top of page

പച്ച

May 1, 2010

2 min read

വവ
Image of a weeping lady
Image of a weeping woman

നാട്ടുവഴികളിലൂടെ നടക്കുക. വഴിയില്‍ കാണുന്ന കാക്കയോടും കവളംകാളിയോടും കൊച്ചുവര്‍ത്തമാനം പറയുക. സാരിത്തുമ്പിലുമ്മ വയ്ക്കുന്ന തുമ്പയ്ക്കും കാട്ടുതൃത്താവിനും സുപ്രഭാതം പറയുക: സരള എന്ന നാട്ടിന്‍പുറത്തുകാരി എല്‍. ഡി. ക്ലാര്‍ക്കിന്‍റെ ഒരു ദിവസം തുടങ്ങിയിരുന്നത് ഇങ്ങനെയായിരുന്നു.

ബസ്സ്റ്റോപ്പിലെത്താന്‍ ഇരുപത്തഞ്ചു മിനിറ്റ് നടക്കണം. അവിടെ നിന്ന് ബസില്‍ കയറി ടൗണിലെത്തണം. ഇലക്ട്രിസിറ്റി ബോര്‍ഡിലെ വിരസമായ ജോലിത്തിരക്കുകളിലേക്ക് സരള ഇറങ്ങിച്ചെല്ലുന്നത് അങ്ങനെ സുഖകരമായ ഒരു പ്രഭാത വ്യായാമത്തിനു ശേഷമായിരുന്നു.

അതൊക്കെ പണ്ട്!

ഇന്നവള്‍ സരള എന്ന വീട്ടമ്മ. ടൗണില്‍ പന്ത്രണ്ടു സെന്‍റ് ഭൂമിയില്‍  രണ്ടു നിലവീടും, അതിനു മുന്‍പിലൊരു ഗാര്‍ഡനും ടൂവീലറും പട്ടിക്കൂട്ടിലൊരു പോമറേനിയനും സ്വന്തമായുള്ള ശ്രീജിത്ത് പരമേശ്വരന്‍ എന്ന ഹൈസ്കൂള്‍ അധ്യാപകനുമായുള്ള വിവാഹമാണ് അവളുടെ ജീവിതത്തിലെ ഒടുവിലത്തെ വഴിത്തിരിവ്.

സ്വച്ഛമായ ഒരു കൈച്ചാണ പോലെ ഒഴുകിയിരുന്ന അവളുടെ ജീവിതത്തിലേക്ക് ഒരു കമ്പനി സൈറന്‍ കണക്കെ അയാള്‍ കടന്നു വന്നു. സുമുഖന്‍, സുന്ദരന്‍, വിദ്യാസമ്പന്നന്‍. എന്തുകൊണ്ടും തരക്കേടില്ലാത്ത ബന്ധം.

വിവാഹത്തലേന്ന് അമ്മയുടെ വക ഉപദേശം. Learn to adjust. വിവാഹജീവിതത്തിലെ വിജയമന്ത്രമെന്ന കണക്കെ അവള്‍ മനസിനെ പഠിപ്പിച്ചു. Learn to adjust.

വെണ്ടയും വെള്ളരിയും വഴുതനയും കുലുങ്ങിച്ചിരിച്ചു നില്‍ക്കുന്ന ഒരേക്കര്‍ മുപ്പതു സെന്‍റിലെ മൂന്നുമുറിവീട്ടില്‍നിന്ന് ആന്തൂറിയവും ഓര്‍ക്കിഡും വിളറി നില്‍ക്കുന്ന ചെടിച്ചട്ടികള്‍ക്കിടയിലെ സിമിന്‍റിട്ട വഴിച്ചാലിലൂടെ നടന്ന് അവള്‍ ആ വീട്ടിലേക്ക് കാലെടുത്തുവച്ചു.

പറിച്ചു നടീലിന്‍റെ ആകുലതകളൊന്നുമില്ലാതെ ഗ്യാസടുപ്പിനെയും മൈക്രോവേവ് അവനെയും സമഭാവനയോടെ വീക്ഷിച്ച് വീട്ടമ്മയെന്ന അസ്തിത്വത്തിലേക്ക് അവള്‍ വളര്‍ന്നത് വളരെ തന്മയത്വത്തോടെ ആയിരുന്നു.

