top of page

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു

Jun 1, 2025

3 min read

പ്ര��ൊഫ. ജോര്‍ജ്ജ് ജോസഫ്

05

ബന്ധങ്ങള്‍ അകറ്റുന്ന വളര്‍ച്ച

യുദ്ധകാലത്തു തന്നെ കൊച്ചുതോമായുടെ തേങ്ങ കയറ്റുമതി വ്യാപാരം വളര്‍ന്ന് വലുതായി. കൊച്ചുതോമായ്ക്കോ പാപ്പിക്കോ നാരായണന്‍കുട്ടിക്കോ എല്ലായിടങ്ങളിലും എത്തിച്ചേരാനായില്ല. കാലക്രമത്തില്‍ ഓരോ കരയ്ക്കും ഓരോ കാര്യസ്ഥന്മാരെ നിശ്ചയിക്കേണ്ടി വന്നു. അവരാണ് തേങ്ങയ്ക്ക് വിലയിടുന്നതും തരം നിശ്ചയിക്കുന്നതും, ഓരോ സ്ഥലങ്ങളില്‍ നിന്ന് തേങ്ങ  നിറച്ച് സീല്‍ ചെയ്ത്  അയക്കുന്നതും.സ്വതന്ത്രരായിരുന്നെങ്കിലും സാമന്ത രാജാക്കന്മാര്‍ക്ക് കൊച്ചുതോമയെ പറ്റിക്കാന്‍ സാധിക്കുമായിരുന്നില്ല. അത്രയ്ക്ക് സജ്ജമായിരുന്നു കൊച്ചുതോമയുടെ ചാരസംഘടന. കുട്ടി രാജാക്കന്മാരോടുള്ള അമര്‍ഷവും അസൂയയും കാരണം കൂട്ടു പണിക്കാര്‍ ഒരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ തങ്ങളുടെ നേതാവിനെ കൊച്ചുതോമയ്ക്ക് ഒറ്റിക്കൊടുത്തു കൊള്ളും.  അതിനാല്‍ അവര്‍ക്കിടയില്‍ പലപ്പോഴും സംശയവും ഭിന്നിപ്പും വഴക്കും ഉണ്ടാകാറുണ്ട്. അത് മുന്നില്‍ കണ്ട്, സംഘാംഗങ്ങളെ ഇടയ്ക്കിടെ മാറ്റിവിടാറുണ്ട്.


കൊച്ചുതോമയെ പറ്റിക്കാന്‍ അല്പം ചങ്കുറപ്പ് കാണിച്ചിരുന്നത് അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു. അവര്‍ നേതൃത്വം നല്‍കുന്ന സംഘങ്ങള്‍ ആയിരിക്കും ഏറ്റവും മോശം. അവര്‍ മുതലാളി ചമയുന്നതാണ് പ്രധാന കാരണം. സംഘാംഗങ്ങളോട് നിസ്സാര കാര്യങ്ങള്‍ക്ക്  അരിശപ്പെടുക, ചിലപ്പോഴൊക്കെ ഉപദ്രവിക്കുക, വീട്ടമ്മമാരുടെ പ്രീതി സമ്പാദിക്കാന്‍ മനപ്പൂര്‍വം എണ്ണം തെറ്റിക്കുക, തുടങ്ങിയ വിനോദങ്ങളിലും അവര്‍ ഏര്‍പ്പെട്ടിരുന്നു. ചിലപ്പോഴെല്ലാം അവരെ വ്യക്തിപരമായി ശകാരിക്കാറുണ്ടെങ്കിലും കൊച്ചുതോമ അവര്‍ക്കെതിരെ പരസ്യമായി നടപടികളൊന്നും എടുത്തിരുന്നില്ല. തൊഴിലാളികള്‍ക്ക് ഇതില്‍ അമര്‍ഷം ഉണ്ടെങ്കിലും അതെല്ലാമാണ് നാട്ടുനടപ്പെന്നുകരുതി അവര്‍ ആശ്വസിക്കും.


