
“അനേകർക്കു വേണ്ടി” ചിന്തപ്പെട്ട രക്തമോ “എല്ലാവർക്കും വേണ്ടി” ചിന്തപ്പെട്ട രക്തമോ?
Mar 1, 2009
2 min read

വിശുദ്ധ കുർബാനയുടെ സ്ഥാപനവേളയിൽ വീഞ്ഞ് നിറഞ്ഞ പാനപാത്രമെടുത്ത് യേശു അരുളിചെയ്‌ത വാക്കുകൾ മത്തായിയുടെയും മാർക്കോസിൻ്റെയും ലൂക്കായുടെയും സുവിശേഷങ്ങളിലും, പൗലോസ് ശ്ലീഹ കോറിന്തോസ്കാർക്ക് എഴുതിയ ഒന്നാമത്തെ ലേഖനത്തിലും അല്പസ്വല്പ വ്യത്യാസങ്ങളോടെ രേഖപ്പെടുത്തിയിട്ടുണ്ട്. (മത്താ 26:27-29, മർക്കോ 14:23-25, ലൂക്കാ 22:19-20; കോറി 11:25). ഈ നാലു സ്ഥാപന വിവരണങ്ങളിൽ ഒന്നിലും "എല്ലാവർക്കുംവേണ്ടി" എന്ന പ്രയോഗമില്ല. മത്തായിയുടെയും മർക്കോസിൻ്റെയും സുവിശേഷങ്ങളിൽ "അനേകർക്കുവേണ്ടി" എന്ന പ്രയോഗമാണ് കാണുന്നത്. ലൂക്കായുടെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നത് "നിങ്ങൾക്കുവേണ്ടി" എന്നാണ്. പൗലോസിൻ്റെ ലേഖനത്തിൽ ആർക്കുവേണ്ടി എന്നു പറയുന്നതേയില്ല . അന്ത്യ അത്താഴത്തിൽ യേശു ഉപയോഗിച്ച വാക്കുകൾ കൃത്യമായി അതേപടി എഴുതിവെക്കപ്പെട്ടിട്ടില്ല. സുവിശേഷകന്മാരും പൗലോസും വ്യത്യസ്ത ക്രൈസ്തവ സമൂഹങ്ങളിൽ വിശുദ്ധ കുർബാനയാചരണത്തിൽ ഉപയോഗിച്ചിരുന്ന സ്ഥാപനവാക്യങ്ങൾ കാര്യമായ മാറ്റങ്ങളിലാതെ അവരുടെ സുവിശേഷങ്ങളിലും ലേഖനത്തിലും എഴുതിച്ചേർക്കുകയാണു ഉണ്ടായത്. യേശു സംസാരിച്ചിരുന്ന അറാമായ ഭാഷയിൽ "അനേകർ" എന്ന പദത്തിന് എല്ലാവരെയും ഉൾപ്പെടുത്തുന്ന ഒരർത്ഥവുമുണ്ടായിരുന്നു എന്നു ഭാഷാപണ്‌ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ, കൃത്യമായി ഏത് വാക്കാണ് യേശു ഉപയോഗിച്ചതെന്നത് അത്ര പ്രധാനപ്പെട്ട കാര്യമല്ല. ഈ രണ്ടിൻ്റെയും അർത്ഥമാണ് പ്രധാനം.
"എല്ലാവർക്കും വേണ്ടി" എന്നതാണോ "അനേകർക്ക് വേണ്ടി" എന്നതാണോ കൂടുതൽ ശരി എന്നു ചോദിച്ചാൽ നിശ്ചിതമായ അർത്ഥത്തിൽ രണ്ടും ശരിയാണ്. എന്നാൽ, രണ്ടും തെറ്റിദ്ധരിക്കപ്പെടുവാനുള്ള സാധ്യതയുമുണ്ട്. "എല്ലാവർക്കും വേണ്ടി" ചിന്തപ്പെട്ട രക്തം എന്നു പറയുമ്പോൾ നാം മനസ്സിലാക്കുന്നത്, യേശു എല്ലാവർക്കും വേണ്ടിയാണ് ലോകത്തിലേക്കു വന്നതെന്നും എല്ലാവർക്കും രക്ഷ നൽകാനാണ് കുരിശിൽ മരിച്ചതെന്നുമാണ്. "അവൻ നമ്മുടെ പാപങ്ങൾക്ക് പരിഹാര ബലിയാണ്; നമ്മുടെ മാത്രമല്ല, ലോകം മുഴുവൻ്റെയും പാപങ്ങൾ" (1 യോഹ 2:2). എല്ലാവരുടെയും രക്ഷ ദൈവം ആഗ്രഹിക്കുന്നുവെന്നത് നമ്മുടെ വിശ്വാസത്തിൻ്റെ സുപ്രധാനമായ ഒരു ഉൾക്കാഴ്ചയാണ്. വിശുദ്ധഗ്രന്ഥം അതു ഊന്നിപറയുകയും ചെയ്യുന്നു. "എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്" (1 തിമോ 2:4).
