top of page

വിഷാദത്തില്‍ നിന്ന് മോചനം

Nov 9

2 min read

ടോം മാത്യു
പ്രസാദത്തിലേക്ക് 14 പടവുകള്‍

Human shaped cardboard box.

വിഷാദരോഗ (depression)ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (bipolar disorder)ത്തിനും മരുന്നില്ലാ ചികിത്സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് രൂപപ്പെടുത്തിയ പതിനാലു ദിനം കൊണ്ടു പൂര്‍ത്തിയാകുന്ന മനോനില ചിത്രണം (Mood mapping) പന്ത്രണ്ടാം ദിനത്തിലേക്ക് പ്രവേശിക്കുന്നു. വിഷാദത്തില്‍ നിന്ന് രക്ഷപെടുന്നതിനുള്ള മാര്‍ഗങ്ങളാണ് പന്ത്രണ്ടാം ദിനത്തില്‍ ചര്‍ച്ചചെയ്യുന്നത്.


"ദൈവമേ, മാറ്റിത്തീര്‍ക്കാന്‍ എനിക്ക് കഴിയാത്ത കാര്യങ്ങള്‍ സ്വീകരിക്കാനുള്ള ശാന്തതയും, മാറ്റാന്‍ കഴിയുന്നവ മാറ്റുന്നതിനുള്ള ധൈര്യവും അവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതിനുള്ള, തിരിച്ചറിവും എനിക്ക് നല്‍കണമേ'. ശാന്തിഗീതം - റെയ്നോള്‍ഡ് നീബ്യര്‍ (Reihnold Niebuhr).

വിഷാദത്തെ മനസ്സില്‍ നിന്ന് തുടച്ചുനീക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് നാം ഇന്ന് ചര്‍ച്ച ചെയ്യുക. ഉല്‍ക്കണ്ഠയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വിഷാദം. വിഷാദമെന്നാല്‍ ഊര്‍ജ്ജം അല്‍പ്പംപോലും ഇല്ലാത്ത അവസ്ഥയാണ്. പരിപൂര്‍ണ്ണമായ തളര്‍ച്ച. അതിനാല്‍ത്തന്നെ ഉല്‍ക്കണ്ഠയില്‍ നിന്ന് രക്ഷപെടുന്നതിനേക്കാള്‍ ഏറെ വിഷമകരമാണ് വിഷാദത്തില്‍ നിന്നുള്ള മോചനം. ഉല്‍ക്കണ്ഠാകുലരായിരിക്കുമ്പോള്‍ നിഷേധാത്മകമായതെങ്കിലും കുറച്ച് ഊര്‍ജ്ജം നമ്മില്‍ ബാക്കിയുണ്ടാകും. മാറ്റത്തിനായി ആ ഊര്‍ജ്ജം ഉപയോഗപ്പെടുത്തുകയുമാവാം. എന്നാല്‍ വിഷാദാവസ്ഥയില്‍ ഒന്നും ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ല.

അതിനാല്‍ ആദ്യ ലക്ഷ്യം വിഷാദ മനോനിലയില്‍ നിന്ന് 'ശാന്തത' എന്ന മനോനിലയിലേക്കുള്ള മാറ്റമാണ്. മനോനില ചിത്രണത്തില്‍ താഴെ ഇടത്തുനിന്ന് താഴെ വലത്തേക്കുള്ള മാറ്റം


ഊര്‍ജ്ജസ്വലത


ഉല്‍ക്കണ്ഠ------------------------> കര്‍മ്മോത്സുഖത

നിഷേധാത്മകത-------------> പ്രസാധാത്മകത

വിഷാദം----------------------------------> ശാന്തത


വിഷാദത്തില്‍ നിന്ന് ശാന്തതയിലേക്ക് എത്തിച്ചേര്‍ന്നാല്‍ നിങ്ങള്‍ക്ക് നേരെ കര്‍മ്മോത്സുഖതയിലേക്ക് കടക്കാം. എന്നാല്‍ വിഷാദത്തില്‍ നിന്ന് നേരെ കര്‍മ്മോത്സുഖതയിലേക്ക് - അതായത് വിഷാദത്തിലിരിക്കേ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിച്ചാല്‍ - കടക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കില്ല. എന്ന് മാത്രമല്ല കൂടുതല്‍ തളര്‍ച്ചയും മനോനിലയിലെ അസ്ഥിരതയും അനുഭവപ്പെടുകയും ചെയ്യും.

വിഷാദത്തിനും ക്ഷീണത്തിനും ഒരു കാരണമുണ്ടാകും എന്ന കാര്യം മറക്കരുത്. എന്നാല്‍ വിഷാദത്തിലായിരിക്കുന്ന നമുക്ക് ആ കാരണം കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് വരില്ല. പക്ഷേ മറ്റുള്ളവര്‍ക്ക് അത് വളരെ വ്യക്തമായിരിക്കും. മൂന്നു മക്കളുടെ അമ്മയായ ഒരു സ്ത്രീയെ എനിക്കറിയാം. ഭര്‍ത്താവ് അകലെ ജോലിസ്ഥലത്താണ് തനിക്ക് എന്തുകൊണ്ട് വിഷാദം അനുഭവപ്പെടുന്നു എന്ന് അവര്‍ അതിശയിക്കുന്നു. അതിന് കാരണം എനിക്കറിയാം, അതുപോലെ മറ്റുപലര്‍ക്കും. ഭര്‍ത്താവ് അരികത്തില്ലാതെ കുട്ടികളെ തനിയെ നോക്കി വളര്‍ത്തേണ്ട ഭാരമോര്‍ത്തുള്ള വിഷാദമാണത്.

