

കുമ്പസാരമെന്ന കൂദാശയെപ്പറ്റി ഒന്നു വിശദീകരിക്കാമോ? പാപം മോചിക്കാനുള്ള അധികാരം പുരോഹിതർക്കു മാത്രമോ, അതോ യേശുക്രിസ്തുവിൻ്റെ ജീവിതബലി സ്വജീവിതത്തിൽ പകർത്തുന്ന അത്‌മായരുണ്ടെങ്കിൽ, അവർക്കിതുസാധ്യമാണോ? അസ്സീസിയിലൂടെ മറുപടി പ്രതീക്ഷിക്കുന്നു
ലിസമ്മ മാത്യു, IIT
മദ്രാസ് - 36.
പ്രിയപ്പെട് ട ലിസമ്മേ ,
കുമ്പസാരമെന്ന കൂദാശയെക്കുറിച്ച് കുറെക്കൊല്ലം മുമ്പ് ഈ പംക്തിയിൽ തന്നെ ഞാൻ എഴുതിയിരുന്നു. (ജീവൻ ബുക്സ്, പ്രസിദ്ധീകരണമായ "അപകടം പതിയിരിക്കുന്ന പാതകൾ", പേജ് 57 കാണുക). പാപം മോചിക്കുന്നതിനുള്ള അധികാരം പുരോഹിതർക്കു മാത്രമാണോ, അതോ യേശുക്രിസ്തുവിൻ്റെ ജീവിതബലി സ്വജീവി തത്തിൽ പകർത്തുന്ന അത്മായർക്കുമുണ്ടോ എന്നതാണല്ലോ ലിസമ്മയുടെ മുഖ്യമായ സംശയം. ഈ സംശയത്തിലേക്കു കടക്കുന്നതിനുമുമ്പ് കുമ്പസാരം അഥവാ അനുരഞ്ജനത്തിൻ്റെ കൂദാശ എന്താണെന്ന് അല്പം വ്യക്തമാക്കിക്കൊള്ളട്ടെ
പാപത്തിൻ്റെയും പാപമോചനത്തിൻ്റെയും സാമൂഹികമാനം
പാപത്തിൽനിന്നു മോചനം ലഭിക്കുന്നതിനുള്ള കൂദാശയാണല്ലോ കുമ്പസാരം. എന്താണ് പാപം? അറിവോടും സമ്മതത്തോടുംകൂടി ദൈവത്തിൻ്റെ കല്പനയെ ലംഘിക്കുന്നതാണ് പാപമെന്നു പൊതുവെ പറയാം. ദൈവകല്പനകൾ ദൈവേഷ്ടത്തിൻ്റെ പ്രകടനമാണ്. ദൈവത്തിൻ്റെ ഇഷ് ടമാകട്ടെ മനുഷ്യരുടെ സൗഭാഗ്യവും സുസ്ഥിതിയുമത്രേ - ഓരോ മനുഷ്യൻ്റെയും എല്ലാ മനുഷ്യരുടെയും ഈ സുസ്ഥിതിയും സൗഭാഗ്യവും സുരക്ഷിതമാക്കുകയാണ് ദൈവകല്പനകളുടെ ലക്ഷ്യം. മനുഷ്യൻ അറിവോടും സമ്മതത്തോടും കൂടി ദൈവകല്പനയെ ലംഘിക്കുമ്പോൾ, അവി ടത്തെ ഇഷ്ടത്തിനെതിരായി പ്രവർത്തിക്കയും അവിടത്തെ സ്നേഹത്തെ തിരസ്‌കരിക്കയും മാത്രമല്ല ചെയ്യുന്നത്. പിന്നെയോ മനുഷ്യരുടെ സൗഭാഗ്യത്തിനും സുസ്ഥിതിക്കുമെതിരായും അയാൾ തെറ്റുചെയ്യുന്നു. പാപിയെ മാത്രം ബാധിക്കുന്ന ഒറ്റപ്പെട്ട ഒരു പ്രതിഭാസമല്ല പാപം. ദൈവത്തെ അതു മുറിവേല്പിക്കുന്നു; അതുപോലെതന്നെ മനുഷ്യനെയും മുറിവേല്പിക്കുന്നു.
