top of page

ദാവീദ്

3 days ago

3 min read

George Valiapadath Capuchin

ആദ്യം മുതലേതന്നെ സാവൂൾ രാജാവിന് ദാവീദ് എന്ന കുമാരനോട് പെരുത്ത അസൂയയാണ്. അയാളുടെ അഹം പെട്ടന്ന് ക്ഷതമേല്ക്കുന്നതു പോലുണ്ട്. ജനങ്ങൾ, പ്രത്യേകിച്ച് തൻ്റെ പ്രജകളായ സ്ത്രീകൾ ദാവീദിനെ ആരാധനാഭാവത്തോടെ കാണുന്നു എന്നതായിരുന്നു മുഖ്യ പ്രശ്നം. സാവൂളിന് ഡിപ്രഷൻ വരുമ്പോൾ ദാവീദ് തുടർച്ചയായി അദ്ദേഹത്തിനുവേണ്ടി കിന്നരം വായിക്കും. അങ്ങനെയാണ് സാവൂളിൻ്റെ ഡിപ്രഷൻ വിട്ടു പോകാറുള്ളത്. എന്നിട്ടും സാവൂൾ ദാവീദിനെ തറച്ചുകൊല്ലാൻ വേണ്ടി രണ്ടു തവണ അവനുനേർക്ക് കുന്തം എറിഞ്ഞു. രണ്ടു തവണയും ദാവീദ് ഒഴിഞ്ഞുമാറി.


ദാവീദ് ഏറ്റെടുക്കുന്ന യുദ്ധങ്ങളെല്ലാം ജയിച്ചാണ് വരുന്നത്. ആദ്യം ദാവീദിനെ അയാൾ സേനാനായകനാക്കി. പിന്നെ സഹസ്രാധിപനാക്കി. പൊതുവിലും ദാവീദിന് ജനസമ്മിതിയേറുന്നു എന്ന കാരണത്താൽ ഏതുവിധേനയും ദാവീദിനെ ഇല്ലാതാക്കാൻ അയാൾ ഒത്തിരി ശ്രമിക്കുന്നുണ്ട്.


എത്ര തവണ സാവൂൾ ദാവീദിനെ കൊല്ലാൻ ശ്രമിക്കുന്നു! തൻ്റെ മകളെ അവന് വിവാഹം ചെയ്തു കൊടുക്കും എന്ന് വാഗ്ദാനം ചെയ്തിട്ട് മകളെ വേറൊരാൾക്ക് വിവാഹം ചെയ്തു നല്കി. രണ്ടാമത്തെ മകൾക്ക് ദാവീദിനോട് അനുരാഗം ഉണ്ടെന്നു കണ്ടപ്പോൾ അവളെ വച്ച് അയാൾ ഒരു നീക്കം നടത്തുന്നു. ദാവീദിന് അവളെ വിവാഹം ചെയ്തു കൊടുക്കും, പക്ഷേ സ്ത്രീധനമായി വേണ്ടത് ശത്രുവായ ഫിലിസ്തീൻ രാജ്യത്തെ നൂറു പേരെ കൊന്നതിൻ്റെ തെളിവാണ് (അവരുടെ അഗ്രചർമ്മം). പ്രബലരായ ഫിലിസ്തൻകാർ അവനെ കൊന്നു കൊള്ളും എന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, നൂറിനുപകരം ഇരുന്നൂറു പേരെ കൊന്നതിൻ്റെ തെളിവുമായാണ് ദാവീദ് തിരിച്ചുവന്നത്. അങ്ങനെ മകൾ മിഖാലിനെ അവന് വിവാഹം ചെയ്തുനല്കി.

