

ഏറ്റവും ശക്തിയുള്ള ആയുധമാണ് മൗനം. ആയിരം വാക്കുകളേക്കാള്‍ ശക്തിയുള്ള ആയുധമായി മൗനം വര്‍ത്തിക്കുന്നത് കല്ലുകള്‍ക്കിടയില്‍ നിന്നാണ്. ആരംഭത്തില്‍ അത് വലിയ ശബ്ദമുണ്ടാക്കും. സാവധാനം ഒഴുകി ഒഴുകി കടലിനോടടുക്കുമ്പോള്‍ അവ ശാന്തമാകും. ദൈവമെന്ന കടലിനോട് അടുത്തിരിക്കുന്ന മനുഷ്യരെല്ലാം മൗനത്തെ സ്നേഹിക്കും.
"നീ ശാന്തമാവുക, ഞാന്‍ ദൈവമാണെന്നറിയുക" (സങ്കീ. 46/10) എന്ന തിരുവചനം നമ്മള്‍ ധ്യാനിക്കേണ്ടതുണ്ട്. നിശബ്ദതയില്‍ നിന്നാണ് സുന്ദരമായ സംഗീതം ഉണരുക. മൗനം പാലിക്കുന്നവരില്‍ നിന്നാണ് ആഴമേറിയ വാക്കുകള്‍ ഉയരുക. ശബ്ദകോലാഹലങ്ങളുടെ ലോകത്ത് നിശബ്ദത പാലിക്കാത്തത് വിഷമകരമായ കാര്യമാണ്. പക്ഷേ നിശബ്ദതയാണ് ഏറ്റവും വലിയ ആയുധം. ജീവിതത്തില്‍ മൗനം പാലിക്കേണ്ട നിമിഷങ്ങളെപ്രതി ജ്ഞാനികള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.
ഒന്നാമതായി, ക്രൂരന്മാരുടെ മുമ്പില്‍ നാം നിശബ്ദരാവണം. മനസ്സാക്ഷി മരവിച്ച അവര്‍ മറ്റുള്ളവരുടെ മനസ്സ് അറിയില്ല. അപരന്‍റെ വേദന ഉള്‍ക്കൊള്ളാന്‍ അവര്‍ക്കു കഴിയില്ല. പീലാത്തോസിന്‍റെ മുമ്പില്‍ മൗനം പാലിച്ച യേശുവിന്‍റെ രൂപം നമ്മുടെ മുമ്പിലുണ്ട്.
രണ്ടാമതായി, എന്താണ് സത്യമെന്ന് അറിയാമായിട്ടും അഭിനയിക്കുന്നവരോടു സംസാരിക്കരുത്. പീലാത്തോസ് ശ്വാസം വിട്ടാല്‍ അത് യേശുവിനെ മുട്ടും. സത്യം അത്രയും അടുത്തു നി ന്നിട്ടും എന്താണ് സത്യമെന്നു ചോദിക്കുന്നവരുടെ മുമ്പില്‍ മൗനം പാലിക്കണം. തര്‍ക്കിച്ചു തോല്‍പ്പിക്കുവാനും, നമ്മെ കീഴ്പ്പെടുത്താനും യത്നിക്കുന്നവരാണ് അവര്‍. അവരുടെ മുമ്പില്‍ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
മൂന്നാമതായി, നമ്മെക്കുറിച്ചു അനാവശ്യമായ കമന്‍റു പറയുന്നവരുടെ മുമ്പില്‍ നാം നിശബ്ദരായിരിക്കണം. ആയിരം കുടങ്ങളുടെ വായ്കെട്ടാം എന്നാല്‍ ഒരു മനുഷ്യന്‍റെ വായ് അടപ്പിക്കുന്നത് എളുപ്പമല്ല. സത്യമല്ലാത്തത് എന്തു പറഞ്ഞാലും മൂന്നാംദിവസം അതു മറഞ്ഞുപോകും. അനാവശ്യ തര്‍ക്കങ്ങള്‍ക്കു നിന്നു കൊടുക്കരുത്! ഓരോ ആരോപണവും വരുമ്പോള്‍ ദൈവതിരുമുമ്പില്‍ വേദനയോടെ ഇരുന്നു കരയുക. ബാക്കി ദൈവം നോക്കിക്കൊള്ളും.
