top of page
1
നമസ്കരിക്കുന്ന ചൈതന്യത്തിലേക്ക് പൂര്‍ണമായി അലിഞ്ഞു, ഒടുവില്‍ അതിന്‍റെ പകര്‍ച്ചയായി മാറുകയെന്നത് ശ്രീരാമകൃഷ്ണപരമഹംസയുടെ സഹജരീതിയാണ്. യേശുഉപാസനയിലും അതങ്ങനെതന്നെയായിരുന്നു. സായന്തന സവാരികളിലേര്‍പ്പെട്ട ഒരു ഉപവനത്തിലെ വിശ്രമവസതിയില്‍ നിന്നാണ് യേശുവിന്‍റെ ചിത്രം ആചാര്യന്‍റെ ഉള്ളില്‍ നടാടെ പതിഞ്ഞത്. മേരിയുടെയും കുഞ്ഞിന്‍റെയും പടത്തില്‍നിന്ന് ഒരു പ്രകാശം ഉള്ളിലേക്ക് പരന്നു. വൈകാതെ യേശുഭാഷ്യത്തിനു നിരക്കുന്ന ചിന്തകളിലേക്കും ഇടപെടലുകളിലേക്കും ആചാര്യന്‍ പകര്‍ന്നാടിയെന്ന് സ്വാമി ശാരദാനന്ദയുടെ സാക്ഷ്യമുണ്ട്:
"ആ കാലത്ത് ഗുരു ഉരുവിട്ട വാക്കുകള്‍ വേദപുസ്തകത്തിലെ തന്നെ വാക്കുകളായിരുന്നു,' അത്ഭുതത്തോടെ സ്വാമി കൂട്ടിച്ചേര്‍ക്കുന്നു. Sri Ramakrishna, the Great Master ആണ് പുസ്തകം.
2
അതീവ യോഗാത്മകജീവിതത്തില്‍ മാത്രം സാദ്ധ്യമായ ഇത്തരം അനുഭൂതികളെ മറ്റൊരു രീതിയില്‍ സരളമായി സന്ദര്‍ശിക്കുകയാണ് എഡ് ഡോബ്സന്‍ എന്ന പുരോഹിതന്‍. ഒരു വര്‍ഷം യേശുവിനെപ്പോലെ ജീവിക്കാന്‍ അയാള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. യേശു ഭക്ഷിച്ചത് ഭക്ഷിക്കുക, യേശു പാലിച്ച വിധത്തില്‍ സാബത്ത് അനുഷ്ഠിക്കുക, യേശു അനുഭാവം കാട്ടിയതുപോലെ കരുണ നല്‍കുക.. അത് അയാളെ കടശിയില്‍ കുറേക്കൂടി പ്രകാശമുള്ള മനുഷ്യനാക്കി. ഓരോ ദിവസത്തെയും വിചാരങ്ങള്‍ അയാള്‍ കുറിച്ചിട്ടത് പിന്നീടൊരു പുസ്തകമായി..(The Year of Living Like Jesus: My Journey of Discovering What Jesus Would Really Do).
ഫെബ്രുവരി 18
ശിശിരമായിരുന്നു.
മഞ്ഞുവീഴുന്ന പാതയുടെ മധ്യത്തിലൂടെത്തന്നെ ആറ്-ഏഴ് അടി ഉയരമുള്ള ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ നടന്നുപോകുന്നു. വണ്ടി നിര്‍ത്തി ചോദിച്ചു, 'വരുന്നോ?'
കയറി, വാതിലടച്ച് അയാള്‍ പറഞ്ഞു: "നിങ്ങള്‍ ഒരു അശുവായ വെള്ളക്കാരന്‍. എന്നെപ്പോലൊരു മല്ലനെ എന്തു ധൈര്യത്തിലാണ് കയറ്റിയത്? ഞാന്‍ നിങ്ങളെ ഉപദ്രവിച്ചേക്കും. എന്നെ നല്ലോണം ഒന്നു നോക്കിക്കേ."
അബദ്ധമായെന്നു തന്നെ തോന്നി... ഇനി കാര്യമില്ല. ഉള്ളതു പറഞ്ഞു: "യേശുവിനെക്കണക്ക് ജീവിക്കണമെന്ന വാശിയിലായിരുന്നു. അപരിചിതരെ സ്വാഗതം ചെയ്യാനാണ് അവിടുന്ന് പഠിപ്പിച്ചിട്ടുള്ളത്. പിന്നെ, നിങ്ങള്‍ക്കിത് അത്യാവശ്യമാണെന്നു തോന്നി."
