top of page

കര്‍മ്മോല്‍സുകരാകാന്‍

Oct 10, 2025

2 min read

ടോം മാത്യു
പ്രസാദത്തിലേക്ക് 14 പടവുകള്‍
Elderly woman with gray hair holds floral teacup, looking content. Light gray sweater, beige background, relaxed mood.
വിഷാദരോഗ(depression) ത്തിനും അതിന്‍റെ അതി തീവ്രനിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാനത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് വികസിപ്പിച്ചെടുത്ത പതിനാലു ദിവസം കൊണ്ടു പൂര്‍ത്തിയാവുന്ന മനോനില ചിത്രണം( mood mapping ) തുടരുന്നു. പതിനാലാമത്തെ ദിവസം പ്രസാദാല്‍മക ഊര്‍ജം ( Positive energy ) എങ്ങിനെ കൈവരിക്കാം എന്നാണ് നാം ചര്‍ച്ച ചെയ്യുന്നത്. ഇതിനായി ശാന്തതയില്‍ നിന്ന് കര്‍മ്മോല്‍സുകതയിലേക്ക് മനസിനെ പരിവര്‍ത്തിപ്പിക്കുന്നതിനാണ് നാം ശ്രമിക്കുക. പതിവുപോലെ മനോനില (mood) യെ സ്വാധീനിക്കുന്ന അഞ്ചു ഘടകങ്ങളെ, പ്രസാദാല്‍മക മനോനിലയിലേക്കുള്ള വാതില്‍ തുറക്കുന്നതിനുള്ള അഞ്ചു താക്കോലുകളെ, അതിനായി നാം ഉപയോഗിക്കുന്നു. മനോനിലയെ സ്വാധീനിക്കുന്ന ആദ്യ രണ്ടു ഘടകങ്ങളായ നമ്മുടെ ചുറ്റുപാടുകളെയും നമ്മുടെ ശാരീരികാരോഗ്യത്തെയും പറ്റിയാണ് ഈ ലക്കത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്.

മനോനില(mood) അഞ്ചു താക്കോലുകളും ഇവിടെയും നമുക്ക് ഉപയോഗിക്കാവുന്നതാണ്. മനസിനെ ശാന്തവും അതേ സമയം കര്‍മ്മോല്‍സുകവുമാക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങള്‍ ഏതെന്ന് നമുക്ക് നോക്കാം.


നമ്മുടെ ചുറ്റുപാടുകള്‍

1 ഉത്തേജിതമാകുക

സ്വസ്ഥമായിരിക്കുകയെന്നത് ഏറെ എളുപ്പമാണ്. 'സ്വസ്ഥത തീര്‍ച്ചയായും മനസിന്‍റെ ഉല്‍സാഹത്തെ കെടുത്തിക്കളയുന്നു', എന്ന് പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ പ്രശസ്ത കവി ഖലീല്‍ ജിബ്രാന്‍ പറയുന്നു. അതിശയോക്തി എന്നു തോന്നാമെങ്കിലും കൃത്യമാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. സ്വസ്ഥം എന്നതിനര്‍ത്ഥം നമുക്ക് മുന്നോട്ടു പോകാനുള്ള പ്രചോദനവും ഉല്‍സാഹവും നഷ്ടമായിരിക്കുന്നു എന്നാണ്. ശാന്തത നല്ലതു തന്നെ. സുഖകരവുമാണത്. പക്ഷേ നിങ്ങള്‍ സദാ സ്വസ്ഥരെങ്കില്‍ ഒന്നും സംഭവിക്കുന്നില്ല !


2 ഊര്‍ജദായകമായ ഒരിടം കണ്ടെത്തുക:

ആരവങ്ങളില്‍ നിന്ന് ഊര്‍ജം സംഭരിക്കുക. പ്രചോദിതമാകുക. തിരക്കുള്ള ഒരു കട, ചന്ത, അല്ലെങ്കില്‍ റയില്‍വേ സ്റ്റേഷന്‍ തെരഞ്ഞെടുക്കുക. വെറുതെ അവിടെയൊക്കെ ഒന്ന് ചുറ്റിക്കറങ്ങുക തിരക്കുള്ള മനുഷ്യര്‍ നിങ്ങളെ ഉണര്‍ത്തും. തിര ക്കുള്ള ഒരു ഓഫീസില്‍ ജോലി ചെയ്യുന്നത് സ്വസ്ഥതയുള്ള ഒരു ഓഫീസില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ നിങ്ങളെ ഉത്തേജിപ്പിക്കും. ഊര്‍ജസ്വലതയോടു ചേര്‍ന്നു നില്‍ക്കാനുള്ള സ്വഭാവികമായൊരു പ്രചോദനം നമുക്കുണ്ടാവും. ഒന്നും ചെയ്യാതിരുന്നാല്‍ അവിടെ നാം പുറന്തള്ളപ്പെട്ടു പോകും. ഒരുമിച്ചായിരിക്കുമ്പോള്‍ നമ്മില്‍ ഊര്‍ജനില ഉയര്‍ന്നു നില്‍ക്കും. തിരക്കിന്‍റെ ആരവം നിങ്ങളെ പ്രചോദിപ്പിക്കും. മുന്നോട്ടു നയിക്കും.


