top of page

തിരിച്ചറിവു നേടാം തിരിഞ്ഞു നടക്കാം

Jan 5

3 min read

ഡോ. സി. മരിയ ഏഴാച്ചേരി SABS
People around a glowing Earth do eco-friendly activities. A sign reads "Global Guardians." Wind turbines and birds are in the bright sky.

Key Takeaways:

  • Explore the challenges of young generation in this new era of technology and how they impact family and cultural values.

  • Learn how to address the challenges of young generation.

കാലത്തിന്‍റെ കുത്തൊഴുക്കില്‍ വിജ്ഞാന വാതിലുകള്‍ അതിര്‍ത്തികളില്ലാതെ വിശാലമാകുമ്പോള്‍ വിസ്മയങ്ങള്‍ അപ്രത്യക്ഷമാകുന്ന യുഗത്തിലാണ് നമ്മുടെ ചുവടുവയ്പ്പും ജീവിതവും. സ്മാര്‍ട്ടായി നിന്ന് സ്റ്റാര്‍ട്ടപ്പിന് പരിശ്രമിക്കുന്ന ജീവിതശൈലി സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങള്‍ അചിന്തനീയമാണ്. ആത്മീയ, ഭൗതിക, സാമൂഹിക, വൈജ്ഞാനിക മേഖലകളിലെ പുരോഗതിക്കും മാറ്റങ്ങള്‍ക്കും വേണ്ടിയുള്ള കാത്തിരിപ്പിന് മുന്‍കാലങ്ങളില്‍ തലമുറകളുടെ തന്നെ അന്തരം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവയുടെ പ്രയാണത്തിന് അതീവ വേഗത കൈവന്നിരിക്കുന്നു. ഇപ്രകാരമുള്ള മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കുടുംബങ്ങളും സമൂഹങ്ങളും സാമൂഹിക ധാര്‍മിക പരിസരങ്ങളും തയ്യാറാകാതെ വരുന്നത് പാരമ്പര്യത്തെയും സംസ്കാരിക മൂല്യങ്ങളെയും പ്രാധാന്യത്തോടെ പരിഗണിക്കുന്ന മുതിര്‍ന്ന തലമുറക്കും സ്ക്രീന്‍ സംസ്കാരവും വെര്‍ച്വല്‍ ലോകവും പ്രധാനമായി പരിഗണിക്കുന്ന ക്ലിക് തലമുറ അഥവാ നെറ്റ് തലമുറയ്ക്കും തമ്മില്‍ സംഘര്‍ഷത്തിന്‍റെ വലിയ സാധ്യത സൃഷ്ടിക്കുന്നുണ്ട്.


പാരമ്പര്യവാദിയെന്ന വിളിപ്പേര് ലഭിച്ചേക്കുമോ എന്ന ചിന്തയാല്‍ മക്കളോടൊപ്പമാകാന്‍ അപ്പനും അമ്മയും പരക്കംപായുമ്പോള്‍ കൈമോശം വന്നു പോയേക്കാവുന്ന മൂല്യങ്ങളെ കൂടി പരിഗണിക്കേണ്ടതില്ലേ. ചിന്തയെ കര്‍മ്മമാക്കുന്നതിനുള്ള തങ്ങളുടെ മക്കളുടെ പ്രയാണം ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിനൊപ്പം ആണ്. അവിടേക്ക് ഓടിയെത്തുവാന്‍ ശ്രമിക്കുന്ന പ്രിയ മാതാപിതാക്കളെ അറിയേണ്ടത് അറിയണം, തിരുത്തേണ്ടത് തിരുത്തണം, അറിയിക്കേണ്ടത് അറിയിക്കണം, വിട്ടുകളയേണ്ടത് കളയണം. അങ്ങനെ മൂല്യബോധമുള്ള സംസ്കാരത്തെ നമുക്കിടയില്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കണം.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ അനന്തസാധ്യതകള്‍ അതിര്‍ത്തി ഭേദിച്ച് വീട്ടകങ്ങളിലേയ്ക്ക് ചേക്കേറുമ്പോള്‍ മാതാപിതാക്കള്‍ക്ക് മക്കളുടെ ചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നുണ്ടോ. അങ്ങനെയെങ്കില്‍ ഒരു മാറിചിന്തയ്ക്ക് തയ്യാറാവേണ്ടതാണ്. കാരണം കുഞ്ഞുങ്ങള്‍ അനന്തസാധ്യതകളുടെ നിക്ഷേപമാണ്. ആ സാധ്യതകളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിനാണ് കുടുംബത്തിന്‍റെ സാന്നിധ്യം അനിവാര്യമായി മാറുന്നത്.