എല്ലാ പാപത്തിനുമുണ്ട് സമൂഹപരമായ ഒരു മാനം. എല്ലാപാപവും സമൂഹത്തെ രോഷകരമായി ബാധിക്കുന്നുണ്ട്. ഗൗരവമായ പാപമാകട്ടെ ഗുരുതരമായ വിധത്തിൽ സമൂഹത്തിനുദോഷം ചെയ്യുന്നു; സമൂഹത്തിൻ്റെ നന്മയെ ദുർബലമാക്കുന്നു; ഭാവിയെ അപകടത്തിലാക്കുന്നു. പാപത്തിൽ നിന്നുള്ള മോചനവും മുറിവേല്ക്കപ്പെട്ട മനുഷ്യരെയും മനുഷ്യസമൂഹത്തെയും ഒഴിച്ചു നിർത്തിക്കൊ ണ്ട് ദൈവം നേരിട്ടു പാപിക്കു കൊടുക്കുകയല്ല ചെയ്യുന്നത്. പിന്നെയോ മനുഷ്യരുടെ, മനുഷ്യസമൂഹത്തിൻ്റെ, സഹകരണത്തോടുകൂടിയാണ് കൊടുക്കുന്നത്. പാപത്തിനു സാമൂഹികമായ ഒരു മാനമുള്ളതുപോലെതന്നെ, പാപമോചന ത്തിനുമുണ്ട് സാമൂഹികമായ ഒരുമാനം. ഈ വസ്തുത വിസ്മരിക്കുന്നതു കൊണ്ടാണ് ചിലർ ചോദിക്കാറുള്ളത്, പാപത്തിനു മോചനം നേടുവാൻ ദൈവത്തോടു നേരിട്ടു മാപ്പുചോദിച്ചാൽ പോരെ, എന്തിനു വൈദികരുടെ അടുത്തുപോയി കുമ്പസാരിക്കണമെന്ന്?
പാപമോചനം ആദിമസഭയിൽ
ആദിമസഭയിലെ അനുരജ്‌ഞനകൂദാശയുടെ പരികർമത്തിൽ പാപത്തിൻ്റെയും പാപമോചനത്തിൻ്റെയും സമൂഹമായമാനം കൂടുതൽ വ്യക്‌തമായിരുന്നു. ഗൗരവമായ പാപം ചെയ്ത വ്യക്‌തികളെ സഭാസ മൂഹത്തിൽനിന്നു മഹറോൻ ചൊല്ലി പുറത്താക്കുകയായിരുന്നു ആദിമസഭയിലെ പതിവ്. സഭാസമൂഹത്തിൻ്റെ പ്രതിനിധിയെന്നനിലയിൽ അതിൻ്റെ തലവനായ മെത്രാനാണ് പരസ്യപാപികളെ ഇങ്ങനെ ഔദ്യോ ഗികമായി സഭക്കു പുറത്താക്കിയിരുന്നത്. പാപത്തെപ്പറ്റി യഥാർഥമായ അനുതാപത്തോടെ മാനസാന്തരപ്പെട്ട് പാപി തിരികെ വന്ന് തൻ്റെ പാപം മെത്രാനോട് ഏറ്റുപറഞ്ഞാൽ, കഠിനമായ ചില പ്രായശ്‌ചിത്ത പ്രവൃത്തികൾ അദ്ദേഹം നിർദേശിച്ചിരുന്നു. ആഴചകളും മാസങ്ങളും ചിലപ്പോൾ വർഷങ്ങളും നീണ്ടു നില്ക്കുന്ന ഉപവാസം, മാംസ വർജനം, സഹോദരീസഹോദരന്മാരെപ്പോലെയുള്ള ഭാര്യാഭർത്ത്യജീവിതം, ഉറക്കമൊഴിഞ്ഞിരുന്നുള്ള പ്രാർഥന, ചാക്കുവസ്ത്രം ധരിക്കുകയും ചാരം പൂശുകയും ചെയ്യുക, ദേവാലയവാതില്ക്കൽ മുട്ടുകുത്തിനിന്ന് അകത്തേക്കും പുറത്തേക്കും പോകുന്ന വിശ്വാസികളോടുള്ള മാപ്പുചോദിക്കലും പ്രാർഥനാഭ്യർഥനയും - ഇങ്ങനെ വളരെ കഠിനമായ പ്രായശ്‌ചിത്തപ്രവൃത്തികൾ ചെയ്തിട്ട്, സഭാസമൂഹവുമായുള്ള അനുരജ്ഞനത്തിനായി തിരിച്ചുവരാൻ അവരെ പറഞ്ഞയക്കുകയായിരുന്നു പതിവ്.
