top of page

മാർതോമാ കുരിശ് മാനിക്കയൻ കുരിശോ ?

May 2, 1991

8 min read

പി. കെ. �മാത്യു ഏറ്റുമാനൂർ

വീക്ഷണങ്ങൾ

An ornate cross with a descending dove at the top, surrounded by decorative scrollwork. Malayalam text below reads: "മാര്‍ത്തോമാ ക്രൂശ്".


കേരള ക്രൈസ്‌തവർക്കു ഉയർന്ന ഒരു സാംസ്‌കാരിക പാരമ്പര്യം ഉണ്ട്. അവർ ഒരിക്കലും മതമൗലികവാദികളുടെ പിടിയിലകപ്പെട്ടു വികലരായിത്തീർന്നിട്ടില്ല. ഈ നിലവാരം നമ്മുടെ മതമേധാവികളെ ഒട്ടൊക്കെ അസ്വസ്‌ഥരാക്കിയിട്ടുണ്ട്. പക്ഷേ, സാംസ്‌കാരിക പൈതൃകത്തിനു ഒരു കളങ്കമായിരുന്നു നിലയ്ക്കൽ കുരിശു കണ്ടത്തിയ സംഭവം. തോമാ ശ്ലീഹാ നിലയ്ക്കൽ സ്ഥാപിച്ചതെന്ന അനുമാനത്തിൽ മണ്ണിനടിയിൽ നിന്നു കണ്ടെടുക്കപ്പെട്ട കുരിശിന്റെ ഫോട്ടോ പത്രത്തിലുണ്ടായിരുന്നു. എന്നാൽ, അതു 'മാർതോമാക്കുരിശു' പോലെ അലങ്കരിക്കപ്പെട്ട കുരിശല്ലായിരുന്നു. സമുദായസ്നേഹികളായ അൽമായർ മുമ്പോട്ടുവന്നു ആ കുരിശു നമുക്കുവേണ്ട എന്നുറക്കെ പറഞ്ഞു. കുരിശു കണ്ടെടുക്കലിനു സുത്രധാരകത്വം വഹിച്ചവർക്കു അംഗീകാരം നൽകിയ സഭാപിതാക്കന്മാർക്കു തെറ്റുപറ്റിയെന്നു, അവർതന്നെ സമ്മതിച്ചു. കുരിശു സംരക്ഷിക്കുവാൻ സായുധരായി രംഗത്തെത്തിയവർ പിന്നോക്കം പോയി. കേരള ക്രൈസ്‌തവ ജനതയെ മതമൗലികവാദികളും, മതഭ്രാന്തന്മാരും ആക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിതമായ ആ അക്രൈസ്‌തവസംരംഭം അങ്ങനെ പൊളിഞ്ഞു. രാപ്പാതിരാനേരം വിശ്വസ്‌തരായ അനുയായികളെ ഉപയോഗിച്ചു കുരിശടികൾ തകർത്തു കൊണ്ടുളള പരീക്ഷണം പലരും ഇന്നാട്ടിൽ നടത്തിനോക്കിയിട്ടുണ്ട്. എന്നാൽ അതൊക്കെ പാളിപ്പോയതേയുള്ളു.


ഇവിടത്തെ ക്രൈസ്‌തവരുടെ സാംസ്കാരിക മൂല്യങ്ങൾക്കു ക്രിസ്‌തുവിനോടും അവിടുത്തെ പഠനങ്ങളോടുമാണ് വിധേയത്വം വേണ്ടത്. വർഗ്ഗീയതയും മതമൗലികവാദവും ഉൾക്കൊള്ളാനുള്ള യാതൊരു പിൻബലവും വിശുദ്ധഗ്രന്ഥം നമുക്കു പ്രദാനം ചെയ്തിട്ടില്ല. നമ്മുടെ ആത്‌മീയവും ഭൗതികവുമായ രക്ഷയുടെ ചാലിത ശക്തി ക്രൂശിതനായ ക്രിസ്‌തുവിലൂടെ കൈവരിച്ചതാണെന്നു നാം വിശ്വസിക്കുന്നു. "മതമല്ല (മതനിയമങ്ങൾ) മനുഷ്യനാണ് വലുത്" (മർക്കോസ് 2:27) എന്ന തിരുവചനം നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.


ബൈബിളിലും ക്രൂശിതനിലും കേന്ദ്രീകരിച്ചുള്ള വിശ്വാസികളുടെ പോക്കിൽ ചിലർ പന്തികേടു കണ്ടെത്തുന്നു. അവർ, വിശ്വാസികളെ മതമൗലികവാദത്തിൻ്റെ ഊരാക്കുടുക്കിൽ പെടുത്തുവാനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നു. അതിലൊരിനമാണ് കൽദായവൽക്കരണ സംരംഭം എന്നു തോന്നിപ്പോകുന്നു. ഈ സംരംഭം വിജയിക്കണമെങ്കിൽ ക്രൂശിതനെപ്പറ്റിയുള്ള സ്മരണയിൽ നിന്നു വിശ്വാസികളെ മോചിപ്പിക്കണമെന്ന പക്ഷക്കാരായി അവർ മാറുന്നു. അതിന്റെ ഭാഗമായിട്ടാണോ ക്രൂശിതനായ ക്രിസ്തുവിന്റെ തിരുസ്വരൂപം നമ്മുടെ ദേവാലയങ്ങളിൽ നിന്നു നീക്കം ചെയ്ത്‌ തത് സ്‌ഥാനത്തു പണ്ടെങ്ങോ പേർഷ്യയിൽ ഉടലെടുത്ത ശീശ്മക്കുരിശിനെ പ്രതിഷ്‌ഠിച്ചുകൊണ്ടിരിക്കുന്നത് എന്നു സംശയിക്കുന്നു. ഒരു പതിറ്റാണ്ടിനപ്പുറം പേർഷ്യൻ കുരിശെന്ന് അറിയപ്പെട്ടിരുന്ന ഈ കുരിശിനടിയിൽ കാണുന്നതു ഇന്ത്യയിൽ വളരുന്ന താമരപ്പുവാണന്നു വിശ്വസിച്ചുകൊളളണമെന്നു ഇതിന്റെ പ്രണേതാക്കൾ വിശദീകരിക്കുന്നു. താമരപ്പുവിൻ്റെ പടമെങ്കിലും കണ്ടിട്ടുള്ളവരതു വിശ്വസിക്കുമെന്നു തോന്നുന്നില്ല.


