

1989 നവംബർ മാസത്തിലെ അസീസി മാസികയിൽ ഡോ.സി.ഇല്ലിക്കമുറിയുടെ ലേഖനം ഞാൻ വായിച്ചു. ക്രൈസ്തവ വിശ്വാസത്തിനു യോജിക്കാത്ത രണ്ട് സൂചനകൾ അതിൽ കാണുന്നുണ്ട്. 1) ലോകപാപത്തിനു പരിഹാരമായി (ലോകത്തെ രക്ഷിക്കുവാൻ) മിശിഹായുടെ രക്തച്ചൊരിച്ചിൽ അത്ര ആവശ്യമായിരുന്നില്ല; 2) മനുഷ്യരുടെ തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും വിലപ്പെട്ടതല്ല.
1).വിശുദ്ധീകരിക്ക പ്പെടുവാൻ രക്തച്ചൊരിച്ചിൽ ആവശ്യമാണെന്ന് ഇസ്രായേൽ ജനങ്ങളെ മനസ്സിലാക്കുവാൻ വേണ്ടി, ദൈവത്തിൻ്റെ നിർദ്ദേശപ്രകാരം, ജനങ്ങളേയും പാത്രങ്ങളെയും മോശ രക്തം തളിച്ചിരുന്നു. (പുറപ്പാട്: 24: 5-8 ലേവ്യ 16: 15-16 ലേവ്യ: 17:11 ) അത് മിശിഹായുടെ രക്തച്ചൊരിച്ചിലിൻ്റെയും, മിശിഹായിൽ വിശ്വസിക്കുന്നവരുടെ ആത്മ വിശുദ്ധീകരണത്തിൻ്റെയും പ്രതീകമായിരുന്നുവെന്ന് വി. പൗലോസ് ശ്ലീഹാ സമർത്ഥിച്ചിട്ടുണ്ട്. "രക്തം കൂടാതെയല്ല ആദ്യത്തെ ഉടമ്പടിയും ഉറപ്പിക്കപ്പെട്ടത്.... രക്തം ചിന്താതെ പാപമോചനമില്ല.... അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങൾ ഉന്മൂലനം ചെയ്യുന്നതിനു വേണ്ടി ഒരു പ്രാവശ്യം അർപ്പിക്കപ്പെട്ടു" (ഹെബ്രാ: 9:18-28).
പീഡകൾ സഹിച്ച് മരിക്കേണ്ടിവരുമെന്ന് ഈശോ തൻ്റെ ശിഷ്യന്മാരോടു പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതിനു തടസ്സം പറഞ്ഞ പത്രോസിനെ അവിടുന്ന് ശാസിക്കുകയും ചെയ്തു(മത്താ: 16: 21-23; 20: 17-19). ഈശോയെ ബന്ധിക്കുവാൻ വന്നവരിൽ ഒരാളെ പത്രോസ് വെട്ടിയപ്പോൾ, ഈശോ അദ്ദേഹത്തെ തടഞ്ഞുകൊണ്ട് പറഞ്ഞു: ".. അങ്ങനെ ചെയ്താൽ, ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന തിരുവെഴുത്തുകൾ എങ്ങനെ നിരവേറും "(മത്താ: 26:51-54). ഈശോ ഉയിർത്തതിനുശേഷം, എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർക്ക് അവിടുന്നു പ്രത്യക്ഷപ്പെട്ട്, മിശിഹായുടെ പീഢാനുഭവങ്ങളെപ്പറ്റി പ്രവാചകന്മാർ മുന്നറിയിപ്പു നല്കിയിരുന്നത് വിശദമായി പറഞ്ഞു കൊടുത്തു. "...തൻ്റെ മഹത്വത്തിൽ എത്തുന്നതിനു മുമ്പ്, മിശിഹാ ഇവയെല്ലാം സഹികേണ്ടിയിരുന്നില്ലേ?" (ലൂക്കാ. 24:13-26)
ഇവയിൽനിന്ന് നാം മനസ്സിലാക്കേണ്ടത് മിശിഹായുടെ പീഢാസഹനവും, രക്തച്ചൊരിച്ചിലും, മരണവും ലോക രക്ഷയ്ക്ക് അത്യാവശ്യമായിരുന്നു - അവ പിതാവായ ദൈവത്തിൻ്റെ തിരുമനസ്സായിരുന്നു എന്നാണ് - ദൈവത്തിൻ്റെ സ്നേഹവും മിശിഹായുടെ അനുസരണയും പീഢാസഹനവും മരണവും എല്ലാം ഒരേക പ്രവർത്തനമായി നാം മനസ്സിലാക്കണം.
2). "ദൈവം ക്ഷമിക്കുകയും പാപം മോചിക്കുകയും ചെയ്യുന്നത് നമ്മുടെ തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും മൂലമല്ല" എന്ന് ഖണ്ഡിതമായി പറഞ്ഞുകൂടാ; അവയും അത്യാവശ്യമാണ്. മനുഷ്യർ തപശ്ചര്യ അനുഷ്ഠിക്കണമെന്ന് ദിവ്യരക്ഷകൻ പ്രസംഗിച്ചിട്ടുണ്ട്. "സ്വർഗരാജ്യം ബലവശ്യമത്രേ; ബലം പ്രയോഗിക്കുന്നവർ അതു കരസ്ഥമാക്കുന്നു.... പിന്നീട് അവിടന്ന്, താൻ ഏററവും കൂടുതൽ അത്ഭുതങ്ങൾ പ്രവർത്തിച്ച നഗരങ്ങൾ പശ്ചാത്തപിക്കാത്തതിനെപ്പററി അവയെ ശകാരിച്ചു....ചാക്കുവസ്ത്രം ധരിച്ച്, ചാരം പൂശി, തപസ്സു ചെയ്യുമായിരുന്നു" (മത്താ:11:12-24). "അനുതപിക്കാത്തപക്ഷം നിങ്ങളും ഇതുപോലെ നശിക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു" (ലൂക്കാ. 13:1-5).
