

യുദ്ധം മനുഷ്യരെ വലിയ കെടുതിയിലാക്കും. പട്ടിണിയാണ് അതിന്‍റെ പ്രത്യക്ഷരൂപം. കുട്ടികളാണ് അനാഥരാക്കപ്പെടുകയോ, കൊടും ക്രൂരതയിലേക്ക് തള്ളിയിടപ്പെടുകയോ ചെയ്യുന്നത്. 'യുദ്ധം' എന്ന രണ്ടക്ഷരം പത്രങ്ങളുടെ തലക്കെട്ടുകളോ, ടി.വി. ചാനലുകളുടെ ഫ്ളാഷ് ന്യൂസുകളോ അല്ല എന്ന് നാം തിരിച്ചറിയുന്ന ഒരു കാലത്തിലാണ് നമ്മള്‍. അങ്ങ് പാക് അതിര്‍ത്തിയിലെ യുദ്ധം ഈ കൊച്ചുകേരളത്തിലും അതിന്‍റെ നൊമ്പരങ്ങളും നഷ്ടങ്ങളും ഉണ്ടാക്കി. ഗസയില്‍ ആയിരങ്ങളാണ് അനാഥരാക്കപ്പെടുന്നത്. വലിയ പട്ടിണിയിലേക്ക് തള്ളിയിടപ്പെടുന്നത്. ഇതെഴുതുന്ന ദിവസത്തെ പത്രവാര്‍ത്തയില്‍ നൂറ്റമ്പത് ട്രക്കുകള്‍ ഗസയിലേക്ക് ഭക്ഷണവും മരുന്നുമായി പോകാന്‍ ഇസ്രായേല്‍ അനുവദിച്ചു എന്ന വാര്‍ത്ത വായിച്ചു. വാര്‍ത്തയുടെ വിശദാംശങ്ങളില്‍ ഈ ട്രക്കുകളില്‍ പതിനാലെണ്ണം തട്ടിക്കൊണ്ടുപോയി എന്നും, ഈ സഹായം കടലിലെ ഒരു തുള്ളിപോലെമാത്രം എന്നും വായിക്കുമ്പോള്‍ ഭീകരതയുടെ ഒരു ചെറുരൂപം മനസ്സിലാകും. ഗസയിലെ കുഞ്ഞുങ്ങള്‍ ഒരു നുള്ളു ചോറുപോലും കിട്ടാതെ പട്ടിണി മരണത്തെ കാത്തിരിക്കുകയാണോ ആവോ...?
ഐ.എ.എസ്. ഉദ്യോഗസ്ഥയായ അദീല അബ്ദുള്ള എഴുതിയ ഒരു കുറിപ്പിലെ ചില വരികള്‍ ഇങ്ങനെയാണ്. "ലോകത്ത് രണ്ട് മനുഷ്യര്‍ ബാക്കിയാകുന്നുണ്ടെങ്കില്‍ നമുക്ക് വീട്ടില്‍ തിരിച്ചെത്താന്‍ പറ്റും. ഒറ്റക്ക് ലോകത്ത് ബാക്കിയാകുമ്പോഴേ നമ്മള്‍ നിരാശപ്പെടേണ്ടതുള്ളൂ". ഈ വരികള്‍ മനുഷ്യന് മനുഷ്യനിലുള്ള അപാരമായ വിശ്വാസംകൊണ്ട് അതിഭംഗിപ്പെടുന്നുണ്ട്. ആ രണ്ടാമത്തെയാള്‍ നമ്മളെ ഉറപ്പായും സഹായിക്കുമോ? അല്ലെങ്കില്‍ നമ്മള്‍ അയാളെ?
യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഒരു നാട്, പട്ടിണിയും ദുരിതവുംകൊണ്ട് പൊറുതിമുട്ടിയ ഒരു നാട്. അവിടുത്തെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ദൂരെയുള്ള മറ്റൊരു നാടിനെ ഏല്പിക്കുന്നു. ദൂരെ എവിടെയോ ഉള്ള, കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത മനുഷ്യരുടെ കുഞ്ഞുങ്ങളെ, അവരുടെ ദുരിതകാലം തീരുംവരെ, ഇങ്ങുതരൂ ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന് പറഞ്ഞ് മറ്റെവിടെയോ ഉള്ള മനുഷ്യര്‍ സ്വീകരിക്കുന്നു. വയോള ആര്‍ഡോണിന്‍റെ നോവലിനെ ആസ്പദമാക്കി ക്രിസ്റ്റീന കൊമന്‍സിനി ഒരുക്കിയ 'ദി ചില്‍ഡ്രന്‍സ് ട്രെയിന്‍' എന്ന ചലച്ചിത്രം നെറ്റ്ഫ്ലിക്സില്‍ ഉണ്ട്.
