

നിര്‍ണായകമായ ഒരു ചരിത്രസന്ധിയില്‍ ബര്‍ലിന്‍ മതില്‍ നിലംപൊത്തിയപ്പോള്‍ ജര്‍മ്മന്‍ ജനത മാത്രമല്ല ലോകം മുഴുവന്‍ അതിന്‍റെ പ്രകമ്പനത്തില്‍ വിറകൊണ്ടു. ഇരുധ്രുവങ്ങളിലായിരുന്ന രണ്ട് രാഷ്ട്രീയവ്യവസ്ഥകളുടെ സംയോജനമെന്ന നിലയില്‍ ഈ സംഭവം ദൂരവ്യാപകമായ പരിണതഫലങ്ങള്‍ക്ക് വഴിവെച്ചു. മറ്റ് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലും മുതലാളിത്തമൂല്യങ്ങള്‍ പിടിമുറുക്കുന്നതിന് ഇത് ഇടയാക്കി.
1939ല്‍ രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോള്‍ സോവിയറ്റ് യൂണിയനും മംഗോളിയും മാത്രമാണ് സോഷ്യലിസ്റ്റ് രാജ്യങ്ങളായി ഉണ്ടായിരുന്നത്. യുദ്ധാനന്തരം യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പലതും സോഷ്യലിസത്തിന്‍റെ പാത തെരഞ്ഞെടുത്തു. ഇക്കാലത്ത് ജര്‍മ്മനി നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഓരോ ഭാഗവും ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടണ്‍, സോവിയറ്റ് യൂണിയന്‍ എന്നിവയുടെ നിയന്ത്രണത്തിലായി. പിന്നീട് ആദ്യത്തെ മൂന്ന് രാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലുള്ള ഭാഗങ്ങളെ സംയോജിപ്പിച്ച് പശ്ചിമജര്‍മ്മനി രൂപവത്കരിച്ചു. സോവിയറ്റ് യൂണിയന്‍റെ നിയന്ത്രണത്തിലുള്ള ഭാഗം കിഴക്കന്‍ ജര്‍മ്മനിയായി മാറി. ഇരു രാഷ്ട്രങ്ങളെയും വേര്‍തിരിക്കുന്ന അതിര്‍ത്തിയായി ബര്‍ലിന്‍ മതില്‍ ഉയര്‍ന്നുവന്നു. രണ്ട് വിരുദ്ധ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഈ രാജ്യങ്ങളില്‍ നിരന്തരസംഘര്‍ഷം നിലനിന്നിരുന്നു.
സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും 1980കളുടെ ആദ്യപകുതിയില്‍ തന്നെ കാര്യമായ മാറ്റങ്ങള്‍ പ്രകടമായി. സമ്പദ്വ്യവസ്ഥയെ രൂക്ഷമായ പ്രതിസന്ധി കീഴടക്കിയപ്പോള്‍ അടിസ്ഥാനപരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളില്‍ ഈ രാജ്യങ്ങള്‍ വെള്ളം ചേര്‍ത്തു. സമ്പദ്ഘടനയെ കമ്പോളവത്കരിക്കാന്‍ ശ്രമം നടത്തിയ ഗോര്‍ബച്ചോവ് ഒരു പ്രബല രാഷ്ട്രത്തിന്‍റെ പതനത്തിന് വഴിയൊരുക്കി. കിഴക്കന്‍ യൂറോപ്പിലെ പല രാജ്യങ്ങളും സോഷ്യലിസം ഉപേക്ഷിക്കാന്‍ തുടങ്ങി. സോഷ്യലിസ്റ്റ് ഭരണക്രമം ഉപേക്ഷിച്ച കിഴക്കന്‍ ജര്‍മ്മനി പശ്ചിമ ജര്‍മ്മനിയുമായി ലയിച്ചു. ഈ ചരിത്രപശ്ചാത്തലത്തില്‍ നിന്നാണ് 'ഗുഡ് ബൈ ലെനിന്‍' എന്ന ചിത്രത്തിന്‍റെ കഥ തുടങ്ങുന്നത്.