കൊച്ചുതോമായുടെ വളര്‍ച്ച അദ്ദേഹം സ്വപ്നം കണ്ടതിലും വേഗത്തിലായിരുന്നു. കൊച്ചുതോമാ വളരും തോറും കരക്കാര്‍ അദ്ദേഹത്തെ കൂടുതലായി  ആശ്രയിക്കുവാനും തുടങ്ങി. അതോടൊപ്പം മറ്റു ചിലര്‍ക്ക് അദ്ദേഹത്തോടുള്ള അസൂയയും വളര്‍ന്നുകൊണ്ടിരുന്നു. നാട്ടുകാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ആദ്യ ആശ്രയവും അവസാന വാക്കും കൊച്ചുതോമ ആയിരുന്നു. പെണ്‍കുട്ടികളുടെ കല്യാണം, ആണ്‍മക്കളുടെ ഉപരിപഠനം എന്നീ പ്രധാന ആവശ്യങ്ങള്‍ക്കെല്ലാം സാധാരണക്കാര്‍ക്ക്, ഉള്ള സ്ഥലം വില്‍ക്കുകയെന്നതേ തരമുണ്ടായിരുന്നുള്ളു. കൊച്ചുതോമായ്ക്ക് സ്ഥലം വാങ്ങുവാന്‍ താല്‍പര്യമില്ലെങ്കിലും അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി വാങ്ങിയേ പറ്റൂ. പറമ്പ് നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത ചിലര്‍ നടപ്പു പണയത്തിനെടുക്കണമെന്ന് (mortgage)കൊച്ചുതോമയെ നിര്‍ബന്ധിക്കാറുണ്ട്. നടപ്പു പണയത്തിന് എടുത്ത് ബാധ്യതയും ബന്ധവും തുടര്‍ന്ന് കൊണ്ടു പോകുന്നതിനോട് കൊച്ചുതോമായ്ക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു.


വളര്‍ച്ചയ്ക്കനുസരിച്ച് സ്വത്തുക്കളുടെ മേല്‍നോട്ടം രണ്ടായി പിരിച്ചിരുന്നു, കച്ചവടത്തില്‍ പാപ്പിയും ഭൂസ്വത്തുക്കളുടെ പരിപാലനത്തില്‍ നാരായണന്‍കുട്ടിയും. രണ്ടുപേരുടെ കീഴിലും ആവശ്യത്തിലേറെ പണിക്കാര്‍ ഉണ്ടായിരുന്നു. മറ്റു കരകളില്‍ നിന്നു പോലും വേലക്കാര്‍ നിര്‍ബന്ധപൂര്‍വ്വം വേലയ്ക്ക് ചേര്‍ന്നിരുന്നു. കാലക്രമത്തില്‍ അവരെല്ലാം സ്ഥിരം പണിക്കാരെപ്പോലെയായിരുന്നു. അതുകൊണ്ട്തന്നെ തങ്ങളുടെ കീഴിലുള്ള ആള്‍ക്കാര്‍ക്ക് പണി കണ്ടുപിടിക്കുകയെന്നത് കാര്യസ്ഥന്മാരുടെ പ്രധാനപണിയായി.


സാമ്പത്തികമായി വളരുന്നതിനനുസരിച്ച് കൊച്ചുതോമായുടെ പുരയും പുരയിടവും വളര്‍ന്നുകൊണ്ടിരുന്നു. കൊച്ചുതോമായുടെ അയല്‍ക്കാരില്‍ അധികവും ഈഴവരായിരുന്നു. അവര്‍ ഓരോരുത്തരായി സ്വന്തം വീടും പറമ്പും കൊച്ചുതോമായ്ക്ക് വില്‍ക്കുമ്പോള്‍ ദുഃഖത്തോടെയാണ് അദ്ദേഹം അത് വാങ്ങിയിരുന്നത്. അയല്‍പക്കക്കാര്‍ പിരിഞ്ഞു പോകുന്നതില്‍ അത്രയേറെ ദുഃഖമായിരുന്നു കൊച്ചുതോമായ്ക്ക്.  എന്നാല്‍ അവര്‍ക്കും വേറെ വഴിയില്ലായിരുന്നു. അവര്‍ക്കിടയില്‍ കുടുംബസ്വത്ത് വീതം വെയ്ക്കുമ്പോള്‍ മക്കള്‍ക്കും പെണ്‍മക്കള്‍ക്കും അവരുടെ കുട്ടികള്‍ക്കും തുല്യ അവകാശമായിരുന്നു. ആകപ്പാടെയുള്ള ഇത്തിരി സ്ഥലം നുള്ളിപ്പറിക്കാന്‍ പറ്റാതെ വരുമ്പോള്‍, മൊത്തമായി ഒരാള്‍ക്ക് കൊടുത്ത് കിട്ടുന്ന പണം വീതിക്കുകയായിരുന്നു പതിവ്. അതിനുശേഷം ഓരോ കുടുംബങ്ങളും അവരുടെ ശ്രമഫലമായി സമ്പാദിക്കുന്ന പണം കിട്ടുന്ന പണത്തോട് ചേര്‍ത്ത് ഒതുക്കത്തില്‍ ഒരിറ്റ് സ്ഥലം വാങ്ങി ഓലപ്പുര ഒന്ന് തല്ലിക്കൂട്ടും. ഇത് വളരെ കുറച്ചു പേര്‍ക്കെ സാധിക്കു. ബാക്കി ഉള്ളവര്‍ കൊച്ചുതോമായെപ്പോലുള്ള പണക്കാരുടെ കുടിയാന്മാരായി (settlers in lord's land for looking after that land) ഏതെങ്കിലും ഒരു പറമ്പില്‍ കൂര കെട്ടി തലചായ്ക്കും. അങ്ങനെ ജന്മി കുടിയാന്‍ ബന്ധം വിധേയത്വമായിമാറും. വിനയവും വിധേയത്വവും പലവിധ അക്രമങ്ങള്‍ക്കും അവിഹിത ബന്ധങ്ങള്‍ക്കും കാരണമാകും. ജന്മിത്വത്തിന്‍റെത ധാര്‍മിക അധഃപതനത്താല്‍ കുടുംബങ്ങള്‍ നശിക്കുകയും ശപിക്കപ്പെട്ട പിന്‍തലമുറക്കാര്‍ മുന്‍തലമുറക്കാരുടെ തെറ്റുകളെ ഓര്‍ത്ത് പൂര്‍വ്വികരെ ശപിക്കുകയും അതേ പാപങ്ങള്‍ വീണ്ടും ചെയ്ത്, അതിന്‍റെ പരിണിത ഫലങ്ങള്‍ അനുഭവിച്ച് നശിക്കുകയും ചെയ്തിരുന്നു.