രണ്ടാം ലോക മഹായുദ്ധകാലത്ത് കെടുതിയിലാണ്ടുപോയ കുട്ടികളെ രക്ഷിക്കാന്‍ അവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കൈ എടുത്ത് നടപ്പാക്കിയ പദ്ധതിയാണ് ഹാപ്പിനസ് ട്രെയിന്‍. യുദ്ധം തകര്‍ത്ത് തരിപ്പണമാക്കിയ തെക്കന്‍ ഇറ്റലിയിലെ കുഞ്ഞുങ്ങളെ, യുദ്ധം അത്രയൊന്നും നാശം വിതക്കാത്ത വടക്കന്‍ ഇറ്റലിയിലെത്തിക്കുക. അവിടുത്തെ കുടുംബങ്ങളില്‍ അംഗങ്ങളെപ്പോലെ ആ കുഞ്ഞുങ്ങള്‍ വളരുക. ഏഴു വര്‍ഷത്തിനിടെ എഴുപതിനായിരം കുഞ്ഞുങ്ങള്‍ അങ്ങനെ സന്തോഷത്തിന്‍റെ തീവണ്ടി കയറി. അവര്‍ക്കവിടെ പുതിയ അച്ചനും അമ്മയും സഹോദരീസഹോദരങ്ങളുമുണ്ടായി. പുതിയൊരു ലോകമുണ്ടായി. ഇങ്ങനെ പുതിയ ലോകത്തില്‍ എത്തിച്ചേര്‍ന്ന് വലിയൊരു വയലിനിസ്റ്റായ അമേരിയുടെ ഓര്‍മ്മച്ചെപ്പാണ് 'ദ ചില്‍ഡ്രന്‍സ് ട്രെയിന്‍'.

ഡെര്‍ന എന്ന സ്ത്രീയാണ് അമേരിയെ ഏറ്റു വാങ്ങുന്നത്. മറ്റ് കുട്ടികളെ ഏറ്റു വാങ്ങാനെത്തിയവരെല്ലാം മിഠായികളും ഭക്ഷണപൊതികളുമായി വന്നപ്പോള്‍ ഡെര്‍നയാകട്ടെ ഒരു പഴയ സൈക്കിള്‍ റിക്ഷാ ചവിട്ടിയാണ് വന്നത്. 'വാ ഇര ുട്ടുംമുന്പ് വീട്ടിലെത്തണം' എന്നാണ് അമേരിയോട് ഡെര്‍ന പറയുന്നത്. പിന്നെ അവള്‍ സ്വഗതമായി പറയുന്നുണ്ട്: 'എനിക്ക് കുട്ടികളെ വളര്‍ത്താനൊന്നും അറിയില്ല, പാര്‍ട്ടി ഒരാളെ ഏറ്റെടുക്കാന്‍ പറഞ്ഞു, ഞാന്‍ അനുസരിച്ചു'. ഈ നിസംഗത കാണുമ്പോള്‍ നമുക്ക് ഡെര്‍നയോട് തെല്ല് ഈര്‍ഷ്യ തോന്നിയേക്കാം. എന്നാല്‍ സിനിമ മുന്നോട്ട് പോകുമ്പോള്‍ ഡെര്‍ന പറയുന്നുണ്ട്: 'എന്നിലെ കാരുണ്യ വായ്പിനെ ഉദ്ദീപ്തമാക്കാന്‍ നീയെന്നെ സഹായിച്ചു'.