ഭൗതികസുഖങ്ങളില്‍ ആകൃഷ്ടരായി കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നും പശ്ചിമജര്‍മ്മനിയിലേക്ക് പലായനം ആരംഭിച്ചു. ഇതോടെ ജനങ്ങള്‍ക്ക് പശ്ചിമജര്‍മ്മനിയിലേക്ക് യാത്രചെയ്യാന്‍ വിസ നിര്‍ബന്ധിതമാക്കി ക്രെന്‍സ് സര്‍ക്കാര്‍. 1989 നവംബറില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ബര്‍ലിന്‍ മതിലിന്‍റെ ചെക്പോയിന്‍റില്‍ തടിച്ചുകൂടി തങ്ങള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അതിര്‍ത്തിരക്ഷാസേന വല്ലാതെ പാടുപെട്ടു. ചെറിയതോതിലുള്ള പൗരത്വപരിശോധനക്കുശേഷം ജനങ്ങളെ കടത്തിവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. പശ്ചിമജര്‍മ്മന്‍ ജനത അവരെ സ്വാഗതം ചെയ്തു. പിന്നീടുള്ള ദിവസങ്ങളില്‍ ചുറ്റികയും മററുപകരണങ്ങളുമായി വന്ന ജനങ്ങള്‍ ഘട്ടം ഘട്ടമായി മതില്‍ തകര്‍ക്കുകയായിരുന്നു. കിഴക്കന്‍ ജര്‍മ്മനിയുടെ സമാധാനപരമായ മുന്നേറ്റത്തിന്‍റെ ഫലമായി നവംബര്‍ ഒമ്പതിനാണ് ബര്‍ലിന്‍ മതില്‍ തകരുന്നത്. 1990 ഒക്ടോബറില്‍ ജര്‍മ്മനിയുടെ ഏകീകരണം പൂര്‍ത്തിയായി.
കമ്യൂണിസ്റ്റ് മുതലാളിത്ത സമൂഹങ്ങളുടെ വിരുദ്ധധ്രുവങ്ങളില്‍ നിന്നുകൊണ്ട് ആദര്‍ശാധിഷ്ഠിതമായ ജീവിതത്തിന്‍റെ ആകുലതകള്‍ അനുഭവിപ്പിക്കുകയാണ് സംവിധായകന്‍ വോള്‍ഫ് ഗാംഗ്ബെക്കര്‍. ആക്ഷേപഹാസ്യത്തിന്‍റെ ചുവയുള്ള ആഖ്യാനരീതിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. കിഴക്കന്‍ ജര്‍മ്മനിയിലാണ് 'ഗുഡ് ബൈ ലെനി'ന്‍റെ കഥ നടക്കുന്നത്. മുതലാളിത്തത്തിന്‍റെ വരവോടെ ഉപഭോഗസംസ്കാരം ജര്‍മ്മനിയെ കീഴ്പെടുത്തിക്കഴിഞ്ഞിരുന്നു. അലക്സാണ്ടര്‍ കെര്‍നോവ് എന്ന യുവാവ് ഈ മാറ്റങ്ങള്‍ക്ക് അനുകൂലമായിരുന്നു. ബര്‍ലിന്‍ മതിലിന്‍റെ പതനത്തോടെ മക്ഡൊണാള്‍ഡ്സ് അവിടെ നിലയുറപ്പിച്ചു. പഴയ സ്വതന്ത്ര, സ്വകാര്യസംരംഭങ്ങള്‍ കുത്തകകള്‍ക്ക് വഴിമാറി കൊടുക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. ഭീമാകാരമായ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കിഴക്കന്‍ ജര്‍മ്മിയിലെ കമ്മ്യൂണിസത്തിന്‍റെ അവശേഷിപ്പുകളെ തുടച്ചുനീക്കുകയായിരുന്നു മുതലാളിത്തം.
