top of page

നിന്‍റെ നാമം പൂജിതമാകണം

Aug 1, 2017

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
holy father , son and holy spirit

'കര്‍ത്താവിന്‍റെ നാമം പൂജിതമാകണം' എന്ന്  'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയില്‍ നാം പ്രാര്‍ത്ഥിക്കാറുണ്ട്. ദൈവത്തിന്‍റെ നാമം അറിയിക്കുക എന്നത് മനുഷ്യന്‍റെ കടമയുമാണ്. ദൈവത്തിന്‍റെ സാന്നിദ്ധ്യം നമ്മുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് കാണുമ്പോള്‍ അവിടുത്തെ നാമം ലോകം അറിയുകയാണ് ചെയ്യുന്നത്. ഉയര്‍ന്നു നില്‍ക്കുന്ന ദൈവാലയങ്ങളും അഭയമന്ദിരങ്ങളുമെല്ലാം അവിടുത്തെ നാമം ലോകത്തിനു വെളിപ്പെടുത്തുന്നു. സങ്കീര്‍ത്തനം 20/7ല്‍ "ഞങ്ങളാകട്ടെ ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ നാമത്തില്‍ അഭിമാനം കൊള്ളുന്നു" എന്നു പ്രഖ്യാപിക്കുന്നു. യോഹന്നാന്‍ 12/ 28ല്‍ "പിതാവേ നിന്‍റെ നാമം മഹത്വപ്പെടുത്തണമേ" എന്ന് പറയുന്നു. ദൈവത്തിന്‍റെ മഹിമയും ശക്തിയും പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു. മനുഷ്യന്‍ ദൈവത്തിന്‍റെ നാമം പൂജിതമാക്കുവാന്‍ നിരന്തരം ശ്രമിക്കേണ്ടവനാണ്. ബൈബിള്‍ പാരമ്പര്യങ്ങളില്‍ ദൈവതിരുനാമം പൂജിതമാക്കിയ നിരവധി വ്യക്തികളെ കാണാം.

ദൈവത്തില്‍ അടിപതറാതെ വിശ്വസിച്ചുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്താം. പ്രതീക്ഷിക്കുവാന്‍ വകയൊന്നും ഇല്ലാഞ്ഞിട്ടും ദൈവത്തില്‍ ശക്തമായി വിശ്വസിച്ച അബ്രാഹം ഇതിന്‍റെ ഉത്തമ ഉദാഹരണമാണ്. താന്‍ വൃദ്ധനാണെന്നറിയാമായിട്ടും തന്‍റെ ഭാര്യ വന്ധ്യയാണെന്നു ബോധ്യപ്പെട്ടിട്ടും അബ്രാഹം അടിപതറിയില്ല. ഇന്നും ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ നാം കാണാറില്ലേ? എന്തൊക്കെ സംഭവിച്ചാലും ദൈവവിശ്വാസം കൈവിടാതെ സൂക്ഷിക്കുന്നവരെ നോക്കി മറ്റുള്ളവര്‍ പറയും: "ഇതാണ് വിശ്വാസം." ഇവര്‍ ഭൂമിയില്‍ ദൈവതിരുനാമം മഹത്വപ്പെടുത്തുന്നവരാണ്.

ദൈവനാമത്തെ നിന്ദിക്കാതെയും നിരീശ്വരചിന്തകളില്‍ മുഴുകാതെയും ജീവിക്കുന്നവര്‍ ദൈവനാമം മഹത്തപ്പെടുത്തുവരാണ്. ദൈവനിഷേധം തിന്മയാണ്. 'ദൈവമില്ല" എന്നു പറയുന്നത് സ്വന്തം നാക്കുകൊണ്ട് 'എനിക്ക് നാക്കില്ല' എന്നു പറയുന്നതുപോലെയാണ്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞ് 'അമ്മയില്ല' എന്നു പറയുന്നതിനു തുല്യമാണിത്. ദൈവമുണ്ടെന്നു ബോധ്യമുള്ളവര്‍ അതിനനുസൃതമായി ജീവിക്കണം. സത്യവും നീതിയും നന്മയും മുറുകെ പിടിക്കണം. എന്‍റെ ചെറുതും വലുതുമായ പ്രവൃത്തികള്‍ ദൈവം കാണുന്നു എന്ന ബോധ്യത്തില്‍ ജീവിക്കുന്നവരുടെ വാക്കും പ്രവൃത്തിയും അതിനനുസരണമായിരിക്കണം. ഈ ഭൂമിയില്‍ ദൈവത്തിന്‍റെ പ്രതിനിധികളായി നാം ജീവിക്കുമ്പോള്‍ മറ്റുള്ളവര്‍ ദൈവത്തെ മഹത്വപ്പെടുത്തും. ദൈവനാമത്തില്‍ പ്രതിജ്ഞ എടുത്തിട്ട് ആ പ്രതിജ്ഞ പാലിക്കാതിരുന്നാല്‍ ദൈവനിന്ദയാകും. എനിക്ക് അസ്തിത്വം തന്നതും എന്നെ നയിക്കുന്നതും സര്‍വ്വശക്തനാണെന്ന അവബോധം എന്നില്‍ നിറയണം. അതുവഴി ദൈവനാമത്തെ മറ്റുള്ളവരിലേക്കു പകരും.

