top of page

അനന്തരഫലം

20 hours ago

1 min read

George Valiapadath Capuchin
Animation image of a man sitti g on bricks

അപ്പന്മാർ നന്നായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ അല്ലേ? തീർച്ചയായും.

ആരെക്കുറിച്ചാണ്?

നമ്മളെക്കുറിച്ചു തന്നെയാണ് പറയുന്നത്.

ഒരു വശത്ത് ലോകമെമ്പാടും ജെൻ-z തലമുറ കൂടുതൽ സത്യസന്ധരും ഋജുമാനസരും സഹാനുഭൂതിയുള്ളവരുമാണ് എന്ന് പറയപ്പെടുന്നു. മറുഭാഗത്ത് ലോകമെമ്പാടും ജനാധിപത്യ സംവിധാനങ്ങൾ തകർച്ചയെ നേരിടുന്നതും പകരം ഏകാധിപതികളും സ്വേച്ഛാധിപതികളും തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. ഇപ്പറഞ്ഞ തെരഞ്ഞെടുപ്പു പ്രക്രിയകളിൽ ജെൻ-z ഇത്തരം വകതിരിവ് കാണിക്കാതിരിക്കുന്നു എന്ന കുറ്റപ്പെടുത്തൽ. ഈ രണ്ട് യാഥാർത്ഥ്യങ്ങളും എങ്ങനെയാണ് ഒത്തുപോവുക? ആൾജിബ്രയിലെ പോലെയല്ല, സാമൂഹിക യാഥാർത്ഥ്യങ്ങളിൽ സമവാക്യങ്ങൾ അത്രകണ്ട് ഫലവത്താകാറില്ല.


മേല്പറഞ്ഞ രണ്ട് യാഥാർത്ഥ്യങ്ങളെയും സാമൂഹിക നിരീക്ഷകർ ശരിവക്കുന്നുന്നുണ്ട്. എന്നാൽ അവയെങ്ങനെ ഒരുമിച്ചു പോകും എന്നതിനെക്കുറിച്ച് പറയപ്പെടുന്ന വിശദീകരണങ്ങൾ പൊതുവേ നാമുദ്ദേശിക്കുന്നതുപോലെ അല്ലന്നുമാത്രം. ഒന്നാമതായി, ജെൻ-z തലമുറ കൂടുതൽ സഹാനുഭൂതിയുള്ളവരാണ് എന്ന പ്രസ്താവന തന്നെയെടുക്കാം. പുതിയ തലമുറയുടെ സഹാനുഭൂതി വ്യക്തിഗതമായ സഹാനുഭൂതി എന്നതിനെക്കാൾ സാമൂഹികമായ ഒന്താണ്. എന്തുകൊണ്ട് ഇത്രയേറെ മനുഷ്യർ ദാരിദ്യമനുഭവിക്കുന്നു? എന്തുകൊണ്ട് ഇത്രയേറെ മനുഷ്യർ ഭവനരഹിതരായിരിക്കുന്നു? എന്തുകൊണ്ട് ഇത്രയേറെ മാറ്റി നിർത്തലുകൾ സമൂഹത്തിൽ ഉണ്ടായിരിക്കുന്നു? എന്തുകൊണ്ട് പ്രകൃതി ഇത്രയേറെ ചൂഷണം ചെയ്യപ്പെടുന്നു? എന്നതെല്ലാമാണ് അവരെ ആകുലപ്പെടുത്തുന്ന ചോദ്യങ്ങൾ. അവർ കേട്ടുവളർന്നതാവട്ടെ, കഴിഞ്ഞ സർക്കാർ അഴിമതി കാണിച്ചു; അവർ ഒന്നും ചെയ്തില്ല; അവർ വൻകിടക്കാരോടൊപ്പമായിരുന്നു; എന്നെല്ലാമുള്ള ജനാധിപത്യത്തിൻ്റെ പരാജയങ്ങളും. പൊതുവേ മതത്തെയും ആത്മീയതയെയും പഴിപറയുന്ന വാങ് മയങ്ങളുമാണ് അവർ കേട്ടുവളർന്നത്. ആത്മീയ ബുദ്ധി കൂടുതൽ പ്രകടിപ്പിക്കുന്നവരുമാണ് പുതിയ തലമുറ. ഇഴകീറിപ്പിരിച്ചുള്ള താത്ത്വിക അവലോകനങ്ങളോന്നും അവർക്ക് പഥ്യമല്ല. സാങ്കേതികവിദ്യ പീക്ക് ചെയ്ത കാലത്ത് ജനിച്ചുവളർന്ന അവർ എളുപ്പവഴിയിൽ ക്രിയചെയ്യാനേ ശീലിച്ചിട്ടുള്ളൂ. ഇന്നുവരെയുള്ള ജനാധിപത്യം പരാജയമായിരുന്നെങ്കിൽ, ജനാധിപത്യ സംവിധാനങ്ങളെയും കോടതികളെയും ഒഴിവാക്കുകയാണ് വേണ്ടത്. അതൊക്കെ അവിടെ നിലനില്ക്കുന്നതിനാൽ, അതിനെയെല്ലാം വെല്ലുവിളിച്ച് മുന്നോട്ടു പോകാനും സമൂഹത്തിൽ ഫലവത്തായ മാറ്റങ്ങൾ വരുത്താനും തണ്ടും തൻ്റേടവുള്ള കരുത്തരായ നേതാക്കളെ തെരഞ്ഞെടുത്തിട്ടേ കാര്യമുള്ളൂ എന്ന രീതിയിലാണ് അവർ ചിന്തിക്കുന്നത്. സ്വാഭാവികമായും, ജനസംഖ്യ അതിൻ്റെ ശൃംഗത്തിലേക്കെത്തുന്ന ഈ നാളുകളിൽ, പെട്ടന്ന് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ളവരെന്ന് യുവതലമുറ കരുതുന്ന പ്രബലരായ നേതാക്കന്മാരെ വാഴിക്കുകയാണവർ.


അപ്പന്മാർ ശരിയല്ലാതിരുന്നതാണ് ഇതിനെല്ലാം കാരണം! നമ്മളൊക്കെക്കൂടി ചെയ്തുവച്ചതിൻ്റെയൊക്കെ സ്വാഭാവികമായ അനന്തരഫലം!


Recent Posts

bottom of page