

ഭൂമിയിലെ പടനിലങ്ങളിൽ കൊല്ലപ്പെടുന്നത് ശത്രുവാണെന്ന് ആരൊക്കെയോ നമ്മെ ധരിപ്പിച്ചിരിക്കുന്നു. എന്നാൽ, ക്രോധാവേശങ്ങളുടെ വന്യതയിൽ ശത്രുവിന്റെ മുഖപടങ്ങൾ വലിച്ചെറിയുമ്പോൾ അതിനുപിന്നിൽ നിസ്സഹായനായി നിറമിഴികളോടെ നിണമാർന്ന സോദരനെ നാം കണ്ടുമുട്ടുന്നു. ആത്മനിന്ദയിൽ ശിരസ്സുകൾ കുനിയുമ്പോൾ ഒരു വെളി പാടുപോലെ നാമറിയുന്നു ഇന്നോളമുള്ള യുദ്ധങ്ങളെല്ലാം ഭ്രാതൃഹത്യകളല്ലാതെ മറ്റൊന്നുമായിരുന്നില്ലായെന്ന്.
സോദരഹത്യകളുടെ കഥകൾക്ക് മനുഷ്യനോളം പഴക്കമുണ്ട്. മുള്ളു വിതച്ചാലും പൊന്നിന്റെ നൂറുമേനി നല്കുന്ന മണ്ണിലാദ്യം വീണ രക്തവും ശത്രുവിന്റേതായിരുന്നില്ലല്ലോ. എല്ലാത്തിനും സാക്ഷിയായി നിന്നവന്റെ പൊള്ളിക്കുന്ന ചോദ്യമുണ്ട്: “കായേൻ, എവിടെ നിന്റെ സഹോദരൻ?" ആകാശങ്ങളിലേക്കു മുഷ്ടിചുരുട്ടി മനുഷ്യൻ ആക്രോശിക്കുന്നു, ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനല്ലായെന്ന്... അപ്പോഴായിരുന്നു അലിവിന്റെ നെഞ്ചിൽനിന്ന് ശാപമൊഴികളുടെ അഗ്നിയും ഗന്ധകവും വർഷിക്കപ്പെട്ടത്. "നിന്റെ കൈയിൽനിന്ന് നിന്റെ സഹോദരൻ്റെ രക്തം കുടിക്കാൻ വാ പിളർന്ന ഭൂമിയിൽ നീ ശപിക്കപ്പെട്ടവനാവും. കൃഷിചെയ്താൽ മണ്ണ് നിനക്ക് ഫലം തരില്ല. നീ ഭൂമിയിൽ അലഞ്ഞുതിരിയുന്നവനായിത്തീരും” (ഉത്പത്തിയുടെ പുസ്തകം 4:11-2).
ഉവ്വ് - നാമറിയുന്നു. സോദരൻ്റെ കാവൽക്കാരനാകുവാൻ പരാജയപ്പെട്ടവരൊക്കെ നിതാന്തത്തോളം അലയുമെന്ന്... അവനെതിരായി ഭൂമിപോലും പ്രതി ഷേധിക്കുമെന്ന്. നമ്മൾ ശാപഗ്രസ്തർ! എന്തിനുവേണ്ടിയാണീ യുദ്ധങ്ങൾ? യുദ്ധ കാലങ്ങളിൽ ഏതൊക്കെയോ പൊള്ളയായ ആദർശങ്ങൾ ബലൂണുകൾപോലെ ഊതിവീർപ്പിച്ച് പ്രദർശിപ്പിക്കപ്പെടുന്നു. പൂരപ്പറമ്പിലെത്തിയ കുഞ്ഞിനെപ്പോലെ പോരാളിക്ക് അതിൻ്റെ വിഭ്രാത്‌മകതയിൽ മനസ്സും യുക്തിയും നഷ്ടമാകുന്നു. യുദ്ധം ഒരു ദേശീയ അപസ്മാരമാണ്. ആ വല്ലാത്ത വാക്കുകളുണ്ടല്ലോ കർത്തവ്യം, മാതൃരാജ്യം, വീരത്വം, ബലി തുടങ്ങിയവയെല്ലാം ചേർന്ന് പോരാളിയുടെ കുഞ്ഞു ഹൃദയത്തെ വരിഞ്ഞുമുറുക്കുകയാണ്.
