
അല്മായർ പ്രസംഗിക്കുന്നതും കുർബാന കൊടുക്കുന്നതും അനാദരവോ?
Feb 2, 1989
6 min read
സംശയിക്കുന്ന തോമ്മാ

ഇപ്പോൾ ചില പളളികളിൽ ബലിപീഠത്തിനു മുമ്പിൽ നിന്നു കൊണ്ട് അല്മായർ പ്രാർത്ഥിക്കുകയും പ്രസംഗിക്കയും ചെയ്യുന്നു. ഇത് ബലിപീഠത്തോടു ജനങ്ങൾക്കുളള ആദരവു നശിപ്പിക്കയല്ലേ ചെയ്യുന്നത്? വി.കുർബാനയുടെ ഭാഗമായ കുർബാന കൊടുക്കൽ: ആർക്കും തിരുവോസ്തി എടുത്തു വിതരണം ചെയ്യാം എന്നു വന്നാൽ പൗരോഹിത്യത്തെ വിലയിടിച്ചു കാണിക്കയും ബലിപീഠത്തോടുള്ള ആദരവ് നശിപ്പിക്കയും അല്ലേ ചെയ്യുന്നത്? ഈ സംശയം ഞാൻ ഒരു അച്ചനോടു ചോദിക്കയുണ്ടായി. ചില വിദേശ രാജ്യങ്ങളിൽപ്പോലും ഇങ്ങനെയൊക്കെ നടക്കുന്നു, ആദ്യമൊക്കെ ജനങ്ങൾക്ക് ഇത്തിരി ബുദ്ധിമുട്ടു തോന്നുമെങ്കിലും പിന്നീട് അതു മാറിക്കൊളളും എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ചില അല്മായ സുഹൃത്തുക്കളോടും പറഞ്ഞപ്പോൾ അവർക്ക് അതു ശരിയായി തോന്നുന്നില്ല എന്നു പറയുന്നു. ഇതിന് അസ്സീസിയിലൂടെ മറുപടി പ്രതിക്ഷിക്കുന്നു.
ബാബു വടക്കേൽ,
മേമടങ്ങ്, ആരക്കുഴ
പ്രിയപ്പെട്ട ബാബു,
ആദ്യമായി, ബാബുവിന്റെ ചോദ്യത്തിൽ അന്തർലീനമായിട്ടുള്ള ചില അടിസ്ഥാന സങ്കല്‌പങ്ങളെ ഒന്നു വിശകലനം ചെയ്യുന്നതു പ്രയോജനകരമായിരിക്കുമെന്നു തോന്നുന്നു. പിന്നീടു ചില പ്രായോഗിക വശങ്ങളും ചൂണ്ടി കാട്ടേണ്ടിയിരിക്കുന്നു.
വികലമായ ചില അടിസ്‌ഥാന സങ്കല്‌പങ്ങൾ
ഒന്നാമത്തെ സംശയം, ചില പള്ളികളിൽ ബലിപീഠത്തിന് മുമ്പിൽ നിന്നു കൊണ്ട് അല്മായർ പ്രാർത്ഥിക്കയും പ്രസംഗിക്കുകയും ചെയ്യുന്നത്, ബലിപീഠത്തോടു ജനങ്ങൾക്കുള്ള ആദരവു നശിപ്പിക്കയല്ലേ ചെയ്യുന്നത് എന്നാണല്ലോ. ഇവിടെ മുഖ്യമായ പ്രശ്നം അല്‌മായർ സഭാ സമൂഹത്തിൽ വച്ചു പ്രാർത്ഥിക്കയും പ്രസംഗിക്കുകയും ചെയ്യുന്നതല്ല. പ്രത്യുത ബലിപീഠത്തിനു മുമ്പിൽ നിന്നുകൊണ്ട് അല്‌മായർ അങ്ങനെ ചെയ്യുന്നതാണ്. അഭിഷിക്തരായ വൈദികർ മാത്രമാണ് അങ്ങനെ ചെയ്യേണ്ടതെന്നാണല്ലോ ധ്വനി. (പൗരസ്‌ത്യ റീത്തുകളുടേയും ലത്തീൻ റീത്തിന്റെയും ക്രമമനുസരിച്ച്, പ്രസംഗിക്കേണ്ടത് ബലിപീഠത്തിന് മുമ്പിൽ നിന്നു കൊണ്ടല്ല. അതിനായി നിശ്ചയിച്ചിരിക്കുന്ന മറ്റൊരു പ്രമുഖസ്ഥാനത്തു നിന്നു കൊണ്ടാണ്. എന്നാൽ ഇവിടുത്തെ പ്രശ്നം അതല്ല.)