വി. പൗലോസ് ശ്ലീഹാ ഇപ്രകാരം രേഖപ്പെടുത്തി : "മിശിഹായുടെ പീഢകളിലെ കുറവ്, എൻ്റെ ശരീരത്തിൽ ഞാൻ പരിഹരിക്കുകയാണ്" (കൊളോ :1/24). നിത്യരക്ഷ കൈവരിക്കുവാൻ മിശിഹായോടുകൂടി നാമെല്ലാവരും കഴിവനുസരിച്ച് സഹിക്കണമെന്നാണ് ഇതിൻ്റെ അർത്ഥം. "മിശിഹായ്ക്കുള്ളവർ തങ്ങളുടെ ശരീരത്തെ അതിൻ്റെ സകല ദുരാശകളോടും തിന്മകളോടും കൂടെ ക്രൂശിച്ചിരിക്കുന്നു." (ഗലാ: 5/24)
Fr. Leo OFM. Сар., Alwaye
രക്തം ചിന്താതെ പാപമോചനമില്ലേ
നവംബർ ലക്കം അസ്സീസിയിൽ, "പിതാവിൻ്റെ സ്നേഹവും യേശുവിൻ്റെ ബലിയും" എന്ന ശീർഷകത്തിൽ ഞാനെഴുതിയ ഉത്തരത്തിലാണല്ലോ ''ക്രൈസ്‌തവ വിശ്വാസത്തിൽ യോജിക്കാത്ത രണ്ടു സൂചനകൾ" ബഹു. ലിയോച്ചൻ കാണുന്നത്. ബഹു. ലിയോച്ചനോട് വ്യക്തിപരമായി എനിക്കുള്ള സ്നേഹഭക്തി ബഹുമാനാദരവുകൾക്കു യാതൊരു കുറവും കൂടാതെ ചില കാര്യങ്ങൾ വിശദീകരിച്ചു കൊള്ളട്ടെ.
ബൈബിളിൽ നിന്നുള്ള തെളിവ ുകൾ
ക്രൈസ്തവ വിശ്വാസത്തിനു യോജിക്കാത്തതായി ബഹു. ലിയോച്ചൻ കാണുന്ന ഒന്നാമത്തെ സൂചന "ലോകപാപത്തിനു പരിഹാരമായി (ലോകത്തെ രക്ഷിക്കുവാൻ) മിശിഹായുടെ രക്തചൊരിച്ചിൽ അത്ര ആവശ്യമായിരുന്നില്ല" എന്നതാണ്. ഇതു ക്രൈസ്തവ വിശ്വാസത്തിന് എതിരാണെന്നു സ്ഥാപിക്കുവാൻ പഴയനിയമത്തിൽ നിന്നും പുതിയനിയമത്തിൽ നിന്നും പല പരാമർശങ്ങളും ഉദ്ധരണികളും അദ്ദേഹം നൽകുന്നുണ്ട്. ബൈബിളിൽ നിന്ന് ഇങ്ങനെയുള്ള തെളിവുകൾ കൊണ്ടുവരുന്നതിനെപ്പറ്റി ഒരു കാര്യം പൊതുവെ പറയേണ്ടതുണ്ട്.
1943- ൽ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പായും ('Divine Afflante Spiritu' എന്ന ചാക്രിക ലേഖനം), പിന്നെ പലപ്പോഴായി ബൈബിൾ കമ്മീഷനും വിശിഷ്യ, രണ്ടാം വത്തിക്കാൻ സുനഹദോസും (ദൈവാവിഷ്ക്കരണം നമ്പർ 12) അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആധുനിക ബൈബിൾ വിജ്ഞാനീയത്തെ അപ്പാടെ അവഗണിക്കയും, കത്തോലിക്കാസഭയിൽ അമ്പതോളം കൊല്ലം മുമ്പ് പതിവായിരുന്ന ബൈബിൾ വ്യാഖ്യാനത്തെ മാത്രം ആശ്രയിക്കയും ചെയ്തുകൊണ്ട്, അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്ന ബൈബിൾ വാക്യങ്ങൾ നിരത്തി തെളിവുകൾ കൊണ്ടുവരുന്നത് ഉചിതമായിരിക്കയില്ല. സങ്കീർണ്ണങ്ങളായ പല പ്രശ്നങ്ങളാണ് ഇവിടെ അടങ്ങിയിരിക്കുന്നത്. ബൈബിൾ എങ്ങനെയാണ് രൂപം കൊണ്ടത്, ഏതർത്ഥത്തിലാണ് അതു ദൈവനിവേശിതമായിരിക്കുന്നത്, എപ്രകാരമാണ് ദൈവത്തിൻ്റെ വെളിപാടായി അതിനെ നാം മനസ്സിലാക്കേണ്ടത്, എന്തുകൊണ്ടാണ് അത് ഒരേ സമയം ദൈവവചനവും മനുഷ്യവചനവുമാണെന്നു നാം പറയുന്നത്, തുടങ്ങി പലതും വിശദീകരിക്കേണ്ടതുണ്ട്.
അസ്സീസി യിലെ ഒരു ലേഖനത്തിൻ്റെ പരിധിയിൽ നിന്നുകൊണ്ട് ഇതു നിർവഹിക്കുക സാധ്യമല്ലല്ലോ. മാത്രമല്ല, ആധുനിക വിജ്ഞാന ശാഖകളിലെയും വിശിഷ്യാ ബൈബിൾ വിജ്ഞാനീയത്തിലേയും പല സാങ്കേതികത്വങ്ങളും വിശദീകരിക്കാതെ ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി എഴുതിയാൽ, അധികമാർക്കും അതു മനസ്സിലാകുകയില്ല. പല തെററിദ്ധാരണകൾക്കും ഇടയാകുകയും ചെയ്യും. ഇൻഡ്യയിലെ അറിയപ്പെടുന്ന ബൈബിൾ പണ്ഡിതനും കപ്പുച്ചിൻ സഭാംഗവുമായ കെ. ലൂക്ക് എഴുതി രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്ന Companion to the Bible (T. P. I, Bangalore), കോതമംഗലം രൂപതയുടെ മെത്രാൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ എഴുതിയ 'പഴയനിയമത്തിന് ഒരു ആമുഖം" (Oriental Institute of Religious Studies, India. No. 22, Kottayam), തുടങ്ങിയ പുസ്തകങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കുവാൻ സഹായകമാണ്.
പൗരാണികരുടെ ചിന്താഗതിയും വഴക്കങ്ങളും
ബൈബിളിൽനിന്നു തെളിവിന് വേണ്ടി ബഹു. ലിയോച്ചൻ കൊണ്ട് വന്നിരിക്കുന്ന പരാമർശങ്ങളേയും ഉദ്ധരണികളേയും ഇന്നത്തെ ബൈബിൾ വിജ്ഞാനീയത്തിൻ്റെ വെളിച്ചത്തിൽ ആഴത്തിൽ അപഗ്രഥിക്കാനോ വ്യാഖ്യാനിക്കാനോ സ്ഥലപരിമിതി അനുവദിക്കാത്തതിനാൽ, ചുരുക്കം ചില സൂചനകൾ മാത്രം നൽകിക്കൊള്ളട്ടെ. പുറപ്പാട് 24: 5-8; ലേവ്യർ 16:15-16; 17:11 തുടങ്ങിയ വാക്യങ്ങളിൽ നിന്ന് ഇസ്രായേൽക്കാർ രക്‌തത്തെ ഒരു വിശുദ്ധീകരണോപാധിയും പാപപരിഹാര മാർഗവുമായി കരുതുകയും ഉപയോഗിക്കയും ചെയ്തിരുന്നുവെന്നു വ്യക്‌തമാണ്. ഈ ചിന്താഗതിയിലും അനുഷ്ഠാനങ്ങളിലും ഇസ്രായേൽക്കാർ പൗരാണികജനങ്ങളുടെ പൊതുവേ യുള്ള ധാരണയിൽ പങ്കുചേരുക മാത്രമാണു ചെയ്യുന്നത്.
