top of page

ആദവും ഹൗവ്വായും ഉത്ഭവപാപവും ഭാഗം-3

  • Writer: ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍
    ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍
  • Jun 3, 1989
  • 4 min read

സംശയിക്കുന്ന തോമ്മാ

A woman with blonde hair gazes thoughtfully under a tree with red fruits and a coiled snake.

ആദിമാതാപിതാക്കൾ ദൈവകല്പന ലംഘിച്ച് പാപം ചെയ്തു എന്നും അതിന്റെ ഫലമായി ഓരോ മനുഷ്യനും ഉത്ഭവപാപത്തോടുകൂടി ജനിക്കുന്നു എന്നും കത്തോലിക്കർ പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നുണ്ടല്ലോ ഇത് നികൃഷ്ടാർത്‌ഥത്തിൽ ഒരു വിശ്വാസ സത്യമാണോ? അതോ മനുഷ്യനിൽ കാണുന്ന നന്മയും തിന്മയും തമ്മിലുളള സംഘട്ടനത്തെ വിശദീകരിക്കുന്നതിനുള്ള ഒരു "സങ്കല്‌പം" മാത്രമോ? ആദിമമനുഷ്യൻറെ അധ:പതനത്തെക്കുറിച്ച് ദൈവപുത്രനായ ക്രിസ്‌തു ഒരിടത്തും പരാമർശിക്കുന്നതായി സുവിശേഷങ്ങളിൽ കാണുന്നില്ലല്ലോ.. സാത്താൻ ഇടിമിന്നൽ പോലെ ആകാശത്തുനിന്നു നിപതിക്കുന്നതു താൻ കണ്ടു എന്നു പറഞ്ഞ ക്രിസ്തു‌ ആദിമനുഷ്യൻറെ അധ:പതനത്തെക്കുറിച്ചു മൗനം ദീക്‌ഷിക്കുന്നത് അത് ഒരു ചരിത്രസത്യമല്ലാത്തതു കൊണ്ടല്ലേ!


തോമസ് മൂക്കൻതോട്ടം,

തിരുവമ്പാടി



മനുഷ്യകുലത്തിൻറെ കൂട്ടായ്മ


മനുഷ്യകുലം ഒന്നാണെന്നതും. ഓരോ വ്യക്തിയുടേയും ഭാഗധേയം മറ്റു വ്യക്‌തികളേയും അവരുടെ ഭാഗധേയത്തേയും ഒട്ടേറെ ആശ്രയിച്ചാണിരിക്കുന്നത് എന്നതും ഇന്നു മാനവശാസ്ത്രങ്ങളുടെ ഒരു ഉൾക്കാഴ്‌ചയാണ്. പരസ്പരാശ്രിതാവസ്ഥ എന്നും മനുഷ്യജീവിതത്തിൻ്റെ മുഖമുദ്രയായിരുന്നു. മറ്റുള്ളവരെ ആശ്രയിച്ചു മാത്രമേ മനുഷ്യനു ജീവിക്കാനും വളരാനും വ്യക്തിത്വം പ്രാപിക്കാനും സാധിക്കൂ. മാതാപിതാക്കളേയും കുടുംബാംഗങ്ങളേയും സുഹൃത്തുക്കളെയും വളരെയേറെ ആശ്രയിച്ചിരിക്കും ഒരു വ്യക്തിയുടെ ശാരീരികവും മാനസ്സികവും സാംസ്കാരികവുമായ വളർച്ച. മാതാവിൻ്റെ ഉദത്തിൽ രൂപംകൊള്ളുന്ന മനുഷ്യശിശു ജനിച്ചുകഴിഞ്ഞാൽ പിന്നെയുള്ള അതിന്റെ വളർച്ചയും വികാസവുമെല്ലാം സമൂഹത്തിൻ്റെ "ഉദരത്തിനുള്ളിലാണ്. സമൂഹവും അതിൻറെ ചരിത്രവുമെല്ലാം കൂടിയാണ് ഓരോ വ്യക്‌തിക്കും രൂപം കൊടുക്കുന്നത്. സമൂഹത്തിൻ്റെ ഭാഷ, ആചാരങ്ങൾ, ചിന്താരീതികൾ, മൂല്യങ്ങൾ, മുൻവിധികൾ ഇവയെല്ലാം ഓരോ വ്യക്‌തിയേയും സ്വാധീനിക്കുന്നുണ്ട്.


