

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തിന്‍റെ കൂട്ടായ്മയില്‍ നിന്നാണ് തിരുസഭ ആവിര്‍ഭവിച്ചത്. ഈ കൂട്ടായ്മയിലാണ് അതിപ്പോഴും നിലകൊള്ളുന്നതും. പിതാവ് പുത്രനെ ലോകത്തിലേക്ക് അയച്ചത്, ജീവന്‍റെയും രക്ഷയുടെയും വഴിയില്‍നിന്നും വ്യതിചലിച്ചു പോയ മനുഷ്യകുലത്തിന് തന്‍റെ ജീവിതവും പീഡാനുഭവവും മരണവും ഉയിര്‍പ്പുമാകുന്ന രക്ഷാകര സംഭവത്തിലൂടെ വീണ്ടും ജീവന്‍ നല്കി രക്ഷാകര സമൂഹവുമായി വീണ്ടും ഒന്നിച്ചു ചേര്‍ക്കുന്നതിനായിരുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിലൂടെ ഈ രക്ഷാകര സംഭവം പൂര്‍ത്തിയായ നിമിഷം തന്നെയാണ് തിരുസഭ ഉത്ഭവിച്ചത്. പുത്രന്‍റെ രക്ഷാകരമായ ജീവിതത്തിലും മരണത്തിലും ഉയിര്‍പ്പിലും വിശ്വസിക്കുകയും വിശുദ്ധ കുര്‍ബാനയാചരണത്തിലൂടെ അതാഘോഷിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ കൂട്ടായ്മയാണല്ലോ തിരുസഭ. പിതാവിന്‍റെ പദ്ധതിയനുസരിച്ച് പുത്രന്‍റെ രക്ഷാകര്‍മ്മത്തിലൂടെ രൂപംകൊണ്ട തിരുസ്സഭയെ പരിശുദ്ധാത്മാവു നിരന്തരം വിശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. 'പരിശുദ്ധാത്മാവ്, ഒരാലയത്തിലെന്ന പോലെ തിരുസഭയിലും വിശ്വാസികളുടെ ഹൃദയങ്ങളിലും കുടികൊള്ളുന്നു. ..... ഈ അരൂപി അവളെ ആത്മീയൈക്യത്തിലൂടെയും ശുശ്രൂഷാക്രമത്തിലൂടെയും എകീഭവിപ്പിക്കുന്നു. അങ്ങനെ പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും ഐക്യത്തില്‍ ഒന്നാക്കപ്പെട്ട ഒരു ജനമായി സാര്‍വ്വത്രിക സഭ വിളങ്ങിപ്രകാശിക്കുന്നു" (തിരുസഭ നമ്പര്‍ 4)
പരിശുദ്ധ ത്രിത്വത്തിലൂടെ രൂപംകൊണ്ട തിരുസഭ ത്രിത്വത്തിലെ ഐക്യവും നാനാത്വവും പരിപൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുന്ന കൂട്ടായ്മയായിരുന്നാല്‍ മാത്രമേ എല്ലാ മനുഷ്യരെയും ത്രിത്വത്തിന്‍റെ കൂട്ടായ്മയിലേക്കും അതുവഴി നിത്യജീവിതത്തിലേക്കും ആനയിക്കുകയെന്ന അവന്‍റെ ലക്ഷ്യം നിറവേറ്റാനാവൂ. ഒരേ ശരീരത്തിലെ ശിരസ്സും അവയവങ്ങളുമെന്നപോലെ, പരിശുദ്ധാത്മാവിനാല്‍ ക്രിസ്തുവില്‍ ഏകീകരിക്കപ്പെട്ടവരാണ് എല്ലാ വിശ്വാസികളും. അവര്‍ക്കിടയില്‍ പരിശുദ്ധാത്മാവു നല്കുന്ന വ്യത്യസ്തങ്ങളായ സിദ്ധികളും വിവിധങ്ങളായ ശുശ്രൂഷകളുമുണ്ടെങ്കിലും ആരും ആര്‍ക്കും മുകളിലല്ല. എല്ലാവരും എല്ലാവര്‍ക്കും ശുശ്രൂഷകരാണ്. പരിശുദ്ധത്രിത്വത്തിലെന്നപോലെ, സ്നേഹം അഥവാ സ്വയംകൊടുക്കലും പരസ്പരസ്വീകരണവുമാണ് അവരുടെ ചൈതന്യം. പരസ്പരാത്രിതത്വമാണ് അവരുടെ മുഖമുദ്ര. ഓരോരുത്തരും ക്രിസ്തുനാഥന്‍റെ മാതൃകയനുസരിച്ച് അപരനുവേണ്ടി ജീവിക്കുന്നു. അപ്പോഴാണ് തിരുസഭയാകുന്ന കൂട്ടായ്മ പരിശുദ്ധത്രിത്വമാകുന്ന കൂട്ടായ്മയുടെ പ്രതിരൂപമായി വര്‍ത്തിക്കുന്നത്.
