top of page

അനന്തരം

Jun 1, 2025

2 min read

ബോബി ജോസ് കട്ടിക്കാട്

1

ഏകദേശം എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. August 6, 1945 പ്രഭാതം.


ജപ്പാനിലെ Sumitomo Bank ന്‍റെ ഹിരോഷിമാ ബ്രാഞ്ചില്‍ല്‍ പ്രവര്‍ത്തന സമയം തുടങ്ങുന്നതും കാത്ത് പുറത്തെ കല്‍ക്കെട്ടില്‍ ഒരാള്‍ ഇരുപ്പുണ്ടായിരുന്നു. തിങ്കളാഴ്ചയാണ്. തെരുവ് സജീവമാണ്.

സമയമപ്പോള്‍ ഏതാണ്ട് എട്ടേകാലായിട്ടുണ്ടാവും.

അതിന്?

ഒന്നുമില്ല.

'Little Boy' എന്ന ഓമനപ്പേരുള്ള ആറ്റം ബോംബ് നഗരത്തിന് മീതെ പതിച്ചത് അപ്പോഴാണ്.


കൊടിയ ചൂടില്‍ അയാള്‍ ആ കല്‍പ്പടവില്‍ മാഞ്ഞു പോയി. സൂക്ഷിച്ചു നോക്കിയാല്‍ അയാളുടെ നിഴല്‍ കാണാം. നോക്കി നില്‍ക്കുമ്പോള്‍ മനുഷ്യരങ്ങ് നിലച്ചു പോവുകയാണ്.


ആ പടവുകള്‍ ഹിരോഷിമായിലെ വാര്‍ മ്യൂസിയത്തിലുണ്ട്. അതിന് മുമ്പില്‍ നില്‍ക്കുമ്പോള്‍ ചുമ്മാ നമുക്ക് ശ്വാസം മുട്ടും. Human Shadow of Death അങ്ങനെ ഏതാണ്ടാണ് അവരതിന് പേരിട്ടിരിക്കുന്നത്.


2


എതാനും ജാപ്പാനിസ് പദങ്ങള്‍ പഠിപ്പിക്കാനായി ഗൈഡ് ശ്രമിക്കുമ്പോള്‍ അറിയാവുന്ന ഏക പദമോര്‍ത്തു. ശ്രദ്ധിക്കാതിരിക്കുക /അവഗണിക്കുക / നിന്ദയോടെ പെരുമാറുക / നിശബ്ദമാവുക എന്നൊക്കെ അര്‍ത്ഥം വരുന്ന mokusatsu -യാണത്.


1945 ജൂലൈ, ജര്‍മ്മനിയിലെ പോട്സ്ഡാമില്‍ ഒത്തു ചേര്‍ന്ന സഖ്യകക്ഷികള്‍ ഉപാധികളൊന്നുമില്ലാതെ കീഴടങ്ങാന്‍ ജപ്പാന് അന്ത്യശാസനം കൊടുക്കുന്നു. നിഷേധാത്മകമായ ഏതൊരു നീക്കത്തിനും കനത്ത വില കൊടുക്കേണ്ടി വരുമെന്ന് അവര്‍ കൂട്ടി ചേര്‍ത്തു.


ഉത്തരത്തിനു വേണ്ടി ലോകം പെരുവിരലേ കുത്തി കാത്തു നില്‍ക്കുകയാണ്.


ടോക്കിയോയിലെ പത്രക്കാര്‍ പ്രധാനമന്ത്രിയുടെ (Premier) പ്രതികരണം ആരാഞ്ഞപ്പോള്‍ ഉത്തരം വൈകിക്കുകയെന്ന ഭരണാധികാരികളുടെ പതിവ് രീതിയില്‍ തല്‍ക്കാലം പ്രതികരിക്കുന്നില്ല എന്നര്‍ത്ഥത്തില്‍ mokusatsu എന്ന മറുപടി കിട്ടി.


Kantaro Suzuki യുടെ വാക്ക് ഞൊടിയിടയില്‍ തന്നെ തെറ്റിദ്ധരിക്കപ്പെട്ടു. പ്രതികരണം പോലും അര്‍ഹിക്കുന്നില്ല എന്നയാള്‍ പറഞ്ഞുവെന്ന മട്ടില്‍.