ബലിപീഠം വിശുദ്ധമായതുകൊണ്ട് അല്‌മായർ അതിനെ സമീപിച്ചുകൂടാ. പ്രാർത്ഥനയും പ്രസംഗവുമൊന്നും അതിനു മുമ്പിൽ നിന്നു കൊണ്ട് നിർവ്വഹിച്ചുകൂടാ എന്ന സങ്കല്പമാണ് മുഖ്യമായും സംശയത്തിനു പിന്നിലുള്ളത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ. അശുദ്ധമായ സ്ഥലങ്ങളിൽ വ്യാപരിക്കുന്നവരാണ് അല്മായർ, വിശുദ്ധ വസ്തുക്കളുടെയും വിശുദ്ധ സ്‌ഥലങ്ങളുടെയും സാമീപ്യം അവർ വർജ്ജിക്കണം. അഭിഷേകത്തിലൂടെ വിശുദ്ധി വരിച്ച പുരോഹിതർക്കു മാത്രമേ ഈ സാമീപ്യം പാടുള്ള, എന്നതാണ് ഇവിടുത്തെ ചിന്താഗതി. അതുകൊണ്ടാണല്ലോ ബലിപീഠത്തോടു ജനങ്ങൾക്കുള്ള ആദരവു നശിപ്പിക്കുന്ന ഒരു പ്രവൃത്തിയായി ഇതിനെ കാണുന്നത്.
രണ്ടാമത്തെ ചോദ്യത്തിനു പിന്നിലുള്ള അടിസ്‌ഥാന സങ്കല്‌പവും ഇതിനോടു ബന്ധപ്പെട്ടതു തന്നെ, കുർബാന കൊടുക്കൽ വി. കുർബാനയാചരണത്തിന്റെ ഭാഗമായ ഒരു വിശുദ്ധ കർമമാക കൊണ്ടും ബലിപീഠത്തോട് ബന്ധപ്പെട്ടതാക കൊണ്ടും അല്മായർ ചെയ്യുന്നത് പൗരോഹിത്യത്തെ വിലയിടിച്ചു കാണിക്കയും ബലിപീഠത്തോടുള്ള ആദരവു നശിപ്പിക്കയും ചെയ്യുന്നു. അഭിഷിക്തരായ വൈദികർ മാത്രമാണ് ഇതും ചെയ്യേണ്ടത്.
ഈ സങ്കല്പങ്ങളിൽ രണ്ടു പാളിച്ചകൾ കാണാൻ കഴിയും. ഒന്ന്. അല്‌മായരുടെ സ്ഥാനത്തേയും പദവിയേയും പറ്റിയുള്ള അവബോധമില്ലായ്മ. രണ്ട്, ബലിപീഠത്തയും ബലിയേയും പൗരോഹിത്യത്തേയും പറ്റിയുള്ള അക്രൈസ്തവവും അനുഷ്ഠാന നിഷ്ഠവുമായ (cultic) കാഴ്ചപ്പാട്. ഇവയെപ്പറ്റി അല്പം ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു.
അല്‌മായരുടെ രാജകീയ പൗരോഹിത്യം
മാമോദീസായും സ്ഥൈര്യലേപനവും സ്വീകരിച്ച അല്‌മായർ മിശിഹായുടെ രാജകീയ പൗരോഹിത്യത്തിൽ പങ്കു ചേരുന്നവരാണെന്നത് വി. പുസ്തകത്തിൻ്റെ അനിഷേധ്യമായ സാക്ഷ്യമാണ്. ദൈവജനത്തെ മുഴുവനും വിശുദ്ധവും രാജകീയവുമായ പൗരോഹിത്യമായിട്ടാണ് വി. ഗ്രന്ഥം വിശേഷിപ്പിക്കുന്നത്: "നിങ്ങൾ സജീവശിലകൾ കൊണ്ടുള്ള ഒരു ആദ്ധ്യാത്മിക ഭവനമായി പടുത്തുയർത്തപ്പെടട്ടെ. യേശുക്രിസ്തു വഴി ദൈവത്തിനു സ്വീകാര്യമായ ബലികളർപ്പിക്കുന്നതിന് വിശുദ്ധമായ ഒരു പുരോഹിത ജനമാവുകയും ചെയ്യട്ടെ..... എന്നാൽ, നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിത ഗണവും വിശുദ്ധ ജനവും ദൈവത്തിൻ ്റെ സ്വന്തം ജനപദവുമാണ്" (1 പത്രോ 2: 5, 9).