കൊച്ചുതോമായുടെ പുരയിടത്തിന്‍റെ വിസ്തൃതി വളര്‍ന്നുകൊണ്ടും അയല്‍ക്കാരുടെ എണ്ണം കുറഞ്ഞുകൊണ്ടുമിരുന്നു.അവര്‍ എവിടെപ്പോയാലും കൊച്ചുതോമായോടും കുടുംബത്തോടുമുള്ള ആദരവും സ്നേഹവും ഒട്ടും കുറയുന്നില്ലായിരുന്നു.


നാരായണന്‍കുട്ടി തന്‍റെ കിടപ്പാടം വില്‍ക്കുവാന്‍ തീരുമാനിച്ചപ്പോള്‍ എല്ലാവരെയും പോലെ കൊച്ചുതോമായെ സമീപിച്ചു. നാരായണന്‍കുട്ടിയുടെ ഭാര്യ നാരായണി കൊച്ചുത്രേസ്യാക്കുട്ടിയ്ക്ക് എല്ലാവിധത്തിലും ഒരു സഹായി ആയിരുന്നു. വീട്ട് വേലകള്‍ക്ക് മാത്രമല്ല, ചന്തയ്ക്ക് പോയി മരക്കറികള്‍ വാങ്ങാനും വീട്ടില്‍ വരുന്ന മിച്ച സാധനങ്ങള്‍ സന്തോഷമായി ഏറ്റു വാങ്ങാനും ഒരാളായിരുന്നു നാരായണി.


നാരായണന്‍കുട്ടിയുടെ പിള്ളേരും കൊച്ചുതോമായുടെ കുട്ടികളും ഏകദേശം ഒരേ പ്രായക്കാര്‍ ആയിരുന്നെങ്കിലും കൊച്ചുതോമായുടെ കുട്ടികളുടെ കാര്യത്തില്‍ ഉത്തരവാദിത്വം നാരായണന്‍കുട്ടിയുടെ കുട്ടികള്‍ക്കായിരുന്നു.ജോസഫിനേക്കാള്‍ ഇളയതായിരുന്നു പ്രസാദും കുഞ്ഞുമണിയും.  നാരായണന്‍കുട്ടിയുടെ ഇളയ പിള്ളേര്‍ മൂത്തവരെ വിട്ട്എങ്ങും നടക്കില്ലെന്നു മാത്രമല്ല മിക്കവാറും അവരുടെ കാര്യങ്ങളെല്ലാം അവര്‍ തന്നെ ചെയ്യുമായിരുന്നു. ആറ്റിങ്കരയില്‍ നിന്നാല്‍ ഒരു മരത്തേല്‍ പിടിച്ചേ നില്‍ക്കു.  ഒരു മീനെ കണ്ടാല്‍ മീന്‍, മീന്‍ എന്നു പറഞ്ഞ് തുള്ളിച്ചാടില്ല.  മീന്‍ എന്ന് ശാന്തമായി പറയും. എന്നാല്‍ കൊച്ചുതോമായുടെ കുട്ടികള്‍ ഒരു പിടിത്തവും ഇല്ലാതെ നില്‍ക്കും. കാല്‍വഴുതി വെള്ളത്തില്‍ വീഴും. ചെറിയ കാര്യങ്ങള്‍ക്ക് ഏതോ വലിയ സംഭവം  എന്നപോലെ പ്രതികരിക്കും. നാരായണന്‍കുട്ടിയുടെ കുട്ടികള്‍ക്ക് അതെല്ലാം ഒരു സാധാരണ വിഷയമായിരുന്നു. മുതലാളിമാരുടെ പിള്ളേര്‍ വികാരങ്ങള്‍ക്കനുസരിച്ച് ജീവിക്കും തൊഴിലാളികളുടെ പിള്ളേരോ രണ്ടു വട്ടം ആലോചിക്കും. ആരും ഇതൊന്നും ആരെയും പഠിപ്പിച്ചതല്ല, സ്വയം പഠിച്ചതാണ്. ഒരു തള്ളപ്പശുവും പെറ്റയുടന്‍ കുഞ്ഞിന് അകിട് കാണിച്ചുകൊടുക്കാറില്ല. എന്നാല്‍ കൊച്ചുതോമയുടെ പിള്ളേര്‍ക്ക്പരസഹായമില്ലാതെ ഒന്നും ചെയ്യുവാന്‍ സാധിക്കുമായിരുന്നില്ല.


