top of page

യേശുവിൻ്റെ നാമത്തിൽ ജ്ഞാന സ്നാനം

Aug 8, 2004

3 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍
ree

യേശുവിൻ്റെ നാമത്തിൽ ജ്ഞാന സ്നാനം സ്വീകരിച്ചുകൊണ്ടാണ് ആദിമനൂറ്റാണ്ടുകളിൽ യേശുവിൽ വിശ്വസിച്ചവർ, ഈ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചത് (അപ്പ 2:38; 8:16; 19:25; 1കോറി &11). ഈ ജ്ഞാനസ്‌നാനം അവർക്കു വെറും ഒരു അനുഷ്‌ഠാനമോ ആചാരമോ ആയിരുന്നില്ല. പ്രത്യുത അവരുടെ ജീവിതത്തെയാകമാനം രൂപാന്തരപ്പെടുത്തിയ ഒരു സംഭവമായിരുന്നു. ("പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ" എന്നു തുടങ്ങുന്ന ഫോർമുല ഉപയോഗിച്ചപ്പോഴും, ക്രൈസ്ത‌വജ്ഞാനസ്നാനം യേശുവിന്റെ പെസഹാ രഹസ്യത്തിലുള്ള പങ്കുചേരൽ ആയതിനാലും, സ്നാപക യോഹന്നാൻ്റെ ജ്ഞാനസാനത്തിൽ നിന്നുള്ള അതിൻ്റെ വ്യത്യസ്‌തത വ്യക്തമാക്കേണ്ടിയിരുന്നതിനാലുമാണ് "യേശുവിന്റെ നാമത്തിലുള്ള ജ്ഞാനസ്നാനം" എന്നറിയപ്പെട്ടത്).


ദീർഘമായ ഒരുക്കമാണ് ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതിന് അന്നുണ്ടായിരുന്നത്. കുറഞ്ഞത് മൂന്നു വർഷമെങ്കിലും ദീർഘിക്കുന്ന വിശ്വാസ പരിശീലനം (Catechumenate) അന്നു നിർബന്ധമായിരുന്നു. ക്രൈസ്ത‌വ വിശ്വാസസംബന്ധമായ കാര്യങ്ങൾ പഠിക്കുന്നതിനുമാത്രമല്ല, യേശുനാഥന്റെ അരൂപിയിൽ ജീവിക്കുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള ഒരു പരിശീലനഘട്ടം കൂടിയായിരുന്നു ഈ സമയം. യേശ്യനാഥ​ന്റെ അരൂപിക്ക് അനുയോജ്യമല്ലാത്ത തഴക്കങ്ങളും പ്രവണതകളുമെല്ലാം ജീവിതത്തിൽ നിന്നു പിഴുതുകളയാനും, അവിടുത്തെ ജീവിതമൂല്യങ്ങളായ സത്യം നീതി, സ്നേഹം, സഹിഷ്ണുത, സേവനസന്നദ്ധത തുടങ്ങിയ പുണ്യങ്ങളിൽ വളരുവാനുമുള്ള ആത്മാർത്ഥമായ പരിശ്രമം ജ്ഞാനസ്നാനാർത്ഥികളിൽ നിന്നും ആവശ്യപ്പെട്ടിരുന്നു. മൂന്നാം വർഷത്തെ വലിയ നോമ്പുകാലം കുറെക്കൂടെ തീവ്രമായ പരിശീലനഘട്ടമായിരുന്നു. ഈ പരിശ്രമങ്ങൾ വലിയ ആഴ്ചയിൽ അതി​ന്റെ പരിസമാപ്‌തിതിലെത്തി. ജ്ഞാനസ്നാനാർത്ഥികൾ മാത്രമല്ല, അവരുടെ ബന്ധുമിത്രാദികളും ഈ ദിവസങ്ങൾ പ്രാർത്ഥനയിലും ഉപവാസത്തിലും ചെലവഴിക്കുക പതിവായിരുന്നു.