മനുഷ്യൻ സ്വതന്ത്രനാണെന്നതു ശരിതന്നെ. പക്ഷേ, സമൂഹവും സമൂഹത്തിലെ വ്യക്തികളും സമൂഹത്തിന്റെ ചരിത്രവുമെല്ലാം അവൻ്റെ സ്വതന്ത്രമായ തീരുമാനങ്ങൾക്കും തിരഞ്ഞെടുപ്പുകൾക്കും മുമ്പേ ആന്തരികമായി അവനെ സ്വാധീനിക്കുന്നുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ഇതു സ്വാതന്ത്ര്യത്തിനുള്ള ഒരു പരിധിയായിമാത്രം കാണുന്നതു ശരിയല്ല. സ്വതന്ത്രമായി തീരുമാനിക്കാനും തിരഞ്ഞെടുക്കാനും പ്രവർത്തിക്കാനും മനുഷ്യനെ പ്രാപ്‌തനാക്കുന്നതും സമൂഹവും ചരിത്രവുമെല്ലാം കൂടിയാണ്. അങ്ങനെ വ്യക്‌തികൾ സമൂഹത്തെ ആശ്രയിച്ചു നിലകൊള്ളുന്നു. സമൂഹം വ്യക്‌തികളേയും. മനുഷ്യകുലം ഒന്നാണ്. ഒരു കൂട്ടായ്മയാണ്. എന്ന വസ്തുതയിലേയ്ക്കാണ് ഈ പരസ്‌പരാശ്രീതാവസ്‌ഥ വിരൽ ചൂണ്ടുന്നത്. ഒരേ മാതാപിതാക്കളിൽ നിന്നു ജനിച്ചവരാണെന്നതല്ല, പ്രത്യുത ഒരേ ചരിത്രത്തിൽ പങ്കുകൊള്ളുന്നവരാണെന്നതത്രെ


രക്ഷാകര ചരിത്രത്തിലെ കൂട്ടായ്മ


സ്വാഭാവിക തലത്തിലുള്ള മനുഷ്യകുലത്തിന്റെ ഈ കൂട്ടായ്മ രക്ഷാകര തലത്തിലും വാസ്‌തവമാണ് കൂട്ടായ്മയിലാണ് ദൈവം മനുഷ്യകുലത്തെ സൃഷ്ടിച്ചിരിക്കുന്നത്. കൂട്ടായ്മയിൽ അടിസ്ഥിതമാക്കിയാണ് മനുഷ്യകുലവുമായി അവിടന്ന് രക്ഷാകര ചരിത്രം ആരംഭിച്ചതും യേശുവിൽ അതിൻറെ പാരമ്യത്തിലെത്തിച്ചതും സഭയിലൂടെ ഇപ്പോഴും തുടർന്നുകൊണ്ടുപോകുന്നതും. ഒരു മനുഷ്യനിലൂടെ മനുഷ്യകുലത്തെ രക്ഷിക്കുവാൻ വേണ്ടിയാണല്ലോ ദൈവം തന്നെ മനുഷ്യനായത്. അങ്ങനെ മനുഷ്യനായ ദൈവം - യേശു ഒരു പുതിയ കൂട്ടായ്മയ്ക്ക് അടിത്തറയിട്ടു. ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട എല്ലാ മനുഷ്യരേയും തൻറെ ജീവിതവും പീഡാനുഭവും കുരിശുമരണവും വഴി പാപത്തിൽനിന്നും അതിൻറെ പരിണതഫലങ്ങളിൽനിന്നും മോചിപ്പിച്ച്, ദൈവത്തിന്റെ മക്കളാക്കി. ഒരേ കൂട്ടായ്മയിൽ അവിടന്ന് ഒന്നിപ്പിച്ചു. ഈ കൂട്ടായ്മയെ തൻറെ മൗതിക ശരീരംതന്നെയായി പരിശുദ്ധാരൂപിയിലൂടെ വാർത്തെടുത്തു. മൗതികശരീരത്തിലൂടെയാണ് പ്രസാദവരജീവൻ ഇന്നു പ്രവഹിക്കുന്നത്.


