

അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്. യേശു അവനോട് അരുളിച്ചെയ്തു: നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്‍റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിതന്നത്. (മത്തായി 16 : 15-17)
യേശുവിനെ കണ്ടുമുട്ടിയ രണ്ടുപേരെ കുറിച്ച് നമുക്ക് ധ്യാനിക്കാം. ഒന്ന്. പത്രോസ്- ഒരു സാധാരണ മത്സ്യത്തൊഴിലാളി. അത്രയൊന്നും പഠിപ്പില്ലാത്തയാള്‍. ശൂന്യതയില്‍ നിന്നും വള്ളം നിറയെ മീന്‍ കൊടുക്കുന്ന അത്ഭുതം കാണിച്ച് യേശു കൂടെ കൂട്ടിയ ആളാണ്. കൂടെ നടക്കുമ്പോള്‍, അവന്‍ ചെയ്ത കാര്യങ്ങളും പഠിപ്പിച്ച കാര്യങ്ങളും ജീവിതവും ഒക്കെ കാണുമ്പോള്‍ വരാനിരുന്ന രക്ഷകന്‍ യേശുവാണെന്ന് അയാള്‍ക്ക് തോന്നുന്നു; അയാള്‍ അങ്ങനെ മനസ്സിലാക്കുന്നു. അവന്‍റെ കൂടെയുള്ള ജീവിതം അത്ര സുഭിക്ഷമായിരുന്നില്ല, സുരക്ഷിതവും ആയിരുന്നില്ല. അപ്രിയമായ കാര്യങ്ങള്‍ വിളിച്ചു പറഞ്ഞും നിലപാടെടുത്തും അത്ഭുതങ്ങള്‍ കാട്ടിയും യേശു അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഉദാഹരണത്തിന്: ഫരിസേയരെയും നിയമജ്ഞരെയും പച്ചയ്ക്കു ചീത്ത വിളിച്ചത് - (അണലി സന്തതികളെ , വെള്ളയടിച്ച കുഴിമാടങ്ങളെ etc.) ലാസറിനെ ഉയര്‍പ്പിച്ചത്, ദേവാലയ ശുദ്ധീകരണം എന്നിവ യേശുവിന്‍റെ കുരിശുമരണത്തിലേക്കു നയിച്ച കാരണങ്ങളായി പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടും പത്രോസിന് ഇവന്‍ ദൈവപുത്രനാണെന്ന് മനസ്സിലാകുന്നു. എന്തു തരം മനസ്സിലാക്കല്‍ ആയിരുന്നു അത് എന്ന് നമുക്കറിയില്ല. 'മാംസരക്തങ്ങളല്ല ഇതു വെളിപ്പെടുത്തിയത്' എന്ന യേശുവിന്‍റെ മറുപടി ഓര്‍ക്കാം. 'പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്സാകുന ്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല' (മത്തായി 11 : 27).
പത്രോസ് തള്ളി പറയുന്നുണ്ട്, ഓടിപ്പോകുന്നുണ്ട്. പക്ഷേ യേശുവിന്‍റെ ഉത്ഥാനശേഷം തിബേരിയാസ് കടല്‍ തീരത്ത് കാണുമ്പോള്‍, അവശേഷിക്കുന്ന പതിനൊന്നു പേരില്‍ നാലു പേരൊഴിച്ച് എല്ലാവരും പത്രോസിനൊപ്പം ഉണ്ട്. ഒരിക്കല്‍ കൂടി മത്സ്യത്തിന്‍റെ സമൃദ്ധി കാട്ടി പതോസിനെയും കൂടെയുള്ളവരെയും യേശു വീണ്ടെടുക്കുന്നു. പ്രാതലൊരുക്കി കാത്തിരുന്നപ്പോള്‍ തീര്‍ച്ചയായും ഒരു സ്നേഹിതന്‍റെ ഭാവമായിരുന്നു യേശുവിന്. നിങ്ങള്‍ ഇനിമേല്‍ ദാസരല്ല സ്നേഹിതരാണ് എന്ന വചനം അവര്‍ക്കു ബോധ്യപ്പെട്ടു കാണും. "എന്നെ അനുഗമിക്കുക" എന്ന വാക്കും കേട്ട് എല്ലാ ം ഉപേക്ഷിച്ചു പിറകേ കൂടിയവരാണവര്‍. ദൈവത്തിന്‍റെ - ദൈവപുത്രന്‍റെ - സുഹൃത്തുക്കളാകുക എന്നതില്‍ കവിഞ്ഞ് എന്തൊരു നേട്ടമാണ് അവര്‍ക്ക് വേണ്ടത്.