തൻ്റെ അധികാരത്തെയും പ്രാമാണ്യത്തെയും വെല്ലുവിളിക്കുന്നു എന്ന് അയാൾക്ക് തോന്നാൻ വലിയ കാരണം ഒന്നും വേണ്ടാ. തൻ്റെ മകളുടെ ഭർത്താവായതിനു ശേഷവും അവർ പാർക്കുന്ന വീട്ടിലേക്ക് കുറേ പടയാളികളെ സാവൂൾ അയക്കുന്നുണ്ട് ദാവീദിനെ ഒളിഞ്ഞിരുന്ന് കൊല്ലാനായി. മിഖാൽ ഭർത്താവിനെ രക്ഷപ്പെടുത്തി. സാവൂളിൻ്റെ അസൂയ മൂത്ത് അയാളിൽ വെറുപ്പായി. വെറുപ്പ് പകയായി. പകയ്ക്ക് ഒരു കാരണം വേണമല്ലോ. തന്നെ കൊല്ലാൻ അവൻ പദ്ധതിയിട്ടിരിക്കുന്നു എന്ന് അതിനുവേണ്ടി അയാൾ സ്വയം കഥ മെനഞ്ഞു. എന്നിട്ട് വലിയൊരു സൈന്യവുമായി അവനെ തേടി ഇറങ്ങി. ഏതാനും വിശ്വസ്തരോടൊപ്പം ഒളിവിലും പലായനത്തിലുമാണ് ദാവീദ്. അങ്ങനെ തെരഞ്ഞു നടക്കുമ്പോൾ ഒരിക്കൽ രാജാവിന് കക്കൂസിൽ പോകണം. സൈന്യത്തിൽ നിന്ന് മാറി രാജാവ് ഒരു ഗുഹയിൽ കയറി. അതേ ഗുഹയിൽ ഏറ്റവും ഉള്ളിലായി ദാവീദും കൂട്ടുകാരും ഉണ്ട്. ശത്രുവായ സാവൂളിനെ ദൈവമാണ് ഇവിടെ എത്തിച്ചത്, അയാളെ ഇതുപോലെ ഒറ്റക്ക് കിട്ടില്ല - ഇപ്പോൾ കൊല്ലണം എന്ന് അനുചരന്മാർ. ശത്രുവിനെ കൊല്ലണോ വേണ്ടയോ എന്ന് ഒരുനിമിഷം ദാവീദ് ശങ്കിച്ചു. ദൈവത്തിൻ്റെ തെരഞ്ഞെടുക്കപ്പെട്ടവനാണ് അയാൾ; അഭിഷിക്തനുമാണ്. പകരം അയാൾ അഴിച്ചുവച്ച മേലങ്കിയുടെ അറ്റം ദാവീദ് മുറിച്ചെടുക്കുന്നു. കാര്യം സാധിച്ചശേഷം സാവൂൾ ഗുഹയിൽ നിന്നിറങ്ങിപ്പോയി കുറച്ച് ദൂരമായപ്പോൾ ദാവീദ് പിന്നിൽ നിന്ന് വിളിച്ചു പറയുന്നു- ഞാൻ വെറും ഒരു ചെള്ളോ ചത്ത പട്ടിയോ അല്ലേ? എന്തിനാണ് അങ്ങ് എന്നെ കൊല്ലാനായി നടക്കുന്നത്. വേണമെങ്കിൽ എനിക്ക് അങ്ങയെ ഇപ്പോൾ കൊല്ലാമായിരുന്നു. ഞാനത് ചെയ്യില്ല. കാരണം, അങ്ങ് എൻ്റെ രാജാവാണ്. പിതാവിനെപ്പോലെയാണ്. ഇതാ അങ്ങയുടെ മേലങ്കിയുടെ അഗ്രം എൻ്റെ കൈവശം. താനാണ് തെറ്റ് എന്ന് സാവൂളിന് തല്ക്കാലത്തേക്കെങ്കിലും ബോധ്യം വരുന്നു.

