ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 3
പണിതീരാതെ മുടങ്ങിക്കിടക്കുന്ന വീടുകള്‍ കേരളത്തില്‍ നിത്യകാഴ്ചയാണ്. രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സാമൂഹിക പ്രതിബദ്ധതയുള്ള ചുരുക്കം ചില വ്യക്തികളുടെയും നിസ്വാര്‍ത്ഥമായ ഇടപെടലുകള്‍ പണിമുടങ്ങിക്കിടന്ന 23-ഓളം വീടുകള്‍ക്ക് പുനര്‍ജീവനായി. ഇത് സംഭവിച്ചത് പത്തനംതിട്ട ജില്ലയിലെ മെഴുവേലിയിലാണ്. രാഷ്ട്രീയ സാമുദായിക അതിര്‍വരമ്പുകളില്ലാതെ 'ഒരുമ'യോടെ സംഭവിച്ച ഈ പുനര്‍ജീവനത്തിന്‍റെ നാള്‍വഴികളിലൂടെ...
ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ശ്രദ്ധയില്‍പ്പെട്ട ഒരു വിഷയമാണ് പല പദ്ധതികളിലായി പൂര്‍ത്തീകരിക്കാതെ കിടക്കുന്ന വീടുകള്‍. വോട്ടു ചോദിച്ചവരോട് തിരിച്ചുള്ള അഭ്യര്‍ത്ഥന അവരുടെ വീടുപ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണം എന്നായിരുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇതൊരൊറ്റപ്പെട്ട പ്രശ്നമല്ലെന്നും വീടനുവദിച്ചുകിട്ടിയ ധാരാളം ദളിതര്‍ക്കും ആദിവാസികള്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും അത് പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്നില്ല എന്നും ബോധ്യമായി. ഉദാഹരണത്തിന് എസ്.സി. വകുപ്പില്‍ മാത്രം കണക്കുകള്‍ എടുത്താല്‍ 2007-15 കാലയളവില്‍ അനുവദിക്കപ്പെട്ട വീടുകളുടെ 14.23% പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. 551 എണ്ണം എസ്.റ്റി. വകുപ്പിന്‍റെ പദ്ധതി, ഐ.എ.വൈ., തദ്ദേശഗവണ്‍മെന്‍റുകളുടെ പദ്ധതി തുടങ്ങിയവ കൂട്ടിച്ചേര്‍ന്നാല്‍ പൂര്‍ത്തീകരിക്കാനാവാത്ത വീടുകളുടെ എണ്ണം കുത്തനെ ഉയരും. പൂര്‍ത്തീകരിക്കാത്ത വീടുകളധികവും ആദിവാസികളുടെയോ ദളിതന്‍റെയോ ആവാം. പത്തനംതിട്ട ജില്ലയില്‍ മാത്രം എസ്.സി. വിഭാഗത്തിന്‍റെ ഏതാണ്ട് 600 വീടുകളാണ്, 10 വര്‍ഷത്തെ കണക്കുകള്‍ മാത്രമെടുത്താല്‍, പൂര്‍ത്തീകരിക്കുവാനുള്ളത്.
പൊതുസമൂഹത്തിന്‍റെ സമീപനം വിചിത്രമാണ്. ദളിതനും ആദിവാസിക്കുമല്ല ഇനി ആനുകൂല്യം നല്‍കേണ്ടത്, കിട്ടുന്നതെല്ലാം ഇക്കൂട്ടര്‍ നശിപ്പിക്കുകയാണ്. സ്വന്തം വീട്ടില്‍ പണി ചെയ്യില്ല. കിട്ടുന്നതെല്ലാം കുടിച്ചുകളയും. വീടു മാത്രം വയ്ക്കില്ല - തുടങ്ങി ദളിതനും ആദിവാസിക്കും എതിരായ ശബ്ദങ്ങള്‍ എത്രവേണമെങ്കിലും ലഭ്യമാണ്. 2007 ല്‍ ഒരു വീടിന് എസ്.സി. വകുപ്പ് നല്‍കിയത് 70000 രൂപ. ഇപ്പോ 3 ലക്ഷം. ഭൂമിശാസ്ത്രപരമായി ഏറ്റവും പിന്നോക്കം നല്‍ക്കുന്ന ഇടങ്ങളില്‍ വീടുവയ്ക്കുന്നതിനുള്ള അധികചിലവുകള്‍, തലച്ചുമട്, ജലലഭ്യത ഇവയൊന്നും പദ്ധതികളില്‍ കരുതപ്പെടുന്നില്ല. സ്വന്തം വരുമാനമാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുത്തിയാണ് വീടുപണിക്ക് ഒപ്പം നില്‍ക്കേണ്ടിവരുന്നത്. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ആശുപത്രിച്ചിലവിന്, കുട്ടിയുടെ പഠനത്തിന്, വിവാഹച്ചിലവിന്, മരണത്തിന് ഒരു ഗഡു ചിലവഴിച്ചുപോയാല്‍ വീടെന്ന സ്വപ്നം പൊലിഞ്ഞു. കുത്തകകളുടെ കിട്ടാക്കടമായി 5 ലക്ഷം കോടി രൂപ ഒരു വര്‍ഷം എഴുതിതള്ളുന്ന ഒരു രാജ്യത്താണ് ഒരു ദളിതന്, ഒരു ആദിവാസിക്ക്, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെ പാവപ്പെട്ട അച്ഛനമ്മമാര്‍ക്ക് വീടുവയ്ക്കാന്‍ കൊടുത്ത തുച്ചമായ തുകയെപ്പറ്റി പരാതി പറയുന്നത്. കാലാകാലങ്ങളായി അനുഭവിച്ച അസമത്വത്തിന്‍റെയും അനീതിയുടെയും മുന്‍പില്‍ ഈ കൊടുക്കലുകള്‍ക്ക് എന്താണ് വില?
