

ദൈവം, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവമാണ് , ഏകാകിയല്ല. ഈ ത്രിയേകദൈവം സ്നേഹമാണ്, സ്നേഹത്തിന്‍റെ കൂട്ടായ്മയാണ്. സ്നേഹത്തിന്‍റെ - സമ്പൂര്‍ണ്ണമായ സ്വയം കൊടുക്കലിന്‍റെയും പരസ്പരസ്വീകരണത്തിന്‍റെയും നിരന്തരപ്രവാഹമാണ് അവിടത്തെ ആന്തരികജീവന്‍. ഇതു ദൈവവചനം തന്നെ നമുക്കു വെളിപ്പെടുത്തിത്തന്നിട്ടുള്ളതാണ്.
സ്നേഹത്തിന്‍റെ കൂട്ടായ്മയായ ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതും സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, സ്നേഹത്തിന്‍റെ കൂട്ടായ്മയായി വി. പുസ്തകത്തില്‍ നാം വായിക്കുന്നു: "ദൈവം വീണ്ടും അരുളിച്ചെയ്തു. നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം... അങ്ങനെ ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്‍റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു. സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍" (ഉല്‍പ. 1:2628). സ്നേഹത്തിന്‍റെ കൂട്ടായ്മയായ ദൈവം അവിടത്തെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച പുരുഷനും സ്ത്രീയും അവരുടെ സ്നേഹകൂട്ടായ്മയുടെ ഫലമായ സന്താനവും (സന്താനങ്ങളും) ചേര്‍ന്നതാണു കുടുംബം. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരിശുദ്ധ ത്രിത്വത്തിന്‍റെ പ്രഥമവും ഭൂമിയിലെ ഏറ്റവും പര്യാപ്തവുമായ പ്രതീകവും കുടുംബം തന്നെ.
സൃഷ്ടിക്കുമ്പോള്‍ മനുഷ്യനിലുള്ള ദൈവത്തിന്‍റെ ഛായയും സാദൃശ്യവും ഒരു ആരംഭം മാത്രമാണ്. സ്നേഹിക്കാനും സ്നേഹം സ്വീകരിക്കാനുമുള്ള കഴിവാണ് ഈ ആരംഭം. അവിടെനിന്ന് അതു പൂര്‍ണ്ണതയിലേക്കു വളര്‍ന്നു വികസിക്കണമെന്നതാണ് സ്രഷ്ടാവിന്‍റെ നിയോഗവും ലക്ഷ്യവും. ഈ ലക്ഷ്യപ്രാപ്തിക്കായുള്ള പരിശ്രമം മനുഷ്യന്‍റെ പ്രഥമവും പ്രധാനവുമായ ദൗത്യമാണ്. സ്നേഹത്തിലൂടെയാണ് ദൈവത്തിന്‍റെ ഛായയിലേക്കും സാദൃശ്യത്തിലേക്കും മനുഷ്യന്‍ വളരുന്നതും സ്വന്തം വ്യക്തിത്വത്തിലേക്ക് അവന്‍ ഉയരുന്നതും.
ദൈവത്തിന്‍റെ ഛായയിലേക്കും സാദൃശ്യത്തിലേക്കും വളരാനും സ്വന്തം വ്യക്തിത്വത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് ഉയരാനും വ്യക്തിയെ സഹായിക്കുന്ന ഒന്നാമത്തെ പരിശീലനക്കളരിയാണ് കുടുംബം. കുടുംബത്തിന്‍റെ മടിത്തട്ടിലേക്കു ജനിച്ചുവീഴുന്ന കുഞ്ഞ് അമ്മയുടെയും അപ്പന്‍റെയും സഹോദരീസഹോദരന്മാരുടെയും സ്നേഹം അനുഭവിച്ച് സ്നേഹിക്കാന്‍ - സ്വയം കൊടുക്കാനും സ്വീകരിക്കാനും- പഠിക്കുന്നു. കുടുംബത്തില്‍നിന്ന് സ്നേഹത്തിന്‍റെ കൂടുതല്‍ വിശാലമണ്ഡലങ്ങളായ സമൂഹത്തിലേക്കും രാഷ്ട്രത്തിലേക്കും മനുഷ്യകുലം മുഴുവനിലേക്കും പകരുകയും പടരുകയും ചെയ്യുന്നതനുസരിച്ച് സ്നേഹത്തിനു കൂടുതല്‍ കൂടുതല്‍ വ്യാപ്തിയും സാര്‍വ്വത്രികതയും ലഭിക്കുന്നു.