ഈ കൂട്ടായ്മ‌യിലെ ഓരോ അംഗവും മറ്റംഗങ്ങൾക്ക് ഇന്നു പ്രസാദവരത്തിൻറെ ചാലുകളാണ്, മാധ്യമങ്ങളാണ്. നമ്മുടെ മാതാപിതാക്കളിലൂടെയാണ്, അവരുൾപ്പെടുന്ന വിശ്വാസികളുടെ സമൂഹത്തിലൂടെയാണ്, വിശ്വാസവും പ്രസാദവരജീവനുമെല്ലാം നമുക്കു ലഭിച്ചത്. ഇന്നു വിശ്വാസം കാത്തു പാലിക്കയും ജീവിക്കയും ചെയ്യുന്ന തലമുറയിലൂടെയാണ് വരും തലമുറകൾ വിശ്വാസ വെളിച്ചം സ്വീകരിക്കുക. ആദ്യം വിശ്വാസം സ്വീകരിക്കുന്നതിൽ മാത്രമല്ല. ആ വിശ്വാസം ജീവിക്കുന്നതിലും മററുള്ള‍വർ നമ്മെ സഹായിക്കയും നമുക്ക് പ്രചോദനവും പ്രസാദവരവുമായിത്തീരുകയും ചെയ്യുന്നുണ്ട്. അവരുടെ ജീവിത മാതൃകയും സ്നേഹവും സഹനവുമെല്ലാം കൂട്ടായ്മയെ വളർത്തുകയും പരിപോഷിപ്പിക്കയും മാത്രമല്ല ചെയ്യുന്നത്, കൂട്ടായ്മയിലെ വ്യക്‌തികൾക്ക് കൃപാവരത്തിന്റെ സ്രോതസ്സുകൾ തന്നെയായിത്തീരുകയും ചെയ്യുന്നുണ്ട്. കൂദാശകളുടെ സ്വികരണത്തിലും മറ്റുള്ളവരിലൂടെയാണ് ദൈവത്തിൽനിന്നും കൃപാവരം ചൊരിയപ്പെടുക. എല്ലാ മനുഷ്യരും യേശുവിലൂടെ ദൈവം സുസാധ്യമാക്കിതീർത്തിട്ടുള്ള ഈ കൂട്ടായ്മയിൽ ഒന്നുചേർന്ന്, ദൈവത്തിന്റെ മക്കളും ഏകോദരസഹോദരങ്ങളുമായി പരസ്പര സ്നേഹത്തിലും ഐക്യത്തിലും കഴിയുന്ന അവസ്ഥയാണെന്നു പറയാം ദൈവരാജ്യം എന്ന പേരിൽ യേശു വിഭാവന ചെയ്തത്. അതിൻറെ സാക്ഷാത്കരണത്തിനു വേണ്ടിയാണല്ലോ അവിടന്നു ജീവിച്ചതും പ്രവർത്തിച്ചതും പീഡകളനുഭവിച്ചതും മരിച്ചതും. യുഗാന്ത്യോന്മുഖ യാഥാർത്ഥ്യമായി ഈ കൂട്ടായ്മ അതിന്റെ പരിപൂർണതയിലെത്തുമെന്ന് നാമിന്നു പ്രത്യാശിക്കയും ചരിത്രത്തിലുള്ള അതിൻറെ സാക്ഷാത്കരണത്തിനായി പ്രയത്നിക്കയും ചെയ്യുന്നു. അങ്ങനെ ദൈവത്തിന്റെ രക്ഷാകര പദ്ധതിയനുസരിച്ച് കൃപാവരത്തിൻറെയും രക്ഷയുടേയും കാര്യത്തിലും മനുഷ്യർ പരസ്പ്‌പരാശ്രിതരാണ്.


