

Key Takeaways:
The article discusses 6 ways to start each new day positively for success and blessings
ഓരോ പുലരിയും പുതുമയുള്ളതാകുന്നത് മനസ് അതിനെ പുതുമയോടെ സ്വീകരിക്കുന്നതു കൊണ്ടാണ്. ഇന്നത്തെ ദിവസം നല്ലതാണ് എന്ന് ഓരോ പുലരിയിലും നാം പറഞ്ഞാല്‍ മനസ് അത് സ്വീകരിക്കും. പുറമേ നിന്ന് ആരെങ്കിലും പറയുന്നതിനെക്കാള്‍ വലുതാണ് സ്വന്തം മനസ് നമ്മോട് എന്തു പറയുന്നു എന്നുള്ളത്. നല്ലതു പറഞ്ഞ് ദിവസം തുടങ്ങിയാല്‍ തടസങ്ങളോ പ്രയാസങ്ങളോ ഉണ്ടാവുകയില്ല എന്നല്ല, അതിനെ കുറെ കൂടി ധ്യാനാത്മകമായി സ്വീകരിക്കാനാകും എന്നു തന്നെയാണ് പറഞ്ഞു വരുന്നത്..
2026 ന്‍റെ ഓരോ പുലരികളും എന്തു പറഞ്ഞു തുടങ്ങാം എന്ന് ആലോചിക്കുമ്പോള്‍ താഴെ പറയുന്ന വാക്കുകളിലാണ് മനസ്സ് എത്തി നില്‍ക്കുന്നത്.
1. ഞാന്‍ ഒരു അനുഗ്രഹമാണ് എന്ന് സ്വയം ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുക. ആത്മഗതം പോലെ പറഞ്ഞു കൊണ്ടേയിരിക്കുക. മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുന്നു, കുറ്റം പറയുന്നു, മോശമായത് പ്രചരിപ്പിക്കുന്നു, കൂടെ കൂട്ടുന്നില്ല എന്നുള്ളതു കൊണ്ട് മനസ് ഇടിയേണ്ടതില്ല. മോശമായത് സംഭവിക്കുന്നു എന്നുള്ളതിലും തളരേണ്ടതില്ല. എന്തെല്ലാം വന്നാലും ഞാന്‍ ഒരു അനുഗ്രഹമായി തന്നെ തുടരും. ഞാന്‍ എനിക്കു തന്നെ അനുഗ്രഹമായിരിക്കും. എന്‍റെ പക്കല്‍ വരുന്നവര്‍ക്ക്, എന്‍റെ വീടിന്, എന്‍റെ ജോലിയിടത്തിന്, ചുറ്റുവട്ടത്തിന് ഞാന്‍ നിശ്ചയമായും അനുഗ്രഹമായിരിക്കും എന്ന് സ്വയം നിശ്ചയിക്കുകയും, ആവര്‍ത്തിച്ചു പറയുകയും ചെയ്യുക.
2. എനിക്കു കഴിയും എന്ന വാക്കിന് അത്ഭുത ശക്തിയുണ്ട്. കുറഞ്ഞ പക്ഷം ഞാനൊന്നു ശ്രമിക്കട്ടെ (let me have a try) എന്നെങ്കിലും പറയുക. എല്ലായിടവും എല്ലാ ആള്‍ക്കാരും നമുക്ക് അനുകൂലമായിരിക്കണമെന്നില്ല. എന്നു കരുതി അതിനെ ഭയപ്പെട്ട് പിന്‍വാങ്ങി നില്‍ക്കുന്നതിനെക്കാള്‍ നല്ലത് ഞാനൊന്നു ശ്രമിക്കട്ടെ എന്നു പറയുന്നതാണ്. മുറിഞ്ഞു പോയ ബന്ധങ്ങള്‍ ഒത്തു ചേര്‍ക്കാന്‍, കൈവിട്ടു പോയത് തിരികെ പിടിക്കാന്‍, കഴിയില്ലെന്ന് ഭയന്ന് മാറ്റി വച്ചത് ചെയ്യാനുള്ള വര്‍ഷമായി പുതിയ വര്‍ഷം മാറട്ടെ. ഞാന്‍ പരിശ്രമിക്കും, എനിക്കു കഴിയും എന്നു പറഞ്ഞ് സ്വയം പ്രോല്‍സാഹിപ്പിക്കുക.
