top of page
ഫോണിന്‍റെ മറുവശത്ത് ഇപ്പോള്‍ പൊട്ടിച്ചിരികളോ, കൊച്ചുവര്‍ത്തമാനങ്ങളോ ഇല്ല. നീളുന്ന മൗനത്തിന് വിലാപത്തിന്‍റെ ഇടവേളകള്‍. എന്തു പറഞ്ഞാശ്വസിപ്പിക്കണമെന്നറിയില്ലായെന്ന് കുമ്പസാരിക്കുമ്പോള്‍ ഒന്നും വേണ്ട പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന് മറുമൊഴി. ഇരുളില്‍ വല്ലാതെ പകച്ചും തപിച്ചും നില്ക്കുന്ന രണ്ടുപേരുടെ മനസ്സില്‍ ഒരു ചിരാത് തെളിഞ്ഞല്ലോ. ദൈവമേ! പിന്നെ പ്രാര്‍ത്ഥനയുടെ സാന്ത്വനം നറുനിലാവായി മനസ്സില്‍ പടരുന്നു... എല്ലാ പ്രാര്‍ത്ഥനകളും ഇനി നിനക്കുവേണ്ടിയാണു കുഞ്ഞേ. ഏതു ദൈവാലയത്തിലും ഒരു ശാഠ്യംപോലെ ആദ്യം ഉരുവിടുന്ന നാമം നിന്‍റേത്. ദൈവത്തിന്‍റെ ആകാശത്തിലേക്ക് ദുര്‍ബലമായ ഈ കരങ്ങളില്‍ നിന്ന് ഉയര്‍ന്നുപൊങ്ങുന്ന പ്രാര്‍ത്ഥനയുടെ ചിറകടികള്‍.
ബാല്യത്തിന്‍റെ വഴികളില്‍ അമ്മ നില്ക്കുന്നു. പരീക്ഷകളെ ഭയപ്പെടുന്ന കുഞ്ഞിനോടു പറയുന്നു, തിരുഹൃദയത്തിന്‍റെ നടയില്‍ തിരിതെളിച്ച് പ്രാര്‍ത്ഥിക്കാം. ഉത്തരമെല്ലാം നല്ലതുപോലെ എഴുതാന്‍. എത്ര വളര്‍ന്നിട്ടും അമ്മയ്ക്കു മാത്രം മക്കള്‍ പഴയ കുഞ്ഞുങ്ങള്‍. അമ്മയുടെ അധരത്തില്‍മാത്രം പഴയ അതേ സാന്ത്വനമന്ത്രം. ഒറ്റയ്ക്കു നടക്കുന്ന കുട്ടിയാണ്, ഏതൊക്കെ വഴികളെന്നാരറിഞ്ഞു കാത്തുകൊള്ളണമേ തമ്പുരാനേ. തിരുഹൃദയത്തിന്‍റെ നടയിലുരുകുന്നത് മെഴുതിരികള്‍ മാത്രമല്ല.
കേട്ടതാണ്. തളര്‍ന്നു കിടക്കുന്ന ഒരപ്പന്‍. ആരുടെയൊക്കെയോ ഹൃദയവിശാലതകള്‍ മകളെ മംഗല്യത്തിലേക്കു വഴികാട്ടി. വീടിറങ്ങുമ്പോള്‍ അവളപ്പന്‍റെ കാല്‍ വന്ദിച്ചു.
"നിനക്കു തരാനായി എന്‍റെ കൈയിലൊരു വെള്ളിനാണയം പോലുമില്ലല്ലോ, ഈ പ്രാര്‍ത്ഥനയല്ലാതെ."
"ഈ പ്രാര്‍ത്ഥനയാണല്ലോ എന്‍റെ പിതൃസ്വത്ത്. അതു മാത്രം മതിയല്ലോ..."അപ്പന്‍ കരഞ്ഞത് സത്യമായിട്ടും സങ്കടം കൊണ്ടല്ല, പ്രാര്‍ത്ഥന അവളുടെ വഴികളില്‍ പാഥേയം പോലെ."
യുദ്ധം ചെയ്യുന്ന ജോഷ്വായ്ക്കുവേണ്ടി കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന മോസസ്സിന്‍റെ ചിത്രം പുറപ്പാടിന്‍റെ പുസ്തകത്തിലുണ്ട്. മോശയുടെ കരങ്ങള്‍ തളരുമ്പോള്‍ ജോഷ്വാ യുദ്ധത്തില്‍ പരാജയപ്പെടുന്നു. മോശയുടെ കരങ്ങള്‍ ഉയരുമ്പോള്‍ അയാള്‍ യുദ്ധത്തില്‍ വിജയിക്കുന്നു. അറിയണം, ഏതൊക്കെയോ കര്‍മ്മങ്ങളുടെ രണഭൂമിയില്‍ പോരാടുന്ന നിങ്ങളുടെ പ്രിയപ്പെട്ട ജ്യേഷ്ഠന്മാര്‍ക്ക് പ്രാര്‍ത്ഥനയിലുയരുന്ന മോശയുടെ കരങ്ങള്‍ ആവശ്യമുണ്ട്.