പാപിയുടെ അനുതാപത്തിൻ്റെയും മാനസാന്തരത്തിൻ്റെയും ആഴവും പുതുജീവിത ത്തിനുള്ള സന്നദ്ധതയും തെളിയിക്കുകയായിരുന്നു കഠിനമായ ഈ പ്രായശ്ചിത്തപ്രവൃത്തികളുടെ ഒരു ലക്ഷ്യം. മറ്റൊരുലക്ഷ്യം പാപമോചനപ്രക്രിയയിൽ സമൂഹത്തിനുള്ള പങ്കു വ്യക്തമാക്കുകയായിരുന്നു. ഇങ്ങനെ പരിഹാരം ചെയ്‌തുമടങ്ങിവരുന്ന വ്യക്തിയെ സഭാസമൂഹത്തിൻ്റെ ഔദ്യോഗികപ്രതിനിധിയെന്ന നിലയിൽ മെത്രാൻ ഈ സഭാസമൂഹത്തിലേക്കു വീണ്ടും സ്വീകരിച്ചിരുന്നു. സഭാസമൂഹ ത്തിൻ്റെ ഈ പുനർസ്വീകരണത്തിലും അനുരജ്‌ഞനത്തിലും ദൈവവും പാപിയോടു ക്ഷമിക്കുന്നുവെന്നതായിരുന്നു സഭയുടെ ആരംഭം മുതലുള്ള വിശ്വാസം. ഈ വിശ്വാസത്തിൻ്റെ പ്രതിഫലനം മത്താ 16, 19-ലും 18, 18-ലും നാം കാണുന്നുണ്ട്: "സ്വർഗരാജ്യത്തിൻ്റെ താക്കോലുകൾ നിനക്കു ഞാൻ തരും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും" (മത്താ. 16, 19); "സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും: നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും" (മത്താ. 18, 18). അങ്ങനെ സഭയുമായുള്ള അനുരജ്‌ഞനമായിരുന്നു ആരംഭം മുതൽ പാപമോചനമെന്ന കൂദാശയുടെ ഒന്നാമത്തെ ഫലമായി പരിഗണിക്കപ്പെട്ടി രുന്നത്. ഈ അനുരജ്‌ഞനത്തിലായിരുന്നു ദൈവത്തിൽനിന്ന് പാപിക്കുമോചനം ലഭിക്കുന്നത്.