ഇവരുടെ വീടുകള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ നയപരമായ തീരുമാനങ്ങള്‍ വേണം. ഈ പ്രതിനിധികള്‍ ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കണം. വോട്ടുചെയ്താലും ഇല്ലെങ്കിലും ഇവരുടെ പക്ഷം പിടിക്കണം. പാവപ്പെട്ടവന്‍റെ പ്രശ്നങ്ങള്‍ കാണാത്ത വികസനം വികസനമല്ല. കാണാത്ത കണ്ണുകള്‍ ജനപ്രതിനിധികളുടേതല്ല. പൂര്‍ത്തീകരിക്കാത്ത വീടുകളുടെ നിര്‍മ്മാണം - ജനകീയാസൂത്രണം പോലെ സാക്ഷരതായജ്ഞം പോലെ ഒരു വലിയ ക്യാമ്പയിനായി മാറണം. രണ്ടാം ജനകീയാസൂത്രണത്തില്‍ ഇതും ഒരു മുഖ്യ അജണ്ടയാകട്ടെ, പത്തനംതിട്ട മാതൃകയാകട്ടെ, ഈ പ്രതിനിധികള്‍ പാവപ്പെട്ടവനൊപ്പം നിന്ന് മാതൃക കാട്ടട്ടെ.
വിജയമ്മയും രവിയും
ആലപ്പുഴ ജില്ലയിലെ മാന്നാറില്‍നിന്ന് മെഴുവേലി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ 2004 ല്‍ എത്തിയവരാണിവര്‍. ഒരേക്കര്‍ വയലില്‍ പാവലും പയരും മത്തനും മീനും ഒക്കെ വളര്‍ത്തി വരുമാനം കണ്ടെത്തുന്നു. വയല്‍വരമ്പത്തൊരുക്കിയ താത്ക്കാലിക സംവിധാനത്തില്‍ 12 വര്‍ഷമായി അന്തിയുറങ്ങുന്നു.
വീടിന്‍റെ പിന്നാമ്പുറത്തെത്തിയാല്‍ നമ്മുടെ കണ്ണുകള്‍ വിടരും. നിറങ്ങള്‍ കണ്ണുകളില്‍ ചേക്കേറും. വയലിന്‍റെ പശ്ചാത്തലത്തില്‍ പച്ചപ്പിന്‍റെ വര്‍ണ്ണവൈവിധ്യത്തിനിടയില്‍ പൂത്തുലഞ്ഞ് വസന്തം സൃഷ്ടിച്ചിരിക്കുന്നു ബന്ദിച്ചെടികള്‍. ബന്ദിമണം വിതറുന്ന കാറ്റ്.
ബന്ദിപ്പൂക്കള്‍ വിജയമ്മയ്ക്കിന്നൊരു പ്രധാന വരുമാനമാര്‍ഗമാണ്. ആഴ്ചയില്‍ കുറഞ്ഞത് മൂന്നുതവണ പൂക്കുടകല്‍ നിറയും. കുറഞ്ഞത് പത്ത് കിലോ. പത്തനംതിട്ട ഓമല്ലൂര്‍ പന്തളം ഇടങ്ങളില്‍ ആവശ്യമനുസരിച്ച് വില്പ്പന. ഗുണ്ടല്‍പേട്ടില്‍ പണിയെടുക്കുന്ന മകനാണ് ബന്ദിവിത്തുകളെത്തിച്ചത്. നിറങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അച്ഛനമ്മമാരുടെ ജീവിതത്തില്‍ നിറം നിറയ്ക്കാന്‍ ശ്രമിച്ചത്. രവിയുടെ ഒരു കണ്ണിന്‍റെ കാഴ്ച പൂര്‍ണ്ണമായും രോഗങ്ങള്‍ക്കു കീഴടങ്ങിയതാണ്. മറുകണ്ണിന്‍റെ കാഴ്ച മങ്ങിക്കൊണ്ടിരിക്കുന്നു.
IAY ല്‍ 2008 ല്‍ വിജയമ്മയ്ക്ക് വീടനുവദിച്ചു. 35000 കിട്ടിയപ്പോള്‍ അടിത്തറയ്ക്കു മാത്രം 60000 രൂപ ചിലവായി. ഒരു മഴക്കാലം ഇടിച്ചു താഴ്ത്തിയ അടിത്തറയില്‍നിന്ന് വീടെന്ന സ്വപ്നം ഉയര്‍ന്നുപൊങ്ങിയില്ല. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണം പ്രഖ്യാപിച്ചു. വിജയമ്മയെപ്പോലുള്ളവര്‍ക്ക് ഉണ്ടായ പ്രതീക്ഷകള്‍ ചെറുതല്ല.
മെഴുവേലി പഞ്ചായത്ത് ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കുന്ന വീടുകള്‍ അരികുകളില്‍ താമസിക്കുന്നവരുടേതാണ്. പൊതുസമൂഹം പറയുന്നതുപോലെ മദ്യപിച്ച് വീടിനുള്ള പണം മുടിപ്പിച്ചവരല്ലിവര്‍. ധൂര്‍ത്തടിച്ച് പണം കളഞ്ഞവരുമല്ല. കിട്ടുന്ന പണംകൊണ്ട് പണി പൂര്‍ത്തീകരിക്കണമെന്ന് ആഗ്രഹിച്ചവരാണ്.