ശ്രീജിത്തിന്‍റെ സ്കൂള്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനടുത്തായതുകൊണ്ട് രാവിലെ സരളയെ ഓഫീസില്‍ 'ഡ്രോപ്' ചെയ്യും. വൈകുന്നേരങ്ങളില്‍ അയാള്‍ തന്നെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും മറ്റും വാങ്ങി വന്ന് അവളെ ഓഫീസില്‍ നിന്ന് 'പിക്' ചെയ്യും.

കുക്കിംഗ്, ക്ലീനിംഗ്, വാഷിംഗ് എന്നു വേണ്ട, ഏതു ജോലിയിലും അയാള്‍ ഭാര്യയെ സഹായിക്കും. ഞായറാഴ്ചകളില്‍ ഔട്ടിംഗ്, ഹോട്ടലില്‍ നിന്ന് ഭക്ഷണം, പുതിയ പടങ്ങള്‍ റിലീസാകുന്ന സമയങ്ങളില്‍ ഭാര്യയുമൊത്ത് നൂന്‍ഷോ.

സുഖം-സ്വസ്ഥം-ശാന്തം

***

ഒരു ശനിയാഴ്ച വൈകുന്നേരം പോമറേനിയനെ കുളിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് സരള ആദ്യമായി അതു ശ്രദ്ധിച്ചത്- പട്ടിക്കൂടിന്‍റെ പുറകുവശത്തായി രണ്ടടി പൊക്കത്തില്‍ വളര്‍ന്ന ഒരു അരയാല്‍! അവളുടെ മനസില്‍ ഇതുവരെ ഉറങ്ങിക്കിടക്കുകയായിരുന്ന നാട്ടിന്‍ പുറത്തിന്‍റെ പച്ചപ്പിന് വീണ്ടും ഉയിരുവെച്ചു. ഹോസ് അല്‍പം വളച്ച് അരയാലിന്‍റെ കുരുന്നിലകളിലേക്കവള്‍ വെള്ളം ചീറ്റിച്ചു. ഇക്കിളി കൊണ്ടപോലെ ഇലകള്‍ നൃത്തം ചവിട്ടുന്നത് നോക്കി നില്‍ക്കുമ്പോഴാണ് അവളുടെ ഭര്‍ത്താവ് നിര്‍ദ്ദാക്ഷിണ്യം ആ ചെടി പിഴുതെറിഞ്ഞത്. ‘Unauthorised tresspasser.’  അയാള്‍ മുറുമുറുത്തു.

അന്നു രാത്രി സരള ആഹാരം കഴിച്ചില്ല. മിച്ചം വന്ന ചപ്പാത്തി കാസറോളിലടച്ച് വയ്ക്കുമ്പോള്‍ അവള്‍ പറഞ്ഞു: "വല്ലാത്ത തലവേദന"

***

ഒന്നുരണ്ടു മാസമായി സരളക്ക് ശ്വാസതടസ്സവും നേരിയ തോതില്‍ വിക്കും അനുഭവപ്പെടുന്നു. ശ്രീജിത്ത് ആകെ അസ്വസ്ഥനാണ്. ഭാര്യക്ക് ആവശ്യത്തിന് വിശ്രമം നല്‍കുന്നതിനായി അടുക്കള അയാള്‍ സ്വയം മാനേജ് ചെയ്യുന്നു. കഴിഞ്ഞമാസം സാലറി കിട്ടിയപ്പോള്‍ ഒരു വാക്വം ക്ലീനര്‍ വാങ്ങി. ഭാര്യക്ക് ഡസ്റ്റലര്‍ജി ആണെങ്കിലോ. പക്ഷേ.. അതുകൊണ്ടൊന്നും ഫലമുണ്ടായില്ല.

സരളയുടെ ബ്ലഡ്പ്രഷര്‍ ക്രമാതീതമായി താഴുകയും കണ്ണുകളില്‍ വിളര്‍ച്ച എടുത്തറിയുകയും ചെയ്തതോടെ അയാള്‍ നിര്‍ബന്ധിച്ച് അവളെക്കൊണ്ട് ലോംഗ് ലീവെടുപ്പിച്ചു. പകല്‍സമയം വീട്ടിലൊറ്റക്കാകുന്നതിന്‍റെ ബോറടി മാറ്റാന്‍ ഒരു ഹോം നേഴ്സിനെ ഏര്‍പ്പാടു ചെയ്തു.