"ശരിയാണ്. ഒരു മൈലോളം ഈ മഞ്ഞിലൂടെ നടക്കുകയായിരുന്നു. ശരീരം ഉറഞ്ഞുതുടങ്ങി."
"എങ്ങോട്ടാണ് പോകേണ്ടത്?" മനസ്സില്‍ പ്രാര്‍ത്ഥിച്ചു. "ദൈവമേ, ഒരുപാട് ദൂരെയൊന്നും ആയിരിക്കരുതേ." ഭാഗ്യം, അതത്ര അകലെയല്ല.
ചങ്ങാതിയെ വിട്ടിട്ട് തിരിയെ വരുമ്പോള്‍ മൂന്നുപയ്യന്മാര്‍. 'വരുന്നോ?'
ആദ്യം അവര്‍ക്കത് ബോധ്യപ്പെട്ടില്ല. എന്നാലും തണുപ്പ് കഠിനമാണ്.
യാത്ര തുടരുമ്പോള്‍ അവരില്‍ ഒരുവന്‍ പറഞ്ഞു, 'നിങ്ങള്‍ അടുത്തു വന്നപ്പോള്‍ റോഡിനു കുറുകെ നടക്കുന്നതിന് ശകാരിക്കാന്‍ നിര്‍ത്തിയതാണെന്ന് ഞങ്ങള്‍ വിചാരിച്ചു."
യേശുവിനെക്കണക്ക് ജീവിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമാണതെന്നു പറയാന്‍ തോന്നി. പക്ഷേ നിശ്ശബ്ദനായി. ഈ പൗലോസൊക്കെ എഴുതുന്നതു കണക്ക് അപരിചിതരെ സ്വീകരിക്കുക വഴി മാലാഖമാരെ സ്വീകരിച്ച ചിലരുണ്ടായിരുന്നു. മാലാഖമാര്‍ തന്നെയായിരിക്കാം. കാരണം, പിന്നീട് ഞാനവരെ കണ്ടിട്ടില്ല.
3
നാസ്തികനായി അവസാനത്തോളം നിലകൊണ്ട പസോളിനി തന്‍റെ The Gospel According to St. Mathew എന്ന എക്കാലത്തെയും മികച്ച ചിത്രം സമര്‍പ്പിച്ചിരിക്കുന്നത് ജോണ്‍ ഇരുപത്തി മൂന്നാം മാര്‍പാപ്പയ്ക്കാണ്.
To the dear, happy, familiar memory of Pope John.
ഒരു കുസൃതിയുടെ മിന്നലാട്ടമുണ്ട് ആ സമര്‍പ്പണത്തില്‍. ഒരു സെമിനാര്‍ അറ്റന്‍ഡ് ചെയ്യാനായി അസ്സീസിയില്‍ എത്തിയതായിരുന്നു ടിയാന്‍. മടക്കയാത്ര കുറെയേറെ വൈകി. കാരണം നേരത്തെ പരാമര്‍ശിച്ച മാര്‍പാപ്പയുടെ നഗര സന്ദര്‍ശനത്തില്‍ തെരുവീഥികള്‍ ഗതാഗതക്കുരുക്കില്‍ പെട്ടു. ഹോട്ടല്‍ മുറിയില്‍ പെട്ടുപോയ പസ്സോളിനി സമയം കൊല്ലാന്‍ കണ്ടെത്തിയ വഴി മുറിയിലെ ഏക പുസ്തകം എടുത്ത് വായിക്കുകയായിരുന്നു. അത് മത്തായിയുടെ സുവിശേഷമായിരുന്നു.
ഒരു വരി പോലും തന്‍റേതായി കൂട്ടിച്ചേര്‍ക്കാതെ പദാനു പദം അതിനെ വെള്ളിത്തിരയിലേക്ക് അടയാളപ്പെടുത്തണമെന്ന് അയാള്‍ക്കു തോന്നി. താന്‍ പുലര്‍ത്തിയിരുന്ന ഇടതു പക്ഷ ബോധത്തെ ആ ചെറിയ പുസ്തകം അടിവരയിട്ട് ഉറപ്പിക്കുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു. യാത്ര വൈകാന്‍ കാരണമായ പോപ്പിന് നിശ്ചമായും ആ സമര്‍പ്പണം അര്‍ഹതപ്പെട്ടതാണ്.