തിന്‌മയിലും കൂട്ടായ്മ പ്രതിഫലിക്കുന്നു


എന്നാൽ, ഇതിന് ഒരു മറുവശവുമുണ്ട്. കൃപാവരത്തിൻറെയും രക്ഷയുടെയും കാര്യത്തിലെന്നപോലെ തന്നെ. കൃപാവര രാഹിത്യത്തിൻറെയും, രക്ഷാ രാഹിത്യത്തിൻറെയും കാര്യത്തിലും മനുഷ്യർ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യകുലം ഒരു കൂട്ടായ്മയാണെങ്കിൽ നന്മയിലും തിന്മയിലും അതു പ്രതിഫലിക്കുമല്ലോ.

നൽകിയ സ്വാതന്ത്യം ദുരുപയോഗിച്ച് പാപം ചെയ്യുന്ന മനുഷ്യൻ തന്നെത്തന്നെ ദ്രോഹിക്കയും ദൈവത്തെ ധിക്കരിക്കയും മാത്രമല്ല ചെയ്യുന്നത്. മനുഷ്യകലത്തെ മുഴുവനും അയാൾ ദ്രോഹിക്കുന്നുണ്ട്. കൂട്ടായ്മയിൽ ജീവിക്കുന്ന മനുഷ്യൻ പാപം ചെയ്യുമ്പോൾ അത് ആ കൂട്ടായ്മയ്ക്കു ഉലച്ചിൽ വരുത്തുമല്ലോ. എല്ലാ പാപത്തിനുമുണ്ട് സാമൂഹ്യമായ ഒരു മാനം. ലോകത്തിലെ ആദ്യത്തെ പാപം മുതൽ പിന്നീട് ഇങ്ങോട്ടുള്ള മനുഷ്യകുലത്തിൻറ പാപങ്ങൾ എല്ലാം കൂടിച്ചേർന്ന മനുഷ്യകുലത്തിനു വരുത്തുന്ന ഈ ഉലച്ചിൽ, അഥവാ പാപത്തിന്റെ ഈ ഭയാനകശക്‌തി, ഇന്നും ലോകത്തിൽ നിലനില്ക്കുന്നു. മറ്റുള്ളവർക്കു പാപത്തിലേയ്ക്കുള്ള ഒരു പ്രേരണയും പ്രലോഭനവുമായി അത് പലപ്പോഴും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ശക്തിയെയാണ് വി. പൗലോസ് ശ്ളീഹാ റോമാക്കാർക്കുള്ള ലേഖനത്തിൽ ഭാവോദ്ദിപകമായി വർണിച്ചിരിക്കുന്നതെന്നു പറയാം

