

അതൊരു കടല്‍ത്തീരമായിരുന്നു. രക്തനിറമുള്ള വെള്ളം ഇരമ്പിക്കയറുന്ന ഒരു കടല്‍ത്തീരം. ഉരുട്ടിവച്ച കൂറ്റന്‍കല്ലും, അതില്‍ ചുറ്റിക്കെട്ടിയ വലിയൊരു കയറും അതിനരുകില്‍ കുനിഞ്ഞിരിക്കുന്ന ഒരു സ്ത്രീയും അവിടെ കാണപ്പെട്ടു. അവര്‍ എന്തൊക്കെയോ പറഞ്ഞ് ഉറക്കെ കരയുന്നുണ്ടായിരുന്നു.
വ്യഭിചാരം ചെയ്യരുത് എന്ന് എഴുതി വച്ച ഒരു ഫലകത്തിനു ചുറ്റും തീ ആളിക്കത്തിക്കൊണ്ടിരുന്നു. അതിനു ചുറ്റും ആറു ചിറകുകളുള്ള മാലാഖമാര്‍ നിര്‍ത്താതെ നൃത്തം ചെയ്തു. അവര്‍ രണ്ടു ചിറകുകള്‍ കൊണ്ട് മുഖവും രണ്ടു ചിറകുകള്‍ കൊണ്ട് ശരീരവും മറച്ചിരുന്നു. രണ്ടു ചിറകുകള്‍ കൈകള്‍ക്കു പകരമുള്ളവ ആയിരുന്നു. അവ ഒരേ താളത്തില്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുതാണു.
അവര്‍ നൃത്തം ചെയ്തുകൊണ്ട് ആ സ്ത്രീയുടെ അടുത്തെത്തി, കയറിന്‍റെ ഒരറ്റം കല്ലിന്മേല്‍ കെട്ടിയിട്ട് മറ്റേ അറ്റം അവളുടെ കഴുത്തില്‍ ചുറ്റാനായി മുഖം പിടിച്ചുയര്‍ത്തി. ആ മുഖം കണ്ട് ഞാന്‍ അലറിക്കരഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റു.
ദുഃസ്വപ്നങ്ങള്‍ എനിക്കൊരു പുതുമയല്ല. കുറെ നാള്‍ മുന്‍പുവരെ ഓരോ ഉച്ചയുറക്കത്തിലും സ്ഥിരമായി എന്തോ ഒന്ന് എന്‍റെ കിടക്കയില്‍ നുഴഞ്ഞു കയറാറുണ്ടായിരുന്നു.
അത് നെഞ്ചില്‍ കയറിയിരുന്ന് കഴുത്തു ഞെരിക്കും. ശ്വാസത്തിനായി പിടയുമ്പോള്‍ അട്ടഹസിക്കും. പറിച്ചെറിയാന്‍ ശ്രമിക്കുമ്പോഴാവും ശരീരം നിശ്ചലമാണെന്ന് അറിയുക. പിന്നെ തലയിട്ടുലച്ചും കൈകാലുകള്‍ വലിച്ചുയര്‍ത്താന്‍ ശ്രമിച്ചുമൊക്കെ അതുമായുള്ള യുദ്ധമാണ്.
എപ്പോഴോ യുദ്ധം ജയിച്ച് അതിനെ കുടഞ്ഞെറിയുമ്പോഴേയ്ക്കും അലാറം നിര്‍ത്താതെ അടിക്കുന്നുണ്ടാവും. വിശ്രമസമയം കഴിഞ്ഞു എന്നോര്‍മ്മിപ്പിച്ചുകൊണ്ട്...
പേടിസ്വപ്നങ്ങള്‍ കൊണ്ടുതന്നെ ഉച്ചയുറക്കങ്ങളെ വെറുത്തുപോയിരുന്നു. പക്ഷെ, അതിരാ വിലെ ഉണരുന്ന എനിക്ക് ആ ഒരുമണിക്കൂര്‍ വിശ്രമം അത്യാവശ്യമായിരുന്നു താനും.