സാധാരണക്കാരുടെ യേശുവിനെ തിരികെപ്പിടിക്കുന്നതിലായിരുന്നു അയാളുടെ ശ്രദ്ധ. അഭിനേതാക്കള്‍ ഉണ്ടാവരുതെന്ന് നിഷ്കര്‍ഷ പുലര്‍ത്തി. യേശുപോലും മുന്‍പൊരിക്കലും അഭിനയിച്ചിട്ടില്ലാത്ത ഒരു സ്പാനിഷ് ക്യാമ്പസ് വിദ്യാര്‍ത്ഥിയായിരുന്നു. തൊഴിലാളികളും കര്‍ഷകരും വഴിയാത്രക്കാരുമൊക്കെ സുവിശേഷ കഥാപാത്രങ്ങളായി. കഥാന്ത്യത്തില്‍ കുരിശിന്‍ ചുവട്ടില്‍ നില്‍ക്കുന്ന മേരി, പസ്സോളിനിയുടെ തന്നെ അമ്മയാണ്. നടപ്പുരീതികളൊക്കെ നിരാകരിക്കപ്പെട്ടു. മുടി മുറിച്ച് ഷേവ് ചെയ്യാന്‍ വിട്ടുപോയ ഒരാളായിട്ടാണ് യേശുവിന്‍റെ appearence.. സംസാരിക്കുമ്പോള്‍ ഒരു തൊഴിലാളി പ്രവര്‍ത്തകനെ കണക്ക് ക്ഷുഭിതനായാണ് അയാളുടെ സംഭാഷണങ്ങള്‍. അതീവ നിശിതമായാണ് ദേശത്തിലെ ഉച്ചനീചത്വങ്ങളെ നേരിടുന്നത്. ദരിദ്രര്‍ക്കു വേണ്ടിയാണ് അയാളുടെ വക്കാലത്ത്. അത്ഭുതങ്ങളെ പരമാവധി പങ്കിട്ട് കുറച്ച് അവതരിപ്പിക്കാനാണ് ശ്രദ്ധിച്ചത്. ദൈവശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടല്ല മാനുഷികമായ പരിഗണനകള്‍ കൊണ്ടാണ് അയാളുടെ കുരിശാരോഹണം.
ക്രിസ്തു എന്ത് പഠിപ്പിക്കാന്‍ ശ്രമിച്ചു എന്നതിലായിരുന്നു അയാളുടെ ഊന്നല്‍. Mel Gibson ന്‍റെ പാഷന്‍ ഓഫ് ക്രൈസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഇപ്പറഞ്ഞ കാര്യങ്ങളുടെയൊക്കെ വ്യത്യാസവും അകലവും പിടുത്തം കിട്ടുന്നത്.
സുവിശേഷം അവസാനിക്കുന്നത് മറിയത്തിന്‍റെ വിലാപത്തോടുകൂടിയാണ്. ഞങ്ങളുടെ കര്‍ത്താവിനെ അവര്‍ മോഷ്ടിച്ചുകൊണ്ടുപോയി. അതൊരു പ്രവാചകധ്വനികളുള്ള ആത്മഭാഷണമാണ്. ഗണികകളുടെയും ചുങ്കക്കാരുടെയും ദരിദ്രരുടെയും അലയുന്നവരുടെയും ഉന്മാദികളുടെയും കൂട്ടുകാരന്‍ കവര്‍ച്ച ചെയ്യപ്പെട്ടു. ദൈവം കൂടി അപഹരിക്കപ്പെട്ടാല്‍ അവര്‍ക്കിനി എന്തുണ്ട്? അത് മടക്കി നല്‍കാനാണ് പസ്സോളിനി തീരുമാനിച്ചത്. യേശുവിനെ പ്രമേയമായി സിനിമയുടെ ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും നല്ല ചിത്രമായിട്ടാണ് വത്തിക്കാന്‍റെ മുഖപത്രമായ ഒസർവത്തോരെ റൊമാനൊ ( I’osservatore romano) ഈ പസോളിനി ചിത്രത്തെ എണ്ണിയെടുത്തത്.
