
'പന്ത്രണ്ട് ഗോത്രങ്ങൾ' എന്ന് പറയാറുണ്ടെങ്കിലും പന്ത്രണ്ട് താവഴികൾ - ക്ലാനുകൾ ചേർന്നതായിരുന്നു ഇസ്രയേൽ ജനത. യാക്കോബിന്റെ പന്ത്രണ്ട് മക്കളുടെ പിൻമുറക്കാർ. യാക്കോബിന്റെ അപ്പൂപ്പൻ ആയിരുന്ന അബ്രഹാമിനോട് ദൈവം വാഗ്ദാനം ചെയ്തിരുന്നതുപോലെ, അവരെ സംരക്ഷിച്ച് വളർത്തിക്കൊണ്ടുവന്നത് ദൈവമായിരുന്നു. "ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എൻ്റെ ജനവും" എന്നതായിരുന്നു ദൈവം ഇസ്രായേൽ ജനതയുമായി സീനായ് മലയിൽ വച്ചു നടത്തിയ ഉടമ്പടിയുടെ കാതൽ. എന്നാൽ, അവർ വളർന്നുവലുതായപ്പോൾ ചുറ്റുമുള്ള രാജ്യങ്ങളെ നോക്കാനും അവരെ പോലെ ആകാനും ഉള്ളതായി അവരുടെ ശ്രമം. ചുറ്റുമുള്ള രാജ്യങ്ങൾക്ക് രാജാവുണ്ട്, അയാൾക്ക് ചുറ്റും സൈനിക നിരയുണ്ട്. തങ്ങൾക്കും അതുപോലെ ഒരു രാജാവിനെ വേണം എന്ന് യഹൂദജനം വാശിപിടിച്ചു. അവരുടെ താൽപര്യമതാണെങ്കിൽ അവർക്ക് ഒരു രാജാവിനെ നൽകാൻ ദൈവംതന്നെ സാമുവേൽ പ്രവാചകന് നിർദ്ദേശം നൽകി. അങ്ങനെ അവർക്ക് ലഭിച്ച ആദ്യത്തെ രാജാവായിരുന്നു സാവൂൾ. സാമുവേൽ പ്രവാചകൻ മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ, വിനയം ഇല്ലാത്തിടത്തെ അധികാരത്തിന്റെ കേന്ദ്രീകരണം വലിയ പ്രശ്നങ്ങൾക്ക് വഴിവച്ചു.
സാവൂളിനുശേഷം രാജാവായത് ദാവീദ് ആയിരുന്നു. അധികാരത്തിന്റെ കേന്ദ്രീകരണം ദാവീദിൽ വളരെ കൂടുതലായി നടന്നു. ദാവീദ് പക്ഷേ വിനയാന്വിതനായ മനുഷ്യനായിരുന്നു. അതുകൊണ്ടുതന്നെ ഒത്തിരി വലിയ പ്രശ്നങ്ങളൊന്നും ദാവീദിന്റെ കാലത്ത് ഉണ്ടായില്ല. തന്റെ ആഴമുള്ള ദൈവ ഭക്തിയിൽ നിന്നാണ് ദൈവത്തിനായി ഒരു ആലയം നിർമ്മിക്കണമെന്ന് ദാവീദിന് തോന്നുന്നത്. ചുറ്റുപാടുമുള്ള രാജ്യങ്ങൾക്കെല്ലാം അവരവരുടെ ദൈവങ്ങളും ദൈവങ്ങളെ കുടിയിരുത്തിയിട്ടുള്ള കൂറ്റൻ ക്ഷേത്രങ്ങളും ഉള്ളതായി ദാവീദ് കണ്ടിരുന്നു. ചുരുക്കത്തിൽ, ചുറ്റുമുള്ള രാജ്യങ്ങളെ പോലെതന്നെ സ്വന്തമായി ഒരു ദൈവവും ദൈവത്തെ കുടിയിരുത്തിയിട്ടുള്ള കേന്ദ്രീകൃതമായ ഒരു ദൈവാരാധനയും വേണം എന്ന ആഗ്രഹം കൂടിയാവാം ദാവീദിനെ ക്ഷേത്രനിർമ്മാണത്തിലേക്ക് പ്രോ ത്സാഹിപ്പിച്ചത്.
എന്നാൽ, ദൈവം തന്റെ പ്രവാചകനായ നാഥാനിലൂടെ ദാവീദിനെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നു.
'ആടുമേയ്ച്ചു നടന്ന നിന്നെ അവിടെ നിന്ന് പൊക്കിയെടുത്ത് ഇവിടെവരെ എത്തിച്ചത് ഞാനാണ്. ശത്രുക്കളുടെ മേൽ നിനക്ക് വിജയം നൽകിയതും ഞാനാണ്. ഇക്കാലമത്രയും എൻ്റെ ജനത്തോടൊപ്പം അവരുടെ നടുവിൽ തുണിവലിച്ചുകെട്ടിയ കൂടാരത്തിലാണ് ഞാൻ കഴിഞ്ഞിട്ടുള്ളത്. ദേവതാരു കൊണ്ട് എനിക്കായി ഒരാലയം പണിതുതരൂ എന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലല്ലോ. ഞാനാണ് നിനക്ക് ഒരാലയം പണിയാൻ പോകുന്നത്. നീയല്ല, നിൻ്റെതന്നെ സന്തതിയായിരിക്കും എനിക്കായി ഒരാലയം പണിയുക' എന്നാണ് ദൈവം ദാവീദിനോട് പറയുന്നത്.