അങ്ങനെ ആധ്യാത്മികമായി വളരെയേറെ ഒരുങ്ങിയശേഷമാണ് ദുഃഖശനിയാഴ്‌ചരാത്രി ജ്ഞാനസ്നാനത്തിന് അവർ അണഞ്ഞത്. വ്യക്തിപരമായ തിരഞ്ഞെടുപ്പോടും തീരുമാനത്തോടുംകൂടി യേശു നാഥനെ രക്ഷകനായി സ്വീകരിച്ചതിൻ്റെ ബാഹ്യമായ പ്രതീകമായിരുന്നു അവർക്കു ജ്ഞാനസ്‌നാനം. "പഴയ ജീവിതരീതിയിൽ നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്തികളാൽ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറി"ഞ്ഞ്, "യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിൻ്റെ സാദ്യശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കുകയാണ് ജ്ഞാനസ്നാനം (എഫേ 4:22.24) എന്ന ആഴമേറിയ അവബോധമാണ് ഈ അർത്ഥികൾക്കുണ്ടായിരുന്നത്. ഈ അവബോധത്തെ ബലപ്പെടുത്തി ഉറപ്പിക്കാൻ ഉതകുന്നവയായിരുന്നു പഴയവസ്ത്രങ്ങളുടെ ഉരിഞ്ഞുമാറ്റലും ദേഹമാസകലം വിശുദ്ധ തൈലം കൊണ്ടുള്ള ലേപനവും വെള്ളത്തിൽ മുഴുവനായി മുക്കിയുള്ള ജ്ഞാനസ്‌നാനവും. ആത്മാവിലും ശരീരത്തിലും മനസ്സിലും വികാരങ്ങളിലുമെല്ലാം ആഴമേറിയ ഒരനുഭൂതിയായിരുന്നു ഈ സംഭവം. ജ്ഞാനസ്നാനത്തോടൊപ്പം തന്നെയായിരുന്നു അന്നു സ്ഥൈര്യലേപനവും. പാപങ്ങളിൽ നിന്നെല്ലാം മോചിതരായി, പരിശുദ്ധാത്മാവിനാൽ അഭിഷിക്തരായി, സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മകനും മകളുമായി പുനർജ്ജന്മം നേടിയതിന്റെ നിർവ്യതിയിലാണ് പിന്നീടുള്ള അവരുടെ ജീവിതം മുന്നോട്ടു നീങ്ങിയത്. ദൈവസ്നേഹവും പരസ്നേഹവും നിറഞ്ഞവരായി അവർക്കു ജീവിക്കാൻ കഴിഞ്ഞതും ആഴമേറിയ ഈ അവബോധത്താലാണ്. ക്രൈസ്ത‌വരുടെ ജീവിത ശൈലി കണ്ടവർ പരസ്പ്‌പരം പറഞ്ഞിരുന്നു: "കണ്ടാലും! ഈ ക്രൈസ്‌തവർ എപ്രകാരം പരസ്പരം സ്നേഹിക്കുന്നു!" നീതിയിലും സ്നേഹത്തിലും സേവനത്തിലുമുള്ള ക്രൈസ്‌തവരുടെ ജീവിതം മറ്റുള്ളവർക്കു മാതൃകയും പ്രചോദനവുമായിരുന്നു.


ജ്ഞാനസ്നാനത്തിനുശേഷം വീണ്ടും ഗുരുതരമായ ഒരു പാപത്തിലേക്കു വഴുതിവീഴാനുള്ള സാധ്യതപോലും അവർക്കു ചിന്തിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് ഇന്നത്തെപ്പോലെയുള്ള കുമ്പസാരമൊന്നും ആദ്യനൂറ്റാണ്ടുകളിൽ സഭയിൽ ഇല്ലാതിരുന്നത്. കാലക്രമത്തിൽ ജ്ഞാനസ്നാനം സ്വീകരിച്ചവർക്കും ഗൗരവമേറിയ തെറ്റുകളിൽ വീഴാനുള്ള അപകടമുണ്ടാകാമെന്നു മനസ്സിലായപ്പോൾ, ഒരു പ്രാവശ്യം (മാത്രം) അനുതാപത്തിനും അനുരഞ്ജനത്തിനും അവസരം നല്കി. അതു വളരെ കഠിനമായ പരിഹാര പ്രവൃത്തികളിലൂടെ മാത്രമേ സാധ്യമായിരുന്നുള്ളു. പിന്നെയും പാപത്തിൽ വീണാൽ സഭയിൽനിന്ന് ഒരനുരഞ്ജനം സാധ്യമായിരുന്നില്ല. അത്ര ഗൗരവത്തോടെയാണ് ജ്ഞാനസ്‌നാനത്തിലൂടെ കൈവന്ന ക്രൈസ്തവ വിശുദ്ധിയെയും ഈ വിശുദ്ധിക്കെതിരായി സംഭവിച്ച തെറ്റുകളെയും വീഴ്ചകളെയും ആദിമ ക്രൈസ്‌തവർ കണ്ടത്.