ബലിക്കും പ്രണയത്തിനും മദ്ധ്യേ വിഭജിക്കപ്പെട്ട പ്രണയത്തെ ബലിചെയ്തൊരാളെത്തേടി ഈ വരികളെത്തി. നിന്‍റെ പ്രാര്‍ത്ഥനകള്‍ എന്‍റെ വഴികളില്‍ പൂവുകളാകുന്നു. അതാണെന്‍റെ ബലവും സുകൃതവും. മിഴിനീരാല്‍ സ്നാനം ചെയ്യപ്പെട്ടവനെ ഈ വരികള്‍ പിന്നെയും ശുദ്ധീകരിക്കുന്നു.
സദാ പ്രാര്‍ത്ഥിക്കണമെന്നു ക്രിസ്തു പറഞ്ഞു. എന്താണതിന്‍റെ പൊരുള്‍. ഒരു പക്ഷേ അമ്മ കുഞ്ഞിനെ സദാ സ്നേഹിക്കുന്നുവെന്നു പറയുന്നതുപോലെയാകണം അത്. അമ്മയെത്രയോ കാര്യങ്ങളില്‍ വ്യാപൃതയാകുന്നുണ്ട്. ചിത്രം വരയ്ക്കുന്നുണ്ട്, കറിക്കു നുറുക്കുന്നുണ്ട്, കൊച്ചുവര്‍ത്തമാനങ്ങളിലേര്‍പ്പെടുന്നുണ്ട്. എന്നിട്ടും ഉള്ളിന്‍റെയുള്ളില്‍ അടിസ്ഥാനവികാരമായി കുഞ്ഞുമുണ്ട്. അതുപോലെ ഏതു വഴികളിലുമലഞ്ഞോളൂ, എന്നാലും ഉള്ളിലുണ്ടാവണം ദൈവം ഒരു അടിസ്ഥാനസാന്നിദ്ധ്യമായി. കപ്പല്‍സഞ്ചാരിയുടെ കോമ്പസ് വടക്കിനെ ലക്ഷ്യമാക്കി എന്നും നിലകൊള്ളുന്നതുപോലെ.
ഏതാണ് പ്രാര്‍ത്ഥനകളുടെ സ്വകാര്യമായ ഇടം? സമരിയാക്കാരി ക്രിസ്തുവിനോടു ചോദിക്കുന്നുണ്ട്, ഏതാണ് ആരാധനയുടെ ഇടം. ഞങ്ങളുടെ പിതാക്കന്മാര്‍ ജെസറത്ത് മലയിലേക്കു പോയി, നിങ്ങള്‍ ജെറൂസലേമിലേക്കും. ക്രിസ്തു പറഞ്ഞു, സ്ത്രീയെ, ആ മലയിലും ഈ മലയിലുമല്ല, എല്ലാ മലകളിലും മനുഷ്യര്‍ ദൈവത്തെ ആരാധിക്കുന്ന കാലം വരുന്നു... ഈ വാക്കുകള്‍ക്ക് ദൃശ്യമായൊരടയാളം കാണുന്നുണ്ട്. അവന്‍റെ മരണത്തില്‍ ദൈവാലയത്തിലെ തിരശ്ശീല നെടുകെ കീറിപ്പോയി. ഇന്നലെവരെ ദൈവസാന്നിദ്ധ്യം പരിശുദ്ധിയുടെ പരിശുദ്ധിയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഒന്നായിരുന്നു. എന്നാലിനിയാവട്ടെ അത് ഭൂമിയില്‍ മുഴുവന്‍ പടരുകയാണ്. മഴ പെയ്തുവെന്ന് നമ്മള്‍ വായിക്കുന്നു. മഴയോടൊപ്പം ദൈവസാന്നിദ്ധ്യത്തിന്‍റെ വര്‍ണരേണുക്കള്‍ ഭൂമി മുഴുവന്‍ പെയ്തിറങ്ങുകയാണ്. തിരക്കുള്ള ട്രാക്കുകളില്‍, മൈതാനങ്ങളില്‍, മെസ്സ്ഹാളുകളില്‍, ക്ലാസ്മുറികളിലൊക്കെ. ഇനി ഭൂമിയുടെ ഏതിടത്തില്‍നിന്ന് ദൈവമേ എന്നൊരു നിശ്വാസമുയര്‍ന്നാലും അവനുള്ള ആരാധനയുടെ സമൃദ്ധിയാകുന്നു.
ജൂനിപ്പര്‍ എന്ന തെല്ലു തമാശക്കാരന്‍ സഹോദരന്‍ ഫ്രാന്‍സിസിനോട് പറഞ്ഞു: "നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ കണ്ടിട്ട് കൊതിയാകുന്നു. എനിക്ക് പ്രാര്‍ത്ഥിക്കാനാകുന്നില്ലല്ലോ."