തങ്ങള്‍ അപമാനിക്കപ്പെട്ടു എന്നു സ്വയം വിചാ രിച്ച മനുഷ്യര്‍ കടുത്ത ഒരു തീരുമാനവുമായി മുന്നോട്ട് പോയി. പത്തു ദിവസത്തിനിപ്പുറം ഹിരോഷിമ സംഭവിച്ചു. ഒരു ദേശം പൂര്‍ണ്ണമായി വെന്തു പോയി.


'The World’s Most Tragic Translation', എന്ന പേരില്‍ മനുഷ്യരുള്ളിടത്തോളം കാലം ഈ പദം ഓര്‍മ്മിക്കപ്പെടും. അവധാനതയില്ലാത്ത വാക്കുകള്‍ അന്തരീക്ഷത്തില്‍ അപായമണി മുഴക്കുന്ന ഈ വര്‍ത്തമാനത്തില്‍ വിശേഷിച്ചും!


3


ഹിരോഷിമായിലെ വാര്‍ മ്യൂസിയത്തില്‍ അതുമുണ്ട് : ഒരു കുട്ടിയുടെ ലഞ്ച് ബോക്സ്. യുദ്ധം/സമാധാനം തുടങ്ങിയ വലിയ പദങ്ങള്‍ പത്രങ്ങളുടെ തലക്കെട്ടുകള്‍ മാത്രമാണെന്ന് നിനച്ച് ജീവിക്കുന്ന മനുഷ്യര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണത്.


 ഒരു പുലരിയില്‍ കരിഞ്ഞു പോയ ഒരു ദേശത്തില്‍ നിന്ന് അമ്മ കണ്ടെത്തിയ തിരുശേഷിപ്പാണത്. അതില്‍ അവന്‍റെ പേര് കോറിയിട്ടുണ്ട്:

Shigeru: ചോറ് കരിഞ്ഞു പോയി.


അതേ ദേശത്ത് തന്നെ അദ്ധ്യാപകനായ Tatsuharu Kodama,, ഷിഗേരുവിന്‍റെ അമ്മയെ കണ്ടെത്തി. ആദ്യമൊക്കെ അമ്മ അയാളെ ഒഴിവാക്കി. പിന്നെ അമ്മ പതം പറഞ്ഞ് തുടങ്ങി. അയാള്‍ അതെല്ലാം എഴുതി, ഒരു പുസ്തകമാക്കി: ലഞ്ച് ബോക്സ്. പിന്നീടതില്‍ നിന്ന് ഒരു സിനിമയൊക്കെയുണ്ടായി.


കുട്ടികള്‍ തങ്ങളുടെ ചോറ്റു പാത്രത്തിലേക്ക് വെറുതെ ഉറ്റു നോക്കുന്ന സാഹചര്യമൊക്കെ ആ പുസ്തകം സൃഷ്ടിച്ചുവെന്നാണ് എഴുത്തുകാരന്‍ ഓര്‍ത്തെടുത്തത്. ഗസയിലെ  കുഞ്ഞുങ്ങള്‍ ഒരു ചോറ്റു പാത്രത്തിന്‍റെ അനുഭാവം പോലുമില്ലാതെ കടന്നു പോകുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.


 World Peace Memorial Cathedral in Hiroshima, Pic credit: Archeyes .com
 World Peace Memorial Cathedral in Hiroshima, Pic credit: Archeyes .com

4


ദേവാലയത്തിന്‍റെ മേല്‍ക്കൂരയില്‍ അകലെനിന്ന് കാണാവുന്ന വിധത്തില്‍ ഭൂഗോളത്തിന് മുകളില്‍ ചിറക് വിരിച്ചു നില്‍ക്കുന്ന ഫീനിക്സിനെ കാണാം. ഉടഞ്ഞു പോയ ദേശത്തിന് മീതെ ഉയര്‍ന്ന ആദ്യത്തെ പ്രധാനപ്പെട്ട എടുപ്പ് ആ കത്തീഡ്രല്‍ പള്ളിയായിരുന്നു.


