top of page
പട്ടം പറപ്പിക്കുന്ന കുഞ്ഞിനൊരു ധാരണയുണ്ട്. അവനാണ് പട്ടത്തിന്‍റെ ഗതി നിയന്ത്രിക്കുന്നതെന്ന്. എന്നാല്‍ കുറെക്കൂടി പക്വത ലഭിക്കുമ്പോള്‍ അവനറിയുന്നു അവനായിരുന്നില്ല, മറിച്ച് വീശിയടിച്ചിരുന്ന കാറ്റായിരുന്നു ഈ വര്‍ണക്കടലാസിന്‍റെ ദിശ നിര്‍ണ്ണയിച്ചിരുന്നതെന്ന്. സമാനമായൊരു ശാഠ്യം മുതിര്‍ന്നവരും കൊണ്ടു നടക്കുന്നുണ്ട്, ഏതൊക്കെയോ ചിട്ടപ്പെടുത്തിയ ഗ്രാഫിലൂടെയാണ് തങ്ങളുടെ ജീവിതം ചലിച്ചുകൊണ്ടിരിക്കുന്നത്.
അറുപതു വയസ്സെത്തിയ ഒരപ്പച്ചന്‍ മക്കളോടു പറഞ്ഞു: "ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കറിയാം. എന്‍റെ ഇച്ഛകളല്ല മറ്റേതോ ശക്തിയാണ് എന്‍റെ കൊച്ചുജീവിതത്തെ ഇത്രകാലം നിയന്ത്രിച്ചിരുന്നത്."
നമ്മള്‍ വര്‍ണ്ണപ്പട്ടങ്ങളുടെ ചരടുകള്‍ മാത്രം കൈവശമുള്ള പാവം കുഞ്ഞുങ്ങള്‍.
ഒരുപക്ഷേ, ഈ കാറ്റിനെക്കുറിച്ചാവും ക്രിസ്തു നിക്കദേമൂസിനോട് പറഞ്ഞത്. ദൈവത്തിന്‍റെ ആത്മാവ് കാറ്റുപോലെ വീശുന്നു. അത് എവിടെ നിന്നു വരുന്നുവെന്നും എവിടേക്ക് പോകുന്നുവെന്നും ആരും അറിയുന്നില്ല. നിന്‍റെ ജീവിതത്തില്‍ നീയതിന്‍റെ സാന്നിധ്യമറിയുന്നുവെന്നു മാത്രം. ദൈവത്തിന്‍റെ കനിവിന്‍റെ വഴികളെ പഠിപ്പിക്കാന്‍ ബൈബിള്‍ നല്കുന്ന മനോഹരമായൊരടയാളമാണീ കാറ്റ്.
ഉല്പത്തിയുടെ പുസ്തകത്തില്‍ നാമിങ്ങനെ വായിക്കുന്നു. ദൈവത്തിന്‍റെ ആത്മാവ് ജലത്തിനുമുകളിലൂടെ ചലിച്ചുകൊണ്ടിരുന്നു. ഓരോ ജീവിതത്തെയും തൊടുന്ന ദൈവത്തിന്‍റെ ചൈതന്യത്തെ ആദരപൂര്‍വ്വം വന്ദിക്കുക.
മറ്റൊരടയാളം കനലാണ്. ഭൂമിയില്‍ കനലിടാന്‍ വേണ്ടിയാണ് താന്‍ വന്നതെന്നുള്ള ക്രിസ്തുമൊഴിയോര്‍മ്മിക്കുക. ഹൃദയശൈത്യത്തില്‍ വീണ വാത്സല്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഭക്തിയുടെയും കനലുകളൊക്കെ നിക്ഷേപിച്ചത് ദൈവത്തിന്‍റെ കനിവിന്‍റെ ആകാശമായിരുന്നു.