യേശുവിൻ്റെ ജീവിതത്തിലും മരണത്തിലും കൂടി എല്ലാവർക്കും ദൈവം രക്ഷ സാധ്യമാക്കി തീർത്തിരിക്കുന്നു. എല്ലാവർക്കും രക്ഷ ആഗ്രഹിക്കുന്ന ദൈവത്തിൻ്റെ രക്ഷാകര തിരുമനസ്സിനെയും യേശുവിൻ്റെ മരണത്തിലൂടെ സകലർക്കും സാധ്യമായിരിക്കുന്ന രക്ഷയുടെ യാഥാർത്ഥ്യത്തെയും വ്യക്തമാക്കുവാൻ എല്ലാവർക്കും വേണ്ടി ചിന്തപ്പെട്ട രക്തം എന്ന് പറയുന്നത് ശരിയാണ്. എന്നാൽ, തെറ്റായ അർത്ഥത്തിൽ ചിലർ ഇത് വ്യാഖ്യാനിച്ചേക്കാം. ദൈവം എല്ലാവരുടെയും രക്ഷ ആഗ്രഹിക്കുകയും യേശു എല്ലാവർക്കും വേണ്ടി മരിക്കുകയും ചെയ്തതുകൊണ്ട്, ഒരുവൻ എങ്ങനെ ജീവിച്ചാലും കുഴപ്പമില്ല, ആത്യന്തികമായി എല്ലാവരും രക്ഷപ്പെടും എന്ന ചിന്തയോടെ തിന്മ പ്രവർത്തിക്കുകയും മാനസന്തരപ്പെടാനുള്ള ദൈവത്തിൻ്റെ ക്ഷണത്തെ തിരസ്‌ക്കരിക്കുകയും ചെയ്യുന്നവരുണ്ടാകാം. എന്നാൽ, ദൈവം എല്ലാവരുടെയും രക്ഷ ആഗ്രഹിക്കുകയും യേശു എല്ലാവർക്കും വേണ്ടി മരിക്കയും ചെയ്തെങ്കിലും, യാന്ത്രികമായി (automatically) എല്ലാവരും ഈ രക്ഷയിലേക്ക് വരുന്നില്ല. രക്ഷയിലേക്ക് വരുവാൻ സ്വതന്ത്രമായ തീരുമാനവും തിരഞ്ഞെടുപ്പും ആവശ്യമാണ്. അതു ചെയ്യാത്തവർക്ക് രക്ഷ നഷ്ടമാകും. ഈ യാഥാർത്ഥ്യം കണക്കിലെടുത്തുകൊണ്ട്, എല്ലാവർക്കും യേശു ചിന്തിയ രക്തം ഫലപ്രദമാകുനില്ല എന്ന അർത്ഥത്തിൽ "അനേകർക്കു വേണ്ടി" ചിന്തപ്പെട്ട രക്തം എന്ന് പറയുന്നത് ശരിയാണ്.