ദൈവത്തെ ഭൂമിയിൽ ഒറ്റ ഒരു ഇടത്തിലേക്ക് ഒതുക്കുക എന്നാൽ, അധികാരത്തിൻ്റെ ഏറ്റവും വലിയ കേന്ദ്രീകരണമാണ് അവിടെ നടക്കുക. (യാഹ്‌വേ എന്ന നാമത്തിന് 'അവിടവിടെ ആയിരിക്കുന്നവൻ' എന്നുകൂടി അർത്ഥമുള്ളതാണ്). അങ്ങനെ ചെയ്താൽ രാജാവ് തന്നെയാവും തന്ത്രിയും. രാജാവ് ദൈവത്തെ ഉപയോഗിക്കും. ദൈവം രാജാവിനു കീഴിൽ അവൻ്റെ ദാസനാകും.
നാഥാൻ പറഞ്ഞ വാക്കുകളിൽ പതർച്ചയുണ്ടായിരുന്നു. നാഥാൻ്റെ തെളിമക്കുറവുകൊണ്ടാണ് ദാവീദിൻ്റെ മകൻ സോളമൻ രാജാവായപ്പോൾ, ദൈവത്തിനായി അയാൾ ജറൂസലേം ദേവാലയം പണിയുന്നത്. അന്നു മുതൽ ആരംഭിക്കുന്നൂ ജറൂസലേമിൻ്റെ പ്രശ്നങ്ങളും!
നിൻ്റെ പുത്രനായിരിക്കും എനിക്കായി ആലയം നിർമ്മിക്കുക എന്ന വചനം സത്യത്തിൽ തന്നെക്കുറിച്ചുതന്നെയായിരുന്നു എന്നതായിരുന്നു യേശുവിൻ്റെ അവബോധം. ആരാധനയുടെ കേന്ദ്രീകരണത്തെ ആദ്യം മുതൽ അവൻ എതിർക്കുന്നത് കാണാം. സമറിയാക്കാരി സ്ത്രീയോടുള്ള അവൻ്റെ സംഭാഷണത്തിലും ശിഷ്യരോടുള്ള സംഭാഷണത്തിലും അത് കാണാം. ദേവാലയ ശുദ്ധീകരണം എന്ന നിലയിൽ ആചാരനിബദ്ധമായ ബലികളെ അവൻ തുടച്ചുനീക്കുന്നതും, "നിങ്ങൾ ഈ ആലയം നശിപ്പിക്കൂ, മൂന്നു ദിവസത്തിനകം ഞാനത് പുനരുദ്ധരിക്കാം" എന്നവൻ യഹൂദ നേതൃത്വത്തോട് പറയുന്നതും ഇവിടെ സ്മരണീയമാണ്. അവനതു പറഞ്ഞിട്ട് കൃത്യം നാല്പതാം വർഷം പ്രസ്തുത ദേവാലയം നശിപ്പിക്കപ്പെടുകയും ചെയ്തു. അതിനും മുമ്പ് ഏതാണ്ട് അറുന്നൂറു വർഷം മുന്നേതന്നെ ദേവാലയത്തിൻ്റെ കേന്ദ്രമായിരുന്ന, ദൈവികസാന്നിധ്യത്തിൻ്റെ അച്ചാരമായിരുന്ന വാഗ്ദാനപേടകം നഷ്ടപ്പെട്ടിരുന്നു എന്നതാണ് സത്യം.
ചരിത്രപരമാേ കലാപരമോ ആയ ചില പ്രാധാന്യങ്ങൾ ഉണ്ടാകാമെന്നതല്ലാതെ, പവിത്രതയുടെ കാര്യത്തിൽ ലോകത്തിൽ ഒരു ദേവാലയവും മറ്റൊന്നിനെക്കാൾ ശ്രേഷ്ഠമായിരുന്നു കൂടാ. അങ്ങനെ ആരെങ്കിലും കരുതിയാൽ അവിടെത്തന്നെ ദൈവേച്ഛയുടെ ലംഘനം സംഭവിക്കുന്നുണ്ട്. അതോടെ അവിടം സവിശേഷമാം വിധം സംരക്ഷിക്കേണ്ടുന്ന ചുമതല രാജാവിൻ്റെതും വിശ്വാസികളുടേതുമായി മാറും. അതോടെ അവിടെ അഹന്ത, മദം, മാത്സര്യം, ക്രോധം, പകകളെല്ലാം സ്വയംഭൂവാകും.