പിന്നീടുള്ള നൂറ്റാണ്ടുകളിൽ ശിശുക്കളുടെ ജ്ഞാനസ്‌നാനം സാർവ്വത്രികമായി വ്യാപകമായി. തത്ത്വത്തിൽ ശിശുക്കളുടെ ജ്ഞാനസ്‌നാനം സാധുവാണെങ്കിലും, അതിനുള്ള വ്യവസ്ഥ ജ്ഞാനസ്നാത്തിനുശേഷം കുഞ്ഞുങ്ങൾ വളർന്നു വരുന്ന സാമൂഹവും, വിശിഷ്യ, ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളും കൂടുംബവും സജീവമായ ക്രൈസ്തവവിശ്വാസത്തിലും ചൈതന്യത്തിലും ജീവിക്കുന്നവരായിരിക്കണമെന്നതാണ്. അങ്ങനെയുള്ള സമൂഹത്തിലും കുടുംബത്തിലും വളർന്നുവരുന്ന കുഞ്ഞുങ്ങൾ ഭൗതികമായ വളർച്ചയ്ക്കൊപ്പം ആത്മീയമായും യേശുനാഥൻ്റെ അരൂപിയിലും ചൈതന്യത്തിലും വളർന്ന്, പ്രായപൂർത്തിയാകുമ്പോൾ വ്യക്തിപരമായി യേശുവിനെ രക്ഷകനായി സ്വീകരിച്ചുകൊള്ളുമെന്ന പ്രതിക്ഷയാണ് യഥാർത്ഥത്തിൽ ശിശുക്കളുടെ ജ്ഞാനസ്നാനത്തെ സാധൂകരിക്കുന്നത്. നിർഭാഗ്യവശാൽ ശിശുക്കളുടെ ജ്ഞാനസ്‌നാനം സാർവ്വത്രികമായങ്കിലും, സമൂഹങ്ങളും കുടുംബങ്ങളും പലപ്പോഴും വ്യക്തിപരമായ തിരഞ്ഞെടുപ്പോടും തീരുമാനത്തോടുംകൂടി യേശുവിനെ രക്ഷകനായി സ്വീകരിച്ചവരോ അങ്ങിൽ സജീവമായി വിശ്വസിച്ചുകൊണ്ട് അവിടത്തെ ചൈതന്യത്തിൽ ജീവിക്കുന്നവരോ ആയില്ല. അങ്ങനെയുള്ള സമൂഹത്തിലും കുടുംബങ്ങളിലും വളർന്നു വരുന്ന കുഞ്ഞുങ്ങൾക്കും വ്യക്തിപരമായി യേശുവിനെ രക്ഷകനായി സ്വീകരിക്കുവാൻ കഴിയുന്നില്ലെങ്കിൽ അത്ഭുതപ്പെടാനില്ലല്ലോ.