3. പ്രകാശവും പ്രസാദവും ഉള്ളിടത്തായിരിക്കുക

കാറ്റും വെളിച്ചവുമുള്ള വിശാലമായ വര്‍ണാഭ മായ സംഗീതാല്‍മകമായ, ചലനാല്‍മകമായ സംഭാഷണമുഖരിതമായ അതിനാല്‍ പ്രചോദനാല്‍ മകമായ ഇടങ്ങളില്‍ ആയിരിക്കുക. അവയൊ ക്കെയും നിങ്ങളെ ഊര്‍ജസ്വലരാക്കുംബ സ്വാഭാവി കമായി തന്നെ. നമ്മുടെ മനോനിലയില്‍ നമ്മുടെ ചുറ്റുപാടുകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്ന തില്‍ സംശയമില്ല. ചലനോല്‍മകമായ അന്തരീക്ഷം നമ്മുടെ മനോനിലയെയും ചലനാല്‍മകമാക്കും.


4. ഊര്‍ജസ്വലത ഉയര്‍ത്തുക

പാട്ട് പരീക്ഷിക്കാം തീര്‍ച്ചയായും. റോക്ക് മ്യൂസി ക്കും ഹിപ് ഹോപ് മ്യൂസിക്കും എല്ലാവരുടെയും ഇഷ്ടവിഭവം ആയിക്കൊള്ളണമെന്നില്ല അത് പക്ഷേ നിങ്ങളെ ഉണര്‍ത്തും കഠിനമായി പണിയെടുക്കാ നുളള മനോനിലയ്ക്ക് പ്രചോദനമാകും. ജോലി ചെയ്യുമ്പോള്‍ ഊര്‍ജദായകമായ ഗാനങ്ങള്‍ വയ്ക്കുക. താളം മുറുകട്ടെ


നമ്മുടെ ആരോഗ്യം

1. ഇരുന്നിടത്തു നിന്ന് എണീക്കൂ

സ്വസ്ഥമായി സോഫയില്‍ ഇങ്ങിനെ ഇരിക്കാതെ ഒന്നെണീല്‍ക്കൂ, നടക്കൂ. യോഗാസനത്തില്‍ നിന്ന് എണീറ്റ് സൈക്കിളില്‍ കയറി അല്‍പ്പം സഞ്ചരിക്കൂ. വ്യായാമം നിങ്ങളുടെ രക്തസഞ്ചാരം വര്‍ധിപ്പിക്കും നിങ്ങളില്‍ ഊര്‍ജം നിറയ്ക്കും.


2. ആരോഗ്യകരമായ പ്രഭാത ഭക്ഷണം കഴിക്കൂ

പ്രഭാത ഭക്ഷണം ഒരു ദിവസത്തെ പ്രവര്‍ത്തിക്കുള്ള ഊര്‍ജം നിങ്ങള്‍ക്ക് നല്‍കുന്നു. നന്നായി പരമാവധി പ്രവര്‍ത്തിക്കുന്നതിന് നമ്മുടെ ശരീരത്തിന് ഇന്ധനം ആവശ്യമുണ്ട്.


3. ഇടയ്ക്കൊരു ചായയോ കാപ്പിയോ

അത്ര നല്ല ശീലമല്ലെങ്കിലും രാവിലെ ഒരു കപ്പ് ചായയോ കാപ്പിയോ കഴിക്കുന്നത് നമ്മില്‍ ഉന്മേഷം ഉണര്‍ത്തും. ചടുലതയോടെ ദിവസം തുടങ്ങാന്‍ നമ്മെ സഹായിക്കും.


4. ഒന്ന് ഉറങ്ങുക

തളര്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉറങ്ങാന്‍ പറയുന്നത് അസംബന്ധമായി തോന്നാം എന്നാല്‍ തളര്‍ച്ചയില്‍ ഊര്‍ജമോ പ്രചോദനമോ കിട്ടുക സാധ്യമല്ലെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള യാഥാര്‍ത്യമാണ്. അപ്പോള്‍ പിന്നെ അല്‍പ്പം ഉറങ്ങുക തന്നെ നല്ല മാര്‍ഗം.


5. പ്രഭാത നടത്തം

അതിരാവിലെ എണീറ്റ് അല്‍പ്പം നടക്കുക. ഒന്ന് ഓടിയാലും തരക്കേടില്ല. ഒഴിഞ്ഞ നിരത്തിലൂടെ നാട് ഉണരും മുന്‍പ് നടക്കുകയെന്നത് മനോഹരമാണ്. സൂര്യന്‍ ഉദിക്കുന്നതും പ്രകാശം പരക്കുന്നതും കാണുക അതിലേറെ അതിശയം. ആ ഉന്മേഷം ആ ദിവസം മുഴുവന്‍ നിലനില്‍ക്കും.

(തുടരും)


കര്‍മ്മോല്‍സുകരാകാന്‍

ടോം മാത്യു

അസ്സീസി മാസിക, ഒക്ടോബർ, 2025

Recent Posts

bottom of page