"നീ എന്നെക്കാൾ നീതിമാനാണ്. ഞാൻ നിനക്ക് ചെയ്ത തിന്മയ്ക്കു പകരം നീ നന്മ ചെയ്തിരിക്കുന്നു. കർത്താവ് എന്നെ നിൻ്റെ കൈയ്യിൽ ഏൽപ്പിച്ചിട്ടും നീ എന്നെ കൊല്ലാതെ വിട്ട് എന്നോട് എങ്ങനെ പെരുമാറിയെന്ന് ഇന്ന് നീ കാണിച്ചുതന്നു. ശത്രുവിനെ കൈയ്യിൽ കിട്ടിയാൽ ആരെങ്കിലും വെറുതെ വിടുമോ? ... നീ തീർച്ചയായും രാജാവാകുമെന്നും ഇസ്രായേലിന്റെ രാജത്വം നിന്നിൽ സ്ഥിരപ്പെടുമെന്നും എനിക്കറിയാം" എന്നു പറഞ്ഞ് അയാൾ കൊട്ടാരത്തിലേക്ക് തിരിച്ചുപോകുന്നു.


തൻ്റെ മകൾക്ക് തന്നെക്കാളധികം സ്നേഹം ദാവീദിനോടാണ് എന്നറിയുമ്പോൾ സാവൂളിൽ അസൂയയും പകയും വീണ്ടും മുളയെടുക്കുന്നു. വീണ്ടും ദാവീദിനെ കൊല്ലാൻ അന്വേഷിച്ചിറങ്ങുന്നു. ഇത്തവണ രാജാവും സൈന്യവും തമ്പടിച്ച് ഉറങ്ങുമ്പോൾ ദാവീദും ഒരു കൂട്ടുകാരനും മെല്ലെ, ഒച്ചയുണ്ടാക്കാതെ ഉറങ്ങുന്ന രാജാവിൻ്റെ അടുത്തെത്തി, അദ്ദേഹത്തിൻ്റെ തലയ്ക്കൽ ഇരുന്ന കുന്തവും കൂജയും എടുത്തുകൊണ്ടുപോകുന്നു. എന്നിട്ട് അടുത്ത മലയിൽ കയറിനിന്ന് പഴയതുപോലെ വിളിച്ചു പറയുന്നു. ഒരാളെ ഇവിടേക്ക് വിട്ട് അങ്ങയുടെ കുന്തവും കൂജയും എടുപ്പിക്കാനും പറയുന്നു. ഇത്തവണയും സാവൂൾ മാനസാന്തരപ്പെട്ട് സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ് കൊട്ടാരത്തിലേക്ക് മടങ്ങുന്നു.


ദാവീദിൽ നിരവധി നന്മകൾ കാണാനുണ്ട്. അയാളുടെ ആഴമുള്ള ദൈവിശ്വാസമാണ് ഒനാമതായി പറയേണ്ടത്.

താൻ രാജാവിന് ഒരു ശത്രുവല്ല വിധേയനാണ് എന്നു കാണിക്കാൻ അയാൾ തന്നെത്തന്നെ ദരിദ്രൻ, ബാലൻ, ചത്തപട്ടി, ചെള്ള് എന്നെല്ലാം വിശേഷിപ്പിക്കുന്നതു കാണാം. അയാൾ തീർച്ചയായും ഒത്തിരി എളിമയുള്ള മനുഷ്യനായിരുന്നു.

തൻ്റെ ഭാര്യമാരെയും മക്കളെയും തൻ്റെ ആളുകളുടെ ഭാര്യമാരെയും ആക്രമിച്ച് തടവുകാരായി കൊണ്ടു പോയവരെ ആക്രമിച്ച് തങ്ങളുടെ ആളുകളെ മോചിപ്പിച്ച് കൊണ്ടുപോരുകയും അക്രമികളെ കൊള്ളയടിക്കുകയും ചെയ്തു. കൊള്ളമുതൽ തന്നോടൊപ്പം യുദ്ധത്തിന് പോരാതിരുന്ന ഇരുന്നൂറു പേർക്കു കൂടി വീതിച്ചു നല്കുന്ന ദാവീദ് സമ്പത്തിനോട് വലിയ മമതയുള്ളയാളായിരുന്നില്ല. നീതിയുള്ളവനുമായിരുന്നു.

