top of page

സാമ്പത്തിക അച്ചടക്കം കുടുംബസമാധാനത്തിന് - ജീവിതവിജയത്തിന്

Sep 11, 2019

3 min read

തഐ

money

വിശുദ്ധ ഡോണ്‍ ബോസ്കോ ഒരിക്കല്‍ പറയുകയുണ്ടായി ഒരു കുട്ടിയുടെ സ്വഭാവത്തെ മനസ്സിലാക്കാന്‍ അവനെ രണ്ടു സമയങ്ങളില്‍ നിരീക്ഷിച്ചാല്‍ മതിയെന്ന്. അവന്‍ കളികളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍, അവന്‍ ഭക്ഷണം കഴിക്കുമ്പോള്‍. ബാക്കിയുള്ള സമയങ്ങളില്‍ എല്ലാം അവന് അവന്‍റെ യഥാര്‍ത്ഥ സ്വഭാവം മറച്ചുവച്ച് അഭിനയിക്കാന്‍ കഴിയും. എന്നാല്‍ ഈ രണ്ടു കാര്യങ്ങളില്‍ അവന്‍റെ ശരിയായ സ്വഭാവം പുറത്തുവരും. 

38 വര്‍ഷത്തെ ബാങ്കിംഗ് ജോലി കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കാര്യം കൂടി ഈ ലിസ്റ്റില്‍ ചേര്‍ക്കാന്‍ സാധിക്കും. ഒരുവന്‍ സാമ്പത്തിക കാര്യങ്ങളില്‍ എങ്ങനെ പെരുമാറുന്നു എന്നത് അവന്‍റെ ശരിയായിട്ടുള്ള സ്വഭാവത്തിലേക്കുള്ള ചൂണ്ടുപലകയാണ്. പ്രാര്‍ത്ഥനയിലും സംസാരത്തിലും ഒക്കെ അഭിനയിക്കാന്‍ സാധിക്കും, കാരണം അതൊക്കെ ആളുകള്‍ കുറച്ചു സമയത്തേക്ക് ചെയ്താല്‍ മതി. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം അഭിനയിക്കാന്‍ സാധിക്കയില്ല കാരണം ഓരോ ദിവസവും അത് പരീക്ഷിക്കപ്പെടുന്നു. ഒരിക്കല്‍ ഒരു സാമ്പത്തിക തര്‍ക്കത്തില്‍ മദ്ധ്യസ്ഥനായി ഇടപെട്ടപ്പോള്‍ അയാളുടെ മാന്യതയോട് ഞാന്‍ ഒന്ന് അപ്പീല്‍ ചെയ്തു. അപ്പോള്‍ കിട്ടിയ മറുപടി ഇപ്രകാരം ആയിരുന്നു: 'കാശ് പോകുമ്പോഴാണോ മാന്യത നോക്കുന്നത്?"

ഒരു വ്യക്തിയുടെ ജീവിതവിജയത്തിന് സാമ്പത്തിക അച്ചടക്കം അത്യന്താപേക്ഷിതമാണ്. ഇത്ര പ്രാധാന്യമുള്ള വിഷയം ആയിരുന്നിട്ടുകൂടി ഇതിന്‍റെ പ്രാധാന്യം നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ നാം വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്ന് ഇവിടെ എടുത്തുപറയേണ്ടതുണ്ട്. നമ്മുടെ വേദോപദേശ കരിക്കുലത്തില്‍ ഈ വിഷയം ഉള്‍പ്പെടുത്തേണ്ടത് ചിന്തനീയമാണ്. കാരണം: "ക്രിസ്തു പറഞ്ഞു: സീസറിന്‍റേത് സീസറിനും ദൈവത്തിന്‍റേത് ദൈവത്തിനെന്നും." അങ്ങനെയെങ്കില്‍ സീസറിന്‍റേത് എന്ത്, എങ്ങനെ കൊടുക്കണം എന്നുള്ളത് മനസ്സിലാക്കിക്കൊടുക്കേണ്ടിയിരിക്കുന്നു. അടുത്തയിടെയായി .................... നിറഞ്ഞുനില്ക്കുന്ന വാര്‍ത്തകളില്‍ സീസറിന് സീസറിന്‍റേത് കൊടുക്കാത്തതുകൊണ്ടുള്ള ദോഷഫലങ്ങള്‍ നാം കാണുന്നുണ്ട്.