ദിവ്യബലിയിലും മറ്റു കൂദാശകളിലും പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുക്കുമ്പോഴും എന്നിലൂടെ ദൈവം മഹത്വപ്പെടുന്നു. കൂദാശകളുടെ സ്വീകരണം വഴി  ഓരോ ദിവസവും ദൈവവുമായി ഞാന്‍ ബന്ധപ്പെടുന്നു. വ്യക്തിപരമായ പ്രാര്‍ത്ഥനയും ദൈവവചന ധ്യാനവും എന്‍റെ ആത്മാവിനെ ശക്തിപ്പെടുത്തും. മറ്റുള്ളവര്‍ ഇതു കാണുമ്പോള്‍ ഇതിനെപ്പറ്റി ചിന്തിക്കും. അത്യുന്നതന്‍റെ സ്പര്‍ശമുള്ള വ്യക്തിത്വങ്ങളായി നമ്മള്‍ വിലയിരുത്തപ്പെടും. അദൃശ്യമായ ശക്തിയാല്‍ നയിക്കപ്പെടുന്ന വ്യക്തികളെ കാണുമ്പോള്‍ വിശ്വാസമില്ലാത്തവര്‍ പോലും ഒരു വീണ്ടുവിചാരത്തിലേക്ക് കടന്നുവരും. ഒത്തിരി പ്രശ്നങ്ങള്‍ വഴി നടക്കാത്തത് ശാന്തമായ ജീവിതം വഴി പകര്‍ന്നുകൊടുക്കുവാന്‍ കഴിയും.

സ്വന്തം ശരീരത്തെയും ഹൃദയത്തെയും ഒരു ദേവാലയമാക്കി മാറ്റുവാന്‍ നമുക്കു കഴിയുന്നുണ്ടോ? കമ്പികൊണ്ടും സിമന്‍റുകൊണ്ടും പണിയപ്പെടുന്ന ദേവാലയങ്ങളെ നാം ആദരവോടെ സമീപിക്കും. അവയേക്കാള്‍ ശ്രേഷ്ഠമല്ലേ നമ്മുടെ ശരീരമെന്ന ദേവാലയം. ദേവാലയവിശുദ്ധിക്കു ചേരാത്തതൊന്നും നാം അവിടെ സൂക്ഷിക്കാറില്ല. മദ്യഷാപ്പും, പലചരക്കുകടയും, വേശ്യാലയവുമൊന്നും ദേവാലയത്തില്‍ നടത്താറില്ലല്ലോ. പുകവലിയും, മദ്യപാനവും, അനാശാസ്യപ്രവര്‍ത്തനങ്ങളും ശരീരമെന്ന ദേവാലയത്തിലും അരുത്. ശരീരത്തിലും മനസ്സിലും നൈര്‍മ്മല്യം സൂക്ഷിക്കുന്ന വ്യക്തികള്‍ അവരുടെ ജീവിതം വഴി ദൈവതിരുനാമത്തെ മഹത്വപ്പെടുത്തുന്നു.

നമ്മുടെ ജീവിതത്തില്‍ പുലര്‍ത്തുന്ന നല്ല മാതൃകകളാണ് ദൈവനാമത്തെ മഹത്വപ്പെടുത്തുവാനുള്ള മറ്റൊരു മാര്‍ഗം. ദശാംശം കൊടുക്കുന്നതും, ദാനധര്‍മ്മങ്ങള്‍ നടത്തുന്നതും, രോഗികളെ സന്ദര്‍ശിക്കുന്നതുമെല്ലാം ഇതില്‍പ്പെടുന്നു. പ്രവൃത്തിയില്ലാത്ത വിശ്വാസം ചത്തതാണെന്നും യാക്കോബ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിശ്വാസത്തിന്‍റെ പ്രഘോഷണം പ്രവര്‍ത്തികള്‍ വഴി നടത്തുവാന്‍ ക്ഷണിക്കപ്പെട്ടവരാണ് നാം. ദൈവവിശ്വാസമില്ലാത്തവര്‍പോലും നമ്മുടെ നല്ല മാതൃക കണ്ടു ദൈവതിരുനാമത്തെ ധ്യാനിക്കും. ദൈവം കനിഞ്ഞുനല്കിയ ജീവിതം കൊണ്ട് ദൈവതിരുനാമത്തെ മഹത്വപ്പെടുത്തി ജീവിക്കുവാന്‍ ദൈവം നമ്മെ ശക്തിപ്പെടുത്തട്ടെ. 

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts

bottom of page