4
താരതമ്യേന കാലപ്പഴക്കം കുറഞ്ഞ മലയാള സിനിമാചരിത്രത്തിലെ ഏറ്റവും നല്ല യേശുചിത്രം ഇതാണെന്നാണ് വിചാരം. അരവിന്ദന്‍റെ എസ്തപ്പാനാണത്. കാവാലത്തിന്‍റേതാണ് കഥ. ഇത്രമേല്‍ വെളിച്ചമുള്ള യേശുഭാഷ്യം ഇതരഭാഷകളില്‍ പോലും ഉണ്ടോയെന്ന് ഉറപ്പില്ല. ഹിമവാന്‍റെ മുകള്‍ത്തട്ടില്‍ എന്നൊരു ചെറിയ പുസ്തകം എഴുതി യാത്രകളുടെ പ്രലോഭനം നിറച്ച രാജന്‍ കാക്കനാടനാണ് എസ്തപ്പാന്‍.
കുന്തിരിക്കം നിറച്ച ഒരു ധൂപക്കുറ്റിയുമായി അയാള്‍ ഇപ്പോഴും നമ്മുടെ കരിമണല്‍ തീരത്ത് നില്‍പ്പുണ്ട്.
അലയുന്നവരുടെ ആനന്ദമായ യേശു നിഗൂഢതയുടെ ഭാരമില്ലാതെ എത്ര സരളമായിട്ടാണ് അയാളില്‍ മറ നീക്കുന്നത്.
5
മോസ്കോയിലെ ലെനിന്‍ ലൈബ്രറിയില്‍ കയ്യെഴുത്ത് പ്രതികളുടെ ശേഖരത്തിനിടയില്‍ അഴുക്ക് പിടിച്ച ഒരു പുതിയ നിയമപ്പുസ്തകമുണ്ട്. കുറ്റവും ശിക്ഷയിലും സോന്യ വച്ചുനീട്ടുന്നത് അതേ പുസ്തകമാണ്- It was the New Testament in Russian translation, states Raskol’nikov. "The book was old, well used, bound in leather.
സൈബീരിയായിലെ ആ ഏകാന്തശിക്ഷയുടെ കാലത്ത് തന്‍റെ ഏക ആശ്വാസമായി ഫിയോദാര്‍ ദസ്തയേവ്സ്കി ഓര്‍മ്മിച്ചെടുക്കുന്നത് ആ പുസ്തകത്തെയാണ്.
അന്ന, അയാള്‍ പറഞ്ഞത് പങ്കുവയ്ക്കുന്നു.
ഉള്ളിലെ പ്രതീക്ഷയുടെ നാളം അണയാതെ നിലനിര്‍ത്തുവാന്‍ അതിശൈത്യയിടത്തില്‍ തനിക്ക് കൂട്ടായി ഉണ്ടായിരുന്നത് അത് മാത്രമായിരുന്നു. തലയിണയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന ആ പുസ്തകം പലയാവര്‍ത്തി വായിച്ചും മറ്റുള്ളവര്‍ക്ക് വേണ്ടി ഉറക്കെ വായിച്ചു കൊടുത്തും ആത്മധൈര്യത്തെ നിലനിര്‍ത്തുകയായിരുന്നു അയാള്‍. എത്രയോ കാലങ്ങള്‍ക്ക് ശേഷവും അത് അയാളുടെ എഴുത്തുമേശയിലുണ്ടായിരുന്നു. അവസാനമായി അയാളതുപയോഗപ്പെടുത്തിയത് തന്‍റെ മരണദിനത്തിലായിരുന്നു.
തുറന്നുകിട്ടിയ ഭാഗം വായിക്കാന്‍ ആവശ്യപ്പെട്ടു. ജ്ഞാനസ്നാനത്തിനായി യോഹന്നാന്‍റെ മുന്‍പിലെത്തിയ യേശുവിനോട്, തനിക്ക് അതിന് അര്‍ഹതയില്ല എന്നു പറഞ്ഞ് പിന്‍വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ യേശു ഇങ്ങനെ പറഞ്ഞു: ഇപ്പോള്‍ എഴുതപ്പെട്ടതുപോലെ സംഭവിക്കട്ടെ എന്നെ തടയരുത്.
എഴുത്തുകാരന്‍ അന്നയോട് പറഞ്ഞു: ഞാന്‍ മരിക്കാന്‍ പോവുകയാണ് എന്നെ തടയരുത്. ആറ് മണിക്കൂറുകള്‍ക്കു ശേഷം അയാള്‍ കടന്നുപോകുന്നു. പുസ്തകത്തിന്‍റെ മാര്‍ജിനില്‍ അന്ന അത് അടയാളപ്പെടുത്തിയിട്ടുണ്ട്.