ദൈവജനത്തിൻ്റെ പൗരോഹിത്യത്തെപ്പറ്റി വെളിപാടിന്റെ പുസ്തകത്തിലും ആവർത്തിച്ചു നാം വായിക്കുന്നുണ്ട് (1:6; 5:10; 20: 6). സ്വശരീരത്തെ അതായത് തന്നെത്തന്നെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവ ബലിയായി സമർപ്പിക്കുന്ന പുരോഹിതനാകാനാണ് ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത് (റോമാ 12: 1). ഇതത്രേ പൗലോസ് ശ്ലീഹായുടെ ദൃഷ്ടിയിൽ പുതിയ നിയമത്തിലെ ബോധപൂർവ്വകമായ ആരാധന. ഹെബ്രായർക്കുള്ള ലേഖനവും, കർത്താവിന്റെ നാമത്തെ ഏറ്റു പറയുകയും അവിടത്തേക്കു സ്തുതിയുടെ ബലിയർപ്പിക്കയും ചെയ്യുന്ന പുരോഹിതനായി ക്രൈസ്തവനെ കാണുന്നു (ഹെബ്രായ.13:15). നന്മ ചെയ്യുകയും തങ്ങൾക്കുള്ളവ പങ്കുവയ്ക്കുകയും ചെയ്യുമ്പോഴും ക്രൈസ്‌തവൻ ദൈവത്തിനു പ്രീതികരമായ ബലികൾ അർപ്പിക്കുന്ന പുരോഹിതനത്രേ (ഹെബ്രായ.13:16). ക്രൈസ്തവ ജനത അവിശുദ്ധമായ മണ്ഡലങ്ങളിൽ (profane spheres) വ്യാപരിക്കുന്ന വെറും ലൗകികരല്ല, പ്രത്യുത ആദ്ധ്യാത്മികമായ ഒരു ദേവാലയമാണ് (1കോറി 3: 16–17; 2 കോറി 6:16-17; 2:19-22)
പഴയനിയമം ദേവാലയത്തിൻ്റെയും പുരോഹിതരുടേയും നിർമലതയേയും വിശുദ്ധിയേയും പറ്റി പറയുന്ന ഭാഗങ്ങളെല്ലാം പുതിയ നിയമം ക്രൈസ്തവ ജനതയിൽ അന്വർത്ഥമായി കാണുന്നു. ക്രൈസ്തവരുടെ പൗരോഹിത്യത്തേയും വിശുദ്ധിയിലേക്കുള്ള വിളിയേയും രണ്ടാം വത്തിക്കാൻ സൂനഹദോസും ഊന്നൽ കൊടുത്തു പ്രഖ്യാപിച്ചിട്ടുണ്ട് (തിരുസ്സഭ, അദ്ധ്യായങ്ങൾ രണ്ടും നാലും; അല്മായ പ്രേഷിതത്വം nos. 3.10; അല്മായ പ്രവർത്തനം no. 15 തുടങ്ങിയവ). അതിനാൽ, അല്‌മായർ വിശുദ്ധ സ്ഥലങ്ങളും വിശുദ്ധ വസ്‌തുക്കളുമായി സാമീപ്യവും സമ്പർക്കവും വർജ്ജിക്കേണ്ടവരും, അവിശുദ്ധ മണ്‌ഡലങ്ങളിൽ വ്യാപരിക്കേണ്ടവരുമാണെന്ന ചിന്താഗതി വി. ഗ്രന്ഥങ്ങളുടെ സാക്ഷ്യത്തിനും സഭയുടെ പ്രബോധനത്തിനും കടകവിരുദ്ധമാണെന്നു വ്യക്തമാണല്ലോ.
വിശ്വാസികളുടെ പൊതുവായ പൗരോഹിത്യത്തിൽ നിന്ന് 'അളവിൽ മാത്രമല്ല സത്താപരമായിത്തന്നെ വ്യത്യസ്‌തമായ' ശുശ്രൂഷാപരമായ പൗരോഹിത്യവും ഉണ്ടെന്ന വസ്തുത (തിരുസ്സഭ no. 10) ഇവിടെ വിസ്മരിക്കുന്നില്ല. എന്നാൽ, അത് അല്മായരുടെ പൗരോഹിത്യത്തേയും വിശുദ്ധിയിലേക്കുള്ള വിളിയേയും ഒരിക്കലും അസാധുവാക്കുന്നില്ല. രണ്ടും ക്രിസ്തുനാഥൻ്റെ ഏക പൗരോഹിത്യത്തിലുള്ള പങ്കുചേരലാണ്. അതിനാൽ ഒന്നിനെ വിശുദ്ധ മണ്ഡലത്തിലുള്ള പൗരോഹിത്യമായും മറ്റതിനെ അവിശുദ്ധ മണ്ഡലത്തിലുള്ള പൗരോഹിത്യമായും തരം തിരിക്കുന്നത് ഭരിക്കലും ശരിയല്ല.
ശുശ്രൂഷാപരമായ പൗരോഹിത്യം അനുഷ്ഠാന നിഷ്‌ഠമായ പൗരോഹിത്യമല്ല
ശുശ്രൂഷാപരമായ പൗരോഹിത്യം ക്രിസ്തുനാഥൻ്റെ പൗരോഹിത്യത്തിലുള്ള പങ്കുചേരലാണെങ്കിൽ, അതിനെ ഒരിക്കലും വിജാതീയരുടേയും യഹൂദരുടേയും രീതിയിലുള്ള അനുഷ്ഠാന നിഷ്ഠമായ പൗരോഹിത്യമായി (cultic priesthood) കണ്ടുകൂടാ. അനുഷ്ഠാന നിഷ്ഠമായ പൗരോഹിത്യം ദൈവത്തിനും മനുഷ്യർക്കുമിടയിൽ മധ്യസ്ഥത വഹിച്ചുകൊണ്ട് മനുഷ്യർക്കുവേണ്ടി ദൈവത്തെ പ്രീണിപ്പിക്കാൻ ഫലമൂലാദികളേയും ആടുമാടുകളേയുമെല്ലാം അവിടുത്തേക്കു ബലിയായി കൊടുക്കുന്നു. മധ്യസ്ഥരായ പുരോഹിതർക്കു മാത്രമേ ബലി അർപ്പിക്കാനും ബലിയുമായി ബന്ധപ്പെട്ട വസ്തുക്കളും സ്ഥലങ്ങളുമായി അടുത്ത സമ്പർക്കം പുലർത്താനും പാടുള്ളൂ. അതിനായി അഭിഷേകം ചെയ്യപ്പെട്ടവരാണ് അവർ. ഈ അഭിഷേകം വഴി വസ്തുനിഷ്ഠമായ ഒരു വിശുദ്ധി അവർക്കു കൈവരുന്നതായിട്ടാണ് സങ്കല്പം. ഈ വിശുദ്ധിയാണ് ബലി വേദിയിൽ പ്രവേശിക്കാനും ബലി അർപ്പിക്കാനും ബലിയുമായി ബന്ധപ്പെട്ട വസ്‌തുക്കളെ സ്‌പർശിക്കാനുമെല്ലാം അവർക്കു യോഗ്യത നൽകുന്നത്.