ഈന്തപ്പഴം, ഉണക്കമുന്തിരി, ലേഹ്യം, അരിഷ്ടം, കരുപ്പട്ടിച്ചക്കര, ബോണ്‍വിറ്റ, ഗ്ലുക്കോസു പൊടി എന്നിത്യാദി വസ്തുവകകള്‍ ആവശ്യത്തിലധികം വീട്ടില്‍ സ്റ്റോക്ക് ചെയ്തു. എന്നിട്ടും ഫലം തഥൈവ. ഓരോ ദിവസം കഴിയുമ്പോഴും സരളക്ക് അവശതയും അലോസരവും ഏറി വരുന്നു.

മെഡിക്കന്‍ മിഷനിലെ ഡോ. വര്‍ഗീസ് പോളാണ് കൗണ്‍സലിംഗ് എന്ന ആശയം മുന്നോട്ടു വച്ചത്.  വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലും തികയുന്നതിനു മുന്‍പ് ഇരുപത്തിനാലുകാരിയായ ഭാര്യയെ ഒരു സൈക്കോളജിസ്റ്റിന്‍റെ അടുക്കലേക്ക് കൊണ്ടുപോകുന്നത് അയാളുടെ പ്രായോഗിക ബുദ്ധിക്ക് നിരക്കുന്നതായിരുന്നില്ല. എങ്കിലും, ഡോക്ടര്‍ വര്‍ഗീസ് പോള്‍ പറയുമ്പോള്‍...

***

കൊന്നയും പേരയും മഹാഗണിയും മുട്ടിയുരുമ്മി നില്‍ക്കുന്ന തിരക്കൊഴിഞ്ഞ ആ വീട്ടിലേക്ക് സരള കയറിച്ചെന്നത് തന്‍റെ ഭര്‍ത്താവിനൊപ്പമാണ്. മുണ്ടും ഷര്‍ട്ടും ധരിച്ച് ലളിതമായി പുഞ്ചിരിച്ച മെലിഞ്ഞിരുണ്ട ഒരു മധ്യവയസ്കന്‍ അവളെ തന്‍റെ കണ്‍സല്‍ട്ടിംഗ് റൂമിലേക്ക് ക്ഷണിച്ചു.

തുറന്നു കിടന്ന ജനാലയ്ക്കപ്പുറം മരിച്ചില്ലകളില്‍ പനന്തത്തകളും കാക്കത്തമ്പുരാട്ടിയും ചിറകൊതുക്കുന്നു. സരളയുടെ കണ്ണിമകളില്‍ രണ്ടു വനങ്ങള്‍ തഴച്ചു വളര്‍ന്നു. കാണെക്കാണെ അവയുടെ നിഴലുകള്‍ കവിള്‍ത്തടങ്ങളിലേക്ക് വ്യാപിച്ചു. അവളുടെ കണ്ണുനീര്‍ പുറം കൈകൊണ്ട് തുടച്ച് സൈക്കോളജിസ്റ്റ് അലിവോടെ ചോദിച്ചു: "നിനക്കെന്താണു പറ്റിയത്?"

"ഇവിടെ പച്ചപ്പുണ്ട്, മരങ്ങളുണ്ട്, കാറ്റുണ്ട്, ജീവനുണ്ട്. എനിക്കിപ്പോള്‍ നന്നായി ശ്വസിക്കാന്‍ കഴിയുന്നുണ്ട്."

***

പിറ്റേന്ന് ശ്രീജിത്ത് പരമേശ്വരന്‍ സ്കൂളില്‍ നിന്ന് മടങ്ങിവരുമ്പോള്‍ തെങ്ങിന്‍ തൈയും വാഴവിത്തും മാവിന്‍ തൈയും ഒക്കെ വാങ്ങി വന്നു. ഓര്‍ക്കിഡും ആന്തൂറിയവും പനിച്ചു വളരുന്ന ചെടിച്ചട്ടികള്‍ നീക്കം ചെയ്ത് അയാള്‍ ജീവിതത്തിലാദ്യമായി തെങ്ങും വാഴയും മാവുമൊക്കെ അവയ്ക്കോരോന്നിനുമായി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ നട്ടു.

മാസങ്ങള്‍ക്കു ശേഷം അന്നുരാത്രി സരള അത്താഴമുണ്ടു. അവളുടെ മുഖം വളരെ പ്രസന്നമായിരുന്നു.

അന്നാദ്യമായി രാത്രിയില്‍ അയാള്‍ ജനാലകള്‍ തുറന്നിട്ടു. കറങ്ങിക്കൊണ്ടിരുന്ന ഫാനുകള്‍ സ്വിച്ചോഫ് ചെയ്തു.

***

വവ

0

0

Featured Posts