
യഹൂദ ജനതയുടെ പ്രതീകസങ്കല്പങ്ങളിൽ മത്സ്യത്തിന് പ്രത്യേക സ്ഥാനമുണ്ട്. ഒരു അമ്മമത്സ്യത്തിന് പിന്നാലെ നൂറുകണക്കിന് കുഞ്ഞുങ്ങൾ സഞ്ചരിക്കുന്നത് കണ്ടിട്ടാവാം മത്സ്യത്തെ ഉർവ്വരതയുടെ പ്രതീകമായാണ് അവർ സങ്കല്പിച്ചിരുന്നത്. "ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലിൽ പറ്റം ചേർന്നു ചരിക്കുന്ന സകലവിധ ജീവികളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടന്ന് കണ്ടു. ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു. സമൃദ്ധമായി പെരുകി കടലിൽ നിറയുവിൻ..." ഇങ്ങനെയാണ് സൃഷ്ടിയുടെ അഞ്ചാം ദിവസത്തെ ബൈബിൾ വരച്ചിടുന്നത്. അവിടെത്തന്നെ "പെരുകുവിൻ" എന്ന ആശീർവ്വാദവചനത്തിൽ ഉർവ്വരതയുടെ ധ്വനി നിലകൊള്ളുന്നതായി പില്ക്കാല യഹൂദർ തിരിച്ചറിഞ്ഞിരുന്നു.
(ഷബാത്ത് ദിവസത്തെ അവരുടെ ഭക്ഷണം മിക്കവാറും അപ്പവും മാംസവുമായിരുന്നില്ല, പകരം അപ്പവും മീനുമായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.) ജലം ജീവൻ്റെ ആധാരമാണ്. ജലസ്രോതസ്സുകളിൽ സ്വാഭാവികമായും മീനുണ്ടായിരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മത്സ്യത്തെ ജീവനുമായി ബന്ധിപ്പിച്ച് കാണാൻ അവർക്ക് എളുപ്പമായിരുന്നു. ജലത്തിൽ മനുഷ്യർക്ക് ജീവിക്കാനാവില്ല. എന്നാൽ മത്സ്യങ്ങൾ ജീവിക്കുന്നത് പൂർണ്ണമായും ജലത്തിലാണ്. അതുകൊണ്ടുതന്നെ മീനിനോട് അവർക്ക് ഒരു "അന്യത്വം" (otherness) - തോന്നി. നാം കരയിൽ നിന്ന് നോക്കുമ്പോൾ വെള്ളത്തിലെ മീനിനെ കാണാതിരിക്കുകയും വെള്ളത്തിൽ കിടക്കുന്ന മീനിന് കരയിലെ നമ്മെ കാണാൻ കഴിയുകയും ചെയ്യുന്നതിനാൽ മീനിനെ ദൈവത്തിൻ്റെ ഒരു പ്രായോഗിക രൂപകമായി അവർ കണക്കാക്കി. മാത്രമല്ല, സദാ തുറന്ന കണ്ണുകൾ മത്സ്യത്തിനുള്ളതിനാൽ പ്രത്യേകിച്ചും, ഉറങ്ങുകയോ മയങ്ങുകയോ ഇല്ലാത്ത, ഇമപൂട്ടാത്ത - ദൈവത്തിൻ്റെ ഒരു സാംസ്കാരിക പ്രതീകമായി മത്സ്യത്തെ അവർ കണക്കാക്കി.
അത്തരം ഒരു സാംസ്കാരിക പശ്ചാത്തലത്തിലാണ് മത്സ്യം പിടിച്ചുവിറ്റ് കാലയാപനം ചെയ്തു പോന്ന പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ എന്നീ നാലുപേരുടെ ജീവിതത്തിലേക്ക് യേശു കടന്നുവരുന്നത്. "എന്റെ പിന്നാലെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്ന മുക്കുവരാക്കാം" എന്നാണ് അവൻ പറയുന്നത്.
"ഹലെയിസ്" എന്ന ഗ്രീക്ക് വാക്കിന് കടലിൽ പോകുന്നവർ, മത്സ്യബന്ധകർ എന്നൊക്കെയാണ് അർത്ഥം. കടലിലെ മുക്കുവരോട് നിങ്ങളെ കരയിലെ മുക്കുവരാക്കാം എന്ന് പറയുന്നതുപോലെ.
ഈയിടെ രസമുള്ള ഒരു റീൽ കണ്ടു. മൂന്നു നാല് ചെറിയ കുട്ടികൾ ഒരു കലുങ്കിൻ്റെയോ മറ്റോ അടുത്തുനിന്ന് മീൻ പിടിക്കാനെന്നപോലെ ചൂണ്ടയിടുന്നു. പ്രായപൂർത്തിയായ ഒ രാൾ അങ്ങോട്ട് വരുന്നു. "നിങ്ങൾ എന്തു ചെയ്യുകയാണ് " എന്ന് കൗതുകത്തോടെ ചോദിക്കുന്നു.
"മീൻ പിടിക്കുകയാണ് "
എന്ന് കുട്ടികൾ.
ആഗതൻ കലുങ്കിന് താഴേക്ക് എത്തി നോക്കുമ്പോൾ അവിടം ഉണങ്ങിക്കിടക്കുന്നു.
"അതിന്, വെള്ളമില്ലല്ലോ", എന്ന് ആഗതൻ.
ഒരു കുട്ടി പറയുന്നു:
" അതിന്, ഞങ്ങൾ ഉണക്കമീനാ പിടിക്കുന്നത് " !





