ഉത്ഭവപാപം


യേശുവിലൂടെ തരുന്ന പ്രസാദവരവും രക്ഷയും സ്വീകരിക്കുന്നതിനുമുമ്പ് മനുഷ്യൻ പാപത്തിന്റെ ഈ ശക്‌തിക്ക് അധീനനാണ്. ഈ അവസ്ഥ‌യെയാണ് ഉത്ഭവപാപം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. ഈ അവസ്ഥക്ക് ഒരുവനും വ്യക്തിപരമായ ഉത്തരവാദിത്വമില്ല. അറിവോടും സമ്മതത്തോടും കൂടി എടക്കുന്ന തിരുമാനത്തിന്റെയോ തിരഞ്ഞെടുപ്പിൻറയോ ഫലമല്ല ഈ അവസ്ഥ. അതിനാൽ നിയതമായ അർത്ഥത്തിൽ പാപമെന്ന് ഈ അവസ്ഥയെ വിശേഷിപ്പിക്കാൻ പറ്റില്ല. എങ്കിലും, പ്രസാദവരത്തിൻ്റെ അഭാവത്തെ സൂചിപ്പിക്കുന്ന ഒരവസ്ഥയായതുകൊണ്ട് "ഉത്ഭവപാപ"മെന്നു പരമ്പരാഗതമായി ഇതിനെ വിളിച്ച പോരുന്നു. പ്രസാദവരത്തിലായിരിക്കുക എന്നതാണ് എല്ലാ മനുഷ്യർക്കും ദൈവം തിരുമനസ്സായിരിക്കുന്ന അവസ്ഥ. അതിനാൽ, പ്രസാദവരത്തിൻറെ അഭാവം ദൈവേഷ്ടത്തിനു വിരുദ്ധമാണല്ലോ.


മനുഷ്യൻ തന്റെ സ്വാതന്ത്ര്യത്തെ ദുർവിനിയോഗിച്ച് ദൈവപ്രമാണങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചതാണ് പാപത്തിന്റെ ഒരു ശക്തി ലോകത്തിൽ ആവിർഭവിക്കുവാൻ ഇടയാക്കിയത് എന്നു സൂചിപ്പിച്ചു. സ്വാതന്ത്ര്യം ദൈവികമായ ഒരു വിശിഷ്ട ദാനമാണ്. എന്നാൽ, അതിൻറ ദുർവിനിയോഗം ഭയാനകമായ പരിണിതഭലങ്ങൾ ഉളവാക്കുന്നു. മനുഷ്യ സ്വാതന്ത്ര്യവും പാപവും തിന്മയുടെ ശക്തിയുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു വലിയ രഹസ്യമാണെന്നു പറയാം. സ്വാതന്ത്ര്യം ദുരുപയോഗിച്ചു പാപം ചെയ്തോടെ ലോകത്തിൽ തിന്മയുടേയും പാപത്തിൻറെ ശക്തിയുടേയും വിത്തു വിതച്ചു. പാപത്തിൻറയും വിനാശത്തിൻറെയും ഒരു ചരിത്രത്തിന് അവൻ തുടക്കമിട്ടു. ആ ചരിത്രം മുമ്പോട്ടു പോകയാണ്. ലോകത്തിലേയ്ക്കു പിറന്നുവീഴുന്ന ഓരോ കുഞ്ഞിനേയും അനുധാവനം ചെയ്തുകൊണ്ട്. അതേസമയം, പാപത്തിൻറയും വിനാശത്തിൻറെയും ഈ ചരിത്രത്തിനു വിരുദ്ധമായ, അതിനെ അതുല്യമായി അതിശയിക്കുന്ന മറെറാരു ചരിത്രത്തിനു ദൈവം തന്നെ ലോകത്തിൽ തുടക്കമിട്ടു- രക്ഷാകര ചരിത്രം. "പാപം വർദ്ധിച്ചിടത്തു കൃപ അതിലേറെ വർദ്ധിച്ചു" (റോമാ 5, 20) എന്നാണല്ലോ പൗലോസ് ശ്ളീഹാ എഴുതിയിരിക്കുന്നത്. കൃപാവരത്തിൻറയും രക്ഷയുടേയും ഈ ചരിത്രവും ലോകത്തിൽ നിലനില്ക്കുകയാണ്. അതും ലോകത്തിൽ ജനിക്കുന്ന ഓരോ കുഞ്ഞിന്റെയും അവസ്ഥയെ സ്വാധീനിക്കയും അതിൻറെ ജീവിതത്തെ അനുധാവനം ചെയ്യുകയും ചെയ്യുന്നുണ്ട്. ആ കുഞ്ഞു വളർന്ന് സ്വതന്ത്രമായി തീരുമാനിക്കാനും തിരഞ്ഞെടുക്കാനുമുള്ള പ്രാപ്തിയുണ്ടാകുമ്പോൾ നന്മ അല്ലെങ്കിൽ തിന്മ തിരഞ്ഞെടുക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഒന്നുകിൽ ദൈവേഷ്ടത്തിനു വിധേയമായ അല്ലെങ്കിൽ ദൈവേഷ്ടത്തിന് എതിരായ തീരുമാനമെടുക്കുന്നു. ഇത് ആ വ്യക്‌തിയുടെ മൗലികമായ തീരുമാനമാണ് (fundamental option).


