

ബൈബിൾ പണ്ഡിതനും പാരീസ് സർവകലാശാലയിലെ ദൈവശാസ്ത്ര ലക്ചററും ആയിരുന്നു സ്റ്റീഫൻ ലാങ്ടൺ (1150- 1228). അദ്ദേഹം പിന്നീട് 1205 -ൽ കാൻഡർബറിയുടെ മെത്രാപോലീത്തയായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹമാണ് ആദ്യമായി സുവിശേഷങ്ങളെ അധ്യായങ്ങൾ ആക്കി തിരിച്ചത്. അതിനുമുമ്പുവരെ നിരവധി തുകൽ ചുരുളുകളിൽ എഴുതപ്പെട്ട, വിഭജനങ്ങൾ ഇല്ലാത്ത പുസ്തകങ്ങൾ മാത്രമായിരുന്നു സുവിശേഷങ്ങൾ.
ഒരേ ആശയം അല്ലെങ്കിൽ ഒരേ ഭാഗം രണ്ട് അധ്യായങ്ങളിലായി മുറിഞ്ഞ് പോയിട്ടുള്ള സന്ദർഭങ്ങൾ ഒന്നോ രണ്ടോ ഇടങ്ങളിൽ ഉണ്ടെങ്കിലും ഒറ്റ വാചകം തന്നെ രണ്ട് അധ്യായങ്ങളിലായി മുറിഞ്ഞു പോയിട്ടുള്ള ഏക സന്ദർഭം യോഹന്നാൻ 7:53+8:1-ൽ മാത്രമാണെന്ന് തോന്നുന്നു. യേശു ജെറുസലേം ദേവാലയത്തിൽ പഠിപ്പിക്കുകയും അവനിൽ നേതൃത്വവും സാധാരണ ജനവും രണ്ടു തട്ടിലായി വിഭജിതമാവുകയും ചെയ്യുന്ന സാഹചര്യമാണ് പശ്ചാത്തലം. മലയാളം ബൈബിളിൽ 7-ാം അധ്യായത്തിന്റെ അവസാനവാക്യം: "ഓരോരുത്തരും സ്വന്തം വീടുകളിലേക്ക് പോയി." എന്നാണ്. എട്ടാം അധ്യായത്തിന്റെ ഒന്നാം വാക്യമാകട്ടെ, "യേശു ഒലിവ് മലയിലേക്ക് പോയി" എന്നും. സത്യത്തിൽ, "ഓരോരുത്തരും സ്വന്തം വീടുകളിലേക്ക് പോയപ്പോൾ യേശു ഒലിവ് മലയിലേക്ക് പോയി" - എന്ന് ഒറ്റവാക്യമായാണ് അത് ഉണ്ടാകേണ്ടിയിരുന്നത്. യേശു രാത്രികളിൽ ദീർഘമായി പ്രാർഥനയിൽ ചെലവിട്ടിരുന്നു. "വിജന സ്ഥലത്തേക്ക് പോയി", "ഒലിവ് മലയിലേക്ക് പോയി" എന്നെല്ലാം പറയുമ്പോൾ പ്രാർത്ഥനയ്ക്കായി പോയി, ധ്യാനത്തിനായി പോയി എന്നാണ് സുവിശേഷങ്ങൾ വ്യക്തമാക്കുന്നത്.
വീടുകളിലേക്ക് പോയ ജനം അവിടെ ഉണ്ടായിരുന്നപ്പോൾ അക്രമാസക്തരായിരുന്നു എന്ന് നാം കാണുന്നുണ്ട്. അവർ ഓരോ ആളും തൻ്റെ തന്നെ മാളങ്ങളിലേക്കാണ് - സ്വാർത്ഥതകളിലേക്കാണ് പോകുന്നത്. അക്രമാസക്തരായ മനുഷ്യർ സ്വന്തം സ്വത്വങ്ങളിലേക്ക് പിൻവലിയുമ്പോൾ, കാരുണ്യമുള്ള, ശാന്തനായ വ്യക്തി ധ്യാനത്തിലേക്കാണ് പോകുന്നത്. ധ്യാനത്തിലേക്ക് പോകുന്ന വ്യക്തി കൂടുതൽ കാരുണ്യവുമായാണ് തിരിച്ചുവരിക. കാരണം, ധ്യാനിക്കുന്നയാൾ ദൈവമെന്ന കണ്ണാടിയിൽ തന്നെത്തന്നെയും തൻ്റെ ചുറ്റുപാടിനെയുമാണ് കാണുകയാണ്. തൻ്റെ കുറവുകളും പരിമിതികളും അയാൾ തിരിച്ചറിയുന്നു. മറ്റുള്ളവരുടെ കുറവുകളും പരിമിതികളും തന്റേതുകൂടിയാണെന്ന് അയാൾക്ക് വെളിച്ചമുണ്ടാകുന്നു. അതുകൊണ്ടാണ് അയാൾ കൂടുതൽ കാരുണ്യംസംവഹിക്കുന്ന ഹൃദയവുമായി തി രിച്ച് മലയിറങ്ങുന്നത്.