ഒരു കിഴക്കന്‍ ജര്‍മ്മന്‍ കുടുംബത്തിന്‍റെ ഈ രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന വൈകാരിക പ്രത്യാഘാതങ്ങളാണ് ചിത്രം ചര്‍ച്ചക്കെടുക്കുന്നത്. സോഷ്യലിസ്റ്റ് ഭരണക്രമം നിലനിന്നിരുന്ന കിഴക്കന്‍ ജര്‍മ്മനിയിലെ സജീവരാഷ്ട്രീയ പ്രവര്‍ത്തകയായിരുന്നു അലക്സിന്‍റെ അമ്മ ക്രിസ്റ്റീന്‍. ബാര്‍ലിന്‍ മതില്‍ തകര്‍ന്ന ദിവസം ഹൃദയാഘാതം വന്ന് അവര്‍ അബോധാവസ്ഥയിലായതാണ്. എട്ടുമാസത്തിനുശേഷം അവര്‍ ബോധത്തിലേക്ക് ഉണരുന്നു. അവരുടെ ഹൃദയം വളരെ ദുര്‍ബലമാണെന്നും ചെറിയ ആഘാതംപോലും മരണത്തിനിടയാക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞ് അലക്സ് അറിയുന്നു. ബര്‍ലിന്‍ മതിലിന്‍റെ പതനവും മുതലാളിത്തത്തിന്‍റെ വിജയവും അമ്മ അറിയാതിരിക്കാന്‍ പാടുപെടുകയാണ് അയാള്‍. അലക്സ് വീട്ടിനുള്ളില്‍ പഴയ സോഷ്യലിസ്റ്റ് ജര്‍മ്മനി പുനഃസൃഷ്ടിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും അമ്മയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. ടി.വി. വാര്‍ത്ത കാണണമെന്ന് അമ്മ ആവശ്യപ്പെടുന്നു. ഓരോ ചെറിയ കളവും വലിയ നുണകള്‍ക്ക് കാരണമാകുന്നു. സോഷ്യലിസ്റ്റ് ജര്‍മ്മനി വീടിനുള്ളില്‍ പുനഃസൃഷ്ടിക്കാനുള്ള ശ്രമങ്ങളത്രയും കടുത്ത പ്രതിബന്ധങ്ങളാണ് അലക്സിന് സമ്മാനിക്കുന്നത്. കിടപ്പുമുറിയുടെ ജനലിലൂടെ കാണാവുന്ന കൊക്കോകോളയുടെ ബാനര്‍ അയാളെ പരിഭ്രമിപ്പിക്കുന്നു. പഴയ കിഴക്കന്‍ ജര്‍മ്മന്‍ ഉല്പന്നങ്ങളെല്ലാം മാര്‍ക്കറ്റില്‍ ദുര്‍ലഭമായതും അയാളെ വെട്ടിലാക്കി. വ്യാജ ടി. വി. വാര്‍ത്താപ്രക്ഷോഭത്തിലൂടെയും മറ്റും ഇത്തരം തടസ്സങ്ങള്‍ മറികടക്കാന്‍ അലക്സ് നടത്തുന്ന ശ്രമങ്ങള്‍ കേവലമായ കൗതുകത്തിനപ്പുറം വിശാലമായ രാഷ്ട്രീയവായനക്കുകൂടി സാധ്യത നല്കുന്നുണ്ട്.
നര്‍മ്മം ഈ ചിത്രത്തിന്‍റെ ശക്തമായ അടിയൊഴുക്കായി വര്‍ത്തിക്കുന്നു. കൂര്‍ത്തമുനയുള്ള ഹാസ്യംകൊണ്ടാണ് പ്രത്യയശാസ്ത്രപരമായ ദിശാവ്യതിയാനങ്ങളെ ഈ ചിത്രം അടയാളപ്പെടുത്തുന്നത്. ലെനിന്‍റെ പ്രതിമയുമായി ഹെലികോപ്ടര്‍ പറന്നുയരുന്ന രംഗം തികച്ചും അവിസ്മരണീയമാണ്. ലെനിന്‍റെ വിരിച്ച കൈകള്‍ തന്നിലേക്ക് അണയുന്നതുപോലെ അവര്‍ക്കുതോന്നുന്നു. തന്നെയും തന്‍റെ ആദര്‍ശങ്ങളെയും രക്ഷിക്കണമെന്ന് വിലപിച്ചുകൊണ്ട് അവരോട് ലെനിന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതുപോലെ വൈകാരികത മുറ്റിനില്‍ക്കുന്ന രംഗമാണിത്.