അടച്ചുറപ്പില്ലാത്ത വീട്ടില്‍ പെണ്‍മക്കളുമായി കഴിയുന്ന അമ്മമാരുണ്ടിവരില്‍. അടിത്തറയിട്ട വീട്ടില്‍ കക്കൂസു മാത്രം കെട്ടി, ശുചിത്വം വരിച്ച്, സാമൂഹ്യബോധം ഊട്ടിയുറപ്പിച്ച് ടാര്‍പ്പോളിന്‍ ചായ്പിലുറങ്ങുന്ന കുടുംബമുണ്ട്. രോഗക്കിടക്കയില്‍ കിടന്ന് ദ്രവിച്ച കട്ടിള കാണുന്ന നിസ്സഹായരുണ്ട്. മരണം നിലപ്പിച്ച വീടിനുമുന്‍പില്‍ തളരാതെ പിടിച്ചുനില്‍ക്കുന്നോരുണ്ട്. മനസ്സില്ലാതിരുന്നിട്ടും ഓരോ രാവും മക്കളെ അയലത്തെ സുരക്ഷിതത്വത്തില്‍ അയയ്ക്കുന്ന അച്ഛനും അമ്മയുണ്ട്. പാതിപൊക്കിയ വീടുവിട്ട് മിടുക്കരായ മക്കളുടെ ഉയര്‍ന്ന ഭാവിക്ക് ദൂരെ വീട്ടുവേലയെടുക്കുന്ന വിധവയുണ്ട്. ചോരുന്ന മുറിക്കുള്ളില്‍ തൊട്ടിലാട്ടുന്ന യുവതിയായ അമ്മയുണ്ട്. കൊടുത്ത പണവുമായി മുങ്ങിയ കരാറുകാരനെ ഇന്നും പ്രതീക്ഷിക്കുന്ന നിഷ്കളങ്കതയുണ്ട്. ചതുപ്പില്‍ത്താണ അടിത്തറയ്ക്കടുത്ത് കുടിലുംകെട്ടി ചുറ്റും പൂക്കള്‍ വിരിയിച്ച് ഭര്‍ത്താവിന് സുഗന്ധം കൊണ്ട് കാഴ്ച നല്‍കി വരുമാനം ഉണ്ടാക്കുന്ന അഭിമാനിയായ സ്ത്രീയുണ്ട്.
പൂര്‍ത്തികരിക്കാത്ത ഓരോ വീടിനുപിന്നിലും കഥയെ വെല്ലുന്ന യാഥാര്‍ത്ഥ്യങ്ങളുണ്ട്. വായനശാലയില്‍ മകനുറങ്ങുമ്പോള്‍ സമുദായ ഓഫീസിലച്ഛനും പ്രായപൂര്‍ത്തിയായ പെണ്‍മക്കളുമായി അടുത്തവീട്ടില്‍ അമ്മയും ഉറങ്ങുന്നതു വേണമെങ്കില്‍ നമുക്കു കാണാം. മുപ്പതിനും ഇരുപതിനും ഇടയ്ക്കുള്ള അവിവാഹിതരായ മൂന്നു പെണ്‍മക്കളുമായി പുതിയ വീടിന്‍റെ തകര്‍ന്ന പ്രതീക്ഷയ്ക്ക് മുന്‍പില്‍ കുടിലുകെട്ടി വര്‍ഷങ്ങളായി താമസിക്കുന്ന കുടുംബം വേറെ.
മദ്യത്തിന്‍റെ കണക്കു പറയുന്നവര്‍ പക്ഷെ ഇത്തരം കണക്കുകള്‍ അറിയാറില്ല.
50000 രൂപ മുതല്‍ പരമാവധി രണ്ടുലക്ഷം വരെ മാത്രം അനുവദിച്ചു കിട്ടിയവരാണിവര്‍. ഗഡുക്കള്‍ മിക്കതും വാങ്ങിക്കഴിഞ്ഞു. പലരും സര്‍ക്കര്‍ സഹായം ലഭിക്കാന്‍ ഇനി അര്‍ഹരല്ല. എന്തേ പൂര്‍ത്തീകരിച്ചില്ല എന്നാണു ചോദ്യം. വണ്ടിയെത്താത്ത കുന്നിന്‍പുറങ്ങള്‍, വെള്ളമില്ലാത്ത പാറപ്പുറങ്ങള്‍, വെള്ളക്കെട്ടുകള്‍, ചതുപ്പുകള്‍, ഒരു നടപ്പാതപോലും സ്വന്തമാക്കാത്തവര്‍, അപ്രതീക്ഷിതമായ ഒരു മരണം, ഓര്‍ക്കാപ്പുറത്തെത്തുന്ന അപകടം, രോഗങ്ങള്‍, മകളുടെ വിവാഹം: പാവപ്പെട്ടവന്‍റെ സന്നദ്ധത എളുപ്പം തകിടം മറിയും. ഒരു ഗഡു പരമാവധി ഇങ്ങനെയൊക്കെ പോയേക്കാം. ഇവിടെ ഒരു വീടു പൂര്‍ത്തീകരിക്കാത്തയാള്‍ കുറ്റവാളിയല്ല. 'ഒരുമ' പ്രസക്തമാകുന്നതിവിടെയാണ്. പഴക്കം ക്ഷയിപ്പിച്ച വീടുകളാണ് പലതും. പണി തീര്‍ക്കാന്‍ പിന്തുണ വേണം. വാങ്ങാത്ത ഗഡുക്കള്‍ സര്‍ക്കാര്‍ തരും. തൊഴിലുറപ്പില്‍ സിമന്‍റുകട്ട നിര്‍മ്മിക്കും. സന്നദ്ധ സേവനത്തിന് യുവജന സംഘടനകളുണ്ട്. എങ്കിലും നല്ല രീതിയില്‍ വിഭവസമാഹരണം വേണ്ടിയിരിക്കുന്നു. പണിമുടങ്ങിയ വീടുകളുടെ പൂര്‍ത്തീകരണം എളുപ്പമുള്ള പ്രക്രിയയല്ല.