എല്ലാ പടയോട്ടങ്ങളും സോദരഹത്യകളാണെന്ന തിരിച്ചറിവിന്റെ ഉൾവെട്ടം കിട്ടിയ കസൻദ്സാക്കീസിൻ്റെ കണ്ണീരിൻ്റെയും വിയർപ്പിൻ്റെയും രക്‌തത്തിന്റെയും ഉപ്പുള്ള ഗ്രന്ഥമാണ് 'ഭ്രാതൃഹത്യകൾ' (Fratricides). മനുഷ്യഹൃദയങ്ങളെ ഉഴുതു മറിച്ച് സുവർണ്ണ വികാരങ്ങളുടെ നിധി കണ്ടെത്തിയ അന്വേഷകനായിരുന്നു കസൻദ്സാക്കീസ്. അന്വേഷണങ്ങളുടെ അശാന്തിയായിരുന്നു ഈ എഴുത്തുകാരൻ്റെ കൈമുതൽ. ഈ അശാന്തി ഒരിക്കൽ അയാളെ ക്രീറ്റിലെ സന്ന്യാസാശ്രമത്തിലെ അന്തേ വാസിപോലുമാക്കിയിരുന്നു. യവനസംസ്ക്കാര ഭണ്ഡാരത്തിൽ അഭിമാനിച്ചിരുന്ന കസൻദ് സാക്കീസ് വ്യാകുലപ്പെട്ടത് വർത്തമാന ഗ്രീസിൻ്റെ രാഷ്ട്രീയ സാംസ്കാരിക ശിഥിലീകരണ മുറിവുകളെയോർത്തായിരുന്നു. ഗ്രീസിലെ അരാജകത്വങ്ങളുടെയും അശാന്തികളുടെയും പശ്ചാത്തലത്തിലാണ് ഈ ഗ്രന്ഥം കുറിക്കപ്പെടുക. വസന്തം യവനമണ്ണിൽ പ്രകൃതിയുടെ വർണ്ണോത്സവമാണ്. പൂക്കൾ വിതറിയ പാതയോരങ്ങൾ. വസന്തപ്പറവകൾ ഒക്കെയായി.... പക്ഷേ, ഇത്തവണ പൂമണം വീശുന്ന കാറ്റിൽ എപ്പോഴോ പടർന്നത് രക്തത്തിന്റെ ഗന്ധം; കേട്ടത് അനാഥരുടെ നിലവിളികൾ.
സ്നേഹതീർത്ഥങ്ങളിലെ സ്നാനം
ലിയോണിദാസ് ഒരു പോരാളിയാണ്. സന്ദേഹിയായ പോരാളി. യുദ്ധങ്ങളുടെ പൊരുളറിയാതെ പോയവൻ. കാല്പനികതയുടെ സംഗീതം ഹൃദയത്തിൽ സൂക്ഷിക്കുന്നവൻ. കിനാവിന്റെ പുഴകൾ ഏതോ വരംപോലെ കൊണ്ടുനടക്കുന്ന ഒരാൾ... തലയ്ക്കു മുകളിൽ, മുടിനാരിഴയിൽ യുദ്ധത്തിന്റെ ഖഡ്‌ഗം തൂങ്ങിക്കിടക്കുമ്പോൾ
മരണത്തിൻ്റെ നിഴലിലിരുന്ന് അയാൾ തൻ്റെ ഡയറിയെഴുതുന്നു. അവൻ്റെ സഖി മരിയായ്ക്ക്. യുദ്ധത്തിന്റെ മനം മടുപ്പിക്കുന്ന ദൃശ്യങ്ങളിൽ മനസിൻ്റെ താളം തെറ്റാതിരിക്കാനാണ് അവനെഴുതിത്തുടങ്ങുക. സ്നേഹത്തിൻ്റെയും ആഹ്ലാദത്തി ൻ്റെയും സ്മൃതികളാണ് പോരാട്ടത്തിൻ്റെ ഇടത്താവളങ്ങളിലവൻ്റെ വഴിച്ചോറ്. സൗഹൃദത്തിന്റെ ഓർമ്മകൾ ഒരു കവചംപോലെ...
"മരിയാ, ഈ കുന്നുകളിൽ എല്ലാത്തിനും ഭ്രാന്തു പിടിച്ചിരിക്കുന്നു. ഏറെക്കാലം ഇവിടെക്കുരുങ്ങിയാൽ എനിക്കും ഭ്രാന്തു പിടിക്കും. രാവിലും പകലിലും നിന്റെ സ്മൃതികളിലൊന്നിൽ മാത്രം എൻ്റെ സുബോധം ഞാൻ നിലനിർത്തുന്നു." (ജനുവരി 20)
ഷോറവിഡോണിലെ ദേവാലയം തേടിയുള്ള നമ്മുടെ യാത്ര. ആൽമണ്ട് വൃക്ഷങ്ങൾ പൂത്തുനിന്നിരുന്നു. വളരെ വേഗത്തിൽ നാം കുന്നുകൾ കയറി. നമുക്കപ്പോൾ തീരെ ചെറുപ്പമായിരുന്നു. അതൊരു നിർമ്മലമായ ഭൂമിയായിരുന്നു. ഹരിതാഭമായ വൃക്ഷങ്ങൾ. സ്നേഹത്തിൻ്റെ വിശ്വാസനീലിമയാർന്ന ആകാശം. ഇപ്പോൾ ഞാൻ കിഴവനായതുപോലെ. എൻ്റെ മനസ്സിലന്ന് ഹിംസയുണ്ടായിരു ന്നില്ല. ഇപ്പോളെന്റെ ചുറ്റും കൊല്ലപ്പെട്ടവരുടെ ഉടലുകൾ. അതിനുമേലെ ഞാനും. എന്റെ ഹൃദയം ശിലയായി മാറിയിരിക്കുന്നുവല്ലോ.