ആരംഭത്തിൽ മെത്രാനായിരുന്നു അനുരജ്‌ഞനത്തിൻ്റെ കൂദാശയിൽ സഭാ സമൂഹത്തിൻ്റെ ഔദ്യോഗിക പ്രതിനിധിയായി പ്രവർത്തിച്ചിരുന്നത്. കാലക്രമത്തിൽ സഭ ഗ്രാമങ്ങളിലേക്കു വ്യാപിക്കുകയും സഭാംഗങ്ങളുടെ സംഖ്യ വർധിക്കുകയും ചെയ്തതോടെ മെത്രാൻ തന്നെ എല്ലായിടത്തും ഇതു നിർവഹിക്കുക ദുഷ്കരമായിത്തീർന്നു. അതിനാൽ, വൈദികരും സഭാസ മൂഹത്തിൻ്റെ ഔദ്യോഗിക പ്രതിനിധികളെന്ന നിലയിൽ അനുരജ്ഞനകൂദാശയിൽ കാർമികത്വം വഹിക്കാൻ തുടങ്ങി. സഭയുടെ ഔദ്യോഗികപ്രതിനിധിയുടെ സാന്നിധ്യവും നേതൃത്വവും വ്യക്തമാക്കിയത് പാപത്തിൻ്റെയും പാപമോചനത്തിൻ്റെയും സാമൂഹികമായ മാനമാണ് പാപം ദൈവത്തിനും സമൂഹത്തിനുമെതിരായ തിന്മയാകയാൽ, പാപത്തിൽനിന്നുള്ള മോചനത്തിലും ദൈവവും സഭയും കൂടി ഒരുമിച്ചു പ്രവർത്തിക്കുന്നുവെന്ന ബോധ്യം ആദിമസഭയിൽ രൂഢമൂലമായിരുന്നു.
അനുരജ്‌ഞനകുദാശ നൂറ്റാണ്ടുകളിലൂടെ
അനുരജ്‌ഞനകൂദാശ പരികർമം ചെയ്യുന്ന രീതിയിൽ നൂറ്റാണ്ടുകളിലൂടെ പല മാറ്റങ്ങളും വന്നു. ഗൗരവമായ പാപം ചെയ്തവരെ സഭയിൽനിന്നു പുറത്താക്കു കയും, അനുതപിച്ചു തിരിച്ചുവന്നാൽ കഠിനമായ പരിഹാരപ്രവൃത്തികളിലൂടെ യഥാർഥമായ മാനസാന്തരമുണ്ടായെന്ന് തെളിഞ്ഞാൽ മാത്രം സഭയിലേക്കുവീണ്ടും സ്വീകരിക്കുകയും ചെയ്യുന്ന രീതി പലർക്കും അസഹനീയമായി അനുഭവപ്പെട്ടു. പോരെങ്കിൽ, ഒരൊറ്റപ്രാവശ്യം മാത്രമേ ഇങ്ങനെ അനുരജ്‌ഞനകൂദാശ സ്വീകരിച്ച് സഭയുമായി രമ്യപ്പെടുവാൻ സാധ്യമായിരുന്നുള്ളു. വീണ്ടും ഗൗരവമായ പാപത്തിൽ വീഴാനുള്ള നിർഭാഗ്യമുണ്ടായാൽ ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന പരിഹാരപ്രവൃത്തികളിലൂടെ ദൈവവുമായി അനുരജ്‌ഞനപ്പെടാനുള്ള സാധ്യത നിഷേധിച്ചിരുന്നില്ലെങ്കിലും, സഭയുമായു ള്ള അനുരജ്ഞനം അസാധ്യമായിരുന്നു. ഇക്കാരണത്താൽ ആദ്യത്തെ അനുരജ്‌ഞനകൂദാശയുടെ സ്വീകരണം പലരും മരണനേരത്തേക്കു മാറ്റിവെച്ചു. എന്നാൽ മരണം വരുന്നത് എപ്പോഴും മുന്നറിയിപ്പോടുകൂടിയല്ലല്ലോ. അതിനാൽ, അനുരജ്‌ഞനകൂദാശ സ്വീകരിക്കാനുള്ള അവസരം ലഭിക്കാതെ പലരും പരലോകംപൂകി.പാപ ത്തിൽ വീഴാനുള്ള നിർഭാഗ്യമുണ്ടായശേഷം, മരണം അടുക്കുന്നതുവരെ തിരുസഭയുമായി അനുരജ്ഞനപ്പെടാതെ ജീവിക്കുന്നത് പലരുടെയും മനഃസാക്ഷിയെ വ്രണപ്പെടുത്തിയിരുന്നു. അങ്ങനെ ജീവിക്കേണ്ടിവന്നവർ വിശുദ്ധമായ ജീവിതം നയിക്കുന്നവരെന്നു അറിയപ്പെട്ടിരുന്ന വൈദികരോ സന്യാസികളോ അത്‌മായരോ ആയ ചില ആളുകളുടെ അടുത്തുപോയി തങ്ങളുടെ പാപങ്ങൾ ഏറ്റുപറയുകയും അവരുടെ പ്രാർഥനയും ഉപദേശവും ചോദിക്കുകയും തങ്ങളുടെ പാപങ്ങൾക്കുവേണ്ടി ചെയ്യേണ്ട പരിഹാരപ്രവൃത്തികൾ നിർദേശിച്ചുകൊടുക്കുവാൻ ആഗ്രഹം പ്രകടിപ്പി ക്കുകയും ചെയ്തു തുടങ്ങി. ഏതാണ്ട് ആറാംനൂറ്റാണ്ടോടുകൂടിയാണ് ഈ പ്രതി ഭാസം വിശ്വാസികൾക്കിടയിൽ ദൃശ്യമായത്.