എട്ടാം അധ്യായത്തിൽ തൊട്ടടുത്തുവരുന്നത് എന്താണെന്ന് നോക്കൂ! വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെയും കൊണ്ട് അവർ അവന്റെ മുമ്പിലേക്ക് വരികയാണ്. ധ്യാനത്തിലേക്ക് പോകാതെ സ്വന്തം സ്വത്വത്തിൻ്റെ കുടുസ്സുകളിലേക്ക് പിൻവലിയുന്നവർ കൂടുതൽ അന്യരെ വിധിക്കുന്നവരായി മാറും. വിശ്വപ്രസിദ്ധമായ ആ വിധി വാചകമാണ് താമസിയാതെ നാം കേൾക്കുന്നത്: "നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ."
ധ്യാനിക്കാത്തവർ തങ്ങളുടെ സ്വത്വങ്ങളിൽ അഭിരമിക്കുന്നവരും, അങ്ങനെ ചെയ്യുന്നവർ അന്യരെ വിധിക്കുന്നവരും, അന്യരെ വിധിക്കുന്നവർ ഹിംസ ആചരിക്കുന്നവരുമാകും.
അവൻ അവരെ തങ്ങളിലേക്കു തന്നെ ഒരുനിമിഷം തിരിച്ചു നിർത്തിക്കഴിയുമ്പോൾ - അവളെ എറിഞ്ഞു കൊല്ലാൻ കല്ലുകളും എടുത്ത് വന്നവർ എല്ലാവരും പിരിഞ്ഞുപോകുന്നു. എങ്ങനെ അത് സംഭവിച്ചു? കാരണം, യേശു അവരെക്കൊണ്ട് ധ്യാനിപ്പിച്ചു. ഒറ്റ നിമിഷത്തെ ധ്യാനമാണ് കല്ലുകൾ ഉപേക്ഷിക്കാനും തിരിച്ചുപോകാനും അവരെ നിർബന്ധിച്ചത്. അവരെല്ലാം പോയ്ക്കഴിയുമ്പോൾ 'അവനും അവളും മാത്രം ശേഷിച്ചു' എന്നാണ് പറയുന്നത്. അവൾ ദൈവത്തെയും തന്നെത്തന്നെയും കണ്ടിരിക്കുന്നു - തീവ്രതരമായ ഒരു ധ്യാനത്തിലൂടെ. അവൾ സ്വയം കണ്ടുകഴിയുമ്പോൾ അവൻ അവളോട് പറയുന്നു: "ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള്ളുക. മേലിൽ പാപം ചെയ്യരുത്."
ഒരു ദിവസം നമ്മുടെ എല്ലാ കവലകളിലും എല്ലാ പത്രങ്ങളിലും എല്ലാ ടിവി ചാനലുകളിലും എല്ലാ സോഷ്യൽ മീഡിയ സൈറ്റുകളിലും ഈ പത്ത് ചെറുവാക്യങ്ങൾ മാത്രം കടന്നുവരികയും ബാക്കിയെല്ലാം ഒരു ദിവസത്തേക്ക് മായ്ക്കപ്പെടുകയും ചെയ്തെന്നാൽ പിറ്റേന്ന് ലോകം മറ്റൊന്നായി പരിണമിച്ചിരിക്കും!





