കൊച്ചുതോമ സങ്കടത്തിലായി. നാരായണന്‍കുട്ടിയുടെ കിടപ്പാടം വാങ്ങിയാല്‍ തന്‍റെ പുരയിടത്തിനോട് ചേര്‍ന്ന് അല്പം കൂടി സ്ഥലം കിട്ടും. പക്ഷേ, നാരായണന്‍കുട്ടിയുടെവീട്ടുകാരില്‍ നിന്നു ലഭിക്കുന്ന സ്നേഹവും സഹായവും ഇല്ലാതാകും. നാരായണന്‍കുട്ടിയും കുടുംബവും കിടപ്പാടം വിറ്റു മാറി പോകുന്നതില്‍ കൊച്ചുത്രേസ്യാക്കുട്ടിക്കും അതീവ സങ്കടമുണ്ടായിരുന്നു.


ഇതിനോടകം കൊച്ചുത്രേസ്യാക്കുട്ടിയുടെ സഹോദരങ്ങള്‍, അളിയന്‍റെ വീട്ടു കാര്യങ്ങളിലും വ്യാപാര കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങിയിരുന്നു. വിവരം കേട്ടയുടന്‍ മൂത്ത അളിയന്‍ അവിരാച്ചന്‍ തൻ്റെ രാജ്യതന്ത്രജ്ഞത പുറത്തെടുത്തു, "മൂക്കിന്‍ തുമ്പത്തെ പരു പോലെയാണ് അവന്‍റെ  കുടില്‍. പരു പരുവമായാല്‍ പൊട്ടിച്ചുകളയണം."


പാപ്പിയോട് കൊച്ചുതോമ അഭിപ്രായം ചോദിച്ചു. ഇക്കാര്യത്തില്‍ അഭിപ്രായം പറയുയുവാന്‍ പാപ്പി നന്നേ ബുദ്ധി മുട്ടി."അവിരാച്ചന്‍ പറഞ്ഞതിലും കാര്യം ഇല്ലേ?" പാപ്പി പറഞ്ഞു.


കൊച്ചുതോമ സങ്കടത്തോടെ പറഞ്ഞു, "പാപ്പി എന്ന പണിക്കാരനെ എനിക്ക് വളരെയെളുപ്പത്തില്‍ മാറ്റി ഒരു പകരക്കാരനെ വെയ്ക്കാം. എന്നാല്‍  പാപ്പി എന്ന ഒരു വിശ്വസ്ഥന് പകരക്കാരനില്ല. അതേപോലെ, നാരായണന്‍കുട്ടിക്കു പകരം എത്ര വേലക്കാരെ വേണമെങ്കിലും കൊണ്ടു വരാം. പക്ഷേ ആ കുടുംബത്തിനു പകരം വെയ്ക്കാന്‍ എനിക്ക് ആരാണുള്ളത്?" കൊച്ചുതോമയുടെ തൊണ്ട ഇടറി.


(തുടരും)


നോവല്‍, പ്രൊഫ. ജോര്‍ജ് ജോസഫ് എം

അസ്സീസി മാസിക ജൂണ്‍ 2025 

Jun 1, 2025

1

134

Recent Posts

bottom of page