സന്നദ്ധസേവനത്തില്‍ പുതിയ മാതൃകകള്‍: 'ഒരുമ'
വീണാ ജോര്‍ജ്ജ്
എം.എല്‍.എ., ആറന്മുള
ഇത് ആറന്മുള മണ്ഡലത്തിലെ മെഴുവേലിയിലെ വിജയമ്മയാണ്. ബന്തിപ്പൂക്കൃഷി ചെയ്താണ് ഉപജീവനം നടത്തുന്നത്. ഭര്‍ത്താവ് ക്ഷയരോഗിയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ക്ക് കാഴ്ചയില്ല. വഴിയില്ലാത്തതും രോഗവും ഒക്കെ വീട് പണി തടസ്സപ്പെടുത്തി. ഇങ്ങനെ വീട് പൂര്‍ത്തീകരിക്കാത്ത മറ്റ് 28 കുടുംബങ്ങള്‍കൂടിയുണ്ട് പഞ്ചായത്തില്‍.
മുന്‍ എം.എല്‍.എ. സ. കെ.സി.ആറും, പഞ്ചായത്ത് ഭരണസമിതിയും, ഞങ്ങളെല്ലാം ചേര്‍ന്ന് പണി പൂര്‍ത്തീകരിച്ച് അവ വാസയോഗ്യമാക്കണമെന്ന വെല്ലുവിളി ഏറ്റെടുത്തു.
കോസ്റ്റ്ഫോര്‍ഡും പത്തനംതിട്ട മുസലിയാര്‍ എഞ്ചിനീയറിംങ് കോളജും ചേര്‍ന്ന് എസ്റ്റിമേറ്റ് എടുത്തു. എസ്.സി. വകുപ്പ് 23 വീടുകള്‍ക്ക് ധനസഹായം നല്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്കി. ഗവണ്മെന്‍റിന്‍റെ പിന്തുണയോടൊപ്പം പണിപൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ഉദ്യോഗസ്ഥരുടെ പിന്തുണയും പദ്ധതിക്ക് പ്രവര്‍ത്തന വേഗം നല്കി.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ അംഗങ്ങളായ 'ഒരുമ' എന്ന സൊസൈറ്റിയാണ് മേല്‍നോട്ടം വഹിക്കുന്നത്. സുതാര്യതയും സോഷ്യല്‍ ഓഡിറ്റിംങും ഉറപ്പാക്കുന്നു.
ഇപ്പോള്‍ വീടുനിര്‍മ്മാണത്തിനുള്ള 20000 കട്ടകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. നല്ലവരായ നാട്ടുകാരും കുറേ നല്ല മനുഷ്യരും ഈ പദ്ധതിയില്‍ പങ്കാളികളാകാന്‍ മുന്നോട്ട് വന്നുകഴിഞ്ഞു.
2017 മെയ് 29-ാം തീയതി ആദ്യവീടിന്‍റെ നിര്‍മ്മാണം ബഹു. ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
'ഒരുമ'യുടെ പ്രവര്‍ത്തന പ്രത്യേകതകള്‍
കോസ്റ്റ് ഫോര്‍ഡിന്‍റെ സാങ്കേതിക പിന്തുണ, പഞ്ചായത്ത് തല സാങ്കേതിക കമ്മറ്റിയുടെ നിര്‍മ്മാണ മേല്‍നോട്ടം, വാര്‍ഡുമെമ്പറുടെ നേതൃത്വത്തിലുള്ള വാര്‍ഡുതല കമ്മറ്റികള്‍ വിഭവങ്ങള്‍ സ്വരൂപിക്കുന്നു, സുതാര്യത ഉറപ്പുവരുത്തുന്നതിന് ലഭിക്കുന്ന പണവും ഓരോ വീടിന്‍റെയും ഇനം തിരിച്ചുള്ള ചിലവും പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്നു, ഓരോ വീട്ടിലെയും വിഭവവിനിയോഗ കണക്കുകള്‍ അതാതു ഗുണഭോക്താക്കള്‍ പ്രത്യേക ഫോര്‍മാറ്റില്‍ രേഖപ്പെടുത്തുന്നു, ഇതിനായി ഗുണഭോക്താക്കള്‍ക്ക് പരിശീലനം, കണക്കുകള്‍ പഞ്ചായത്ത് അംഗങ്ങളും പഞ്ചായത്ത് ആസൂത്രണ സമിതിയും ഉള്‍പ്പെട്ട 'ഒരുമ' ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങുന്നു, പ്രത്യേകം രൂപകല്‍പന ചെയ്ത അളവ് (Measurement) ബുക്ക് സാങ്കേതിക കമ്മിറ്റി ഉപയോഗിക്കുന്നു, ഇതിനായി സാങ്കേതിക കമ്മിറ്റിക്ക് പരിശീലനം, പദ്ധതി പൂര്‍ത്തീകരിച്ചു കഴിഞ്ഞ് എല്ലാ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളുമുള്ള കമ്മറ്റിയുടെ സോഷ്യല്‍ ഓഡിറ്റ്.