ഇതു മാനിക്കയൻ കുരിശാണ്


മുന്നാം നൂററാണ്ടിൽ, റൂഹാദ്ക്കുദ്ശാ തമ്പുരാൻ്റെ മനുഷ്യാവതാരമെന്നു അവകാശപ്പെട്ടുകൊണ്ടു മാനി എന്നൊരാൾ പേർഷ്യയിൽ പ്രത്യക്ഷപ്പെട്ടു. അയാൾ സ്ഥാപിച്ച പുതിയ മതമാണ് മാനിക്കയൻ മതം. ഈ പുതിയ മതസ്‌ഥർ തങ്ങളുടെ ദേവാലയങ്ങളിൽ വിശ്വാസികളുടെ വണക്കവസ്‌തുവായി പ്രത്യേക പ്രതീകങ്ങളോടുകൂടിയ ഒരു തരം കുരിശു പ്രതിഷ്‌ഠിക്കുകയുണ്ടായി. ആ കുരിശിന്റെ തനിപകർപ്പാണ് ഈയിടെ മർത്തോമ്മാ കുരിശെന്ന പേരിൽ നമ്മുടെ ദേവാലയങ്ങളിൽ സ്ഥ‌ാനം പിടിച്ചിരിക്കുന്ന പേർഷ്യൻ കുരിശ്. ഈ കുരിശു മാനിക്കയൻ മതസ്‌ഥരുടെ കുരിശായിരുന്നു എന്ന ചരിത്ര വസ്തുത അറിയാതെയാണെന്നു തോന്നുന്നു ചിലർ മാർതോമ കുരിശെന്നപേര് അതിനു കൊടുത്തു പോയിട്ടുള്ളത്. ഈ കുരിശിനു മാനിക്കയൻ മതസ്ഥർ നലയിയിരുന്ന പ്രതീകങ്ങളുടെ വ്യാഖ്യാനം ഏതു ക്രൈസ്ത വിഭാഗത്തിൽപ്പെട്ടവർക്കും ഹൃദയ വേദന ഉളവാക്കുന്ന തരത്തിലുള്ളവയാണ്.

മാനിക്കയൻ മതത്തെപ്പറ്റി സ്വല്പം ചരിത്രം


പേർഷ്യൻ സാമ്രാജ്യത്തിൽ മൂന്നാം നൂറ്റാണ്ടിൽ രൂപംകൊണ്ട ഈ മതം, ദ്രുതഗതിയിൽ വ്യാപകമായി വളരുകയും അതേ വേഗത്തിൽ ക്ഷയിച്ചു നാമവശേഷമാകുകയും ചെയ്തു. അക്കാരണത്താൽത്തന്നെ ചരിത്രത്തിന്റെ ഏടുകളിൽ ഈ പ്രസ്ഥാനത്തിനു മതിയായ സ്ഥാനം ലഭിക്കാതെ പോയി. ഈ മതത്തെപ്പറ്റിയുള്ള ചരിത്രപരമായ അറിവ് ഈ നൂറ്റാണ്ടിന്റെ ആരംഭം വരെ തീർത്തും കമ്മിയായിരുന്നു. ഫാ. സേവ്യർ കൂടപ്പൂഴയുടെ വാക്കുകളിൽ ഈ മതത്തിന്റെ ഹ്രസ്വചരിത്രം (തിരുസഭാചരിത്രം: പേജ് 173-75) ഇതാണ്: മാന്നി അഥവാ മാനി ആണ് ഇതിന്റെ പ്രാരംഭ പ്രവർത്തകൻ. 1902ൽ ചൈനയിലെ ടർഫൻ ഗുഹകളിൽ നിന്ന് ഇതു സംബന്ധിച്ച പല രേഖകളും കിട്ടിയിട്ടുണ്ട്. 1930ൽ ഒരു മാനിക്കയൻ ലൈബ്രറിയും ഈജിപ്തിൽ കണ്ടുപിടിക്കപ്പെട്ടു. ഒരു സാർവ്വത്രികമതം അദ്ദേഹം സ്ഥാപിച്ചു; ഇതിന്റെ പ്രചരണത്തിനായി മാനി കുരിശുമരണം സ്വീകരിച്ചു എന്ന് അനുയായികൾ വിശ്വസിക്കുന്നു. "ജീവൻ്റെ നിക്ഷേപം", "രഹസ്യങ്ങളുടെ പുസ്തകം" തുടങ്ങിയ ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ ആശയഗതി വ്യക്തമായി കാണാം.


പേർഷ്യയിൽ ഒട്ടനവധി മതങ്ങളും ചിന്താഗതികളും പ്രബലപ്പെട്ടിട്ടുണ്ട്. കച്ചവടാവശ്യത്തിനു പേർഷ്യക്കാർ പണ്ടുമുതൽക്കേ ഇൻഡ്യയിൽ സ്ഥിരതാമസമാക്കിയിരുന്നു. മതമർദ്ദനം ഹേതുവാൽ പേർഷ്യൻ ജനം കൂട്ടമായി ഇൻഡ്യയിൽ കുടിയേറിപ്പാർത്ത സംഭവങ്ങളും ഉണ്ട്. പേർഷ്യൻ ജനതയോടൊപ്പം അവരുടെ മതങ്ങളും ഇൻഡ്യയിൽ പ്രചരിച്ചു. ഈ മതങ്ങളിൽ പലതും അവരുടെ മാതൃരാജ്യത്തു നാമവശേഷമായെങ്കിലും ഇൻഡ്യൻ മണ്ണിൽ ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ അവശേഷിച്ചിട്ടുണ്ട്. ആദിമ നൂറ്റാണ്ടുകളിൽ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായിരുന്ന സൊരാസ്ട്രിയൻമതം മുസ്‌ലീം ആധിപത്യത്തോടെ പേർഷ്യയിൽ വേരറ്റുപോയി. ആ മതസ്ഥരിൽ ബാക്കിവന്ന ഏക ജനവിഭാഗം പാഴ്സികൾ എന്ന പേരിൽ ഇൻഡ്യയിൽ അറിയപ്പെടുന്നവരാണ്. അവർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് സൗരാഷ്‌ട്ര. പേർഷ്യയിൽ പ്രാബല്യത്തിലിരുന്ന സൊരാസ്ട്രിയൻമത തത്വങ്ങളും ക്രൈസ്തവമത തത്വങ്ങളും തന്മയത്വത്തോടെ സമന്വയിപ്പിച്ചുകൊണ്ടാണ് മാനി പുതിയ മതത്തിനു രൂപം നൽകിയത്. അന്നോളം ക്രൈസ്തവർക്കു ദേവാലയങ്ങളോ അതിനുള്ളിൽ കുരിശുകളോ ഉണ്ടായിരുന്നില്ല. എന്നാൽ, മാനിക്കയൻ മതസ്ഥർ ഇതര മതസ്ഥർ ചെയ്തിരുന്നതുപോലെ ദേവാലയങ്ങളുണ്ടാക്കി, അവകളിൽ കുരിശുവെച്ചു. സൊരാസ്ട്രിയൻ മതസ്ഥർ സൂര്യാരാധകരായിരുന്നു. നാലുവശത്തേയ്ക്കും കതിരൊളികൾ വീശുന്ന സൂര്യനെ സമഭുജ കുരിശിന്റെ (നാലുവശത്തേയ്ക്കും തുല്യ അളവുള്ള) ആകൃതിയിൽ ആ മതസ്ഥർ ചിത്രീകരിക്കാറുണ്ട്. മാനിയുടെ, പൈതൃകമായിരുന്ന സൊരാസ്ട്രിയൻ മതസ്ഥരുടെ കുരിശിനു, ക്രൈസ്തവ വീക്ഷണത്തെ വികലമാക്കത്തക്ക പ്രതീകങ്ങൾ കൽപ്പിച്ചു തങ്ങളുടെ ദേവാലയങ്ങളിൽ അവർ സ്ഥാനം കൊടുത്തു.


നാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് ക്രൈസ്തവർ കുരിശിനെ വണങ്ങാൻ തുടങ്ങിയത്. അതുവരെ ക്രൂശിതനായ ക്രിസ്തുവിനെ ക്രൈസ്തവർ സ്മരിക്കുമെങ്കിലും അവിടുത്തെയും, അവിടുത്തെ വിശ്വസിച്ച ക്രിസ്ത്യാനികളായിത്തീർന്ന ഒട്ടനവധി രക്തസാക്ഷികളെയും വധിക്കാനുപയോഗിച്ച കുരിശെന്ന ഉപകരണത്തെ അവർ വെറുത്തിരുന്നു. നമ്മുടെ കർത്താവിനെ ക്രൂശിച്ച അതേ കുരിശ് കോൺസ്റ്റന്റയിൻ ചക്രവർത്തി കണ്ടെടുത്തു. ക്രിസ്തുമതം സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെട്ടു. അതോടുകൂടി കുറ്റവാളികളെ കുരിശിലേറ്റി വധിക്കുന്ന ഏർപ്പാട് റോമാസാമ്രാജ്യത്തു നിരോധിക്കപ്പെട്ടു. ഈ നിരോധനത്തിനും കാരണമായ കുരിശു കണ്ടെത്തൽ ക്രിസ്ത്യാനികൾ ആഹ്ലാദത്തോടെ സ്‌മരിച്ചുകൊണ്ടു പെരുന്നാൾ കൊണ്ടാടി. ക്രിസ്തു ക്രൂശിക്കപ്പെട്ട കുരിശിനെ ദർശിക്കാൻ വിശ്വാസികൾ കൂട്ടത്തോടെ എത്തിത്തുടങ്ങി. അതിൻ്റെ മാതൃക ഉണ്ടാക്കി പ്രതിഷ്ഠിക്കുന്ന രീതി പിന്നീടു ക്രൈസ്തവസഭയിൽ സാർവ്വത്രികമായി തീർന്നു.


മാനിക്കയൻ മതസ്ഥർ ഇന്ത്യയിൽ വന്നു കുരിശുണ്ടാക്കി തുടങ്ങിയപ്പോൾ, കുരിശിനെ വണങ്ങുന്ന രീതി സഭയിൽ സാർവ്വത്രികമായിപ്പോയതുകൊണ്ടും ആ കുരിശിനു അവർ നൽകിയ പ്രതീകങ്ങളെപ്പറ്റി അജ്ഞരായിരുന്നതുകൊണ്ടും മാത്രമാണ് നാട്ടുക്രിസ്ത്യാനികൾ അവരുടെ കുരിശിനെ പിടിച്ചുവാങ്ങി അടിച്ചുടയ്ക്കാതിരുന്നത്. പുരാവസ്തു എന്ന നിലയിൽ അവയെ സംരക്ഷിച്ചുപോരുന്നതു നല്ലതുതന്നെ. എന്നാൽ, പേർഷ്യൻ കുരിശിന്റെ മാതൃകകൾ ഉണ്ടാക്കി അതിനെ മാർത്തോമ്മാക്കുരിശെന്നു നാമകരണം ചെയ്തതും ക്രൂശിതനായ ക്രിസ്തുവിനു ഭ്രഷ്ടു കല്പിച്ച് തത് സ്ഥാനത്ത് പേർഷ്യൻ കുരിശു പ്രതിഷ്ഠിക്കുന്നതും വിശ്വാസികളെ കൊണ്ട് ചുമപ്പിക്കുന്നതും തീർത്തും കുറ്റകരമായിപ്പോയി.


ക്രൂശിതനെയും ഉത്ഥിതനെയും ഒന്നിച്ചു പ്രതിനിധാനം ചെയ്യുന്നതായി ഭാവിച്ചുകൊണ്ട് അഗ്രാഹ്യമായ കുരിശുനാട്ടുന്ന ദൈവശാസ്ത്രം ആവിഷ്കരിക്കുന്ന അഭിനവ വേദശാസ്ത്രികൾ ക്ഷമിക്കുക. വിധവയായിത്തീർന്ന യുവതി ഭർത്താവിന്റെ ചരമയറിയിപ്പും പുനർവിവാഹ പരസ്യവും ഒന്നിച്ചു പത്രത്തിന്റെ ഒരേ കോളത്തിൽ ഒതുക്കിച്ചെലവു ചുരുക്കാമെന്നു വിചാരിച്ചാലതു വിപരീതഫലമേ ചെയ്യുകയുള്ളൂ. 'ഉത്ഥിതൻ' എന്ന വിശേഷണം മാനിയുടേതാണ്. ക്രിസ്തു മരണമടയാതെ ഉത്ഥിതനായി എന്നുതന്നെയാണു മാനിയുടെ ഉദ്ബോധനം. ഉയർന്നുപോകാൻ മരിക്കണമെന്നില്ല; ദൈവം തിരുമനസ്സായൽ മതിയല്ലോ എന്ന അഭിമതം!