ഈ കാലഘട്ടത്തില്‍ വല്ലപ്പോഴും കണ്ടുമുട്ടുന്ന, ചെറുപ്പക്കാരുടെ മാതാപിതാക്കളോട് മക്കളെപ്പറ്റി സംസാരിക്കുമ്പോള്‍ പലപ്പോഴും കിട്ടുന്ന മറുപടി: 'അവര്‍ മിടുക്കാരാണ്', 'ഞങ്ങള്‍ കൂട്ടുകാരെ പോലെയാണ്'. ഇതു പറയുമ്പോള്‍ ആ മാതാപിതാക്കളുടെ മുഖം വളരെ പ്രകാശപൂര്‍ണമാണ്. അത്ര സന്തോഷത്തോടെയാണ് മക്കളെപ്പറ്റി അവര്‍ സംസാരിക്കുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ മക്കളെ തിരുത്തേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകേണ്ടി വരുമ്പോള്‍ മനസ്സ് അറിയാതെ ചോദിച്ചുപോയിട്ടുണ്ട് ഈ മക്കളുടെ സുഹൃത്തായ മാതാപിതാക്കള്‍ക്ക് ആണോ തെറ്റിപ്പോകുന്നതെന്ന്. അനന്തസാധ്യതകളുടെ നിക്ഷേപമായ കുട്ടികളെ തിരുത്തേണ്ടത് തിരുത്തി പരസ്പര ആദരിവിന്‍റെ സംസ്കാരം വളര്‍ത്താനും ശീലിപ്പിക്കുക. വേഷത്തിലോ ഭാവത്തിലോ സംസാരത്തിലോ പെരുമാറ്റത്തിലോ അല്ല മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സുഹൃത്താവേണ്ടത്. പിന്നെയോ പൈതൃകത്തിന്‍റെ വിശുദ്ധിയും മൂല്യബോധത്തിന്‍റെ അടിത്തറയും ധാര്‍മികതയുടെ ആവരണവും വിശ്വാസത്തിന്‍റെ ആഴവും പതറുന്നിടത്ത് താങ്ങും ഇടറുന്നിടത്ത് കവചവുമായി നിലനില്‍ക്കുന്നതും പകര്‍ന്നു കൊടുക്കുന്നതുമായ സൗഹൃദമാവണമത്.


ലിംഗ വിഭിന്നതയ്ക്ക് അതീതമായ ആദരവിന്‍റെ അഭാവം സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ അനുദിനം പത്രത്താളുകളില്‍ നിറയുമ്പോള്‍ മൂകസാക്ഷികളായി നിലകൊള്ളേണ്ടവരല്ല നമ്മള്‍. കുടുംബത്തിന്‍റെ സുരക്ഷിതത്വമാണ് വ്യക്തിവൈകല്യങ്ങളുടെ വീഴ്ചകളില്‍ നിന്ന് സംരക്ഷണമായി ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തു ന്നത്. എന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ഓടിവന്ന് കയറാനുള്ള ഇടമായി നമ്മുടെ വീട്ടകങ്ങള്‍ ഒരുവനെ സുരക്ഷിതമാക്കുന്നുണ്ടോ? അതോ അവിടം ഭയത്തിന്‍റെയും അരക്ഷിതാവസ്ഥകളുടേയും ശൂന്യത സൃഷ്ടിക്കുന്ന ഇടങ്ങളായി മാറുന്നുണ്ടോ? ഏറ്റവും സുരക്ഷിതമായ അമ്മയുടെ ഗര്‍ഭപാത്രവും അവളുടെ കരതലവും കൊലക്കളത്തിനവസരമാകുന്നുണ്ടോ?