ആ ദിനത്തിൽ നിന്റെ ചാരെ നിൽക്കുമ്പോൾ ലോകത്തിലെ ദുർബലമായ ഒരു പുഴുവിനോടുപോലും എൻ്റെ മനസ്സിൽ സ്നേഹം നിറഞ്ഞിരുന്നു. അതേ ഞാനിപ്പോൾ ഈ ഒവിറസ് കുന്നുകളിൽ കൈയിൽ തോക്കുകളുമായി അലയുന്നു..... മനുഷ്യനെ കൊല്ലാൻ.
മനുഷ്യരെന്ന് വിളിക്കപ്പെടുവാൻ നമുക്കർഹതയില്ല. നമ്മൾ കുരങ്ങുമനുഷ്യർ. കുരങ്ങുകളിൽനിന്നു തുടങ്ങിയ യാത്രകൾ പാതി വഴിയെ നിലച്ചിരിക്കുന്നു. എന്നീട്ടും എൻ്റെ മനസ്സിൽ ഒരാൽമണ്ട് വൃക്ഷം പൂത്തുലയുന്നു. എൻ്റെ നെഞ്ച് സ്നേഹ ത്താൽ നിറയുന്നു. അത് നിന്നെയോർക്കുന്നു”. (ഫെബ്രുവരി 3)
സ്നേഹത്തിന്റെ പുഴയിൽ സ്നാനം ചെയ്തവർക്ക് ഒരിക്കലും പടയോട്ടങ്ങൾ നടത്താനാവില്ല എന്ന് സമകാലികനായ നമ്മുടെ ഒരെഴുത്തുകാരൻ കുറിച്ചിട്ടിരി ക്കുന്നത് ഓർക്കുന്നു. കാത്തുനില്ക്കാൻ ഒരാളെങ്കിലുമുള്ളവന്, തൊട്ടിലിലുറങ്ങുന്ന ഒരു കുഞ്ഞിൻ്റെ മുഖം സ്മൃതികളിൽ സൂക്ഷിക്കുന്നവന്, വീടിൻ്റെ പച്ചപ്പറിഞ്ഞവന്, അത്ര പെട്ടെന്നൊന്നും ക്രൂരനാവാൻ കഴിയില്ല. യുദ്ധത്തിൻ്റെ അപസ്മാരങ്ങളെ അവൻ ചെറുത്തു നില്ക്കും. മുറിവേല്പിക്കപ്പെട്ട മനസ്സുകളാണ്, സ്നേഹം നിഷേധിക്കപ്പെട്ടവരാണ് നമ്മുടെ ജീവിതത്തിലെ ഇത്തിരിപ്പോന്ന ആഹ്ലാദങ്ങളെ തട്ടിയെടുക്കുന്ന കവർച്ചക്കാർ!
സ്വപ്നത്തിലെ വെല്ലുവിളി
നിദ്രയുടെയും ജാഗരണത്തിന്റെയും അതിർരേഖകളിൽനിന്ന് ലിയോണിദാസ് പ്രതീകാത്മകമായ ഒരു സ്വപ്നം കാണുന്നു. പിന്നീടുള്ള ദിനങ്ങളിലെല്ലാം ലിയോണിയെ വേട്ടയാടിയ ഒന്ന്. പുറംകടലുകളിലെവിടെയോ ആയിരുന്നു ലിയോണി അപ്പോൾ. ഇത്തിരി പോന്ന ഒരു മത്സ്യം ദൈവത്തോട് കോപിക്കുകയായിരുന്നു. നിസ്സഹായതയോടെ ചിറകുകളിളക്കി അതു പറഞ്ഞു: "നിതി പാലിക്കാത്തവർക്കല്ല നീ ബലം നൽകേണ്ടത്. ശരിയുടെ ഭാഗത്ത് ആരു നില്ക്കുന്നുവോ അവർക്കാണ്. അതാണ് ദൈവത്തിൻ്റെ അർത്ഥം.”