ഈ പഴയവീടിന്‍റെ തുറന്നിട്ട ജാലകങ്ങളിലൂടെ ഏതോ പൂവന്‍കോഴിയുടെ കൂവല്‍ എത്തിത്തുടങ്ങുമ്പോഴാണ് ഞാന്‍ ഉറക്കമുണരുന്നത്. പള്ളിയില്‍ നിന്നു ബാങ്കു വിളിക്കുമ്പോഴേക്കും ചോറ് തിളപ്പിച്ച് റൈസ്കുക്കറില്‍ വച്ചിട്ടുണ്ടാകും. തലേന്ന് അരിഞ്ഞ് ഫ്രിഡ്ജില്‍ വച്ച പച്ചക്കറികള്‍ പലരൂപത്തില്‍ അടുപ്പിലിരുന്നു തിളയ്ക്കും.
പള്ളിയില്‍ മണിയടിക്കാന്‍ കാത്തിരുന്നതു പോലെ അമ്പലത്തില്‍ നിന്നു പ്രഭാതകീര്‍ത്തനം ഉയരും. അതോടെ പണികള്‍ക്കെല്ലാം തല്‍ക്കാലവിരാമമിട്ട് ഞാന്‍ വരാന്തയിലേക്കിറങ്ങും.
മഞ്ഞുതുള്ളിയണിഞ്ഞു നാണിച്ചുനില്‍ക്കുന്ന ചെടികള്‍. ആദ്യമായി കണ്ണുതുറന്ന് ഭൂമിയെ കൗതുകത്തോടെ വീക്ഷിക്കുന്ന ഇളംപൂവുകള്‍. സുബ്ബലക്ഷ്മിയുടെ ശബ്ദത്തോടു മത്സരിക്കുന്ന കിളികള്‍.
അകലെയുള്ള ഒന്നുരണ്ടെണ്ണമൊഴിച്ച് എല്ലാ വീടുകളും അപ്പോഴും ഉറങ്ങുകയാവും. ചില വീടുകളുടെ അടുക്കളജനലുകള്‍ പെട്ടെന്ന് പുഞ്ചിരിക്കും.
അങ്ങനെ ആസ്വദിച്ചു നില്‍ക്കുമ്പോള്‍ ഭൂമി ഇരുണ്ട രാത്രിവസ്ത്രം മാറ്റി കടലിന്‍റെ നീലിമ എടുത്തണിയും. അപ്പോള്‍ അടിവയറ്റില്‍ പക്ഷികള്‍ പിടയും. ഞാന്‍ രതിമൂര്‍ച്ച പോലെയെന്തോ അനുഭവിക്കും. അനന്തമായ ആനന്ദത്തിലാറാട്ടി അവ എന്നെയും കൊണ്ടെങ്ങോ പറക്കും.
അരമണിക്കൂര്‍ പ്രകൃതിയുമായി രമിച്ച് മനസ്സു മുഴുവന്‍ സന്തോഷത്തിന്‍റെ തുടിപ്പുകളുമായി വീണ്ടും അടുക്കളയിലേക്ക്. അപ്പോള്‍ അടുപ്പിലിരിക്കുന്ന പാത്രത്തിന്‍റെ ഉച്ചിയില്‍ സൂര്യന്‍ ഉദിച്ചു തുടങ്ങിയിട്ടുണ്ടാകും.
പിന്നെ ആകെ ബഹളമാണ്. ഭര്‍ത്താവിനു കാപ്പി, മോള്‍ക്ക് ചായ, മോന് ഹോര്‍ലിക്സ്... ഇവ യൊക്കെ തയ്യാറാക്കി അവരെ വിളിച്ചുണര്‍ത്തുമ്പോള്‍ തുടങ്ങുന്ന കലപിലകള്‍.
പറയാന്‍ മറന്നു; ഞാനൊരു ഫേസ്ബുക് എഴുത്തുകാരിയാണ്. ആരെയും വേദനിപ്പിക്കാത്ത കഥകളാണ് സാധാരണയായി എഴുതാറുള്ളത്. ഭര്‍ത്താവ് രുചിയില്ലെന്നു പറഞ്ഞു മുഖം ചുളിക്കുന്ന ദിവസങ്ങളില്‍ ഞാനെഴുതുന്നത് ഭക്ഷണം പാകം ചെയ്ത് വിളമ്പിത്തരുന്ന ഭര്‍ത്താവിനെക്കുറിച്ചായിരിക്കും. കുടിച്ചിട്ടു വന്ന് ബെഡില്‍ ചര്‍ദ്ദിക്കുന്ന ദിവസങ്ങളില്‍ ഭര്‍ത്താവ് ദൈവമാണെന്നും...