വരികള്‍ക്കിടയില്‍ വായിക്കാനാണ് ഓരോ പുണ്യഗ്രന്ഥവും നമ്മളോട് ആവശ്യപ്പെടുന്നത്. അത് വായിച്ചെടുക്കുമ്പോള്‍ എല്ലാ കടലുകളുടെയും രുചി ഒന്നുതന്നെയെന്ന കുട്ടികളുടെ സരളവിസ്മയത്തിലേക്ക് നാമെത്തുന്നു.
അടിമുടി കവികളായിരുന്നു എല്ലാ ഗുരുക്കന്മാരും. വളറെ സ്വാഭാവികമായി അവര്‍ ഉരുവിടുകയോ കോറിയിടുകയോ ചെയ്യുന്ന കാര്യങ്ങളിലേക്ക് പുലരിപ്പൂക്കളിലേക്ക് ശലഭങ്ങളെത്തുന്നത് പോലെ ഓരോരോ അര്‍ത്ഥം വിരുന്നുവരികയാണ്.
ഒരു പുഴയില്‍ ഇരുവട്ടം ഒരാള്‍ക്കും സ്നാനം ചെയ്യാനാവില്ല എന്ന ഹെരാക്ലീറ്റണ്‍ വാദം അവരുടെ മൊഴികള്‍ക്കാണ് കൃത്യമാവുന്നത്.
ചെറുപ്പത്തില്‍ സര്‍വ്വസൃഷ്ടികളോടും സുവിശേഷം പറയുക എന്ന യേശു മൊഴി ഉള്ളില്‍ പകപ്പുണ്ടാക്കിയിട്ടുണ്ട്. എത്ര ലളിതമായാണ് അതിപ്പോള്‍ പിടുത്തം കിട്ടുന്നത്. മഴു വയ്ക്കില്ല എന്നു മരത്തോടും കല്ലുകെട്ടി തടയില്ല എന്ന് പുഴയോടുമൊക്കെ ധൈര്യം കൊടുക്കുന്നതാണ് പ്രപഞ്ചത്തോടുള്ള സുവിശേഷങ്ങളില്‍ ചിലത്.
6
ആ വീട്ടില്‍ ഇനിയും വിളക്കണഞ്ഞിട്ടില്ല. കമ്പോണ്ടര്‍ ബൈബിള്‍ വായിക്കുകയായിരുന്നു. (ത്യാഗത്തിന്‍റെ രൂപങ്ങള്‍, ടി. പത്മനാഭന്‍)
അങ്ങനെയാണ് നല്ലയൊരു കഥ അവസാനിക്കുന്നത്. ഉറുവായിലെ ഏകാന്ത ആശുപത്രിയില്‍ ഒരു കാലത്ത് ഭയാശങ്കകളില്ലാത്ത രോഗികളെ പരിചരിച്ചുകൊണ്ടിരുന്ന ഒരു സാധാരണ ജീവനക്കാരനെക്കുറിച്ച് എഴുത്തുകാരന്‍റെ ഓര്‍മ്മ അവസാനിക്കുന്നത് ഇങ്ങനെയാണ്. ആ ചെറിയ കഥയില്‍ അയാളുടെ ദിനസരണിയാണതെന്ന സൂചന നേരത്തെ നല്‍കിയിട്ടുണ്ട്. അയാള്‍ക്ക് ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകാനുള്ള സാവകാശമോ എന്തിന് താല്‍പര്യം പോലും ഇല്ലായിരുന്നു എന്ന് എഴുത്തുകാരന്‍ നിരീക്ഷിക്കുന്നുണ്ട്. ഇരുട്ടില്‍ ഒരു മെഴുകുതിരി വെട്ടത്തില്‍ ഒരാള്‍ വായിക്കുന്ന പുസ്തകം അകത്തും പരക്കുമെന്ന ലളിതമായൊരു വിശ്വാസമാണ് ഒറ്റവരിയില്‍ അടിവരയിട്ട് പറയാന്‍ ശ്രമിക്കുന്നത്.
ഇങ്ങനെയൊക്കെയാണ് വേദപുസ്തകഭാഷയില്‍ വചനം മാംസമായി നമ്മുടെ ഇടയില്‍ വസിക്കുന്നത്.