top of page

സാഹിത്യോത്സവം വയനാടിനെ സംസാരിക്കുമ്പോള്‍...

Feb 16

2 min read

ചൈത്ര ഹരിദാസ് എസ്.

ചുരത്താല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന പശ്ചിമ ഘട്ടം. ആ ചുരം കയറിച്ചെന്നാല്‍ കാടിനോട് കഥ പറയുന്ന, അതിജീവനവും പ്രതീക്ഷയുമായി നില്‍ക്കുന്ന ഒരു കൂട്ടം മനുഷ്യരെ കാണാന്‍ കഴിയും...   വയനാടിന്‍റെ ഗ്രാമീണതയെയും അവിടുത്തെ സാംസ്കാരിക ജീവിതത്തെയും കൂടുതല്‍ അടുത്തറിയാനും ആഴത്തില്‍ അനുഭവിക്കുന്നതിനുമായി  2022 ല്‍ ആദ്യമായി സാഹിത്യോത്സവം വയനാടിന്‍റ മണ്ണില്‍ ആരംഭിച്ചു. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം സാഹിത്യോത്സവത്തിന്‍റെ രണ്ടാംപതിപ്പ് ഈ കഴിഞ്ഞ ഡിസംബറില്‍ മാനന്തവാടി ദ്വാരകയില്‍ വച്ചു നടന്നു... അതിജീവനം, ആവിഷ്കരം, പ്രതിനിധാനം എന്ന ആശയത്തില്‍ തുടങ്ങിയ സാഹിത്യോത്സവം വയനാടിന് നല്‍കുന്നത് ഇന്ത്യയിലെ തന്നെ ആദ്യത്തെയും ഏറ്റവും വലിയതുമായ ഗ്രാമീണ സാഹിത്യോത്സവമെന്ന കയ്യൊപ്പ്.


ആശയത്തിനപ്പുറത്തേക്ക് ആവിഷ്കാരങ്ങളിലും അലങ്കാരങ്ങളിലുമെല്ലാം തന്നെ വയനാടിന്‍റെ തനതായ ഗ്രാമീണ സൗന്ദര്യവും ഗോത്രവിഭാഗങ്ങളിലെ വൈവിധ്യമാര്‍ന്ന സംസ്കാര തനിമയും കൊണ്ടുവരാന്‍ സാഹിത്യോത്സവത്തിനു കഴിഞ്ഞു. അതിന് സമാനമായിരുന്നു ഒഞ്ചായി, കനവ്   വയനാടന്‍ കോലായ, നെല്ല്, ഗോത്രദീപം തുടങ്ങിയ  വേദികളുടെ പേരുകള്‍.


മറ്റു സാഹിത്യോത്സവങ്ങളിലെ പോലെ തന്നെ രാഷ്ട്രീയവും സ്ത്രീ ശാക്തീകരണവും തുല്യതയും കലയും സിനിമയും യാത്രയും തുടങ്ങി പറഞ്ഞു കൊണ്ടിരിക്കുന്നതും പറഞ്ഞു പഴകിയതുമായ വിഷയങ്ങള്‍ സംവദിക്കുമ്പോള്‍ വയനാടിന്‍റെ രാഷ്ട്രീയവും ചരിത്രവും വയനാടിന്‍റെ മാത്രമായ കലയും സംഗീതവും ജീവിതാനുഭവങ്ങളും  ചര്‍ച്ചയില്‍ വേറിട്ട് നിന്നു.


സ്വയം പ്രകടിപ്പിക്കുന്നതിനും ആത്മലോകവുമായി ആശയവിനിമയം നടത്തുന്നതിനുമുള്ള ഒരു മാര്‍ഗമാണ് നൃത്തം, ഗോത്രങ്ങളുടെ പാരമ്പര്യങ്ങളും സംസ്കാരവും അവരുടെ അടുത്ത തലമുറയ്ക്ക് കൈമാറുന്നത് നൃത്തങ്ങളിലൂടെയാണ്. അത്തരത്തില്‍ തങ്ങളുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതിനായി ഗോത്ര സമൂഹം അവതരിപ്പിക്കുന്ന കലയാണ് ഗോത്ര നൃത്തം.


സാഹിത്യോത്സവത്തിന്‍റെ ആദ്യ ദിനം തുടങ്ങിയത്തന്നെ അത്തരം ഗോത്ര നൃത്തവും മുറം കളിയുമായിട്ടാണ്... പണിയ ഗോത്രത്തിന്‍റെ അതിജീവന സംഗീതം അവതരിപ്പിച്ചതു  വിനു കിടച്ചുളന്‍ എന്ന കലാകാരനായിരുന്നു. അധികമാരിലും അറിയപ്പെടാത്ത ഗോത്ര നൃത്തങ്ങളും സംഗീതവും കലാസ്വാദകര്‍ക്ക് പുതിയൊരനുഭവം തന്നയായിരുന്നു. വയനാടിലെ ഗോത്രവിഭാഗങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന കലകളെ സംയോജിപ്പിക്കാനും  പൊതുമണ്ഡലത്തിലേക്ക് എത്തിക്കാനും ജാനകിയമാക്കാനുമുള്ള ഒരവസരമായി WLF മാറി. സാഹിത്യോത്സവത്തിന്‍റെ പ്രഥമ ആകര്‍ഷണം വയനാടിന്‍റെ  രാഷ്ട്രീയ ചരിത്രവും അതിജീവനത്തെയും പറ്റി നിരവധി ചര്‍ച്ചകളും സംവാദങ്ങളും നടന്നു. അതിജീവനത്തിന്‍റെ വയനാടന്‍ വഴികള്‍ എന്ന വിഷയത്തില്‍ ഓ ആര്‍ കേളു, സംഷാദ് മരയ്ക്കാര്‍ എന്നിവര്‍ പങ്കെടുത്തു.