'ഒരുമ' അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. മുഴുവന്‍ കണക്കുകളും പരസ്യപ്പെടുത്തി സോഷ്യല്‍ ഓഡിറ്റ് നടത്തും. പഞ്ചായത്ത് കമ്മറ്റിയുടെ ശക്തമായ നേതൃത്വത്തില്‍ 'ഒരുമ'യ്ക്ക് എല്ലാ പ്രോത്സാഹനവും നല്കിക്കൊണ്ട് ബഹു. മന്ത്രിമാരായ സ. എ.കെ. ബാലനും സ. തോമസ് ഐസക്കും നിലകൊള്ളുന്നു.
തോമസ് ഐസക്
ധനകാര്യമന്ത്രി
പണി പൂര്‍ത്തിയാവാതെ കിടക്കുന്ന വിവിധ ഭവനപദ്ധതികളിലെ വീടുകളുടെ എണ്ണം 75000 എങ്കിലും വരും എന്നാണ് എന്‍റെ കണക്കുകൂട്ടല്‍. സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി അവ എങ്ങിനെ പൂര്‍ത്തീകരിക്കാം? പൂര്‍ണ്ണമായി ധനസഹായം ലഭിച്ച പണി തീരാത്ത വീടുകള്‍ക്ക് ഇനിയും പണം നല്കാമോ? ധനസഹായം പൂര്‍ണമായി ലഭിക്കാത്തവര്‍ക്ക് മിച്ചമുള്ള സംഖ്യ മാത്രം നല്കിയാല്‍ മതിയാകുമോ? അതോ ഓരോരുത്തര്‍ക്കും ഇപ്പോള്‍ വീട് പൂര്‍ത്തീകരിക്കുന്നതിനുള്ള സഹായം നല്കണമോ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണ്ടിയിരിക്കുന്നു. മെഴുവേലിക്കാര്‍ (പത്തനംതിട്ട) ചെയ്യുന്നത് കാണാന്‍ ഞാന്‍ പോയിരുന്നു. സമീപത്തുള്ള മുസലിയാര്‍ കോളജിലെ സിവില്‍ വിദ്യാര്‍ത്ഥികളുയെയും അധ്യാപകരുടെയും ഒരു സംഘം ഓരോ വീടും സന്ദര്‍ശിച്ച് ഇനി തീരാനുള്ള പണികള്‍ എന്തെല്ലാം? അവയ്ക്ക് എന്ത് ചെലവ് വരും എന്ന് സൂക്ഷ്മമായി വിലയിരുത്തി. വീടുകളുടെ ഇപ്പോഴത്തെ അവസ്ഥയുടെ ഫോട്ടോയും ഭാവി പ്രവര്‍ത്തനത്തിന്‍റെ വിശദമായ പ്ലാനും സ്കെച്ചും എല്ലാം അടങ്ങുന്ന ഒരു ചെറുറിപ്പോര്‍ട്ട് ഓരോ വീടിനും തയ്യാറാക്കി. അങ്ങനെ മൊത്തെ 36 വീടുകള്‍. ഇവയില്‍ 30 പട്ടിക ജാതിക്കാര്‍. പഞ്ചായത്ത് ഫണ്ട്, സംഭാവന, സന്നദ്ധപ്രവര്‍ത്തനം, തൊഴിലുറപ്പ് (ഇഷ്ടികയുണ്ടാക്കല്‍) എല്ലാം സംയോജിപ്പിച്ചിട്ടും ആവശ്യമായ വിഭവം സമാഹരിക്കാനാവാതെ വിഷമിക്കുകയായിരുന്നു. സര്‍ക്കാര്‍ അധികസഹായം നല്കിയോ പ്രോജക്റ്റ് നടപ്പാക്കാനാവൂ. പട്ടികജാതി കോര്‍പ്പസ് ഫണ്ടില്‍നിന്ന് പണം അനുവദിപ്പിക്കാന്‍ മുന്‍കൈ എടുക്കാമെന്ന് ഞാന്‍ ഏറ്റു.
യു.എന്‍.ഡി.പി. കണ്‍സള്‍ട്ടന്‍റും സാമൂഹ്യ പ്രവര്‍ത്തകയുമായ ബീനയും മുന്‍ എം.എല്‍.എ. കെ.സി. രാജഗോപാലും ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മുസലിയാര്‍ കോളേജിലെ ഷെരീഫും സജീവമായി ഉണ്ട്. ഈ 36 വീടുകള്‍ പൂര്‍ത്തീകരിക്കുന്നതോടെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് തുടക്കം കുറിക്കാന്‍ ആണ് പഞ്ചായത്ത് തീരുമാനം.