അമ്മായിഅമ്മ, ഈ പിശാചിനെയേ നിനക്കു കിട്ടിയുള്ളോ എന്ന് എന്‍റെ കേള്‍ക്കെ ചോദിച്ചയന്ന് എഴുതിയ അമ്മായിയമ്മയും അമ്മയാണ് എന്ന പോസ്റ്റിന് 2k ലൈക്ക് കിട്ടി.ഞാന്‍ മനസ്സുകൊണ്ട് ഒരു ഫെമിനിസ്റ്റായിരുന്നു. മനോഹരമായ ഒരു നഷ്ടപ്രണയത്തെ ഒരു മയില്‍പ്പീലിപോലെ ഹൃദയത്തില്‍ സൂക്ഷിക്കുന്നുമുണ്ടായിരുന്നു. എന്നിട്ടും പ്രണയത്തെക്കുറിച്ചെഴുതാന്‍ ഞാന്‍ പേടിച്ചു . തുറന്നെഴുതാന്‍ തൂലിക വിതുമ്പി യപ്പോഴൊക്കെ സന്മാര്‍ഗ്ഗകഥകളെഴുതി എന്നെത്തന്നെ നല്ലവളാക്കി.
പേടിയായിരുന്നു... സമൂഹത്തെ, ബന്ധുക്കളെ, സുഹൃത്തുക്കളെ, എന്തിന് എന്‍റെ കുട്ടികളെപ്പോലും.
മൊബൈലില്‍ തോണ്ടി ഉറങ്ങാതിരുന്ന ഒരു പകലാണ് അവര്‍ വന്നത്. സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാനാകാതെ ഞാന്‍ അത്ഭുതപ്പെട്ടു പോയി.
പുസ്തകങ്ങള്‍ കൊണ്ടുണ്ടാക്കിയ ഒരു ഡ്രീം ക്യാച്ചര്‍ സമ്മാനിച്ചുകൊണ്ട് അവര്‍ എന്‍റെ കിടക്കയിലിരുന്നു. തൂവലുകള്‍ മെല്ലെയിളക്കിക്കൊണ്ട് അത് സൂര്യപ്രകാശമേറ്റു തിളങ്ങി.അവര്‍ തന്നെ അതെന്‍റെ കിടക്കയ്ക്കു മുകളില്‍ കെട്ടിത്തൂക്കിയിട്ടു. അപ്പോള്‍ തൂവലുകള്‍ക്കു പകരം അതില്‍ നിന്നു പുസ്തകങ്ങള്‍ തൂങ്ങിക്കിടന്നതു കണ്ട് ഞാന്‍ അത്ഭുതം കൂറി.
'നീ ഇപ്പോഴും അയാളെ സ്നേഹിക്കുന്നുണ്ടോ?'
മടിയില്‍ കിടത്തി തലയില്‍ മൃദുവായി തഴുകിക്കൊണ്ട് അവര്‍ ചോദിച്ചു. അഴിച്ചിട്ട മുടിയില്‍നിന്നും കര്‍പ്പൂരത്തിന്‍റെ ഗന്ധം പടര്‍ന്നു.
ഞാന്‍ ലജ്ജിച്ചു. നിത്യവും വച്ചുവിളമ്പിക്കൊടുക്കുന്ന, എല്ലാ ദിവസവുമെന്നതുപോലെ ശരീരം പങ്കിടുന്ന ഭര്‍ത്താവിനെയാണോ അതോ എന്നോ മനസ്സ് പകുത്തുകൊടുത്ത കാമുകനെയാണോ ഉദ്ദേശിച്ചത് എന്ന് ഉറപ്പില്ലാതിരുന്നതിനാല്‍ ഒന്നും സംസാരിച്ചതേയില്ല. മറുപടി അവര്‍ പ്രതീക്ഷിച്ചില്ല എന്ന് തോന്നി.