മേൽപ്പറഞ്ഞ ലേവ്യർ 17:11-ഉം അതിനടുത്ത വാക്യവും ഇതു വ്യക്തമാക്കുന്നുണ്ട്: "എന്തെന്നാൽ, ശരീരത്തിൻ്റെ ജീവൻ രക്‌തത്തിലാണിരിക്കുന്നത്. അത് ബലിപീഠത്തിനുമേൽ ജീവനുവേണ്ടി പാപപരിഹാരം ചെയ്യാൻ ഞാൻ നല്‌കിയിരിക്കുന്നു. അതിൽ ജീവനുള്ളതുകൊണ്ട് രക്തമാണ് പാപപരിഹാരം ചെയ്യുന്നത്. നിങ്ങളോ നിങ്ങളുടെയിടയിൽ വസിക്കുന്ന വിദേശീയരിലാരെങ്കിലുമോ രക്തം കുടിക്കരുതെന്നു ഞാൻ ഇസ്രായേൽ ജനത്തോടു പറഞ്ഞത് അതുകൊണ്ടാണ്." ശാസ്ത്രീയമായി നിലനിൽക്കാത്ത പൗരാണിക ജനങ്ങളുടെ പൊതുവായ ഈ വിശ്വാസത്തിൽ ഇസ്രായേൽക്കാരും പങ്കുചേരുന്നു. പാപത്തിൻ്റെ ഭയാനകതയെപ്പറ്റി യാഹ്‌വേയിലുള്ള വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ ചിന്തിക്കയും ധ്യാനിക്കയും ചെയ്യുന്ന ഇസ്രായേൽക്കാർക്ക് പാപത്തിനു പരിഹാരമായി മറ്റു ജനങ്ങൾ സ്വീകരിക്കുന്ന മാർഗ്ഗം തന്നെ സ്വീകാര്യമായി തോന്നുന്നു. തങ്ങൾ യാഹ്‌വേയുടെ തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന അവബോധത്തിൽ, തങ്ങൾക്കു സ്വീകാര്യമായി തോന്നിയ പാപപരിഹാരമാർഗം യാഹ്‌വേയുടെ തന്നെ കല്‌പനയായി അവർ മനസ്സിലാക്കുന്നു. അതാണ് ലേവ്യരുടെ പുസ്തകത്തിൽനിന്നു പരാമർശിക്കപ്പെട്ട വാക്യങ്ങളിൽ നാം കാണുക. പുറപ്പാട് 24: 5-8 രക്തത്തെ പാപപരിഹാരമാർഗമായിട്ടല്ല, ഉടമ്പടി ഉറപ്പിക്കുന്ന ഉപാധിയായിട്ടാണു കാണുന്നത്. അതും ഇസ്രായേൽ ജനത പങ്കുചേർന്ന പൗരാണിക ജനതകളുടെ ചിന്താഗതിയും വഴക്കവുമായിരുന്നു. ഇതെല്ലാം ദൈവത്തിൻ്റെ നിർദ്ദേശപ്രകാരമാണ് മോശ അഥവാ ഇസ്രായേൽ ജനം ചെയ്തതെന്ന് ഇന്നു നാം വാദിക്കുന്നതു ശരിയായിരിക്കയില്ല.
മറെറാരു വസ്തുതയും നാം ഓർത്തിരിക്കണം. സാംസ്ക്കാരികമായി അധികം പുരോഗമിച്ചിട്ടില്ലായിരുന്ന പൗരാണിക ജനങ്ങൾക്ക് അമൂർത്തമായ ചിന്ത (abstract thought) അപരിചിതമായിരുന്നു. സാംസ്ക്കാരികോന്നമനത്തിൻ്റെ ഒരടയാളമാണല്ലോ അമൂർത്ത ചിന്ത. മൂർത്തമായ ബിംബങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയുമാണ് പൗരാണികർ ചിന്തിച്ചിരുന്നതും കാര്യങ്ങൾ ഗ്രഹിച്ചിരുന്നതും. ഈ ബിംബങ്ങളേയും പ്രതീകങ്ങളേയുമെല്ലാം അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നതും, അവയെ താത്ത്വിക തലത്തിലേയ്ക്ക് ഉയർത്തുന്നതും ശരിയല്ല. വിശുദ്ധീകരണത്തിനും പാപപരിഹാരത്തിനും പൗരാണികർ ആവശ്യമായി കണ്ട 'രക്തം' എന്ന മൂർത്ത യാഥാർത്ഥ്യത്തിനു പിന്നിലുള്ള അമൂർത്ത യാഥാർത്ഥ്യമെന്തെന്നു പിന്നീടു വ്യക്തമാകും.
രക്തം വിശുദ്‌ധീകരണോപാധിയുടെ പ്രതീകം
"വിശുദ്ധീകരിക്കപ്പെടുവാൻ രക്തച്ചൊരിച്ചിൽ ആവശ്യമാണെന്ന് ഇസ്രായേൽ ജനങ്ങളെ മനസ്സിലാക്കുവാൻ വേണ്ടി, ദൈവത്തിൻ്റെ നിർദ്ദേശ പ്രകാരം, ജനങ്ങളയും. പാത്രങ്ങളേയും മോശ രക്തം തളിച്ചിരുന്നു" എന്ന പ്രസ്താവന മേൽപ്പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ നിലനില്ക്കുകയില്ല. പരാമൃഷ്ടമായ ബൈബിൾ വാക്യങ്ങൾ ഈ പ്രസ്താവനയ്ക്കു പിൻബലം നൽകുന്നുമില്ല. "അതു മിശിഹായുടെ രക്തച്ചൊരിച്ചിലിൻ്റെയും, മിശിഹായിൽ വിശ്വസിക്കുന്നവരുടെ ആത്മവിശുദ്ധീകരണത്തിൻ്റെയും പ്രതീകമായിരുന്നുവെന്ന്" ഹെബ്രായക്കാർക്കുള്ള ലേഖനത്തിൻ്റെ കർത്താവു സമത്ഥിച്ചിട്ടുണ്ട്, എന്നു പറഞ്ഞാൽ അത് ഏറെക്കുറെ ശരി തന്നെ. (ഹെബ്രായക്കാർക്കുള്ള ലേഖനം എഴുതിയത് പൗലോസ് ശ്ലീഹാ അല്ലെന്നത് ഇന്നു ബൈബിൾ പണ്ഡിതന്മാരെല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. ക്രൈസ്തവനായിത്തീർന്ന ഒരു യഹൂദപുരോഹിതൻ ക്രൈസ്തവരായ യഹൂദർക്കുവേണ്ടി ക്രി. വ. 95-ാമാണ്ടോടു കൂടി എഴുതിയതാണ് ഈ ലേഖനമെന്ന് പൊതുവെ കരുതപ്പെടുന്നു). അപ്പോൾ ഹെബ്രായക്കാർക്കുള്ള ലേഖനത്തിൻ്റെ കർത്താവ് രക്തത്തെ കാണുന്നത്, മിശിഹായിലൂടെയുള്ള വിശുദ്ധീകരണത്തിൻ്റെ ഉപാധിയായിട്ടല്ല. പ്രത്യുത, ഉപാധിയുടെ പ്രതീകമായിട്ടാണ് എന്നു വ്യക്തമാണല്ലോ. യഥാർത്ഥത്തിൽ, ഹെബ്രായക്കാർക്കുള്ള ലേഖനത്തിൻ്റെ കർത്താവ് ഈ ലേഖനത്തിലുടനീളം സമർത്ഥിക്കുവാൻ ശ്രമിക്കുന്നത്, വിശുദ്ധീകരണത്തിനും പാപപരിഹാരത്തിനും വിജാതീയരും ഇസ്രായേൽക്കാരും നടത്തിയിരുന്ന ബലികളുടെയും രക്തച്ചൊരിച്ചിലിൻ്റെയും ഫലശൂന്യതയാണ്." (cfr. J. Ratzinger, Einf Thrung in das Christentum, Munich 1968, 234 f.)
