അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു-15

15
അറിഞ്ഞത് മിഥ്യ, അറിയാത്തതോ?

എലിസബത്തമ്മ ഓനച്ചന്‍ചേട്ടന്‍റെ രഹസ്യ ഭാര്യയാണെന്ന പരിഗണനയോ, കുട്ടികള്‍ മേളപ്പറമ്പിലെ ചോരയാണെന്ന കണക്കോ കൊച്ചുത്രേസ്യാക്കുട്ടി പരസ്യമായി കാണിച്ചില്ല. എന്നാല്‍ അവര്‍ക്ക് ഒരു കുറവും വരരുതെന്ന് കൊച്ചുത്രേസ്യാക്കുട്ടിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ബാന്ധവവും ബന്ധവുമെല്ലാം അറിയുന്നതിന് മുന്‍പേ എലിസബത്തമ്മയെ കൊച്ചുത്രേസ്യകുട്ടി ഇഷ്ടപ്പെട്ടതാണ്. കാരണം അത്രയ്ക്കുണ്ടായിരുന്നു എലിസബത്തമ്മയ്ക്കുള്ള ആത്മാര്‍ത്ഥതയും പ്രാവീണ്യവും.
എലിസബത്തമ്മ വേലക്കാരിയായി വന്നു വേലക്കാരിയായി തുടര്‍ന്നു. വേലക്കാരിക്ക് വേണ്ട അനുസരണയും വിധേയത്വവും പാലിച്ചു. തന്‍റെ മക്കളെ കൊച്ചുതോമായോടും കൊച്ചുത്രേസ്യാക്കുട്ടിയോടും സ്നേഹബഹുമാനത്തോടെ പെരുമാറുവാന്‍ പഠിപ്പിച്ചിരുന്നു. തനിക്കും കുട്ടികള്‍ക്കും വേണ്ട സുരക്ഷിതത്വം മാത്രമേ എലിസബത്തമ്മ പ്രതിഫലമായി പ്രതീക്ഷിച്ചിരുന്നുള്ളു.
ജോയിയും ജോസിയും എല്ലാവരുടെയും ഇഷ്ടപ്പെട്ട കുട്ടികളായി വളര്‍ന്നു. എന്നാല്‍ ജോയി വളരും തോറും മേളപ്പറമ്പിലെ കുട്ടികള്‍ ഏതെങ്കിലും കാരണവശാല്‍ എവിടെയെങ്കിലും എന്തിനെങ്കിലും പരാജയപ്പെടുന്നത് കാണുമ്പോള്‍ താന്‍ വിജയിക്കുന്നതുപോലൊരു തോന്നലും അതിലൊരു സുഖവും സന്തോഷവും അനുഭവിച്ചിരുന്നു. എന്നാല്‍, അവര്‍ ബോര്‍ഡിങ് സ്കൂളില്‍നിന്ന് അവധിക്ക് വരുന്നതും കാത്ത് ജോയി ഇരിക്കും. അവധിക്കാലം ആരംഭിക്കുന്നതിനു മുന്‍പേ കളികള്‍ക്കുള്ള ഒരുക്കം ആരംഭിക്കും.
സ്വാഭാവികമായി വളര്‍ന്നുകൊണ്ടിരുന്ന ജോയി, മുതിരും തോറും ചിന്തിച്ചു വളരാന്‍ തുടങ്ങി. ശരീരത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മനസ്സിലും ചില മാറ്റങ്ങള്‍ ഉരുവായി. ശരീരത്തിലെ പുതിയ പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് മനസ്സില്‍ പുതിയ പുതിയ ചിന്തകള്‍ ഉടലെടുത്തു. മനസ്സിലെ പുതിയ ചിന്തകള്‍ സ്വഭാവത്തിലും പെരുമാറ്റത്തിലും വീട്ടിലും പ്രതിഫലിച്ചു. പലപ്പോഴും മനസ്സിലേയ്ക്ക് കയറിവരുന്ന ഒരു ചിന്ത ജോയിയെ അധികമായി ബാധിച്ചു. "തന്‍റെ അപ്പന്‍ പുറപ്പെട്ടു പോകാന്‍ കാരണം പായ് വില്‍പ്പനക്കാരന്‍ ഓനച്ചന്‍ചേട്ടനല്ലേ? അയാള്‍ക്ക് തന്‍റെ അമ്മയോടുള്ള ബന്ധം എന്താണ്?" ഉത്തരം തേടാനാകാതെ ജോയി പകച്ചു നിന്നു. പകയോടെ മുഖം കറുത്തിരുണ്ടു. പല്ലുകള്‍ ഇറുമി കടിച്ചു.