മെഴുവേലി ഒട്ടേറെ ഓര്‍മ്മകള്‍ പുതുക്കി. 1990 കളുടെ ആദ്യം വിഭവഭൂപടനിര്‍മ്മാണ പരീക്ഷണത്തിന് ഞങ്ങള്‍ തെരഞ്ഞെടുത്ത 25 പഞ്ചായത്തുകളില്‍ ഒന്നായിരുന്നു മെഴുവേലി. അന്ന് കെ.സി.രാജഗോപാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നു. പല പ്രാവശ്യം അക്കാലത്ത് മെഴുവേലിയില്‍ ഞാന്‍ തങ്ങുകയും ചെയ്തിട്ടുണ്ട്. അന്നത്തെ സജീവ പരിഷത്ത് നേതാവ് സൗദാമിനി ടീച്ചര്‍ ഇന്നും യോഗത്തിനുണ്ടായിരുന്നു. പുതിയ എം.എല്‍.എ. വീണ ജോര്‍ജ്ജിന് എന്‍റെ പഴയ മെഴുവേലി ബന്ധം കൗതുകകരമായി എന്ന് തോന്നുന്നു. മെഴുവേലിയുടെ പഴയ വികസന പരീക്ഷണാന്തരീക്ഷം തിരിച്ചുവന്നു എന്നൊരു തോന്നല്‍.
അമ്മയായിരുന്നു അവളുടെ വീട് - അഭിജിത് കെ.എ.
+2 വിദ്യാര്‍ത്ഥി, പാടൂര്‍, പാലക്കാട്
നേടിയെടുക്കാനാകാതിരുന്ന സ്വപ്നങ്ങള്‍. കുഴിച്ചിട്ട വിത്തുകള്‍ പോലെ പൊട്ടിമുളച്ച് വന്ന് വൃക്ഷമാകാറുണ്ട്. സമയപരിധിയോ, കാലത്തിന്‍റെ മുള്ളുവേലികളോ ഇല്ലാത്ത, ആ വൃക്ഷം പൂക്കും, കായ്ക്കും.
പൊഴിയാനിരുന്ന ഇലകള്‍ കൊഴിക്കും.
പച്ചില നാമ്പുകള്‍ വീണ്ടും മുളയ്ക്കും. മറ്റൊരു ലോകം വീണ്ടും വിത്തിടും. അവിടെ കാലത്തിന്‍റെ ലംബമായ കറുത്ത വരവരച്ച്, സമയത്തിന്‍റെ തിരശ്ചീനമായ നീല വര കുറിക്കുമ്പോള്‍ ഓരോ ബിന്ദുവിനെയും ഓരോ സെക്കന്‍റുകളായി മാറ്റാം.
എന്‍റെ കാലത്തിന്‍റെ പൂജ്യം സെക്കന്‍റിലാണ് ഞാന്‍ ജനിച്ചത്. അതിനുശേഷം സെക്കന്‍റുകള്‍ കടന്നിരിക്കുന്നു. ഈ പതിനഞ്ചാം സെക്കന്‍റില്‍ കണ്ട സ്വപ്നങ്ങള്‍ മഴക്കാലം പോലെ പെയ്തുതീര്‍ന്ന് ഉറവ പൊന്തിത്തുടങ്ങി.
ആ പതിനഞ്ചാം സെക്കന്‍റെന്ന മാമ്പഴത്തെ വീണ്ടും മുറിക്കുമ്പോള്‍ ആ സ്വപ്നങ്ങളൊക്കെ വീണ്ടും ശരിക്കും കാണാം.
ഭാവിയുടെ സമയത്തെ എണ്ണിനോക്കുമ്പോള്‍, ഇപ്പോള്‍ പതിനാറാം സെക്കന്‍റായിരിക്കും. മുറിക്കാതെ പറയുമ്പോള്‍ 2017 പുതുവര്‍ഷം, 12 മണി. അതിനെ മുറിക്കേണ്ടതില്ല. ഭാവിയെ വളച്ചൊടിക്കുമ്പോള്‍ വര്‍ത്തമാനവും ഭൂതവുമെല്ലാം ആ തിരിവിന്‍റെ ആകൃതിയില്‍ കറങ്ങില്ലേ.
ഈ കാലത്തില്‍ എണ്ണുന്നത്, എന്‍റെ ഒരു കൂട്ടുകാരിയുടെ സ്വപ്നങ്ങളെക്കുറിച്ചാണ്. അവള്‍ ക്ലാസില്‍ നന്നായി പഠിക്കും. കുറച്ച് സംസാരിക്കും. അവളുടെ വീട് അവളുടെ അമ്മയായിരുന്നു. മഴ ചാറിയാല്‍ ചോരുന്ന വീട്. തൂണുപോലെ മോളെ മാറോടണച്ച് പിടിച്ചു നിന്ന അമ്മ. അവള്‍ക്ക് നല്ലൊരു വീടില്ല. ഭാവിയുടെ ആ സെക്കന്‍റുകള്‍ തിട്ടപ്പെടുത്തുന്നത് കൂട്ടുകാരിക്കൊരു ഒരു വീടെന്ന സ്വപ്നമാണ്. മഴ ചോരാത്ത വെളിച്ചമുള്ള ഒരു കുഞ്ഞുവീട്.