ഡെര്‍നയുടെ സഹോദരന്‍ അമേരിയുടെ സംഗീതത്തിലുള്ള താത്പര്യത്തെ തിരിച്ചറിഞ്ഞ് അവന്‍റെ കയ്യിലേക്ക് ആദ്യമായി ഒരു വയലിന്‍ വെച്ചു കൊടുത്തു. അയാള്‍ അവന് വയലിന്‍ പാഠങ്ങള്‍ പറഞ്ഞുകൊടുത്തു. അവന്‍ അതീവതാത്പര്യത്തോടെ അതിവേഗം അവ പഠിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും ഏതൊരാളെയുംപോലെ തന്‍റെ ജന്മനാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തിരയടിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ അവന്‍ ഡെര്‍നയോട് ചോദിച്ചു: 'ഞാന്‍ ഇനി എന്നാണ് വീട്ടിലേക്ക് പോവുക?' വിതയ്ക്കാന്‍ പാകപ്പെടുത്തിയ വയലിനടുത്തായിരുന്നു അവരപ്പോള്‍. ഡെര്‍ന അവനെ കൂട്ടിക്കൊണ്ടുവരുമ്പോള്‍ ഈ വയലുകളെല്ലാം പച്ചപുതച്ച് നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ വിളവെടുപ്പ് കഴിഞ്ഞു. അടുത്ത കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ്. ഡെര്‍ന അമേരിയോട് പറയുന്നുണ്ട്. "ഈ പാടങ്ങള്‍ ഇനി പച്ചപുതക്കും. പിന്നെ കതിരിടും. അതുംകഴിഞ്ഞ് മഞ്ഞയില്‍ കുളിച്ചു നില്‍ക്കും. അപ്പോള്‍ നിനക്ക് വീട്ടിലേക്ക് പോകാം" പ്രകൃതിയില്‍ ആരോ വിരിച്ചിട്ട ഒരു കലണ്ടര്‍പോലെ വയല്‍ അമേരിക്ക് അനുഭവപ്പെട്ടു.
വാക്കുകൊടുത്തപോലെ, ഗോതമ്പുപാടങ്ങള്‍ വിളഞ്ഞപ്പോള്‍ സങ്കടത്തോടെ ഡെര്‍ന അമേരിയെ യാത്രയാക്കി. അവനെ സ്വീകരിക്കാനെത്തിയപ്പോള്‍ വെറുംകയ്യോടെ വന്ന അവള്‍, അവനെ യാത്രയാക്കുന്നത് കൈനിറയെ ഭക്ഷണവും, വസ്ത്രവും അവന് ഏറെ പ്രിയപ്പെട്ട അവന്‍റെ വയലിനും അവന്‍റെ അമ്മയ്ക്കുള്ള സമ്മാനവുമായിട്ടാണ്. അവന്‍ പോയി കഴിഞ്ഞപ്പോള്‍ ഡെര്‍ന അവളുടെ സഹോദരന്‍റെ മുമ്പില്‍ പൊട്ടിക്കരയുന്നുണ്ട്. ഒരു മകന്‍ നഷ്ടപ്പെട്ട അമ്മയെപ്പോലെ.
അമേരി വീട്ടിലെത്തിയപ്പോള്‍ എല്ലാം പഴയപോലെ മുഷിഞ്ഞതും ദരിദ്രവുമായി കാണപ്പെട്ടു. അമ്മക്ക് മകന്‍റെ വയലിന്‍ തീരെ പിടിച്ചില്ല. 'ഇതെല്ലാം സമ്പന്നരുടേതാണ്' എന്ന് പറഞ്ഞ് അവള്‍ അത് കട്ടിലിന്‍റെയടിയിലേക്ക് തള്ളി. എന്നിട്ട് അമേരിയോട് അടുത്തുള്ള കാര്‍പ്പന്‍ററി ശാലയില്‍ ചെന്ന് അന്നന്നപ്പത്തിന് വല്ലതും കിട്ടുന്ന തരത്തില്‍ പണി പഠിക്കാന്‍ പറഞ്ഞു വിട്ടു. അവനോടൊപ്പം വടക്കോട്ട് വണ്ടികയറിയവരെല്ലാം അവിടെനിന്നും അവര്‍ക്ക് ഇപ്പോഴും കിട്ടുന്ന കത്തുകളെക്കുറിച്ചും, സമ്മാനങ്ങളെക്കുറിച്ചും വാതോരാതെ പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ അമേരിക്ക് കത്തോ സമ്മാനങ്ങളോ ഒന്നും ലഭിക്കുകയുണ്ടായില്ല. അവന്‍ മടങ്ങുന്ന ദിവസം ഡെര്‍ന അവന് ഉറപ്പു കൊടുത്തതാണ് 'ഞാന്‍ എഴുതും, പറ്റിയാല്‍ നീയെനിക്കും എഴുതണം' എന്ന്.