അന്ന് ചേട്ടന്‍റെ മുഖഭാവം കണ്ടു ഭയന്ന് ജോസി അടുക്കളയിലേക്ക് മാറി. ڔ വിയര്‍ത്തൊലിച്ച് തളര്‍ന്നു വരുന്ന അമ്മയെ കണ്ടപ്പോള്‍ ജോയിയില്‍ കയറിയ ചെകുത്താന്‍ താനെ ഇറങ്ങിപ്പോയി. "എന്തുമാത്രം സ്നേഹിക്കുന്ന അമ്മ".
കത്രീന വിളിച്ചപ്പോഴാണ് സൊഡാലിറ്റി മീറ്റിങ്ങിനു വായിക്കേണ്ട ഉപന്യാസം എഴുതണമല്ലോയെന്ന് ജോയി ഓര്‍ത്തത്. ജോയി നിര്‍ബന്ധിച്ചിട്ടാണ് കത്രീന ഉപന്യാസം വായിക്കാമെന്ന് ഏറ്റത്. ഔസേപ്പിതാവിന്‍റെ തിരുനാളിനു ശേഷമുള്ള ആദ്യത്തെ സൊഡാലിറ്റി മീറ്റിംഗ് ആയിരുന്നതിനാല്‍ ഔസേപ്പിതാവിനെ കുറിച്ചായിരുന്നു അന്നത്തെ പഠന വിഷയം. സൊഡാലിറ്റിയുടെ ഉപദേഷ്ടാവായ ആഗ്നസ് സിസ്റ്റര്‍ ആയിരുന്നു പഠന വിഷയങ്ങള്‍ തീരുമാനിച്ചിരുന്നത്. പ്രസംഗത്തിന് ജോയി ജോണിന് കൊടുക്കപ്പെട്ട വിഷയം ഔസേപ്പിതാവും ദൈവീക ലക്ഷ്യവും എന്നതായിരുന്നു. ഉപന്യാസത്തിന് ഔസേപ്പിതാവും കുടുംബ ജീവിതവും. കുറച്ചെഴുതി അഗ്നസ് സിസ്റ്ററിനെ കാണിച്ചാല്‍ പൊടിപ്പും തൊങ്ങലും സാഹിത്യരീതികളുമെല്ലാം ചേര്‍ത്ത് ആവശ്യത്തിനു വലുതാക്കി തരും.
ഔസേപ്പിതാവും കുടുംബ ജീവിതവും എന്ന വിഷയത്തെക്കുറിച്ച് എഴുതുവാന്‍ ആരംഭിച്ചപ്പോഴെ മനസ്സില്‍ വന്നത് എതിര്‍ ചിന്തകള്‍ ആയിരുന്നു. എല്ലാം നഷ്ടപ്പെട്ട് പുറപ്പെട്ടു പോകുവാന്‍ ഒരുങ്ങിയവന്‍. ഉടന്‍ ചിന്ത വഴിമാറി, എന്‍റെ അപ്പന്‍ എന്തിനായിരിക്കും പുറപ്പെട്ടു പോയത്. പായ്ക്കച്ചവടക്കാരന്‍ ഓനച്ചന്‍ചേട്ടന്‍ മനസ്സിലേക്ക് ഓടിയെത്തി. മുഖം ഇരുണ്ടു. കത്രീന ജോയിയിലെ വ്യത്യാസം ശ്രദ്ധിച്ചു. എന്താ ജോയി എന്ന് കത്രീന ചോദിച്ചപ്പോഴാണ് ബോധം വീണത്. തന്‍റെ അമ്മയെക്കുറിച്ച് അനാവശ്യ ചിന്തകള്‍ ഒന്നും മനസ്സില്‍ കേറ്റരുതേ എന്ന് കാവല്‍ മാലഖമായോട് പ്രാര്‍ത്ഥിച്ചുകൊണ്ട് ജോയി എഴുതുവാന്‍ തുടങ്ങി.