സമയം, അതിനെ എത്രത്തോളം മുറിക്കുമ്പോഴും, യാഥാര്‍ത്ഥ്യങ്ങളുടെ മൂര്‍ച്ച കൂടിവരികയാണ്. കാലത്തെ കൂടുതല്‍ വളക്കുന്തോറും, സത്യങ്ങള്‍ സത്യങ്ങളായിത്തന്നെ തുടരുന്നു. ചെയ്തു തീര്‍ക്കാനുള്ളവ ഒരു ബിന്ദുവല്ല, ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടാവുന്ന നേര്‍രേഖകള്‍. വര്‍ത്തമാനം വളഞ്ഞും പുളഞ്ഞും പോയിക്കൊണ്ടിരിക്കുന്ന കുത്തിക്കുറികളാണെങ്കില്‍, ഭൂതം ഒട്ടിച്ചുവച്ച ഇലയുടെ ബാക്കിവയ്പ്പുകളാണ്.
എത്ര മായ്ച്ചാലും തെളിയുന്ന, ഞരമ്പുകളുടെ ഓര്‍മ്മകള്‍ തങ്ങുന്ന കാലം...
വീട് ജപ്തി ചെയ്യാന്‍ പോകുകയാണ്.ഇന്ന് അര്‍ച്ചനയുടെ പുഞ്ചിരി വീണ്ടും കണ്ടു. കാരണം ഇന്ന്, അര്‍ച്ചനയുടെ വീടിനെ കൊണ്ടുപോകാനിരുന്ന ബാങ്കില്‍ പണമടച്ചു, കടമടച്ചു, പലിശയടച്ചു. കോടതിയില്‍ കെട്ടിവയ്ക്കാനുള്ള പൈസയുമടച്ചു.
അമ്മയും ഞാനും അര്‍ച്ചനയും അര്‍ച്ചനയുടെ അമ്മയുമായി ഞങ്ങള്‍ ബാങ്കിലെത്തി. പണമടക്കുകയും ആധാരം തിരികെ വാങ്ങുകയും ചെയ്തു. അര്‍ച്ചനയും അര്‍ച്ചനയുടെ അമ്മയും ഒരു കുന്നോളം സന്തോഷവും തീറെഴുതി വാങ്ങി. ഒരിക്കല്‍ എന്‍റെ അച്ഛന്‍ കുട്ടിയായിരുന്നപ്പോഴും ഇതേ ബാങ്കില്‍ നിന്ന് ഒരു നോട്ടീസ് വന്നു. നൂറു രൂപയ്ക്ക് വീട് ജപ്തി ചെയ്യുമെന്നുള്ള നോട്ടീസ്. അത് കൊണ്ടുവന്നത് വെള്ളമുണ്ടും ഷര്‍ട്ടുമണിഞ്ഞ കുട പിടിച്ച ആളായിരുന്നു. അയാള്‍ അച്ഛന്‍റെ പൊട്ടിപൊളിഞ്ഞ അടുക്കളയിന്മേല്‍ ഇരുന്നു. എന്നിട്ടു പറഞ്ഞു, "നിങ്ങളുടെ വീട് ജപ്തി ചെയ്യാന്‍ പോകുകയാണ്. ഒരു ഇരുപത് രൂപ കെട്ടിവച്ചാല്‍ അതു നീട്ടിത്തരാം." ആ സമയം എന്‍റെ അച്ചാച്ചന്‍ മരിച്ച ദിനങ്ങളായിരുന്നു. അച്ഛനും അച്ഛമ്മയും പകച്ചു നിന്നു. അച്ഛന് അന്ന് 12 വയസേയുള്ളൂ. വീടിനടുത്ത വലിയ മുതലാളിയായ ദേവസ്യാ മുതലാളിയുടെ വീട്ടിലേക്ക് ഇരുപത് രൂപയ്ക്കായി പറഞ്ഞയച്ചു.
അയാള്‍ പറഞ്ഞു, "ഇരുപത് രൂപാ തരാം. പക്ഷേ നീയതെങ്ങനെ തിരിച്ചടയ്ക്കും? " അപ്പോഴാണ് അവിടേയ്ക്ക് എന്നും വരാറുള്ള ചോപ്പത്തിയമ്മൂമ്മ ആ വഴി വന്നത്. പട്ടിണി കിടക്കുമ്പോള്‍ ഇവിടെ നിന്നായിരുന്നു ചോപ്പത്തിയമ്മൂമ്മക്ക് ചോറ് കിട്ടുക. അമ്മൂമ്മ വീടുകളിലെ വസ്ത്രങ്ങള്‍ അലക്കിയാണ് ജീവിച്ചിരുന്നത്. ഇക്കാര്യം അറിഞ്ഞ ചോപ്പത്തിയമ്മൂമ്മ താന്‍ അലക്കിയിരുന്ന വീടുകളിലെല്ലാം പോയി, ഒരു രൂപയും അമ്പതു പൈസയും പിരിച്ചു കൊണ്ടുപോയി ബാങ്കില്‍ അടച്ചു. പിന്നെ അമ്മൂമ്മ അതടച്ച റസീറ്റുമായി തിരികെ ഇവിടെയെത്തി. എന്നിട്ട് പറഞ്ഞു, "ഈ പണം എനിക്ക് തിരികെ തരേണ്ട, ഇത് എനിക്കും എന്‍റെ മക്കള്‍ക്കും വിശക്കുമ്പോള്‍ ചോറ് തന്നതിന്... ആ അമ്മൂമ്മയുടെ മകനിന്ന് എഞ്ചീനിയറാണ്. അച്ഛനും ഇന്ന് സര്‍ക്കാര്‍ ജോലിയുണ്ട്. അന്ന് ഞങ്ങളെ സഹായിക്കാന്‍ ചോപ്പത്തിയമ്മൂമ്മയുണ്ടായി. ഇന്ന് ഞാന്‍ കേറിയതും ചോപ്പത്തിയമ്മൂമ്മ പണമടച്ച അതേ ബാങ്കില്‍ തന്നെ.