ഒരു തരത്തില്‍ ഈ തലമുറ നേരിടുന്ന പ്രതിസന്ധികള്‍ എത്രത്തോളമാണ്? മാധ്യമങ്ങളുടെ വിസ്മയ ലോകം സൃഷ്ടിക്കുന്ന യാന്ത്രികതയെ പിന്തുടരുന്നവരായി മാത്രം ഈ കാലത്തെ മാറ്റിനിര്‍ത്തുമ്പോള്‍ നാം കടന്നുവന്ന സുരക്ഷിതത്വ വഴിയെക്കുറിച്ച് കൂടി ബോധ്യമുണ്ടാകുന്നത് നല്ലതാണ്. ഒരുപക്ഷേ ഇത്രയും വിശാലമായ സാധ്യത മുന്‍ തലമുറയ്ക്ക് പരിചിതമായിരുന്നുവെങ്കില്‍ എന്താകുമായിരുന്നോ എന്തോ? കായികാധ്വാനത്തിലും ബൗദ്ധിക മേഖലകളിലും നിര്‍മ്മിതബുദ്ധി സൃഷ്ടിക്കാന്‍ ഇടയുള്ള തൊഴില്‍ പ്രതിസന്ധികള്‍, വിദ്യാഭ്യാസ മേഖലകളില്‍ നൈപുണ്യത്തിന് പ്രാധാന്യം നല്‍കുന്ന നവീന പ്രവണതകള്‍, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായ ദുരന്തസാധ്യ തകള്‍, ഡിജിറ്റല്‍ലോകം സൃഷ്ടിക്കുന്ന മാനസിക വൈകല്യങ്ങള്‍, തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദങ്ങള്‍, വെര്‍ച്വല്‍ ലോകത്തിന്‍റെ സാധ്യതകള്‍ ഒരുക്കുന്ന മരണക്കെണികള്‍, അനിയന്ത്രിതമായ വികാരപ്രകടനങ്ങള്‍ ഇങ്ങനെ ഒരു മനുഷ്യജീവിതത്തിന്‍റെ ശാരീരികവും മാനസികവും ആത്മീയവുമായ സമസ്ഥമേഖലകളെയും ചൂഴ്ന്നു നില്‍ക്കുന്ന പ്രതിസന്ധികളെക്കുറിച്ച് കൂടി നാം ബോധ്യമുള്ളവരാകേണ്ടതുണ്ട്. നിസ്സാരം എന്ന് കരുതുന്ന പല കാര്യങ്ങളുടെ പേരിലും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന കുട്ടികളും യുവാക്കളും ഇന്ന് ഏറെയാണ്. ആത്മഹത്യാ നിരക്കില്‍ പ്രായം പരിഗണിക്കുമ്പോള്‍ വളരെ വേഗത്തില്‍ അതിന്‍റെ എണ്ണം വര്‍ദ്ധിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളുടെ സ്വാധീനത്തെ പരാതി പറഞ്ഞിട്ട് കാര്യമില്ല.


ഡിജിറ്റല്‍ ലോകത്ത് ജീവിക്കുന്ന കുഞ്ഞുങ്ങളുടെയും യുവതലമുറയുടെയും മുന്‍പില്‍ അതീവ നൂതനമായ ഒട്ടേറെ സാധ്യതകള്‍ തുറന്നുവന്നു. എന്നാല്‍ അതിനേക്കാള്‍ അമൂല്യമായ മറ്റു പലതും ഇതുവഴി അവര്‍ക്ക് അന്യമായി. വഴിക്കണ്ണുമായി കാത്തിരിക്കുന്ന മുത്തച്ഛന്മാരും മുത്തശ്ശിമാരും കുടുംബങ്ങളിലുള്ള ഒത്തുകൂടലുകളും അതുവഴി കൈവന്നിരുന്ന ഊഷ്മളമായ കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പലപ്പോഴും ഡിജിറ്റല്‍ ലോകത്ത് നഷ്ടപ്പെട്ടു പോകുന്നു. പ്രവാസലോകം സൃഷ്ടിക്കുന്ന സാധ്യതകളുടെ പ്രലോഭനങ്ങളും അവയില്‍ അഭിരമിക്കുന്ന യുവതലമുറയും തത്ഫലമായി അവശേഷിക്കപ്പെടുന്ന വൃദ്ധകൂടാരങ്ങളും ഊഷ്മ ളവും പവിത്രവുമായ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു. പലപ്പോഴും സൈബര്‍ ധ്യാനത്തില്‍ മുഴുകുവാന്‍ ഈ തലമുറ നിര്‍ബന്ധിക്കപ്പെടുന്നു. അവിടുന്നുള്ള വിമുക്തിക്കും വിരസതകളകറ്റാനും ധനലാഭത്തിനുമായി ലഹരിയുടെ കെണികളില്‍ നിപതിക്കുന്നു.