അങ്ങനെ അവധിക്കാലങ്ങള്‍ ചിലത് കടന്നുപോയി. കൊച്ചുത്രേസ്യാക്കുട്ടിയുടെ പിള്ളേര്‍ പല ക്ലാസുകളിലും തോറ്റു തോറ്റു ജയിച്ചു. എലിസബത്തമ്മയുടെ മക്കള്‍ ചില ക്ലാസുകളില്‍ തോറ്റു പഠിച്ചു. നാടന്‍ പള്ളിക്കൂടങ്ങളില്‍ നന്നായി പഠിപ്പിക്കുന്നത് കൊണ്ടാണോ ഇംഗ്ലീഷ് സ്കൂളുകളില്‍ നന്നായി പഠിക്കുന്നവരെ മാത്രം ജയിപ്പിക്കുന്നത് കൊണ്ടാണോ ഇതെന്നറിയില്ല. മുതലാളിമാരുടെ പിള്ളേര് തോറ്റു പഠിച്ചാലേ പഠിക്കൂ എന്ന് അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിശ്വാസമുള്ളതുകൊണ്ടാണോ അതോ മുതലാളിപ്പിള്ളേര്‍ അലമ്പിയെ പഠിക്കൂ എന്ന് നിര്‍ബന്ധം ഉള്ളതുകൊണ്ടാണോ അവര്‍ തോല്‍ക്കുന്നതെന്ന് അറിഞ്ഞുകൂടാ. പഠനകാലം പലര്‍ക്കും അവസാനിച്ചു കൊണ്ടിരുന്നു. വളരുന്തോറും ഓരോരുത്തരും കുറേശ്ശെ അകലാന്‍ തുടങ്ങി. അവരവരുടെ സ്വന്തം താല്‍പര്യങ്ങള്‍ അറിയുവാനും അതെല്ലാം രസിക്കാവാനും തുടങ്ങി. എന്നാല്‍ വളരുന്തോറും ജോയിയും കത്രീനയും കൂടുതല്‍ കൂടുതല്‍ അടുക്കുവാന്‍ തുടങ്ങി. ജോയിയുടെ താല്‍പര്യങ്ങള്‍ പലതും കത്രീനയുടെ ഇഷ്ടങ്ങള്‍ ആയി. കത്രീനയുടെ ഇഷ്ടങ്ങള്‍ പലതും ജോയിയുടെ താല്‍പര്യങ്ങള്‍ ആയി. അവരുടെ രീതികള്‍ പലതും കൊച്ചുത്രേസ്യക്കുട്ടിയില്‍ സംശയവും ശങ്കയും ഉളവാക്കി.
ഒരാഴ്ചയായി കൊച്ചുത്രേസ്യക്കുട്ടിയുടെ മനസ്സ് ശരിയല്ലായിരുന്നു ഏതെടുത്താലും വഴക്ക്, എല്ലാവരോടും തട്ടിക്കയറി. കൊച്ചുത്രേസ്യക്കുട്ടിയുടെ ഏതുതരം മനോഭാവങ്ങളെയും അതിജീവിച്ചിരുന്ന നാരായണി പോലും ഈ മാറ്റത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. പറയേണ്ടതൊന്നും പറയുന്നില്ല,ڔ പറയേണ്ടാത്തതെല്ലാം പറഞ്ഞുകൊണ്ടേയിരുന്നു. കൊച്ചുതോമയും മക്കളും എന്തുചെയ്യണമെന്നറിയാതെ ആകപ്പാടെ വിഷമിച്ചു. അവരുടെ വിഷമം പണിക്കാരെയും ബാധിച്ചു. അപ്പോഴാണ് എല്ലാവര്‍ക്കും മനസ്സിലായത് കുടുംബ സമാധാനത്തിന്‍റെ താക്കോല്‍ കുടുംബനാഥയുടെ കയ്യില്‍ ആണെന്ന്. ഒരാഴ്ച കൊണ്ട് ഒരു തീരുമാനമായി. പള്ളിയില്‍നിന്ന് വള്ളത്തില്‍ തിരികെ വന്നുകൊണ്ടിരുന്നപ്പോള്‍ڔ കൊച്ചുത്രേസ്യക്കുട്ടി പൈലിയോട് പറഞ്ഞു, "നീ ഇന്ന് തന്നെ ആലുവയ്ക്ക് പോകണം, അന്നാമ്മ പേരമ്മയെ കൂട്ടികൊണ്ടു വരണം." പേരമ്മ അപ്പോള്‍ ആലുവ മഠത്തിലെ മദറമ്മയായിരുന്നു.
എന്തിനാണ് പേരമ്മയെ വിളിപ്പിക്കുന്നത് എന്ന് ചോദിക്കണമെന്ന് കൊച്ചുതോമയ്ക്ക് തോന്നി. പക്ഷേ മിണ്ടിയില്ല. ബഹളമുണ്ടാക്കിയാലോ എന്നു ഭയന്നു. പൈലി ആലുവായ്ക്ക് പോയിക്കഴിഞ്ഞപ്പോള്‍ കൊച്ചുതോമായോട് കൊച്ചുത്രേസ്യക്കുട്ടി പറഞ്ഞു, "എലിസബത്തമ്മയെയും പിള്ളേരെയും പേരമ്മ വരുമ്പോള്‍ പേരമ്മയുടെ കൂടെ അയയ്ക്കുകയാണ്. ഇനി അവരിവിടെ വേണ്ട."ڔ കൊച്ചുതോമ അതിശയിച്ചു, "പെട്ടെന്ന് പറഞ്ഞു വിട്ടാല്‍ അവരെന്തു ചെയ്യും?"ڔ
കൊച്ചുത്രേസ്യക്കുട്ടി മറുപടി പറഞ്ഞു, "അത് പേരമ്മ നോക്കിക്കൊള്ളും."