ജര്‍മ്മനിയുടെ രാഷ്ട്രീയ ഭൂതകാലം അമ്മയ്ക്കുവേണ്ടി പരിരക്ഷിക്കുന്ന അലക്സ് മികച്ച പാത്രനിര്‍മ്മിതിയാണ്. പുതിയ തലമുറ പ്രതിനിധിയായിട്ടും സോഷ്യലിസ്റ്റ് വാഴ്ചയുടെ ഭൂതകാലം അമ്മയ്ക്കു നല്കിയ സമരതീക്ഷ്ണമായ അനുഭവങ്ങളോട് അവന് ആഭിമുഖ്യമുണ്ട്. രാഷ്ട്രീയമായ ദിശാമാറ്റം തികഞ്ഞ രാഷ്ട്രീയബോധമുള്ള പ്രവര്‍ത്തകരില്‍ സൃഷ്ടിച്ചേക്കാവുന്ന വൈകാരിക പ്രത്യാഘാതങ്ങളെക്കുറിച്ച് അവന്‍ ബോധവാനാണ്. അപ്പാര്‍ട്ട്മെന്‍റിനു പുറത്തുള്ള ലോകം അമ്മയ്ക്ക് അജ്ഞാതമായി നിലനിര്‍ത്താനുള്ള അലക്സിന്‍റെ പരിശ്രമങ്ങള്‍ അയാളെ വഞ്ചനയുടെ ആഴക്കയങ്ങളിലേക്ക് തള്ളുന്നു. നുണകള്‍കൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മൂടുപടം സൂക്ഷിക്കാനുള്ള അലക്സിന്‍റെ പ്രയത്നങ്ങള്‍ അയാള്‍ക്കു തന്നെ ഭാരമാകുന്നു. അമ്മ മരിച്ചുപോയെങ്കില്‍ എന്നുപോലും അയാള്‍ ഒരു ദുര്‍ബലനിമിഷത്തില്‍ ആലോചിക്കുന്നുണ്ട്.
യുവജനങ്ങള്‍ ആദര്‍ശരാഹിത്യത്തിന്‍റെയും ഉപഭോഗസംസ്കാരത്തിന്‍റെയും സുഖലോലുപതയില്‍ കഴിയുകയാണ്. അലക്സിന്‍റെ സഹോദരി ആരിയാന്‍ ഈ മനസ്ഥിതിയുടെ പ്രതീകമാണ്. അവള്‍ മാക്സ്ഡൊണാള്‍സില്‍ ജോലി ചെയ്യുകയും പശ്ചിമജര്‍മ്മന്‍ യുവാവിനെ പ്രണയിച്ചു വിവാഹം കഴിക്കുകയും ചെയ്യുന്നു. പൂര്‍വജര്‍മ്മന്‍ സമൂഹത്തിന്‍റെ മൂല്യങ്ങള്‍ പരിരക്ഷിച്ചുകൊണ്ട് ജീവിക്കണമെന്നാണ് പഴയ തലമുറ ആഗ്രഹിക്കുന്നത്. പൂര്‍വ്വജര്‍മ്മനിയില്‍ നിലവിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ധരിക്കുക, വ്യാജവാര്‍ത്തകള്‍ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുക, ഭക്ഷണത്തിന്‍റെ ടിന്നുകളിലെ ലേബലുകള്‍ മാറ്റുക എന്നിങ്ങനെ പല മാര്‍ഗങ്ങളിലൂടെയാണ് ജര്‍മ്മനിയുടെ രാഷ്ട്രീയ പരിണാമം അമ്മയെ അറിയിക്കാതെ അലക്സ് നോക്കുന്നത്. അമ്മയോടുള്ള സ്നേഹം അവനെ ഒരു ഭാവനാലോകത്തില്‍ കൊണ്ടുചെന്നെത്തിക്കുകയാണ്. സഹോദരി ആരിയാന് അവനെ ഉള്‍ക്കൊള്ളാനാവുന്നില്ല.
അഗാധമായ രാഷ്ട്രീയവിവക്ഷകളുളള ചരിത്രസംഭവത്തെ നര്‍മത്തിലൂടെ അനുഭവിപ്പിക്കുകയാണ് വോള്‍ഫ് ഗാംഗ്ബെക്കര്‍. ബര്‍ലിന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ചരിത്രവും അമേരിക്കന്‍ സ്ററഡീസും പഠിച്ചു. ഇദ്ദേഹം പിന്നീട് ജര്‍മ്മന്‍ ഫിലിം ആന്‍റ് ടെലിവിഷന്‍ അക്കാദമിയില്‍ ചേര്‍ന്നു. 1986ല്‍ ചലച്ചിത്രപഠനത്തില്‍ ബിരുദം നേടി. വോള്‍ഫ് ഗാംഗ്ബെക്കറുടെ മൂന്നാമത്തെ ഫീച്ചര്‍ സിനിമയെ ഗുഡ് ബൈ ലെനിന്‍(2003) ബെര്‍ലിന്‍, സീസര്‍, ബാഫ്റ്റ തുടങ്ങിയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
(ഫിലിം ക്ലബ്, എസ്. ബി. കോളേജ്, ചങ്ങനാശ്ശേരി)






