ഈ ആമുഖത്തോടെ നമുക്ക് വിഷയത്തിലേക്കു വരാം. നാമെല്ലാവരും ഒരവസരത്തില്‍ അല്ലെങ്കില്‍ മറ്റൊരവസരത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവന്നിട്ടുണ്ട്. ശരിക്കും എന്താണ് സാമ്പത്തിക പ്രതിസന്ധി. മെഡിക്കല്‍ ഭാഷയില്‍ പറഞ്ഞാല്‍ ഇത് ഒരു രോഗമല്ല. രോഗലക്ഷണമാണ്. അപ്പോള്‍ എന്താണ് രോഗം? സാമ്പത്തിക അച്ചടക്കം ഇല്ലായ്മ എന്ന രോഗത്തിന്‍റെ ലക്ഷണങ്ങളാണ് സാമ്പത്തിക പ്രതിസന്ധികള്‍. ഒന്ന് തരണം ചെയ്യുമ്പോള്‍ മറ്റൊന്ന് വന്നുകൊണ്ടേയിരിക്കും. അപ്പോള്‍ മനസ്സിലാക്കേണ്ടതും മരുന്നു നല്കേണ്ടതും ചികിത്സിക്കേണ്ടതും സാമ്പത്തിക അച്ചടക്കമില്ലായ്മയേയാണ്. 


എന്താണ് സാമ്പത്തിക അച്ചടക്കം?

ഒരാള്‍ തന്‍റെ മൊത്തവരുമാനം, ചെലവുകള്‍ എന്നിവയെ കൃത്യമായി മനസ്സിലാക്കുകയും തന്‍റെ ചെലവുകളെ വരുമാനത്തിനുള്ളില്‍ നിര്‍ത്തുകയും ചെയ്യുന്നതിനെ അടിസ്ഥാനപരമായി സാമ്പത്തിക അച്ചടക്കം എന്നു വിളിക്കുന്നു.


എങ്ങനെ നേടാനാവും?

1. തന്‍റെ ആവശ്യങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കുക എന്നതാണ് ആദ്യചുവട്. അതിനായി ഇന്ന് നിലവിലുള്ള കമ്പോളസംസ്കാരത്തെ മനസ്സിലാക്കേണ്ടതുണ്ട്. വിവിധ മാധ്യമങ്ങളിലൂടെ സാധാരണ ജീവിതം നയിക്കുന്നവരും സാധാരണ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരും സമൂഹത്തിലെ താഴ്ന്ന ആളുകളായി ചിത്രീകരിക്കപ്പെടുന്നു. മതപരമായ ചടങ്ങുകളും വിവാഹം മുതലായ ചടങ്ങുകളും മിതമായ രീതിയില്‍ നടത്തുന്നവരെ പരിഹാസരൂപേണ വീക്ഷിക്കുന്ന ഒരു സംസ്കാരം ഇന്ന് കമ്പോളം രൂപപ്പെടുത്തിയിരിക്കുന്നു. ഇതിനെതിരെ വ്യക്തികളെ ബോധവാന്മാരാക്കുക എന്നത് ഒരു അതിപ്രധാന ആവശ്യമായി സമൂഹത്തിന് മുന്നില്‍ നിലകൊള്ളുകയാണ്.  

2. വരുമാനം കൃത്യമായി ചിട്ടപ്പെടുത്തുക. വിവിധ വരുമാനമുള്ളവര്‍ നികുതിബാദ്ധ്യത ഉണ്ടെന്ന കാര്യം വിസ്മരിക്കാതിരിക്കുക. 

3. തന്‍റെ വിവിധ ചെലവുകളെ അത്യാവശ്യം, ആവശ്യം, അനാവശ്യം എന്ന് മൂന്നായി തരംതിരിക്കുക.