3. ഞാന്‍ സന്തോഷിക്കുന്നു എന്നു പറയുക. ആരോഗ്യത്തെ പ്രതി, സ്നേഹിക്കുന്നവരെ പ്രതി, അന്തിയുറങ്ങിയ വീടിനെ പ്രതി, വരുമാന മാര്‍ഗങ്ങളെ പ്രതി, സൗഹൃദങ്ങളെ പ്രതി, സ്വന്തമായുള്ള ആസ്തികളെ പ്രതി, ലോണ്‍ അടയ്ക്കാന്‍ കഴിയുന്നതിനെ പ്രതി, സ്നേഹത്തെ പ്രതി, കഴിക്കുന്ന ഭക്ഷണത്തെ പ്രതി, അംഗീകാരത്തെ പ്രതി, അങ്ങനെ പട്ടിക എഴുതി ഓരോ പ്രഭാതത്തിലും സന്തോഷത്തോടെ ആവര്‍ത്തിച്ചു പറയുക.
Count your blessings എന്നു പറയുന്നത് അത്രമേല്‍ പ്രധാനമാണ്. നാം അന്വേഷിക്കുന്നതേ നാം കണ്ടെത്തൂ. സന്തോഷിക്കുവാനുള്ള കാരണങ്ങളെ കണ്ടെത്തുകയും ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നത് സന്തോഷം വര്‍ധിപ്പിക്കും. സുഖമാണോ എന്ന കുശല ചോദ്യത്തിന് 'അതെ, സന്തോഷമാണ്' എന്ന് ഓരോ തവണയും മറുപടി പറഞ്ഞു നോക്കൂ. അത്രമേല്‍ സന്തോഷം കൊണ്ട് അതു നമ്മെ സാവകാശം നിറയ്ക്കുക തന്നെ ചെയ്യും.
4. സ്വയം അനുമോദിക്കുക. സ്വയം പ്രോല്‍സാഹിപ്പിക്കുക. സ്വന്തം പേരു ചേര്‍ത്ത് കണ്‍ഗ്രാചുലേഷന്‍സ് എന്ന് പറഞ്ഞു ശീലിക്കുക. ഒരു ജോഡി ചെരുപ്പു വാങ്ങിയാലും, വസ്ത്രം വാങ്ങിയാലും, വണ്ടി വാങ്ങിയാലും, ഫോണ്‍ വാങ്ങിയാലും, പ്രസംഗം പറഞ്ഞാലും, പാട്ടു പാടിയാലും, പരീക്ഷയില്‍ ജയിച്ചാലും, ഒരു ദിവസം വര്‍ക്കൗട്ട് ചെയ്താല്‍ പോലും, സ്വന്തം പേരു പറഞ്ഞ് സ്വയം അനുമോദിക്കുക. മറ്റുള്ള പലര്‍ക്കും ഇതൊന്നും ശ്രദ്ധിക്കാനും, ശ്രദ്ധിച്ചാല്‍ തന്നെ അഭിനന്ദനം പറയാനും നേരമുണ്ടായില്ലെങ്കിലും, നമ്മളായിട്ട് അതിനൊരു കുറവു വരുത്തരുത്. Positive Self Talk ചെറിയ കാര്യമല്ല.