"മാർതോമാ കുരിശിനു" (മാനിക്കയൻ കുരിശിനു) മാനി നൽകിയ പ്രതീകങ്ങൾ


മാനിക്കയൻ മതസ്ഥരുടെ വണക്കവസ്തുവായി മാനി ആവിഷ്ക്കരിച്ച, നമ്മുടെ മാർതോമാ സ്ലീവായുടെ അതേ മാതൃകയിലുള്ള കുരിശിനു മാനി നൽകിയ പ്രതീകങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ഏതാണ്ട് ഇപ്രകാരമായിരുന്നു: കുരിശിനു താഴെ ഒന്നിനടിയിൽ മറ്റൊന്ന് എന്ന കണക്കിനു അർദ്ധവൃത്താകൃതിയിൽ നാലു കനത്ത ഭിത്തികൾ ഉള്ളതായി കാണിച്ചിരിക്കുന്നു. ഈ ഭിത്തികളാണ് ഇരുണ്ടലോകങ്ങളെയും വെളിച്ച ലോകങ്ങളേയും വേർതിരിക്കുന്ന പാളികൾ. മാനിയുടെ അഭിപ്രായത്തിൽ നമുക്കു കീഴെ നാലു ഇരുണ്ടലോകങ്ങളും നമുക്കു മേലെ നാലു വെളിച്ചലോകങ്ങളും ഉണ്ട്. ഇവകൾ തമ്മിൽ നിത്യസംഘട്ടനത്തിലുമാണ്. ഇരുണ്ട ലോകങ്ങൾ മനുഷ്യരെ തിന്മയിലേക്ക് ആകർഷിക്കുന്നു. വെളിച്ചലോകങ്ങൾ മനുഷ്യരെ നന്മയിലേക്കും നയിക്കുന്നു. തിന്മയുടെ ആകർഷണവലയത്തിൽ നിന്നു മനുഷ്യരാശിയെ മോചിപ്പിക്കുക എന്നതാണ് രക്ഷാകരദൗത്യം. ഈ രക്ഷാകാദൗത്യം പൂർത്തീകരിക്കാൻ ശ്രമിച്ച പുത്രൻ തമ്പുരാനു കുരിശു ഒരു തടസ്സമായിത്തീർന്നു. ആ ദൗത്യം റൂഹാദ്‌ക്കുദ്ശാ തമ്പുരാൻ കുരിശാൽത്തന്നെ പൂർത്തീകരിക്കുന്നു... മാനിയുടെ പഠനങ്ങൾ ഇങ്ങനെ പോകുന്നു. നന്മയുടെ ലോകങ്ങളെയും തിന്മയുടെ ലോകങ്ങളെയും വേർതിരിക്കുന്ന പാളികൾക്കുമുകളിൽ കുരിശിനടിയിലായി കാണിച്ചിരിക്കുന്നതു താമരപ്പൂവല്ല; നന്മയുടെ ലോകങ്ങളെ കാത്തുസൂക്ഷിക്കാനുള്ള സംരക്ഷണവലയങ്ങളാണ്. അർദ്ധഗോളാകൃതിയിൽ ഒന്നിനുള്ളിൽ മറ്റൊന്ന് എന്ന രീതിയിൽ കീഴോട്ടു നിർത്തിയിരിക്കുന്ന നാലു പാളികൾക്കുള്ളിലാണ്, നമുക്കു കീഴെയുളള തിന്മയുടെ ലോകങ്ങൾ സ്‌ഥിതി ചെയ്യുന്നത്. നന്മയുടെ ലോകങ്ങളിലേക്കു തിന്മയുടെ ആകർഷണശക്തി കടത്തിവിടാതിരിക്കാൻ മാനി നിർമ്മിച്ച സംരക്ഷണവലയങ്ങളുടെ പ്രതീകങ്ങളാണവ. മുകളിലുള്ള നന്മയുടെ ലോകങ്ങളെ പ്രത്യേകം വേർതിരിച്ചു സംരക്ഷിക്കാനുള്ള നാലു കനത്ത അർദ്ധഗോളാകൃതിയിൽത്തന്നെയുള്ള വളയങ്ങൾ മേൽപോട്ടും ഉണ്ട്. മേല്പോട്ടുളള വളയങ്ങൾക്കുള്ളിലാണ് വെളിച്ചലോകങ്ങളുടെയും കുരിശിന്റെയും സ്ഥാനം.


A decorative cross with intricate patterns is centered on a beige background. Below is Malayalam text which means Nestorian Cross. The mood is traditional and historic.

ഇരുണ്ടലോകങ്ങളെ പ്രതിനിധാനം ചെയ്യുന്ന തിന്മയുടെ ആക്രമണത്തിൽനിന്നു മനുഷ്യരാശിയെ രക്ഷിക്കാനുള്ള ദൗത്യവുമായാണ് പുത്രൻതമ്പുരാനെ ഭൂമിയിലേക്കയച്ചത്. ആ ദൗത്യം പൂർത്തിയാക്കുന്നതിനുമുമ്പ് മിശിഹാ കുരിശുമരണത്തിനു വിധിക്കപ്പെടുന്നു. കുരിശുമരണം മുൻകൂട്ടി കണ്ട മിശിഹാ അവസാനനിമിഷത്തിൽ കഴിയുമെങ്കിൽ ഈ പാനപാത്രം തന്നിൽനിന്ന് അകറ്റിക്കളയുവാൻ ആവശ്യപ്പെട്ടതു പിതാവ് അംഗീകരിക്കുന്നു. കുരിശിൽക്കിടന്നു മരണം വരിക്കാൻ തയ്യാറാകാതെ മരിച്ചതായി ഭാവിച്ചുകൊണ്ടു ക്രിസ്തു ക്രൂശുപേക്ഷിച്ച് പോകുകയും ചെയ്തു. കുറെ ദിവസങ്ങൾ കൂടി ശിഷ്യരോടൊത്തു ചെലവഴിച്ചശേഷം ഉത്ഥിതനായി പിതാവിലേക്കു തന്നെ പിന്തിരിഞ്ഞു. പിതാവായ ദൈവം ദൗത്യനിർവഹണത്തിനായി പാറേക്കലേത്തായെ അയക്കുമെന്നും ക്രിസ്തുവിൽക്കൂടി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ആ പ്രവചനം റൂഹാദ്കുദ്ശാ തമ്പുരാൻ മാനിയിൽക്കൂടി മനുഷ്യവതാരം ചെയ്തപ്പോൾ പൂർത്തിയായി. മാണി കുരിശിൽക്കിടന്നു മരിച്ചപ്പോഴാണ് ക്രിസ്തു ഉപേക്ഷിച്ചുപോയ കുരിശിന്റെ ദൗത്യം പൂർത്തിയായത്. ഭരണാധികാരികൾ മാനിയെ ഗളഛേദം ചെയ്തു വധിക്കുകയായിരുന്നു. ഗളഛേദം നടത്താനായി കുരിശിന്റെ ആകൃതിയിലുള്ള ഒരു മരത്തടിയിൽ മാനിയെ കെട്ടിയിട്ടതായി മാനിക്കയൻ മതസ്ഥർ പറയുന്നു.


കുരിശിന്റെ മുകളിലുള്ള പ്രാവ് സാക്ഷാൽ മാനി തന്നെ. മാനി തന്റെ അനുയായികളോടു പറയുമായിരുന്നു: "നിങ്ങൾ എന്നിലേക്കു നോക്കി തൃപ്തിപ്പെടുക." അദ്ദേഹം ക്രിസ്തുവിനെ അവഹേളിക്കുന്നതായി ഭാവിക്കുന്നില്ല. പിതാവായ ദൈവത്തിന്റെ ദൗത്യം പുത്രൻതമ്പുരാന്റെ മനുഷ്യാവതാരത്തിൽക്കൂടി പൂർത്തിയാക്കാൻ സാധിക്കാതെപോയി. കുരിശിന്റെ ശിക്ഷയും കഷ്ടപ്പാടും അനുഭവിച്ചു, നിത്യം പരിശുദ്ധനായ വഴികാട്ടി (guide ever pure) യായ റൂഹാദ്കുദ്ശായുടെ മനുഷ്യാവതാരമായ മാനി ആ ദൗത്യം പൂർത്തീകരിച്ചു സത്യമതം സ്ഥാപിച്ചിരിക്കുന്നു എന്നൊക്കെയാണ് മാനിയുടെ ഉദ്ബോധനങ്ങൾ.


ആദിമക്രൈസ്തവസഭയിലെ ഏറ്റവും പ്രഗത്ഭനായ ദൈവശാസ്ത്രജ്ഞൻ സെന്റ് അഗസ്റ്റിൻ (A.D 354-430) ആദ്യം മാനിക്കയൻ മതത്തിൽ വിശ്വസിച്ചിരുന്നു. മാനിക്കയൻ മതമാണ് സത്യമതമെന്നു ധരിച്ച അഗസ്റ്റിൻ ഏതാണ്ടു എട്ടു സംവത്സരത്തോളം മാനിക്കയൻ മതത്തിലെ പുരോഹിതനും പ്രഘോഷകനുമായിരുന്നു. A.D 385 ലാണ് അദ്ദേഹം മാണികേയൻ മതം ഉപേക്ഷിച്ചു ക്രിസ്തുമതാവലംബിയായി തീർന്നത്. അതിനുശേഷം മാനിക്കയൻ മതത്തെ വിമർശിച്ചുകൊണ്ടുള്ള പുസ്തകങ്ങൾ വി. അഗസ്റ്റിൻ എഴുതിയിട്ടുണ്ട്.