ദൈവേഷ്ടത്തിനു വിധേയമായ തീരുമാനമെടുക്കുന്ന വ്യക്‌തി കൃപാവരവും രക്ഷയും സ്വീകരിച്ചുകൊണ്ട് രക്ഷാകര ചരിത്രത്തെ സ്ഥിരീകരിക്കുന്നു. ദൈവേഷ്ടത്തിനു വിരുദ്ധമായ തീരുമാനമെടുക്കുന്ന വ്യക്ത്‌തിയാകട്ടെ കൃപാവരവും രക്ഷയും നിരസിക്കുകയും പാപത്തിൻറെയും വിനാശത്തിൻറെയും ചരിത്രത്തെ സ്ഥിരീകരിക്കയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോഴാണ് 'ഉത്ഭവപാപം' എന്നു പറയുന്ന പ്രതിഭാസത്തിൻറെ യഥാർത്ഥമായ സ്വഭാവം വെളിപ്പെടുന്നത്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിനും തീരുമാനത്തിനും മുമ്പേ തന്നെ ആന്തരികമായി ആ വ്യക്തിയെ സ്വാധീനിക്കയും പാപത്തിലേയ്ക്കു പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് അയാളെ അനുധാവനം ചെയ്തിരുന്ന പാപത്തിൻറെ ശക്തിയുടെ ആകർഷണ വലയത്തിലായിരിക്കുന്ന അവസ്ഥ തന്നെയാണ് ഉത്ഭവപാപം.

മാമ്മോദീസായും ഉത്ഭവ പാപവും


വിശ്വാസത്തിൻറ കൂദാശയായ മാമ്മോദീസാ സ്വീകരിക്കുന്ന പ്രായപൂർത്തിയായ വ്യക്‌തി ദൈവേഷ്‌ടത്തിനു വിധേയമായി ജീവിക്കാമെന്നു ബോധപൂർവ്വം പ്രതിജ്‌ഞ ചെയ്യുകയും കൃപാവരത്തിൻറെയും രക്ഷയുടെയും ചരിത്രത്തെ സ്‌ഥിരീകരിക്കുകയുമാണ് ചെയ്യുന്നത്. അതുവഴി ഉത്ഭവപാപാവസ്ഥയിൽ നിന്ന് അയാൾ മോചിതനാകുന്നു. ശിശു മാമ്മോദീസായിലാകട്ടെ, മാതാപിതാക്കൾ ആ കുഞ്ഞിനുവേണ്ടി ഉത്തരവാദിത്വരത്താടുകൂടിയ ഒരു തീരുമാനമെടുത്ത്, ഈ കൂദാശയിലൂടെ അതിനെ സഭാസമൂഹത്തിൻറെ മടിത്തട്ടിലേക്ക് ആനയിക്കുന്നു. കൃപാവരത്തിൻറെയും രക്ഷയുടെയും ചരിത്രത്തിലേക്ക് അതിനെ കൂട്ടിച്ചേർക്കുന്നു. അതുവഴി പാപത്തിൻറെയും വിനാശത്തിൻറെയും ചരിത്രത്തിൽ നിന്ന് അതിനെ മോചിപ്പിക്കുന്നു. ഇതുതന്നെയാണ് ഉത്ഭവപാപത്തിൽ നിന്നുള്ള മോചനവും. വിശ്വാസത്തിലുള്ള ഒരു ക്രൈസ്തവ ജീവിതത്തിലൂടെ ആ കുഞ്ഞിനെ അനുഗമിച്ചുകൊണ്ടിരിക്കുകയെന്നത് മാതാപിതാക്കളുടെയും സഭാസമൂഹത്തിൻറെയും കടമയാണ്. മാതാപിതാക്കളുടെ തിരഞ്ഞെടുപ്പും തീരുമാനവും സ്വതന്ത്രമായി സ്ഥിരീകരിക്കുകയെന്നത് പ്രായപൂർത്തിയാകുമ്പോൾ ആ വ്യക്തിയുടെയും കടമയാണ്. (ശിശു മാമ്മോദീസായെപ്പറ്റി മുമ്പ് എഴുതി യിരുന്നതുകൊണ്ട് ഇവിടെ കൂടുതൽ വിശദീകരണം ആവശ്യമില്ലല്ലോ: 'സംശയിക്കുന്ന തോമ്മാ (ജീവൻ' ബുക്‌സ്. ഭരണങ്ങാനം] 106-110 കാണുക).