അവര്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ഒരുപാടു നാളായി എന്നെ അറിയുന്ന ഒരാളെപ്പോലെയായിരുന്നു അവരുടെ സംസാരം.
പ്രണയം പ്രകൃതിയുടെ വരദാനമാണെന്നും അതിനെക്കുറിച്ചെഴുതാന്‍ നാണിക്കേണ്ടതില്ലെന്നും അവര്‍ എനിക്കു പറഞ്ഞുതന്നു.
എന്‍റെ മുഖം ചുവന്നു തുടുത്തു. നാണം കണ്ണുകള്‍ വലിച്ചടച്ചു. കൈകള്‍ മുഖത്തെ മൂടി. മെല്ലെ മുടിയിഴകള്‍ തഴുകിക്കൊണ്ട് അവര്‍ തുടര്‍ന്നു.
ഒരു സ്ത്രീയെന്ന നിലയില്‍ നിന്നെ എനിക്കു മനസിലാകും. നിന്‍റെ ചിന്തകളെ, സ്വപ്നങ്ങളെ, പ്രതീക്ഷകളെ, അതിര്‍വരമ്പുകളെ...
ശരീരത്തിന് നിയന്ത്രണങ്ങളുണ്ടാകാം. പക്ഷേ മനസ്സിനെ നിയന്ത്രിക്കാന്‍ ആര്‍ക്കാവും? മനസ്സാണ് ഒരു സ്ത്രീയുടെ ശക്തിയും ബലഹീനതയു ം.
പുരുഷന്‍ ശരീരം കൊണ്ട് ശരീരത്തെ പ്രാപിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീ മനസ്സുകൊണ്ട് മനസ്സുകളെ പ്രാപിക്കുന്നു. അവള്‍ക്ക് ശരീരത്തെക്കാള്‍ പ്രധാനം മനസ്സാണ്. മനസ്സ് നിറയാനാണ് അവള്‍ ശരീരം വിട്ടുകൊടുക്കുന്നത്.
എന്‍റെ ശരീരം മുഴുവന്‍ മനസ്സാണല്ലോ! ഞാന്‍ നെടുവീര്‍പ്പിട്ടു. ആ നെടുവീര്‍പ്പ് അവര്‍ ഏറ്റെടുത്തു. പിന്നെ തുടര്‍ന്നു.
പുരുഷന്‍ ശരീരം കൊണ്ട് പൊളിഗാമിയാണെങ്കില്‍ സ്ത്രീ മനസ്സുകൊണ്ടാണ് അങ്ങനെയായിരിക്കുന്നത്. അവളുടെ ഹൃദയത്തിന് ആവശ്യാനുസരണം വലുതാവാനും ചെറുതാവാനും സാധിക്കും. പല അറകളില്‍ പലരെ സൂക്ഷിക്കുവാനും. ഭ ര്‍ത്താവിന്റെ മടിയില്‍ കിടന്നുകൊണ്ട് അവള്‍ കാമുകനൊപ്പം സഞ്ചരിക്കും. ശരീരം കൊണ്ട് പതിവ്രത യായിരിക്കെ മനസ്സുകൊണ്ട് വേശ്യയാകും.
എന്‍റെ ഹൃദയത്തിലിരുന്ന് രണ്ടുപേര്‍ പുഞ്ചിരിച്ചു. അവര്‍ക്ക് പരസ്പരം അറിയുമായിരുന്നില്ല. എനിക്കാകട്ടെ രണ്ടുപേരെയും തള്ളിക്കളയാനാവുമായിരുന്നില്ല. ഒരാള്‍ക്ക് വേണ്ടി ഞാന്‍ മനസ്സുകൊണ്ട് വേശ്യയായി. മറ്റയാള്‍ക്കു വേണ്ടി ശരീരം കൊണ്ടും.
എന്‍റെ മനസ്സ് വായിച്ചതുപോലെ അവര്‍ പറഞ്ഞു.
സ്വന്തം കിടപ്പറയില്‍ വേശ്യയാകാന്‍ സാധിക്കുന്ന സ്ത്രീ അനുഭവിക്കുന്ന സ്വാതന്ത്ര്യം വര്‍ണ്ണനാതീതമാണ്. പക്ഷെ മനസ്സുകൊണ്ട് അങ്ങനെയായിയിരിക്കുന്നവള്‍ അവളുടെ തന്നെ നിതാന്ത തടവറയിലാണ്. അവള്‍ക്ക് മോചനം അപ്രാപ്യമാണ്.