ഇടയ്ക്കിടക്ക് അവന്‍ അമ്മയോട് ചോദിക്കും, തനിക്ക് കത്ത് വല്ലതുമുണ്ടോയെന്ന്. ഇല്ല എന്ന് ഒഴുക്കന്‍ മട്ടില്‍ അവള്‍ മറുപടി പറയും. എന്നാല്‍ അമേരി ഒരു ദിവസം തിരിച്ചറിയുന്നു, ഡെര്‍നയില്‍ നിന്ന് വന്ന കത്തുകളെല്ലാം അമ്മ ഒളിപ്പിച്ച് വെക്കുകയായിരുന്നെന്ന്. തനിക്ക് പ്രിയപ്പെട്ട വയലിന്‍ അമ്മ പണയം വെച്ചു എന്ന് കൂടി അറിയുമ്പോള്‍ അവന്‍ ക്ഷുഭിതനായി വീട് വിട്ടിറങ്ങുന്നു. അവന്‍ ഡെര്‍നയുടെ അടുത്ത് എത്തുന്നു.
കാലങ്ങള്‍ക്കുശേഷം അമ്മ മരിച്ചതറിഞ്ഞ് സ്വന്തം ജന്മനാട്ടില്‍ അമേരി തിരിച്ചെത്തുന്നു. വീട്ടിലെത്തി അവിടെയാകെ പരിശോധിക്കുന്നതിനിടയില്‍ കട്ടിലിനടിയില്‍ നിന്ന് തന്‍റെ പ്രിയപ്പെട്ട വയലിന്‍ അവന്‍ കണ്ടെത്തുന്നു. അതിന്‍റെ ബോക്സ് തുറന്നപ്പോള്‍ ഒരു കുറിപ്പും: "നീ തിരികെ ചെന്നപ്പോള്‍ ഡെര്‍ന എനിക്കെഴുതിയിരുന്നു. എനിക്ക് വന്ന് നിന്നെ കൊണ്ടുവരാമായിരുന്നു. നിനക്കറിയാമല്ലോ, എനിക്കാകെ നീയേ ഉണ്ടായിരുന്നുള്ളു. എങ്കിലും ഞാന്‍ വന്നില്ല. നിന്‍റെ പ്രിയപ്പെട്ട വയലിന്‍ ഞാന്‍ പണയപ്പണം നല്‍കി തിരികെ വാങ്ങി നിനക്കായി സൂക്ഷിച്ചിരിക്കുന്നു. ചിലപ്പോഴൊക്കെ ചില വേണ്ടെന്നുവയ്ക്കല്‍ കൂടിയാകുന്നു സ്നേഹം".
ഈ കുറിപ്പ് തയ്യാറാക്കിയപ്പോള്‍ പാക്കിസ്ഥാനുമായുള്ള ശണ്ഠ അവസാനിച്ചതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അധികം വൈകാതെ ഇറാനും ഇസ്രായേലും യുദ്ധമുഖം തുറന്നു. ഇരുരാജ്യങ്ങളിലേയും സ്ഥിതി ഗുരുതരമായി വഷളായിരിക്കുന്നു. ആശങ്ക വര്‍ദ്ധിപ്പിക്കുന്ന വര്‍ത്തമാനങ്ങളാണ് കേള്‍ക്കുന്നത്. ആണവഭീഷണിയില്‍ നിന്ന് മുക്തമായ ഒരു സുരക്ഷിതലോകം കെട്ടിപ്പെടുക്കാന്‍ ആത്മാര്‍ത്ഥമായ സംഭാഷണങ്ങളുണ്ടാകണം. ബഹുമാനപൂര്‍വ്വമായ ഇടപെടലുകളും. അനുരഞ്ജനത്തിന്‍റെ പുതുവഴികള്‍ തുറക്കണം. സമാധാനലക്ഷ്യത്തെ മറ്റു താല്പര്യങ്ങളില്ലാതെ പിന്തുണക്കണം. സമാധാനത്തിന്‍റെ ഒലിവിലകള്‍ കൊത്തിയെടുത്ത് പ്രാവുകള്‍ പറന്നുയരുമ്പോള്‍ 'അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്ക് സാഹോദര്യം നല്‍കി' എന്നത് അര്‍ത്ഥപൂര്‍ണ്ണമാകും.
അറിയപ്പെടാത്തവരുമായി നീ എനിക്ക് സാഹോദര്യം നല്‍കി
ഫാ. ഷാജി സി എം ഐ,
അസ്സീസി മാസിക, ജൂ ലൈ 2025