അയർലൻഡിൽനിന്നും സ്കോർട്ട്ലൻഡിൽനിന്നും യൂറോപ്പുവൻകരയിലെത്തിയ സന്യാസികളാണെന്ന് പറയാം ഇതു വ്യാപകമായ ഒരു ശുശ്രൂഷയാക്കി മാറ്റിയത്. അതോടെ ഒരു പുതിയ ശൈലിതന്നെ ഈ ശുശ്രൂഷക്ക് ലഭിച്ചു. അന്നുവരെ ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രമേ സഭയുമായുള്ള ഔദ്യോഗികമായ അനുരജ്ഞനം സാധ്യമായിരുന്നുള്ളുവെങ്കിൽ, പുതിയ അനുരജ്‌ഞനരീതി ആവശ്യമുള്ളപ്പോഴൊക്കെ സാധ്യമായിത്തീർന്നു. കഠിനമായ നീണ്ട പരിഹാരപ്രവൃത്തികൾക്കുപകരം ലളിതവും ഹ്രസ്വവുമായ പ്രായശ്ചിത്തങ്ങൾ അനുതപിക്കുന്ന പാപികൾക്കു നൽകപ്പെട്ടു. ചെയ്തുപോയ പാപങ്ങളും നിർദേശിക്കപ്പെട്ട പരിഹാരപ്രവൃത്തികളും തമ്മിൽ അനുപാതമുണ്ടായിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. അതിനു സഹായിക്കാൻ പാപങ്ങളും അവയ്ക്കുള്ള പരിഹാരപ്രവൃത്തികളും വിവരിക്കുന്ന അസംഖ്യം ലിസ്റ്റുകളും പുസ്തകങ്ങളും പ്രസിദ്ധികൃതമായി. ഐകരൂപ്യമോ ഔദ്യോഗികമായ അംഗികാരമോ ഒന്നും അവക്കുണ്ടായിരുന്നില്ല. സഭയുടെ ഔദ്യോഗികമായ അനുരജ്‌ഞനശുശ്രൂഷ പരസ്യമായിട്ടാണ് നടത്തിയിരുന്നതെങ്കിൽ, പുതിയ അനുരജ്ഞനഗുശ്രൂഷ നടത്തിയിരുന്നത് രഹസ്യമായിട്ടാണ്.