കാഴ്ചയ്ക്ക് കൗതുകം പകരുന്ന നയാഗ്ര വെള്ളച്ചാട്ടം പോലെയുള്ള വിസ്മയങ്ങളെല്ലാം പോയി സന്ദര്‍ശിക്കുക എന്നത് ഒരുകാലത്ത് എല്ലാവരുടെയും സ്വപ്നമായിരുന്നു. എന്നാല്‍ വേര്‍ച്വല്‍ ലോകം സൃഷ്ടിക്കുന്ന സാധ്യതകള്‍ ഇപ്രകാരമുള്ള വിസ്മയങ്ങളെ പോലും വ്യക്തികളില്‍ നിന്ന് അകറ്റുന്നതിന് അവസരമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സൗഹൃദത്തിന്‍റെ ആഴം കുറഞ്ഞു, സ്വാര്‍ഥലാഭത്തിനായി സുഹൃത്തു ക്കളെ വിറ്റഴിക്കുന്നു, പ്രണയത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങള്‍ പെരുകുന്നു, തന്‍റെ വളര്‍ച്ചയ്ക്ക് തടസ്സം ആകുന്നവരെല്ലാം ഇല്ലാതാകേണ്ടതാണ് എന്ന ദുഷ്ടചിന്ത, ഇപ്രകാരം മനുഷ്യവ്യക്തിക്കും വ്യക്തിത്വത്തിനും ആദരവ് നല്‍കാത്ത ജീവിത ശൈലി ഇവയൊക്കെ ഈ കാലഘട്ടത്തില്‍ പ്രകടമായി കാണുന്നു.


ജീവന് വില നല്‍കാത്ത മരണ സംസ്കാരം ഇന്നിന്‍റെ ശാപമായി മാറിത്തുടങ്ങി. വീട്ടകങ്ങളില്‍ സൗകര്യങ്ങളുടെ പട്ടുമെത്തയില്‍ സ്വസ്ഥമായി നീങ്ങുന്നവര്‍ക്ക് വ്യക്തിബന്ധങ്ങളുടെ ദൃഢതയും വിള്ളലും വിവേചിച്ചറിയുവാന്‍ കഴിയുന്നില്ല.

കളിക്കളങ്ങളിലെ ആരവങ്ങളും ആര്‍പ്പുവിളികളും അയല്‍വക്കങ്ങളിലെ സൗഹൃദ വിരുന്നുമേശകളും വഴിയോരങ്ങളിലെ തണല്‍മരച്ചുവടുകളും ആപ്പുകളും ഷോര്‍ട്ട്സുകളും കൈയ്യടക്കി തുടങ്ങിയപ്പോള്‍ ജീവിതശൈലി രോഗങ്ങള്‍ ചെറുപ്പക്കാരെയും ആക്രമിച്ചു തുടങ്ങി. കാലഘട്ടം ക്ഷണിച്ചു വരുത്തുന്ന മറ്റൊരു വലിയ വെല്ലുവിളിയാണ് ചിട്ടയില്ലാത്ത ചില ശീലങ്ങള്‍, പോഷകാഹാരക്കുറവ്, വിളര്‍ച്ച, ശ്രദ്ധയില്ലായ്മ, ഉണര്‍ച്ചയില്ലായ്മ. ഇവയൊക്കെയും ചിട്ടയല്ലാത്ത ശീലത്തിന്‍റെ ഫലമാണ്. അതുപോലെ അന്ധമായ അനുകരണ ഭ്രമം അപകടപ്പെടുത്തിയ അനേകര്‍ നമ്മുടെ ചുറ്റുമുണ്ട്. ആഘോഷങ്ങള്‍ക്ക് അതിരു വിടുമ്പോള്‍ ശരീരത്തെയും മനസ്സിനെയും കാര്‍ന്നു തിന്നുന്ന വിപത്തുകളെക്കുറിച്ച് ബോധ്യമില്ലാത്തവരായി മാറുന്നു.


ചിട്ടയായ ശീലങ്ങളാണ് ഒരുവന്‍റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. അതിരാവിലെ ഉണര്‍ന്ന് പ്രാര്‍ഥനാപൂര്‍വമായ പഠനവും അധ്വാനവും നേരത്തെ ഉറങ്ങുന്ന ശീലവും കൃത്യമായ ആഹാരക്രമവും ആര്‍ഷഭാരത സംസ്കാരത്തിന്‍റെ പൈതൃക ധനമാണ്. ഇവിടെയുള്ള താളം തെറ്റലുകള്‍ നമ്മുടെ കുടുംബങ്ങളെ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്‍റെ പിടിയിലാക്കി കഴിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ആഗ്രഹിക്കുന്ന ഭക്ഷണം ആഗ്രഹിക്കുന്ന വിധത്തില്‍ ലഭ്യമാകുന്നതും അവ വാങ്ങിനല്‍കി ശീലിപ്പിക്കുന്ന മാതാപിതാക്കളും കുട്ടികളെ തുരുത്തുകളിലേക്ക് മാറ്റുന്നതിന് ഇടയാക്കി. മാത്രമല്ല കരുതിവയ്ക്കുന്നതും കാത്തിരിക്കുന്നതും പങ്കുവയ്ക്കുന്നതുമായ ഭക്ഷണ സംസ്കാരത്തിലും ഇത് വിള്ളലുകള്‍ സൃഷ്ടിച്ചു. ആരോഗ്യവും അനിവാര്യതയും മറന്ന് താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഭക്ഷണക്രമം കൊണ്ടുവന്നപ്പോള്‍ നമ്മുടെ ഭക്ഷണവിഭവങ്ങളിലും പൊളിച്ചടുതലുകള്‍ അനിവാര്യമാക്കി.