ഇപ്പോള്‍ ഞാനൊരു പെന്തക്കോസ്തയെ സ്വപ്നം കാണാന്‍ ധൈര്യപ്പെടുന്നു. ഭാഷകള്‍ ചിതറിക്കപ്പെടുന്ന ബാബേല്‍ ഗോപുരങ്ങള്‍ നമുക്കിടയില്‍ ഇനി ഉയരില്ല. എനിക്ക് നിന്‍റെ മൗനം വെളിപ്പെട്ടു കിട്ടുന്നു. പല നേരങ്ങളിലും സ്നേഹസാന്ദ്രമാകുന്നു അത്... ചില നേരങ്ങളില്‍ അടക്കിയ നെഞ്ചിലൊതുക്കിയ പ്രതിഷേധത്തിന്‍റെ ഒരു ചീള്.
നമുക്കൊരു ധാരണയുണ്ട്. നാം ദൈവത്തെ കണ്ടെത്തുകയാണെന്ന്. ക്രിസ്തു പറഞ്ഞു: "എന്‍റെ പിതാവിനാല്‍ ആകര്‍ഷിക്കപ്പെടാതെ ആരും എന്‍റെയടുക്കലേക്കെത്തുന്നു പോലുമില്ല."
നാം ദൈവത്തെ തേടുകയല്ല, ദൈവം നമ്മളെ തേടിയെത്തുകയാണ്. ഓരോ കാര്യങ്ങള്‍ പറഞ്ഞ് നാം ദൈവവുമായി ഒളിച്ചുകളിയിലേര്‍പ്പെടുകയാണ്. "എനിക്കു പാടത്തു പോകേണ്ടതുണ്ട്ണ്ട്, "എനിക്കൊരു വിരുന്നുണ്ട്" എന്നൊക്കെ ചൊല്ലി - Dodging with God വഴിയോരക്കിണറിന്‍റെ വക്കില്‍ ക്രിസ്തു കാത്തിരിക്കയാണ്. വര്‍ഷങ്ങളായി ദൈവവുമൊത്ത് ഒളിച്ചുകളിയിലേര്‍പ്പെട്ട ഒരു പാവം സമരിയാക്കാരി പെണ്‍കുട്ടി ഈ വഴിയെ വരേണ്ടിയിരിക്കുന്നു. ജിബ്രാന്‍റെ ഈ കഥയൊന്നു ധ്യാനിക്കാം.
ഒരു ദിവസം ഷരിയാ പ്രവാചകന്‍ പൂന്തോട്ടത്തില്‍ വച്ച് ഒരു കുഞ്ഞിനെ കണ്ടുമുട്ടി.
"കുഞ്ഞേ നീ ഒറ്റയ്ക്കാണെന്നു തോന്നുന്നുവല്ലോ."
കുട്ടി പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു:
"ഞാനെന്‍റെ ആയയെ കബളിപ്പിച്ചു നടക്കുകയാണ്. താങ്കളും ഒറ്റയ്ക്കാണല്ലോ. ആയയെ എന്തു ചെയ്തു?"
പ്രവാചകനപ്പോള്‍ തന്നോടുതന്നെ പറഞ്ഞു: "ഞാനും എന്‍റെ ആയയെ കബളിപ്പിച്ചു നടക്കുകയാണ്. പക്ഷേ അവളെന്നെ കണ്ടെത്തും."
കുട്ടി പറഞ്ഞു: "എന്‍റെ ആയ എന്നെയും കണ്ടെത്തും."
അതേ നിമിഷം തന്നെ കുട്ടിയുടെ പേരു വിളിക്കുന്ന ഒരു സ്ത്രീശബ്ദം മുഴങ്ങി, കുട്ടി പറഞ്ഞു: "അവളെന്നെ കണ്ടുപിടിച്ചു."
അപ്പോളാകാശത്തുനിന്നൊരു ശബ്ദം മുഴങ്ങി: "ഷരിയാാ.... " മുഖം ആകാശത്തിലേയ്ക്കുയര്‍ത്തി പ്രവാചകന്‍ മറുപടി പറഞ്ഞു: "ഞാന്‍ ഇവിടെയുണ്ട്."