നാലാമതായി, ദൈവഹിതത്തിന്‍റെ മുമ്പില്‍ മൗനം പാലിക്കണം. അപ്രതീക്ഷിത തകര്‍ച്ചകളും മരണങ്ങളും വന്നപ്പോള്‍ നിശബ്ദനായി നിന്ന ജോബ് നമ്മുടെ മാതൃകയാണ്. ഉത്തരമില്ലാത്ത തകര്‍ച്ചകളുടെ മുമ്പില്‍ "ദൈവം തന്നു, ദൈവം എടുത്തു" എന്നു മന്ത്രിക്കുന്ന ജോബു നമുക്കെന്നും പ്രചോദനമാണ്. നസ്രത്തില്‍ മംഗളവാര്‍ത്ത ശ്രവിക്കുന്ന മറിയത്തെ നാം ധ്യാനവിഷയമാക്കണം. അപ്രതീക്ഷിതമായി കടന്നുവന്ന മംഗളവാര്‍ത്തയുടെ മുമ്പില്‍ മറിയം സ്വയം സമര്‍പ്പിച്ചു. ബുദ്ധികൊണ്ടു മനസ്സിലാക്കാന്‍ പറ്റാത്ത ദൈവിക പദ്ധതിയുടെ മുമ്പില്‍ "ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ ഇഷ്ടം എന്നില്‍ നിറവേറട്ടെ" എന്ന് മറിയം പ്രത്യുത്തരിക്കുന്നു. എന്‍റെ ഹിതവും ദൈവഹിതവും തമ്മില്‍ എന്‍റെയുള്ളില്‍ ഏറ്റുമുട്ടുമ്പോള്‍ നിശബ്ദമായി ദൈവഹിതത്തിന് ഞാന്‍ വിധേയനാകണം.
അഞ്ചാമതായി, പ്രപഞ്ചത്തിന്‍റെ പ്രതിഭാസങ്ങള്‍ക്കു മുമ്പില്‍ നാം എടുക്കുന്ന നിലപാടെന്താണ്. മഴക്കാലം വരുമ്പോള്‍ 'എന്തൊരു മഴ' എന്ന കമന്‍റ് പറയാറുണ്ടോ? വേനക്കാലം വരുമ്പോള്‍ എന്തൊരു ചൂട്' എന്നു പറയാറുണ്ടോ? നമ്മള്‍ സംസാരിച്ചാലും ഇല്ലെങ്കിലും മഴയും ചൂടും വന്നുപോകും. ആവശ്യമില്ലാത്ത വാക്കുകള്‍ എന്തിനു പറയണം? കാലാവസ്ഥാ വ്യതിയാനവും, ഭൂമികുലുക്കവും, പകര്‍ച്ചവ്യാധികളുമൊക്കെ കാലത്തിന്‍റെ പ്രത്യേകതകളാണ്. ഇവ ഓരോന്നിനെയും കുറിച്ചു കമന്‍റു പറയുന്നതില്‍ അര്‍ത്ഥമില്ല. ഇങ്ങനെയുള്ള അവസരങ്ങളില്‍ പൂര്‍ണ്ണമായ മൗനത്തില്‍ ഇരിക്കുവാന്‍ പഠിക്കണം.
ആറാമതായി, ശരീ രത്തില്‍ കാലം വരുത്തുന്ന മാറ്റങ്ങളുമായി നാം പൊരുത്തപ്പെടണം. പ്രായം വരുത്തുന്ന ക്ഷീണങ്ങള്‍, രോഗം വരുത്തുന്ന ബലക്ഷയങ്ങളെന്നിവയെ എല്ലാം അതാതിന്‍റെ അവസ്ഥയില്‍ അംഗീകരിക്കണം. നിത്യകാലം നമുക്കാര്‍ക്കും ജീവിക്കാനാവില്ലല്ലോ. പ്രായം ചെല്ലുംതോറും ഓരോരോ അവയവങ്ങള്‍ ബലക്ഷയത്തിലാകും. മുടി നരച്ചു തുടങ്ങും, കേള്‍വി കുറഞ്ഞു തുടങ്ങും, കാഴ്ച മങ്ങിത്തുടങ്ങും, തൊലിയില്‍ ചുളിവുകള്‍ വീഴും, കുഴ വേദനകള്‍ കടന്നുവരും. ഇവ ഓരോന്നിനെക്കുറിച്ചും അസ്വസ്ഥരാകരുത്. ഇതിന്‍റെയെല്ലാം മുമ്പില്‍ ശാന്തതയോടെ പിടിച്ചു നില്‍ക്കണം. ഇങ്ങനെ പ്രതികരിക്കുന്നവരാണ് പക്വമതികളായ വ്യക്തികള്‍.
ഏഴാമതായി, പുതിയ തലമുറയുടെ മുമ്പില്‍ പഴയ തലമുറ നിശബ്ദരാകേണ്ടിവരും. കാലത്തിന്‍റെ പ്രത്യേകതയായി പ ുതുതലമുറയുടെ പെരുമാറ്റങ്ങളെ വിലയിരുത്തുക. അത്യാവശ്യ തിരുത്തലുകള്‍ കൊടുത്തതിനു ശേഷം മൗനം പാലിക്കുക. മുതിര്‍ന്ന തലമുറ പറയുന്ന കാര്യങ്ങളിലെ ആത്മാര്‍ത്ഥത കണ്ടെത്തി യുവതലമുറയും തര്‍ക്കിക്കാതെ വഴി മാറുക. അനാവശ്യ സംസാരങ്ങള്‍ വെടിഞ്ഞ് ആഴമുള്ള വ്യക്തിത്വങ്ങളായി രൂപാന്തരപ്പെടുവാന്‍ നമുക്കു ശ്രമിക്കാം.
മൗനം പാലിക്കേണ്ട നിമിഷങ്ങള്‍
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അസ്സീസി മാസിക, ഓഗസ്റ്റ് 2025





