4. ഭാവിയിലേക്കുള്ള ലക്ഷ്യങ്ങള്‍ തിട്ടപ്പെടുത്തുക. വരവുചെലവുകളെക്കുറിച്ചുള്ള കണക്കും ഭാവിയിലെ ലക്ഷ്യങ്ങളും നമ്മെ ആശ്രയിച്ച് ജീവിക്കുന്നവരെ ബോദ്ധ്യപ്പെടുത്തുക. എങ്കിലേ എല്ലാവരും ഒരേ ദിശയിലേക്ക് ഒരുമിച്ച് തുഴയുകയുള്ളൂ. 


അത്യാവശ്യചെലവുകള്‍ ഏതൊക്കെ?

താമസം, ഭക്ഷണം, വസ്ത്രം, ആരോഗ്യം ഇവക്ക് പുറമേ അത്യാവശ്യചെലവുകളായി കണക്കാക്കേണ്ടവ.

1. ലൈഫ് ഇന്‍ഷ്വറന്‍സ് - ടേം

കുടുംബത്തിന്‍റെ വരുമാനം തേടുന്ന ആളുകളുടെ പേരില്‍ അവരുടെ വാര്‍ഷിക വരുമാനത്തിന്‍റെ പത്ത് ഇരട്ടിയില്‍ കുറയാത്ത ടേം ഇന്‍ഷ്വറന്‍സിന് ഉള്ള പ്രീമിയം. ഇതില്‍ മുടക്കുന്ന തുക മരണപ്പെട്ടാലല്ലാതെ തിരിച്ച് ലഭിക്കുകയില്ല. ................... പ്രീമിയം വളരെ കുറവാണ്. പരമ്പരാഗതമായ ഇന്‍ഷ്വറന്‍സുമായി തട്ടിച്ചുനോക്കുമ്പോള്‍ വ്യക്തികള്‍ക്ക് ലാഭകരമാണ്. പരമ്പരാഗതമായ ഇന്‍ഷ്വറന്‍സ് എടുക്കുന്നവര്‍ അത് ആവശ്യങ്ങളുടെ പട്ടികയില്‍ പെടുത്തുക.

2. ആരോഗ്യ ഇന്‍ഷ്വറന്‍സ്

ആശുപത്രി ചെലവുകള്‍ ക്രമാധീതമായി വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് നമ്മെ ആശ്രയിച്ച് ജീവിക്കുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള ഇന്‍ഷ്വറന്‍സിനുള്ള പ്രീമിയം. 

3. അത്യാവശ്യ ഫണ്ട്

മൂന്നുമാസത്തെ ചെലവുകള്‍ക്കുള്ള പണം ഒരു എമര്‍ജന്‍സി ഫണ്ട് ആയി സ്വരൂപിക്കുക. 

4. ലോണുകള്‍ ഉണ്ടെങ്കില്‍ അതിലേക്കുള്ള മാസത്തവണ. 

വായ്പകള്‍ പരമാവധി ഒഴിവാക്കുക. ഒരു കാലത്ത് ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്കുവേണ്ടി നമ്മെ സമീപിച്ചിരുന്നെങ്കില്‍ ഇന്ന് വായ്പകളുമായിയാണ് നമ്മെ സമീപിക്കുന്നത്. ഓഫറുകള്‍ എത്ര ആകര്‍ഷകമാണ് എന്ന് തോന്നിയാലും അത്യാവശ്യമാണെങ്കില്‍ മാത്രം വായ്പ എടുക്കുക. നിങ്ങളുടെ മിച്ചവരുമാനത്തിന്‍റെ (അത്യാവശ്യങ്ങള്‍ കഴിഞ്ഞുള്ള) 20% കൂടുതല്‍ ലോണിലേക്കുള്ള മാസത്തവണകള്‍ ആവാതിരിക്കാന്‍ ശ്രമിക്കുക.

ബിസ്സിനസ്സ് ആവശ്യങ്ങള്‍ക്ക് വായ്പ എടുക്കുന്നവര്‍ എല്ലാ രംഗത്തും ഉള്ള റിസ്ക്ക് കൂടാതെ ഗവ. പോളിസികള്‍ മാറുമ്പോഴും റിസ്ക്ക് ഉണ്ടാകാം എന്ന് ഓര്‍ക്കുക. ഉദാ. Demonstration, GST മുഴുവന്‍ സ്വത്തും ഈട് കൊടുത്തുള്ള വായ്പ സാഹസങ്ങള്‍  ഒഴിവാക്കുക. ബിസിനസ്സ് തകര്‍ന്നാലും ജീവിതം തകരാന്‍ ഇടവരരുത്.