സ്നേഹിക്കാനും സ്നേഹം സ്വീകരിക്കാനുമുള്ള കഴിവിന് മാനുഷികമായ രീതിയില്‍ ഏറ്റവും കൂടുതല്‍ ആഴവും തീവ്രതയും കൈവരുന്നത് - കൈവരേണ്ട ത് - ഒരു ജീവിതപങ്കാളിയെ കണ്ടെത്തുമ്പോഴാണ്. അവരുടെ സ്നേഹവും കൂട്ടായ്മയും ഫലമണിഞ്ഞ് ഒരു പുതുജീവന്‍ രൂപംകൊള്ളുന്നു. ഒരു പുതിയ കുടുംബം സ്ഥാപിതമാകുന്നു. അങ്ങനെ കുടുംബങ്ങളിലൂടെ സ്നേഹത്തിലേക്കുള്ള വളര്‍ച്ചയും വികാസവും ലോകത്തില്‍ നിരന്തരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പരിശുദ്ധ ത്രിത്വത്തില്‍ നടക്കുന്ന സ്വയം കൊടുക്കലും സ്വീകരണവുമെന്ന ദൈവികപ്രക്രിയയുടെ ഭൂമിയിലെ പ്രതിരൂപമാണ് കുടുംബങ്ങളിലൂടെ വ്യാപകമാകുന്ന സ്വയംകൊടുക്കലും സ്വീകരണവും അതുകൊണ്ടാണ് കുടുംബം പരിശുദ്ധത്രിത്വത്തിന്‍റെ ഭൂമിയിലെ ഏറ്റവും ഉദാത്തമായ പ്രതീകവും പ്രതിരൂപവുമാണെന്ന് പറയുന്നത്.
കുടുംബത്തിന്‍റെ ഈ ഉദാത്തസ്വഭാവം കുടുംബാംഗങ്ങളുടെ മായാത്ത അവബോധമായിരിക്കണം. അപ്പോള്‍ പരിശുദ്ധത്രിത്വത്തിലെന്നപോലെ കുടുംബത്തിലും എപ്പോഴും സ്നേഹവും ഐക്യവും കൂട്ടായ്മയുമുണ്ടായിരിക്കും. ആധിപത്യമോ അടിച്ചേല്‍പ്പിക്കലോ കീഴടക്കലോ അവിടെ ഉണ്ടായിരിക്കുകയില്ല. പുരുഷമേധാവിത്വത്തിനോ സ്ത്രീ ചൂഷണത്തിനോ ഒന്നും അവിടെ യാതൊരു സ്ഥാനവുമുണ്ടായിരിക്കുകയില്ല. കൂട്ടായ്മയാണ് കുടുംബത്തിന്‍റെ മുഖമുദ്ര. സ്വയം മറന്ന്, സ്വയം ത്യജിച്ച്, ഭാര്യയ്ക്കുവേണ്ടി ജീവിക്കുന്ന ഭര്‍ത്താവും, ഭര്‍ത്താവിനുവേണ്ടി ജീവിക്കുന്ന ഭാര്യയും അവരുടെ സ്വയം ദാനത്തിലും പരസ്പരസ്വീകരണത്തിലും നിന്നു സംജാതമാകുന്ന സന്താനങ്ങളും പരിശുദ്ധത്രിത്വത്തിന്‍റെ മാതൃകയില്‍ സ്നേഹത്തിലും കൂട്ടായ്മയിലും ജീവിക്കുമ്പോള്‍, ആ കുടുംബം ഒരു കൊച്ചു സ്വര്‍ഗ്ഗമായിരിക്കും. കാരണം അത് ദൈവത്തിന്‍റെ പരിത്രിത്വത്തിന്‍റെ വാസസ്ഥലം ആണ്. എന്നാല്‍, കുടുംബാന്തരീക്ഷത്തില്‍ എവിടെ കൂട്ടായ്മാമനോഭാവത്തിനെതിരായ സ്വാര്‍ത്ഥതാമനോഭാവം തലയുയര്‍ത്തുന്നുവോ, എവിടെ 'നീ, നിന്‍റെ, നിനക്ക്' എന്നതിനുപരി 'ഞാന്‍, എന്‍റെ, എനിക്ക്' എന്ന ശൈലി പ്രബലപ്പെടുന്നുവോ അവിടെ നരകം രൂപംകൊള്ളുകയായി. കാരണം സ്വാര്‍ത്ഥത -സ്വയം കൊടുക്കാനും അപരനെ സ്വീകരിക്കാനുമുള്ള മനസ്സില്ലായ്മയാണ് നരകം പണിയുന്നത്.
നമ്മുടെ കുടുംബങ്ങളിലുണ്ടാകുന്ന താളപ്പിഴകള്‍ക്കെല്ലാം അടിയിലുള്ളത് ഈ സ്വാര്‍ത്ഥതാമനോഭാവമാണ്. ഭാര്യയോടും മക്കളോടുമുള്ള കടമ മറന്ന് സ്വന്തം സുഖങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും പിന്നാലെ പോകുന്ന ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെയും മക്കളുടെയും ക്ഷേമാശ്വൈര്യങ്ങള്‍ കണക്കിലെടുക്കാതെ സ്വന്തം ഇഷ്ടത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ഭാര്യ, താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി മക്കളുടെ സുരക്ഷിതത്വവും ഭാവിയും അപകടത്തിലാക്കുന്ന മാതാപിതാക്കള്‍, മാതാപിതാക്കള്‍ക്കുവേണ്ട സ്നേഹവും പരിചരണവും നല്കാതെ സ്വന്തം സുഖസൗകര്യങ്ങള്‍ തേടിപ്പോകുന്ന മക്കള്‍, പരസ്പരം താങ്ങും തണലും തുണയുമാകുന്നതിനുപകരം സ്വന്തം കാര്യം മാത്രം നോക്കുന്ന സഹോദരങ്ങള്‍. ഇവരെല്ലാം നരകം തീര്‍ക്കുക മാത്രമല്ല, കുടുംബത്തിന്‍റെ മാതൃകയായ പരിശുദ്ധ ത്രിത്വത്തെ അവഹേളിക്കുകയുമാണ് ചെയ്യുന്നത്.