ഒട്ടേറെ പ്രതിബന്ധങ്ങള്‍ നമുക്ക് മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോഴും പ്രതീക്ഷകള്‍ക്കുണര്‍വ്വ് നല്‍കുന്ന ഒരു യുവതലമുറയെയും നമുക്ക് കാണാം. കലാലയ പഠനവഴികളിലേക്ക് തിരിയുമ്പോള്‍ കുടുംബസ്വത്തിന്‍റെ പരിഗണനകൂടാതെ തന്നെ സമ്പത്തുള്ളവനും ഇല്ലാത്തവനും ഒരു പോലെ മാതാപിതാക്കളുടെ പണം കൊണ്ട് ഫുഡാന്‍ ഇഷ്ടപ്പെടാതെ സ്വന്തമായി അധ്വാനിക്കുവാന്‍ തയ്യാറാകുന്നു. ഒപ്പം അതിലെ ഒരു പങ്ക് കുടുംബത്തിനായി മാറ്റിവയ്ക്കുകയും ചെയ്യുന്ന ധാരാളം ചെറുപ്പക്കാരുമുണ്ട്. പരാതി പറഞ്ഞു തീര്‍ക്കാവുന്ന ജീവിതസാഹചര്യത്തിലും നിശബ്ദമായി ജീവിതം കോര്‍ത്തെടുക്കുവാന്‍ ശ്രമിക്കുന്നവരേയും കണ്ടുമുട്ടാറുണ്ട്. എന്തിനേറെ പ്രകൃതിദുരന്തത്തിന്‍റെ നാളുകളിലൊക്കെ കൈയ്യും മെയ്യും മറന്ന് ചേര്‍ത്ത് പിടിക്കുകയും സ്വന്തം ചുമല് ചവിട്ടുപടിയായി നില്‍ക്കുകയും ചെയ്യുന്ന നെറ്റ് തലമുറയുടെ നാടാണിത്. വിനാശകരവും സങ്കടപ്പെടുത്തുന്നതുമായ ഒട്ടേറെ വാര്‍ത്തകള്‍ക്കും കാഴ്ചകള്‍ക്കും ഇടയിലും പ്രത്യാശ പകരുന്ന നുറുങ്ങുവെട്ടം നല്‍കുന്ന വിസ്മയങ്ങള്‍ കണ്‍തുറന്നു കാണാന്‍ ഭാഗ്യമുണ്ടാകുന്നുവെന്നത് ആനന്ദകരമാണ്.


ചരിത്രം എഴുതി ചേര്‍ക്കപ്പെടുന്നത് അസാധാരണമായ അടയാളങ്ങള്‍ അവശേഷിപ്പിച്ചവരിലൂടെയാണ്. അത് ധനം കൊടുത്തുകൊണ്ട് നേടിയെടുക്കേണ്ടതല്ല. ജീവിതവും കര്‍മ്മനിരതമായ പെരുമാറ്റവും കൊണ്ട് ആര്‍ജിക്കേണ്ടതാണ്. അപരനെ പരിഗണിക്കുവാന്‍, ആവശ്യവും അനാവശ്യവും അവിഭാജ്യവും തിരിച്ചറിയുവാന്‍ കരുത്തുള്ള തലമുറ നമ്മുടെയിടയില്‍നിന്ന് കൈകോര്‍ത്തുയരട്ടെ. ലഹരിയുടെ പിടിയില്‍ നിന്നകന്ന് നമ്മുടെ കളിക്കളങ്ങള്‍ സജീവമാകട്ടെ. ഞാറ്റുപാട്ടുകളുടെയും തോറ്റംപാട്ടിന്‍റെയും ഈണവും വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും തിണവൈരുദ്ധ്യങ്ങളും സൃഷ്ടിക്കുന്ന താളലയം ജീവിതയാത്രയെ ശോഭിതമാകട്ടെ.

തിരിച്ചറിവു നേടാം തിരിഞ്ഞു നടക്കാം

ഡോ. സി. മരിയ ഏഴാച്ചേരി SABS

അസ്സീസി മാസിക, ജനുവരി 2026

Jan 5

0

3

Recent Posts

bottom of page