പുതിയ അനുരജ്‌ഞനശുശ്രൂഷയിലും ആരംഭത്തിൽ പ്രായശ്ചിത്തപ്രവൃത്തികൾക്കാണ് കൂടുതൽ ഊന്നൽ കൊടുത്തിരുന്നത്. എന്നാൽ, കാലക്രമത്തിൽ ഏറ്റുപറച്ചിലിന് കൂടുതൽ പ്രാധാന്യം നൽകപ്പെട്ടു. ഏറ്റുപറച്ചിൽ പാപിയെ എളിമപ്പെടുത്തുന്ന ഒരു കാര്യമായതിനാൽ, അതുതന്നെ ഒരു പരിഹാരപ്രവൃത്തിയായി പരിഗണിക്കപ്പെട്ടു ഈ ശുശ്രൂഷക്കുതന്നെ ഏറ്റുപറച്ചിൽ എന്ന അർഥം വരുന്ന 'കുമ്പസാരം' (Confession) എന്ന പേരുണ്ടായത് ഈ പുതിയ ഊന്നലിൽനിന്നാണ്. ആദ്യമൊക്കെ പരിഹാരം ചെയ്തു തിരിച്ചുവരുമ്പോഴായിരുന്നു പാപമോചനത്തിനുള്ള പ്രാർഥനയും സഭയുമായുള്ള അനുരജ്‌ഞനവും നടന്നിരുന്നത്. രോഗികളുടെ കാര്യത്തിൽ മാത്രമേ ഇതിന് അപവാദമുണ്ടായിരുന്നുള്ളുവെന്നുപറയാം. കാലക്രമത്തിൽ പലരും പരിഹാരം ചെയ്‌ത തിരിച്ചുവരുന്നതിൽ വീഴ്ച വരുത്തിത്തുടങ്ങി. അവസാനം, പരിഹാരം നിർദേശിക്കുന്നതോടുകൂടിത്തന്നെ പാപമോചനത്തിനുള്ള പ്രാർഥനയും സഭയുമായുള്ള അനുരജ്‌ഞനവും നടത്തുകയും ചെയ്തു.
ഇങ്ങനെ സഭയിൽ സ്വാഭാവികമായി നടപ്പിൽ വന്ന അനുരജ്‌ഞനശുശ്രൂഷയെ ആരംഭത്തിൽ ചില മെത്രാന്മാരും സഭാസിനഡുകളും എതിർത്തെങ്കിലും, അജപാലനപരമായ ഒരാവശ്യമായിരുന്നതുകൊണ്ടാകാം, ഇതു കൂടുതൽ കൂടുതൽ വ്യാപകമാകുകയാണുണ്ടായത്. മെല്ലെ, മെത്രാന്മാരും സിനഡുകളും ഇതിൻ്റെ ആത്‌മീയമായ പ്രയോജനം മനസ്സിലാക്കുകയും ഇതിനെ പ്രോത്‌സാഹിപ്പിക്കുകയും ചെയ്തുതുടങ്ങി. ഇങ്ങനെ, പരസ്യമായ അനുരജ്‌ഞന ശുശ്രൂഷയുടെ സ്ഥാനത്ത് നൂറ്റാണ്ടുകളിലൂടെ സഭയിൽ പ്രചാരത്തിൽവന്ന രഹസ്യമായ അനുരജ്‌ഞനശുശ്രൂഷയെ 1215-ൽ നാലാം ലാറ്ററൻസൂനഹദോസ് അംഗീകരിക്കുകയും, ആണ്ടിലൊരിക്കലെങ്കിലും എല്ലാ വിശ്വാസികളും ഇത് സ്വീകരിക്കണമെന്നത് നിർബന്‌ധിതമാക്കുകയും ചെയ്തു. ത്രെന്തോസ് സൂനഹദോസ് നാലാം ലാറ്ററൻ സൂനഹദോസിൻ്റെ തീരുമാനത്തെ സ്ഥിരീകരിച്ചു. ഗൗരവമായ പാപങ്ങളും അവക്കു തരംതിരിവുവരുത്തുന്ന സാഹചര്യങ്ങളും ഇപ്രകാരമുള്ള അനുരജ്‌ഞന ശുശ്രൂഷയിൽ (അഥവാ കുമ്പസാരത്തിൽ) വൈദികനോട് ഏറ്റുപറഞ്ഞ് പാപമോചനം നേടണമെന്നത് അങ്ങനെ തിരുസഭയുടെ ഒരു നിയമമായി.
