ജോസ് സുരേഷ് കപ്പൂച്ചിൻ
top of page
മുപ്പത്തിരണ്ടു വര്ഷംമുന്പ് കയറിവന്ന പടികളോരോന്നിലേക്കും തിരിഞ്ഞുനോക്കി. തേപ്പടര്ന്നിട്ടുണ്ട്. ചായത്തിന് നിറം മങ്ങിയിട്ടുണ്ട്. പഴുതുകളില്‍ പുഴുവും പൂപ്പലും അരിച്ചിറങ്ങിയിട്ടുണ്ട്. എങ്കിലും ഒരു വസന്തത്തിന്റെ പിന്നാമ്പുറക്കാഴ്ചയുടെ സമൃദ്ധിയും അതിനു കൈവരി നിര്‍മ്മിക്കുന്നുണ്ട്.
യൗവ്വന നഷ്ടങ്ങളുടെ തേങ്ങല്‍!
പൊഴിഞ്ഞു വീണു വാരിക്കൂട്ടിയ മുടിയിഴകള്‍ ഓര്‍മ്മിപ്പിക്കുന്നു. കൈപ്പിടിയിലൊതുങ്ങാത്ത മുടിക്കരുത്തെവിടെ?
യൂഡികൊളോണ്‍ തേച്ചു മയപ്പെടുത്തിയ കൈത്തണ്ടകളുടെ പാരുഷ്യം ഒരു താക്കീതാകുന്നു.
ശരീരത്തിന്റെ ദുര്‍ബ്ബലതകളില്‍ മണിക്കൂറുകള്‍ മുന്നിലേക്കു മാറി നില്ക്കുന്ന ഓര്‍മ്മകളില്‍.... എല്ലാം ഒരു ശിശിരകാലത്തിന്റെ വരള്‍ച്ച!
ഇലകള്‍ കൊഴിയുകയാണ്.
സ്കൂള്‍ ഗ്രൗണ്ടില്‍ പടര്‍ന്നു പന്തലിച്ച വാകമരത്തിന്റെ അസ്ഥിപഞ്ജരങ്ങള്‍ പ്രേതാത്മാവിന്റെ വന്യസൗന്ദര്യം ജ്വലിപ്പിക്കുകയാണ്. ഈ ആസുരമായ കാഴ്ചകള്‍ മറയുമെന്നും ഭൂമിയെ വസന്തം വന്നു മൂടുമെന്നും കാലത്തിനറിയാം... വെറുതെ... എങ്കിലും... വെറുതെ... ഒന്നു ഞടുങ്ങട്ടെ... എന്താണ് കാലം ചെയ്തുകൊണ്ടിരിക്കുന്നത്?
കാറ്റു വരുന്നതുപോലെ.... മഞ്ഞുരുകുന്നതുപോലെ.... മഴ പെയ്യുന്നതുപോലെ.... നനയാനും കുളിരാനും മാത്രമായല്ലാതെ... പൊള്ളുന്നതെന്താണ്? അചലടീച്ചര് ഇന്‍ഹെയ്ലര്‍ ആഞ്ഞാഞ്ഞു വലിച്ചു... ഊഷരതയുടെ ഉന്മാദ നൃത്തങ്ങള്‍..
പൊടിപറത്തിയ വായുവിലും ചൂടാര്‍ന്ന ചിന്തകളിലും ശ്വാസഗതി തടസ്സപ്പെടുകയാണ്.
ഭൂതകാലം ആല്‍ബം വിടര്‍ത്തുന്നു.
ഒന്നാംപേജില്‍ ബോര്‍ഡിംഗ് സ്കൂളില്‍ ആദ്യനിയമനം കിട്ടിയെത്തിയ സുന്ദരിയും അവിവാഹിതയുമായ യുവതി... അവള് ശ്രുതിയിട്ടു തുടങ്ങുന്നു.
അവരോഹണത്തില്നിന്ന് മദ്ധ്യസ്ഥായിയിലേക്ക്... പിന്നെ അത്യുന്നതിയിലേക്ക്... കാംബോജിയും കല്യാണിയും....
ഹംസധ്വനിയുടെ ഔഷധ ചികിത്സകള്‍!
തുടര്‍ന്നുള്ള പേജുകളൊക്കെ സംഗീതസാന്ദ്രങ്ങളാകുന്നു. മണിയൊച്ചകള്‍... നീലാംബരികള്‍...
ശ്രുതിഭംഗമേല്ക്കാത്ത ബന്ധങ്ങള്‍...
ഐപോഡിലോ സി.ഡി.യിലോ ഒക്കെ പകര്‍ത്തപ്പെട്ട രംഗങ്ങള്‍ പുനഃപ്രദര്‍ശനം പോലെ...
ഓഡിറ്റോറിയം ജനസാന്ദ്രമല്ല.
കുട്ടികളില്ല...
സഹപ്രവര്‍ത്തകരും പൂര്‍വകാല സുഹൃത്തുക്കളും മാത്രം...
നല്ലതുമാത്രം ഓര്‍മ്മിക്കുന്നവര്‍! പറയുന്നവര്‍!
