഹം സേവനം ചെയ്തു.
2014 നവംബറില്‍ ഫ്രാന്‍സിസ് പാപ്പാ അദ്ദേഹത്തെ പെറുവിലെ ചിക്ലായോ രൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. അടുത്ത വര്‍ഷം മെത്രാനാക്കി. 2019-ല്‍ റോമിലെ വൈദികര്‍ക്കു വേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍റെ അംഗമായി നിയമനം. പിറ്റേവര്‍ഷം മെത്രാന്മാര്‍ക്കു വേണ്ടിയുള്ള ഡിക്കാസ്ട്രിയില്‍ അംഗമായി. ഡിക്കാസ്ട്രിയുടെ അംഗമായിരിക്കുമ്പോള്‍ വല്ലപ്പോഴും യോഗങ്ങള്‍ക്ക് മാത്രം റോമില്‍ പോയാല്‍ മതിയായിരുന്നു. 2023-ല്‍ അദ്ദേഹം അതിന്‍റെ പ്രിഫക്റ്റ് ആയി നിയമിതനായി. സ്ഥിരമായി റോമിലേക്ക് താമസം മാറാന്‍ അദ്ദേഹം താല്പര്യപ്പെട്ടില്ലെങ്കിലും മാര്‍പാപ്പാ നല്കിയ നിയമനം അദ്ദേഹം സ്വീകരിച്ചു. 2023 സെപ്റ്റംബറില്‍ ഫ്രാന്‍സിസ് പാപ്പാ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ ആയി ഉയര്‍ത്തി. 2025 ഈസ്റ്റര്‍ തിങ്കളാഴ്ച ഫ്രാന്‍സിസ് പാപ്പായുടെ മരണത്തെ തുടര്‍ന്ന് നടന്ന കോണ്‍ക്ലേവിന്‍റെ രണ്ടാം ദിനത്തില്‍ തന്നെ (മെയ് 8, 2025) കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാപ്പായായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
സഭാ ചരിത്രത്തിലെതന്നെ ആദ്യത്തെ സോഷ്യല്‍ എന്‍സിക്ലിക്കല്‍ എന്ന ഖ്യാതി നേടിയ, തൊഴിലാളികളുടെ അവകാശങ്ങളെയും മൂലധനത്തിന്‍റെ വിനിയോഗത്തെയും കുറിച്ച് 'റേരും നൊവാരും' എന്ന 1891 ലെ ചാക്രിക ലേഖനം രചിച്ച ലെയോ XIII പാപ്പായാണ് ഇതിനു മുമ്പ് ലെയോ എന്ന പേര് സ്വീകരിച്ച പാപ്പാ. ലെയോ XIIIന്‍റെ പിന്‍തുടര്‍ച്ച പ്രതീക്ഷിക്കാം എന്ന് പ്രഖ്യാപിക്കുന്നുണ്ട് ലെയോ XIV എന്ന പേരിന്‍റെ തെരഞ്ഞെടുപ്പ്. അസ്സീസിയിലെ വി. ഫ്രാന്‍സിസിന്‍റെ സന്തതസഹചാരിയായിരുന്നു, സഹോദരന്‍ ലെയോ. അസ്സീസിയിലെ വിശുദ്ധന്‍റെ പേര് സ്വീകരിച്ച ഫ്രാന്‍സിസ് പാപ്പായുടെ സഹ ചാരി എന്ന നിലക്കും ആ പേര് അന്വര്‍ത്ഥമാകുന്നുണ്ട്.
പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി വിശുദ്ധ പത്രോസിന്‍റെ ബസ് ലിക്കയുടെ മുഖ്യ വാതായനത്തില്‍ പ്രത്യക്ഷപ്പെട്ട ലെയോ പാപ്പാ, 'നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ഉണ്ടാകട്ടെ' എന്ന ആശംസയോടെയാണ് നഗരത്തിനും ലോകത്തിനും വേണ്ടിയുള്ള തന്‍റെ ആദ്യ സന്ദേശം ആരംഭിച്ചത്. 'സ്നേഹം വെറുപ്പിനെ, വെളിച്ചം അന്ധകാരത്തെ, സത്യം അസത്യത്തെ, പൊറുതി പകയെ, വിജയിച്ചിരിക്കുന്നു. തിന്മ ചരിത്രത്തില്‍ നിന്ന് അപ്രത്യക്ഷമായിട്ടില്ല. അന്ത്യം വരെ അതിവിടെ ഉണ്ടാവും. എന്നാല്‍ അതിന് ഇനി മേല്‍ക്കൈയില്ല. കൃപ സ്വീകരിച്ചിട്ടുള്ളവര്‍ക്കുമേല്‍ അതിന് അധികാരമില്ല', എന്നദ്ദേഹം തുടര്‍ന്ന് സമര്‍ത്ഥിച്ചു.