പുരോഹിതൻ സഭാസമൂഹത്തിൻ്റെ ഔദ്യോഗികപ്രതിനിധി
ആറാം നൂറ്റാണ്ടൊടുകൂടി പുതിയ അനുരഞ്ജനശുശ്രുഷ സ്വാഭാവികമായി സഭയിൽ ആരംഭിച്ചപ്പോൾ, വൈദീകരെന്നോ, സന്യാസികളെന്നോ, അല്മയരെന്നോ ഉള്ള വ്യത്യാസം കൂടാതെ, വിശുദ്ധ ജീവിതം നയിച്ചിരുന്ന വ്യക്തികളുടെ അടുത്താണ് പാപങ്ങൾ ഏറ്റുപറയുന്നതിനും ഉപദേശവും പ്രാർത്ഥനയും പാപപരിഹാര നിർദേശങ്ങളും ലഭിക്കുന്നതിനുമായി വിശ്വാസികൾ പോയിരുന്നത്. അനുരജ്‌ഞനത്തിൻ്റെ കൂദാശ സ്വീകരിക്കുന്നുവെന്ന അവബോധത്തോടെ ആയിരുന്നില്ല അവർ അന്ന് അങ്ങനെ ചെയ്‌തിരുന്നത്. എങ്കിലും, പാപത്തെക്കുറിച്ച് ആത്‌മാർഥമായി അനുതപിക്കുകയും പുതിയ ഒരു ജീവിതം നയിക്കാൻ തിരുമാനിക്കുകയും ചെയ്തുകൊണ്ട് ഈ ശുശ്രൂഷ സ്വീകരിച്ച വ്യക്‌തികൾക്കു പാപമോചനം ലഭിച്ചിരുന്നുവെന്നതു സംശയമില്ലാത്ത കാര്യമാണ്. കാലക്രമത്തിൽ, ആദിമ സഭയിലെ അനുരജ്‌ഞനകൂദാശയുടെ സ്ഥാനത്തുള്ള കൂദാശയായി ഈ ശുശ്രൂഷ അംഗീകരിക്കപ്പെട്ടപ്പോൾ, വൈദികർക്കു മാത്രമേ ഈ പരികർമം ചെയ്യുവാൻ പാടുള്ളുവെന്ന് സഭ തീരുമാനിച്ചു. ഏതാണ്ട് പതിനൊന്നാം നൂറ്റാണ്ടോടു കൂടിയാണെന്നുപറയാം ഈ നിയമം പ്രാബല്യത്തിൽ വന്നത്. ഇപ്പോൾ വൈദികർക്കുമാത്രമാണ് കുമ്പസാരമെന്ന കൂദാശയിലൂടെ പാപം മോചിക്കാൻ അധികാരമുള്ളത്. പാപത്തിനും പാപമോചനത്തിനും സാമൂഹികമായ അഥവാ സഭാപരമായ ഒരു മാനമുള്ളതിനാൽ സഭയുടെ ഔദ്യോഗികപ്രതിനിധിയായ മെത്രാനോ വൈദികനോ വേണം പാപിയെ സഭയുമായി അനുരഞ്ജനപ്പെടുത്തുവാൻ എന്ന ചിന്താഗതിയാണ് ഈ നിയമത്തിൽ പ്രതിഫലിപ്പിക്കുന്നത്. ശരിയായ ഒരു ചിന്താഗതിയാണെന്ന് സമ്മതിച്ചേതീരു.
കുമ്പസാരം അഥവാ അനുരജ്‌ഞനത്തിൻ്റെ കൂദാശ ഒന്നാമതായി പാപിയെ സഭയുമായി അനുരജ്‌ഞിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സഭയുമായുള്ള ഈ അനുരഞ്ജനത്തിലാണ് പാപിക്ക് ദൈവത്തിൽനിന്ന് പാപമോചനം ലഭിക്കുന്നതെന്നും പറഞ്ഞു. സഭയുമായി അനുരഞ്ജിപ്പിക്കുവാൻ സഭയുടെ ഔദ്യോഗികപ്രതിനിധിയായ മെത്രാനോ വൈദികനോ മാത്രമേ അധികാരമുള്ളുവെന്ന് വ്യക്തമാണല്ലോ. യേശുക്രിസ്തുവിൻ്റെ ജീവിതബലി സ്വജീവിതത്തിൽ പകർത്തുന്ന വിശുദ്ധരായ അല്മായരാണെങ്കിൽ പോലും സഭ തങ്ങളെ ഏല്പിക്കാത്ത ഒരു ചുമതല ഔദ്യോഗികമായി സ്വയം ഏറ്റെടുത്തുനടത്തുവാൻ അവർക്കു പാടില്ലല്ലോ.