അതങ്ങനെയേ ആകാവൂ:
യാത്ര പറയുമ്പോള്‍ നല്ലതു മാത്രം!
എങ്കിലും കേട്ടിരിക്കുമ്പോഴറിയാം... ഇതൊന്നും കള്ളമല്ല! നല്ലതേ ചെയ്തിട്ടുള്ളൂ... പറഞ്ഞിട്ടുള്ളൂ... ചിന്തിച്ചിട്ടുള്ളൂ....
വസന്തകാലത്തില്‍ ഇല തല്ലിക്കൊഴിച്ച ഒരു കാറ്റുപോലും വന്നില്ല. പറന്നു വന്ന മുള്ളുകളേറ്റ് എവിടേയും ചോര പൊടിഞ്ഞില്ല..
കാതങ്ങള്‍ക്കകലെ വീട് മാടിവിളിക്കുന്നു.
അടുക്കള! കിടപ്പുമുറി!
സഞ്ചാരങ്ങളുടെ അകലം കുറയുന്നു.
അമ്മ, ഭര്‍ത്താവ്, മകന്... ബന്ധങ്ങള്‍ ചില ബിന്ദുവിലേക്ക് ചുരുങ്ങുകയാണ്.
സരളിവരിശകള്ക്കു കാതോര്‍ക്കുന്ന ശ്രുതിപ്പെട്ടി ആരോ വലിച്ചടയ്ക്കുകയാണ്. അരുതെന്നു ബലം പിടിക്കണമെന്നുണ്ട്. ഇനിയും പടവുകളില്‍ ഊഴം കാത്തു നില്ക്കുന്നവര് അരുതെന്നു വിലക്കുന്നു.
ഭരണീയരും അതു തന്നെ ചിന്തിക്കുന്നു....
കമ്മ്യൂട്ട് ചെയ്തശേഷമുള്ള തുകയുടെ വ്യാസപരിധിയിലേക്ക് ഒതുങ്ങേണ്ടതുണ്ട്...
ഇനി കുറച്ച് ശുദ്ധവായു....
ഹെഡ്മിസ്ട്രസ് സ്നേഹപൂര്‍വം മെമന്റോ സമ്മാനിക്കുകയാണ്.
നന്നായിരിക്കുന്നു. ഒരു യൗവനകാലചിത്രം!
ഇപ്പോഴും സുന്ദരി തന്നെ...
സദസ്സിലിരുന്ന ഭര്‍ത്താവിന്റെ കള്ളച്ചിരി!
മുഖം അമര്‍ത്തിത്തുടയ്ക്കുമ്പോള്‍ കൈവെള്ളയില്‍ സദ്യയുടെ അവശേഷിച്ച ഗന്ധം!
എന്തെങ്കിലും പറയേണ്ടതുണ്ട്.. വാക്കുകളില്‍ ഒതുക്കാനാവാത്ത ചില ഭാവങ്ങള്‍! നന്ദി! സ്നേഹം!
മൈക്കിനു മുന്പില് അറിയാതെ തളര്‍ന്നു പോകുന്നു.
പാട്ട് അരങ്ങേറ്റത്തിലേ ശ്രുതി താഴ്ന്നപോലെ...
ഇവിടെ നിന്ന് എത്രയോ പേര്‍ക്ക് ആയുരാരോഗ്യസൗഖ്യം ആശംസിച്ചതാണ്. വാര്‍ദ്ധക്യത്തിന്റെ വഴി തുറന്ന വര്‍ത്തമാനത്തിലേക്ക് ഭാവുകങ്ങള്‍ നേര്‍ന്നതാണ്... ഇന്നലെകളുടെ ബാക്കിപത്രമാവുന്നു ഇന്നുകള്‍!
ഇടറുന്ന മൗനമൊതുക്കി കൈകൂപ്പി! കരളും... ഇത്രമാത്രം...
ഭര്‍ത്താവോടിക്കുന്ന കാറില്‍ അരികിലിരിക്കുമ്പോള് മെമന്റോ ഹൃദയത്തോട് ചേര്‍ത്തുവച്ചു. മയില്‍പ്പീലി പുസ്തകത്താളില്‍ ചേര്‍ത്തുവച്ച് പഴയ കുട്ടിയെപ്പോലെ! വഴിനീളുകയാണ്. പുറകില്‍ സ്കൂളും സഹപ്രവര്‍ത്തകരും കുട്ടികളും കൈവീശി നിന്നു.
നിറഞ്ഞ കണ്ണുകള്‍ കാഴ്ചകളെ മറയ്ക്കുമ്പോള്‍ ഭര്‍ത്താവിന്റെ ചുണ്ടുകളിലെ രാഗമേതാണെന്ന് തിരിച്ചറിഞ്ഞു...
കാര്‍ വളവുകളും തിരിവുകളും പിന്നിട്ട് ഹൈവേയിലെത്തിക്കഴിഞ്ഞു...
ഇനി ദ്രുതമാണ്! അതിദ്രുതം!!!