ദൈവമാണ് തന്നെ തെരഞ്ഞെടുത്തതെന്നും സാവൂളിനെ അഭിഷേകം ചെയ്ത പ്രവാചകനും പുരോഹിതനുമായ സാമുവേൽ തന്നെയാണ് തന്നെയും അഭിഷേകം ചെയ്തത് എന്നറിയാമായിരുന്നിട്ടും തന്നെ കൊല്ലാൻ നടന്ന സാവൂൾ രാജാവിനെ ഒരിക്കലും ഉപദ്രവിക്കാതെ അയാൾ രംഗത്തു നിന്ന് മായുന്നതുവരെ ഒളിവിലും പ്രവാസത്തിലും കഴിയാൻ അസാമാന്യമായ ക്ഷമാശീലം വേണമായിരുന്നല്ലോ.

സാവൂളും മകനും യുദ്ധത്തിൽ കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് ആനന്ദിക്കുന്നതിനു പകരം വിലപിക്കുകയും ദുഃഖാചരണം നടത്തുകയും ചെയ്തു ദാവീദ് എന്നത് അയാളുടെ വലിപ്പം കാണിക്കുന്നുണ്ട്.

യുദ്ധവീരനായിരുന്നു ദാവീദ്. എല്ലാ ആക്രമണങ്ങളും യുദ്ധങ്ങളും ജയിച്ചവൻ. എന്നിട്ടും അയാളിൽ അതിൻ്റെ അഹങ്കാരമുള്ള തരം പ്രവൃത്തികൾ നാം കാണുന്നുമില്ല.

പല അവസരത്തിലായി പലരെയും ദാവീദ് ഭാര്യമാരാക്കി. സാവൂളിൻ്റെ മകൾ മിക്കാൽ ആയിരുന്നു ആദ്യഭാര്യ. പിന്നീട് ദാവീദ് അവളെ ഉപേക്ഷിച്ചു. രാജാവായതിനു ശേഷം അവളുടെ രണ്ടാം ഭർത്താവിൽ നിന്ന് നിർബന്ധപൂർവ്വം തിരിച്ചുവാങ്ങുകയും ചെയ്തു. അവളോടുള്ള സമീപനങ്ങൾ തീർച്ചയായും നമുക്ക് സ്വീകാര്യമായിരിക്കില്ല. ഉറിയായുടെ ഭാര്യ ബെത്ഷേബായെ പ്രാപിച്ചതും അതിനു ശേഷം ഉറിയായെ വധിച്ചതും തീർച്ചയായും തീരാകളങ്കങ്ങൾ തന്നെ. പക്ഷേ, അതിനുശേഷം ജീവിതകാലം മുഴുവൻ അയാൾ അതേക്കുറിച്ച് പശ്ചാത്താപവിവശനായിരുന്നു. സങ്കീർത്തനപ്പുസ്തകത്തിലെ ഒട്ടേറെ സങ്കീർത്തനങ്ങൾ അദ്ദേഹം രചിച്ചവയാണ്. ദൈവാശ്രയത്വവും പശ്ചാത്താപവും ആത്മാവിൻ്റെ നിലവിളിയും മാത്രമാണ് നാം അവയിൽ കാണുന്നത്.


വീഴ്ചകളും പോരായ്മകളും നിരവധി ഉണ്ടായിരുന്നെങ്കിലും അയാൾ ദൈവത്തിനായി തൻ്റെ ഹൃദയം സൂക്ഷിച്ചു. ജനവികാരത്തിനൊത്ത് ദൈവത്തിനു ചേരാത്ത കാര്യങ്ങൾ ചെയ്യാൻ അയാൾ കൂട്ടാക്കിയില്ല. അതുതന്നെയായിരുന്നു ദൈവ പ്രീതി അയാളിൽ നിലനിലക്കുന്നതിനുള്ള കാരണവും.


Recent Posts

bottom of page