പേർഷ്യൻ കുരിശിലെ ലിഖിതങ്ങൾ


മൈലാപ്പൂരിൽനിന്നു പോർട്ടുഗീസുകാർ കുഴിച്ചെടുത്ത് അവിടുത്തെ അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന കുരിശും കോട്ടയം വലിയപള്ളി എന്നറിയപ്പെടുന്ന ക്നനായ സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ പുരാതനകാലം മുതൽക്കേ പ്രതിഷ്ഠിച്ചിരുന്ന കുരിശും ഒരേ മാതൃകയിലുള്ളതും ഒരേ ലിഖിതങ്ങൾ ഉൾക്കൊള്ളുന്നവയുമാണ്. പേർഷ്യയിലെ രാജകീയമതമായിരുന്ന സൊരാസ്ട്രിയൻ മതസ്ഥരുടെ വിശുദ്ധഭാഷയായി കരുതപ്പെട്ടിരുന്ന പഹ്‌ലവി ഭാഷയിലുള്ളതാണ് അവയിലെ ലിഖിതങ്ങൾ. പേർഷ്യയിൽ പണ്ടുണ്ടായിരുന്ന ക്രൈസ്തവരുടെ ആരാധനാഭാഷയും ഒരു പരിധിവരെ സംസാരഭാഷയും (കൊങ്കണി വർഗ്ഗക്കാർ നമ്മുടെ നാട്ടിൽ തമ്മിൽ തമ്മിൽ കൊങ്കണി ഭാഷയിൽ സംസാരിക്കുന്നതുപോലെ) അറമായ ഭാഷയായിരുന്നു. മതപരമായ ആവശ്യത്തിനു പേഗൻ ഭാഷയെന്നു വിളിക്കപ്പെട്ടിരുന്ന പഹ്‌ലവി ഭാഷ ഒരുകാലത്തും ഒരിടത്തും ക്രൈസ്തവർ ഉപയോഗിച്ചിരുന്നില്ല. കുരിശുപോലുള്ള വിശുദ്ധ വസ്തുക്കളിൽ ക്രൈസ്തവർ പേഗൻ ഭാഷയെന്നു കരുതപ്പെട്ടിരുന്ന പഹ്‌ലവി ഭാഷയിലുള്ള ലിപികൾ ഒരിക്കലും കാണുവാൻ ഇടയില്ല. പഹ്‌ലവി ഭാഷയാകട്ടെ, മാനിക്കയൻ മതസ്ഥരുടെ മാതൃഭാഷയായിരുന്നു. ഒപ്പം അവരുടെ പൂർവമതത്തിന്റെ വിശുദ്ധഭാഷയും ആയിരുന്നു. അവരുടെ പൂർവമതസ്ഥാപകനായ സൊരാസ്ട്രർ, മാനിയുടെ മുൻഅവതാരമാണുതാനും. പേർഷ്യൻ കുരിശുകൾ മാനിക്കയൻ കുരിശുകളെന്നു കരുതാനുള്ള ശക്തമായ തെളിവ്, അത്തരം കുരിശുകളിൽ കണ്ടെത്തിയ പഹ്‌ലവി ഭാഷാലിപികളാണ്.


മാനിയുടെ ശിഷ്യന്മാർ തന്നെ മൈലാപ്പൂർ ഭാഗത്തുവന്നു മതപ്രചരണം നടത്തിയതായ രേഖകൾ ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ പഠനം നടത്തിയ ശ്രീ. ബി. ററി. അലക്സ് ആര്യായുടെ അഭിപ്രായത്തിൽ, പേർഷ്യക്കാരായ മാനിക്കയൻ മതസ്ഥർ ദക്ഷിണേന്ത്യയിൽ വന്നു കുരിശുകളോടു കൂടിയ ദേവാലയങ്ങൾ സ്ഥാപിച്ചിരിക്കാൻ ഇടയുണ്ട്. പേർഷ്യൻ കുരിശിന്മേലുള്ള പഹ്‌ലവി ഭാഷാലിഖിതങ്ങൾക്കു സ്വരക്ഷരങ്ങൾ ഇല്ല. തന്മൂലം അവ വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്. പല പണ്ഡിതന്മാരും ഇതു പരിഭാഷപ്പെടുത്തിയത് പല രീതിയിലാണ്. അവയിൽ ഏറ്റവും ആധികാരികമായിട്ടുള്ളത് ഇന്ത്യൻ ആർക്കിയോളജി വകുപ്പിന്റെ ഡയറക്ടർ ജനറൽ ആയിരുന്ന ഡോക്ടർ ബർണലിന്റേതാണ്. 1873-ലാണ് അദ്ദേഹം അതു പരിഭാഷപ്പെടുത്തിയത്. അക്കാലത്തു മാനിക്കയൻ മതത്തെപ്പറ്റിയുള്ള അറിവ് ഈ നാട്ടിൽ ആർക്കും ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പരിഭാഷ ഇപ്രകാരമാണ്: “In punishment by the cross (was) the suffering of this one! He who is true God and God above and guide ever pure” (കുരിശിന്റെ ശിക്ഷയാൽ പീഡകൾ സഹിച്ചു സത്യദൈവവും, മുകളിലുള്ള ദൈവവും നിത്യം പരിശുദ്ധീകരിച്ചു നയിക്കുന്ന വഴികാട്ടിയുമാണ്).

Cross with decorative motifs and symbol above it on a plain background. Malayalam text below reads "Persian Manichean Cross".

മാനിക്കയൻ മതസ്ഥർ മാനിയെപ്പറ്റി പറയുന്നത് guide ever pure എന്നാണ്. മാനിക്കയൻ മതസ്ഥർ, ക്രിസ്തു ഒഴിഞ്ഞുപോയ വസ്തുവായി കുരിശിനെ കണക്കാക്കുന്നു. ഈ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ കുരിശാൽ പീഡകൾ സഹിച്ചതു പിതാവായ ദൈവവും പരിശുദ്ധാത്മാവും കൂടിയാണ്. ത്രിത്വത്തിലെ മൂന്നാളുകളും മനുഷ്യാവതാരം ചെയ്തെന്ന ധ്വനി മേൽവാചകത്തിലുള്ളതായി കണക്കാക്കാമെന്ന് വിമൽറോയി എന്ന പണ്ഡിതൻ അഭിപ്രായപ്പെടുന്നു. മാനിയുടെ അഭിപ്രായത്തിൽ ശ്രീബുദ്ധൻ, സൊരാസ്‌ട്രിയൻ മതസ്ഥാപകനായ സൊരാസ്‌ട്രർ എന്നിവർ മേലുള്ള ദൈവത്തിന്റെ അവതാരങ്ങളാണ്.


മൈലാപ്പൂർ കുരിശിനു അംഗീകാരം കിട്ടിയതെങ്ങനെ?