വിഷാദത്തിന് കാരണം വര്‍ത്തമാനകാലത്തായിരിക്കണമെന്നുമില്ല. ഓര്‍മ്മകളായിരിക്കാം അതിന് കാരണം. മറക്കാനാഗ്രഹിക്കുന്ന ഭൂതകാലത്തിന്‍റെ ഓര്‍മ്മകള്‍ നമ്മെ വേട്ടയാടുന്നതാകാം. അത് നമ്മുടെ വര്‍ത്തമാനകാലമനോനിലയെ ആവേശിക്കുന്നതാകാം. നിങ്ങളുടെയുള്ളില്‍ നിന്ന് വസന്തത്തെ അപ്പാടം എടുത്തുമാറ്റുന്ന വേനലാണ് വിഷാദം. നിങ്ങളെ അപ്പാടെ തളര്‍ത്തിക്കളയുന്ന തീക്ഷ്ണവേനല്‍. അതിന് പല കാരണങ്ങളുണ്ടാകാം. കഠിനാധ്വാനം, ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍, അരക്ഷിതാവസ്ഥ, ഏകാന്തത, അനാരോഗ്യം...

പക്ഷേ മനുഷ്യന് സൗഖ്യം സാധ്യമാണ്. അല്‍പ്പം സമയം എടുത്താലും നിങ്ങളുടെ ശരീരവും മനസ്സും സുഖപ്പെടുക തന്നെ ചെയ്യും. അതിനാല്‍ എത്രയായിട്ടും നിങ്ങളുടെ മനോനില മാറുന്നില്ല എന്നാണെങ്കില്‍ തീര്‍ച്ചയായും അതിനൊരു കാരണമുണ്ടാകും. ജോലിസ്ഥലത്തേറ്റ അപമാനമോ പീഡനമോ ആണ് നിങ്ങളെ വിഷാദത്തിലേക്ക് നയിച്ചതെങ്കില്‍ ആ പ്രശ്നം പരിഹരിച്ചാല്‍ നിങ്ങളുടെ മനോനിലയും മാറേണ്ടതാണ്. അതുണ്ടാകുന്നില്ലെങ്കില്‍ അതിനുള്ള കാരണം കണ്ടെത്തേണ്ടിയിരിക്കുന്നു.

പീഡനവും അപമാനവും നിങ്ങളെ ഒരുപക്ഷേ ആരോഗ്യപരമായി തകര്‍ത്തിരിക്കാം. നിങ്ങളുടെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലായിരിക്കാം. അതു നിങ്ങളെ രക്ഷപെടാനാവാത്ത വിധം ആത്മനിന്ദയിലേക്ക് നയിച്ചിരിക്കും. നിങ്ങള്‍ നിരന്തരമായി സ്വയം ഉള്ളില്‍ ശപിക്കുന്നുണ്ടാവാം. പുറത്തു നിന്നുള്ള പീഡനം അവസാനിച്ചെങ്കിലും അകത്ത് നിങ്ങള്‍ തകര്‍ന്നവനായി തുടരുകയായിരുന്നിരിക്കാം.


മരുന്ന്

ഡോക്ടര്‍മാരും, തീര്‍ച്ചയായും വിഷാദരോഗികളും വിഷാദത്തിന് ഉത്തരം മരുന്നാണെന്ന് കരുതുകയും മനസ്സിന്‍റെ കൊട്ടിയടക്കപ്പെട്ട വാതിലുകള്‍ തുറന്ന് പ്രകാശം പ്രവേശിക്കുമെന്ന പ്രത്യാശയോടെ ചികിത്സ ആരംഭിക്കുകയും ചെയ്യും. കടുത്ത വിഷാദരോഗത്തിന് മരുന്ന് കഴിച്ചേ മതിയാകൂ എന്ന് സമ്മതിക്കാം. പക്ഷേ നേരിയ തോതിലോ, കുറച്ചൊക്കെയോ വിഷാദം അനുഭവപ്പെടുന്നവര്‍ക്ക് മരുന്ന് വേണമോയെന്ന് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടെങ്കിലും ചിലര്‍ക്കൊക്കെ അത് സഹായകരമായേക്കാം. എന്നാല്‍ കുറെക്കൂടി ഫലപ്രദമായ, നിലനില്‍ക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയാണ് വേണ്ടത്. അതിന് മനോനില മാറ്റുകയാണ് വേണ്ടത്. തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മനോനില അത് എത്ര നിഷേധാത്മകമാണെങ്കില്‍ക്കൂടി അതില്‍ത്തന്നെ തുടരാന്‍ ഒരു പരിധിവരെ ആളുകല്‍ ഇഷ്ടപ്പെടുന്നു. ആ മനോഭാവം മാറ്റുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് ആരായേണ്ടത്. അടിസ്ഥാനകാരണത്തില്‍ ഒരു മാറ്റവും വരുത്താത്ത മരുന്ന് ചികിത്സ നമ്മെ എവിടെയും കൊണ്ടെത്തിക്കില്ല. പകരം വിഷാദമനോനിലയില്‍ നിന്ന് മോചനം നേടാനുള്ള മാര്‍ഗ്ഗങ്ങളാണ് ആരായേണ്ടത്. അതേക്കുറിച്ച് അടുത്ത ലക്കത്തില്‍.

(തുടരും)

Featured Posts