

സ്നാപക യോഹന്നാൻ ഹേറോദേസിൻ്റെ കാരാഗൃഹത്തിലായിരിക്കേ തൻ്റെ ഏതാനും ശിഷ്യരെ യേശുവിൻ്റെ അടുക്കലേക്ക് അയക്കുന്നുണ്ട്. വരാനിനിരിക്കുന്നവൻ നീ തന്നെയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ" എന്നതാണ് അയാൾ അവരെക്കൊണ്ട് ചോദിപ്പിക്കുന്നത്. "നിങ്ങൾ കാണുന്നതും കേൾക്കുന്നതും യോഹന്നാനെ അറിയിക്കുവിൻ" എന്നു പറഞ്ഞിട്ട് താൻ വഴി സംഭവിക്കുന്ന കാര്യങ്ങൾ യേശു അവരോട് പറഞ്ഞുകേൾപ്പിക്കുന്നുണ്ട്.
യോഹന്നാന് തന്നെക്കുറിച്ചുതന്നെ ഒരിക്കലും സംശയം ഉണ്ടായിരുന്നിട്ടില്ല. വ്യക്തമായിരുന്നു കാര്യങ്ങൾ അയാൾക്ക്. ദൈവം നാനൂറ് വർ ഷത്തെ തൻ്റെ മൗനം ഭഞ്ജിച്ചത് അയാളിലൂടെ ആയിരുന്നു. പുരോഹിതനായിരുന്ന അയാളുടെ പിതാവ് ദൈവസന്നിധിയിൽ വച്ച് മൗനിയായി പോയതാണ്. ആ വൃദ്ധൻ്റെ മൗനം ഭഞ്ജിച്ചതും അയാളുടെ നാമമായിരുന്നു. പിതാവിൽ നിന്നും മാതാവിൽ നിന്നും ബന്ധുവായ മറിയത്തിൽ നിന്നും അവളുടെ ഭർത്താവിൽ നിന്നും അയാൾ സംഭ്രമകരമായ കഥകൾ കേട്ടിട്ടുണ്ട്. സ്വർഗ്ഗം തുറക്കപ്പെടുന്നതും ആത്മാവ് ഇറങ്ങുന്നതും അയാൾ കണ്ടിട്ടുണ്ട്.
സ്വർഗ്ഗപിതാവിൻ്റെ സ്വരം അയാളുടെ ചെവികൾ കേട്ടിട്ടുണ്ട്. താൻ ചെരിഞ്ഞ വാക്കുകൾ തൻ്റെ നിർമ്മിതി ആയിരുന്നില്ലെന്ന് അയാൾക്ക് വ്യക്തമാണ്.
ജനമത്രയും അയാളെ കേൾക്കാൻ വരികയും, മറുവാക്ക് ഉരിയാടാതെ വേദവാക്യമായിത്തന്നെ തന്നെ ശ്രവിക്കുകയും ചെയ്യുന്നതയാൾ ശ്രദ്ധിച്ചിട്ടുണ്ട്.
തന്നെ അന്വേഷിച്ചെത്തി, ശിഷ്യരായവർ പക്ഷേ, തന്നെക്കുറിച്ച് വലിയ മോഹങ്ങൾ സൂക്ഷിക്കുന്നവരായിരുന്നു. താൻ കാരാഗൃഹത്തിലായതിനു ശേഷവും തൻ്റെ ശിഷ്യർ ജോർദ്ദാനിൽ ജനത്തിന് മാമ്മോദീസ നല്കുന്നത് തുടരുകയായിരുന്നു. സൂര്യന് വഴിയൊരുക്കി മറഞ്ഞു പോവേണ്ട ശുക്രനക്ഷത്രം മാത്രമാണ് താനെന്ന് അവർ അംഗീകരിക്കുന്ന മട്ടില്ല. അവരെ തന്നിൽ നിന്ന് വിടുവിക്കാനും അവനിലേക്ക് അവരെ ചേർക്കാനും യോഹന്നാൻ സ്വീകരിച്ച തന്ത്രമായിരുന്നിരിക്കണം ഈ അന്വേഷണ യാത്ര എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
യേശു അവരോട് പറയുന്ന കാര്യങ്ങളുടെ അവസാനത്തിൽ പറഞ്ഞു നിർത്തുന്ന അടയാളം എന്നുപറയുന്നത് "ദരിദ്രരോട് സുവ ിശേഷം പ്രസംഗിക്കപ്പെടുന്നു" എന്നതാണ്. യേശു തൻ്റെ ദൗത്യം ആരംഭിച്ചതും അതേ വാക്യത്തോടെ ആയിരുന്നു : "ദരിദ്രരോട് സുവിശേഷം പ്രഘോഷിക്കാനുമായി അവിടന്ന് എന്നെ നിയോഗിച്ചിരിക്കുന്നു" (ലൂക്ക 4:18). ഏശയ്യാ പ്രവാചക ഗ്രന്ഥത്തിലെ 61-ാം അധ്യായത്തിൽ നിന്നായിരുന്നു അന്നത്തെ വായന. "അന്ധർ കാണുക; ബധിരർ കേൾക്കുക" എന്നതിനു പുറമേ "ദുർബലമായ കരങ്ങളെ ശക്തിപ്പെടുത്തുകയും ബലഹീനമായ കാൽമുട്ടുകള ഉറപ്പിക്കുകയും" ചെയ്യുന്നതും വരാനിരിക്കുന്നവൻ്റെ അടയാളമായി ഏശയ്യാ 35 -ലും കാണാം.
ക്രിസ്തുവിൻ്റെ അടിസ്ഥാന ദൗത്യങ്ങളും മാർഗ്ഗങ്ങളും തന്നെയാവണം അവൻ്റെ ശിഷ്യഗണമായ സഭയുടേതും.





