രക്‌തം ചിന്താതെ പാപമോചനമില്ല- പഴയനിയമത്തിൽ: ഹെബ്രാ.9: 22
ഹെബ്രായക്കാർക്കുള്ള ലേഖനത്തിൽ നിന്ന് ഉദ്ധരിച്ചിരിക്കുന്ന വാക്യങ്ങൾ പുതിയ നിയത്തിൽ രക്തം ചിന്താതെ പാപമോചനമില്ലെന്നോ, ലോകപാപത്തിനു പരിഹാരമായി മിശിഹായുടെ രക്തച്ചൊരിച്ചിൽ ആവശ്യമായിരുന്നെന്നോ തെളിയിക്കുന്നില്ല. ഒന്നാമത്തെ വാക്യം, ആദ്യത്തെ ഉടമ്പടി ഉറപ്പിക്കപ്പെട്ടതിനെപ്പറ്റിയാണു പറയുന്നത്, പാപമോചനത്തെപ്പറ്റിയല്ല. രണ്ടാമത്തെ വാക്യം പറയുന്നത്, പഴയനിയമത്തിൽ രക്തം ചിന്താതെ പാപമോചനമില്ലെന്നാണ്, പുതിയ നിയമത്തിൻ്റെ കാര്യമല്ല. മലയാള തർജ്ജമയിൽ 9: 22 രണ്ടായി മുറിച്ചിരിക്കുന്നതു കൊണ്ട് ഇതത്ര വ്യക്‌തമല്ലായിരിക്കാം. മൂലത്തോടു വിശ്വസ്തത പുലർത്തുന്ന ഇംഗ്ളീഷ് പരിഭാഷയിൽ ഇങ്ങനെയാണ്: "Indeed, under the law almost everything is purified with blood, and without the shedding of blood there is no forgiving of sins." ഹെബ്രായക്കാർക്കുള്ള ലേഖനത്തിൽ നിന്നുദ്ധരിച്ചിരിക്കുന്ന മൂന്നാമത്തെ വാക്യത്തിൽ (9: 28) പറയുന്നത്, ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങൾ ഉൻമൂലനം ചെയ്യുന്നതിനുവേണ്ടി അർപ്പിക്കപ്പെട്ടു എന്നാണ്. ഇവിടെ യേശു നാഥൻ്റെ അർപ്പണത്തെപ്പറ്റിയാണു പറയുന്നത്, രക്തംചിന്തലിനെപ്പറ്റി അല്ല. യേശുവിൻ്റെ അർപ്പണത്തിൻ്റെ അഥവാ ബലിയുടെ അന്ത:സത്ത എന്തായിരുന്നുവെന്ന് നവംബർ ലക്കത്തിലെ ലേഖനത്തിൽ ഞാൻ വ്യക്‌തമാക്കിയിരുന്നല്ലോ. ഈ അർപ്പണത്തെ രക്തം ചിന്തിക്കൊണ്ടുള്ള അനുഷ്ഠാനനിഷ്ഠമായ ഒരു ബലിയായി കാണരുതെന്നും അവിടെ ഞാൻ പറഞ്ഞിരുന്നു.
യേശുവിൻെറ മരണം ഉയിർപ്പിൻ്റെ വെളിച്ചത്തിൽ
വരാനിരിക്കുന്ന തൻ്റെ പീഢാനുഭവത്തേയും മരണത്തേയുംപറ്റി യേശു തൻ്റെ ശിഷ്യന്മാർക്കു മുന്നറിയിപ്പു നല്കിയിരുന്നുവെന്നതു വാസ്‌തവമാണ്. മനുഷ്യരുടെ സമഗ്രമായ വിമോചനത്തിനും രക്ഷയ്ക്കുംവേണ്ടിയുള്ള അവിടത്തെ നിലപാട്, പാപികളോടുള്ള സമീപനം. നിയമത്തോടുള്ള മനോഭാവം, സാബത്തു ലംഘനം. ദൈവാലയ ശുദ്ധീകരണം, പിശാചുക്കളുടെ ബഹിഷ്കരണം (അഥവാ പിശാചിൻ്റെ സഹായത്തോടെ പിശാചുക്കളെ പുറത്താക്കുന്നുവെന്ന തെറ്റിദ്ധാരണ) തുടങ്ങിയ പലതും യഹൂദ നിയമദൃഷ്ട്യാ മരണം കൊണ്ടു ശിഷിക്കപ്പെടാവുന്ന കാര്യങ്ങളായിരുന്നു.
ഈ നിലപാടുകളിലും പ്രവർത്തനങ്ങളിലും തുടർന്നാൽ മരണം നിശ്ചയമാണെന്നു യേശുവിന് അറിയാമായിരുന്നു. അതു തൻ്റെ ശിഷ്യന്മാരോട് അവിടന്നു തുറന്നു പറയുകയും ചെയ്തു. ഇസ്രായേലിലെ മിക്ക പ്രവാചകന്മാർക്കും സംഭവിച്ചതും മറിച്ചായിരുന്നില്ലല്ലോ. എന്നാൽ, തൻ്റെ നിലപാടുകളും പ്രവർത്തനങ്ങളും പിതാവിൻ്റെ ഇഷ്ടമാണെന്നും മനുഷ്യരുടെ രക്ഷയ്ക്കു വേണ്ടിയാണെന്നും പരിപൂർണ ബോധ്യമുണ്ടായിരുന്ന യേശു അവയിൽനിന്നു പിന്നോട്ടു പോകുവാൻ ഒട്ടും തയ്യാറായില്ല. മരണം വരെ, മരണത്തിൽപ്പോലും, അവിടന്നു സ്നേഹത്തിൽ പിതാവിനു സ്വയം സമർപ്പിച്ചു; മനുഷ്യർക്കുവേണ്ടി സ്നേഹത്തിൽ സ്വയംകൊടുത്തു.