ചുരുക്കിപ്പറഞ്ഞാൽ, ദൈവം യേശുവിലൂടെ നൽകുന്ന രക്ഷ എല്ലാവർക്കും ആവശ്യമാണ്. ഈ രക്ഷ സ്വീകരിക്കുന്നതിനുമുമ്പുള്ള അസ്ഥയ്ക്കാണ് 'ഉത്ഭവപാപം" എന്നു പറയുക. യേശുവിലൂടെ ദൈവം നൽകുന്ന രക്ഷ എല്ലാ മനുഷ്യർക്കും ആവശ്യമാണ് എന്ന വിധ്യാത്‌മകമായ (positive) പ്രസ്‌താവനതന്നെ നിഷേധാത്മകമായ (negative) രൂപത്തിൽ പറയുന്നതാണ്, 'എല്ലാവരും ഉത്ഭവ പാപത്തിലാണ്' എന്ന പ്രസ്‌താവന. മനുഷ്യകുലം ഒരു കൂട്ടായ്മയായിരിക്കുന്നതും കൂട്ടായ്മയിലുള്ള മനുഷ്യർ പാപത്തിലുൾപ്പെട്ടതുമാണ് ഉത്ഭവ പാപത്തിനു നിദാനം. ഒരേ മാതാപിതാക്കളിൽ നിന്നുത്ഭവിച്ചതുകൊണ്ട് എന്നതിനേക്കാൾ ഒരേ ചരിത്രത്തിൽ പങ്കുചേരുന്നതുകൊണ്ടും അങ്ങനെ പരസ്പരാശ്രിതാവസ്ഥയിൽ ആയിരിക്കുന്നതുകൊണ്ടുമത്രേ മനുഷ്യകുലം ഒരു കൂട്ടായ്മയായിരിക്കുന്നത്. തിന്മയിലും രക്ഷാരാഹിത്യത്തിലും ഈ കൂട്ടായ്മ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നുവെന്നതു വാസ്തവംതന്നെ. എന്നാൽ, പാപത്തേയും പാപത്തിൻറെ പരിണിത ഫലങ്ങളായ മരണത്തേയും മറെറല്ലാ തിന്മകളേയും കീഴടക്കിക്കൊണ്ട്. യേശുവിലൂടെയുള്ള രക്ഷ ദൈവം സുസാധ്യമാക്കിത്തീർത്തിരിക്കുന്നതും മനുഷ്യകുലത്തിന്റെ ഈ കൂട്ടായ്മയിലൂടെ തന്നെയത്രേ.


ആദവും ഹൗവ്വായും ഉത്ഭവപാപവും ഭാഗം-3

ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ

അസ്സീസി മാസിക, ജൂൺ 1989

bottom of page