പരിശുദ്ധ ത്രിത്വത്തെ മഹത്വപ്പെടുത്തുകയെന്നതാണ് കുടുംബങ്ങളുടെ സര്‍വ്വപ്രധാനമായ ദൈവവിളി. കുടുംബാംഗങ്ങള്‍ ഈ ദൈവവിളി അനുസരിക്കുന്നത് അവരുടെ പരസ്പരസ്നേഹത്തിലൂടെയാണ്. ഭര്‍ത്താവു ഭാര്യയ്ക്കും ഭാര്യ ഭര്‍ത്താവിനും സ്വയം ദാനമായിത്തീരുമ്പോള്‍ ദൈവത്തിന്‍റെ ദാനമായ മക്കള്‍ക്ക് മാതാപിതാക്കളും മാതാപിതാക്കളുടെ ജീവന്‍ തന്നെ ദൈവികദാനമായി സ്വീകരിച്ച മക്കള്‍ മാതാപിതാക്കള്‍ക്കും സ്വയം ദാനമായി തീരുമ്പോള്‍, ദൈവത്തിന്‍റെ ദാനമായ മക്കള്‍ക്ക് മാതാപിതാക്കളും മാതാപിതാക്കളിലൂടെ ജീവന്‍ തന്നെ ദൈവികദാനമായി സ്വീകരിച്ച മക്കള്‍ മാതാപിതാക്കള്‍ക്കും സ്വയം ദാനമായി മാറുമ്പോള്‍ പരിശുദ്ധ ത്രിത്വത്തില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള നിരന്തരമായ സമാധാനവും സ്വീകരണവും ഭൂമിയില്‍ കുടുംബങ്ങളും അനുസ്യൂതം അനുവര്‍ത്തിക്കുകയും തുടരുകയുമാണ് ചെയ്യുന്നത്. അങ്ങനെ പരിശുദ്ധ ത്രിത്വത്തിന്‍റെ ആന്തരികജീവന്‍ ഭൂമിയില്‍ പ്രതിഫലിപ്പിച്ചുകൊണ്ട് കുടുംബങ്ങള്‍ പരിശുദ്ധ ത്രിത്വത്തെ മഹത്വപ്പെടുത്തുകയും തങ്ങളുടെ ദൈവവിളി ജീവിക്കുകയും ചെയ്യുന്നു.
ഏറ്റവും ഉദാത്തമായ വിധം ഈ ദൈവവിളി ജീവിച്ചത് നസ്രത്തിലെ തിരുക്കുടുംബമാണെന്ന് പറയാം. യൗസേപ്പിതാവും മാതാവും ഈശോയുമടങ്ങുന്ന നസ്രത്തിലെ ആ കൊച്ചുകുടുംബത്തില്‍ സ്വാര്‍ത്ഥതയുടെ നേരിയ ലാഞ്ഛനപോലും ഒരിക്കലും ഉണ്ടായില്ല. പരസ്പരമുള്ള പഴിചാരലോ കുറ്റപ്പെടുത്തലോ ആ കുടുംബാന്തരീക്ഷത്തില്‍ ഒരിക്കലും മുഴങ്ങിയില്ല. സ്വയം കൊടുക്കലും പരസ്പരസ്വീകരണവും ആ കുടുംബത്തെ സ്വര്‍ഗ്ഗതുല്യമാക്കി. പരിശുദ്ധ ത്രിത്വത്തെ ഏറ്റവുമധികം മഹത്ത്വപ്പെടുത്തിയത് തിരുക്കുടുംബത്തിലെ ഈ പരസ്പരസ്നേഹവും കൂട്ടായ്മയും ഐക്യവുമായിരുന്നു. നമ്മുടെ കുടുംബങ്ങളും സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും ഐക്യത്തിന്‍റെയും വേദികളാകുമ്പോള്‍ അവിടെ ശാന്തിയും സമാധാനവും പുലരും, കൊച്ചുകൊച്ചു സ്വര്‍ഗ്ഗങ്ങള്‍ അവിടെ രൂപംകൊള്ളും. അതുതന്നെയാണ് പരിശുദ്ധത്രിത്വത്തെ മഹത്വപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗവും.
തുടരും. (Part-3)
പരിശുദ്ധ ത്രിത്വവും മനുഷ്യവ്യക്തിത്വവും
ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി
അസ്സീസി മാസിക, ഫെബ്രുവരി 2004)