രണ്ട് -നിക്കോദേമോസ് എന്ന യഹൂദ പ്രമാണി - അയാള്‍ രാത്രിയില്‍ രഹസ്യമായി യേശുവിനെ കാണാന്‍ വന്നതും അവരുടെ സംസാരവും യോഹന്നാന്‍റെ സുവിശേഷം മൂന്നാം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. പിതാവ് മനുഷ്യവംശത്തെ എത്ര അഗാധമായി സ്നേഹിക്കുന്നു എന്ന സുവിശേഷം വളരെ വ്യക്തമായി യേശു അയാളോട് വിവരിക്കുന്നു. പ്രകാശത്തിന്‍റെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ വെളിച്ചത്തിലേക്കു വരാനും പറയുന്നു.
The Chosen series - S1 Ep 7 നിക്കോദേമോസ് യേശുവിനെ രാത്രിയില്‍ രഹസ്യമായി വന്നു കാണുകയും സംസാരിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്. നല്ല രീതിയില്‍ ഭാവന കലര്‍ത്തപ്പെട്ട ഒരു രംഗം. ആദ്യ എപ്പിസോഡില്‍ മുതല്‍ നിക്കോദേമോസ് ഒരു അന്വേഷണത്തില്‍ ആണ്. മഗ്ദലന മറിയത്തില്‍ നിന്ന് പിശാചുബാധ ഒഴിക്കാനായി ഇയാളെ റോമാക്കാര്‍ കൊണ്ടുപോകുന്നു. അവിടെ നിന്നും പരാജിതനായി മടങ്ങുന്ന അയാള്‍; 'മനുഷ്യന്‍റെ കഴിവുകള്‍ കൊണ്ട് ഇവളെ രക്ഷിക്കുക സാധ്യമല്ല' (It is beyond human aid) എന്നു പറയുന്നു. പിന്നീട് ഈശോ സുഖപ്പെടുത്തിയ മറിയം എല്ലാവരെയുംകാള്‍ നോര്‍മലായി ജീവിക്കുന്നതു കാണുകയും അവളോടു സംസാരിക്കുകയും ചെയ്യുന്ന നിക്കോദേമോസ്, മറിയത്തിനു സൗഖ്യം നല്കിയ ആളെ അന്വേഷിച്ചു തുടങ്ങുന്നു. കാരാഗ്രഹത്തിലായിരുന്ന സ്നാപകനെ കണ്ടു സംസാരിക്കുന്നു. തന്‍റെ പിന്നാലെ വരുന്നവന്‍ തന്നെക്കാള്‍ വലിയവനാണ് എന്നൊക്കെ യോഹന്നാന്‍ പറയുന്നു. അയാളുടെ കണ്ണിലെ തിളക്കം നിക്കോദേമോസിനെ കൂടുതല്‍ ഇളക്കി വിടുന്നു. അങ്ങനെ അന്വേഷണം യേശുവില്‍ എത്തുകയും അവന്‍ ചെയ്യുന്ന ഒരു അത്ഭുതം കാണുകയും ചെയ്യുന്ന നിക്കോദേമോസ്, ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിക്കുന്നു.