ജ്ഞാനസ്‌നാനം സ്വീകരിച്ചതുകൊണ്ടു ക്രൈസ്തവരായി അറിയപ്പെടുന്നെങ്കിലും, ക്രൈസ്‌തവികതയുടെ അന്തഃസത്തയെന്തെന്നോ യേശുവിന്റെ അരൂപിയും മൂല്യങ്ങളുമെന്തെന്നോ പലർക്കും ഒരു ഗ്രാഹ്യവുമില്ലാതായി. കുറെ അനുഷ്‌ഠാനങ്ങളും ആചാരങ്ങളുമാണ് അവരെ സംബന്ധിച്ചിടത്തോളം ക്രൈസ്തവികത. ഞായറാഴ്‌ച പള്ളിയിൽ പോകുക, പെരുന്നാളുകൾ കൂടുക, ഇടയ്ക്കിടെ വെറും അനുഷ്‌ഠാനങ്ങൾ എന്ന നിലയിൽ ചില കൂദാശകൾ സ്വീകരിക്കുക, പുണ്യവാന്മാർക്കു നേർച്ചക്കാഴ്ചകളർപ്പിക്കുക, ദേവസ്യാനോസ്(സെബസ്റ്റ്യാനോസ്) പുണ്യവാന്റെ സ്തു‌‌തിക്കായി കഴുന്ന് (അമ്പ്) എഴുന്നള്ളിക്കുക, മരിച്ചവർക്കുവേണ്ടി ചിലപ്പോൾ കുർബാന ചൊല്ലിക്കുക. ഇത്രയുമൊക്കെ ആയാൽ ക്രിസ്‌തീയമായ കടമകൾ പൂർത്തിയായെന്നാണ് പലരുടെയും ധാരണ. ഇവയോടൊപ്പമുള്ള വഞ്ചന, ചതി, കൈക്കൂലി, അഴിമതി, ജോലി ചെയ്യാതെ ശമ്പളം പറ്റൽ, നീതി രഹിതമായ മാർഗ്ഗങ്ങളിലൂടെയുള്ള ധനസമ്പാദനം, അയൽക്കാരന്റെ കഷ്‌ടപ്പാടിൻ്റെയും കണ്ണീരിന്റെയും മുമ്പിലുള്ള നിസ്സംഗത ഇവയൊന്നും അവർക്കു പ്രശ്നമേയല്ല. ക്രൈസ്തവ വിശ്വാസത്തിന്, ക്രിസ്‌തുനാഥൻ്റെ അരൂപിക്ക്, ഇതെല്ലാം കടകവിരുദ്ധമാണെന്ന ചിന്തയേ പലർക്കും ഉണ്ടാകുന്നില്ല. വല്ലപ്പോഴും അങ്ങനെയൊരു ചിന്തയും മനഃസാക്ഷിക്കടിയുമുണ്ടായാൽ തന്നെ, അതിനു ശമനം വരുത്തുന്ന ഒരനുഷ്ഠാനമായിത്തീരുന്നു. ആണ്ടുവട്ടത്തിൽ ഒരിക്കലെങ്കിലും നിറവേറ്റാൻ നിർബന്ധമുള്ള കുമ്പസാരം എന്ന കൂദാശ. യഥാർത്ഥമായ മാനസാന്തരത്തിന്റെയും ജീവിത പരിവർത്തനത്തിന്റെയും കൂദാശയായിട്ടാണ് കുമ്പസാരം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെങ്കിലും, പലർക്കും അതൊരു അനുഷ്‌ഠാനം മാത്രമാണ്. വർഷാവസാനമുള്ള ഒരു കണക്കുതീർക്കലും വരും വർഷത്തേക്കുള്ള 'മുൻകൂർ ജാമ്യവും'! സമൂഹത്തെ ഇന്നു ഭയാനകമായി ബാധിച്ചിരിക്കുന്ന മൂല്യത്തകർച്ചയിൽ ക്രൈസ്‌തവർക്കുള്ള പങ്ക് ഒട്ടും കുറവല്ലെന്നു പലരും പരാതിപ്പെടുന്നുണ്ടല്ലോ. ക്രൈസ്‌തവർക്കിടയിലെ ഈ മൂല്യത്തകർച്ചയ്‌ക്കെല്ലാം കാരണം, അനുഷ്‌ഠാനവും സാമൂഹ്യാചാരവുമെന്ന നിലയിൽ ജ്ഞാനസ്നാനം സ്വീകരിച്ച് പേരിനു ക്രൈസ്‌തവരായെങ്കിലും, വ്യക്തിപരമായ തിരഞ്ഞെടുപ്പോടും തീരൂമാനത്തോടും കൂടി അവർ യേശുവിനെ ഇനിയും സ്വീകരിച്ചിട്ടില്ല എന്നതു തന്നെയാണ്.