ഇത്തരത്തിലുള്ള അനുഷ്ഠാന നിഷ്ഠമായ ഒരു ബലി (cultic sacrifice) ആയിരുന്നില്ല യേശുനാഥന്റേത്. സ്വയം സപൂർണമായി പിതാവിനു സമർപ്പിക്കയും പിതാവിന്റെ ഇഷ്ടമനുസരിച്ച് നിശേഷമായി മനുഷ്യരുടെ സമഗ്ര രക്ഷയ്ക്കു വേണ്ടി സ്വയം ചെലവഴിക്കയും ചെയ്ത അവിടത്തെ ജീവിതവും, ആ ജീവിതത്തിൻ്റെ പരിണിതഫലമായി അനുഭവിക്കേണ്ടി വന്ന കുരിശു മരണവുമാണ് അവിടത്തെ ബലി. വിജാതീയരുടേയും യഹൂദരുടേയുമിടയിൽ പതിവായിരുന്ന അനുഷ്‌ഠാന നിഷ്ഠമായ ബലിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണല്ലോ യേശുനാഥൻ്റെ ഈ ജീവിതബലി. ഈ ബലിയാണ് അവിടുത്തെ പൗരോഹിത്യത്തിന് ആധാരം. ക്രിസ്തുനാഥൻ്റെ പൗരോഹിത്യത്തിലുള്ള പങ്കുചേരലായ ക്രൈസ്തവ പൗരോഹിത്യവും അവിടത്തെ ജീവിത ബലിയുടെ അനുസ്മരണവും (anamnesis) പുനരവതരണവുമായ കുർബാനയെന്ന ക്രൈസ്തവ ബലിയും ഈ ബലി ആഘോഷിക്കപ്പെടുന്ന ബലിപീഠവുമെല്ലാം അനുഷ്ഠാന നിഷ്ഠമായ പൗരോഹിത്യത്തിലും ബലിയിലും ബലിപീഠത്തിലും നിന്ന് തികച്ചും വ്യത്യസ്തമാണ്.
ക്രിസ്‌തുനാഥൻ്റെ ഏക ബലിയിലൂടെ അനുഷ്ഠാന നിഷ്ഠമായ ബലിക്കും പൗരോഹിത്യത്തിനും ബലിപീഠത്തിനുമെല്ലാം അന്ത്യം കുറിക്കപ്പെട്ടുവെന്ന് വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (ഫെബ്രാ 3:13; 10: 9-19). ഇപ്പോഴുള്ള ഏക ബലി ക്രിസ്തുനാഥൻ്റെ ജീവിത ബലിയും അതിൻ്റെ അനുസ്മരണവും പുനരവതരണവുമായ വി. കുർബാനയും മാത്രമാണ്. അതിനെ ആശ്രയിച്ചു മാത്രമാണ് ക്രൈസ്തവ പൗരോഹിത്യവും ബലിപീഠവുമെല്ലാം നിലകൊള്ളുന്നത്. ക്രിസ്തുനാഥൻ്റെ ജീവിത ബലിയിൽ പങ്കു ചേർന്നുകൊണ്ട് സ്വജീവിതത്തെ പിതാവിന് അർപ്പിക്കയും മനുഷ്യരുടെ സമഗ്രരക്ഷയ്ക്കു വേണ്ടി ചെലവഴിക്കുകയും ചെയ്യുന്നതു വഴിയാണ് ക്രൈസ്തവ പുരോഹിതനും ക്രൈസ്തവ വിശ്വാസിക്കും വിശുദ്ധി കൈവരുക. അതാണ് മൗലികമായ ക്രൈസ്തവ വിശുദ്ധി.
തൈലം കൊണ്ടുള്ള അഭിഷേകത്താലുള്ള വിശുദ്ധിയെല്ലാം ആപേക്ഷികമാണ്. അതായത്, മൗലികവും വ്യക്തിപരവുമായ വിശുദ്ധിയെ ആശ്രയിച്ചുള്ളതും അതിൻ്റെ പ്രതീകവും മാത്രമാണ്. ഈ വസ്തുതകളുടെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ, അല്മായർ ബലിപീഠത്തിനു മുമ്പിൽ നിന്നു പ്രാർത്ഥിക്കയും പ്രസംഗിക്കുകയും ചെയ്യുന്നതിൽ പന്തികേടൊന്നും കാണേണ്ടതില്ല. അത് പൗരോഹിത്യത്തിൻ്റെ വിലയിടിക്കലോ ബലിപീഠത്താടുള്ള അനാദരവോ ഒന്നുമല്ല. പ്രത്യുത മാമ്മോദീസായും സ്ഥൈര്യലേപനവും സ്വീകരിച്ച അല്മായരുടെ സ്ഥാനവും പദവിയും യഥാതഥം കണക്കിലെടുക്കുക മാത്രമാണ്.