ഉത്തരംകിട്ടാത്ത ഒരു ചോദ്യത്തിന് മറുപടി ആയി യേശു മുമ്പില്‍ നില്ക്കുന്നു. അയാളുടെ അന്വേഷണങ്ങളുടെ അവസാനം. ജീവിതകാലത്തു പാലിച്ച നിയമങ്ങളും, പങ്കുവച്ച അറിവുകളും, വ്യാഖ്യാനിച്ച വേദങ്ങളും ഒക്കെ പൂര്‍ത്തികരിക്കുന്ന ഒരാളായി തന്നെ യേശുവിനെ നിക്കോദേമോസ് കണ്ടുമുട്ടുന്നു. ഒരു പക്ഷേ ഇത്രയും അറിവോടെ അവന്‍റെ മുമ്പില്‍ വന്ന വേറെ ആളുണ്ടാവില്ല. യേശു, ക്രിസ്തു തന്നെയെന്ന തിരിച്ചറിവോടെ വന്ന ഒരാള്‍.
ഇത്രയും കാലം താന്‍ ആരെ ഉപാസിച്ചോ ആ ദൈവത്തിന്‍റെ പുത്രന്‍, അവന്‍ പറയുന്നതും ചെയ്യുന്നതും ഒക്കെ അതിന് സാക്ഷ്യം നല്കുന്നു;- അതെല്ലാം മനുഷ്യന് ഉപരിയായ കാര്യങ്ങള്‍ ആണ്. അത്തരം എല്ലാ അറിവോടും കൂടി യേശുവിന്‍റെ മുമ്പില്‍ മുഖാഭിമുഖം നിലക്കുന്ന നിക്കോദേമോസിനെ ആ എപ്പിസോഡില്‍ വളരെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്.
ശിഷ്യര്‍ക്ക് ക്രമേണ സ്വയം വെളിപ്പെടുന്ന ക്രിസ്തു, ഇവിടെ നിക്കോദേമോസിന് പെട്ടെന്ന് വെളിപ്പെടുന്ന പോലെ. ദൈവം മുമ്പില്‍ നില്ക്കുന്നത് പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയുന്ന ഒരാള്‍. അറിവിന്‍റെ മേഖലയില്‍ ഉന്നതനായ, പഠിപ്പും വിവരവും അനുഭവജ്ഞാനവും ഉള്ള ഒരാള്‍, നിക്കോദേമോസ്. ഇതൊക്കെ പറയുമ്പോള്‍ നിങ്ങള്‍ക്ക് എത്രത്തോളം അനുഭവപ്പെടുന്നു എന്ന് അറിയില്ല. ആ അനുഭവം വാക്കുകള്‍ കൊണ്ട് പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസമാണ്. ആ ദൈവത്തെയാണ് ഇന്നും ഞാന്‍ ബലിപീഠത്തില്‍ കണ്ടുമുട്ടുന്നത് എന്ന ഓര്‍മ്മ; ദിവ്യകാരുണ്യമായി സ്വീകരിച്ചത്.
മേരിയും ജോസഫും ആട്ടിടയരും ശിഷ്യരും സാധാരണ ജനവും എത്ര ലളിതമായി അവനെ സ്വീകരിച്ചു. യുക്തികള്‍ക്ക് ഉപരി അവരുടെ അനുഭവം ശക്തമായിരുന്നു. യുക്തികള്‍ക്ക് ഉപരി അനുഭവത്തെ അവര്‍ മുഖവിലയ്ക്കെടുത്തു, പ്രാധാന്യം കൊടുത്തു. അവന്‍റെ ജനനത്തില്‍ കിഴക്കുനിന്നു വന്ന ജ്ഞാനികള്‍ പുല്‍ക്കൂടു കണ്ടു തിരിച്ചു പോയില്ല. അവര്‍ കാഴ്ചകള്‍ അര്‍പ്പിച്ചു വേറെ വഴി പോയി. അവരുടെ അനുഭവത്തെ അ റിവിനും ഉപരി എടുക്കാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ യുക്തിപൂര്‍വ്വം വിശ്വസിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.