ആന്തരികതയും കൂട്ടായ്മയും സത്യാന്വേഷണവുമാണ് അഗസ്റ്റീനിയന്‍ മൂല്യങ്ങള്‍. സമവായം ഉണ്ടാക്കുക എന്ന അര്‍ത്ഥത്തില്‍ പാലം പണിയലും സുവിശേഷ സന്ദേശം പകരലും സമാധാന സംസ്ഥാപനവും ആണ് അഗസ്റ്റീനിയന്‍ സമൂഹത്തിന്‍റെ ആത്മീയ പാത എന്നാണ് ഒസ്സെര്‍വത്തോരെ റൊമാനോ എന്ന കത്തോലിക്കാ സഭയുടെ ഔദ്യോഗിക പത്രം വിശേഷിപ്പിച്ചത്.

ഫ്രാന്‍സിസ് പാപ്പായില്‍ തുറവി ഉണ്ടായിരുന്നെങ്കില്‍ പോലും കത്തോലിക്കാ തിരുസഭയുടെ അടിസ്ഥാന പ്രബോധനങ്ങളും പൈതൃകവും സംരക്ഷിക്കാനുള്ള കരുത്ത് അദ്ദേഹം കാട്ടിയില്ല എന്ന് കരുതുന്ന സഭാമേലധ്യക്ഷന്മാര്‍ ലോകത്തില്‍ പലയിടത്തും എന്നപോലെ നമ്മുടെ നാട്ടിലും ഉണ്ട്. സഭാ നേതൃത്വത്തെ ഐക്യത്തിലേക്ക് നയിക്കുകയാണ് പ്രാഥമികമായും ചെയ്യേണ്ടണ്ടത് എന്നതാണ്, വോട്ടുചെയ്ത കര്‍ദ്ദിനാളന്മാരോടൊപ്പം പ്രായം കവിഞ്ഞതിനാല്‍ വോട്ടവകാശം നഷ്ടപ്പെട്ടു പോയ കര്‍ദ്ദിനാളന്മാരും പുതിയ പാപ്പാക്ക് കൈമാറിയിട്ടുള്ള സന്ദേശം. 'ഐക്യത്തിലായ സഭ തന്നെ യാണ് അനുരഞ്ജിതമായ ലോകത്തിനുള്ള പുളിമാവ്' എന്ന് പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ പിറ്റേന്ന് അദ്ദേഹം പറയുകയുണ്ടായി. ഇന്‍ ഇല്ലോ ഊനോ ഊനും -'ഒന്നില്‍ (ക്രിസ്തുവില്‍) എല്ലാ വരും ഒന്ന്'(In Illo uno unum) എന്നതാണ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക മുദ്രയില്‍ ആലേഖിതമായതും അദ്ദേഹം തെരഞ്ഞെടുത്തതുമായ ആപ്തവാക്യം എന്നതു തന്നെ ഐക്യപ്പെടലിനും ഒന്നാകലിനും അദ്ദേഹം കല്പിക്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നുണ്ടല്ലോ.
മുപ്പത് ലോകരാഷ്ട്രങ്ങളുടെ നേതാക്കള്‍, രാജപദവിയിലുള്ള ഒമ്പത് പേര്‍, നൂറ്റമ്പത് ഔദ്യോഗിക രാഷ്ട്രപ്രതിനിധികള്‍, ഇരുന്നൂറ് കര്‍ദ്ദിനാളന്മാര്‍, എഴുന്നൂറ്റമ്പത് മെത്രാന്മാര്‍, പിന്നെ ഒട്ടേറെ വൈദികരും സന്ന്യസ്തരും അടക്കം രണ്ടുലക്ഷത്തോളം പേരാണ്, ലെയോ XIV പാപ്പാ പത്രോസിന്‍റെ അജപാലക ശുശ്രൂഷ ഔദ്യോഗികമായി ആരംഭിക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സഭയെ മൊത്തത്തില്‍ പ്രതീകാത്മകമായി പ്രതിനിധീകരിച്ച് അല്മായരും മെത്രാന്മാരും വൈദികരും സന്ന്യസ്തരും ഉള്‍പ്പെട്ട 12 പേരാണ് മാര്‍പാപ്പയോട് തദവസരത്തില്‍ അനുസരണം വാഗ്ദാനം ചെയ്തത്. യൂറൊപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ദൂഖണ്ഡങ്ങളില്‍ നിന്നായി കര്‍ദ്ദിനാള്‍മാരായ മാരിയോ സെനാറി, ലൂയി അന്‍റോണിയോ ടാഗ്ലേ, ഫ്രിഡൊളിന്‍ അംബോംഗോ എന്നിവരാണ് അദ്ദേഹത്തെ പാലിയവും മുക്കുവന്‍റെ മോതിരവും അണിയിക്കുകയും പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തത്.