ഇതാണ് എനിക്ക് വീട്.പേരെന്താണ്,വീടെവിടെയാണ്വീട്ടിലാരൊക്കെയുണ്ട്
പേരിനപ്പുറം, ഒരു വ്യക്തിയോ, ഒരു കൂട്ടത്തെയോ പ്രതിഫലിപ്പിക്കുന്നത് വീട് തന്നെയാണ്.
`സ്വപ്നങ്ങളുടെ വിസ്തൃതി തന്നെ വീടിന്‍റെ മേല്ക്കൂരയിലും ചുമരിലുമൊക്കെ അധിഷ്ഠിതമാണ്. അതിന്‍റെ വ്യാപ്തി വീടുപോലെ തന്നെ സമഗ്രവും.
എന്‍റെ സ്വപ്നങ്ങളിലെ വീടിനെക്കുറിച്ച് പറയാം.
`ജനാലയുടെയും വാതിലിന്‍റെയും ഹാളിന്‍റെയുമൊക്കെ സ്ഥാനവും വലിപ്പവുമല്ല, അതിലപ്പുറം വീടിന്‍റെ മനസ്സുതന്നെയാണ്. അതിനുള്ളിലെ നന്മയുമാണ്.
അച്ഛന്‍റെ കുട്ടിക്കാലത്ത് വീട് മണ്ണുകൊണ്ടുള്ള ഒരു ഒറ്റ മുറിയായിരുന്നു. ഒരൊറ്റകഴുക്കോലു മാത്രം. ഒരു കാറ്റില്‍ പറന്നുപോയേക്കാവുന്ന വീട്. മഴക്കാലത്ത് തൂണ് ഒടിഞ്ഞുപോകാതിരിക്കാന്‍ അതില്‍ പൊത്തിപ്പിടിക്കുമായിരുന്നു. അതില്‍നിന്നൊക്കെ ഇന്ന് ഇപ്പോള്‍ വലിയൊരു വീടുണ്ട്.. വര്‍ത്തമാന കാലത്തിന്‍റെ പട്ടിണിയും വിശപ്പുമെല്ലാം വീടിനറിയാം. അല്ലെങ്കില്‍ അതൊക്കെ വീട് എന്ന ഭൗതികമായ അല്ലെങ്കില്‍ ആത്മീയമായ ഒന്ന് എടുത്തുകാണിക്കുന്നുണ്ട്. ഓടുമേഞ്ഞ വീടുകള്‍ മഴക്കാലത്ത് ചോരുന്നത് അവിടെ ദ്വാരങ്ങളോ ഇല്ലായ്മയോ ഉള്ളതുകൊണ്ടല്ല. പക്ഷേ എല്ലാത്തിനെയും ഒന്നുപോലെ സ്വീകരിക്കുന്ന നന്മയുള്ളതുകൊണ്ടുതന്നെയാണ്. ഓരോരുത്തര്‍ക്കും വീട് വ്യത്യസ്തമായ സങ്കല്പമാണ്. ഒരുകരയില്‍ നിന്ന് മറ്റൊരുകരയിലേക്ക് എത്താന്‍, സ്വന്തമെന്ന് കരുതാന്‍, ഒരുമിച്ച് അത്താഴമുണ്ണാന്‍ അങ്ങനങ്ങനെ.
പക്ഷേ നമ്മുടെ കൂടെയുള്ള നമ്മുടെ കൂട്ടുകാരില്‍ പലര്‍ക്കും വീടില്ല. പക്ഷേ അതൊന്നും ആരും അറിയാറില്ല. പലരും വാടക വീടുകളില്‍ നിന്നായിരിക്കാം വരുന്നത്. സ്വന്തം നാടും അതിലേക്കുള്ള ഓര്‍മ്മകളുമെല്ലാം അവിടം വിട്ടുപോകുമ്പോള്‍ ഓടി വരുന്നത്, നാടു വീടുതന്നെയായതുകൊണ്ടാണ്.
ഒരു വ്യക്തി പൂര്‍ണനാകുന്നത് വീട്ടില്‍ തന്നെയാണ്. പച്ചപ്പിന്‍റെ നനവുള്ള വീടിന്‍റെ ചുമരുകളിലാണ്. ഒരു വരക്കാരനും പാട്ടുകാരനും അഭിനേതാവുമൊക്കെ അവരുടെ പൂര്‍ണതയിലേക്കെത്തിയത് അവരുടെ വീട്ടില്‍ നിന്നു തന്നെയാണ്. അത് നിര്‍ണയിക്കുന്നത് വീട്ടിലെ സാഹചര്യങ്ങളുമാണ്. സാഹചര്യങ്ങള്‍ പരിമിതമാകുമ്പോള്‍ അവയൊക്കെ മറികടന്ന്, അതിജീവിക്കാന്‍ ശ്രമിക്കും. അത് പ്രകൃതി സഹജമായ ഒരു നിയമം. അതു തുടങ്ങുന്നതും വീട്ടില്‍ തന്നെയാണ്.
സ്വപ്നങ്ങള്‍ അങ്ങനെ വിഹരിച്ച് പറക്കുകയാണ്. വീടിന്‍റെ വാതാനയങ്ങളും വിവരണങ്ങളും അവസാനിക്കുന്നില്ല. നേരത്തെ പറഞ്ഞതുപോലെ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ് വീട്.