top of page

മൈനകളെ നിങ്ങളുടെ പാട്ടിന് മധുരം കൂടുതലാണ്

Nov 1, 2011

1 min read

A finger pointing at the viewer.

താനൊരു വിമര്‍ശകനാകണമെന്ന്

ആയിടയ്ക്കാണ് പുള്ളിക്കാരനു തോന്നിയത്.

എല്ലാറ്റിനേയും വിമര്‍ശിക്കേണ്ടതുണ്ട്.

വിമര്‍ശിച്ചാലേ വളര്‍ച്ചയുടെ ദിശ ശരിയാവൂ.

രാവിലെയും വൈകിട്ടും രാത്രിയും

ഒന്നുവീതം മൂന്നുനേരം ഭാര്യയെ വിമര്‍ശിച്ചു.

ഇങ്ങനെയല്ല കറികള്‍

ഇങ്ങനെയല്ല തുണിയലക്കല്‍

ഇങ്ങനെയല്ല വൃത്തി

ഫലമുണ്ടായി

ഭാര്യയും കുട്ടികളും പുള്ളിയെ ഇട്ടേച്ചു പോയി.


പുള്ളി പിന്നെ പുറത്തോട്ടിറങ്ങിത്തുടങ്ങി.

കാണുന്നവരെ മുഴുവന്‍ വിമര്‍ശിച്ചു.

മാഷമ്മാരേ നിങ്ങളിങ്ങനെയല്ല

പഠിപ്പിക്കേണ്ടത്

നേതാക്കന്മാരേ നിങ്ങളിങ്ങനെയല്ല

ഓട്ടോക്കാരാ താനിങ്ങനെയല്ല

ഏയ് കലാകാരാ പ്രതിബദ്ധത വണം, പ്രതിബദ്ധത.

ചെക്കന്മാരേ, കലുങ്കിലിരുന്ന് വായില്‍ നോക്കുന്നോ

അതിനും ഫലമുണ്ടായി.


വളര്‍ച്ചയുടെ ദിശ ഒന്നിനും ശരിയാവായ്കയാല്‍

തൊടിയിലെ വാഴകളെയും മാവുകളെയും

പുള്ളി ഇപ്പോള്‍ വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.

മൈനകളേ നിങ്ങളുടെ പാട്ടിന് മധുരം കൂടുതലാണ്

കാക്കകളെ കേട്ടു പഠിക്കൂ.

നേരെയാവും, നേരെയാവാതെവിടെപ്പോവാന്‍

0

0

Featured Posts