അതെ... അതെ... ഞാന്‍ വിതുമ്പി. അവര്‍ വിരല്‍ത്തുമ്പാല്‍ എന്‍റെ കണ്ണീര്‍ തുടച്ചു. പിന്നെ മേശമേല്‍ ചാരി വച്ചിരുന്ന ഞങ്ങളുടെ വിവാഹഫോട്ടോയിലേയ്ക്ക് നോക്കി തുടര്‍ന്നു.
സ്ത്രീ വീടെന്ന ക്ഷേത്രത്തിലെ ശ്രീകോവിലില്‍ കുടിയിരുത്തപ്പെട്ട ദേവിയാണ് എന്നത് സത്യം തന്നെ. പക്ഷേ അവള്‍ തന്‍റെ ഭക്തരുടെ മനസ്സില്‍ കുടികൊള്ളണം എന്നാണ് എന്‍റെ അഭിപ്രായം. തേടിയെത്തുന്ന പ്രേമഭിക്ഷുക്കളെ നമ്മള്‍ ഒരിക്കലും നിരാശപ്പെടുത്തരുത്.
ഞാന്‍ കണ്ണീ രിലൂടെ പുഞ്ചിരിച്ചു. ആ ചിത്രത്തില്‍ ഞാന്‍ ശരിക്കും ദേവിയെപ്പോലെ തോന്നിക്കുന്നുണ്ടായിരുന്നു. പിന്നീടെപ്പോഴോക്കെയോ ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ടി ദേവാംശം ചോര്‍ത്തിക്കളഞ്ഞ് വെറുമൊരു മനുഷ്യക്കോലമായി മാറി.
പക്ഷെ ഹൃദയം കൊണ്ട് ഞാന്‍ അപ്പോഴും ഒരു ദേവിയായിരുന്നു. അനുഗ്രഹിക്കാന്‍ കാത്തുനില്‍ക്കുന്നവളായിരുന്നു. പലരുടെയും പൂജാപാത്രവും ചിലരുടെയെങ്കിലും പൂജ കൊതിക്കുന്നവളുമായിരുന്നു....
അവര്‍ ഒരു താക്കീതെന്നവണ്ണം തുടര്‍ന്നു.
സ്നേഹിക്കുക... ആഴിപോലെ, ആകാശം പോലെ... പക്ഷേ സ്നേഹിക്കുന്നവരെ സ്വന്തമാക്കണമെന്ന് ആഗ്രഹ ിക്കാതിരിക്കുക. സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നിടത്ത് സ്വാര്‍ത്ഥത തുടങ്ങുന്നു. സ്വത്വം ഉപേക്ഷിക്കേണ്ടി വരുന്നു.
എന്‍റെ കണ്ണുകള്‍ അടഞ്ഞു തുടങ്ങി. വിദൂരത്തില്‍ നിന്നെന്നവണ്ണം ആ ശബ്ദം വീണ്ടുമുയര്‍ന്നു.
ഇഷ്ടമുള്ള സ്വപ്നങ്ങള്‍ കാണാന്‍ ഭയപ്പെടുന്ന തുകൊണ്ടാണ് ദുസ്വപ്നങ്ങള്‍ ആ സ്ഥാനം ഏറ്റെടുക്കുന്നത്. യാഥാര്‍ഥ്യത്തില്‍ ലഭിക്കാത്തതിനെ സ്വപ്നത്തില്‍ സ്വന്തമാക്കുന്നതില്‍ എന്താണ് തെറ്റ്?
സ്വപ്നങ്ങള്‍ മറ്റൊരു ലോകത്തിലെ ജീവിതത്തിന്‍റെ ചില വെളിപ്പെടുത്തലുകളുമാവാം. ഈ മഹാപ്രപഞ്ചത്തിലെ ഏതൊക്കെ സൗരയൂഥങ്ങളില്‍, ഏ തൊക്കെ ഗ്രഹങ്ങളില്‍ നമ്മുടെ അന്തസത്ത നമ്മളായിത്തന്നെ നിലനില്‍ക്കുന്നുണ്ടാവാം!