ഏതോ കൂറ്റൻ മത്സ്യങ്ങൾ ആ ചെറുമീനിനോട് അനീതി പ്രവർത്തിച്ചുകാണും. ചെറുമീൻ ദൈവത്തോട് പരാതിപ്പെടുമ്പോൾ ദൈവത്തിൻ്റെ മറു മൊഴി ലിയോണി കേട്ടതുമില്ല. കണ്ടത് ആർത്തലയ്ക്കുന്ന തിരമാലകളിൽ വട്ടം കറങ്ങുന്ന ചെറു മീനെ മാത്രം. യുദ്ധങ്ങളിൽ കാടിൻ്റെ നിയമമാണ്. കൈയൂക്കുള്ളവന്റെ നിലനില്പ്. യുദ്ധങ്ങളിൽ എല്ലാം നീതീകരിക്കപ്പെടുന്നുവെന്ന് നമുക്കൊരു ചൊല്ലുപോലുമുണ്ട്. നാമോർക്കുന്നു. ഇത്തിരിപ്പോന്ന രാജ്യങ്ങളിലേക്ക് മാർച്ചുചെയ്തു നീങ്ങിയ വൻ രാഷ്ട്രങ്ങളെ....
ലിയോണിദാസിന്റെ സ്വപ്നത്തിലെ ചെറുമീനെപ്പോലെ നമ്മളും ദൈവത്തോട് ആവലാതിപ്പെടുന്നു. "ദൈവമേ, നീതിരഹിതർക്ക് നീ ബലം കൊടുക്കരുതേ. ശരിയുടെ പക്ഷത്ത് ആരുനില്ക്കുന്നുവോ അവരോടൊത്തു നില്ക്കുക. അതാണ് ദൈവത്തിന്റെ അർത്ഥം.”
നെഞ്ചിലെ ഹിമശൈലങ്ങൾ
യുദ്ധം ഹൃദയശുദ്ധിയുള്ളവരെപ്പോലും ക്രൂരരാക്കി മാറ്റുന്നു; അങ്കക്കലി പൂണ്ട ഒരാൾക്കൂട്ടത്തിൽപ്പെട്ടവൻ ഭൂരിപക്ഷവുമായി താദാത്‌മ്യപ്പെടുന്നതുപോലെ. പുലരിവെയിലിൽപ്പോലും ഉരുകുന്ന മഞ്ഞ് മനസ്സിൽ സൂക്ഷിച്ചിരുന്ന കാലം ഓരോരുത്തർക്കുമുണ്ടാകാം. എന്നാൽ, പിന്നീടെപ്പോഴോ ആ മഞ്ഞ് ഉറഞ്ഞുപോയി. നെഞ്ചിൽ രൂപപ്പെടുന്ന നിസ്സംഗതയുടെ ഹിമശൈലങ്ങൾ. ബാല്യത്തിൽ ഒരുപക്ഷേ, വേദനിക്കുന്ന ഒരു മുഖത്തിന് നമ്മുടെ ഉറക്കം കെടുത്തുവാൻ കഴിഞ്ഞിരിക്കാം.. എന്നാൽ, പിന്നീടെപ്പോഴാണ് മനസ്സിൽ സൂക്ഷിച്ച ആർദ്രത നമുക്ക് അന്യമായത്? കാലത്തിൻ്റെ ഏത് ഇടനാഴിയിൽ... യുദ്ധത്തിൻ്റെ തത്സമയ പ്രക്ഷേപണങ്ങൾക്കു വേണ്ടി ഉറക്കമിളച്ച് കാത്തിരിക്കുന്ന വിധത്തിൽ നാമെത്തിപ്പെട്ടത് എങ്ങനെ...?
ലിയോണിദാസ് എഴുതുന്നു: “കൊല ചെയ്യുമ്പോഴും ഞാൻ മനുഷ്യത്വമുള്ളവനായിരിക്കും. ഞാനെന്നെത്തന്നെ തരംതാഴ്ത്തുകയില്ല, എനിക്കാരോടും പകയുണ്ടാവില്ല. എന്നിങ്ങനെ പറഞ്ഞ് നിങ്ങൾ യുദ്ധത്തിന് പുറപ്പെടുന്നു. എന്നിട്ടും എപ്പോഴോ നിങ്ങളുടെ ആഴങ്ങളിൽനിന്ന് കറുത്ത രോമങ്ങളുള്ള ഒരു ജീവി മുന്നോട്ടു കുതി ക്കുന്നു. അപ്പോൾ നിങ്ങൾക്ക് മനുഷ്യരുടെ മുഖം നഷ്ടമാവുകയും പകരം മൂർച്ചയുള്ള കോമ്പല്ലുകൾ കിളിർക്കുകയും ചെയ്യുന്നു.
മൂന്നോട്ട്-അവർ ഒരുങ്ങിയിരിക്കുന്നു. ആക്രമിക്കുക എന്ന് ആർത്തട്ടഹസി ക്കുന്ന നിങ്ങളുടെ അലർച്ച നിങ്ങളുടേതാകാൻ വഴിയില്ല. കാരണം, അത് മനുഷ്യ സ്വരമല്ല. നിങ്ങളുടെ പൂർവ്വികനാണ് - ഗോറില്ല. എന്നെ കൊന്നും എന്റെ ഉള്ളിലെ
മനുഷ്യനെ ഈ ജീവിയിൽ നിന്നെനിക്കു രക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ....
