ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 13
"പ്രായശ്ചിത്തം ചെയ്യുന്നതിന് ആരംഭം കുറിക്കാന്‍ സഹോദരന്‍ ഫ്രാന്‍സിസായ എനിക്ക് കര്‍ത്താവ് പ്രചോദനം നല്‍കിയത് ഇങ്ങനെയാണ്:..." അസ്സീസിയിലെ ഫ്രാന്‍സിസ് തന്‍റെ ജീവിതാവസാനത്തോടെ എഴുതിയ ഓസ്യത്ത് അഥവാ വില്‍പത്രം ആരംഭിക്കുന്നത് "കര്‍ത്താവ് പ്രചോദനം നല്‍കിയത്" എന്നുപറഞ്ഞുകൊണ്ടാണ്. തനിക്ക് തിക്തമായിരുന്നതെല്ലാം മധുതരമാക്കി പകര്‍ത്തിയതും കര്‍ത്താവുതന്നെയാണ്. തന്നെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് നയിച്ചതും കര്‍ത്താവ്. "കര്‍ത്താവ് പള്ളികളില്‍ എനിക്ക് ഇത്രകണ്ട് വിശ്വാസം നല്‍കി." ഫ്രാന്‍സിസിന് "തിരുസഭയ്ക്കു കീഴിലുള്ള വൈദികരില്‍ ഇത്രകണ്ട് വിശ്വാസം നല്‍കി"യതും കര്‍ത്താവാണ്. ഭ്രാതൃത്വത്തില്‍ തനിക്ക് സഹോദരന്മാരെ നല്‍കിയതും കര്‍ത്താവല്ലാതെ മറ്റാരാണ്?! പരിശുദ്ധ സുവിശേഷത്തിന്‍റെ മാതൃകയില്‍ ജീവിക്കണമെന്ന് പറഞ്ഞുതന്നതും കര്‍ത്താവല്ലാതെ മറ്റാരുമല്ല. എല്ലാവര്‍ക്കും സമാധാനത്തിന്‍റെ ആശംസയേകാന്‍ വെളിപ്പെടുത്തിത്തന്നതും കര്‍ത്താവാണല്ലോ.
ഇങ്ങനെ, കഷ്ടിച്ച് മൂന്നുപുറം മാത്രം ദൈര്‍ഘ്യമുള്ള തന്‍റെ ആധ്യാത്മിക ഒസ്യത്തില്‍ കര്‍ത്താവു നല്‍കി, കര്‍ത്താവു പ്രചോദിപ്പിച്ചു, കര്‍ത്താവു നയിച്ചു, കര്‍ത്താവു വിശ്വാസം നല്‍കി, കര്‍ത്താവു വെളിപ്പെടുത്തി എന്നെല്ലാം ഫ്രാന്‍സിസ് ഏറ്റുപറയുന്നത് ഏഴുതവണയാണ്. ചുരുക്കത്തില്‍ ഫ്രാന്‍സിസിന്‍റെ ജീവിതത്തില്‍ സര്‍വ്വം നിര്‍വ്വഹിച്ചത് കര്‍ത്താവുതന്നെയായിരുന്നു. അതായിരുന്നു ഫ്രാന്‍സിസ്. അഥവാ അതായിരുന്നു ഫ്രാന്‍സിസിന് ദൈവം.
ഫ്രാന്‍സിസിന് ദൈവം ഒരു ആഡംബരമായിരുന്നില്ല. മറ്റെല്ലാ സൗകര്യങ്ങള്‍ക്കുമൊപ്പം അല്പം കൂടി സാമൂഹിക സൗകര്യങ്ങള്‍ ഒരുക്കിത്തരുന്ന നിമിത്തഹേതു. മറിച്ച്, ജീവിക്കുന്ന ദൈവത്തിന്‍റെ കരങ്ങളില്‍ പതിക്കുക ഏറ്റം ഭയാനകമാണെന്ന് ഫ്രാന്‍സിസ് സ്വജീവിതത്തില്‍നിന്ന് അനുഭവിച്ചറിഞ്ഞു.