5. ഞാന്‍ ക്ഷമിക്കുന്നു (I forgive you)എന്നത് മനോഹരമായ മറ്റൊരു വാക്യമാണ്. സ്വയം കാണിച്ച അബദ്ധങ്ങള്‍ ഓര്‍ക്കുമ്പോള്‍ സ്വന്തം പേരു ചേര്‍ത്ത് സ്വയം പറയാവുന്നതാണ് ഞാന്‍ ക്ഷമിക്കുന്നു എന്ന്. ആരെയെങ്കിലും ഓര്‍മ്മ വരുമ്പോള്‍ അവരുടെ തിരസ്കരണവും, സ്നേഹശൂന്യതയും, നന്ദിയില്ലായ്മയും വേദനിപ്പിക്കുന്നതായി തോന്നിയാല്‍, അവരുടെ പേരു ചേര്‍ത്ത് ഞാന്‍ നിങ്ങളോട് ക്ഷമിക്കുന്നു എന്നു പറഞ്ഞു ശീലിക്കാവുന്നതാണ്. ഹൃദയത്തിന്‍റെ വലിയൊരു ഭാരം മാറിപ്പോകുന്നത് തിരിച്ചറിയാനാകും.
6. താങ്ക് യു എന്ന പദത്തോളം മനോഹരമായി മറ്റെന്തുണ്ട് ! സ്വയം നന്ദി പറയുക. തോറ്റു പോകാവുന്ന എല്ലാ ഇടങ്ങളിലും വിജയിക്കാന്‍ പരിശ്രമിച്ചതിന്. പ്രപഞ്ചത്തോടും ദൈവത്തോടും നന്ദി പറയുക. അനുഗ്രഹങ്ങളെയും സ്നേഹത്തെയും നമ്മുടെ വഴിയേ അയച്ചതിന്. എത്ര ചെറുതായാലും ലഭിച്ച സഹായങ്ങളെ ഓര്‍ത്തെടുക്കുക. അത് തന്നവരെ ഓര്‍മിക്കുക. അവരെ പേരെടുത്തു പറഞ്ഞ് നന്ദി പറയുക. പഠിപ്പിച്ചവരും, ജോലി തന്നവരും, വായ്പ തന്നവരും, സമാധാനിപ്പിച്ചവരും, ആശ്വസിപ്പിച്ചവരും, തിരുത്തിയവരും, പരിശീലി പ്പിച്ചവരും, കൂട്ടു കൂടിയവരും, സ്നേഹിച്ചവരും, സമ്മാനം തന്നവരും, ചിലപ്പോ ഒരു വാട്സ് ആപ്പ് മെസേജ് വഴി പോലും - എത്രയോ പേര്‍ ചേര്‍ന്നാണ് നമ്മെ രൂപപ്പെടുത്തിയത് ! നന്ദി പറയലാണ് ഏറ്റവും വലിയ പ്രാര്‍ത്ഥന. അര്‍ഹിക്കുന്നതിലും എത്രയോ മടങ്ങ് നമുക്ക് ലഭിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുക. അപ്പോള്‍ നന്ദി കൊണ്ട് നിറയാതെ പറ്റുമോ? നന്ദി എന്ന് പറയുക തന്നെ ചെയ്യണം.
ലോകം മാറുകയില്ല. ചുറ്റുവട്ടമുള്ളവര്‍ മാറുകയില്ല. പക്ഷേ, നമുക്ക് മാറാനാകും. ചിന്തകളെയും മനോഭാവത്തെയും മാറ്റാനാകും. ഉള്‍ക്കാഴ്ചകളെ മാറ്റാനാകും. സന്തോഷത്തെ ആകര്‍ഷിച്ചെടുക്കാന്‍ കഴിയും. വിജയത്തെ വിളിച്ചു വരുത്താന്‍ കഴിയും. അനുഗ്രഹമായി മാറാന്‍ കഴിയും. പ്രസാദം നിറഞ്ഞവരായി മാറാന്‍ കഴിയും. വാക്കും മനസ്സും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്.
നാക്കു പറയുന്നതിനെ മനസ് വിശ്വസിക്കും. അതു കൊണ്ട് നല്ല വാക്കുകള്‍ കൊണ്ട് സ്വയം അനുഗ്രഹിക്കുന്ന വര്‍ഷമായി 2026 മാറട്ടെ.
പുതിയ പുലരികളുടെ വിജയ മന്ത്രങ്ങള്‍
ജോയ് മാത്യു പ്ലാത്തറ.
അസ്സീസി മാസിക, ജനുവരി 2026





