"ഇവിടെയെത്തുന്നതിനു മുമ്പു നീയെന്തു ചെയ്യുകയായിരുന്നു?"
"ഒരു വഴിയോര വിനോദസംഘത്തിലെ കോമാളിയായിരുന്നു."
"അതാവട്ടെ നിന്‍റെ പ്രാര്‍ത്ഥന."
ദൈവാലയവാതിലുകള്‍ ചാരിയിട്ട് ദൈവത്തിന്‍റെ മുമ്പാകെ നിന്‍റെ കോമാളിത്തരങ്ങള്‍ കാട്ടുക. അയാള്‍ അങ്ങനെ ചെയ്തുതുടങ്ങി. ഓരോ ദിവസവും ദൈവത്തിനായി പുതിയ നമ്പരുകള്‍. ജാലകപ്പാളികളിലൂടെ അകത്തേക്ക് വിരല്‍ ചൂണ്ടി ഫ്രാന്‍സിസ് തന്‍റെ കൂട്ടുകാരോട് പറഞ്ഞു: "അകത്ത് ഒരു പ്രാര്‍ത്ഥന നടക്കുകയാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും മനോഹരമായ പ്രാര്‍ത്ഥനകളിലൊന്ന്." മനസ്സു തന്നെയാണ് പ്രധാനം.
ആള്‍ക്കൂട്ടത്തില്‍പ്പെട്ട് ക്രിസ്തു നഗരവീഥികളിലൂടെ നടന്നുപോവുകയായിരുന്നു. പെട്ടെന്നവന്‍ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: "ആരോ എന്നെ തൊട്ടു."
പത്രോസ് തെല്ലുപരിഹാസത്തോടെ പറഞ്ഞു, "ജനക്കൂട്ടം ഇങ്ങനെ തിക്കിത്തിരക്കുമ്പോള്‍ ആരാണ് നിന്നെ തൊടാത്തത്?"
അപ്പോള്‍ അവന്‍റെ അടുക്കല്‍പോലും വരാന്‍ ധൈര്യപ്പെടാതെ അവന്‍റെ വസ്ത്രവിളുമ്പില്‍ തൊട്ട സ്ത്രീ പറഞ്ഞു: "ഞാനാണത്."
ഒരുപമയാണിത്. പ്രാര്‍ത്ഥനായാമങ്ങള്‍ നിറവേറ്റിയിട്ടും, കൂദാശകള്‍ അനുഷ്ഠിച്ചിട്ടും ജപമണികളുടെ കുരുക്കഴിച്ചിട്ടും ജാഗരണം ചെയ്തിട്ടും എനിക്ക് മനസ്സുകൊണ്ടവനെ തൊടാതിരിക്കാം. ഒപ്പം അവന്‍റെയടുപ്പമുള്ള ഇടങ്ങളില്‍ ഒരിക്കല്‍പ്പോലും പ്രവേശിക്കാന്‍ ധൈര്യമില്ലാതെ നില്ക്കുന്ന മറ്റൊരാള്‍ അവനെ തൊടുന്നുണ്ടാവാം?
***
ഓട്ടമത്സരത്തിനു മുമ്പ് ഒരു കുട്ടി വളരെ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയായിരുന്നു. കുട്ടി ഓട്ടത്തില്‍ തോറ്റു. അവന്‍റെ ടീച്ചര്‍ അവനെ ചേര്‍ത്തുപിടിച്ചു. "ഇത്രയൊക്കെ പ്രാര്‍ത്ഥിച്ചിട്ട് നീ തോറ്റല്ലോ..?"
"ആരു പറഞ്ഞു ഞാന്‍ ജയിക്കാനായിട്ടാണ് പ്രാര്‍ത്ഥിച്ചതെന്ന്, തോററാല്‍ കരഞ്ഞുപോകാതിരിക്കാനാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്."
***
ആഫ്രിക്കയില്‍ ഒരു മിഷനറി കാട്ടിലൂടെ നടന്നുവരുമ്പോള്‍ അലറിവിളിച്ചു സിംഹം. പേടിച്ചു വിറച്ചയാള്‍ പ്രാര്‍ത്ഥിച്ചു തുടങ്ങി. കണ്ണു തുറന്നു നോക്കുമ്പോള്‍ സിംഹം ശാന്തനായി കിടക്കുകയാണ്.
"ദൈവമേ നന്ദി. ദാനിയേലിനെ സിംഹക്കൂട്ടില്‍ നിന്ന് രക്ഷിച്ചതുപോലെ നീയെന്നെയും."സിംഹം പറഞ്ഞു: "ടോ, നല്ലൊരു ശാപ്പാട് കിട്ടിയതിന് ഞാന്‍ ദൈവത്തിനൊരു സ്തോത്രം ചൊല്ലുന്നതാണ്."