അല്മായർക്കു പ്രസംഗിക്കാമോ?
ശുശ്രൂഷാപരമായ പൗരോഹിത്യത്തിനു മാത്രം പരികർമം ചെയ്യുവാൻ തിരുക്കർമങ്ങളുണ്ട് തിരുസഭയിൽ. വി. കുർബാനയാചരണത്തിൽ ആധ്യക്ഷ്യം വഹിക്കുന്നതും അനുതാപത്തിന്റെ കൂദാശ (പാപസങ്കീർത്തനം) പരികർമം ചെയ്യുന്നതും വൈദികർക്കുമാത്രം ചെയ്യാവുന്ന തിരുകർമങ്ങളാണ്. രോഗീലേപനവും ഇന്നു വൈദികർ മാത്രമാണു പരികർമം ചെയ്യുക. പട്ടം കൊടുക്കൽ മെത്രാനുമാത്രം പരികർമം ചെയ്യാവുന്ന കൂദാശയാണ്. സ്ഥൈര്യലേപനം പാശ്ചാത്യസഭയിൽ സാധാരണമായി മെത്രാനാണ് പരികർമം ചെയ്യുക. അജപാലനപരമായ കാരണങ്ങളാൽ ഇടവക വികാരിമാർക്കും ഇന്നു പലപ്പോഴും ഇതിനുള്ള അധികാരം നൽകപ്പെടുന്നു. (പൗരസ്‌ത്യ സഭകളിൽ മാമോദീസായോടൊപ്പം വൈദികൻ തന്നെ സ്ഥൈര്യലേപനവും നൽകുന്നു). മാമോദീസാ പരികർമം ചെയ്യുന്നതു സാധാരണയായി വൈദികനോ ഡീക്കനോ ആണ്. ആവശ്യനേരത്ത് ആർക്കും അതു പരികർമം ചെയ്യാവുന്ന താണ്. സുവിശേഷ പ്രഘോഷണത്തിനുള്ള ചുമതലയും അധികാരവും മുഖ്യമായും ശുശ്രൂഷാപരമായ പൗരോഹിത്യത്തിനാണ്. ശരിയായി വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് അവരുടെ കടമയാണല്ലോ. ഔദ്യോഗികമായി സുവിശേഷ പ്രഘോഷണം നടത്താനും പ്രസംഗിക്കാനും വൈദികനാണ് കടമയുള്ളതെങ്കിലും, അവർക്കു മാത്രമേ വിശ്വാസികളോടു പ്രസംഗിക്കാനും ഉപദേശിക്കാനും പാടുള്ളൂ എന്നൊന്നും നിയമമില്ല.
ബൈബിൾ വിജ്ഞാനീയത്തിലും ദൈവശാസ്ത്രത്തിലുമൊന്നും അല്മായർക്ക് ഒരു പരിശീലനവും ലഭിച്ചിട്ടില്ലാതിരുന്ന കഴിഞ്ഞ കാലങ്ങളിൽ പൊതുവിദ്യാഭ്യാസ, ദൈവശാസ്ത്ര വിഷയങ്ങളിലുമൊക്കെ പരിശീലനം നേടിയിരുന്ന വൈദികർ മാത്രമായിരുന്നു പ്രസംഗിക്കുക. ഇന്ന് ഈ വിഷയങ്ങളിൽ പരിജ്‌ഞാനമുള്ളവരും പ്രസംഗിക്കാൻ കഴിവുള്ളവരും മാതൃകാപരമായ ക്രൈസ്തവജീവിതം നയിക്കുന്നവരുമായ അല്‌മായരുണ്ട്. തങ്ങളുടെ സഹോദരീസഹോദരങ്ങളായ മറ്റു വിശ്വാസികളോടു പ്രസംഗിക്കാനും അവരെ ഉപദേശിക്കാനും അവർക്ക് ചിലപ്പോഴെങ്കിലും അവസരം കൊടുക്കുന്നതു തീർച്ചയായും ഉചിതമായിരിക്കും. അല്മായരും ശുശ്രൂഷാപൗ രോഹിത്യവും ഉൾപ്പെടുന്ന സഭാസമൂഹത്തിന്റെ കൂട്ടുത്തരവാദിത്വം ഇതുവഴി കൂടുതൽ സുവിദിതമായിത്തീരും. കരിസ്‌മാറ്റിക് നവീകരണ മണ്ഡലങ്ങളിലൊക്കെ ഇതിന്റെ പ്രയോജനം അനുഭവപ്പെടുന്നുണ്ടല്ലോ. ദാമ്പത്യവിശുദ്ധി, കുടുംബജീവിതം തുടങ്ങിയ വിഷയങ്ങളിൽ ഉത്തമ ക്രൈസ്തവജീവിതം നയിക്കുന്ന അല്മായർക്ക് സ്വന്തം അനുഭവത്തിൽ നിന്നുതന്നെ കൂടുതൽ പ്രസക്തമായി പ്രസംഗിക്കാനും ഉപദേശിക്കാനും കഴിയുമല്ലോ

അല്‌മായർ കുർബാന കൊടുക്കുന്നത് അനാദരവോ?