ഇരുട്ടിലേയ്ക്കുള്ള എടുത്തുചാട്ടമാണ് വിശ്വാസമെന്ന് കീര്‍ക്കെഗോര്‍. ഒരുവേള ഫ്രാന്‍സിസിന്‍റെ ജീവിതമായിരുന്നിരിക്കണം അദ്ദേഹത്തെ അത്തരമൊരു സംശുദ്ധ നിര്‍വചനത്തില്‍ എത്തിച്ചത്. കലപ്പയിന്മേല്‍ കൈപിടിച്ചിട്ട് പിന്തിരിഞ്ഞുനോക്കരുതാത്തതുപോലെ അന്ധകാരത്തിലേക്ക് എടുത്തുചാടുന്ന ഒരുവന് പിന്തിരിഞ്ഞുനോട്ടം സാധ്യമല്ല എന്ന് നമുക്കുമുന്നില്‍ തെളിയിച്ചുതരുന്നുണ്ട് ഫ്രാന്‍സിസ്. ജീവിച്ചുപോന്ന പ്രിയപ്പെട്ട മണ്ണില്‍ തനിക്കു പിന്നിലായി തീയാളുന്നതിന്‍റെ ഭയങ്കരമായ ഹുങ്കാരശബ്ദം കേള്‍ക്കുമ്പോഴും പിന്തിരിഞ്ഞു നോക്കാതെ മുന്നോട്ടുതന്നെ നീങ്ങുക വേണ്ടിയിരിക്കുന്നു. ഭൂമിയിളകിയാലും (റിക്ടര്‍ സ്കെയില്‍ എട്ട്?) സമുദ്രം ആര്‍ത്തുവന്നാലും (സുനാമിയുടെ രാക്ഷസത്തിര?) വിശ്വാസമുള്ളയാള്‍ ഭയക്കുകയോ പതറുകയോ അരുത്! ഫ്രാന്‍സിസിന് തന്‍റെ ജീവിതത്തില്‍ പിന്തിരിഞ്ഞുനോക്കാനുള്ള പ്രലോഭനങ്ങളുണ്ടായതായി പറയപ്പെടുന്നുണ്ട്. അതുണ്ടായില്ലെങ്കില്‍ നമുക്കയാളെ വിശ്വസിക്കാനാവുമായിരുന്നില്ല. തീവ്രമായ പ്രലോഭനങ്ങള്‍ക്കിടയിലും പിന്തിരിഞ്ഞുനോക്കാതെ പുരോഗമനം ചെയ്യുന്നവനാണ് വിശ്വാസി. ഫ്രാന്‍സിസ് അതായിരുന്നു.
ജീവിതത്തെ പൂവന്‍പഴംകൊണ്ട് തുലാഭാരം നടത്തുന്നവനല്ല, വിശ്വാസത്തെ ജീവിതംകൊണ്ട് തുലാഭാരം നടത്തുന്നവനായിരുന്നു അവന്‍. അതില്‍ അവസാനംവരെ പിടിച്ചുനില്‍ക്കുന്നവന്‍. അയാള്‍ തീര്‍ച്ചയായും ഒരു ഭ്രാന്തനാണ്. മതഭ്രാന്തനല്ല. ദൈവഭ്രാന്തന്‍. ദൈവമാണ് അയാളെ ഭ്രാന്തനാക്കുന്നത്. ഈ ലോകത്തിന്‍റെ പതിവു ചട്ടങ്ങളും ക്രമങ്ങളും തെറ്റിക്കുന്നത്. മുന്‍ഗണനാക്രമങ്ങള്‍ കീഴ്മേല്‍ മറിക്കുന്നത്. സ്വത്ത് വിറ്റ് ദരിദ്രര്‍ക്ക് ദാനം കൊടുക്കുന്നത്, കുടുംബവും കുടുംബവീടും ഉപേക്ഷിച്ച് തെരുവിലിറങ്ങുന്നത്, സുന്ദരരൂപങ്ങള്‍ വിട്ട് വികൃതരൂപികളോടും ജീര്‍ണ്ണാംബരികളോടും രാജിയാകുന്നത്, പിന്നെ, ദൈവാന്വേഷണത്തിന്‍റെ, സത്യാന്വേഷണത്തിന്‍റെ, യോഗാത്മകതയുടെ ശൈലങ്ങളത്രയും ആരോഹണം ചെയ്യുന്നത്.