പോർട്ടുഗീസുകാർ 1547 മാർച്ച് 23-ാം തീയതി കുരിശു കണ്ടെടുക്കുമ്പോൾ അതിലുണ്ടായിരുന്ന ലിഖിതങ്ങൾ പഹ്‌ലവി ഭാഷയിലായിരുന്നു എന്നു ഗ്രഹിച്ചിരുന്നില്ല. അന്നു അവർ അങ്ങനെ മനസ്സിലാക്കിയിരുന്നെങ്കിൽ പേഗൻ ഭാഷാ ലിപിയിലുള്ള ഒരു അശുദ്ധ വസ്തുവായിക്കരുതി ആ കുരിശു തല്ലിപ്പൊട്ടിച്ചു കളയുമായിരുന്നു. തെക്കേ ഇൻഡ്യയിൽ ഒന്നാം നൂറ്റാണ്ടിൽ പ്രാബല്യത്തിലിരുന്ന ബ്രാഹ്മി ലിപികളാണ് കുരിശിനു ചുറ്റും രേഖപ്പെടുത്തിയിരിക്കുന്നത് എന്ന നിഗമനത്തിലാണവർ എത്തിയിരുന്നത്. മൈലാപ്പൂർ കുരിശിലെ ലിഖിതങ്ങൾ പേർഷ്യൻ ഭാഷയായ പഹ്‌ലവി ലിപിയിലുള്ളതാണെന്നു കണ്ടെത്തിയത് പിന്നീടാണ്. ഒരു കാലത്തു പേർഷ്യയിലും ഇന്ത്യ പോലുള്ള ഇതര രാജ്യങ്ങളിലും പ്രാബല്യത്തിലിരുന്നതും പിന്നീട് അന്യംനിന്നു പോയതുമായ മാനിക്കയൻ മതത്തെപ്പറ്റിയുള്ള അറിവ് കിട്ടിയത് ഇരുപതാം നൂറ്റാണ്ടിലാണ്. ആ മതത്തെപ്പറ്റിയുള്ള അന്വേഷണത്തിനിടയിലാണ് മാനിക്കയൻ മതസ്ഥർ ഒരു കാലത്തു ഉപയോഗിച്ചിരുന്ന കുരിശിന്റെ അതേ മാതൃകയിൽ ഉള്ളതാണ് മൈലാപ്പൂരിൽനിന്നു നാലു നൂറ്റാണ്ടു മുമ്പു കണ്ടെടുക്കപ്പെട്ട പേർഷ്യൻ കുരിശ് എന്ന വസ്തുത മനസ്സിലായത്. എന്നാൽ ഈ കുരിശു മാർത്തോമ്മാ കുരിശായി തീർന്നതെങ്ങനെയെന്നു നമുക്ക് അറിഞ്ഞുകൂടാ.


കൽദായ ആഭിമുഖ്യം കൊണ്ടു ഈയിടെ യൗസേപ്പു കത്തനാർ എന്നു സ്വന്തം പേരിനെ തിരുത്തിയെടുത്ത ഫാ. ജോസഫ് വഴുതനപ്പള്ളി “ആർക്കിയോളജി ഓഫ് മാർ സ്ലീബാ” എന്നൊരു ഗ്രന്ഥം രചിച്ചു. പ്രസ്തുത ഗ്രന്ഥം വായിച്ചാൽ അദ്ദേഹമാണോ മാർത്തോമ്മാ കുരിശെന്ന നാമകരണം നിർവ്വഹിച്ചത് എന്ന് സംശയം ജനിക്കുന്നു. (പേജ് 23). ഗ്രന്ഥകർത്താവിന്റെ ഗവേഷണത്തിനിടയിലും ഈ മാർസ്ലീബാ, മാനിക്കയൻ സ്ലീബായാണെന്നു കണ്ടെത്തിയ സൂചനകൾ പ്രസ്തുത ഗ്രന്ഥത്തിലുണ്ട്. മാനിക്കയൻ മതസ്ഥരും മാനിയും പ്രാവിനും കൊടുക്കുന്ന പ്രതീകങ്ങൾ എന്തെന്നു ഈ ഗ്രന്ഥത്തിൽ പരാമർശവിധേയമായിട്ടുണ്ട് (പേജ് 118). ഗവേഷണ ഗ്രന്ഥം സത്യസന്ധമായിപ്പോയാൽ സംഗതി കുഴപ്പമാകും എന്നു കണ്ടതുകൊണ്ടു അനിഷ്ടസത്യങ്ങളെ ഗോപനം ചെയ്തായിരിക്കണം ഈ ഗവേഷണഗ്രന്ഥം രചിച്ചിരിക്കുന്നത് എന്നനുമാനിക്കേണ്ടി വരുന്നു. ചരിത്രബോധമില്ലാതെ, തെറ്റിദ്ധാരണമൂലം, മാനിക്കയൻ കുരിശായിരുന്ന പേർഷ്യൻ കുരിശിനെ ചിലർ മാർത്തോമ്മാ കുരിശാക്കിപ്പോയതു തിരുത്തപ്പെടാവുന്ന ഒരു പിശകു മാത്രമാണ്. വ്യക്തിപരമായ തെറ്റുകൾ സമൂഹത്തെ ബാധിക്കുന്നവയായാൽ സമൂഹത്തിന്റെ കടമയെന്തെന്നു ക്രിസ്തു പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ടല്ലോ.

ഒത്തുചേരൽ ദേവാലയകേന്ദ്രീകൃതമായ ആരാധനക്കുവേണ്ടിയാണെന്നുള്ള പ്രചരണം, സഭാതനയരുടെ ജനാധിപത്യപരമായ അവകാശങ്ങളോടുള്ള അവജ്ഞയോടെ ചിലർ നടത്തുന്നുണ്ട്. ക്രിസ്തു പറഞ്ഞിരിക്കുന്നതാകട്ടേ, മറിച്ചാണ്. യോഹ. 4:21-24 നാമിനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ബലിയിലും ആരാധനയിലും വിശ്വാസികളെ കേന്ദ്രീകരിച്ചുള്ള പൗരോഹിത്യ താത്പര്യങ്ങൾക്കു പിതാവായ ദൈവം അംഗീകാരം നൽകുമോ? കരുണയിലും മാനവികതയിലും കേന്ദ്രീകരിച്ചുള്ള മതാത്മകതയിൽ മാത്രമേ ദൈവം പ്രസാദിക്കുകയുള്ളു (മത്തായി 9:13). ഏശയ്യായുടെ പുസ്തകത്തിലെ (52:11) ഉദ്ധരണി പൗലോസ് ശ്ലീഹായിൽക്കൂടി നമുക്കു ലഭിച്ചത് (2 കൊറി 6:14-18) ശ്രദ്ധാർഹമാണ്: “ഞാൻ ജനങ്ങൾക്കിടയിൽ വസിക്കും, അവരുടെ ഇടയിൽ സഞ്ചരിക്കും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും.”


മാർതോമാ ശ്ലീഹാ കേരളത്തിൽ പള്ളികൾ പണിയിച്ചിട്ടില്ല.