കൊച്ചുതോമ വീണ്ടും, "പാവങ്ങള്‍, അവര്‍ നല്ല പോലെയല്ലേ പെരുമാറുന്നത്?"
കൊച്ചുത്രേസ്യക്കുട്ടി മുഖത്തടിച്ച പോലെ കയര്‍ത്തു, "പെരുമാറ്റത്തെക്കുറിച്ച് നിങ്ങള്‍ ഒന്നും പറയേണ്ട."
കൊച്ചുതോമ പിന്നീട് ഒന്നും മിണ്ടിയില്ല, കാരണം മിണ്ടിയാല്‍ ഉണ്ടാവുന്ന പ്രതികരണം കൊച്ചുതോമയ്ക്ക് നന്നായി അറിയാമായിരുന്നു. ഏതോ ഒരു നാള്‍, ഏതോ ഒരുڔ ഇളക്കത്തിന്, കൊച്ചുതോമ എലിസബത്തമ്മയോട് ഒരുതരം അടുപ്പം കാണിച്ചു. അത് എലിസബത്തമ്മ കണ്ടതായി ഭാവിച്ചില്ല. എന്നാല്‍ കണ്ടോണ്ടു വന്ന കൊച്ചുത്രേസ്യക്കുട്ടിയുടെ ഭാവമാറ്റം ഒരാഴ്ചയിലേറെ കൊച്ചുതോമയെ കഷ്ടപ്പെടുത്തി. സമയാസമയത്ത് ആഹാരം കിട്ടും പക്ഷേ മിണ്ടാട്ടമില്ല. തുറിച്ചു നോട്ടവും പെട്ടന്ന് വെട്ടിച്ചു മാറ്റുന്ന കറുത്ത മുഖവും ഇന്നും മറക്കാനാവുന്നില്ല.
ഉച്ചയോടടുത്ത് പേരമ്മ ഒരു കൊച്ചു കന്യാസ്ത്രീയെയും കൂട്ടി വീട്ടിലെത്തി. വന്നപാടെ "എന്താ വിശേഷം" എന്ന് തിരക്കി. കൃത്യമായ മറുപടി കിട്ടായ്കയാല്‍ വീണ്ടും വീണ്ടും ചോദിക്കുന്നത് കേട്ടപ്പോള്‍ എല്ലാവരും അതിശയിച്ചു. എന്നാല്‍ കൊച്ചുത്രേസ്യക്കുട്ടിയോ കൊച്ചുതോമയോ ഒന്നും മിണ്ടിയില്ല. പേരമ്മയുടെ സ്വരം കനത്തപ്പോള്‍ കൊച്ചുത്രേസ്യക്കുട്ടി തുറന്നടിച്ചു, "എലിസബത്തമ്മയെയും കുട്ടികളേയും ഇനി ഇവിടെ നിര്‍ത്തുവാന്‍ പറ്റത്തില്ല, കൂട്ടികൊണ്ടു പൊയ്ക്കൊള്ളൂ."
കൊച്ചുത്രേസ്യക്കുട്ടിയുടെ മറുപടി കേട്ട്ڔ എല്ലാവരും ഞെട്ടിത്തെറിച്ചു. അന്താളിച്ചു നിന്ന അന്നാമ്മ എന്തൊക്കെയോ വിചാരിച്ചു. എലിസബത്തമ്മയില്‍നിന്ന് ഉണ്ടായേക്കാവുന്ന എല്ലാ അപദ്ധങ്ങളും ഒരു നിമിഷം മനസ്സിലൂടെ ഓടി. മുഖം കുനിച്ചു നില്‍ക്കുന്ന കൊച്ചുതോമയെ കണ്ടപ്പോള്‍ പരസ്യമായി ഒന്നും ചോദിക്കുവാന്‍ തോന്നിയില്ല.