വി. കുർബാനയാചരണത്തിൽ കാർമികത്വം വഹിക്കാൻ വൈദികർക്കു മാത്രമേ പാടുള്ളുവെങ്കിലും, അല്മായർക്കു ചെയ്യാവുന്ന പല കർമങ്ങളും ഉണ്ട് അവിടെ. കുർബാന കൊടുക്കൽ അതിൽപ്പെടും. വി. കർബാനയാചരണത്തിന്റെ ഒരു പ്രധാന ഭാഗംതന്നെയാണെങ്കിലും, കുർബാന കൊടുക്കലിനെ വൈദികർക്കുമാത്രം ചെയ്യാവുന്ന ഒരു കർമായി തിരുസ്സഭ തീരുമാനിച്ചിട്ടില്ല. ''ആർക്കും തിരുവോസ്തി എടുത്തു വിതരണം ചെയ്യാമെന്നു വരുന്നത് " തീർച്ചയായും ഉചിതമായിരിക്കയില്ല. എന്നാൽ, ഭക്ത്യാദരവുകളോടെ അതു ചെയ്യുവാൻ കഴിവുള്ള ചില അല്മായരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി ആവശ്യത്തിനനുസരിച്ച് ഈ ജോലി ഏല്പിക്കുന്നതിൽ ഒരു തെറ്റുമില്ല. ജ്‌ഞാനസ്നാനവും സ്ഥൈര്യലേപനവും സ്വീകരിച്ച് ക്രിസ്തനാഥൻ്റെ രാജകീയ പൗരോഹിത്യത്തിൽ പങ്കുചേരുന്ന അല്മായർ കുർബാന കൊടുക്കാൻ സഹായിക്കുമ്പോൾ പൗരോഹിത്യത്തിന്റെ വിലയിടിക്കയോ വി. കുർബാനയിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുനാഥനോട് അനാദരവുകാണിക്കയോ അല്ല ചെയ്യുന്നത്. പ്രത്യുത തങ്ങളുടെ സ്വന്തം പൗരോഹിത്യത്തെ ആദരിക്കയാണ്.
വി. കുർബാന ആചരിക്കാനോ സ്വീകരിക്കാനോ കൊടുക്കാനോ യോഗ്യത നമുക്ക് ആർക്കും ഇല്ല - വൈദികർക്കുമില്ല, അല്മായർക്കുമില്ല. ക്രിസ്തുനാഥൻ തന്നെ അവിടത്തെ കാരുണ്യത്തിൽ ദൈവമക്കളാക്കിത്തീർത്ത നമുക്കു നലകുന്ന വലിയ അനുഗ്രഹവും ആനുകൂല്യവും മാത്രമാണ് അതെല്ലാം. വി. കുർബാന എടുക്കുന്നതും കൊടുക്കുന്നതുമെല്ലാം വിശുദ്ധതൈലം കൊണ്ടുള്ള അഭിഷേകത്തിലൂടെ വൈദികർക്കു മാത്രം കിട്ടിയിരിക്കുന്ന അധികാരവും ആനുകൂല്യവുമാണെന്ന സങ്കല്പമാണ് അല്മായർ കുർബാന കൊടുക്കുന്നതിനെ എതിർക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്. പണ്ടൊക്കെ വൈദികർ മാത്രമായിരുന്നല്ലോ തിരുവോസ്തി കൈകൊണ്ടു സ്‌പർശിച്ചിരുന്നതും വിതരണം ചെയ്തിരുന്നതുമെല്ലാം. അതിനാൽ, അല്മായരും വി. കുർബാന കൊടുക്കുന്ന രീതി ആരംഭത്തിൽ പലർക്കും അനാദരവായി തോന്നുക സ്വാഭാവികമാണ്. ക്രൈസ്തവ പൗരോഹിത്യത്തെ അനുഷ്‌ഠാന നിഷ്ഠമായ പൗരോഹിത്യമായി കണ്ടു തഴങ്ങിയ നമ്മുടെയിടയിൽ ഈ ബുദ്ധിമുട്ട് ഒന്നുകൂടി രൂക്ഷമായിരിക്കുമെന്നതും സ്വാഭാവികം മാത്രമാണ്. പാശ്ചാത്യരാജ്യങ്ങളിലെ പല ഇടവകകളിലും പല വർഷങ്ങളായി സ്ത്രീപുരുഷഭേദമില്ലാതെ ചില അല്മായരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി വി. കുർബാന വിതരണം ചെയ്യാൻ നിയോഗിച്ചിട്ടുണ്ട്. ആരംഭത്തിൽ ചില വിശ്വാസികൾക്ക് അവിടങ്ങളിലും അതിനോട് എതിർപ്പുണ്ടായിരുന്നു. എന്നാൽ, ഇന്ന് അതു മിക്കവാറും മാറിയിരിക്കയാണ്. ഈ സാഹചര്യമാണ് ബാബു സംശയം ചോദിച്ച അച്ചൻ പറഞ്ഞതിന്റെ പിന്നിലുള്ള സൂചന.