ആദിമക്രൈസ്തവരുടെ നടപടിക്രമങ്ങൾ രേഖപ്പെടുത്തിയ ആധികാരിക ചരിത്രഗ്രന്ഥമാണ് അപ്പസ്തോല പ്രവൃത്തികൾ എന്ന പുതിയ നിയമ ഭാഗം. ആദിമക്രൈസ്തവർക്കു വേണ്ടി ഏതെങ്കിലും ശ്ലീഹാ ദേവാലയങ്ങൾ സ്ഥാപിച്ചിട്ടുള്ളതായോ, വണങ്ങുന്നതിനായി കുരിശെന്ന ഉപകരണം ഉണ്ടാക്കിവയ്ക്കാൻ നിർദ്ദേശിച്ചതായോ, അങ്ങനെ ക്രൈസ്തവർ ആരെങ്കിലും ചെയ്തിരുന്നതായോ അതിൽ പരാമർശങ്ങളില്ല. ഇതര ശ്ലീഹാമാരിൽ നിന്നു വ്യത്യസ്തനായി തോമാശ്ലീഹാ കേരളത്തിൽ വന്ന ഉടനെ ദേവാലയങ്ങൾ സ്ഥാപിക്കാൻ തുടങ്ങി എന്നു പറയുന്നതു തെറ്റാണ്. കുരിശുകൾ സ്ഥാപിച്ചു എന്നു പറയുന്നതു അതിലും വലിയ അജ്ഞതയാണ്.


നാലാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തി ക്രൈസ്തവനായി തീരുകയും ക്രിസ്തുവിനെ വധിച്ച അതേ കുരിശു ഗാഗുൽത്താമലയിൽ നിന്നു കുഴിച്ചെടുക്കുകയും ചെയ്യുന്നതുവരെ കുരിശെന്ന ഉപകരണം ക്രൈസ്തവർക്കു വർജ്യമായിരുന്നു. ക്രൂശിതനായ ക്രിസ്തുവിനെ അവർ സ്മരിക്കുമെങ്കിലും തങ്ങളുടെ രക്ഷകനെ വധിച്ച മർദ്ദനോപകരണമായ കുരിശെന്ന കഴുമരത്തോട് ക്രൈസ്തവർക്കു വിദ്വേഷമായിരുന്നു. യഹൂദരെ റോമക്കാർ കുരിശിലേറ്റി വധിച്ചിരുന്നു. അതുകൊണ്ട് യഹൂദർക്കു വികല്പം ഉണ്ടാക്കുന്ന വസ്തുവായിരുന്നു കുരിശ്. കേരളത്തിൽ, ക്രിസ്തുവിനു മുമ്പു തന്നെ യഹൂദരും, റോമക്കാരും കുടിയേറിപ്പാർത്തിട്ടുണ്ടായിരുന്നു. ഇവരുടെ ഇടയിൽ മതപ്രചരണം നടത്താനാണ് മാർതോമാ കേരളത്തിലെത്തിയത്. ക്രിസ്തുമതം സ്വീകരിച്ച യഹൂദരുടെ സഹായത്തോടെയാണ് ശ്ലീഹാ നാട്ടുകാരുടെ ഇടയിലേക്കു സുവിശേഷ പ്രചരണാർത്ഥം തിരിഞ്ഞത്. നാട്ടുകാരുടെ ഭാഷ, ശ്ലീഹായ്ക്കു വശമില്ലായിരുന്നു എന്ന വസ്തുത വ്യക്തമാണല്ലോ. തോമാശ്ലീഹാ വന്നപാടെ കുരിശുകൾ സ്ഥാപിച്ചുവെങ്കിൽ അക്കാരണം കൊണ്ടുതന്നെ യഹൂദർ ശ്ലീഹായെ തിരസ്ക്കരിക്കുമായിരുന്നു.


കേരളസഭ മാർതോമായാൽ സ്ഥാപിതമായെന്നു നിഗമനത്തിലെത്തിയ രണ്ടു ആധികാരിക രേഖകളാണ് എ.ഡി. 200-220ൽ എഴുതപ്പെട്ട “യൂദാതോമ്മായുടെ പ്രക്സിസ്” (Act of St. Thomas) എന്ന കൃതിയും എ.ഡി. 260-ൽ എഴുതപ്പെട്ട “അപ്പസ്തോലരുടെ ഉപദേശം” എന്ന കൃതിയും. രണ്ടും സുറിയാനി ഭാഷയിൽ എഡേസയിൽ വച്ചെഴുതിയവ തന്നെ. തോമാശ്ലീഹാ ഈ നാട്ടിൽ വന്നു മതം പ്രചരിപ്പിച്ചതും, ഗുണ്ടഫർ രാജാവിൽനിന്നു മാളിക പണിയാൻ പണം വാങ്ങുന്നതും, അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതും മറ്റും മേൽക്കൃതികളിൽ നിന്നെടുത്തവയാണ്. ശ്ലീഹാ അന്നു പറ്റിയ പണം പള്ളി പണിയാനല്ല വിനിയോഗിച്ചത്; പാവങ്ങളെ സഹായിക്കാനാണ്. ശ്ലീഹാ ഏതെങ്കിലും പള്ളി പണിയിച്ചതായോ കുരിശുകൾ നാട്ടിയതായോ ആ രേഖകളിലെങ്ങും കാണുന്നില്ല. അവകളെഴുതിയ കാലഘട്ടങ്ങളിൽപ്പോലും ക്രൈസ്തവർ ദേവാലയങ്ങൾ ഉണ്ടാക്കുന്നതു ബൈബിളനുസരിച്ചു തെറ്റായിരുന്നു.


ശ്ലീവായൊടാലയം പണിയിച്ചതാര്?


റമ്പാൻ പാട്ടിൽ “ശ്ലീവായൊടാലയം പണിയിച്ചു മരുതുകൾക്കായി സ്ഥാപിച്ചിവിടെ” എന്നു കാണുന്നു. റമ്പാൻ പാട്ടിൽ പരാമർശിക്കുന്ന മാർതോമാ, ക്രിസ്തുശിഷ്യനായ തോമാശ്ലീഹാ അല്ലെന്നു വ്യക്തം. കാരണം അതേ പാട്ടിൽ തന്നെ “അമ്പതു ധനുവും രാശിയിൽ ഇവിടെ വന്നു മാർഗം സ്ഥാപിച്ച മാർതോമായാണു ശ്ലീവായൊടാലയം സ്ഥാപിച്ചത്” എന്നു തെളിയുന്നുണ്ട്. അമ്പതു ധനുവും രാശി എന്നാൽ കേരളത്തിലെ കാലഗണനാ സമ്പ്രദായമായ കൊല്ലവർഷാരംഭം എ.ഡി. 825-ൽ ആണ്. ഈ പാട്ടിൽ പറയുന്ന മാർതോമാ കനായിത്തോമ്മാ ആയിരിക്കാനാണിട. കനായിത്തോമ്മാ 9-ാം നൂറ്റാണ്ടിൽ ഇവിടെ വന്നുവെന്നും കരുതപ്പെടുന്നു. എ.ഡി. 345-ൽ ആണെന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. എ.ഡി. 345-നോടടുത്തു ഇവിടെ കുടിയേറിപ്പാർത്തവർ മാനിക്കയൻ മതസ്ഥരായിരുന്നു. അവരുടെ നേതാവും ഒരു “കാനു തോമ്മാ” ആയിരിക്കാം. പേർഷ്യയിൽ ഇൻഡ്യയിലെപ്പോലെ തൊഴിൽപരമായ വർഗവിഭജനം ഉണ്ടായിരുന്നു. കച്ചവടം കുലത്തൊഴിലാക്കിയവർ “കാനു” വർഗക്കാർ എന്നറിയപ്പെടുന്നു. മതമേതായാലും വർഗശുദ്ധി നിലനിർത്താനുള്ള വ്യഗ്രത പേർഷ്യയിൽ (ഇപ്പോഴത്തെ ഇറാൻ) അടുത്ത കാലംവരെ ഈ വംശജർക്കുണ്ടായിരുന്നു. “കാനു” വംശജരെയാണ് കേരളത്തിൽ “ക്നാനായിക്കാർ” എന്നു വിളിക്കുന്നത്. വർഗശുദ്ധി നിലനിർത്തുന്നതിൽ അവരിപ്പോഴും താല്പരരാണ്.