സാമൂഹിക കാര്യങ്ങളില്‍ പുരോഗമന വാദിയും, സഭാ കാര്യങ്ങളില്‍ പൊതുവേ ഒരു യാഥാസ്ഥിതിക വാദിയും എന്നാല്‍, സിനൊഡാലിറ്റി പോലുള്ള കാര്യങ്ങളില്‍ പുരോഗമന വാദിയും എന്ന നിലയില്‍ പ്രായോഗികമായി ഒരു മധ്യമവാദി ആയിരിക്കും പുതിയ പാപ്പാ എന്നാണ് നിരീക്ഷണം.
തെക്കേ അമേരിക്കയിലെ, പൊതുവേ പറഞ്ഞാല്‍ ഒരു ദരിദ്ര രാജ്യമായ പെറുവില്‍ പല പദവികളില്‍ ശുശ്രൂഷ ചെയ്തിട്ടുള്ള ആള്‍ എന്ന നിലയിലും അഗസ്റ്റീനിയന്‍ സന്ന്യാസ സമൂഹത്തിന്‍റെ പ്രയര്‍ ജനറല്‍ എന്ന നിലയില്‍ ലോകത്തിലെ എഴുപത് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടങ്ങളിലെ സ്ഥിതിഗതികള്‍ നേരില്‍ കണ്ട് മനസ്സിലാക്കിയിട്ടുള്ള ആള്‍ എന്ന നിലയിലും, വത്തിക്കാനിലെ പല ഡിക്കാസ്ട്രികളില്‍ അംഗവും മെത്രാന്മാര്‍ക്കു വേണ്ടിയുള്ള ഡിക്കാസ്ട്രിയുടെ പ്രിഫക്റ്റ് എന്ന നിലയിലും, ഫ്രാന്‍സിസ് പാപ്പായുടെ അവസാന വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്‍റെ വിശ്വസ്തരില്‍ ഒരാളായിരുന്നു എന്ന നിലയിലും, 2019 -ലെ ആമസോണ്‍ സിനഡിലും സിനോഡാലിറ്റിയെ കുറിച്ചുള്ള സിനഡിലും പങ്കെടുത്ത വ്യക്തി എന്ന നിലയിലും, ലോകത്തിന്‍റെയും സഭയുടെയും കൂരിയായുടെയും അന്തര്‍ഗങ്ങളും അന്തര്‍ധാരകളും കൃത്യമായി അറിയുന്നയാളാണ് പുതിയ പാപ്പാ എന്ന് കരുതാന്‍ തീര്‍ച്ചയായും ന്യായമുണ്ട്. അതു കൊണ്ടുതന്നെ, ഫ്രാന്‍സിസ് പാപ്പാ സമാരംഭിച്ച പല നവീകരണ ശ്രമങ്ങളും അദ്ദേഹം മുന്നോട്ടു കൊണ്ടുപോകും എന്ന് നമുക്ക് പ്രത്യാശിക്കാം. കാലത്തിന്‍റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞും കാലഘട്ടത്തിന്‍റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും ഈ ഭൂമിയില്‍ പരിശുദ്ധാത്മാവിന്‍റെ ഫലപ്രദമായ ശാരീരിക സാന്നിധ്യമാകാന്‍ അദ്ദേഹത്തിന് കഴിയണമേയെന്ന് ലോകത്തോട് മുഴുവന്‍ ചേര്‍ന്ന് നമുക്കും പ്രാര്‍ത്ഥിക്കാം.
കവര്‍സ്റ്റോറി, പത്രോസിന്‍റെ പടവില്‍ പുതിയ അമരക്കാരന്‍!,
ജോര്‍ജ്ജ് വലിയപാടത്ത്,
അസ്സീസി മാസിക ജൂണ്‍ 2025





