എന്താണ് ഈ പ്രതിസന്ധിക്ക് ഒരു പ്രതിവിധി ക്രൈസ്തവ സമൂഹത്തിൻ്റെയും സഭയുടെയും കൂലംകക്ഷമായ ചിന്തയും ആത്മശോധനയും അടിയന്തിരമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണിത്. ശിശുക്കളായിരുന്നപ്പോൾ വ്യക്തിപരമായ തിരഞ്ഞെടുപ്പും തീരുമാനവും കൂടാതെ ജ്ഞാനസ്‌നാനം സ്വീകരിച്ചതാണ് ഈ പ്രതിസന്ധിക്കുള്ള കാരണമെന്ന ചിന്തയിൽ, ശിശു ജ്ഞാനസ്നാനം അസാധുവെന്നു പറഞ്ഞു തള്ളിക്കളയുകയും വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് വീണ്ടും സ്നാനപ്പെടുകയും ചെയ്ത‌ ചിലരെപ്പറ്റി അടുത്ത കാലത്തു കേൾക്കുകയുണ്ടായി. യഥാർത്ഥമായ ക്രൈസ്‌തവ വിശ്വാസത്തിലേക്കും ചൈതന്യത്തിലേക്കും വരാനുള്ള അവരുടെ നിയോഗം നല്ലതുതന്നെയെങ്കിലും, മൂന്നാം നൂറ്റാണ്ടുമുതലെങ്കിലും സഭയിൽ വ്യാപകമായി അംഗീകരിക്കപ്പെട്ട ശിശു ജ്ഞാനസ്‌നാനത്തെ അസാധുവായി തിരസ്കരിക്കുന്നതും ജ്ഞാനസ്‌നാനം ആവർത്തിക്കുന്നതും ശരിയല്ല തന്നെ. ശിശുജ്ഞാനസ്നാനം വേണ്ടെന്നുവെച്ച്, പ്രായപൂർത്തിയായവർക്കു മാത്രമേ മേലിൽ ജ്ഞാനസ്നാനം നല്കുകയുള്ളുവെന്നുവെക്കുന്നതും ശരിയായ പ്രതിവിധി അല്ല. സഭാപരമായ ഒരു തിരുക്കർമ്മത്തിലൂടെ ശൈശവപ്രായത്തിൽ കുഞ്ഞുങ്ങളെ ദൈവത്തിനു പ്രതിഷ്‌ഠിച്ചശേഷം, ക്രൈസ്തവ വിശ്വാസത്തിലും ചൈതന്യത്തിലും അവരെ വളർത്തി പ്രായപൂർത്തിയാകുമ്പോൾ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് സ്വതന്ത്രമായ തിരഞ്ഞെടുപ്പോടും തീരുമാനത്തോടും കൂടെ അവർ ജ്ഞാനസ്‌നാനം സ്വീകരിക്കുന്ന രീതി അവലംബിക്കുന്നെങ്കിൽ അത് അർത്ഥവത്തായ മറ്റൊരു സാധ്യതയാണെന്നതിനു സംശയമില്ല.