അവര്‍ വീണ്ടും എന്തൊക്കെയോ പറഞ്ഞു. ഞാന്‍ എപ്പോഴോ ആഴമുള്ള ഉറക്കത്തിലേയ്ക്കു വീണുപോയിരുന്നു.
അന്ന് അലാറം അടിച്ചില്ല. അല്ലെങ്കില്‍ ഞാന്‍ അറിഞ്ഞില്ല. കാളിങ് ബെല്‍ കേട്ട് ഞെട്ടിയുണര്‍ ന്നപ്പോഴും മുറിയില്‍ നീര്‍മാതളപ്പൂക്കളുടെ സുഗന്ധം നിറഞ്ഞു നിന്നിരുന്നു.
പിന്നീട് എല്ലാ ഉച്ചയുറക്കങ്ങളിലും ഞാന്‍ വായിച്ചു നിര്‍ത്തിയ പുസ്തകത്തിലെ കഥാ പാത്രങ്ങള്‍ എന്നെത്തേടി വന്നു. ചിലപ്പോഴൊക്കെ കഥാകൃത്തുക്കളും.
അവരുടെ നീട്ടിയ കൈകളില്‍ കൈ ചേര്‍ത്ത് ഞാന്‍ ആകാശപ്പടവുകള്‍ ഇറങ്ങി. യുഗ്മഗാനങ്ങള്‍ പാടി കടല്‍ത്തീരത്തു കൂടി കൈകോര്‍ത്തു നടന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ മഞ്ഞില്‍ നൃത്തം ചെയ്തു. ഇംഗ്ലണ്ടിലെ ലാവണ്ടര്‍ പാടങ്ങളില്‍ കെട്ടിമറിഞ്ഞു. മൂന്നാറിലെ തേയിലത്തോട്ടങ്ങളിലൂടെ തുറന്ന കാറില്‍ യാത്ര ചെയ്തു. സോളമന്‍റെ മുന്തിരി ത്തോപ്പില്‍ വച്ച് ഞാന്‍ അവരെ ചുംബിച്ചു.
എപ്പോഴോ മനപ്പൂര്‍വ്വം മറന്ന പ്രണയം വീണ്ടും തളിര്‍ത്തു. ആരെയും പേടിക്കാതെ ഞാന്‍ പ്രണയ കവിതകളെഴുതി. അയാള്‍ അതുവായിച്ചു പുളകം കൊണ്ടു. കവിതകള്‍ കൊണ്ടു മറുപടി രചിച്ചു.
ഞങ്ങളുടെ പ്രണയം ഹൃദയത്തില്‍ മാത്രമായിരുന്നു. ശരീരത്തിന് അതില്‍ ഒരു പങ്കുമു ണ്ടായിരുന്നില്ല. ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നില്ല. കത്തുകള്‍ എഴുതിയിരുന്നില്ല. വാട്സ്ആപ്പി ലോ മെസ്സഞ്ചറിലോ ചാറ്റ് ചെയ്തില്ല. എന്നിട്ടും അയാള്‍ എന്നെയോര്‍ത്തപ്പോള്‍ ഞാന്‍ കോരിത്തരിച്ചു. ആ ഓര്‍മ്മകള്‍ സ്വപ്നങ്ങളായി എന്നെ സന്ദര്‍ശിച്ചു.
പക്ഷെ ചെയ്യുന്നത് തെറ്റാണ് എന്ന് മനസാക്ഷി സ്ഥിരമായി കുറ്റപ്പെടുത്തി ക്കൊണ്ടിരുന്നു . ഒരാളെ സ്നേഹിക്കുന്നതില്‍, ഓര്‍ക്കുന്നതില്‍ തെറ്റെന്ത് എന്ന് ഹൃദയം മനസാക്ഷിയെ ചോദ്യം ചെയ്തു. അവര്‍ തമ്മിലുള്ള യുദ്ധമായിരുന്നു എന്‍റെ ഒഴിവു സമയങ്ങളിലൊക്കെയും. പലപ്പോഴും മനസാക്ഷിജയിച്ചു.
