top of page

ഒന്നും മറക്കാതെ

Jun 18, 2009

1 min read

ലവ

ഇന്ന്


ഡിസംബര്‍ പതിനഞ്ച്

ഒഴിവുദിനത്തിലെ പകലൊടുങ്ങുന്നു

മഞ്ഞുപുതച്ചുറങ്ങുന്ന മലനിരകള്‍ക്ക്

താളം പകര്‍ന്നുകൊണ്ട്

തണുത്തകാറ്റിന്‍റെ തലോടല്‍

ആത്മാവിനെ ആര്‍ദ്രമാക്കുന്ന തണുപ്പില്‍

സ്നേഹത്തിന്‍റെ മധുരവേദനകളുമായി

കാത്തിരിപ്പിന്‍റെ നൊമ്പരവുമായി

അകലെയാകുന്ന നിന്നെ ഞാനറിയുന്നു.

ആത്മസംഘര്‍ഷത്തിന്‍റെ മൂടല്‍മഞ്ഞ്

ആ നിശ്വാസത്തിന്‍റെ ചൂടില്‍

അലിഞ്ഞില്ലാതാവുന്നു.

നീയറിയുന്നുവോ എന്നുള്ളം

നിന്നോര്‍മ്മകള്‍ പുണരുന്ന നോവും

നിനക്കായി നല്‍കിയ ഹൃദയവും

നിനക്കായി പകുത്തൊരീ ജീവനും

നിനക്കായി പകര്‍ന്നൊരീ ഗാനവും

വിരഹങ്ങളെ നമുക്കു മറക്കാം

നഷ്ടങ്ങളെ നമുക്കു വീണ്ടെടുക്കാം

പരിഭവം നമുക്കു പങ്കിടാം.

* * * * *


അതാ അനന്തവിഹായസ്സിനോടു ചേര്‍ന്നു നില്ക്കുന്ന

മലനിരകളില്‍ മഞ്ഞു പെയ്തിറങ്ങവേ

അന്തിമേഘങ്ങള്‍ ആകാശഗംഗയിലൊളിക്കുന്നു.

സൂര്യദളങ്ങള്‍ പ്രഭതൂകി മടങ്ങവേ

ചന്ദനഗന്ധമാര്‍ന്ന ഇളംകാറ്റേറ്റ്

കുയില്‍ കുഹുരവം മുഴക്കുന്നു.

കണ്ണിനും മനസ്സിനും കുളിരു പകരുന്ന

പ്രകൃതിയുടെ നിര്‍മ്മല സുഗന്ധത്തില്‍

ലയിക്കുമ്പോള്‍...

കിനാവില്‍... മിഴികളില്‍...

ഹൃദയത്തുടിപ്പുകളുമായ് നീയെത്തുന്നു.

സ്നേഹിച്ച്, പരിഭവിച്ച്, ശാഠ്യംപിടിച്ച്.

കലഹിച്ച്, പ്രണയിച്ച് വ്യത്യസ്ത ഭാവങ്ങളില്‍

മഞ്ഞ് പെയ്തിറങ്ങിയ താഴ്വരകളിലും കുന്നുകളിലും

പുല്‍മേടുകളിലും, വനസൗരഭം നുകര്‍ന്ന്-

വിരല്‍ത്തുമ്പുകള്‍ ചേര്‍ത്തുപിടിച്ച് നാം നടന്നു.

മഞ്ഞില്‍ കളിച്ചു., മഴയില്‍ കുളിച്ചു.

ആകാശത്തിന്‍റെ അനന്തതയില്‍

മേഘങ്ങളോടൊപ്പം സഞ്ചരിച്ചു.

അരുവികളില്‍ അരയന്നങ്ങളോടൊപ്പം

നീന്തിത്തുടിച്ചു.

വനജ്യോത്സനയുടെ സുഗന്ധം നുകര്‍ന്ന്,

വനദേവതമാരൊത്ത് നര്‍ത്തനമാടി,

കുളിരോലുന്ന കുങ്കുമച്ചോലയില്‍

കാനനഭംഗികണ്ട് നീരാടി.

ഇലഞ്ഞിമരങ്ങളുടെ നിഴല്‍പ്പാടിനപ്പുറത്ത്

മലവാകകള്‍ പൂത്ത്, ഉതിര്‍ന്നു വീണ-

പൂക്കള്‍ തേടി നടക്കവേ...

അകലെ....

വിണ്ണിലെ നക്ഷത്രങ്ങള്‍ മങ്ങി

നിലാവ് പെയ്തൊഴിഞ്ഞു.

പ്രഭാതമായി...

ഡിസംബര്‍ പതിനാറ്

ലവ

0

0

Featured Posts