

ബനഡിക്റ്റ് പാപ്പാ 2006-ൽ ഈസ്റ്റാൻബൂൾ സന്ദർശിച്ച ഘട്ടത്തിൽ അവിടത്തെ ബ്ലൂ മോസ്കും സന്ദർശിച്ചിരുന്നു. അന്ന് ആ ആരാധനാലയത്തിൻ്റെ നടുത്തളത്തിൽ നില്ക്കേ പാപ്പാ രണ്ടോ മൂന്നോ സെക്കൻ്റ് നേരം കണ്ണുകളടച്ച് പ്രാർത്ഥിച്ചിരുന്നു. പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ പിറ്റേ വർഷമാണ് ഫ്രാൻസിസ് പാപ്പാ അവിടം സന്ദർശിക്കുന്നത്. ബനഡിക്റ്റ് പിതാവിൻ്റെ സന്ദർശന കാലഘട്ടത്തിൽ നിന്ന് അപ്പോഴേക്കും ലോകത്തിനും മതാന്തര ബന്ധങ്ങൾക്കും ഏറെ മാറ്റം സംഭവിച്ചിരുന്നു. അവിടത്തെ ഇമാമിൻ്റെ കൈ ചേർത്തു പിടിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ ഏതാണ്ട് രണ്ടു മിനിറ്റോളം കണ്ണുകളടച്ചു നിന്ന് പ്രാർത്ഥിച്ചിരുന്നു. ഇതര മതവിശ്വാസിയായ ഒരു സഹോദരൻ്റെ കൈ ചേർത്തുപിടിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ കണ്ണുകളടച്ച് മൗനമായി പ്രാർത്ഥിച്ചത് മതാന്തര സൗഹൃദത്തിൻ്റെ ഒത്തിരി സുന്ദരമായൊരു ചിത്രമായിരുന്നു!
ഓരോ വ്യക്തിക്കും അതതാളുടെ പ്രത്യേകതകളുണ്ട്. ഓരോ നിമിഷവും പെട്ടെന്ന് ക്രിയാത്മകമായി കാര്യങ്ങൾ പറയാനും പ്രവർത്തിക്കാനും ഫ്രാൻസിസ് പാപ്പായോളം കഴിവ് ലിയോ പാപ്പാ പ്രകടിപ്പിക്കുന്നുണ്ട് എന്നുതോന്നുന്നില്ല. കുറേക്കൂടി ചിന്തിച്ച് പ്ലാൻ ചെയ്ത് പ്രവർത്തിക്കുന്ന രീതിക്കാരനാണ് ലിയോ പാപ്പാ എന്നു തോന്നുന്നു. ബ്ലൂ മോസ്ക് സന്ദർശനം അദ്ദേഹത്തിൻ്റെ കാര്യപരിപാടിയിൽ ഉണ്ടായിരുന്ന കാര്യമാണ്. കാര്യങ്ങൾ വിശദീകരിച്ചു നല്കാൻ പ്രഗത്ഭനും പണ്ഡിതനുമായ ഒരു ഗൈഡിനെ സർക്കാർ ഏർപ്പാടുചെയ്തിരുന്നു. അദ്ദേഹം ഇടതടവില്ലാതെ കാര്യങ്ങൾ വിശദീകരിച്ച് നല്കുന്നുമുണ്ടായിരുന്നു. അതിനിടെയാണ് മോസ്കിലെ ഇമാം "അങ്ങേക്ക് വേണമെങ്കിൽ ഇവിടെ നിന്ന് പ്രാർത്ഥിക്കാം" എന്ന് പറയുന്നത്. ടൂർ നടക്കട്ടെ എന്ന അർത്ഥത്തിൽ അദ്ദേഹം അതിനോട് പ്രതികരിച്ച് മുന്നോട്ടു പോവുകയാണുണ്ടായത്. എന്തുകൊണ്ടാണ് ബ്ലൂ മോസ്കിൽ വച്ച് പ്രാർത്ഥിക്കാതിരുന്നത് എന്ന് യാത്രാമധ്യേ പത്രലേഖകർ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്. "താൻ പ്രാർത്ഥിച്ചില്ല എന്നാരാണ് പറഞ്ഞത്?" എന്നാണദ്ദേഹം മുചോദ്യം ചോദിക്കുന്നത്. താൻ ദൈവസാന്നിധ്യാവബോധത്തിലായിരുന്നു എന്നും അതുകൊണ്ടു തന്നെ പ്രാർത്ഥിക്കുകയായിരുന്നെന്നും ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കണ്ണടച്ച് നിന്നില്ല എന്നതാണ് അവരെ സംബന്ധിച്ചിടത്തോളം പ്രാർത്ഥിച്ചില്ല എന്നതിൻ്റെ തെളിവ്. ലിയോ പാപ്പാ അവബോധ പ്രാർത്ഥനയുടെ സുന്ദരമായ ടെക്റ്റ് ബുക്കായി അന്ന് ചൂണ്ടിക്കാട്ടിയത് ബ്രദർ ലോറൻസിൻ്റെ "ദൈവ സാന്നിധ്യത്തിൻ്റെ പരിശീലനം" എന്ന ചെറു ഗ്രന്ഥമായിരുന്നു.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ച്, പരിമളം പരത്തി കടന്നുപോയ ഒരു കർമ്മലീത്താ സന്ന്യാസി ആയിരുന്നു ഉത്ഥാനത്തിന്റെ ബ്രദർ ലോറൻസ്. ഒരു ആത്മീയ ക്ലാസ്സിക് ആയി കരുതപ്പെടുന്ന പ്രസ്തുത ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നത് ഓരോ നിമിഷവും എല്ലാ നിമിഷവും ദൈവത്തിന്റെ സ്നേഹ സാന്നിധ്യത്തെക്കുറിച്ചുള്ള അവബോധത്തിൽ ആയിരിക്കാനാണ്. ഓരോ നിമിഷവും 'താനും തനിക്ക് ചുറ്റിലും നിന്ന് തന്നെ സ്നേഹിക്കുന്ന ദൈവവും' എന്ന അവബോധത്തിൽ സ്നേഹപൂർവ്വം ദൈവത്തോട് സംഭാഷണം ചെയ്യുന്നതിനെ കുറിച്ചാണ്. കൺടംപ്ലേഷൻ എന്ന പ്രാർത്ഥനാരൂപത്തിൻ്റെ ഏറ്റവും പ്രായോഗികമായ ഒരു രൂപമാണത്.
സുവിശേഷങ്ങളോടോ, ദൈവശ ാസ്ത്രത്തോടോ, മാർപാപ്പാമാരോടോ പ്രത്യേകിച്ച് താല്പര്യമൊന്നുമില്ലാതെ, തങ്ങളുടേതായ തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തിനനുസരിച്ച് സഭാ കാര്യങ്ങളെ വ്യാഖ്യാനിക്കുകയും നിലപാടെടുക്കുകയും ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങൾ ലോകത്തെമ്പാടുമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഇതര മതത്തിൻ്റെ ആരാധനാലയത്തിനകത്ത് ദൈവത്തിന് പ്രവർത്തനമേഖല ഇല്ല. അല്ലെങ്കിൽ ദൈവം അവിടെയില്ല. അതുകൊണ്ടുതന്നെ ഒരാൾക്ക് അവിടെനിന്ന് സത്യദൈവത്തോട് പ്രാർത്ഥിക്കാനും കഴിയില്ല! എത്ര പുരാതനമായ കാലഘട്ടത്തിലേക്കാണ് ഇവരൊക്കെക്കൂടി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്!



