യേശുവിൻ്റെ മരണത്തിനും ഉയിർപ്പിനും ശേഷം ക്രിസ്ത്യാനികൾ ഈ മരണത്തേയും അതിൻ്റെ അർത്ഥത്തേയും കുറിച്ച് ചിന്തിക്കയും ധ്യാനിക്കയും ചെയ്തു തുടങ്ങി. ദൈവം വാഗ്ദാനം ചെയ്തിരുന്ന മിശിഹായാണ് യേശു എന്നവർക്ക് ബോധ്യമുണ്ടായിരുന്നു. എന്നാൽ, യഹൂദർ പ്രതീക്ഷിച്ചിരുന്നത് മഹത്വത്തിൻ്റെ മിശിഹായെയായിരുന്നു. പീഢകൾ സഹിക്കയും മരിക്കയും ചെയ്യുന്ന മിശിഹായെ ആയിരുന്നില്ല. പിന്നെ എന്തുകൊണ്ട് യേശു പീഡകൾ സഹിക്കയും മരിക്കയും ചെയ്തുവെന്നത് ആരംഭത്തിൽ പല ക്രൈസ്തവർക്കും മനസ്സിലാക്കുവാൻ വിഷമമുണ്ടായിരുന്നു. എന്നാൽ, വരാനിരിക്കുന്ന തൻ്റെ പീഢാനുഭവത്തെയും മരണത്തേയുംപറ്റി യേശുവിനു അറിയാമായിരുന്നുവെന്ന് ക്രൈസ്‌തവ പ്രവാചകരും പ്രസംഗകരുമൊക്കെ അവരോടു പറഞ്ഞപ്പോൾ, ഈ പ്രശ്‌നത്തിന് ഒരു പരിഹാരമായി ചിലർക്ക് അത് അനുഭവപ്പെട്ടു. വേറെ ചിലക്ക് ആശ്വാസം പകർന്നത്, യേശുവിൻ്റെ പീഢാനുഭവവും മരണവും, ദൈവത്തിൻ്റെ ഇഷ്ടവും ആജ്‌ഞയുമനുസരിച്ചാണു സംഭവിച്ചതെന്നും, മുൻകൂട്ടിത്തന്നെ ഇതെല്ലാം വി. ലിഖിതത്തിൽ എഴുതപ്പെട്ടിട്ടുള്ളതാണെന്നുമുള്ള ബോധ്യമായിരുന്നു.
ഏശയ്യായുടെ പുസ്‌തകത്തിലെ പീഢകളനുഭവിക്കുന്ന ദൈവത്തിൻ്റെ ദാസനും യേശുവുമായുള്ള സാമ്യം അവരുടെ മനസ്‌സിൽ നിറഞ്ഞു നിന്നിരുന്നു (ഏശ 52, 13-53, 12). യേശുവിൻ്റെ ഉയിർപ്പിൻ്റെയും മഹത്വീകരണത്തിൻ്റെയും വെളിച്ചത്തിൽ കണ്ടപ്പോൾ, ഈ പീഢാനുഭവവും മരണവുമെല്ലാം ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയനുസരിച്ചാണു സംഭവിച്ചതെന്ന് അവർക്കു തീർച്ചയായി. ഇങ്ങനെയെല്ലാം സംഭവിക്കേണ്ടിയിരുന്നത് "ദൈവികമായ ഒരു ആവശ്യം'' ("a divine must") തന്നെ ആയിരുന്നുവെന്നും അവർക്കു തോന്നിത്തുടങ്ങി. ക്രൈസ്‌തവരായിത്തീർന്ന യഹൂദർക്ക് പാപപരിഹാര ദിനങ്ങളിൽ (days of expiation) നടന്ന ബലികളോടും രക്തംചിന്തലിനോടും യേശുവിൻ്റെ മരണത്തെ ഉപമിച്ചുകൊണ്ട്, അതിൽ അർത്ഥം കണ്ടെത്തുവാൻ കഴിഞ്ഞു (J. Ratzinger, op. cit. 234). ആദിമ ക്രൈസ്‌തവ സമൂഹങ്ങളുടെ വിശ്വാസത്തിൻ്റെ വെളിച്ചത്തിലുള്ള ഈ ചിന്തകളും ധ്യാനങ്ങളും ബോധ്യങ്ങളുമൊക്കെ അവരുടെ പാരമ്പര്യങ്ങളിൽ നിന്നു പുതിയനിയമ ഗ്രന്ഥങ്ങളിലേക്കും കടന്നുചെന്നതിൻ്റെ പ്രതിഫലനങ്ങളാണ് സുവിശേഷങ്ങളിൽ നിന്ന് ഉദ്ധരിച്ചിരിക്കുന്ന വാക്യങ്ങൾ. ആധുനിക ബൈബിൾ വിജ്‌ഞാനീയത്തിൻ്റെ സാങ്കേതികത്വങ്ങളിലേക്കു കടക്കാതെ ഇതെല്ലാം വിശദീകരിക്കുവാൻ സാധ്യമല്ലാത്തതിനാൽ അതിനു തുനിയുന്നില്ല. ഏതായാലും "മിശിഹായുടെ പീഢാ സഹനവും രക്തച്ചൊരിച്ചിലും മരണവും ലോകരക്ഷയ്ക്ക് അത്യാവശ്യമായിരുന്നു" എന്ന് ഈ വാക്യങ്ങൾ ഒന്നും തെളിയിക്കുന്നില്ല.
ലോകരക്ഷ സഭാപിതാക്കന്മാരുടെ വീക്‌ഷണത്തിൽ
അടുത്തതായി, സഭാപിതാക്കന്മാർ ഇക്കാര്യത്തിൽ എന്തു പറയുന്നുവെന്നു അന്വേഷിക്കുന്നതു പ്രയോജനകരമായിരിക്കും. വി. ഇറേനേവസിൻ്റെയും, വി. അത്താനിയൂസിൻ്റെയും നീസ്സായിലെ വി. ഗ്രെഗരിയുടേയും മറ്റു പല പൗരസ്ത്യ സഭാപിതാക്കന്മാരുടേയും വീക്ഷണത്തിൽ, ദൈവപുത്രൻ്റെ മനുഷ്യാവതാരം കൊണ്ടുതന്നെ ലോകത്തിൻ്റെ രക്ഷ സാധിച്ചു. ക്രിസ്തു പുതിയ ആദമായതിനാലും പ്രപഞ്ചമാകമാനം തന്നിൽ സംക്ഷേപിച്ചിരിക്കുന്നതിനാലും (recapitutation theory), മനുഷ്യാവതാരത്തിൽത്തന്നെ സ്രഷ്ടാവും സൃഷ്‌ടിയുമായുള്ള വിടവ് നികത്തപ്പെടുകയും, ദൈവവും മനുഷ്യനും തമ്മിൽ ഐക്യം സ്ഥാപിതമാകുകയും ചെയ്തു. അതിനാൽ, ഈ പിതാക്കന്മാരുടെ വീക്ഷണത്തിൽ, മനുഷ്യരക്ഷയ്ക്ക് ആധാരം ദൈവപുത്രൻ്റെ പ്രവർത്തനങ്ങളോ പീഢാനുഭവമോ മരണമോ അല്ല. പ്രത്യുത അവിടത്തെ മനുഷ്യാവതാരമാണ്.