താത്വികവും പ്രായോഗികവുമായ മറ്റൊരു വശം
ഈ പ്രശ്നത്തിനു താത്വികവും പ്രായോഗികവുമായ മറ്റൊരു സുപ്രധാന വശം കൂടിയുണ്ട്. ക്രിസ്തുനാഥൻ വി. കുർബാന സ്ഥാപിച്ചത് നമ്മൾ എല്ലാവരും കുടി ആചരിക്കുകയും പങ്കുകൊള്ളുകയും ചെയ്യേണ്ട ഒരു വിരുന്നായിട്ടാണ്. ഈ വിരുന്നാണ് അവിടത്തെ ജീവിതബലിയുടെ പ്രതീകം. വി. കുർബാന അവിടുത്തെ ജീവിതബലിയുടെ കൂദാശയാണല്ലോ. എല്ലാ കൂദാശകൾക്കുമുണ്ട് അവയുടെ മുഖ്യമായ പ്രതീകം.
വി. കുർബാനയെന്ന കൂദാശയുടെ മുഖ്യമായ പ്രതീകം വിരുന്നാണെങ്കിൽ, വി. കുർബാനയിൽ പങ്കുകൊള്ളുന്ന നാം എല്ലാവരും ഈ വിരുന്നിലും പങ്കുകൊള്ളണം; മറുവാക്കുകളിൽ പറഞ്ഞാൽ, വി. കുർബാന സ്വീകരിക്കണം. വിരുന്നിനു പോകുമ്പോൾ, ആ വിരുന്നിൻ്റെ വിഭവങ്ങൾ നോക്കിനിന്നിട്ട് നാം ആരും തിരിച്ചു പോരാറില്ലല്ലോ. യേശു നാഥൻ വി. കുർബാന സ്ഥാപിച്ചത് മുഖ്യമായും നാം അതു സ്വീകരിക്കാൻ വേണ്ടിയാണ്. നോക്കി നിൽക്കാനും ആരാധിക്കാനും വേണ്ടി മാത്രമല്ല. എന്നാൽ, നിർഭാഗ്യവശാൽ, കാലാന്തരത്തിൽ വിരുന്നിൽ പങ്കുചേരാത്ത ഒരു വിരുന്നാചരണമായിപ്പോയി, നമ്മുടെ വി. കുർബാന.
തെറ്റായ ആദരവിൻ്റെ പേരിൽ പലരും വി. കുർബാന സ്വീകരണത്തിൽ നിന്നും മാറിനിന്നു. നാലാം നൂററാണ്ടിന്റെ അവസാനം തുടങ്ങിയ ഈ പ്രവണത പൗരസ്‌ത്യസഭയേയും പാശ്ചാത്യസഭയേയും ഒരുപോലെ ബാധിച്ചു. മധ്യയുഗങ്ങളായപ്പോഴേയ്ക്കും ആണ്ടുവട്ടത്തിലെ വലിയ പെരുന്നാൾ ദിവസങ്ങളിൽ മാത്രമായി വി. കുർബാന സ്വീകരണം. 1215-ൽ നടന്ന നാലാം ലാറ്ററൻ സൂനഹദോസിൽ വച്ച് ഉയിർപ്പിന് എല്ലാവരും വി. കുർബാന സ്വീകരിക്കണമെന്ന നിയമംതന്നെ ഉണ്ടാക്കേണ്ടിവന്നു. ഈ നൂറ്റാണ്ടിൻ്റെ ( 20th Century) ആരംഭത്തിൽ തുടങ്ങിയ ആരാധനക്രമ നവീകരണത്തോടെയാണ് പാശ്ചാത്യ സഭയിൽ ഈ പ്രവണതയ്ക്ക് ഒരു വ്യത്യാസം വന്നു തുടങ്ങിയത്. ഇന്ന് പല പാശ്ചാത്യരാജ്യങ്ങളിലും വി. കുർബാനയാചരണത്തിൽ സംബന്ധിക്കുന്ന എല്ലാവരും തന്നെ വി. കുർബാന സ്വീകരിക്കുകയും ചെയ്യുന്നു. പൗരസ്ത്യ സഭയിൽ പൊതുവേ ആണ്ടുവട്ടത്തിലെ നാലു നോമ്പുകാലങ്ങളോട് അനുബന്ധിച്ച് നാലുപ്രാവശ്യം വി. കുർബാന സ്വീകരിക്കുന്ന പതിവാണ് ഉണ്ടായിരുന്നത്.