(ഫെബ്രുവരി)
പ്രഭാതത്തിനുമുമ്പേ ഞങ്ങൾ വീടുകളിൽ കടന്ന് വൃദ്ധരെയും സ്ത്രീകളെയും തടവുകാരാക്കാൻ തുടങ്ങി. ഉയരുന്ന കൂട്ടനിലവിളി. വരാൻ വിസമ്മതിച്ചവർ കൈയ്യിൽ കിട്ടുന്നതിലൊക്കെ പിടിമുറുക്കി. അവരെ ഇറക്കിക്കൊണ്ടു വരുവാൻവേണ്ടി അവരുടെ കൈപ്പത്തികളിൽ ഞങ്ങൾ തോക്കിൻ പാത്തികൊണ്ട് ആഞ്ഞടിച്ചു. വസ്ത്രങ്ങൾ കീറി. കുറച്ചുപേർക്കു മുറിവേറ്റു. തുടക്കത്തിൽ എന്റെ ഹൃദയം അവർക്കുവേണ്ടി വേദനിച്ചിരുന്നു. ഈ അനീതിയും വിലാപങ്ങളും എനിക്ക് സഹിക്കാനായില്ല. ഞാൻ കരഞ്ഞു തുടങ്ങുകയായിരുന്നു. വൃദ്ധജനങ്ങളും അമ്മമാരും ശപിച്ചു. അവരു ടെ വിറയ്ക്കുന്ന മാറിൽ എൻ്റെ മുഖം ചേർത്ത് അവരോടൊപ്പം കരയാനാശിച്ചപ്പോഴൊക്കെ ഞാൻ അവരെ ബലം പ്രയോഗിച്ച് വലിച്ചിഴച്ചു.
എന്നാൽ, സാവധാനം ഞാനുമൊരു ക്രൂരനായി മാറുകയായിരുന്നു. എൻ്റെ മനസ്സും ഏതോ വിദ്വേഷത്താൽ നിറഞ്ഞു തുടങ്ങി. വാതിലുകളിൽ അള്ളിപ്പിടിക്കുന്ന കൈകളെ ഞാനടിച്ചുതെറിപ്പിച്ചു. തലമുടിയിൽ പിടിച്ച് സ്ത്രീകളെ വലിച്ചിഴച്ചു. കുഞ്ഞുങ്ങളെ ബൂട്ട്സുകൊണ്ടു ചവിട്ടിയരച്ചു. (ഫെബ്രുവരി 12)
പൂരണങ്ങളില്ലാത്ത സമസ്യ
എനിക്കൊരിക്കലും ഈ സ്ഥലം വിടാനാവില്ല. തോക്കു ം വഹിച്ച് ഞാനിവിടെത്തന്നെയുണ്ടാവും. പൊയ്ക്കൊള്ളാൻ അവർ എന്നോടു പറയുന്നതുവരെ. എന്തുകൊണ്ട്? എന്റെ മനസ്സിൻ്റെ ഭീതിതന്നെ കാരണം. ഭീതിയും ലജ്ജയും. ഭീതിയില്ലെങ്കിൽ ഞാൻ പോവുകയില്ല. ആ വല്ലാത്ത വാക്കുകളുണ്ടല്ലോ - കർത്തവ്യം, പിതൃഭൂമി, വീരത്വം, തെന്നിമാറൽ, അപമാനം, ഇവയെല്ലാംകൂടി എന്റെ ഊഷ്മളമായ ചെറിയ ആത്മാവിനെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. (ഫെബ്രുവരി14)
പ്രിയമുള്ളവളേ, എനിക്കൊന്നുമാത്രം അറിഞ്ഞാൽ മതി. എല്ലാം സഹിക്കുന്നത് എന്തിനുവേണ്ടി? ഞാനെന്തിനാണ് യുദ്ധം ചെയ്യുന്നത്? ആർക്കുവേണ്ടി? 'റോയൽ ആർമി' എന്നവർ വിളിക്കുന്ന കറുത്ത തൊപ്പിക്കാരായ ഞങ്ങൾ ഗ്രീസിനെ രക്ഷിക്കാൻ വേണ്ടിയത്രേ യുദ്ധം ചെയ്യുന്നത്. കുന്നുകളിൽ, ഞങ്ങളുടെ ശത്രുക്കൾ എന്നു വിളിക്കപ്പെടുന്ന ചുവപ്പൻ തൊപ്പിക്കാർ ഗ്രീസിനെ വിഭജിക്കാനും... എന്തിനു വേണ്ടിയാണിതെന്ന് എനിക്കുറപ്പാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! എങ്കിൽ ഞങ്ങളുടെ ക്രൂരതകളൊക്കെ നീതീകരിക്കപ്പെട്ടേനെ..." (ഫെബ്രുവരി 16)