ഒമ്പതു വര്‍ഷത്തിനുള്ളില്‍അത് പണിതുയര്‍ത്തിയത് Hugo Lassalle, എന്ന ജസ്യൂട്ട് വൈദികനാണ്. പൊള്ളലോടെ രക്ഷപെട്ടയാളാണ്, ഒരേ നേരം സാക്ഷിയും ഇരയും.


ബുദ്ധിസത്തോട് മമതയുള്ള മനുഷ്യനാണ്. കിയോട്ടയിലെ ബുദ്ധക്ഷേത്രത്തില്‍ നിന്നാണ് ഫീനിക്സ് മാതൃകയായത്. ചിതയില്‍ നിന്നുയരുന്ന പക്ഷിയായാണ് അത് സങ്കല്പിക്കപ്പെടുന്നത്.


ലോകത്തിന് മുമ്പോട്ട് പോയേ പറ്റൂ.


പള്ളിക്ക് പുറത്ത് മണിഗോപുരമുണ്ട്. കഴിഞ്ഞു പോയ ലോകയുദ്ധത്തിലെ ആയുധങ്ങള്‍ ഉരുക്കി വാര്‍ത്തെടുത്ത നാലു മണികളാണ്. അതിലൊന്നില്‍ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട് : "The arms of war now sound the call to peace:" "ഇന്നലത്തെ ആയുധങ്ങള്‍ എല്ലാം ഇന്ന് സമാധാനത്തിനായി നിലവിളിക്കുന്നു."


അതിന്‍റെ ചുവരില്‍ ഇരുവശങ്ങളിലായി ജാപ്പനീസിലും ലത്തീനിലും എഴുതി വെച്ചിരിക്കുന്നതിന്‍റെ അര്‍ത്ഥം ഇതാണ്:


The church was erected in memory of the victims of the first atomic bomb dropped in Hiroshima and as a sign of peace for all nations, symbolizing the true and only way that leads to peace with God and man: the way of truth, not of deception; of justice, not of violence; of love, not of hate.


കരിഞ്ഞു പോയ അതേ ഇടത്തില്‍ നിന്നുള്ള കളിമണ്ണിലാണ് ഏകദേശം 240,000 വരുന്ന ഇഷ്ടികകള്‍ ചുട്ടെടുക്കാന്‍ Togo Murano, എന്ന ആര്‍ക്കിടെക്ട് ശ്രദ്ധിച്ചത്. ഓരോ കല്ലിലും വീണ്ടെടുപ്പിന്‍റെ പാഠങ്ങള്‍ അടക്കം ചെയ്തിട്ടുണ്ട്.

 World Peace Memorial Cathedral in Hiroshima pic credit: Archeyes .com
 World Peace Memorial Cathedral in Hiroshima pic credit: Archeyes .com

അള്‍ത്താരയില്‍ ആലേഖനം ചെയ്തിരിക്കുന്നത് മറ്റെങ്ങും ഇല്ലാത്ത മട്ടില്‍ യേശുവിന്‍റെ രണ്ടാം വരവിന്‍റെ മൊസയിക്ക് ചിത്രമാണ്. ലോകം അവസാനിച്ചുവെന്നു പോലും ഒരു ദേശം കരുതിയ നേരമായിരുന്നു അത്.


സമാധാനദൂതര്‍ ഇനിയും വരും.


പൂപ്പാത്രം പോലെ ചിതറിയ  ലോകത്തിന് ഒരു വീണ്ടെടുപ്പ് സാധ്യമാണ്. ദുഃഖവും രോഗവും അനീതിയും യുദ്ധവുമെല്ലാം കടന്നുപോകുന്ന ഒരു നാള്‍ വരും. അങ്ങ് ആദിയില്‍ വിഭാവനം ചെയ്ത ആ ലോകത്തിലേക്ക് ഞങ്ങള്‍ കൈകോര്‍ത്ത് തിരികെ നടക്കും. മുന്‍പോട്ടുള്ള ചുവട്, അഗാധ ഗര്‍ത്തമാണ്.


സഞ്ചാരിയുടെ നാള്‍വഴി, അനന്തരം

ബോബി ജോസ് കട്ടികാട്,

അസ്സീസി മാസിക,ജൂണ്‍ 2025 


Jun 1, 2025

8

550

Recent Posts

bottom of page