പാപത്തിൽ വീണ മനുഷ്യൻ പിശാചിൻ്റെ അടിമത്തത്തിലാണെന്ന പൗലോസ് ശ്ലീഹായുടെ വാക്കുകളെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയ സഭാപിതാവായ ഒറിജെൻ യേശുവിലൂടെയുള്ള രക്ഷയെ മനസ്സിലാക്കുന്നതു മറെറാരു വിധത്തിലാണ്. പിശാചിൻ്റെ അടിമത്തത്തിൽ നിന്നു മനുഷ്യകുലത്തെ മോചിപ്പിക്കാൻ വേണ്ടി യേശു തൻ്റെ രക്തത്തെ പിശാചിനു 'മോചനദ്രവ്യം' (ransom) ആയി കൊടുക്കുന്നു. എന്നാൽ, യേശുവിൻ്റെ മനുഷ്യത്വത്തോടൊപ്പം അവിടത്തെ ദിവ്യത്വത്തെക്കാണാൻ കഴിയാത്ത പിശാച് കബളിപ്പിക്കപ്പെടുകയും യേശുവിൻ്റെ ഉയിർപ്പിൽ കീഴടക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ പിശാചിനെ തന്ത്രപൂർവ്വം കീഴടക്കാനുള്ള ഉപാധിയായിത്തീർന്നു യേശുവിൻ്റെ രക്തം (redemption or ransom theory). ഓറിജെൻ്റെ സ്വാധീനവും പിശാചിൻ്റെ ശക്‌തിയിലുള്ള പൗരാണിക മനുഷ്യരുടെ അമിതവിശ്വാസവും മൂലം ഈ വാദത്തിനും കുറെയെല്ലാം പ്രചാരം ലഭിച്ചു. വി. ബേസിൽ, വി. ഫുൾജൻസിയൂസ് തുടങ്ങിയവർ ഇതിനെ പിന്താങ്ങുന്നവരാണ്. എന്നാൽ, നാസിയാൻസിലെ വി. ഗ്രെഗരിയും വി. ആൻസൽമും അബെലാർഡുമെല്ലാം ഇതിനെ നിശിതമായി വിമർശിച്ചവരിൽ ഉൾപ്പെടുന്നു.
നിയമവിദ്യാഭ്യാസം നേടി നിയമത്തിൻ്റെ ചട്ടക്കൂട്ടിൽ ചിന്തിച്ചു പരിശീലിച്ച തെർത്തുല്യൻ രൂപം കൊടുത്ത "നഷ്ടപൂർത്തിവാദം'' (satisfaction theory) അഥവാ "പരിഹാരബലി വാദം" (expiatory sacrifice theory) ആണ് ഏറ്റവും കൂടുതൽ പ്രചാരം നേടിയതും ഇന്നും പലരുടേയും ചിന്താഗതിയെ സ്വാധീനിക്കുന്നതും. ഈ വാദമനുസരിച്ച്, ദൈവനീതിക്കെതിരായുള്ള മനുഷ്യരുടെ പാപങ്ങൾക്കു വേണ്ടിയുള്ള നഷ്ടപൂർത്തി അഥവാ പരിഹാരബലി ആയിരുന്നു യേശുവിൻ്റെ മരണം. വി. സിപ്രിയൻ, വി. അംബ്രോസ്, വി. ആഗസ്തീനോസ്, വി. ജെറോം, വി. ലിയോ ഒന്നാമൻ തുടങ്ങിയ പിതാക്കന്മാർ അല്‌പസ്വല്പ വ്യത്യാസങ്ങളോടെ ഈ വാദത്തെ അനുകൂലിക്കുന്നുണ്ട്.
കാൻ്റർബറിയിലെ വി. ആൻസലമാണ് ഈ വാദത്തിനു കൂടുതൽ താത്ത്വികമായ അടിസ്ഥാനം നൽകിയത്. മനുഷ്യകുലത്തിൻ്റെ പാപം ദൈവത്തിൻ്റെ നേർക്കുള്ള ഒരു വലിയ കടബാധ്യതയത്രേ. ഈ കടബാധ്യത തീർക്കപ്പെടുവാൻ ദൈവം ആവശ്യപ്പെടുന്നു. പാപം അനന്തനായ ദൈവത്തിനെതിരായ അപരാധമാകയാൽ, അതുളവാക്കുന്ന കടബാധ്യത അനന്തമത്രേ. പരിമിതനായ മനുഷ്യന് അനന്തമായ ഈ കടബാധ്യത തീർക്കുവാൻ സാധിക്കയില്ല. അതേസമയം അപരാധം ചെയ്തതു മനുഷ്യനായതു കൊണ്ട് മനുഷ്യൻതന്നെ വേണം ഇതു തീർക്കുവാൻ. മനുഷ്യനും ദൈവവുമായ ഒരാൾക്കു മാത്രമേ ഇതു സാധ്യമാകൂ. അതുകൊണ്ട് ദൈവം മനുഷ്യനായി. മനുഷ്യനായ ദൈവം ഒരു സൃഷ്ടിയും ആയതിനാൽ അവിടത്തെ അനുസരണം ദൈവത്തിന് അവകാശപ്പെട്ടതാണ്. അതിനാൽ മനുഷ്യാവതാരവും ഈ അനുസരണവും മനുഷ്യപാപത്തിനു പരിഹാരമാകയില്ല. എന്നാൽ, പാപരഹിതൻ എന്ന നിലയിൽ മരണം ദൈവമനുഷ്യന് ആവശ്യമായിരുന്നില്ല. അങ്ങനെ സ്വാഭാവികമായി ആവശ്യമില്ലാത്ത മരണം സ്വയം ഏറെറടുത്തുകൊണ്ട് ദൈവമനുഷ്യൻ മനുഷ്യപാപങ്ങൾക്കു വേണ്ടി പരിഹാരം ചെയ്ത് ദൈവത്തോടുള്ള കടം വീട്ടി. ഈ കടം വീട്ടുന്നതിന് ആൻസൽമിൻ്റെ വീക്ഷണത്തിൽ ദൈവമനുഷ്യൻ്റെ മരണം ആവശ്യമായിരുന്നു.