എന്നാൽ, ശിശുജ്ഞാനസ്‌നാനം തുടരുന്ന സാഹചര്യത്തിൽ, ജ്ഞാനസ്‌നാനം സ്വീകരിച്ച കുഞ്ഞ് വളർന്നുവരുന്ന സഭാസമൂഹവും കുടുംബവും വിശിഷ്യ ആ കുഞ്ഞിൻ്റെ മാതാപിതാക്കളും എപ്രകാരം യേശുവിനെ വ്യക്തിപരമായി സ്വീകരിച്ചവരും യേശുവിന്റെ അരൂപിയിൽ ജീവിക്കുന്നവരുമാകണം എന്നതാണ് പ്രധാനമായ കാര്യം ആ കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരങ്ങളും യഥാർത്ഥമായ ക്രൈസ്ത‌വ ജീവിതം നയിക്കുന്നവരാണോ? യേശുവിൻ്റെ അരൂപിയിൽ പരസ്‌പരം ‌സ്നേഹിക്കയും ക്ഷമിക്കയും ചെയ്യുന്നവരാണോ? സത്യം, നീതി, സമഭാവന, ദരിദ്രരോടുള്ള സഹാനുഭൂതി, തുടങ്ങിയ ക്രൈസ്‌തവമൂല്യങ്ങൾ ജീവിക്കുന്നവരാണോ? ആ 'കുഞ്ഞു വളർന്നു' വരുന്ന സഭാ സമൂഹത്തിൽ യേശുവിൻ്റെ അരൂപിയും ചൈതന്യവുമാണോ നിറഞ്ഞുനില്ക്കുന്നത്? അവിടെ യേശുവിന്റെ അരൂപിക്കു ചേരാത്ത ഭിന്നിപ്പുകളോ ചേരിതിരിവുകളോ കക്ഷിമത്സരങ്ങളോ ഗ്രൂപ്പുകളികളോ നിലവിലുണ്ടോ? മറ്റു മതങ്ങളോടും സമുദായങ്ങളോടും സഭാസമൂഹങ്ങളോടുമുള്ള നിലപാടിൽ ക്രിസ്‌തീയമായ സ്നേഹവും സൗഹാർദ്ദതയുമാണോ നിഴലിക്കുന്നത് സഭാനേതൃത്വത്തിനും അണികൾക്കുമിടയിൽ അനാവശ്യമായ അകൽച്ചകളും അന്യവത്ക്കരണങ്ങളുമുണ്ടോ? സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള വിവേചനങ്ങളുണ്ടോ? കഴിവും മറ്റ് അർഹതകളുമുണ്ടായിട്ടും പാവപ്പെട്ടവരായതിൻ്റെ പേരിൽ സഭയും സന്ന്യാസസമൂഹങ്ങളും നടത്തുന്ന സ്ഥാപനങ്ങളിൽ പ്രവേശനവും നിയമനവും അസാധ്യമായിത്തീരുന്നുണ്ടോ? ദൈവജനത്തിനുമുഴുവൻ പ്രയോജനപ്രദമാകുന്നുണ്ടോ ഈ സ്ഥാപനങ്ങൾ? യേശുവിൻ്റെ ദൗത്യമാണോ അവയുടെ ആത്യന്തിക ലക്ഷ്യം?


ഇവിടെയെല്ലാമാണ് ആത്മശോധനയും തിരുത്തലുകളും മാനസാന്തരവും ആവശ്യമായിരിക്കുന്നത്. ഒരു കുഞ്ഞു വളർന്നുവരുന്ന സഭാസമൂഹത്തിലും കുടുംബത്തിലും യേശുവിന്റെ അരൂപിയും ചൈതന്യവും ജീവിക്കപ്പെടുന്നെങ്കിൽ, ആ കുഞ്ഞും ഈ അരുപിയിലും ചൈതന്യത്തിലും വേരുറച്ചുവളരും. പ്രായപൂർത്തിയാകുമ്പോൾ സ്വതന്ത്രമായ തീരുമാനത്തോടെ യേശുവിനെ രക്ഷകനായി ഏറ്റുപറഞ്ഞ്, അവിടത്തെ മൂല്യങ്ങൾക്കും ആശയാഭിലാഷങ്ങൾക്കുമൊത്തു ജീവിക്കുവാൻ ആ വ്യക്തിയെ അതു പ്രാപ്തനാക്കും. അതിനാൽ നമ്മിലോരോരുത്തരിലും നമ്മുടെ കുടുംബങ്ങളിലും നമ്മുടെ സഭാസമൂഹങ്ങളിലുമാണ് മാനസാന്തരവും നവീകരണവും ഇന്ന് അവശ്യാവശ്യമായിരിക്കുന്നത്. അതിനു പരിശുദ്ധാരൂപിയുടെ അനുഗ്രഹത്തോടെ പരിശ്രമിക്കയെന്നത് നാമോരോരുത്തരുടെയും കടമയാണ്.



ആ​ഗസ്റ്റ് 2004

Aug 8, 2004

0

11

Recent Posts

bottom of page