എല്ലാവർക്കും രക്ഷ നൽകുന്നതിനുള്ള ദൈവത്തിൻ്റെ പ്ലാനും പദ്ധതിയുമായി മനുഷ്യൻ സഹകരിക്കേണ്ടിയിരിക്കുന്നു. നിത്യജീവനിലേക്ക് നയിക്കുന്ന അവിടുത്തെ കൽപ്പനകൾ അനുസരിക്കുവാൻ അവൻ കടപ്പെട്ടവനാണ്. മനുഷ്യരോടുള്ള സ്നേഹത്തെപ്രതി സ്വയം ശൂന്യവത്കരിക്കുകയും അവൻ്റെ പാപങ്ങളുടെ മോചനത്തിനായി സ്വയം ബലിയർപ്പിക്കുകയും ചെയ്ത യേശുനാഥൻ്റെ ജീവിതത്തിലും ഉയിർപ്പിലും വിശ്വസിച്ചുകൊണ്ട് അവിടുന്ന് സാധ്യമാക്കിയ രക്ഷയുടെ വഴിയിലൂടെ അവൻ ചരിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യാൻ എല്ലാ മനുഷ്യരെയും ദൈവം വിളിക്കുന്നു. മനുഷ്യൻ സ്വതന്ത്രൻ ആയതുകൊണ്ട് ഈ വിളി സ്വീകരിക്കാനും അങ്ങനെ രക്ഷ പ്രാപിക്കാനും അവന് കഴിയും. എന്നാൽ, ഈ സ്വാതന്ത്ര്യത്തിൻ്റെ മറുവശമാണ് ദൈവത്തിൻ്റെ വിളി നിരസിക്കാനും, അങ്ങനെ രക്ഷയിൽ നിന്ന് അകലാനും അവന് കഴിയുമെന്നത്. ദൈവത്തിൻ്റെ വിളി തിരസ്ക്കരിക്കയും അവിടുത്തെ ഇഷ്ടത്തിന് വിരുദ്ധമായി ജീവിക്കയും ചെയ്യുന്നവന് രക്ഷപ്പെടുക സാധ്യമല്ല. കാരണം, അവൻ നാശത്തിൻ്റെ വഴിയാണ് സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നത്.
എന്നാൽ, കുറെപ്പേരുടെ(അല്ലെങ്കിൽ, അനേകരുടെ) രക്ഷ മാത്രമേ ദൈവം ആഗ്രഹിക്കുന്നുള്ളൂ. എല്ലാവരുടെയും രക്ഷ ആഗ്രഹിക്കുന്നില്ല എന്നും, യേശു മരിച്ചത് കുറെപ്പേർക്ക് വേണ്ടി (അഥവാ, അനേകർക്കുവേണ്ടി) മാത്രമാണ്, എല്ലാവർക്കും വേണ്ടിയല്ല എന്നും കരുതുന്നത് തെറ്റാണ്. ഇവിടെ ദൈവത്തിൻ്റെ രക്ഷിക്കാനുള്ള മനസ്സിനെയും യേശുവിൻ്റെ മരണത്തിൻ്റെ രക്ഷാകരവും സാർവ്വത്രികവുമായ ഫലത്തേയും പരിമിതപ്പെടുത്തുകയാണല്ലോ ചെയ്യുക. അങ്ങനെ ചെയ്യാൻ നമുക്കു ഒരിക്കലും അവകാശമില്ല. ദൈവം എല്ലാവരുടെയും രക്ഷ ആഗ്രഹിക്കുകയും യേശു എല്ലാവർക്കും വേണ്ടി മരിക്കയും ചെയ്തിട്ടും ആരെങ്കിലും രക്ഷപ്പെടുന്നിലെങ്കിൽ, അത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യവും തെറ്റായ തീരുമാനവും തിരഞ്ഞെടുപ്പും കൊണ്ടാണ്. അതിനുള്ള ഉത്തരവാദിത്വവും പൂർണമായി അവരുടേത് മാത്രമാണ്.
രക്ഷ പ്രാപിക്കുന്നവർ എല്ലാവരുമാണോ, അനേകരാണോ, കുറേപ്പേർ മാത്രമാണോ എന്നത് ദൈവത്തിൻ്റെ മാത്രം രഹസ്യമാണ്. അത് പൂർണ്ണമായി ദൈവത്തിനു വിട്ടുകൊടുത്തു കൊണ്ട് നാം ചെയ്യേണ്ടത്, നമ്മുടെ സഹോദരീസഹോദരൻമാരായ എല്ലാ മനുഷ്യരുടെയും രക്ഷ ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുകയാണ്.
“അനേകർക്കു വേണ്ടി” ചിന്തപ്പെട്ട രക്തമോ ...
ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ
അസ്സീസി മാസിക, മാർച്ച് 2009