ദൈവശാസ്ത്ര വിശാരദനായ വി. തോമസ് അക്വീനാസ്, ആൻസൽമിൻ്റെ ഈ വാദത്തിൽ സുപ്രധാനമായ ഒരു തിരുത്തൽ വരുത്തി. ദൈവത്തിൽ (ദൈവമനുഷ്യനിലും) 'ആവശ്യം' ആരോപിക്കുന്നത് ദൈവശാസ്ത്രപരമായി ശരിയല്ല എന്നു മനസ്സിലാക്കിയ അക്വീനാസ് പറഞ്ഞു: "ദൈവമനുഷ്യൻ്റെ മരണം ആവശ്യമായിരുന്നില്ല, എന്നാൽ ഉചിതമായിരുന്നുവെന്ന്".
ഡൺസ് സ്കോട്ടസും യേശുവിൻ്റെ മരണം മനുഷ്യരക്ഷയ്ക്ക് ആവശ്യമായിരുന്നുവെന്ന വാദത്തെ പാടെ നിരാകരിക്കുന്നു. യേശുവിൻ്റെ മരണമല്ല, മനുഷ്യാവതാരം പോലും ലോകരക്ഷയ്ക്ക് ആവശ്യമായിരുന്നില്ല എന്നത്രേ അദ്ദേഹം പറയുന്നത് (Ordinatio III, d. 20). മറിച്ചു പറയുന്നത്, ദൈവത്തിൻ്റെ അനന്തശക്തിയ േയും അനന്തവിജ്ഞാനത്തേയും അനന്ത കാരുണ്യത്തേയും താഴ്ത്തിപ്പറയുകയത്രേ.
വി. അഗസ്തീനോസിൻ്റെയും (De agone Christiano 11, 12), വി. തോമസ് അക്വീനാസിൻ്റെയും (S' th III. 1, 2) എഴുത്തുകളിലും ഈ ആശയം തന്നെ നാം കാണുന്നുണ്ട്. ദൈവത്തിൻ്റെ മനുഷ്യാവതാരവും മരണവും ലോകരക്ഷയ്ക്ക് ഉചിതമായിരുന്നുവെന്ന് ദൈവശാസ്ത്രജ്ഞന്മാർ എല്ലാവരും തന്നെ സമ്മതിക്കുന്നുണ്ട്; എന്നാൽ അവ ആവശ്യമായിരുന്നുവെന്ന അഭിപ്രായത്തോട് അവർ പൊതുവെ യോജിക്കുന്നില്ല.
കുരിശിനേയും യേശുവിൻെറ മരണത്തേയുംപററി കർദ്ദിനാൾ റാററ്സിങ്ങർ
ഇതുവരെ എഴുതിയ കാര്യങ്ങൾ ബൈബിൾ വിജ്ഞാനീയത്തിലും ദൈവശാസ്ത്രത്തിലും പരിശീലനം ലഭിക്കാത്തവർക്ക് ദുർഗ്രഹങ്ങളായ വെറും വാദ പ്രതിവാദങ്ങളായിട്ടായിരിക്കും തോന്നുക. (അതു തന്നെയാണ് ആരംഭത്തിൽ ഞാൻ സൂചിപ്പിച്ച പ്രശ്നവും). അതിനാൽ, കത്തോലിക്കാസഭയിൽ മാർപ്പാപ്പാ കഴിഞ്ഞാൽ ഏറ്റവും ആധികാരികമായി വിശ്വാസ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്നയാളും വിശ്വാസസംരക്ഷണ സംഘത്തിൻ്റെ അദ്ധ്യക്ഷനുമായ കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങർ (ബനഡിക്ട് പതിനാറാമൻ പാപ്പ 2005-2013 - Editor) യേശുവിൻ്റെ പീഢാനുഭവത്തേയും മരണത്തേയും പറ്റി പറയുന്ന കാര്യങ്ങൾ സംക്ഷിപ്‌ത്മായി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ . Einfuhrung in das Christentum, Munich, 1968[-Introduction to Christianity, London 1969], പേജ് 230-242 [എൻ്റെ കൈവശം മൂലഭാഷയായ ജർമനിലുള്ള പുസ്‌തകമേയുള്ളു. മൂലത്തോടു വിശ്വസ്‌തത പുലർത്തിക്കൊണ്ട് ഈ ലേഖകൻ തന്നെ തജ്ജമ ചെയ്തിട്ടുള്ളതാണ് ഇംഗ്ലീഷിലുള്ള ഉദ്ധരണികൾ]:
മിശിഹായാണ് യേശു എന്ന വിശ്വാസത്തിൽ, കുരിശിനുള്ള പ്രസക്‌തിയെന്ത്? ഇക്കാര്യത്തിൽ ക്രൈസ്‌തവരുടെയിടയിൽ പൊതുവേയുള്ള ധാരണ വളരെയധികം വികൃതമാക്കപ്പെട്ടിട്ടുള്ള ആൻസൽമിൻ്റെ പാപപരിഹാര ദൈവശാസ്ത്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. പാപംവഴി അനന്തമായി അവഹേളിതമായ ദൈവികനീതിയെ അനന്തമായ പരിഹാരത്തിലൂടെ അനുരഞ്ജനപ്പെടുത്തുന്നതിനുള്ള ഉപാധിയായിട്ടാണ് അവർ യേശുവിൻ്റെ കുരിശിനെ കാണുന്നത്. അതേസമയം വെറും ഒരു സങ്കല്പത്തിൻ്റെ പുറത്താണ് ഈ നീതി നടത്തപ്പെടുന്നതെന്ന തോന്നൽ അവരെ വിട്ടുമാറുന്നുമില്ല - ഇടതുകൈകൊണ്ടു കൊടുത്തിട്ട് വലതു കൈകൊണ്ട് ആഘോഷമായി തിരിച്ചു വാങ്ങിക്കുന്ന ഒരു പ്രതീതിയാണ് അവരിൽ ഉളവാകുക. എന്നാൽ, ഈ ധാരണയുടെ പിന്നിൽ നിലകൊള്ളുന്ന ദൈവത്തെപ്പറ്റിയുള്ള അവരുടെ സങ്കല്പം ഭയാനകമാണ് - ഒരു നരബലി അല്ല, തൻ്റെ വത്‌സല മകൻ്റെ ജീവൻതന്നെ ബലിയായി ആവശ്യപ്പെടുന്ന വിട്ടുവീഴ്‌ചയില്ലാത്ത നീതിയുടെ ദൈവം! സുവിശേഷത്തിലെ സ്നേഹത്തിൻ്റെ സന്ദേശത്തെ അവിശ്വസനീയമാക്കുന്ന, ഭയാനകമായി കോപിക്കയും നീതി നടത്തുകയും ചെയ്യുന്ന ഒരു ദൈവത്തിൽ നിന്നും മനുഷ്യർ ഞെട്ടി മാറുന്നു. കുരിശിനെപ്പറ്റിയുള്ള ഈ ധാരണ വ്യാപകമായതാണെങ്കിലും, അതു തികച്ചും തെറ്റാണ്. അവഹേളിതമായ നീതിക്കുള്ള പരിഹാരമായിട്ടല്ല ബൈബിൾ കുരിശിനെ കാണുന്നത്. നേരെമറിച്ച്, അങ്ങേയറ്റംവരെ പോകുന്ന, നിശ്ശേഷം സ്വയം കൊടുക്കുന്ന, സ്നേഹത്തിൻ്റെ പ്രകാശനമായിട്ടാണ്. സമ്പൂർണമായി മറ്റുള്ളവർക്കുവേണ്ടി ആയിരിക്കുന്ന ഒരു ജീവിതത്തിൻ്റെ പ്രതീകമാണ് ബൈബിളിൽ കുരിശ്.