ഗ്രാമീണ സൗന്ദര്യത്തിന്‍റെ മറ്റൊരുഭാവമാണ് രാത്രിയില്‍ തീകൂട്ടി തണുപ്പകറ്റുന്നത്. ഗോത്രദീപ മെന്ന് ഇവിടെ അറിയപ്പെടുന്ന ക്യാമ്പ് ഫയറില്‍ വെച്ച് നടന്ന reading campfire എന്ന സെഷനില്‍ വട്ടക്കളിപ്പാട്ട് ആമുഖം  മണിക്കുട്ടനും പണിയന്‍ വിഷയത്തില്‍ പോള്‍ സക്കറിയ, പ്രിയ എ. എസ്, കല്‍പറ്റ നാരായണന്‍, എം. മുകുന്ദന്‍, തുടങ്ങിയ വരും  വഞ്ചിപ്പാട്ടില്‍ അമിതാവ കുമാറും സാഹി ത്യോത്സവത്തിന്‍റെ സായാഹ്ന സദസ്സിനെ  മികവുറ്റ താക്കി.


ഗോത്രജനത തീര്‍ക്കുന്ന പുതുവഴികള്‍ എന്ന വിഷയത്തില്‍  എഴുത്തുകാരനും ആക്റ്റിവിസ്റ്റും ദളിത് വിഭാഗങ്ങള്‍ നേരിടുന്ന വിഷയങ്ങളെ പറ്റി സംസാരിക്കുന്ന സണ്ണി എം കപിക്കാട് പങ്കെടുത്തു. സാഹിത്യോത്സവത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു സി കെ ജാനുവുമായിട്ടുള്ള കുസുമം ജോസെഫിന്‍റെ സംഭാഷണം. വയനാട് എന്ന ഉള്‍ഗ്രാമത്തില്‍ നിന്നും ആത്മധൈര്യത്തിനുമേല്‍ ഇറങ്ങി സ്വന്തം നിലപാട് പറയുകയും തന്‍റെതായ രാഷ്ട്രീയ പാത പിന്തുടരുകയും ചെയ്ത സി കെ ജാനുവിന്‍റെ പോരാട്ട കഥകളും ചര്‍ച്ചയായി. കൂടാതെ വയനാടിനെ തങ്ങളുടെ  എഴുത്തിലൂടെ വയനാലോകത്തിനു പരിചയപെടുത്തിയ എഴുത്തുകാരെയും അനുസ്മരിച്ചു.


കവിതയിലെ ഗോത്രവഴികള്‍: എന്ന വിഷയത്തില്‍ സുകുമാരന്‍ ചാലിഗദ, ധന്യ വേങ്ങശ്ശേരി, പി. ശിവലിംഗന്‍, അജയന്‍ മടൂര്‍, ബിന്ദു ഇരുളം, ശാന്തി പനക്കന്‍, സിന്ധു മാങ്ങാണിയന്‍, പ്രകാശ് ചെന്തളം, ലിജിന കടുമേനി എന്നിവര്‍ പങ്കെടുത്തു. ഡോ. നാരായണന്‍ ശങ്കരന്‍ മോഡറേറ്ററായിരുന്നു.


തുടര്‍ച്ചയായി നാലു നാള്‍ നീണ്ട സാഹിത്യോത്സവം, വയനാടിനെയും അവിടുത്തെ സാംസ്കാരിക പൈതൃകത്തേയും അരികുവത്കരിക്കപ്പെടുന്ന ഗോത്ര സമൂഹത്തെയും മുന്നോട്ടുവച്ചു. എങ്കിലും ഗോത്രവര്‍ഗ്ഗങ്ങളില്‍ നിന്നും ആനുപാതികമായ പ്രാതിനിധ്യം ഉണ്ടായിരുന്നോ എന്നും അവരുടെ പ്രശ്നങ്ങള്‍ കൃത്യമായി സമൂഹത്തില്‍ എത്തിക്കാനുള്ള മികച്ച വേദിയാക്കി ഇതിനെ മാറ്റാന്‍ എത്രമാത്രം കഴിഞ്ഞു എന്നതും ചോദ്യമാണ്.  സാഹിത്യത്തിനപ്പുറത്തേക്ക് ഒരു സമൂഹ ത്തെ പ്രധിനിധികരിക്കാനും അവരുടെ കാണാപുറ ങ്ങളിലെ ജീവിതത്തെ ചര്‍ച്ചചെയ്യാനുമുള്ള  വേദിയായി സാഹിത്യോത്സവങ്ങള്‍ വിപുലീക രിക്കപ്പെണ്ടതുണ്ട്.

ചൈത്ര ഹരിദാസ് എസ്.

0

82

Featured Posts

Recent Posts

bottom of page