എന്തിനുവേണ്ടിയാണ് യുദ്ധങ്ങളെന്ന ലിയോണിയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ ആർക്കാണ് കഴിയുക? പരിണാമത്തിന്റെ വഴികളിൽ നമ്മൾ സാല്ല മൃഗങ്ങളായിരുന്നുവെന്നല്ലാതെ. കാടിന്റെ നിയമങ്ങളായിരുന്നു നമ്മുടെ ചട്ടങ്ങൾ എന്നല്ലാതെ. മനുഷ്യമനസ്സിന്റെ ഒടുങ്ങാത്ത ദുരയായിരിക്കാം യുദ്ധങ്ങൾക്കു പിന്നിലെ ഒരു മന:ശാസ്ത്രകാരണം. സ്വന്തം മനസ്സിൻ്റെ അതിർവരകളിൽ തൃപ്തിപ്പെടാത്തവൻ, സ്വന്തം വീടിന്റെ സൗന്ദര്യമറിയാത്തവൻ സ്വന്തം വിഭവങ്ങളുമായി പൊരുത്തപ്പെടാത്തവനാണ് അപരന്റെ ഗൃഹങ്ങളിലേക്ക്, അവൻ്റെ വിഭവങ്ങളിലേക്ക്. അവന്റെ മണ്ണിലേക്ക് പടനീക്കങ്ങൾ നടത്തുക. സ്വന്തം ജിവിതത്തിലെ ചെറിയ വലിയ ആഹ്ലാദങ്ങളിൽ നിലാവുപോലെ നിറഞ്ഞ മനസ്സുമായി ലിയോണി കപട ജേതാക്കളെയും പൊള്ളയായ വീരത്വങ്ങളെയും വെറുക്കുന്നു. ആരായിരുന്നു തൻ്റെ മരണനേരത്ത് നെടുവീർപ്പോടെ ഇങ്ങനെ മൊഴിഞ്ഞത്: "ജീവിതത്തിൽ ഞാനാശിച്ചത് വെറും മൂന്നെ മൂന്നു കാര്യങ്ങൾക്കായിരുന്നു. ഒരു ചെറിയ വീട്, പ്രിയപ്പെട്ട സഖി. ഇലകൾ നിറഞ്ഞ ഒരു പൂപ്പാത്രം. എന്നിട്ടും ഒരിക്കലുമെനിക്കവയെ ലഭിച്ചിട്ടില്ല."
“എന്റെ മരിയാ, ഇവിടം ഉപേക്ഷിച്ച് നിൻ്റെ കൊച്ചു പഠനമുറിയുടെ വാതില്പ്പ ടിയിലെത്താനും ഒരക്ഷരംപോലും പറയാതെ നിൻ്റെ കൈകൾ സ്പർശിക്കാനും അതിന്റെ ഊഷ്മളത എൻ്റെ കൈക്കുടന്നയിലറിയാനും ഞാനെത്ര കൊതിച്ചിട്ടുണ്ട്. സ്നേഹിക്കുന്ന കരങ്ങളുടെ സ്പർശനത്തെക്കാൾ വലിയ ആഹ്ലാദം വേറെയൊന്നുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു" (ഫെബ്രുവരി 14).
കാലിഡോസ്കോപ്പിലെന്നപോലെ ജീവിതത്തിൻ്റെ ചിതറിയ സാധാരണദൃശ്യങ്ങൾകൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന മനസ്സ് ഒരിക്കലും രക്‌തദാഹിയായിരിക്കില്ല. ഒരു തിരികൊണ്ടൊരു കാർത്തിക തീർക്കുന്ന, ഒരു പൂവുകൊണ്ടൊരു പൂന്തോട്ടം നിർമ്മിക്കുന്ന, മനസ്സായിരുന്നു ലിയോണിദാസ് എന്ന ചെറുപ്പക്കാരന്റേത്
മുറിവേല്പിക്കപ്പെട്ട മനസ്സുകൾ
ഒരു ദിവസം ലിയോണിദാസ് യുവതിയായൊരു അമ്മയെ കഴുത്തിനു പിടിച്ചു കാലുകൊണ്ടു തട്ടി നിരയിൽ നിർത്തി. അവളുടെ കൈയ്യിൽ ഒരു കുഞ്ഞുണ്ടായിരുന്നു. മിഴികളുയർത്തി അവൾ ലിയോണിയെ നോക്കി. ജീവനുള്ളിടത്തോളം കാലം ആ നോട്ടമവനെ വേട്ടയാടും. ഇനിയൊരിക്കലും അവൻ്റെ ഹൃദയത്തിന് ശാന്തിയുണ്ടാവില്ല. പൂട്ടിയ അവളുടെ അധരങ്ങളുടെ ഉള്ളിൽനിന്നൊരു നിലവിളി അവൻ കേട്ടു: ലിയോണി, നീ എത്രമാത്രം അധഃപതിച്ചിരിക്കുന്നു? നിനക്ക് ലജ്ജയില്ലേ? ഒരു നിമിഷത്തേക്ക് അവൻ്റെ കൈകൾ മരവിച്ചുപോയി. അവൻ പതുക്കെ മന്ത്രിച്ചു: എനിക്ക് ലജ്ജയുണ്ട്. പക്ഷേ, ഞാനൊരു പോരാളിയാണ്. എനി ക്കതല്ലാതെ വഴി കളില്ല. എന്നോട് പൊറുക്കുക.