ബൈബിളിലെ കുരിശിൻ്റെ ദൈവശാസ്ത്രം യഥാർത്ഥത്തിൽ മതങ്ങളുടെ ചരിത്രത്തിലെ പരിഹാരത്തെയും പാപമോചനത്തെയും പറ്റിയുള്ള സങ്കല്‌പങ്ങൾക്കെതിരായ ഒരു വിപ്ളവം തന്നെയാണ്. നിർഭാഗ്യവശാൽ, പിൽക്കാലത്ത് ക്രൈസ്തവരുടെ ബോധമണ്ഡലത്തിൽനിന്ന് വിപ്ലവകരമായ ഈ ആശയം പയ്യെപ്പയ്യെ മാഞ്ഞുപോയി. കുറ്റം ചെയ്ത മനുഷ്യൻ അതുവഴി ദൈവത്തിൻ്റെ നേർക്കുള്ള ബന്ധത്തിനു നേരിട്ട തകരാറ് തൻ്റെ പ്രായശ്ചിത്തപ്രവൃത്തികൾ വഴി നീക്കിക്കളയുന്നതാണ് ലോകമതങ്ങൾ പരിഹാരമായി കണക്കാക്കുന്നത്. തൻ്റെ പരിഹാരപ്രവൃത്തികളെ ദൈവത്തിനു കാഴ്‌ച കൊടുത്തുകൊണ്ട് കുറ്റത്തിൽനിന്നു വിമുക്‌തനാകുന്നതിനുള്ള മനുഷ്യൻ്റെ പരിശ്രമമാണ് മതങ്ങളുടെ ചരിത്രത്തിൽ ന ാം കാണുന്നത്.
എന്നാൽ, പുതിയനിയമത്തിൽ സംഭവിക്കുന്നതു നേരെ മറിച്ചാണ്. പ്രായശ്ചിത്ത പ്രവൃത്തികളുമായി മനുഷ്യൻ ദൈവത്തിൻ്റെ മുമ്പിൽ വരികയല്ല, മറിച്ച് ദൈവം അവിടുത്തെ ദാനവുമായി മനുഷ്യൻ്റെ മുമ്പിൽ വരികയാണ് പുതിയനിയമത്തിൽ. "From the initiative of His power of love He rectifies again the violated right, in as much as through His creative mercy He justifies the unjust man and makes the dead to live" (232). പുതിയനിയമമനുസരിച്ച് മനുഷ്യർ ദൈവത്തെ തന്നോട് അനുരഞ്ജനപ്പെടുത്തുകയല്ല ചെയ്യുന്നത്, പ്രത്യുത ദൈവം മനുഷ്യനെ തന്നോട് അനുരഞ്ജനപ്പെടുത്തുകയാണ് (2കോറി 5: 19). അതുപോലെതന്നെ, മനുഷ്യകുലം കോപിഷ്ഠനായ ദൈവത്തെ പ്രീണിപ്പിക്കുവാൻവേണ്ടി ചെയ്യുന്ന പരിഹാര പ്രവൃത്തികളെയല്ല കുരിശു പ്രതിനിധാനം ചെയ്യുന്നത്. പ്രത്യുത മനുഷ്യനെ രക്ഷിക്കാൻവേണ്ടി സ്വയം സമ്പൂർണമായി കൊടുക്കുന്ന, സ്വയം വിനീതമാക്കുന്ന, ദൈവത്തിൻ്റെ മൂഡമായ സ്നേഹത്തെയാണ്.
ഹെബ്രായർക്കുള്ള ലേഖനം യേശു ബലി അർപ്പിച്ചതായി പറയുമ്പോൾ അതിൻ്റെ അത്ഥം അവിടന്നു പിതാവിനും മനുഷ്യർക്കും തന്നെത്തന്നെ സമ്പൂർണമായി നൽകി എന്നത്രേ. യേശു ശ്രീകോവിലിൽ "പ്രവേശിച്ചു നിത്യരക്ഷ സാധിച്ചത് കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്തത്തിലൂടെയല്ല, സ്വന്തം രക്തത്തിലൂടെയാണ്" (ഹെബ്രാ 19:2) എന്നു പറയുമ്പോൾ, പദാർത്ഥപരമായ രക്തമല്ല, പ്രത്യുത ഈ സ്നേഹമാണ് അത് അർത്ഥമാക്കുന്നത് : "When it is said in our text that Jesus has through his blood achieved the reconciliation (9: 12), this blood is not to be understood as a material gift, as a quantitatively measurable means of expiation, but it is simply the concretization of a love, which is said to go even to the extreme (Jn 13: 1). It is the expression of the totality of his self-giving and service; embodiment of the fact that he offers not more and not less than himself. The gesture of the all-giving love - that and that alone was, according to the letter to the Hebrews, the real reconciliation of the world" (236).
ബലിയും വേദനയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഇവിടെ ഒരു ചോദ്യമുദിച്ചേക്കാം. ദൈവത്തിനും മററുള്ളവർക്കും വേണ്ടി ആയിരിക്കുന്നതിനായി തന്നിൽനിന്നു തന്നെയുള്ള പുറപ്പാടാണ് ക്രൈസ്‌തവബലി (exodus of the "for" or pro-existence). തന്നിൽനിന്നു തന്നെയുള്ള ഈ പുറപ്പാട് അതേ സമയം ഒരുതരം വേർപെടലാണ്; അക്കാരണത്താൽ അതു വേദനയും കുരിശുമാണ്. എന്നാൽ, ബലിയിൽ ഈ വേദന അപ്രധാനമായ ഒരംശം മാത്രമാണ്: "The constitutive principle of the sacrifice is not the destruction, but the love" (238).
ഇത്രയും കുരിശിനെയും യേശുവിൻ്റെ മരണത്തെയും പറ്റിയുള്ള കർദിനാൾ റാറ്റ്സിങ്ങറിൻ്റെ വിശദീകരണമാണ്. ഇതിൽ ക്രൈസ്‌തവ വിശ്വാസത്തിന് യോജിക്കാത്ത എന്തെങ്കിലും സൂചനയുണ്ടെന്നു പറയുവാൻ സാധിക്കയില്ലല്ലോ.
ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ
അസ്സീസി മാസിക, ജനുവരി 1990






