അങ്ങനെയിരിക്കെയാണ് ഒരു പ്രഭാതത്തില്‍ ആ ബൈബിള്‍ പ്രസംഗം കേള്‍ക്കാനിടയായത്. 'ഈ ചെറിയവനില്‍ ഒരുവന് ഇടര്‍ച്ച വരുത്തുന്നതിനേക്കാള്‍ നല്ലത് കഴുത്തില്‍ വലിയ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്' എന്ന വചനത്തെ പ്രാസംഗികന്‍ വ്യാഖ്യാനിക്കുകയായിരുന്നു. ശരീരം കൊണ്ടാണെങ്കിലും മനസ്സുകൊണ്ടാണെങ്കിലും അന്യപുരുഷനെ/ സ്ത്രീയെ ആഗ്രഹിക്കുന്നത് വ്യഭിചാരമാണെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു.
അന്നത്തെ ഉച്ചയുറക്കത്തിലാണ് കടല്‍ത്തീരത്ത് വലിയ കല്ലുകെട്ടി കടലില്‍ താഴ്ത്താന്‍ നിര്‍ത്തിയിരിക്കുന്ന ആ സ്ത്രീയെ ഞാന്‍ സ്വപ്നം കണ്ടത്.
ചുരിദാറിന്‍റെ തുമ്പുകൊണ്ട് വിയര്‍പ്പുതുടച്ചു കളഞ്ഞ്, ജഗ്ഗില്‍ നിന്നും വെള്ളം വായിലേക്കും ബാക്കി മുഖത്തുമൊഴിച്ച് ഞാന്‍ മേശയിലിരുന്ന വേദപുസ്തകം എടുത്തു തുറന്നു. കണ്ണു പതിച്ച ഭാഗത്ത് ഇപ്രകാരം എഴുതിയിരുന്നു.
'നിന്‍റെ കൈകള്‍ നിനക്ക് ഇടര്‍ച്ചയുണ്ടാക്കുന്നെങ്കില്‍ അവ മുറിച്ചുകളയുക. ഇരു കൈകളും ഉള്ളവനായി നരകത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ നല്ലത് അംഗഹീനനായി ജീവനിലേയ്ക്ക് പ്രവേശിക്കുന്നതാണ്. നിന്‍റെ കണ്ണുകള്‍ നിനക്ക് ഇടര്‍ച്ചയുണ്ടാക്കുന്നെങ്കില്‍ അവ ചൂഴ്ന്നെടുത്ത് എറിഞ്ഞു കളയുക. ഇരു കണ്ണുകളും ഉള്ളവനായി നരകത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ നല്ലത് അന്ധനായി ജീവനിലേയ്ക്ക് പ്രവേശിക്കുന്നതാണ്.'
ഞാന്‍ വേദപുസ്തകം അടച്ചുവച്ച്, അടുക്കളയിലേയ്ക്ക് നടന്നു. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി എനിക്കറ ിയാമായിരുന്നു.
മീന്‍ വെട്ടുന്ന കത്തിയെടുത്ത് അരകല്ലിലുരച്ച് മൂര്‍ച്ചകൂട്ടി, കൈവിരലിലുരച്ച് മൂര്‍ച്ച പരിശോധിച്ചു. വിരലില്‍ നിന്നും രക്തം ചീറ്റിത്തെറിച്ചപ്പോള്‍ സന്തോഷിച്ചു.
പിന്നെ ഇടറുന്ന കരങ്ങളോടെ, നിറഞ്ഞ കണ്ണുകളോടെ ആ കത്തികൊണ്ട് എന്‍റെ ഹൃദയം മുറിച്ചെടുത്തു. സ്നേഹമിറ്റുന്ന തുടുത്ത ഹൃദയം ഒരു പാത്രത്തില്‍ കിടന്ന് താളം തെറ്റാതെ മിടിച്ചു.
കുട്ടികള്‍ എത്താറായിരിക്കുന്നു എന്നറിയിച്ച് ക്ലോക്ക് മൂന്നടിച്ചു. ഞാന്‍ ധൃതിയില്‍ പാചകം തുടങ്ങി. അന്നത്തെ പ്രധാനവിഭവം എന്‍റെ ഹൃദയം കൊണ്ടുണ്ടാക്കിയതായിരുന്നു.
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.





