ആവശ്യങ്ങള്‍ക്കുള്ള പണം

വീട്, വാഹനം, ഗൃഹോപകരണങ്ങള്‍ മുതലായവ ആവശ്യങ്ങളുടെ ലിസ്റ്റിലെ സ്ഥാനം പിടിക്കാവൂ. ഇത് നിങ്ങളുടെ വരുമാനത്തിന് ഇണങ്ങുന്ന വലിപ്പത്തിലും രൂപത്തിലും ആയിരിക്കണം. അത് മാത്രമായിരിക്കണം. അയല്‍പക്കത്തുള്ളവരുമായോ ബന്ധുക്കളുമായോ മത്സരിച്ചുള്ളതായിരിക്കരുത്.


ക്രെഡിറ്റ് കാര്‍ഡ്

ശരിയായി ഉപയോഗിക്കാന്‍ അറിയില്ലെങ്കില്‍ വളരെ അപകടം വരുത്തിയേക്കാം. ഒരു മാസത്തെ ശബളത്തിനൊപ്പമേ ക്രെഡിറ്റ് കാര്‍ഡ് നിജപ്പെടുത്താവൂ.   പൂര്‍ണമായും തിരിച്ചടക്കുക. ഭാഗികമായ തിരിച്ചടവ് 36% പലിശയ്ക്ക് കാരണമാകാവുന്നതാണ്.


ദാനശീലം

നല്ലതാണ്. വരുമാനത്തെക്കുറിച്ച് ചിന്തിക്കുക. വരുമാനം കൂടുമ്പോള്‍ കൂട്ടാം. മറ്റുള്ളവരില്‍ മതിപ്പ് ഉളവാക്കാനാകരുത്. 


വായ്പകള്‍ കൊടുക്കുന്നത്

അത്യാവശ്യം ചോദിക്കുന്നവര്‍ക്ക് പണം കടം കൊടുക്കുന്നതില്‍ തെറ്റില്ല. നമുക്ക് ആവശ്യമുള്ളപ്പോള്‍ തിരികെ കിട്ടും എന്ന് പ്രതീക്ഷിക്കരുത്. പണം കിട്ടില്ല, ചിലപ്പോള്‍ സൗഹൃദവും നഷ്ടപ്പെട്ടേക്കും എന്നോര്‍ക്കുക. എന്നാല്‍ ജാമ്യം നില്‍ക്കുന്ന ആള്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ എടുക്കുന്ന ആളുടെ അത്ര ഉത്തരവാദിത്വമുണ്ട്. പലരും പറഞ്ഞു കേള്‍ക്കാറുണ്ട് "ഞാന്‍ വെറുതെ ജാമ്യം നിന്നു എന്നു മാത്രമേ ഉള്ളൂ". ധനകാര്യസ്ഥാപനങ്ങള്‍ക്ക് ജാമ്യക്കാരന്‍റെ സ്ഥാവരജംഗമവസ്തുക്കളില്‍ നിന്ന് വായ്പ തുകയും പലിശയും ചിലവുകളും ഈടാക്കാവുന്നതാണ്.

സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. എല്ലാവര്‍ക്കും സാമ്പത്തിക  ഭദ്രതയുള്ള സന്തോഷകരമായ ഒരു ജീവിതം ആശംസിക്കുന്നു.

വായ്പകള്‍ പരമാവധി ഒഴിവാക്കുക. ഒരു കാലത്ത് ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്കു

വേണ്ടി നമ്മെ സമീപിച്ചിരുന്നെങ്കില്‍ ഇന്ന് വായ്പകളുമായിയാണ് നമ്മെ സമീപിക്കുന്നത്. ഓഫറുകള്‍ എത്ര ആകര്‍ഷകമാണ് എന്ന് തോന്നിയാലും 

അത്യാവശ്യമാണെങ്കില്‍ മാത്രം വായ്പ എടുക്കുക.

തോമസ് ഐസക്(ചീഫ് മാനേജര്‍, ഫെഡറല്‍ ബാങ്ക്)


Featured Posts