അവൾ ഒന്നും ഉരിയാടാതെ കുഞ്ഞിനെ മാറോടുചേർത്ത് തലയുയർത്തി വരി യിൽ നിന്നു. ഈ കുഞ്ഞിനി അമ്മയുടെ മുലപ്പാലാവില്ല കുടിക്കുക. മറിച്ച്, വെറുപ്പും പ്രതികാരവും. ആ കുഞ്ഞു വലുതാകുമ്പോൾ അവനും മലമുകളിലേക്കുപോയി ഒരു കലാപകാരിയായി മാറും. അവനു ലഭിച്ച അനീതികൾക്കെതിരെ അവൻ അനീതികൊണ്ടുതന്നെ പകരം വീട്ടും.
എല്ലാ പ്രവൃത്തികൾക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഊർ ജ്ജതന്ത്രത്തിന്റെ മാത്രം നിയമമല്ല; മനുഷ്യബന്ധങ്ങളുടെ അലിഖിത നിയമംകൂടിയാണ്. മുറിവേല്പിക്കപ്പെട്ട മനസ്സുകൾ കാത്തിരിക്കുന്നു, ഉറങ്ങാതെ. കൊലവിളി ഉയർത്താൻ - കൊല്ലാൻ.
പരുക്കൻ യാഥാർത്ഥ്യങ്ങൾ
ഒരു പ്രഭാതത്തിൽ സ്ട്രാറ്റീസ് എന്ന പോരാളി ബാരക്കിലെ ഇടനാഴികളിലൂടെ നൃത്തം ചവിട്ടി കൈയടിച്ച് പാടാൻ തുടങ്ങി. ഉന്‌മാദത്തിലെന്നപോലെ ഓടിനടന്ന് അവൻ വിളിച്ചുപറഞ്ഞു. “കൂട്ടുകാരേ, യുദ്ധം തീർന്നു."
പോരാളികൾ ഭ്രാന്തമായി പരസ്പരം ചുംബിക്കാനും നിലവിളിക്കാനും തുടങ്ങി. “എന്തൊരു ശാപം, എന്തൊരു ഭ്രാന്ത് ഈ ഭ്രാതൃഹത്യ."
ദേശീയഗാനവും പാടി പോരാളികൾ തെരുവിലേക്കിറങ്ങി. ജാലകങ്ങൾ തുറന്ന് ജനങ്ങൾ ചോദിച്ചു: “എന്തുപറ്റി?”
“യുദ്ധം മരിച്ചു. കൊടിതോരണങ്ങൾ തൂക്കുക. വീഞ്ഞുഭരണികൾ തുറക്കുക. നമുക്കാഘോഷിക്കാം.” പള്ളിയിൽനിന്ന് ഫാദർ യാനറോസ് ഓടിയെത്തി. നനഞ്ഞ കണ്ണുകളോടെ അദ്ദേഹം പറഞ്ഞു: “സമാധാനം, സാഹോദര്യം - മക്കളേ, ഇതാ വർത്തിക്കൂ...” എല്ലാവരും ഒരേ താളത്തിൽ വിളിച്ചു പറഞ്ഞു: “സമാധാനം സാഹോദര്യം."
ആൾക്കൂട്ടം നൃത്തം ചവിട്ടുമ്പോൾ ലിയോണിയുടെ ചിന്തകൾ മരിയായിലേക്കു കടന്നു ചെന്നു. ആതൻസിലെ വീഥികളിലേക്ക്. വിടർത്തിയ കൈകളുമായി മരിയ വാതില്പ്പടിയിൽ നിന്നു. ചുംബനത്തിൻ്റെ ഇടവേളകളിൽ അവനവളോട് എന്തൊ ക്കെയോ പറയണമെന്നുണ്ടായിരുന്നു. ലിയോണിയുടെ വാക്കുകളിൽ, “എൻ്റെ മനസ്സ് ഒരു ശലഭത്തെപ്പോലെ നിൻ്റെയരുകിലേക്ക് പാറിപ്പറന്നെത്തുകയും മുടിയിഴകളിൽ ഇക്കിളി കൂട്ടുകയും ചെയ്തിരുന്നു.”