മതമർദ്ദനം മൂലം മാനിക്കയൻ മതം പേർഷ്യയിൽ വേരറ്റുപോയി. കച്ചവടം തൊഴിലാക്കിയവർക്കേ ഇതരരാജ്യങ്ങളിലേക്കു പാലായനം ചെയ്യാൻ സാധിച്ചുള്ളൂ. പേർഷ്യയിൽ അവശേഷിച്ചവർ സൊരാസ്‌ട്രിയൻ മതത്തിലോ ക്രിസ്തുമതത്തിലോ ലയിച്ചു ചേർന്നു. 9-ാം നൂറ്റാണ്ടിൽ കുടിയേറിപ്പാർത്ത കാനു വംശജർ ക്രിസ്ത്യാനികളായിട്ടാണ് ഇന്നാട്ടിൽ എത്തിയിട്ടുള്ളത്. അവരുടെ നേതാവും മറ്റൊരു (വർത്തക പ്രമാണി) കാനു (ക്നായി) തോമ്മാ ആയിരിക്കും. അവർ, നേരത്തേ ഈ നാട്ടിൽ കുടിയേറിപ്പാർത്തിരുന്ന, മാനിക്കയൻ മതസ്ഥരെ തങ്ങളുടെ പൂർവ്വികരായി കൂടെ ചേർത്തു. മാനിക്കയൻ ദേവാലയങ്ങൾ ക്രൈസ്തവ ദേവാലയങ്ങളായി ഉപയോഗിച്ചു തുടങ്ങി. അതുകൊണ്ടാണ് നമ്മുടെ നാട്ടിലും മൈലാപ്പൂരിൽ നിന്നു കണ്ടെടുത്ത തരത്തിലുള്ള പേർഷ്യൻ കുരിശുകൾ ചില ദേവാലയങ്ങളിൽ നിന്നു കണ്ടെടുക്കാൻ ഇടയായിട്ടുള്ളത്. മാനിക്കയൻ മതസ്ഥരായിരുന്നവരെ ഈ നാട്ടുകാർ അന്നു മാനിക്കയത്തന്മാർ എന്നു സംബോധന ചെയ്തിരുന്നു. കനായി തൊമ്മൻ കൂട്ടരുടെ വരവിനുശേഷം അവർ മാനിക്കയൻ മതം ഉപേക്ഷിച്ചുവെങ്കിലും മൈനാത്തർ എന്ന ലോപിച്ച സംബോധന രീതി ഇന്നും നിലനിൽക്കുന്നുണ്ട്. കനായിത്തോമ്മാ മൈനാറ്റോ ജാതിയിൽപ്പെട്ട തന്റെ ദാസിയെ കല്യാണം കഴിച്ചുണ്ടായ മക്കളാണ് കനായക്കാർ എന്നു ശ്രീ. ജോസഫ് കുറുമാങ്കലിനെ ഉദ്ധരിച്ചു ഡോ. എ. എം. മുണ്ടാടൻ (Traditions of St. Thomas Christians p. 97) പറയുന്നത് ശരിയല്ലെന്നു തോന്നുന്നു.


കേരളസഭ സീറോ-കൽദായ രീതിയിലെ പാത്രിയർക്കീസിൻ്റെ ആധിപത്യത്തിലായിരുന്നപ്പോൾ പോലും പഴയ മാനിക്കയൻ മതസ്ഥരുടെ കുരിശിനെ സഭയുടെ ഔദ്യോഗിക കുരിശായി പരിഗണിച്ചിരുന്നില്ല. പോർട്ടുഗീസുകാർ ഇന്നാട്ടിൽ വരുമ്പോൾ ഇവിടുള്ള പള്ളികളിൽ വെറും കുരിശു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് അവർ മൈലാപ്പൂരിൽ നിന്നു കണ്ടെടുത്ത ആ കുരിശിനു പ്രത്യേകത ദർശിക്കുവാൻ ഇടയായത്.


പുരാതന വസ്തുക്കളായ പേർഷ്യൻ കുരിശുകൾ കേടുകൂടാതെ സംരക്ഷിക്കപ്പെടേണ്ടവയാണ്. അതു ചരിത്രപരമായ നമ്മുടെ ബാധ്യതയാണ്. എന്നാൽ അതു സഭയുടെ മുദ്രയാക്കുന്നതും ക്രൂശിതനായ ക്രിസ്തുവിനെ മാറ്റി തത് സ്ഥാനത്തു പ്രതിഷ്ഠിക്കുന്നതും തെറ്റാണ്.


അവലംബം:

1. “സുഗന്ധനാടു നസ്രാണി ചരിത്രം” - പി. വി. മാത്യു

2. “ലിപികളും മാനവസംസ്കാരവും” - പ്രൊഫ. കെ. എ. ജലീൽ

3. “പ്രാചീന ഇൻഡ്യയിലെ ക്രിസ്തുമതം” - ടി. കെ. ജോസഫ്

4. “ലോകനാഗരികയുടെ ചരിത്രം” - ജയിംസ് എഡ്‌ഗർ സെയ്ൻ.

5. ക്നായിത്തൊമ്മൻ ഒരു സത്യമോ?” - എൻ. കെ. ജോസ്

6. “കേരളപ്പഴമ” - ഡോ. ഹെർമൻ ഗുണ്ടർട്ട്

7. “കേരള ചരിത്ര നിഘണ്ടു” - എസ്. കെ. വസന്തൻ

8. “ദക്ഷിണ ഭാരത ചരിത്രം” - കെ. എ. നീലകണ്ഠ ശാസ്ത്രി

9. “തിരുസഭാചരിത്രം” - ഡോ. കുടപ്പൂഴ

10. Traditions of St. Thomas Christians: A. M. Mundadan

11. Encyclopediae.



മാർതോമാക്കുരിശു മാനിക്കയൻ കുരിശോ ?

പി. കെ. മാത്യു ഏറ്റുമാനൂർ

അസ്സീസി മാസിക, മേയ് 1991



Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page