നിക്കോദേമോസ് ആകട്ടെ, ആ ഒരു അനുഭവത്തില്‍ തന്നെ നില്ക്കുകയാണ്. 'യേശുവിനെ രാത്രിയില്‍ ചെന്നു കണ്ട നിക്കോദേമോസ്', കൂടെ രഹസ്യശിഷ്യനായ അരിമത്തിയാക്കാരന്‍ ജോസഫ്. നിക്കോദേമോസ് ഒരു രഹസ്യ ശിഷ്യന്‍ പോലും ആയില്ല. യേശുവിന്‍റെ മരണവാര്‍ത്ത അറിയുമ്പോള്‍ യഹൂദരുടെ ശവസംസ്കാര രീതി അനുസരിച്ച് 100 റാത്തലോളം സുഗന്ധ കൂട്ടുമായാണ് നിക്കോദമോസ് വന്നത്. മരിച്ചയാള്‍ ദൈവീകനായ ഒരു നല്ല ഗുരുവായിരുന്നു, ഏറ്റവും ഉചിതമായ ഒരു സംസ്കാരം നല്കണം എന്ന ചിന്തയിലായിരിക്കണം. മരണത്തിന്‍റെയും നാഥനാണ് എന്ന വിശ്വാസമൊന്നും അയാള്‍ക്ക് ഉണ്ടെന്ന് തോന്നുന്നില്ല.
ഇവരെ ആരെയും കുറിച്ച് മുഴുവന്‍ ചരിത്രം നമുക്ക് അറിവില്ല, വിധിക്കാന്‍ നമ്മള്‍ ആളുമല്ല. പറയാന്‍ ഉദ്ദേശിച്ചത് ഇതാണ്: 'അറിവിന്‍റെ 'നിറകുടമായി നില്ക്കുന്ന ഒരാള്‍, ഈ അറിവും ജീവിതവും ആര്‍ക്കു വേണ്ടി ഉള്ളതാണോ എന്തിനു വേണ്ടി ആണോ ആ ആള്‍, അതേ കാരണം, മനുഷ്യരൂപത്തില്‍ മുന്നില്‍ നില്ക്കുന്നത് അനുഭവിച്ചറിയാന്‍ ഭാഗ്യം സിദ്ധിച്ച ഒരാളായിരുന്നു നിക്കോദേമോസ്. എന്നിട്ടും എന്നിട്ടും മരിച്ച യേശുവിനെ അടക്കാനല്ലാതെ മറ്റൊരിടത്തും അയാളെ കാണുന്നില്ല. (ഒരു പക്ഷേ ആ അനുഭവം അയാളെ മറ്റൊന്നിനും ആകാത്ത വിധം മാറ്റിയിട്ടുണ്ടാകാം.)

എന്നാല്‍ അറിവും യോഗ്യതയും ഒന്നുമില്ലാതിരുന്ന സാധാരണക്കാരനായ ശിഷ്യന്‍ പത്രോസ്, അവനെ തിരിച്ചറിയുന്നു തനിക്കുള്ളതെല്ലാം നഷ്ടപ്പെടുത്തിയും കൂടെ പോകുന്നു. ആ അനുഭവത്തിന് പകരം നല്കാന്‍ ഈ ഭൂമിയില്‍ മറ്റെന്തെങ്കിലും ഉണ്ടോ?