പക്ഷേ, കിനാവുകളെല്ലാം തകർത്തുകൊണ്ട് ഒരശനിപാതംപോലെ സ്ട്രാറ്റിൻ്റെ വാക്കുകൾ വന്നു: “ഞാൻ പറഞ്ഞതൊക്കെ കള്ളമാണ്. വെറും തമാശ. ഇന്ന് ഏപ്രിൽ ഒന്ന്. നിങ്ങൾ വിഡ്ഢിദിനത്തിലെ പോഴന്മാർ.”
എല്ലാവരും തളർന്നു നിന്നുപോയി. ഫാദർ യാനറോസ് തിരിച്ചു നടന്നു. ഒരു നിമിഷം കൊണ്ടയാൾ വൃദ്ധനായി. ഇടറിനടക്കുന്ന വൃദ്ധൻ. കാത്തു നില്ക്കുന്ന അമ്മമാർ, ഗൃഹങ്ങൾ, സ്നേഹിക്കുന്ന സ്ത്രീകൾ എല്ലാം അവരുടെ മനസ്സിൽ നിന്നു മാഞ്ഞു. വൃത്തികെട്ട ബാരക്കുകളിലേക്ക്, തോക്കുകളുടെ ക്രൂരതയിലേയ്ക്ക് ഒരിക്കൽക്കൂടി അവർ തള്ളപ്പെട്ടു.
ഒടുവിലത്തെ വരികൾ
വിശുദ്ധവാരത്തിലാണ് ലിയോണിയുടെ കുറിപ്പുകൾ അവസാനിക്കുക. വിശുദ്ധ തിങ്കളിൽ മരണത്തിലേക്ക് നടന്നുനീങ്ങുന്ന യേശുവിൻ്റെ പവിത്രകാലത്ത്.
“ഞാൻ ആത്മാവിൽ വിശ്വസിക്കുന്നു. ഭാവിയിലേക്ക് പറക്കാൻ ചിറകുകളുണ്ടതിന്. ഈ രാത്രിയിൽ എൻ്റെ ആത്‌മാവ് നിന്നെ ഒരു കൊച്ചു വീട്ടിൽ, കൈകളിൽ ഓമനയായൊരു കുഞ്ഞുമായി - നമ്മുടെ കുഞ്ഞുമായി, കണ്ടുമുട്ടി."
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ലിയോണി ഇങ്ങനെ കുറിക്കുക. സന്ധ്യയിൽ തന്റെ ഡയറിയിൽ അയാളൊരു കവിതയെഴുതിയിട്ടു.
“ഇന്ന് എന്റെ മനസ്സിനുമീതെ മരണം വട്ടമിടുന്നു.....
പൂക്കളുടെ സുഗന്ധംപോലെ
ഞാൻ ഒഴുകുന്നീ കാറ്റിൽ
ദീർഘമായ തടങ്കലിനുശേഷം
വീടണയാൻ ഞാൻ കൊതിക്കുന്നു.....
ലിയോണിദാസ് എന്ന വിദ്യാർത്ഥിയായ, സന്ദേഹിയായ, പോരാളിയുടെ ഡയറിക്കുറിപ്പുകൾ ഇവിടെ അവസാനിക്കുകയാണ്.
പിറ്റേന്ന് അവൻ കൊല്ലപ്പെട്ടു. ഒരു തിരുശേഷിപ്പുപോലെ ഈ പുസ്തകം കണ്ടെത്തിയ സ്കൂൾമാസ്റ്റർ ആദരവോടെ അതിനെ ചുംബിച്ചു - ഒരു മൃതശരീരത്തെയെന്നപോലെ. അയാളുടെ മിഴിനീർ വറ്റിയിരുന്നു. ഹൃദയം കല്ലോടടുത്തിരുന്നു. ഏതൊക്കെയോ ഇരുളിൻ്റെ വഴികളിലൂടെ ജീവിതം ഇടറി നീങ്ങുകയാണെന്ന് അയാൾക്ക് തോന്നി.
ലിയോണിദാസിന്റെ കുറിപ്പുകളെ അലിവോടെ ചുംബിക്കുക. ഭൂമിയുടെ നെഞ്ചിൽ ഇടറിവീണ നന്മനിറഞ്ഞ പോരാളികളെ ഓർമ്മിച്ചുകൊണ്ട്, കൂട് നഷ്ടപ്പെട്ട കു ഞ്ഞുങ്ങളെ ഓർമ്മിച്ചുകൊണ്ട്, ബലിയാടുകൾക്കുവേണ്ടി കാത്തിരിക്കുന്ന ഭരണകൂടങ്ങളെ ഓർമ്മിച്ചുകൊണ്ട്, മാറത്തടിച്ച് വിലപിക്കുക: എൻ്റെ പിഴ, എന്റെ പിഴ, ഞങ്ങളുടെ വലിയ പിഴ...





