പാപമോചനാധികാരം മാന് ത്രികശക്തിയല്ല
കുമ്പസാരമെന്ന കൂദാശയിലെ പാപമോചനത്തെപ്പറ്റിയുള്ള ചില തെറ്റിദ്ധാരണകളും നാം അകറ്റേണ്ടിയിരിക്കുന്നു. അനുരഞ്ജനകൂദാശയിൽ പുരോഹിതർ പാപം മോചിക്കുന്നുവെന്ന് പറയുമ്പോൾ, ഒരുകാര്യം നാം അറിഞ്ഞിരിക്കണം. പുരോഹിതൻ്റെ പാപമോചനമൊഴികളിലൂടെ മാന്ത്രികമായോ യാന്ത്രികമായോ ആരുടെയും പാപങ്ങൾ മോചിക്കപ്പെടുന്നില്ല. ഒരു കൂദാശയ്ക്കുമില്ല മാന്ത്രികമായ ഫലദായകത്വം എന്നറിയാമല്ലോ. പാപങ്ങൾ മോചിക്കപ്പെടുന്നത് യഥാർഥമായ അനുതാപവും മാനസാന്തരവുമുള്ളിടത്ത് മാത്രമാണ്. അങ്ങനെ അനുതപിച്ച് യഥാർഥമായ മാനസാന്തരത്തിലേക്ക് വരുന്ന വ്യക്തി സഭയിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുനാഥനെ കുമ്പസാരമെന്ന കൂദാശയിലൂടെ കണ്ടുമുട്ടുകയാണ് ചെയ്യുന്നത്. ഈ കണ്ടുമുട്ടലിലാണ് അയാൾക്ക് കർത്താവിൻ്റെ കാരുണ്യവും പാപമോചനവും ലഭിക്കുന്നത്. ഈ കണ്ടുമുട്ടൽ സംഭവിക്കുന്നില്ലെങ്കിൽ, പാപങ്ങൾ പുരോഹിതനോട് ഏറ്റുപറഞ്ഞതുകൊണ്ടോ പുരോഹിതൻ പാപമോചനമൊഴികൾ ഉച്ചരിച്ചതുകൊണ്ടോ യാതൊരു ഫലവുമുണ്ടാകുന്നില്ല. പാപം മോചിക്കാനുള്ള പുരോഹിതൻ്റെ അധികാരമെന്നുപറയുമ്പോൾ നാം മനസ്സിലാക്കേണ്ടത്, അനുതപിച്ച് മാനസാന്തരത്തിലേക്കുവരാൻ സന്നദ്ധനായ വ്യക്തിയെ സഭയുടെ ഔദ്യോഗിക പ്രതിനിധിയെന്ന നിലയിൽ സഭയുമായി അനുരജ്‌ഞിപ്പിക്കാ നും, ഈ അനുരജ്‌ഞനത്തിലൂടെ കർത്താവിൻ്റെ മാപ്പും കാരുണ്യവും അയാൾക്ക് ലഭി ക്കുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനുമുള്ള അധികാരമെന്നാണ്. ഈ വസ്തുത മനസ്സിലാക്കിക്കഴിഞ്ഞാൽ, പാപങ്ങൾ മോചിക്കാനുള്ള അധികാരം പുരോഹിതർക്കു മാത്രമാണോ, അതോ ഉത്തമ ക്രൈസ്തവജീവിതം നയിക്കുന്ന അല്മായർക്കുമുണ്ടോ എന്ന ചോദ്യത്തിനുള്ള വ്യക്‌തമായ ഉത്തരവും കിട്ടിക്കഴിഞ്ഞിരിക്കുമെന്നാണ് എനിക്കുതോന്നുന്നത്.





