നമ്മുടെ അറിവും യുക്തിയും എല്ലാ ഫാക്കല്‍ട്ടിയും ക്രിസ്തുവിനെ അനുഭവിക്കുവാന്‍ ഉള്ളതാണ്. മരിച്ചു പോകും മുമ്പ് എന്ത് അനുഭവം ഉണ്ടായി എന്നതൊന്നും ക്രൈസ്തവ ജീവിതത്തിന്‍റെ അളവുകോലല്ലായിരിക്കാം. ശരിതന്നെ. എങ്കിലും എത്ര മാത്രം നമ്മള്‍ പരിശ്രമിച്ചു എന്നുള്ളത് ഒരു വലിയ കാര്യം തന്നെ ആണ്. ഏറ്റവും കുറഞ്ഞത് ആഗ്രഹിച്ചു എന്നെങ്കിലും. ഉദാ: ജ്ഞാനികളുടെ യാത്ര ഓര്‍ക്കാം. യുക്തികൊണ്ടും വിശ്വസിക്കാന്‍ കഴിയും. യുക്തിക്കുപരിയായി ചിലപ്പോഴൊക്കെ യേശുവാണ് എന്ന ഒറ്റക്കാരണത്താല്‍ വിശ്വസിക്കാന്‍ കഴിയും. അവനു വേണ്ടിയാണോ, അവന്‍റെ ഇഷ്ടമാണോ എന്നാല്‍ പിന്നെ 'ഓക്കെ'യാണ്.
കൂടെ വിളിച്ചത് സ്നേഹിതരാക്കാന്‍ ആയിരുന്നു, ഒരേ അപ്പം പങ്കിടുന്നവരാകാൻ. സ്നേഹിതനാകാന്‍ ഞാന്‍ എന്തു ചെയ്തു, ചെയ്യണം. പത്രോസും കൂട്ടാളികളും പെര്‍ഫെക്ട് മനുഷ്യര്‍ ആയിരുന്നില്ല; അറിവുള്ളവരും ആയിരുന്നില്ല. തീരെ സാധാരണക്കാര്‍ (Just ordinary persons). എങ്കിലും അവരുടെ കുറവുകളെ ബലഹീനതകളെ ഒന്നും മാറ്റിയെടുക്കാന്‍ യേശു ശ്രമിച്ചതായി നമ്മള്‍ കാണുന്നില്ല. (പൗലോസ് പരാതിപ്പെടുകയും അദ്ദേഹത്തിന് കിട്ടിയ മറുപടിയും നമുക്കറിയാം: എന്തെന്നാല്‍, ബലഹീനതയിലാണ് എന്‍റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്.)
ഈ കുറവുള്ള മനുഷ്യര്‍ക്ക് , കുറവുകളുള ്ള ബലഹീനരും പാപികളും രോഗികളുമൊക്കെയായ മറ്റു മനുഷ്യരെ ഉള്‍ക്കൊള്ളാനും ക്രിസ്തുവിന്‍റെ രക്ഷയുടെ സന്ദേശം പകര്‍ന്നു കൊടുക്കാനും എളുപ്പം കഴിഞ്ഞു. അപൂര്‍ണതകള്‍ അവന്‍റെ സ്നേഹിതനാകുന്നതില്‍ നിന്നും എന്നെ തടയുന്നില്ല. മറിച്ച് അവനില്‍ കൂടുതല്‍ വിശ്വസിക്കാന്‍, ആശ്രയിക്കാന്‍ വഴിയൊരുക്കുന്നു.
കണ്ണു തുറന്നു ചുറ്റും നോക്കി അവന്‍റെ പ്രകാശം ദര്‍ശിക്കാം. ദൈവമായ യേശുവിനെ അറിവിന്‍റെ കണ്ണുകള്‍ കൊണ്ട് നോക്കി ആന്തരീക നയനങ്ങളാല്‍ പ്രകാശിതരായി, അനുഭവമുള്ളവരാകാം. സ്നേഹാനുഭവം , ദൈവാനുഭവം.
ദൈവം മനുഷ്യനായി എന്നത് വെറും ഒരു സാധാരണ statement മാത്രം ആയി പോകാതെയിരിക്കട്ടെ!
അവന്‍ നിന്‍റെയാരാണ്?
റോണി കിഴക്കേടത്ത്
അസ്സീസി മാസിക, ജനുവരി 2026





