"എല്ലാം അറിയാവുന്ന കൊച്ചുത്രേസ്യക്കുട്ടി ഇങ്ങനെ സംസാരിക്കുന്നുവെങ്കില്‍ അതില്‍ എന്തൊക്കെയോ ഉണ്ട്." നാരായണിയ്ക്ക് കാര്യമൊന്നും മനസ്സിലായില്ലെങ്കിലും കൊച്ചുത്രേസ്യക്കുട്ടി ഈ ചെയ്യുന്നത് അതിക്രമമാണെന്ന് തോന്നി. മുഖത്തെ അരിശം സങ്കടം ആയി മാറി. കത്രീനയുടെ ഉള്ളംകാല്‍ വരെ തരിച്ചു പോയി. മുഖം ഇരുണ്ടു, കണ്ണു കലങ്ങി, പൊട്ടിക്കരയണമെന്നു തോന്നി. തലകറങ്ങി വീഴുമോ എന്നു ഭയപ്പെട്ടു. എലിസബത്തമ്മ നിസഹായിയായി വീട്ടിലേക്കു നടന്നു. നടക്കുമ്പോള്‍ ഓര്‍ത്തു, "ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ?"
പേരമ്മ കൊച്ചുത്രേസ്യക്കുട്ടിയെ വിളിച്ചു പറമ്പിന്‍റെ ഒരു മൂലയിലേക്ക് മാറ്റി നിറുത്തി ചോദിച്ചു, "കൊച്ചുത്രേസ്യക്കുട്ടി, നീ എന്താണീ പറയുന്നത്?" കൊച്ചുത്രേസ്യക്കുട്ടി വളരെ മയത്തില്‍ മറുപടിയായി ചോദിച്ചു, "തിരുസഭയുടെ നിയമമനുസരിച്ച് ആങ്ങളയും പെങ്ങളും കൂടെ കല്യാണം കഴിക്കുവാന്‍ പറ്റുമോ?"
ആരെ കുറിച്ചാണ് പറയുന്നതെന്ന് തിരക്കാതെ പേരമ്മ ചോദിച്ചു, "അവര്‍ കുട്ടികളല്ലേ?"
എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല തീര്‍ച്ച ഉണ്ടായിരുന്നതുകൊണ്ട് കൊച്ചുത്രേസ്യക്കുട്ടി പറഞ്ഞു, "കുട്ടികളല്ലേ വളരുന്നത്?".
പേരമ്മ പിന്നീട് ഒന്നും പറഞ്ഞില്ല. അന്നുതന്നെ എലിസബത്തമ്മയെയും കുട്ടികളേയും ആലുവയ്ക്ക് കൊണ്ടു പോകുവാന്‍ തീരുമാനിച്ചു. എലിസബത്തമ്മയുടെ മനസ്സില്‍ നന്ദിയും വിധേയത്വവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ജോയി പേരമ്മയോട് കയര്‍ത്തു, "ഇതെന്ത് അന്യായം?"ڔ
പേരമ്മ വളരെ ലളിതമായി മറുപടി പറഞ്ഞു, "നിനക്ക് ജോലി ചെയ്ത് വീട്ടുചെലവ് നടത്തുവാനുള്ള പ്രായമായി. നിനക്ക് ഞാന്‍ ഒരു ജോലി കണ്ടു പിടിച്ചിട്ടുണ്ട്. അടുക്കിപ്പെറുക്കി എടുക്കേണ്ടത് എല്ലാം എടുത്തോണ്ട് പോര്." എല്ലാവരും യാത്രയായി.
കൊച്ചുത്രേസ്യക്കുട്ടി ഒരു ചെറിയ പൊതി പേരമ്മയെ രഹസ്യമായി ഏല്‍പ്പിച്ചു. മുറിയില്‍ കയറി കതകടച്ച് ഏങ്ങലടിച്ചു കരഞ്ഞു. എന്തുകൊണ്ട് തങ്ങള്‍ പുറത്താക്കപ്പെടുന്നു എന്ന് എലിസബത്തമ്മയ്ക്കോ മകന്‍ ജോയിയ്ക്കോ, അതില്‍ തനിക്കുള്ള പങ്ക് എന്തെന്ന് കത്രീനയ്ക്കോ മനസ്സിലായില്ല. എല്ലാവരും കൊച്ചുത്രേസ്യക്കുട്ടിയെ മനസ്സാല്‍ ശപിച്ചു.
അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു
പ്രൊഫ. ജോര്‍ജ് ജോസഫ് എം
അസ്സീസി മാസിക ഏപ്രിൽ 2026

















































































