ക്രിസ്തുനാഥൻ അവിടുത്തെ അനന്തമായ കാരുണ്യത്തിൽ വി. കുർബാന സ്ഥാപിച്ച് അത് ആചരിക്കുന്നതിനും സ്വീകരിക്കുന്നതിനും നമ്മെ ക്ഷണിക്കുമ്പോൾ, തെറ്റായ ആദരവിന്റെ പേരിൽ നാം മാറി നിൽക്കയും അവിടത്തെ ദാനം നിരസിക്കയുമല്ലല്ലോ വേണ്ടത്. വി. കുർബാനയാചരണത്തിൽ ചേരുമ്പോഴെല്ലാം നാം വി. കുർബാന സ്വീകരിക്കയും വേണം. ഗൗരവമായ പാപമുണ്ടെങ്കിൽ മാത്രമേ കുർബാന സ്വീകരണത്തിനുമുമ്പു കുമ്പസാരിക്കുവാൻ കടമയുള്ളൂ. ഇല്ലെങ്കിൽ വി. കുർബാന ആചരിക്കുമ്പോഴെല്ലാം കുർബാന സ്വീകരിക്കയും ചെയ്യാം. ഗൗരവമായ പാപമുണ്ടെങ്കിൽ, ആ നിലയിൽ ജീവിക്കാൻ ഒരിക്കലും പാടില്ല. കഴിവതും വേഗം പാപസങ്കീർത്തനമെന്ന കൂദാശ വഴി ദൈവവുമായി രമ്യപ്പെടാൻ നാം കടപ്പെട്ടിരിക്കുന്നു. ഗൗരവമല്ലാത്ത പാപങ്ങൾക്കു, വി. കുർബാനയാചരണത്തിൽ വേണ്ടവിധം പങ്കുചേരുന്നതു വഴി തന്നെ പൊറുതി ലഭിക്കുന്നുണ്ട്. അതുപോലെ തന്നെ സ്‌നഹം, അനുതാപം, ത്യാഗം, ക്ഷമ, ഉപവി പ്രവൃത്തികൾ, പ്രാർത്ഥന, ബൈബിൾ വായന തുടങ്ങിയവയും ഈ പാപങ്ങൾക്കു മോചനം നൽകുന്ന മാർഗങ്ങളാണ്. ഏതായാലും, വി. കർബാന ആചരിക്കുമ്പോഴെല്ലാം നാം വി. കുർബാന സ്വീകരിക്കയും ചെയ്യണമെന്നതാണ് ക്രിസ്തുനാഥൻ്റെ അഭിലാഷം.
എന്നാൽ, അങ്ങനെ ചെയ്യുമ്പോൾ പ്രായോഗികമായ ഒരു പ്രശ്നം ഉദിക്കുന്നു. പല പള്ളികളിലും കുർബാന കൊടുക്കാൻ ഒരേയൊരു വൈദികൻ മാത്രമേ കാണുകയുള്ളു. കുർബാന കൊടുക്കാൻ ദീർഘസമയമെടുക്കുന്നത് പല വിശ്വാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കും. പള്ളിയിൽ വരുന്ന എല്ലാവരും തന്നെ പലതരത്തിലുള്ള ജോലികളുള്ളവരാണ്. വി. കുർബാനയാചരണത്തിനു മുമ്പും അതുകഴിഞ്ഞും കുർബാനകൊടുത്തു ചിലർ ഈ പ്രശ്നത്തിനു പരിഹാരം തേടുന്നതു കണ്ടിട്ടുണ്ട് . അതെല്ലാം വി. കുർബാനയാചരണത്തിൻ്റെ അർത്ഥത്തിനുതന്നെ മങ്ങലേല്പിക്കുന്ന വികലമായ ചെയ്തികളാണ്.
ഇങ്ങനെ ചിന്തിക്കുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട ചില അല്മായർ വി.കുർബാന കൊടുക്കാൻ വൈദികനെ സഹായിക്കുന്നതിൻ്റെ പ്രസക്‌തി മനസ്സിലാകും. പാശ്ചാത്യരാജ്യങ്ങളിൽ ഈ പതിവു തുടങ്ങിയിരിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ഇങ്ങനെ പ്രായോഗികമായ കാരണങ്ങളുള്ളപ്പോൾ അല്മായരും കുർബാന കൊടുക്കുന്നത് ക്രിസ്തുനാഥനെ അപമാനിക്കയല്ല, ആദരിക്കയാണ്; ശുശ്രൂഷാപരമായ പൗരോഹിത്യത്തിൻ്റെ വില ഇടിക്കയല്ല, എല്ലാ ക്രൈസ്‌തവർക്കുമുള്ള രാജകീയ പൗരോഹിത്യത്തെ അംഗീകരിക്കയാണ്; ബലിപീഠത്തോടുള്ള ആദരവു നശിപ്പിക്കയല്ല, ബലിപീഠത്തെ ക്രിസ്തുനാഥൻ്റെ പൗരോഹിത്യത്തിൻ്റെ വെളിച്ചത്തിൽ വീക്ഷിക്കയാണ്.
അല്മായർ പ്രസംഗിക്കുന്നതും കുർബാന കൊടുക്കുന്നതും അനാദരവോ?
ഡോ. സിപ്രിയൻ ഇല്ലിക്കമു റി
അസ്സീസി മാസിക, ഫെബ്രുവരി 1989






