അഹത്തെ പരിത്യജിക്കാന്‍, മാതാവിനെയും പിതാവിനെയും സ്വന്തങ്ങളെയും സ്വത്തുക്കളെയും ഉപേക്ഷിക്കാന്‍, മണ്ണിലൊറ്റയ്ക്ക് നടക്കാന്‍, സഹജരെയും സമസ്തജാലങ്ങളെയും സ്നേഹിക്കാന്‍ - വിലകൊടുത്ത് സ്നേഹിക്കാന്‍, ഹിമവല്‍സാനുക്കളിലെ തന്‍റെ പ്രഭവകേന്ദ്രത്തിലേയ്ക്ക് തിരിച്ചുപോകാന്‍ കരുത്തുകാട്ടുന്നവന്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവനല്ലാതെ മറ്റാരാണ്? നാമെല്ലാം നമ്മുടെ വിശ്വാസത്തെ പ്രതി എന്തെങ്കിലും നല്‍കിയിട്ടുണ്ടോ? വിട്ടുകൊടുത്തിട്ടുണ്ടോ? പരിത്യജിച്ചിട്ടുണ്ടോ? ബലികൊടുത്തിട്ടുണ്ടോ? എന്നിട്ടും ദൈവവിശ്വാസികളെന്ന് മേനിപറയാന്‍ നമുക്ക് ജാള്യതയേതും അനുഭവപ്പെടുന്നില്ല എന്നുള്ളിടത്ത് വിശ്വാസത്തെക്കുറിച്ചുള്ള നമ്മുടെ കാലഘട്ടത്തിലെ സങ്കല്‍പം എത്രതന്നെ ആഴമില്ലാത്തതാണെന്ന് നാം അറിയുന്നു.
പുതിയ നിയമം വായിക്കുന്ന ഏതൊരാളുടെയും ചങ്ക് വിറപ്പിക്കാന്‍പോന്ന ഒരു വിവരണമുണ്ടതില്‍. അപ്പസ്തോല പ്രവര്‍ത്തനങ്ങളുടെ ഗ്രന്ഥത്തില്‍ അഞ്ചാം അധ്യായത്തില്‍. നാളിതുവരെ ആരുംതന്നെ ഒരിടത്തും ഉദ്ധരിച്ച് കേള്‍ക്കാത്ത ഒരു ഭാഗം! അനനിയാസ് എന്നൊരാളും അവന്‍റെ ഭാര്യ സഫീറയും ചേര്‍ന്ന് തങ്ങളുടെ പറമ്പുവിറ്റ കഥ. വിറ്റുകിട്ടിയ തുകയില്‍ ഒരു ഭാഗം ഉഭയസമ്മതപ്രകാരം അവര്‍ തങ്ങള്‍ക്കായി മാറ്റിവച്ചു. അനനിയാസിനോടുള്ള പത്രോസിന്‍റെ ചോദ്യം അതീവ ശക്തമാണ്. "അനനിയാസേ, പറമ്പ് നിന്‍റെ സ്വന്തമായിരുന്നില്ലേ? വിറ്റുകിട്ടിയതും നിന്‍റെ അധീനതയിലായിരുന്നില്ലേ?" എന്നിട്ടും വിറ്റുകിട്ടിയതില്‍ ഒരുഭാഗം സ്വകാര്യമായി തനിക്കുതന്നെ മാറ്റിവയ്ക്കാനും പരിശുദ്ധാത്മാവിനെ വഞ്ചിക്കാനും നീ മുതിര്‍ന്നതെന്ത്? ജീവിതം സമര്‍പ്പിക്കുന്ന ഏതൊരു വ്യക്തിയും അഥവാ, ഏതൊരു വിശ്വാസിയും അടിമുടി വിറച്ചുപോകുന്ന ചോദ്യമാണത്.
ഫ്രാന്‍സിസ് തനിക്കായി ഒന്നും പിടിച്ചുവച്ചില്ല. സ്വകാര്യതയുടെ ഇടങ്ങളും കാലങ്ങളും തനിക്കായി വളച്ചുകെട്ടിയെടുത്തില്ല. സര്‍വ്വം തട്ടിത്തൂവി. ഇരുട്ടുള്ള ആഴങ്ങളിലേക്ക് കൂപ്പുകുത്തി. ജീവിതം, ഹോമപീഠത്തില്‍ ദഹനബലിയാക്കി. വിശ്വാസത്തിന് ഇതില്‍പ്പരം ഒരു സാക്ഷ്യം നമുക്കാവശ്യമില്ല. അതിനാല്‍ അവന്‍ ജീവിച്ചു. ഇന്നും ജീവിക്കുന്നു. എരിഞ്ഞുതീരാതെ ഒരു അഗ്നിഗോളമായ്.